ഇന്ന് ദേശീയ ഡോക്‌ടേഴ്‌സ് ദിനം
ഡോക്ടർമാരെ "ഓടിക്കുന്ന' ഡോക്ടർ

മാരത്തൺ പരിശീലനത്തിനെത്തിയ ഡോക്ടർമാർക്കൊപ്പം സെൽഫിയെടുക്കുന്ന ഡോ. ബിബിൻ പി മാത്യു
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ മൈതാനത്ത് രാവിലെ കൃത്യം ആറിന് 25ഓളം ഡോക്ടർമാർ കായികപരിശീലനത്തിന് എത്തും. ഓട്ടമാണ് പ്രധാന പരിശീലനം. പരിശീലകൻ ഡോ. ബിബിൻ പി മാത്യു – കോട്ടയത്തിന്റെ ആദ്യ അയൺമാൻ. ഇദ്ദേഹം മുൻകൈയെടുത്ത് നടത്തുന്ന പരിശീലനത്തിലൂടെ 20ലധികം ഡോക്ടർമാരാണ് വിവിധ മാരത്തണിൽ പങ്കെടുക്കുന്നത്. കഴിഞ്ഞവർഷം മസ്‌കത്തിൽ നടന്ന "അയൺമാൻ' ട്രയാതലൺ ചാന്പ്യൻഷിപ്പ് പൂർത്തിയാക്കിയാണ് അയ്‌മനം സ്വദേശി ബിബിൻ കോട്ടയത്തിന്റെ ആദ്യ അയൺമാനായത്. 1.9 കിലോമീറ്റർ കടലിലൂടെ നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21.1 കിലോമീറ്റർ ഓട്ടം എന്നിവ തുടർച്ചയായി ചെയ്യുന്നതാണ് അയൺമാൻ ചാമ്പ്യൻഷിപ്പ്. ഡോ. ബിബിൻ ഇത് ആറ് മണിക്കൂർ 41 മിനിറ്റുകൊണ്ട് പൂർത്തിയാക്കി. മറ്റ് ഡോക്ടർമാരെയും ഇൗ രംഗത്തിറക്കാൻ തീരുമാനിച്ചപ്പോഴാണ് നാല് മാസം മുമ്പ് ഡോക്ടർമാർക്ക് മാത്രമായി കായികപരിശീലനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. 2017ൽ 95 കിലോയുണ്ടായിരുന്ന ശരീരഭാരം ഇപ്പോൾ 80 ആക്കി കുറച്ചതിന്റെ ആത്മവിശ്വാസമാണ് ബിബിനെ നയിക്കുന്നത്. ""ഐഎംഎയുടെ പഠനപ്രകാരം ഡോക്ടർമാരുടെ ശരാശരി ആയുസ് 62 വയസ് മാത്രമാണ്. ജോലിസമ്മർദ്ദമാണ് ഇതിനു കാരണം. സ്വന്തം ആരോഗ്യം നോക്കാൻ പരമാവധി ഡോക്ടർമാരെ പ്രേരിപ്പിക്കാൻകൂടിയാണ് പരിശീലനം തുടങ്ങിയത്.'' – 41കാരനായ ഡോ. ബിബിൻ പറയുന്നു. ആലപ്പുഴക്കാരനായ മുൻ ദേശീയ അത്‌ലറ്റ് എബി റെയ്‌നോൾഡിനെ പരിശീലകനാക്കി നിയോഗിച്ചു. ആഴ്‌ചയിൽ ആറ് ദിവസം പരിശീലനമുണ്ട്. പരമാവധി ഡോക്ടർമാരെ പരിശീലിപ്പിക്കണമെന്നാണ് ആഗ്രഹം. കോട്ടയം എസ്‌എച്ച് മെഡിക്കൽ സെന്ററിലും ഭാരത് ഹോസ്‌പിറ്റലിലും ജനറൽ ആൻഡ് ലാപ്രോസ്‌കോപ്പിക് സർജറി സീനിയർ കൺസൾട്ടന്റാണ് ഡോ. ബിബിൻ. അമ്മഞ്ചേരി "പോളക്കാട്ട്' വീട്ടിലാണ് താമസം. ഭാര്യ ഡോ. ഗായത്രി മേരി അലക്‌സ്. അന്ന, ആന്റണി, എയ്‌മി എന്നിവർ മക്കളാണ്.











0 comments