പൂവിളിയുയർന്നു
ആധിയിലും ആഹ്ലാദത്തോടെ അത്തം

നിറമണിഞ്ഞ് പൂ വിപണി... കോട്ടയം തിരുനക്കരയിൽ പൂക്കൾ വിൽപ്പനയ്ക്കായി ഒരുക്കുന്നു
കോട്ടയം
മാനം തെളിഞ്ഞു, പ്രളയഭീതിയും ഒഴിഞ്ഞു. വെള്ളപ്പൊക്കത്തിലുണ്ടായ നഷ്ടം പെട്ടെന്ന് തീർക്കാവുന്നതല്ല. ക്യാന്പുകളിൽനിന്ന് വീടുകളിലെത്തിയവർ ജീവിതം നേരെയാക്കാൻ ശ്രമിക്കുകയാണ്. സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. എന്നാലും നാടിന്റെ ഒരുമയിലേക്ക് ഓണാഘോഷത്തിന് അവരും ഒന്നായി ഇറങ്ങുകയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ഥാപനങ്ങളിലും ഓണാഘോഷം തുടങ്ങി. ഞായറാഴ്‌ച അത്തം ആഘോഷിച്ച് മലയാളത്തിന്റെ ഓണനാളുകൾക്ക് നിറമിട്ടു. പൊന്നോണത്തിന് ഇനി പത്തുനാൾ. ആദ്യ പൂക്കളമൊരുക്കിയും ഗൃഹാതുരതയുടെ ഓർമകൾ പങ്കുവച്ചും ഏവരും അത്തം ദിനത്തെ വരവേറ്റു. വീടുകളുടെ മുന്നിൽ വിവിധ വർണങ്ങളിലുള്ള പൂക്കളങ്ങൾ തീർത്ത് കുട്ടികളും മുതിർന്നവരും ഒരുപോലെ ഒത്തുകൂടിയുമാണ് അത്തം ആഘോഷിച്ചത്. പൂക്കളങ്ങളും ആർപ്പോ വിളികളും പുലികളിയുമായി ആഘോഷം കെങ്കേമമാക്കാൻ നാടൊരുങ്ങി. പൂക്കളമൊരുക്കാന്‍ നാടാകെ പൂക്കള്‍ തേടിയിറങ്ങുകയാണ്. കുട്ടനിറയ്‌ക്കാൻ പൂക്കളില്ലെങ്കിലും മലയാളികൾക്ക് പൂക്കളമൊരുക്കാനുള്ള പൂവുകൾ വിപണിയിൽ എത്തി. ബന്തി, ജമന്തി, വാടാമല്ലി, അരളി തുടങ്ങിയ പൂക്കളും വിപണിയിൽ റെഡി. പൂക്കടകളും ഇതരസംസ്ഥാനക്കാരായ വഴിയോര കച്ചവടക്കാരും തയ്യാറായി. മഞ്ഞ ബന്തി കിലോയ്‌ക്ക് 200, ഓറഞ്ച് ബന്തി 250, അരളി വെള്ള 500, ചുവപ്പ്, റോസ് 400, വാടാമല്ലി 200, മുല്ല മുഴത്തിന് 50, റോസിന് 300 എന്നിങ്ങനെയാണ് വില. റോസിനും താമരയ്ക്കും ഒന്നിന് 30 രൂപ വിലവരും. ഓണമടുക്കുന്നതോടെ ഓരോ ഇനത്തിനും 50 രൂപ വരെ വര്‍ധിക്കുമെന്ന് കച്ചവടക്കാര്‍ പറയുന്നു. സദ്യവട്ടങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കും തുടക്കമായി. ഓണത്തിന്റെ തിരക്ക് ദൃശ്യമായിത്തുടങ്ങി. വിവിധ മേളകളും ആരംഭിച്ചു.










0 comments