യോഗം ഇന്ന്
ഒന്ന് ശ്രദ്ധിക്കണേ...കുരുക്കുണ്ട്

കോട്ടയം
അനുദിനം കുരുങ്ങുകയാണ് കോട്ടയം നഗരവും പരിസര പ്രദേശങ്ങളും. വിഷയം രൂക്ഷമായതോടെ തിങ്കളാഴ്‌ച യോഗം വിളിച്ചിരിക്കുകയാണ് അധികൃതർ. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പങ്കെടുക്കും. പകൽ 11ന് കലക്ടറേറ്റ് ഹാളിലാണ് യോഗം. സ്‌കൂൾ തുറക്കുന്നതിനെ തുടർന്നാണ് അടിയന്തര നടപടി. സ്‌കൂൾ കുട്ടികളുടെ സുരക്ഷയും ആവശ്യമാണ്. കുരുക്ക് രൂക്ഷമായാൽ കുട്ടികളുടെ പഠനത്തെ ബാധിക്കും. വിഐപിയോ വിവിഐപിയോ വരുമ്പോൾ മാത്രമാണ് നഗരം കുരുങ്ങാതെ കാണാറുള്ളൂ. ഓരോ ദിവസവും നഗരം കുരുക്കിൽനിന്ന് കൂടുതൽ കുരുക്കിലേക്ക് പോകുകയാണ്. കഞ്ഞിക്കുഴി കവലയിലെ കുരുക്കാണ് പ്രധാനം. ഇവിടെ കുരുക്കിൽപ്പെടുന്നവർ ഒരു മണിക്കൂറിലധികം കിടക്കേണ്ടിവരും. മണർകാടു നിന്നും കഞ്ഞിക്കുഴി കവലയിൽ എത്തുന്നതിന് മുൻപുള്ള പാലം മുതൽ തുടങ്ങുന്ന വാഹനങ്ങളുടെ കുരുക്ക് യാത്രക്കാരെ വലയ്ക്കുന്നു. ട്രാഫിക് സിഗ്‌നൽ കടന്നാലും കുരുക്ക് നീളും. ഇവിടെ ഇറഞ്ഞാൽ റോഡിലേക്ക് പ്രവേശിക്കാൻ വഴി വേണം, കഞ്ഞിക്കുഴിയിൽ ഫ്ലൈഓവർ വേണമെന്നുമാണ് ആവശ്യം. ബേക്കർ ജങ്‌ഷനിലെ ട്രാഫിക്കിൽ നിന്ന് മുന്നോട്ടെടുക്കുന്ന വാഹനങ്ങൾ റൗണ്ടാനയ്‌ക്ക് സമീപം തടയുന്നത് നഗരത്തിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ചിങ്ങവനം ജങ്‌ഷൻ മുതൽ പൊലീസ് സ്‌റ്റേഷൻ വരെ വാഹനങ്ങളുടെ നീണ്ട ക്യൂവാണ്. ചിങ്ങവനം ചന്തക്കവല ഭാഗത്ത് ഉണ്ടാകുന്ന പ്രശ്‌നമാണ് കുരുക്കിന് കാരണം. ഫ്ലൈഓവർ വേണമെന്ന ആവശ്യം ശക്തമാണ്. കുരുക്ക് അനുഭവപ്പെടുന്ന മറ്റൊരു സ്ഥലമാണ് തിരുവാതുക്കൽ കവല. ബൈപാസിലേക്കും ഇല്ലിക്കൽ കുമരകം ഭാഗത്തേയ്‌ക്കും തിരിച്ച് നഗരത്തിലേക്കും വാഹനങ്ങൾ എത്തുന്ന നാലും കൂടുന്ന കവലയാണ് തിരുവാതുക്കൽ. ഇവിടെ റോഡരികിലുള്ള ഓട്ടോ സ്‌റ്റാൻഡ് കുരുക്കിന് കാരണമാണ്. നേരത്തെ തിരുവാതുക്കൽ ബസ് ബേയുടെ ഭാഗത്തായിരുന്ന സ്റ്റാൻഡ് ഓടനിർമാണവുമായി ബന്ധപ്പെട്ടാണ് ഇപ്പുറത്തേക്ക് മാറുന്നത്. സ്‌റ്റാൻഡ് പഴയപോലെ മാറ്റുകയാണെങ്കിൽ ഒരു പരിധിവരെ കുരുക്ക് ഒഴിവാക്കാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.










0 comments