ഏറ്റുമാനൂരിൽ വികസനത്തിന് ശരവേഗം

ഏറ്റുമാനൂർ
ലോകോത്തര നിലവാരത്തിൽ തലയുയർത്തി നിൽക്കുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടുന്ന മണ്ഡലമാണ് ഏറ്റുമാനൂർ. സമീപ ജില്ലകളിലുള്ളവർക്കുകൂടി അത്താണിയാണ് ഇൗ ആതുരാലയം. അത്യാധുനികമായ ചികിത്സാസൗകര്യങ്ങളിലൂടെ ഇൗ ആശുപത്രി രാജ്യത്തിനുതന്നെ അഭിമാനനേട്ടങ്ങൾ കൈപ്പിടിയിലാക്കി നാടിന്റെ യശസുയർത്തി.
എംജി സർവകലാശാല രാജ്യാന്തര റാങ്കിങ്ങിൽ ഇടം നേടുന്നതും ഏറ്റുമാനൂരുകാർ അഭിമാനത്തോടെ കാണുന്നു. ഇവിടെ 132.7കോടി രൂപയുടെ കേന്ദ്രീകൃത ലബോറട്ടറി കോംപ്ലക്‌സ് സ്ഥാപിച്ചു. നീണ്ടൂരിലെയടക്കം രക്തസാക്ഷികളുടെ ചോരയാൽ ചുവന്ന മണ്ണ്. സാർവത്രിക വിദ്യാഭ്യാസസന്ദേശങ്ങളിലൂടെയും അച്ചടിയിലൂടെയും ചരിത്രത്തിലിടംനേടിയ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ മാന്നാനത്തെ പുണ്യഭൂമി. ഏഴരപ്പൊന്നാനയുടെ പ്രൗഢിയുമായി ഏറ്റുമാനൂർ മഹാദേവക്ഷേത്രവും തീർഥാടനകേന്ദ്രങ്ങളായ അതിരന്പുഴ സെന്റ് മേരീസ് ഫെറോനപ്പള്ളിയും കൈതമല ജുമാമസ്‌ജിദും മതസൗഹാർദ മഹിമയും നിറയ്‌ക്കുന്നു.
കാലത്തിനൊത്ത് മണ്ഡലത്തിന് കുതിക്കാനായെന്നതും ചരിത്രം. അഞ്ച് വർഷത്തിനിടെ നടപ്പാക്കിയത് 4,000 കോടി രൂപയുടെ വികസനം. മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി വി എൻ വാസവന്റെ കഠിനശ്രമങ്ങളിലൂടെയാണിന്ന് നാടിന്റെ കുതിപ്പ്. മെഡിക്കൽ കോളേജിൽ ഒമ്പത് വർഷത്തിനിടെ നടപ്പായത് 1,165 കോടി രൂപയുടെ വികസനമാണ്. സർജിക്കൽ ബ്ലോക്ക് 204.98 കോടി രൂപ മുടക്കി പൂർത്തിയാക്കി. 268.60 കോടിയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് പൂർത്തിയാകുന്നു. സർക്കാർമേഖലയിൽ ശ്വാസകോശം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെയും രാജ്യത്തെ മൂന്നാമത്തെയും ആശുപത്രിയെന്ന പേര് നേടി. ഒറ്റദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവ മാറ്റിവയ്‌ക്കുന്ന ആദ്യത്തെ സ്ഥാപനമായി.
121.825 കിലോമീറ്റർ റോഡ് ബിഎം, ബിസി നിലവാരത്തിലാക്കി. അതിരമ്പുഴ ജങ്‌ഷൻ നവീകരിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ 595 വീടുകൾ പൂർത്തിയാക്കി. കുമരകത്ത് ഹെലിപോർട്ടിന് അനുമതിയായി. കാരിത്താസ് മേൽപ്പാലം യാഥാർഥ്യമായി. കോണത്താറ്റ് പാലം തുറന്നു. 90 ശതമാനം ഗാർഹിക ഉപഭോക്താക്കൾക്കും കുടിവെള്ളം ഉറപ്പാക്കി. ഏറ്റുമാനൂർ ഗവ. ഗേൾസ് ഹൈസ്‌കൂളിന് 4.25 കോടി മുടക്കി പുതിയകെട്ടിടമായി. നീണ്ടൂർ, അയ്‌മനം, ആർപ്പൂക്കര പഞ്ചായത്തുകളിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് 2.04 കോടി ചെലവഴിച്ചു.









0 comments