ad
Deshabhimani

യാത്ര

നോർത്ത് ഈസ്റ്റ്‌ നോട്ട്ബുക്ക് ‐9

സെൽബൽഗ്രെയിലെ ഗ്രാമത്തലവന്റെ തൂവൽത്തൊപ്പി അണിഞ്ഞ്‌ വേണു.  ഒപ്പം ഗ്രാമത്തലവൻ ഡിറോട്ട്‌
avatar
വേണു

Published on Sep 08, 2025, 11:25 AM | 11 min read

മാർച്ച് 24, ഞായർ. ഗാരോ ഹിൽസ്, സെൽബൽഗ്രെ

ടൂറായിൽ നിന്ന് ഒന്നര മണിക്കൂർ ദൂരെയാണ് സെൽബൽഗ്രെ എന്ന ഗ്രാമം. രാവിലെ വിക്കിയും ഞാനും റിസോർട്ടിലെ ജോലിക്കാരായ രണ്ടു ചെറുപ്പക്കാരെയും കൂട്ടി സെൽബൽഗ്രെയിലേക്ക് പുറപ്പെട്ടു. ഇന്ന് പകൽ മുഴുവൻ ഞങ്ങൾ അവിടെയായിരിക്കും. പതിനൊന്ന് മണിയോടെ ഗുൺ മേ ഞങ്ങളോടൊപ്പം ചേരും. ഇന്നത്തെ ഉച്ചഭക്ഷണവും അവിടെയാണ്. അവിടെയുള്ള വിശുദ്ധവനങ്ങളും ഒരു ഗ്രാമവും സന്ദർശിക്കുകയാണ് ലക്ഷ്യം. എന്താണീ വിശുദ്ധവനം എന്നു കൃത്യം പിടികിട്ടിയില്ലെങ്കിലും അവിടെ ഹൂലോക്ക് ഗിബ്ബണുകളുടെ നാല് ചെറിയ സംഘങ്ങൾ ഉണ്ടെന്നും ഭാഗ്യമുണ്ടെങ്കിൽ കാണാൻ കഴിയുമെന്നും ഗുൺ മേ പറഞ്ഞപ്പോൾ കൂടുതലൊന്നും ചോദിച്ചില്ല.

ആകാശവും ഭൂമിയും ജീവജാലങ്ങളും സൃഷ്ടിച്ചശേഷം ദൈവത്തിന് തോന്നി, എവിടെയോ എന്തിന്റെയോ ഒരു കുറവുണ്ടെന്ന്. ദൈവം തന്റെ സൃഷ്ടികളെ ശ്രദ്ധിച്ചുനോക്കി. ഉടൻതന്നെ അദ്ദേഹത്തിന് കാര്യം മനസ്സിലായി. തന്റെ സൃഷ്ടികളിലൊന്നിനുപോലും ലോകം മുഴുവൻ കേൾക്കാൻ കഴിയുന്ന ശബ്ദമുണ്ടാക്കാനുള്ള ശേഷിയില്ല. ആ കുറവ് പരിഹരിക്കാനായി ദൈവം ഹൂറോ എന്ന ജീവിയെ സൃഷ്ടിച്ച് അതിന് അഭൗമമായ ഒരു ശബ്ദം നൽകി. പുതിയ മാസ്മര ശബ്ദം ലോകമെമ്പാടും ഉച്ചത്തിൽ കേട്ടുതുടങ്ങിയപ്പോൾ ദൈവം സന്തുഷ്ടനായി. പിന്നീട് ഹൂറോയിൽനിന്ന് ദൈവം മനുഷ്യരെ ഉണ്ടാക്കി. ഭക്ഷണം കിട്ടാതെ വിശക്കുന്ന കുട്ടികൾ കായ്കനികൾ തേടി കാട്ടിൽ കയറുമ്പോൾ, അവരോട് കരുണ തോന്നി വനദൈവങ്ങൾ അവരുടെ കൈകൾക്ക് നീളവും ബലവും നൽകി അവരെ വലിയ മരങ്ങളിൽ കയറാൻ പ്രാപ്തരാക്കുമെന്നും, അതോടെ അവർ ഹൂറോ ആയി മാറുമെന്നും ഒരു വിശ്വാസമുണ്ട്. അയൽഗ്രാമത്തിൽ ഒരു മനുഷ്യമരണമുണ്ടായാൽ ശവസംസ്‌കാരം കഴിയും വരെ ഹൂറോ നിശ്ശബ്ദരായിരിക്കും എന്നതാണ് മറ്റൊരു വിശ്വാസം. ഹൂറോയുടെ താളനിബദ്ധമായ നീണ്ട വിളികൾ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളോടൊപ്പം ഉയരുകയും താഴുകയും ചെയ്യുമെന്നും, അമാവാസി ദിവസം അവർ പൂർണമായി മൗനം പാലിക്കുമെന്നും ഗാരോ ഗോത്രക്കാർ പറയുന്നു. മഹാപണ്ഡിതർ പുനർജനിച്ചാണ് ഹൂറോകൾ ഉണ്ടാകുന്നതെന്ന് തെക്കൻ ചൈനക്കാർ വിശ്വസിക്കുന്നു. ഇന്ത്യയിൽ കാണപ്പെടുന്ന ഒരേയൊരു ആൾക്കുരങ്ങ്, അല്ലെങ്കിൽ വാലില്ലാക്കുരങ്ങായ ഹൂലോക് ഗിബ്ബൺ തന്നെയാണ് ഹൂറോ എന്ന് ജന്തുശാസ്‌ത്രം പറയുന്നു.

സെൽബൽഗ്രെ ഗ്രാമത്തിൽ വീട്ടുമുറ്റത്ത്‌ ഭക്ഷണമുണ്ടാക്കുന്ന സ്‌ത്രീസെൽബൽഗ്രെ ഗ്രാമത്തിൽ വീട്ടുമുറ്റത്ത്‌ ഭക്ഷണമുണ്ടാക്കുന്ന സ്‌ത്രീ

കാറിൽ കൂടെയുണ്ടായിരുന്ന റിസോർട്ട് ജോലിക്കാർ വഴിയിലൊരിടത്തിറങ്ങി. അവരിവിടെ നിന്ന് നടന്ന് പൊയ്‌ക്കോളുമെന്ന് വിക്കി പറഞ്ഞു. വഴി ടാർറോഡിൽ നിന്നിറങ്ങി ചെളി പിടിച്ച മണ്ണുവഴിയായി. മണ്ണുവഴി ഉടൻ തന്നെ കല്ലുവഴിയായി. താമസിയാതെ അതും ഇല്ലാതായി. ഇനി വണ്ടി ഫോർവീൽ ഡ്രൈവിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന് വിക്കി പറഞ്ഞു. കുറേദൂരം വലിയ മരങ്ങളുടെ ഇരുട്ടിലൂടെ നിന്നും നിരങ്ങിയും പോയി ചെറിയൊരു നീർച്ചാൽ നീന്തിക്കയറിയിട്ട് കൂടുതൽ മുന്നോട്ടുപോകാൻ വിസമ്മതിച്ച് വണ്ടി നിന്നു. ഞാൻ വിക്കിയെ നോക്കി. ഇതാണ് അസോങ് ഡോണ അല്ലെങ്കിൽ വിശുദ്ധവനം എന്ന് വിക്കി പറഞ്ഞു. വിശുദ്ധവനത്തിന്റെ പുറത്ത് ഈ സ്ഥലം മേഘാലയ വനംവകുപ്പിന്റെ സംരക്ഷണത്തിലാണെന്ന് പ്രഖ്യാപിക്കുന്ന ഒരു ബോർഡ് കണ്ടു. എന്നാൽ കാട് സംരക്ഷിക്കുന്നത് ഞങ്ങളാണെന്നും ബോർഡ് മാത്രമാണ് വനം വകുപ്പ് സംരക്ഷിക്കുന്നത് എന്നും വിക്കി പറഞ്ഞു.


