കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണം പുനരാരംഭിച്ചു

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിനായി സർവേ നടത്തുന്നു
കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണം പുതിയ കരാറുകാരൻ ഏറ്റെടുത്തു. സർവേ നടപടികൾക്ക് തുടക്കമായി. ആലപ്പുഴ കേന്ദ്രമായുള്ള തെരുവത്ത് കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണ കരാർ എടുത്തത്. നിർമാണ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ സൂക്ഷിക്കാനുള്ള യാർഡ് കാഞ്ഞിരപ്പള്ളിയിലാണ്. കോൺക്രീറ്റ് മിശ്രിതങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കുന്നതിനുള്ള ലാബ്, ഓഫീസ്, തൊഴിലാളികൾക്കുള്ള താമസസ്ഥലം, യന്ത്രങ്ങളും ഉപകരണങ്ങളും സൂക്ഷിക്കാനുള്ള സൗകര്യം എന്നിവ ഇവിടെയുണ്ടാകും. രണ്ടാഴ്‌ചയായി നടക്കുന്ന സർവേ പൂർത്തിയാകുന്നതോടെ നിർമാണം പുനരാരംഭിക്കും.
കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷനാണ് ബൈപാസിന്റെ നിർമാണ ചുമതല. ദേശീയപാതയിൽ കുരിശുകവലയ്‌ക്ക് സമീപമുള്ള പഞ്ചായത്ത് ഓഫീസ് ജങ്‌ഷനിൽ നിന്നാരംഭിക്കും. കാഞ്ഞിരപ്പള്ളി - മണിമല റോഡിന്റെയും ചിറ്റാർപുഴയുടേയും മുകളിലൂടെ മേൽപാലം നിർമിക്കും. കാഞ്ഞിരപ്പള്ളി ടൗൺ ഹാളിന് പുറകിലൂടെ 1.65 കിലോമീറ്ററിൽ ദേശീയ പാതയിലെ ഫാബീസ് ജങ്‌ഷനിലെത്തുന്ന വിധത്തിലാണ് ബൈപാസിന്റെ രൂപരേഖ. തുടക്കത്തിലും അവസാനത്തിലും 20 മീറ്റർ വീതിയുണ്ടാകും. ഇരു ജങ്‌ഷനുകളിലും ട്രാഫിക് ഐലൻഡ് സ്ഥാപിക്കും. 2024 ഫെബ്രുവരിയിൽ ആരംഭിച്ചതാണ് ബൈപാസ് നിർമാണം. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന കരാർ ഗുജറാത്ത് കമ്പനി പാലിക്കാതെ വന്നതോടെയാണ് ഒഴിവാക്കിയത്. 78.69 കോടി രൂപയാണ് കിഫ്ബി നൽകിയത്. 24.76 കോടി രൂപ സ്ഥലം ഏറ്റെടുക്കാൻ ചെലവഴിച്ചു.










0 comments