ad
Deshabhimani

പടരുന്നു വ്യാധിയും ആധിയും

പകർച്ചവ്യാധി

കോടിമത നാലുവരിപ്പാതയിൽ നിന്ന് മുപ്പായിപ്പാടത്തിലേക്കുള്ള റോഡിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു

വെബ് ഡെസ്ക്

Published on Jun 16, 2026, 01:27 AM | 1 min read

കോട്ടയം

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും മാലിന്യശേഖരണ സംസ്‌കരണ നടപടികളും പാളിയതോടെ പകർച്ചവ്യാധി ഭീഷണിയിൽ ജില്ല. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വഴിയോരങ്ങളിലും മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്‌. സർക്കാരിന്റെ വകുപ്പുതല ഏകോപനമില്ലായ്മയും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികളുടെ കടുത്ത അനാസ്ഥയും സ്ഥിതി രൂക്ഷമാക്കുകയാണ്‌. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പേരിന്‌ മാത്രമായിരുന്നു. വാർഡുതല ശുചിത്വസമിതികൾ രൂപീകരിച്ചാണ്‌ മഴക്കാലപൂർവ ശുചീകരണം നടത്താറുള്ളത്‌. എന്നാൽ, കാലവർഷമെത്തിയിട്ടും ഇത്തവണ നടപടികളുണ്ടായില്ല. പല പ്രദേശങ്ങളിലും ഓടകളിൽ മാലിന്യം തങ്ങിക്കിടക്കുകയാണ്‌. മാലിന്യം കുമിഞ്ഞുകൂടുമ്പോഴും നീക്കാൻ നടപടികളില്ല. ഹരിതകർമ സേനയുടെ പ്രവർത്തനങ്ങളും പലയിടത്തും അവതാളത്തിലായി. ശേഖരിക്കുന്ന മാലിന്യങ്ങൾ ദിവസങ്ങളോളം കെട്ടിക്കിടക്കുകയാണ്. പല വാർഡുകളിലെയും മിനി എംസിഎഫുകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന പരാതിയുമുണ്ട്. എംസിഎഫുകളിൽ എത്തുന്ന മാലിന്യംപോലും ദിവസങ്ങളോളം അവിടെത്തന്നെ കിടക്കുന്നു. വാർഡുകൾ കേന്ദ്രീകരിച്ച് നടത്തേണ്ട കൊതുക് നശീകരണ പ്രവർത്തനങ്ങളും ക്ലോറിനേഷനും പേരിന്‌ മാത്രമായെന്ന ആക്ഷേപവും ഉയരുന്നു. ശേഖരിക്കുന്ന മാലിന്യം സമയബന്ധിതമായി മാറ്റാത്തത് നഗരത്തിലെ ശുചീകരണ സംവിധാനത്തെ താളംതെറ്റിച്ചിരിക്കുകയാണ്‌. ജില്ലയിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ടും രൂക്ഷമാണ്‌. മഴ മുന്നിൽകണ്ട്‌ ഓടകൾ തുറന്ന്‌ വൃത്തിയാക്കാത്തതാണ്‌ പ്രതിസന്ധി രൂക്ഷമാക്കിയത്‌. ​ചികിത്സയിൽ നിരവധിപ്പേർ മഴക്കാലപൂർവ ശുചീകരണം മിക്കയിടങ്ങളിലും പരാജയപ്പെട്ടതോടെ രോഗബാധിതരുടെ എണ്ണവും ഉയരുകയാണ്‌. മുൻവർഷങ്ങളിൽ ഡ്രൈഡേകൾ നിശ്ചയിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നേരത്തെതന്നെ ആരംഭിച്ചിരുന്നു. പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളുമായി ദിവസേന നൂറുകണക്കിന് ആളുകളാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സതേടുന്നത്. തിങ്കളാഴ്ച 219പേർ പനി ബാധിച്ച്‌ ചികിത്സ തേടി. 90പേർക്ക്‌ മഞ്ഞപ്പിത്തവും 58പേർക്ക്‌ ഡെങ്കിപ്പനിയും 14പേർക്ക്‌ എലിപ്പനിയും സ്ഥിരീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home