തണലില്ല, പാലില്ല
ഉരുകി ക്ഷീരമേഖല

കോട്ടയം
കടുത്ത ചൂട് ജനജീവിതത്തെ മാത്രമല്ല, ക്ഷീരമേഖലയെയും വരിഞ്ഞുമുറുക്കി. ചൂട് അസഹനീയമായതിനാൽ ക്ഷീരമേഖലയിൽ പാലിന്റെ അളവ് കുറഞ്ഞുതുടങ്ങി. ഏപ്രിലിൽ പാൽ ഉൽപ്പാദനവും സംഭരണവും സാധാരണയേക്കാൾ കുറവാണ് രേഖപ്പെടുത്തിയത്. കുടിനീരിന്റെയും പച്ചപ്പുല്ലിന്റെയും ലഭ്യതക്കുറവാണ് പ്രധാന കാരണം. പാൽ സംഭരണം ജനുവരി മുതൽ പടിപടിയായി കുറഞ്ഞു തുടങ്ങിയിരുന്നു. ഫെബ്രുവരിയിലാണ് ഏറ്റവും കുറവ് സംഭരണം രേഖപ്പെടുത്തിയത്. ക്ഷീര വികസനവകുപ്പിന്റെ കണക്ക് പ്രകാരം ജനുവരിയിൽ 26,04,103 ലിറ്റർ പാലാണ് ജില്ലയിൽ സംഭരിച്ചത്. ഫെബ്രുവരിയിൽ ഇത് 22,92,605 ലിറ്ററായി കുറഞ്ഞു. മാർച്ചിൽ 25,01,135 ലിറ്ററായി ഉയർന്നപ്പോൾ ചൂട് ശക്തമായ ഏപ്രിലിൽ 23,50,141 ലിറ്ററായി വീണ്ടും കുറഞ്ഞു. മാർച്ചിൽ പച്ചപ്പുല്ല് കുറഞ്ഞ് തുടങ്ങിയിരുന്നു. ഏപ്രിലിൽ പച്ചപ്പുല്ലിന്റെയും തീറ്റപ്പുല്ലിന്റെയും ദൗർലഭ്യവും രൂക്ഷമായി. ഇത് പശുക്കളുടെ ആരോഗ്യത്തെ ബാധിച്ചു. ജില്ലയിൽ സൂര്യാഘാതമേറ്റ് ഏഴു പശുക്കളും ചത്തിരുന്നു. ജൂൺ, ജൂലൈ മാസങ്ങളിലാണ് ഏറ്റവും കൂടതൽ പാൽ ലഭ്യമാവുന്നത്. എന്നാൽ, കഴിഞ്ഞ വർഷം ജൂണിൽ 22,30,530 ലിറ്റർ പാൽ മാത്രമാണ് ജില്ലയിൽ സംഭരിച്ചത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പാൽ സംഭരിച്ചത് ഡിസംബറിലാണ്. 26,54,206 ലിറ്റർ പാൽ സംഭരിച്ചു.










0 comments