ad
Deshabhimani

സർക്കാർ സഹായമില്ല

കർഷകർക്ക്‌ കണ്ണീരോണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2026, 01:54 AM | 2 min read

കോട്ടയം

അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപകമായി കൃഷി നശിച്ചതോടെ കർഷകർക്ക്‌ ഇത്തവണ കണ്ണീരോണം. ജില്ലയിലെ പടിഞ്ഞാറൻ മേഖലയിലെ പാടശേഖരങ്ങളും കിഴക്കൻ മലയോരത്തെ കർഷകരുടെ വിവിധ കാർഷിക വിളകളും മഴയിൽ നശിച്ചു. വീടും വിളകളും വെള്ളത്തിലായി ക്യാന്പുകളിൽ അഭയം തേടേണ്ടി വന്ന കർഷകർക്ക്‌ ഇനിയും അടിയന്തര സഹായം ലഭിച്ചിട്ടില്ല. പ്രകൃതിക്ഷോഭ നാശനഷ്‌ടങ്ങൾക്കുള്ള നഷ്‌ടപരിഹാര വിതരണത്തിന്‌ അപേക്ഷ ക്ഷണിച്ചിട്ടേയുള്ളൂ. സർക്കാർ മാനദണ്ഡപ്രകാരമുള്ള തുച്ഛമായ തുക ലഭിക്കാൻ ഇനിയും വൈകും. വിളകൾ ഇൻഷൂർ ചെയ്യാത്ത കർഷകർക്ക്‌ നാമമാത്ര പ്രകൃതിക്ഷോഭ നഷ്‌ടപരിഹാരം മാത്രമാണ്‌ ലഭിക്കുക. വിളകൾ നട്ട്‌ 45 ദിവസത്തിനുള്ളിലാണ്‌ ഇൻഷൂർ ചെയ്യേണ്ടത്‌. എന്നാൽ പൊടുന്നനെയുള്ള മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി പാടശേഖരങ്ങളിൽ 30 ദിവസത്തിൽ താഴെ പ്രായമുള്ള, ഇൻഷൂർ ചെയ്യാത്ത നെല്ലും നശിച്ചു. ഏറ്റുമാനൂർ ബ്ലോക്കിലാണ്‌ എറ്റവും കൂടുതൽ കൃഷി നശിച്ചത്‌. തിരുവാർപ്പ്‌, കുമരകം, ചങ്ങനാശേരി, നീണ്ടൂർ, കടുത്തുരുത്തി മേഖലയിൽ പാടശേഖരങ്ങളിൽ വെള്ളം കയറി. ഏറ്റുമാനൂർ ബ്ലോക്കിലെ 1,295 കർഷകരുടെ 617.3 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. അയ്‌മനം വെസ്‌റ്റിൽ 220 ഏക്കറും അയ്‌മനം പുത്തൻകരിയിൽ 260 ഏക്കറും കുമരകം കൊല്ലംകരിയിൽ 195 ഏക്കറും കുമരകം നോർത്ത്‌ മൂലേപ്പാടത്ത്‌ 200, കുമരകം സ‍ൗത്ത്‌ ഇടവട്ടം പാടശേഖരത്ത്‌ 200, കുമരകം പടിഞ്ഞാട്ടുകാട്‌ 70 , കുമരകം മങ്കുഴി പുതിയാട്ട്‌ 400 , വൈക്കം തലയാഴത്ത്‌ 190 , വൈക്കം കണ്ടംതുരുത്ത്‌ 34 , ചെങ്ങളത്ത്‌ 165 ഏക്കറും നെൽകൃഷി നശിച്ചു. തിരുവാർപ്പ്‌ പഞ്ചായത്ത്‌ 19–ാം വാർഡിൽ 20 ദിവസത്തിൽ താഴെ പ്രായമായ നെല്ല്‌ പൂർണമായും നശിച്ചു. മാടപ്പള്ളിക്കാട്‌ പാടശേഖരത്തിൽ ഒരുമാസംപ്രായമായ നെല്ലാണ്‌ നശിച്ചത്‌. കിഴക്കൻ പ്രദേശങ്ങളിലെ തീക്കോയി, തലനാട്‌, മൂന്നിലവ്‌, തലപ്പുലം പഞ്ചായത്തുകളിൽ 15 ഏക്കറിൽ മണ്ണ്‌ ഒലിച്ചുപോയി. 150 ഏക്കറിലെ കൃഷി നശിച്ചു. ഏത്തവാഴകൾ, പൈനാപ്പിൾ, ഇഞ്ചി, പച്ചക്കറികൾ, കപ്പ തുടങ്ങിയ വിളകളാണ്‌ മലയോര മേഖലയിൽ പ്രധാനമായും നശിച്ചത്‌. ഓണവിപണി മുന്നിൽക്കണ്ട്‌ കൃഷി ചെയ്‌ത ഏത്തവാഴകളും പച്ചക്കറി കൃഷിയും വ്യാപകമായി നശിച്ചു. കുടുംബശ്രീ നേതൃത്വത്തിൽ ആരംഭിച്ച പൂകൃഷിയേയും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു. നഷ്‌ടം വന്ന കർഷകർക്ക്‌ അടിയന്തര സഹായം നൽകണമെന്ന്‌ കേരള കർഷകസംഘം സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home