ad
Deshabhimani

ഞമ്മക്കൂല്ലേ ഉമ്മാ , ഒരു മനസ്സ്

ummachu
avatar
അനിൽ ആയഞ്ചേരി

Published on Feb 09, 2025, 02:51 AM | 2 min read


ഉമ്മാച്ചു അരങ്ങിലെത്തി. 1954ൽ ഉറൂബ്‌ (പി സി കുട്ടികൃഷ്‌ണൻ) എഴുതിയ നോവലിന് കെപിഎസിയാണ്‌ രംഗഭാഷ്യം നൽകിയത്‌. ഉമ്മാച്ചുവിന് ആദ്യം വന്നത് ചലച്ചിത്രാവിഷ്കാരമായിരുന്നു. 1971ൽ പി ഭാസ്കരൻ സംവിധാനം ചെയ്ത ഉമ്മാച്ചു സിനിമയുടെ കഥയും തിരക്കഥയും ഉറൂബിന്റേതു തന്നെയായിരുന്നു. പി ഭാസ്കരൻ ഗാനരചനകൂടി നിർവഹിച്ച ആ സിനിമയിൽ ഷീല, മധു, അടൂർഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. 2024ൽ നാടകാവിഷ്കാരത്തിനായി കെപിഎസി ചുമതലപ്പെടുത്തിയത്‌ കേരളത്തിലെ മിക്ക പ്രൊഫഷണൽ നാടകസമിതികൾക്കും രചന നിർവഹിക്കുന്ന സുരേഷ് ബാബു ശ്രീസ്ഥയെയാണ്.


കെപിഎസിയുടെ 67–-ാമത് നാടകമാണ് ഉമ്മാച്ചു. കെപിഎസിയുടെ പ്ലാറ്റിനം ജൂബിലിയും തോപ്പിൽ ഭാസിയുടെ ജന്മശതാബ്ദിയും ആഘോഷിക്കാൻ വടകര ടൗൺ ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിനു മുമ്പിലായിരുന്നു ഉമ്മാച്ചുവിന്റെ ആദ്യാവതരണം. നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച മൂന്നു പേർ വടകരക്കാർ തന്നെയാണെന്ന പ്രത്യേകതയും ഉണ്ട്. നാടകരചന നിർവഹിച്ച സുരേഷ് ബാബു ശ്രീസ്ഥയും സംവിധായകൻ മനോജ് നാരായണനും പ്രധാന കഥാപാത്രങ്ങളായ ബീരാനായും അബ്ദുവായും അഭിനയിക്കുന്ന ഷിനിലും വടകരക്കാരാണ്. നാടകത്തിന്റെ ഈറ്റില്ലമായ വടകരയിലെ സഹൃദയർ ഉമ്മാച്ചുവിനെ ഹൃദയത്തിലേറ്റി.


മായന്റെയും ചാപ്പുണ്ണിയുടെയും ഉമ്മാച്ചുവിന്റെയും യൗവനകാലത്തുനിന്നാണ് നാടകം തുടങ്ങുന്നത്. പണമില്ലാത്ത ലോകത്ത് പ്രണയവും വിവാഹവും സ്വപ്നങ്ങളുമെല്ലാം സാധാരണക്കാരന് അന്യമാണെന്നതിന്റെ നേർചിത്രങ്ങളാണ് ഉമ്മാച്ചുവിലെ മായനും ബീരാനും. ബീരാന് പണമുള്ളതുകൊണ്ട് ഉമ്മാച്ചുവിന്റെ പരിശുദ്ധ പ്രണയത്തെപ്പോലും വിലപേശി വാങ്ങാൻ അവന് കഴിയുന്നു. ഏത് പേമാരി വന്നാലും ഏത് കൊടുങ്കാറ്റ് വന്നാലും ഏത് പ്രളയം വന്നാലും ഓള് ന്റെയാണെന്ന മായന്റെ ധീരമായ പ്രസ്താവന ഖൽബിലെ ചൂണ്ടയിൽ കൊത്തണ കരിമീൻ എന്ന ഗാനത്തിലൂടെ നമുക്ക് മുന്നിലെത്തുന്നു. അതുല്യമായ അഭിനയ മികവിലൂടെ ബീരാൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത് ഷിനിൽ വടകരയാണ്. അഹങ്കാരവും സ്വാർഥതയും നിറഞ്ഞ മനസ്സിനുടമയായ ബീരാന്റെ ഇനിക്ക് ഞമ്മളെ പെരുത്തിഷ്ടായോ, മ്മളെ ശരിക്കും പിടിച്ചിനോ എന്നും നിന്നെ ഒന്നു തൊട്ടോട്ടെ എന്ന ഉമ്മാച്ചുവിനോടുള്ള നിഷ്കളങ്കമായ ചോദ്യവും പ്രേക്ഷകഹൃദയങ്ങളിൽ ആഴ്ന്നിറങ്ങുന്നുണ്ട്.