നൂറടിയിലധികം ഉയരമുള്ള വന്മരങ്ങളും പടുകൂറ്റൻ മുളങ്കൂട്ടങ്ങളും തിങ്ങിനിറഞ്ഞു നിൽക്കുന്ന, നൂറേക്കറിൽ താഴെ മാത്രം വിസ്‌തൃതിയുള്ള ഒരു കൊടുങ്കാടാണിത്. അതിനിടയിലൂടെ പോകുന്ന ചെറിയൊരു നടപ്പാത മാത്രമാണ് ഏക സഞ്ചാരമാർഗം. അത് വിട്ട് എങ്ങോട്ടും പോകാൻ സാധ്യമല്ല. അതുപോലും മരങ്ങൾ വീണും കാടുകയറിയും പലയിടത്തും ദുർഗമമാണ്. മനുഷ്യസഞ്ചാരം തീരെയില്ലാത്ത സ്ഥലമാണെന്ന് വ്യക്തം. കാടിനുള്ളിലെ അന്തരീക്ഷവായുവിൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന ഈർപ്പത്തിന്റെ സാന്ദ്രത ഈയളവിൽ മുൻപൊരിക്കലും ഒരിടത്തും അനുഭവിച്ചിട്ടില്ല. മഴയില്ലെങ്കിലും തൊട്ടെടുക്കാവുന്ന പോലെയുള്ള നീരാവിയാണ് ചുറ്റും. ഓരോ ശ്വാസത്തിലും കണ്ണടയും ക്യാമറാ ലെൻസും വ്യൂ ഫൈൻഡറും പുകമഞ്ഞിന്റെ വെളുത്ത പാടയിൽ മങ്ങിപ്പോകുന്നു. തുടച്ചുതുടച്ച് ലെൻസ് തുടയ്‌ക്കുന്ന തുണി നനഞ്ഞു. മഴക്കാടിന്റെ മൈക്രോ ക്ലൈമറ്റ് നേരിട്ടറിഞ്ഞ ആദ്യാനുഭവം. വനമധ്യത്തിലൂടെ ഒഴുകുന്ന ചെറിയൊരു അരുവിക്കരയിൽ ഞങ്ങൾ കുറച്ചുനേരം വെറുതേയിരുന്നു. ഉള്ളിലെപ്പോലെ അടച്ചുമൂടിക്കെട്ടിയല്ല ഇവിടെ കാട് കാണപ്പെടുന്നത്. ആകാശം കാണാം. അതുകൊണ്ടുതന്നെ ആവിയുടെ ആലിംഗനം അൽപ്പം മയപ്പെട്ടിട്ടുണ്ട്. ചെറിയ ചില പക്ഷികളുടെ ചിലപ്പൊഴിച്ചാൽ കാട് നിശ്ശബ്ദമാണ്. ഹൂറോയുടെ യാതൊരു സൂചനയുമില്ല. അതല്ലാതെ മറ്റു വലിയ മൃഗങ്ങളൊന്നും ഈ കാട്ടിലില്ല. ഞങ്ങൾ തിരിച്ചു നടക്കാൻ തീരുമാനിച്ചു.

സെൽബൽഗ്രെ ഗ്രാമത്തിലെ ഒരു വീട്‌ സെൽബൽഗ്രെ ഗ്രാമത്തിലെ ഒരു വീട്‌

പെട്ടെന്ന് മരങ്ങൾക്ക് മുകളിൽനിന്ന് അത്യുച്ചത്തിൽ കാടിനെ നടുക്കുന്ന നീണ്ടൊരു കൂവൽ കേട്ടു. നേരെ മുകളിൽനിന്ന് കേൾക്കുന്ന പോലെയാണ് ആദ്യം തോന്നിയത്. ഹൂറോ എന്ന് പറഞ്ഞ് വിക്കി മുകളിലേക്ക് നോക്കി. ഞാനൊന്നും കണ്ടില്ല. ഉടൻ തന്നെ ഹ്രസ്വമായ മൂന്ന് ശബ്ദങ്ങൾ എയർ ഹോണടിക്കുന്നതു പോലെ ഉച്ചത്തിൽ അടുത്തടുത്തായി കേട്ടു. വിചാരിച്ചതുപോലെ നേരെ മുകളിലല്ല കുറച്ചു മാറിയാണ് ശബ്ദത്തിന്റെ ഉറവിടം. ഹോണടി കഴിഞ്ഞതും ഊഹൂ - ഊഹൂ - ഊഹു എന്നു തുടങ്ങുന്ന നീണ്ടൊരു കോറസ് ആരംഭിച്ചു. പടിപടിയായി പാട്ടിന്റെ താളം മുറുകാനും തുടങ്ങി. അത്യുച്ചത്തിൽ അലയടിക്കുന്ന ഈ ഗ്രാൻഡ് ഓർക്കസ്ട്രയുടെ പിന്നിലുള്ളത് രണ്ടോ മൂന്നോ ഹൂറോകൾ മാത്രമാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ശബ്ദത്തിലെ ആവേശവും ഉത്സാഹവും ഉയർന്നുയർന്ന് ഉച്ചസ്ഥായിയിലായ ശേഷം ക്രമേണ താഴാൻ തുടങ്ങി. പെട്ടെന്ന് എല്ലാ ശബ്ദവും ഒരുമിച്ചു നിലച്ചു. ഞങ്ങൾ മേലേക്ക് തന്നെ നോക്കിനിന്നു. മരച്ചില്ലകളിൽ ഒരനക്കം പ്രതീക്ഷിച്ച് ക്യാമറയിലൂടെയും അല്ലാതെയും അവിടെയെല്ലാം നിർത്താതെ തിരഞ്ഞിട്ടും ഒന്നും കാണാൻ പറ്റുന്നില്ല. വീണ്ടും കാടിനെ വിറപ്പിക്കുന്ന പുതിയൊരു കൂവലോടെ ആദ്യം കേട്ട സംഗീതവൃത്തം അതേപോലെ ഒരു വട്ടംകൂടി ഉച്ചത്തിൽ ആവർത്തിച്ചു. വീണ്ടും എല്ലാം നിശ്ശബ്ദമായി. ദൂരെ ഒരു മരച്ചില്ല ഇളകി. അവിടെ, അവിടെ എന്ന് പറഞ്ഞു വിക്കി അങ്ങോട്ട് കൈചൂണ്ടി. പക്ഷേ ഞാനൊന്നും കണ്ടില്ല. പിന്നീട് യാതൊരു അനക്കവുമില്ല. ആദ്യം കടന്നുവന്ന കാടിനെ അപേക്ഷിച്ച് ഇവിടെ ദൂരക്കാഴ്‌ച കൂടുതലുണ്ട്. എന്നിട്ടും ഒന്നും കാണാൻ കഴിയുന്നില്ല. ഞങ്ങൾ കുറേനേരം കൂടി കാത്തുനിന്നു. ചുറ്റും ചെറുകിളികളുടെ ചെറിയ ചിലപ്പ് മാത്രം കേൾക്കാം. വിക്കി നിരാശനായി തലയാട്ടി. ഞങ്ങളറിയാതെ ദൂരെ എവിടേക്കോ അവർ മാറിപ്പോയിരിക്കുന്നു. എങ്കിലും കാതുകളിൽനിന്ന് ആ അഭൗമനാദം ഇപ്പോഴും വിട്ടുപോകുന്നില്ല. മണിമുഴക്കം പോലെയുള്ള മ്ലാവിന്റെ കൊക്കലും കാലൻകോഴിയുടെ നടുക്കുന്ന കൂവലും ചൂളക്കാക്കയുടെ മനുഷ്യസദൃശമായ ചൂളം വിളിയും മുമ്പ്‌ ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ, ഇന്നുവരെ കേട്ടിട്ടുള്ള ഏതു ജൈവിക ശബ്ദങ്ങളേക്കാളും അതിശയകരവും അധികയഥാർഥവും അപ്രതീക്ഷിതവുമായിരുന്നു സെൽബൽഗ്രേയിലെ വിശുദ്ധവനങ്ങളിൽ ഇപ്പോൾ കേട്ട നരവാനരഘോഷം.

