ടോമിന് ലക്കിയായി ബാംബു

ബാംബൂ കൃഷി ചെയ്യുന്ന കർഷകൻ ടോം ജോർജ് തന്റെ മുളങ്കാടിന് സമീപം
അയര്‍ക്കുന്നം ആറുമാനൂര്‍ ഇല്ലത്തുപറമ്പില്‍ ടോം ജോര്‍ജി(ടോമി)ന്റെ ബാംബു കൃഷി നൂറുമേനിയിലേയ്ക്ക്. തുടര്‍ച്ചയായി വെള്ളപ്പൊക്ക ഭീഷണി നേരിട്ടതോടെയാണ് പാലേക്കര്‍ കൃഷിയുടെ ചുവടുപിടിച്ച് ബാംബു കൃഷിയിലേയ്ക്ക് ഇദ്ദേഹം ചുവടുമാറ്റിയത്. രണ്ട് വര്‍ഷം മുമ്പ് തന്റെ രണ്ടേക്കര്‍ സ്ഥലത്ത് മുളയുടെ തൈകള്‍ നട്ടപ്പോള്‍ പലരും പരിഹസിച്ചു. എന്നാല്‍ ഇപ്പോള്‍ തൈകള്‍ വളര്‍ന്ന് മുളങ്കാടായി. അടുത്ത വര്‍ഷത്തോടെ മുറിച്ച് മാറ്റാനാകും. മുളകൾ മണ്ണില്‍ ജൈവാംശം വര്‍ധിപ്പിക്കും, വെള്ളത്തെ പിടിച്ചുനിര്‍ത്തും, മറ്റു ചെടികളെ അപേക്ഷിച്ച് ഓക്‌സിജന്റെ അളവ് മുപ്പത് ശതമാനം അധികം ഭൂമിയ്ക്ക് നൽകുന്നു. മണ്ണൊലിപ്പ് തടയുന്നു. പക്ഷികളും പൂമ്പാറ്റകളും ചെറുജീവികളും കുടിയേറി ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നു. കൃഷിചെലവ് വളരെ കുറവാണ്, ആദ്യത്തെ കുറെ നാളത്തെ സംരക്ഷണം മതി. ഓരോ വര്‍ഷം കഴിയുംതോറും മുളകള്‍ക്ക് ആദായം കൂടുന്നു. തലമുറകളോളം ആദായം എടുക്കുകയും ചെയ്യാം. പൂത്തുകഴിഞ്ഞാല്‍ വെട്ടി വില്കാം. പല ഇനങ്ങള്‍ വെച്ചാല്‍ എല്ലാ സമയങ്ങളിലും ആദായം ഉണ്ടാകും. വെള്ളൂര്‍ ന്യൂസ് പ്രിന്റുകാര്‍ മുള സ്ഥലത്തെത്തി കൊണ്ടുപോകും. മുള്ളുമുള അഥവാ കല്ലന്‍മുള, ന്യൂടണ്‍, ടുള്‍ഡാ എന്നീ ഇനങ്ങളുമാണ് കൂടുതലായി കൃഷിചെയ്യുന്നത്. വളത്തിനായി നാടന്‍ പശുക്കളായ ചെറുവള്ളിയും വെച്ചൂരുമുണ്ട്. ആറേക്കറോളം നെല്പാടം ഉണ്ടെങ്കിലും അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ കൃഷി നടക്കുന്നില്ല. കരിമ്പും കൃഷി ചെയ്യുന്നുണ്ട്. മുളകള്‍ക്കിടയിലെ വാഴകൃഷിയിലൂടെ അധികമായി വരുമാനം ലഭിക്കുന്നുണ്ടെന്നും ടോം പറയുന്നു. തേനീച്ച കൃഷിയുമുണ്ട്. വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട് പ്രോമോഷന്‍ കൗണ്‍സിലിന്റെ ഏറ്റുമാനൂര്‍ യൂണിറ്റ് അംഗം കൂടിയായ ടോമിന് കൃഷിക്ക് കൂട്ടായി ഭാര്യയും എൻജിനീയർമാരായ മൂന്നു മക്കളുമുണ്ട്.










0 comments