അക്ഷരങ്ങൾ കഥപറയുമ്പോൾ

അക്ഷരം മ്യുസിയം
അതുല്യ ഉണ്ണി
കോട്ടയം
‘‘അക്ഷരനഗരിയുടെ കിരീടത്തിലെ പൊൻതൂവലാണ് ഇന്ന് അക്ഷരം മ്യൂസിയം. മഹാന്മാരായ എഴുത്തുകാരുടെ പാരമ്പര്യമുള്ള മണ്ണിൽ അക്ഷരങ്ങളുടെയും ലിപികളുടെയും ചരിത്രവും വളർച്ചയും മനസ്സിലാക്കാൻ സാധിക്കുന്ന വിജ്ഞാനകേന്ദ്രമാണ് തുറന്നത്. ഭൗതികമായ അടിസ്ഥാന സൗകര്യങ്ങളുടെ വലിയ മാറ്റങ്ങൾക്കപ്പുറം ഒരു ജനതയുടെ അറിവിനും സംസ്‌കാരത്തിനും കരുത്തുപകരുന്ന മുന്നേറ്റമാണ് എൽഡിഎഫ് സർക്കാർ ജില്ലയ്‌ക്ക് സമ്മാനിച്ചത്. ഏറെ അഭിമാനം’’– സാംസ്‌കാരിക പ്രവർത്തകൻ അഡ്വ. അംബരീഷിന്റെ വാക്കുകൾ നിറയെ സന്തോഷം. അക്ഷരങ്ങൾ കഥപറയുന്നൊരിടം അതാണ് അക്ഷരം മ്യൂസിയം. ഇവിടെ അക്ഷരങ്ങളെ അനുഭവിച്ചറിയാം, ആഴത്തിൽ പഠിക്കാം. നാടിന്റെ വികസനത്തിനൊപ്പം അക്ഷരങ്ങളെയും അറിവിനെയും മുറുകെപിടിക്കുന്ന സർക്കാരിന്റെ ഇച്ഛാശക്തിയിൽ നാട്ടകത്ത് ഒരുങ്ങിയത് ഇന്ത്യയിലെ ആദ്യ ഭാഷാ- സാഹിത്യ- സാംസ്കാരിക മ്യൂസിയവും. എസ്‌പിസിഎസിന്റെ ഉടമസ്ഥതയിൽ നാട്ടകത്തുള്ള ഇന്ത്യാപ്രസിന്റെ സ്ഥലത്താണ് മ്യൂസിയം. അനുഭവിച്ചറിയാം ലോകത്തെ ഭാഷയുടെ ഉൽപ്പത്തിമുതൽ മലയാളഭാഷയുടെ ഇന്നോളമുള്ള സകല വികാസപരിണാമങ്ങളുടെയും സൂക്ഷ്‌മമായ ഏടുകളടക്കം അക്ഷരം മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാമൊഴി പാരമ്പര്യം, ഗുഹാചിത്രങ്ങൾ, ചിത്രലിഖിതങ്ങൾ, ഇന്ത്യൻ ലിപികളുടെ പരിണാമം, മലയാളം അച്ചടിയുടെ ചരിത്രം എന്നിവയെല്ലാം കണ്ടറിഞ്ഞ് മടങ്ങാം. സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ 15 കോടിയോളം രൂപ ചെലവഴിച്ചാണ് മ്യൂസിയത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കിയത്. അറിവിന്റെ അനന്തസാധ്യതകൾ ഭാഷ രൂപപ്പെട്ടതെന്ന്, മനുഷ്യന് സംസാരശേഷി കൈവന്നതെന്ന് തുടങ്ങിയ ചോദ്യങ്ങളുടെയെല്ലാം ഉത്തരം ഇവിടെ അനുഭവിച്ചറിയാം. വാമൊഴിയിൽനിന്ന് ഗുഹാവരകളായും ചിത്രലിപികളായും ഭാഷ പരിണമിക്കുന്നത് ഒന്നാം ഗ്യാലറിയിൽ. രണ്ടാംഗ്യാലറി ഇന്ത്യൻ ലിപി സമ്പ്രദായങ്ങളുടെ ചരിത്രം വിശദമാക്കുന്നു. മലയാളത്തിൽ ഉപയോഗിക്കുന്ന അക്ഷരങ്ങൾ പരിണമിച്ചതും വിശദമാക്കും. വട്ടെഴുത്തും കോലെഴുത്തും മലയാൺമയും അറിയാനും പഠിക്കാനുമാകും. മൂന്നാംഗ്യാലറി ആധുനികതയുടെ കടന്നുവരവിനുശേഷമുള്ള അച്ചടിയെക്കുറിച്ചാണ്. അച്ചടിവിപ്ലവം സാധ്യമാക്കിയ ഘടകങ്ങൾ, ആദ്യകാല പുസ്തകങ്ങൾ, അച്ചടിയന്ത്രങ്ങളും സാങ്കേതികവിദ്യയും തുടങ്ങിയവയുണ്ട്. നാലാം ഗ്യാലറിയിൽ സാഹിത്യപ്രവർത്തക സഹകരണസംഘത്തെയും സാഹിത്യസംഭാവനകളെകുറിച്ചുമുള്ള വിവരണങ്ങളാണ്. പരിണാമചരിത്രം മുതൽ വൈജ്ഞാനിക സാഹിത്യംവരെ അക്ഷരസ്‌നേഹികൾക്ക് അറിവിന്റെ വിസ്‌മയലോകത്തേയ്‌ക്ക് പുതുചുവടുവയ്‌ക്കാൻ തുടർഘട്ടത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കും തുടക്കമായി. പ്രധാന ലോകഭാഷകളെയും ലിപികളുടെയും വിശദമായി അടയാളപ്പെടുത്തുന്ന ഗാലറികൾ രണ്ടാംഘട്ടത്തിൽ മ്യൂസിയത്തിൽ ഉയരും. മൂന്ന്, നാല് ഘട്ടങ്ങളിലായി മലയാള കവിത, ഗദ്യസാഹിത്യം, വൈജ്ഞാനികസാഹിത്യം, വിവർത്തനം തുടങ്ങിയ വിഷയങ്ങളാണ് അവതരിപ്പിക്കുക. കിഫ്ബി ധനസഹായത്തോടെ 16.18 കോടി രൂപ ചെലവിട്ട് 13,000 ചതുരശ്ര അടി വിസ്‌തീർണത്തിലാണ് നിർമാണം.










0 comments