വനത്തിനോട് ചേർന്നുള്ള അമ്പത് സെന്റ്‌ സ്ഥലം ഗുൺ മേയുടെ സ്വകാര്യ ഭൂമിയാണ്. പരമ്പരാഗത ഗാരോ രീതിയിലുള്ള വാസഗൃഹവും നോക് പാൻടെ എന്നറിയപ്പെടുന്ന അവിവാഹിത യുവാക്കളുടെ സമൂഹനിലയവും അതിഥിമന്ദിരവും എല്ലാം ചേർന്ന ഒരു ഗ്രാമസമുച്ചയം അവിടെയുണ്ടെന്നും, അവിടേക്കാണ് ഇനി നമുക്ക് പോകാനുള്ളത് എന്നും വിക്കി പറഞ്ഞു. അവിടെ ഞങ്ങളെക്കാത്ത് ഗുൺ മേയും അടുത്ത ഗ്രാമത്തിലെ രണ്ടുപേരും നിൽപ്പുണ്ടായിരുന്നു. വന്നയുടനെ തന്നെ വിശുദ്ധവനത്തിലെ ബലിക്കല്ലുകൾ കാണിച്ചോ എന്നായിരുന്നു അവരുടെ ആദ്യത്തെ ചോദ്യം. ഇല്ലെന്നും അങ്ങോട്ട് കയറാൻ പറ്റാത്തവിധം കാടാണെന്നും വിക്കി പറഞ്ഞു. പഴയ കാലത്ത് ഇവിടെ പന്ത്രണ്ട് വർഷത്തിലൊരിക്കൽ ഒരു ഹൂറോയെ ബലി കൊടുക്കാറുണ്ടായിരുന്നു എന്നും, അതിനും മുമ്പ്‌ മനുഷ്യരെയായിരുന്നു ബലി കൊടുത്തിരുന്നത് എന്നാണ് ഐതിഹ്യം എന്നും ഗുൺ മേ പറഞ്ഞു. ഇവിടെ ഒന്നിനെക്കുറിച്ചും ചരിത്രരേഖകൾ ഇല്ല. ലിപിയുടെ അഭാവം തന്നെ കാരണം. നൂറ്, കൂടിയാൽ നൂറ്റൻപത് വർഷങ്ങൾക്ക് മേൽ പഴക്കമുള്ള ചുവർചിത്രങ്ങളോ ശിൽപ്പങ്ങളോ എവിടെയും ഇല്ല. നിലത്തു കിടക്കുന്ന ഒരു മനുഷ്യ കബന്ധത്തിനൊപ്പം നിൽക്കുന്ന ഗാരോ വെളിച്ചപ്പാടിന്റെ പഴയൊരു ചിത്രം മാത്രമാണ് ഇവിടെ ഒരുകാലത്ത് നിലവിലുണ്ടായിരുന്നു എന്നു കരുതപ്പെടുന്ന നരബലിയുടെ ഒരേയൊരു ഭൗതികസൂചന. ക്രിസ്‌ത്യൻ മിഷണറിമാരുടെ വരവോടെ ഇത്തരം ദുരാചാരങ്ങൾ ഇല്ലാതായെങ്കിലും അതിനോടൊപ്പം തങ്ങളുടെ നിരവധി സാംസ്‌കാരിക പൈതൃകങ്ങളും കലാരൂപങ്ങളും കൂടി അപ്രത്യക്ഷമായെന്നും, ഇപ്പോഴും അവശേഷിക്കുന്ന ചിലതെങ്കിലും സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ഗ്രാമസമുച്ചയമെന്നും ഉറച്ച ക്രൈസ്‌തവ വിശ്വാസിയായ ഗുൺ മേ പറഞ്ഞു. ഇങ്ങനെയൊരു നിർമാണത്തിനായി ഗാരോ വാസ്‌തുവിദ്യയിൽ പ്രാവീണ്യമുള്ളവരെ തേടിപ്പിടിച്ചത് വളരെ ബുദ്ധിമുട്ടിയാണെന്നും അവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നുംകൂടി പറഞ്ഞ് അവരാ സ്ഥലം ചുറ്റിക്കാണിച്ചുതന്നു.

വലിയ മരത്തടികളിൽ പരുക്കൻ രീതിയിൽ കൊത്തിയെടുത്ത മൃഗരൂപങ്ങളാണ് നോക് പാൻടെ എന്നു വിളിക്കുന്ന കൗമാര നിലയത്തിന്റെ പ്രധാന ആകർഷണം. ഉയർന്ന തട്ടിലേക്ക് കയറാനുള്ള ഏണിപ്പടികൾ കുത്തനെയാണ് നിർമിച്ചിരിക്കുന്നത്.