അവാച്യമായ ദൃശ്യവിസ്മയം തീർത്ത സംവിധാന മികവിനാൽ മനോജ്നാരായണൻ നാടകത്തെ അവിസ്മരണീയമാക്കുന്നു. തലമുറകൾക്ക് മുമ്പ് രചിക്കപ്പെട്ട ഒരു നോവലിന് വർത്തമാനകാലത്തിനനുസൃതമായി ഒട്ടും മങ്ങലേൽക്കാതെ സംഭാഷണങ്ങൾ മെനയാൻ ശ്രീസ്ഥയ്ക്കും കഴിഞ്ഞു എന്നതാണ് ഉമ്മാച്ചുവിന്റെ വിജയത്തിനാധാരം. പണവും ആണധികാരവും പ്രശസ്തിയുംകൊണ്ട് കെട്ടിപ്പൊക്കിയ പഴയകാലത്തെ സാമൂഹ്യവ്യവസ്ഥയെ വ്യക്തമായി വെളിപ്പെടുത്താൻ നാടകത്തിന് കഴിയുന്നുണ്ട്. കുടുംബത്തിലെ സ്ത്രീകൾ വീട്ടിനകത്താണ് ജീവിക്കേണ്ടതെന്ന മത തീട്ടൂരങ്ങളെ പൊട്ടിച്ചെറിയാനുള്ള ചെറിയ ശ്രമങ്ങൾ നാടകത്തിലൂടെ ഉയരുന്നത് ആശാവഹമാണ്. ഞമ്മക്കൂല്ലേ ഉമ്മാ ഒരു മനസ്സ് എന്ന ചോദ്യം ഒരു സ്ത്രീയുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത് അന്ന് വലിയ ധൈര്യം തന്നെയും ഇന്നും വളരെ പ്രസക്തവുമാണ്. ഉമ്മാച്ചുവിന്റെ ഉമ്മ എന്ന കഥാപാത്രവും അക്കാലത്തെ സ്ത്രീസമൂഹത്തിന്റെ നേർപതിപ്പാണ്.


ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ശബ്ദമുയർത്തുന്ന ചിന്നമ്മുവും അബ്ദുവും പ്രേക്ഷകന് മുന്നിൽ ഒരു പുതുലോകം തീർക്കുന്നുണ്ട്. രാഷ്ട്രീയബോധമുള്ള പെൺകുട്ടികളുടേതുകൂടിയാണ് വരാനിരിക്കുന്ന ലോകം. വിദ്യാഭ്യാസമുള്ള ഒരു തലമുറയ്‌ക്ക് മാത്രമേ ഒരു ജനതയെ മാറ്റിയെടുക്കാൻ കഴിയൂ എന്ന ഒരു സന്ദേശംകൂടി ഈ നാടകം നൽകുന്നു. ഇതിലഭിനയിച്ച നടീനടന്മാരുടെ അഭിനയമികവിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഓരോ കഥാപാത്രത്തെയും ഉൾക്കൊണ്ട് ഒതുക്കത്തോടെയുള്ള അഭിനയം. ഉമ്മാച്ചുവായി അനിതയും ബീരാൻ, അബ്ദു എന്നീ വേഷങ്ങളിൽ ഷിനിൽ വടകരയും മായനായി കലേഷും അത്തറലി, പൊലീസ് ഇൻസ്പെക്ടർ എന്നീ കഥാപാത്രങ്ങളായി കവടിയാർ സുരേഷും അഭിനയിക്കുന്നു. അഹമ്മദുണ്ണി, ഹസ്സൻ എന്നീ വേഷങ്ങളിൽ ദേവൻ കഷ്ണയും ചാപ്പുണ്ണിയായി ബിനുവും ഉമ്മയായി അനുകുഞ്ഞുമോനും ചിന്നമ്മുവായി സോഫിയയും അരങ്ങിനെ മനോഹരമാക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഉദയകുമാർ അഞ്ചൽ സംഗീത സംവിധാനം നിർവഹിച്ച അർഥപൂർണമായ ഗാനങ്ങളും നാടകത്തിന് മേന്മ നൽകുന്നു. സുജാതന്റെ കണ്ണഞ്ചിപ്പിക്കുന്ന രംഗപടംകൂടിയാകുമ്പോൾ നാടകം പ്രേക്ഷകനെ വല്ലാതെ ആകർഷിക്കുന്നു. ഒരാൾതന്നെ ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും പറയത്തക്ക പോരായ്മകൾ ഒന്നും കാഴ്ചക്കാരിൽ ഉണ്ടാക്കിയില്ല എന്നതും എടുത്തു പറയേണ്ടതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home