ഡിറോട്ടിന്റെ വീടിന്റെ മുന്നിലെ മരരൂപങ്ങൾഡിറോട്ടിന്റെ വീടിന്റെ മുന്നിലെ മരരൂപങ്ങൾ

അവിടെയുണ്ടായിരുന്ന മുളയിൽ നെയ്‌തെടുത്ത ഉറങ്ങാനുള്ള തൂക്കുതൊട്ടിലുകളും ഉയരത്തിലായിരുന്നു കണ്ടത്. പഴയകാലത്ത് അവിവാഹിതരായ യുവാക്കൾ നോക് പാൻടെയിൽ ഒന്നിച്ചാണ് താമസിച്ചിരുന്നത്. സ്‌ത്രീകളും വിവാഹിതരും നോക് അചിക് എന്നു പേര് പറയുന്ന സ്വന്തം വീടുകളിൽ താമസിക്കും. നോക് പാൻടെയിൽ കണ്ടതുപോലെയുള്ള വിശദമായ കലാരൂപങ്ങൾ നോക് അചിക് എന്നു പേരുള്ള ഈ വീടുകളിൽ ഇല്ല. എല്ലാ ഇടങ്ങളിലും ഏറ്റവുമധികം പ്രാധാന്യം നൽകിയിരിക്കുന്നത് മുറിക്ക് നടുവിലെ തീ കൂട്ടാനുള്ള സ്ഥലത്തിനാണ്. അവിടെത്തന്നെയാണ് ഭക്ഷണം പാകം ചെയ്യുന്നതും മഴക്കാലത്ത് മാംസം ഉണക്കുന്നതും. അവിടെയുണ്ടായിരുന്ന എല്ലാവരും ഗുൺ മേയുടെ അടുത്ത ബന്ധുക്കളാണ്. മുറ്റമടിച്ചുകൊണ്ടിരുന്ന പ്രായമായ സ്‌ത്രീ ഗുൺ മേയുടെ അച്ഛന്റെ സഹോദരിയാണ്. കണ്ടാലൊരു പഴയ ഹോളിവുഡ് സിനിമാ താരമാണെന്ന് തോന്നുന്ന മീശക്കാരൻ ഗുൺ മേയുടെ അമ്മാവനാണ്. അദ്ദേഹം മാത്രമാണ് ഇപ്പോൾ ഇവിടെ സ്ഥിരതാമസം. ഗുൺ മേയുടെ മാതൃഗ്രാമമാണ് സെൽബൽഗ്രെ.


അവിടുത്തെ പ്രധാന വാസഗൃഹത്തിനുള്ളിലേക്ക് ഗുൺ മേ എന്നെ ക്ഷണിച്ചു. ഇതാണിവിടുത്തെ നോക് അചിക്. അവിടെയും മധ്യഭാഗത്തെ അടുപ്പിലെ കനലുകൾക്ക് മേലെ ഇറച്ചിക്കഷ്‌ണങ്ങൾ പുകയത്ത് ഉണങ്ങുന്നുണ്ടായിരുന്നു. നെടുനീളത്തിലാണ് എല്ലാ നോക് അചികിന്റെയും നിർമാണ ശൈലി. വീതി വളരെ കുറവാണ്. തടിയും മുളയുമാണ് നിർമാണ വസ്‌തുക്കൾ. മുളയിലയും പുല്ലും കൊണ്ടാണ് കൂര മേഞ്ഞിരിക്കുന്നത്. ഇവിടെ വാതിലുകൾ ഒന്നിലധികം ഉണ്ടെങ്കിലും ജനലുകൾ ഒന്നുപോലും ഇല്ലായിരുന്നു. ഉള്ളിൽ പൊതുവേ ഇരുട്ടാണ്. അവിടെ ഉണ്ടായിരുന്ന ഒരാൾ അടുത്ത ഗ്രാമത്തിലെ തലവനാണെന്ന് ഗുൺ മേ പറഞ്ഞു. കൂടെയുള്ള ചെറുപ്പക്കാരൻ അദ്ദേഹത്തിന്റെ സഹോദരിയുടെ മകനാണ്. നോക്മാ എന്നാണിവിടെ ഗ്രാമത്തലവന്മാർ അറിയപ്പെടുന്നത്. ഗാരോ സമൂഹസംവിധാനത്തിൽ നോക്മയുടെ അധികാരങ്ങൾ കൃത്യമായി നിർവചിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം ഭൂമിയുടെ ഉടമസ്ഥാവകാശം നിർണയിക്കാനുള്ള അധികാരമാണ്. ആർക്ക് എവിടെ കൃഷി ചെയ്യാമെന്ന് തീരുമാനിക്കുന്നതും അത് അനുവദിക്കുന്നതും നോക്മായുടെ ഇഷ്ടപ്രകാരം മാത്രമാണ്. ഇന്നലെ നോക്റെക് നാഷണൽ പാർക്കിനടുത്ത് കണ്ട കുന്നിൻമുകളിലെ റിസോർട്ട് നിർമാണം ഞാനോർത്തു. അവിടെക്കണ്ട ബിനാമി ആ ഗ്രാമത്തിലെ നോക്മാ ആണ്. ഇവിടുത്തെ നോക്മായുടെ പേര് ഡിറോട്ട് മറക് എന്നാണ്. ഡിറോട്ട് മറക് അറിയപ്പെടുന്ന താളവാദ്യ കലാകാരൻ കൂടിയാണെന്ന് ഗുൺ മേ പറഞ്ഞു. ഡിറോട്ടിന്റെ സഹോദരിയുടെ മകന്റെ പേര് കാബോ എന്നാണ്.

സെൽബൽഗ്രെയിലെ ഗ്രാമത്തലവന്റെ തൂവൽത്തൊപ്പി അണിഞ്ഞ്‌ വേണു.  ഒപ്പം ഗ്രാമത്തലവൻ ഡിറോട്ട്‌സെൽബൽഗ്രെയിലെ ഗ്രാമത്തലവന്റെ തൂവൽത്തൊപ്പി അണിഞ്ഞ്‌ വേണു. ഒപ്പം ഗ്രാമത്തലവൻ ഡിറോട്ട്‌

വീടിനുള്ളിൽ നിരവധി വാദ്യോപകരണങ്ങൾ ഉണ്ടായിരുന്നു. മരത്തടികൾ തുരന്നെടുത്ത് മൃഗത്തോൽ വരിഞ്ഞു കെട്ടിയുണ്ടാക്കിയ മദ്ദളം പോലെയുള്ള വലിയ സംഗീത ഉപകരണങ്ങൾക്ക് നല്ല ഭാരമുണ്ട്. മിഥുൻ എന്നു പേരുള്ള കാട്ടുകന്നുകാലിയുടെയും പോത്തുകളുടേയും കൊമ്പ് ഉപയോഗിച്ച് ഉണ്ടാക്കിയ വളഞ്ഞു നീണ്ട കാഹളങ്ങൾ നായാട്ട് കത്തികളോടും ചുരക്കാ തൊണ്ടുകളോടുമൊപ്പം മുളംചുവരുകളിൽ തൂങ്ങിക്കിടക്കുന്നു. അപ്പുറത്ത് കുറച്ച് മാറി നിരന്നിരിക്കുന്ന കറുത്ത് പഴകിയ വലിയ മൺഭരണികളുടെയെല്ലാം വായടച്ചു മൂടിക്കെട്ടിയിരിക്കുകയാണ്. അതിലൊരു ഭരണി ചൂണ്ടിക്കാട്ടി ഡിറോട്ടിനോട് എന്തോ പറഞ്ഞിട്ട്, നിങ്ങൾക്കൊരു സർപ്രൈസ് ഉണ്ട് എന്ന് ഗുൺ മേ പറഞ്ഞു. ബിച്ചി എന്നു പേരുള്ള ഗാരോ മദ്യമായിരുന്നു സർപ്രൈസ്. വടക്ക് കിഴക്കൻ ഗോത്രങ്ങൾക്കിടയിൽ പരക്കെ പ്രചാരത്തിലുള്ള ഈ മദ്യത്തിന്റെ വകഭേദങ്ങൾ പലയിടത്തും പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ ഇതിന് റൈസ് ബിയർ എന്നാണ് മിക്കവരും പേര് തെറ്റിച്ച് പറയുന്നത്. ഇംഗ്ലീഷ് ഭാഷയിൽ വൈൻ എന്നറിയപ്പെടുന്ന മദ്യങ്ങൾക്ക് പോർച്ചുഗീസ് അടക്കമുള്ള ലാറ്റിൻ ഭാഷകളിലെ പേര് വീനോ എന്നാണ്. വീനോയാണ് മലയാളത്തിൽ വീഞ്ഞായത്. ബിച്ചി ബിയറല്ല, വീഞ്ഞാണ്.


ഡീക്കാ എന്നു പേരുള്ള ഭരണി ആദ്യം കെട്ടഴിച്ച് തുറന്നത് ഗുൺ മേ തന്നെയായിരുന്നു. ഒരു തവി കൊണ്ട് ആദ്യത്തെ ബിച്ചി കോരിയെടുത്തതും അവരായിരുന്നു. ആചാരപ്രകാരം ഇവിടെ ഇതെല്ലാം ചെയ്യുന്നത് സ്‌ത്രീകളാണ്. എന്നാൽ ഉദ്ഘാടനത്തിന് ശേഷം ബാക്കി ജോലികൾ ഡിറോട്ട് തന്നെ ഏറ്റെടുത്തു. ഈ ഭാഗങ്ങളിൽ കൃഷി ചെയ്യുന്ന പശിമയുള്ള അരിയും, ചില പ്രത്യേക ഇലകളും മാത്രമാണ് ബിച്ചി നിർമിക്കാൻ ഉപയോഗിക്കുന്നത്. ഭരണിക്കുള്ളിൽ മുളഞ്ചിന്തു മെടഞ്ഞുണ്ടാക്കിയ വലിയൊരു അരിപ്പ ഇറക്കി വച്ചിരിക്കുന്നു. വറുത്ത അരിപ്പൊടി കുഴച്ചുണക്കി ഉരുളകളാക്കി ഒരാഴ്‌ച പുറത്ത് സൂക്ഷിച്ച ശേഷം ചില ഇലകളിൽ പൊതിഞ്ഞ് ഈ അരിപ്പയ്‌ക്കുള്ളിൽ വച്ച് അതിന് മേലെ വറുത്ത പശയരി വീണ്ടും അട്ടികളായി നിരത്തി ഡീക്കയുടെ വായ മൂടിക്കെട്ടി വയ്‌ക്കുക മാത്രമാണ് ചെയ്യാനുള്ളത് എന്ന് ഗുൺ മേ പറഞ്ഞു. മൂന്നാഴ്‌ചയ്‌ക്കുള്ളിൽ ഇതിന്റെ സത്ത് അരിപ്പയിലൂടെ തുള്ളികളായി ഊറിവന്ന്‌ ഭരണിയുടെ ചുവട്ടിൽ നിറയാൻ തുടങ്ങും. അതാണ് ബിച്ചി. ഈ പ്രവർത്തനം തുടരുന്നതനുസരിച്ച് ഇലയിൽ പൊതിഞ്ഞ ഉരുളകളും അരിയും വീണ്ടും വീണ്ടും ചേർത്തുകൊണ്ടിരിക്കും. ഒരിക്കലും നിലയ്‌ക്കാത്ത ഒരു ഉൽപ്പാദന പ്രക്രിയയായി ഇത് കാലാകാലങ്ങൾ തുടരും. ഇപ്പോൾ തുറന്ന ഡീക്ക ഇത്തരത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് നൂറോ അതിലധികമോ വർഷങ്ങളായിക്കാണും എന്ന് ഡിറോട്ട് മറക് പറഞ്ഞു. പുറത്ത് വീണ്ടും മഴ പെയ്യാൻ തുടങ്ങി.


നോക് അചികിന്റെ നടുവിലെരിയുന്ന തീയുടെ ചുറ്റും വട്ടത്തിലിരുന്ന് ഞങ്ങൾ ബിച്ചി നിറച്ച ചില്ലുഗ്ലാസുകളെടുത്ത് പരസ്‌പരം ചിയേഴ്സ് പറഞ്ഞു. സ്വർണത്തിന്റെ നിറമുള്ള ബിച്ചി തീവെട്ടത്തിൽ കാണുമ്പോൾ ഒരു ഗ്ലാസ് സൂര്യോദയം കൈയിലിരിക്കുന്നതുപോലെയാണ് തോന്നുന്നത്. ആദ്യത്തെ കവിൾ കുടിച്ച് ഗ്ലാസ് നിലത്ത് വച്ചയുടൻ രാവിലെ കേട്ട നീണ്ട കൂവൽ ദൂരെനിന്ന്‌ വീണ്ടും കേട്ടു. ഗുൺ മേയുടെ മുഖത്ത് മറ്റൊരു സൂര്യോദയം വിടർന്നു. കണ്ടോ, അവർക്കറിയാം ഞാനിവിടെ ഉണ്ടെന്ന്, അവരെന്നെയാണ് വിളിക്കുന്നത്, എന്നുപറഞ്ഞ് ഗുൺ മേ തന്റെ ഗ്ലാസ് കാലിയാക്കിയിട്ട് എന്റെ ഗ്ലാസ് വീണ്ടും നിറച്ചു. രണ്ടാമത്തെ ഗ്ലാസ് തീർന്നയുടൻ പുറത്തെ ആരവം നിലച്ചു. അപ്പോഴും മഴ ചെറുതായി പെയ്യുന്നുണ്ട്. തണുപ്പുമുണ്ട്. ഞാൻ പുറത്തിറങ്ങി ചുറ്റുമുള്ള മരങ്ങളിൽ നോക്കി. അവർ ദൂരെയാണ്, കാണാൻ കഴിയില്ല എന്ന് ഡിറോട്ട് വന്നു പറഞ്ഞു. ഞാൻ വീണ്ടും തീച്ചൂടിന്റെ സുഖത്തിലേക്ക് തിരിച്ചുപോയി. ഇപ്പോൾ മറ്റൊരു ദിശയിൽനിന്ന് നീണ്ട ആരവം വീണ്ടുമുയർന്നു. ഇത് മറ്റൊരു കൂട്ടമാണ് എന്ന് ഗുൺ മേ പറഞ്ഞു. കൂട്ടമെന്നു പറഞ്ഞാൽ ഒരാണും പെണ്ണും ഒന്നോ രണ്ടോ കുട്ടികളും മാത്രമാണ്. ആയുഷ്‌കാലം ഇണപിരിയാത്ത ജീവിയാണ് ഹൂറോ.


ഗ്ലാസുകൾ അതിവേഗം കാലിയായിക്കൊണ്ടിരുന്നു. പൂവ് പോലെ മൃദുലമാണെങ്കിലും മിന്നൽ പോലെ ചടുലമാണ് ബിച്ചിയെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. പുറത്തെ മഴ മൂടൽമഞ്ഞായി മാറിയിരിക്കുന്നു. ഒരുഭാഗത്തുനിന്ന് വീണ്ടും ഹൂറോയുടെ വിളികൾ കേട്ടു. അതിന് മറുപടി പോലെ മറുഭാഗത്തുനിന്ന് എതിർവിളിയും തുടങ്ങി. നാലുപാടുനിന്നും മാറി മാറി ഉയരുന്ന അഭൗമനാദങ്ങളുടെ ഡോൾബി ഘോഷങ്ങളോടൊപ്പം നോക് അചികിന്റെ ഉള്ളിലെ ഇരുട്ടിൽ മിന്നുന്ന തീവെട്ടവും ബിച്ചിയും പുറത്തെ മൂടൽമഞ്ഞും കൂടി ചേർന്നപ്പോൾ അക്ഷരാർഥത്തിൽത്തന്നെ സ്ഥലകാലബോധം നഷ്ടപ്പെട്ടു. ഇപ്പോൾ എവിടെയാണെന്നോ എങ്ങനെ ഇവിടെയെത്തി എന്നോ ഉള്ള ബോധത്തിന് തീരെ പ്രസക്തിയില്ലാതായി. കാലം വർത്തമാനം മാത്രമായി മാറി. ഇതുപോലെയൊരു മാസ്മരികാവസ്ഥ മുൻപൊരിക്കലും അനുഭവിച്ചിട്ടില്ല. എന്നാൽ ഈ ലോകത്തിൽ ഒന്നും ശാശ്വതമല്ല എന്ന ബുദ്ധവാക്യത്തിന്റെ മറ്റൊരുദാഹരണം പോലെ ഹൂറോകൾ പെട്ടെന്ന് നിശ്ശബ്ദരായി. അതോടൊപ്പം യഥാർഥ സ്ഥലകാലങ്ങളുടെ സാധാരണ തലത്തിലേക്ക് എല്ലാം തിരിച്ചുവരുകയും ചെയ്‌തു.


ഉച്ചഭക്ഷണം കഴിഞ്ഞ് ഗുൺ മേ തിരിച്ച് ടൂറായിലേക്ക് പോയി. ചോറും പോർക്കും ഉപ്പിട്ട് വേവിച്ച പലതരം ഇലകളുമായിരുന്നു ഉച്ചഭക്ഷണം. ഞാനൊരു വലിയ ഭക്ഷണപ്രിയനല്ല. എങ്കിലും ഇഞ്ചിയിട്ട മത്തയില സൂപ്പിന്റെ സുഗന്ധവും ചുട്ടെടുത്ത പോർക്കിന്റെ പുകമണമുള്ള രുചിയും മറക്കാൻ എളുപ്പമല്ല. ഭക്ഷണം കഴിഞ്ഞ് ഡിറോട്ട് അദ്ദേഹത്തിന്റെ ഗ്രാമം കാണാനായി ക്ഷണിച്ചു. കാബോയും വിക്കിയും കൂടെക്കയറി. പെട്ടെന്നെന്തോ ഓർത്തതുപോലെ ഡിറോട്ട് അകത്തേക്ക് തിരിച്ചുപോയി രണ്ടു കുപ്പി ബിച്ചി കൂടി എടുത്തുകൊണ്ടുവന്നു. ഇവിടെനിന്ന് മുക്കാൽ മണിക്കൂർ ദൂരെയാണ് ഡിറോട്ടിന്റെ ഗ്രാമമായ ഗോഡൻഗ്രെ. ഇവിടെയുള്ള പല സ്ഥലപ്പേരുകളുടെയും ഒടുവിൽ കാണുന്ന പദമാണ് ഗ്രെ. മഴ നിന്നിരിക്കുന്നു. ആദ്യം വഴി നല്ലതായിരുന്നെങ്കിലും പിന്നീടത് തീരെ ചെറിയ മണ്ണുവഴിയായി മാറി. ഇടയ്‌ക്കിടെ ചെളിയിൽ ഫോർവീൽ ഡ്രൈവും വേണ്ടിവന്നു. പുറത്ത് തൂക്കിയിട്ട വലിയ മുളങ്കൂടകളിൽ വിറകുമായി ധൃതിയിൽ നടന്നുപോകുന്ന മൂന്നാല് പേരൊഴിച്ചാൽ വഴി മിക്കവാറും ശൂന്യമായിരുന്നു. മറ്റു ഗ്രാമങ്ങളൊന്നും എവിടെയും ഉണ്ടായിരുന്നില്ല. തീ വീണു കരിഞ്ഞു നിൽക്കുന്ന കുന്നുകൾ ദൂരെ വീണ്ടും കാണാൻ തുടങ്ങി. വിക്കി എന്നെ നോക്കി ചിരിച്ചിട്ട് ഉറക്കം വരുന്നു എന്നു പറഞ്ഞ് സീറ്റിൽ ചാരിക്കിടന്ന് കണ്ണടച്ചു. ബിച്ചി നന്നായി പ്രവർത്തിക്കുന്നുണ്ട്.

വേണു യാത്രയ്‌ക്കിടെവേണു യാത്രയ്‌ക്കിടെ

ഈ യാത്രയിൽ, പ്രത്യേകിച്ച് ഈ പ്രദേശങ്ങളിൽ, എന്നെ വല്ലാതെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്ന ഒരു വിഷയം നാട്ടുകാരുമായുള്ള ആശയവിനിമയം ദുഷ്‌കരമാകുന്നു എന്നതായിരുന്നു. വഴിയിൽ കാണുന്ന മനുഷ്യരോട് വർത്തമാനം പറയുമ്പോൾ ലഭിക്കുന്ന അറിവിന്റെ ഊർജം ഒരു യാത്രികന് വളരെ പ്രധാനമാണ്. ഇവിടെ ഹിന്ദി ഒട്ടും സഹായിക്കില്ല. ഇംഗ്ലീഷറിയാവുന്നവരും വളരെ അപൂർവമാണ്. ഇംഗ്ലീഷ് മനസ്സിലാകുന്നവർപോലും മറുപടി പറയുന്നത് അവിടുത്തെ ഭാഷയിലാണ്. ഇതേ പ്രശ്നം തന്നെ വിയറ്റ്നാമും കിർഗിസ്ഥാനും പോലെയുള്ള ചില രാജ്യങ്ങളിൽ മുമ്പും അനുഭവിച്ചിട്ടുള്ളതാണ്. എന്നാൽ അവിടെയെല്ലാം ഗൂഗിൾ ട്രാൻസ്ലേറ്റർ പോലുള്ള ആപ്പുകൾ ഉപയോഗിച്ചാൽ അടിസ്ഥാന വിനിമയം സാധ്യമാണ്. ഇവിടെ അതും സാധ്യമല്ല. വിക്കി ഉറങ്ങിയതോടെ എല്ലാവരും പെട്ടെന്ന് നിശ്ശബ്ദരായി. ഡ്രൈവിങ്ങിനിടയിൽ ആംഗ്യഭാഷ ഒട്ടും പ്രായോഗികമല്ലെന്ന സത്യം ഉടൻതന്നെ മനസ്സിലാകുകയും ചെയ്‌തു. വഴിയിൽനിന്ന് വലത്തോട്ടുള്ള വലിയൊരു കയറ്റം കയറിച്ചെല്ലുന്നത് വിശാലമായി പരന്നുകിടക്കുന്ന ഒരു ചെമ്മൺ മൈതാനത്തേക്കാണ്. അവിടെ കണ്ട വലിയ വീടിന് മുന്നിൽ വണ്ടി നിർത്താൻ ഡിറോട്ട് പറഞ്ഞു. ഡിറോട്ടിന്റെ വീടാണത്. ഇതാണ് ഗോഡൻഗ്രെ ഗ്രാമം. സെൽബൽഗ്രെയിൽ കണ്ടതു പോലെയുള്ള, മരക്കാലുകളിൽ നീളത്തിൽ നിർമിച്ച ഒന്നു തന്നെയാണ് ഡിറോട്ടിന്റെ വീടും. ഗ്രാമത്തിലെ ഏറ്റവും വലിയ വീടാണിത്. കാഴ്‌ചയിൽ ഏറ്റവും പഴയതും ഇതു തന്നെയാണ്. ഗോഡൻഗ്രെ ഗ്രാമത്തിന്റെ നോക്മയുടെ ഔദ്യോഗിക വസതി നിർമിച്ചിരിക്കുന്നത് ഗ്രാമത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സ്ഥാനത്താണ്. ഗ്രാമത്തിന്റെ പൊതുസ്വത്തുക്കൾ പലതും സൂക്ഷിക്കുന്നതും നോക്മയുടെ വീട്ടിനുള്ളിലാണ്. വിക്കി ഉണർന്നു കണ്ണ് തിരുമ്മി ചുറ്റും നോക്കി.


മൈതാനത്തിന്റെ രണ്ടു വശങ്ങളിലാണ് മറ്റു വീടുകൾ നിൽക്കുന്നത്. പുതിയ വീടുകൾ ഉണ്ടാക്കിയിരിക്കുന്നത് മരക്കാലുകൾക്ക് പകരം കല്ലും സിമന്റും കൊണ്ടുള്ള അടിത്തറയ്‌ക്ക് മേലെയാണ്. പുല്ലിനും മുളയിലയ്‌ക്കും പകരം ചിലതൊക്കെ മേഞ്ഞിരിക്കുന്നത് ഇരുമ്പ് ഷീറ്റ് കൊണ്ടാണെങ്കിലും എല്ലാ വീടുകളുടേയും ചുവരുകൾ തീർത്തിരിക്കുന്നത് കലാപരമായി മെടഞ്ഞെടുത്ത മുളഞ്ചീന്തുകൾ കൊണ്ടാണ്. മൈതാനത്തിന്റെ വശത്ത് കാണുന്ന ചെറിയ നിർമിതികൾ പലതും പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണ്. വിറകുപുരകളും കോഴിക്കൂടുകളും വിനോദഗൃഹങ്ങളുമെല്ലാം ഈ ഗണത്തിൽ പെടും. ഇവിടുത്തെ നോക് പാൻടെയിൽ പേരിനു മാത്രമായിരുന്നു മൃഗശിൽപ്പങ്ങൾ കണ്ടത്. ഡിറോട്ടിന്റെ വീടിന്റെ മുന്നിൽ ദ്രവിച്ചു തുടങ്ങിയ മൂന്ന് വലിയ മരരൂപങ്ങൾ കണ്ടു. ഗാരോ ഗോത്ര ദൈവങ്ങളാണിതെന്ന് വിക്കി പറഞ്ഞു. ഇവിടെയെല്ലാവരും ക്രിസ്‌തുമത വിശ്വാസികളാണെങ്കിലും പരമ്പരാഗത ഗോത്രദൈവങ്ങളെ ഇനിയുമവർ പൂർണമായി കൈവിട്ടിട്ടില്ല. തടിയിൽ തീർത്ത ശിൽപ്പങ്ങൾ മാത്രമായിരുന്നില്ല അവിടെ ഉണ്ടായിരുന്നത്. ഡിറോട്ടിന്റെ വീടിന്റെ വശത്തെ ചാർത്തുകളിലും ഗ്രാമമധ്യത്തിലെ മൈതാനത്തിന്റെ ചുറ്റുമുള്ള മരങ്ങൾക്കടിയിലും വലിയ ദാരുശിൽപ്പങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നുണ്ടായിരുന്നു. ചിലതെല്ലാം കാഴ്‌ചയിൽ അപൂർണമാണ്. മഴയും വെയിലുമേറ്റ് പലതും ദ്രവിച്ച് തുടങ്ങിയിരിക്കുന്നു. കാബോയാണ് ഇതെല്ലാം കാണിച്ചുതന്നത്. മനുഷ്യരൂപങ്ങളും സർപ്പരൂപങ്ങളുമാണ് കൂടുതൽ. വലിയൊരു ഉടുമ്പിനെ ചുറ്റിവരിഞ്ഞ് കിടക്കുന്ന പെരുമ്പാമ്പിന്റെ രൂപം എടുത്തുപറയേണ്ട ഒന്നാണ്. എന്താണിവയെല്ലാം ഇങ്ങനെ ഉപക്ഷിക്കപ്പെട്ട നിലയിൽ കാണുന്നതെന്ന് ചോദിച്ചപ്പോൾ കാബോ കൈ മലർത്തി. ഇവയിൽ പലതും ഉയർന്ന നിലവാരമുള്ള പരമ്പരാഗത കലാരൂപങ്ങളാണ്. എങ്കിലും ഇതെല്ലാം ഇവിടെ ആർക്കും വേണ്ടാതെ അനാഥമായിക്കിടക്കുന്നു. പത്ത് മുപ്പത് വർഷങ്ങൾക്ക് മുമ്പ്‌ എവിടെനിന്നോ വന്ന ഒരാൾ ഇവിടെ താമസിച്ചു നിർമിച്ച ശിൽപ്പങ്ങളാണീ കാണുന്നതെല്ലാം എന്ന് ഡിറോട്ട് പറഞ്ഞത് വിക്കി എനിക്ക് പരിഭാഷപ്പെടുത്തിത്തന്നു. വിചിത്ര സ്വഭാവക്കാരനായിരുന്നു ശിൽപ്പി. ഒരു ശിൽപ്പം പൂർത്തിയാകുന്നതിന് മുമ്പ്‌ മറ്റൊന്നിന്റെ പണി തുടങ്ങും. അത് തീരുന്നതിന് മുമ്പ്‌ വീണ്ടുമൊന്നാരംഭിക്കും. അങ്ങനെ ഒടുവിലൊരു ദിവസം എല്ലാം പാതിയിലുപേക്ഷിച്ച് ആരുമറിയാതെ അയാൾ ഇവിടെനിന്ന് അപ്രത്യക്ഷനായി. പലയിടത്തും അന്വേഷിച്ചെങ്കിലും പിന്നീടൊരിക്കലും ആരും അയാളെ കണ്ടിട്ടില്ല. മറ്റു ശിൽപ്പികളാരും പിന്നീടിങ്ങോട്ട് വന്നിട്ടുമില്ല. തന്റെ വീടിന്റെ മുന്നിലെ ദ്രവിച്ചു തുടങ്ങിയ ഗോത്രദൈവങ്ങളെ മാറ്റി പുതിയവ സ്ഥാപിക്കാൻ ശ്രമിച്ചിട്ട് നടക്കുന്നില്ലെന്ന് ഡിറോട്ട് സങ്കടം പറഞ്ഞു. ശിൽപ്പികളെ കിട്ടാനില്ലാത്തതാണ് കാരണം.


ഡിറോട്ട് അവിവാഹിതനാണ്. അദ്ദേഹത്തിന്റെ കാലശേഷം, അല്ലെങ്കിൽ അദ്ദേഹം സ്വയം വിരമിച്ച ശേഷം, ഗ്രാമവാസികൾ ഒത്താലോചിച്ച് അടുത്ത നോക്മയെ തെരഞ്ഞെടുക്കും. നോക്മയുടെ മക്കളാരെങ്കിലും അടുത്ത നോക്മ ആകുക എന്ന സമ്പ്രദായം ഇവിടെയില്ല. ധനശേഷിയും കാര്യപ്രാപ്തിയും സമൂഹ സമ്മതിയുമുള്ള ആർക്കും നോക്മ ആകാം. ഇവിടെ ഭൂമിയുടെ ഉടമസ്ഥാവകാശം സ്‌ത്രീകൾക്കാണെങ്കിലും ഗ്രാമഭരണം നടത്തുന്നത് പുരുഷന്മാർ മാത്രമാണ്. ഡിറോട്ട് താളവാദ്യ വിദഗ്ധനാണെന്ന് ഗുൺ മേ പറഞ്ഞത് സത്യമാണെന്ന് അദ്ദേഹത്തിന്റെ വീട്ടിൽക്കണ്ട അനേകം ചെണ്ടകൾ വീണ്ടും സാക്ഷ്യപ്പെടുത്തി. പല തരത്തിലും വലുപ്പത്തിലുമുള്ള വിവിധയിനം താളവാദ്യോപകരണങ്ങൾ അവിടെയെല്ലാം നിരത്തി വച്ചിരിക്കുന്നു. ഒാരോന്നും ഓരോ പേരുകളിലാണ് അറിയപ്പെടുന്നത്. ഏറ്റവും വലുതിന്റെ പേര് നാഗ്ര എന്നാണ്. ഗാരോകളുടെ ഏറ്റവും പ്രധാന ഉത്സവമാണ് വംഗാല. വിളവെടുപ്പിനും അടുത്ത കൃഷിയിറക്കലിനും ഇടയിൽ കിട്ടുന്ന ചെറിയ ഇടവേളയാണ് വംഗാല ഉത്സവ കാലം. നൂറ് നാഗ്രകൾ ഒന്നിച്ചുയർത്തുന്ന മേഘഗർജനം പോലെയുള്ള ദുന്ദുഭി ഭേരികൾക്കൊത്ത് ചുവടുവയ്‌ക്കുന്ന നർത്തകരാണ് വംഗാലയുടെ ബാഹ്യശരീരമെങ്കിൽ, സൂര്യഭഗവാനോടുള്ള നന്ദി പ്രകാശനമാണ് വംഗാലയുടെ ആത്മാവ്. സാധാരണ നവംബർ അവസാനമാണിത് നടക്കാറുള്ളത്. ഇപ്പോൾ വംഗാല കഴിഞ്ഞ് നാഗ്രകളും കുറച്ചുകൂടി ചെറിയ വാദ്യമായ ക്രാമുകളും വിശ്രമത്തിലാണ്. ഡിറോട്ട് വീടിന്റെ കൂടുതൽ ഉള്ളിലേക്ക് കൊണ്ടുപോയി അദ്ദേഹത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളും പഴയൊരു തൂവൽക്കിരീടവും പണ്ട് കാലത്ത് യോദ്ധാക്കൾ ഉപയോഗിച്ചിരുന്ന വാളും തടികൊണ്ടുണ്ടാക്കിയ പരിചയും കാണിച്ചുതന്നു. എന്നിട്ട് അതെല്ലാം ആർഭാടമായി എന്നെ അണിയിച്ച ശേഷം കൂടെനിന്ന് ഫോട്ടോയും എടുത്തു.


ഇടയ്‌ക്ക്‌ കാബോ വന്ന് ഡിറോട്ടിനോട് എന്തോ പറഞ്ഞു. അലങ്കാരങ്ങളെല്ലാം അഴിച്ചുവച്ച് ഞങ്ങൾ പുറത്തേക്കിറങ്ങി. കുറച്ചപ്പുറത്തുള്ള ഒരു വീട്ടിലേക്കാണ് ഞങ്ങൾ പോയത്. അത് കാബോയുടെ വീടാണ്. കാബോയുടെ അമ്മ ഡിറോട്ടിന്റെ സഹോദരിയാണ്. അവിടെക്കണ്ട ബിച്ചി ഭരണികൾ ഗുൺ മേയുടെ വീട്ടിൽ കണ്ടതിലും ചെറുതായിരുന്നു. എന്നാൽ അതൊന്നും തുറക്കാൻ ശ്രമിക്കാതെ, ഞങ്ങൾ കൂടെ കൊണ്ടുവന്ന ബിച്ചി ഗ്ലാസുകളിലൊഴിച്ച്, കാബോയുടെ അമ്മ ഞങ്ങൾക്ക് തന്നു. ഒരു ഗ്ലാസ് അവരും കുടിച്ചു. എപ്പോഴും ചിരിച്ചുകൊണ്ടിരുന്ന അവരുമായി ഒരു വാക്ക് പോലും സംസാരിക്കാൻ കഴിയാത്തതിന്റെ വിഷമം ബിച്ചിയോടൊപ്പം വിഴുങ്ങിയിട്ട് ഞാനും വെറുതേ ചിരിച്ചുകൊണ്ടിരുന്നു . (തുടരും)



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home