വേദിയിലെ ജയചന്ദ്രിക


രവി മേനോൻ
Published on Jan 11, 2025, 11:08 PM | 3 min read
കാർഗിൽ യുദ്ധവേളയിലെ ഒരു സ്റ്റേജ് പരിപാടിയിൽ "തൊട്ടാവാടി'യിലെ ആ പ്രശസ്ത ഗാനം-- ‘ഉപാസന ഉപാസന ഇത് ധന്യമാമൊരുപാസന’ പാടുകയാണ് ജയചന്ദ്രൻ. പാട്ടിന്റെ ചരണത്തിലെ "മനുഷ്യാ ഹേ മനുഷ്യാ' എന്ന വരി റെക്കോഡിൽനിന്ന് വ്യത്യസ്തമായി അപാരമായ ശ്വാസനിയന്ത്രണത്തോടെ സുദീർഘമായി പാടി അവതരിപ്പിക്കുന്ന പതിവുണ്ട് ജയേട്ടന്. അന്നെന്തോ ആ നീട്ടൽ കേട്ടില്ല. കാര്യമായ മനോധർമപ്രകടനത്തിനൊന്നും മുതിരാതെ തികച്ചും സ്വാഭാവികമായി "മനുഷ്യ'നിലൂടെ കടന്നുപോകുന്നു ഗായകൻ. മുന്നിലിരുന്ന ശ്രോതാക്കളിലൊരാൾക്ക് സഹിച്ചില്ല ആ ഒഴുക്കൻ മട്ട്. "സാറേ, ആ മനുഷ്യനെ ഇനീം നീട്ടണം... പോരാ..' -കൈയും കലശവും കാട്ടി ഉറക്കെ വിളിച്ചുപറയുന്നു അയാൾ, ഉള്ളിലെ ലഹരിയുടെ പിൻബലത്തോടെ.
രണ്ടാം ചരണത്തിലെ "മനുഷ്യാ'യുടെ സമയത്തും പ്രതികരണം ആവർത്തിക്കപ്പെട്ടപ്പോൾ പാട്ട് ഇടയ്‌ക്കുവച്ച് നിർത്തി, ശ്രോതാവിനെ നോക്കി ജയചന്ദ്രൻ മൈക്കിൽ പറഞ്ഞു: "തൽക്കാലം ഇത്രേ പറ്റൂ. ഇനിയും നീട്ടിപ്പാടാൻ ഒരു ഫുൾ കോഴി വേണ്ടിവരും സുഹൃത്തേ. മനുഷ്യനല്ലേ, ശ്വാസം കിട്ടാതെ ചത്തുപോകും.’ അന്ന് കോഴിക്കോട് ടൗൺഹാളിൽ മുഴങ്ങിയ ചിരി ഇതാ ഇപ്പോഴുമുണ്ട് കാതിൽ.
ഓരോന്നും ഓരോ അനുഭവം
‘ഓരോ ഗാനമേളയും ഓരോ അനുഭവമാണെനിക്ക്’, -- ജയചന്ദ്രന്റെ വാക്കുകൾ. "റെക്കോഡിങ് സ്റ്റുഡിയോയുടെ ഏകാന്ത മൂകമായ അന്തരീക്ഷമല്ല ഗാനമേളയുടേത്. അവിടെ വൈവിധ്യമാർന്ന അഭിരുചികളുള്ള വലിയൊരു ജനക്കൂട്ടവുമായി നേരിട്ടുള്ള ഇടപഴകലാണ്. ഓരോരുത്തർക്കും ഓരോ ഇഷ്ടം. പ്രതീക്ഷിക്കുന്ന പാട്ടുകൾ കേൾക്കാതെ വരുമ്പോൾ സ്വാഭാവികമായും പലരും ചൊടിക്കും.' ഉദാഹരണമായി മറ്റൊരനുഭവം വിവരിച്ചു ജയചന്ദ്രൻ. തെക്കൻ കേരളത്തിൽ ഒരു ഗാനമേള കഴിഞ്ഞു തിരികെ വണ്ടികയറാൻ റെയിൽവേ സ്റ്റേഷനിൽ എത്തി. കുറച്ചു നേരം നിന്നപ്പോൾ ഒരാൾ ഓടിക്കിതച്ചു മുന്നിലെത്തുന്നു. ശകാരവർഷവുമായാണ് വരവ്. "ആദ്യം എനിക്കൊന്നും പിടികിട്ടിയില്ല. ക്ഷമയോടെ കാര്യം ചോദിച്ചപ്പോൾ അയാൾ പറയുകയാണ്: എടോ, തന്റെ കരിമുകിൽ കാട്ടിലെ എന്ന പാട്ട് കേൾക്കാൻ 40 കിലോമീറ്റർ സൈക്കിൾ ചവിട്ടി വന്നതാണ് ഞാൻ. ആ പാട്ട് പാടണമെന്ന് കുറിപ്പെഴുതി കൊടുത്തയച്ചിട്ടുപോലും താൻ പാടിയില്ല. താനെന്തു പാട്ടുകാരനാടോ' ഒരു യഥാർഥ സംഗീതാസ്വാദകന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നുള്ള വാക്കുകൾ.
ആദ്യം നീരസം തോന്നിയെങ്കിലും പിന്നെ ചിന്തിച്ചപ്പോൾ അയാളുടെ ഭാഗത്തും ന്യായമുണ്ടെന്നു തോന്നിയെന്ന് ജയചന്ദ്രൻ. "ക്ഷമ ചോദിക്കുക മാത്രമല്ല, അവിടെ നിന്നുതന്നെ കരിമുകിൽ കാട്ടിലെ എന്ന പാട്ട് അയാൾക്കുവേണ്ടി പാടുകകൂടി ചെയ്തു ഞാൻ. സന്തോഷത്തോടെയാണ് ആ മനുഷ്യൻ യാത്ര പറഞ്ഞു പിരിഞ്ഞത്.'
തലയിലെങ്ങനാ സാറേ മുറി പണിയണത്
ചലച്ചിത്രഗാനവുമായുള്ള മലയാളിയുടെ ഹൃദയബന്ധം ജയചന്ദ്രനെപ്പോലെ തൊട്ടറിഞ്ഞവർ അപൂർവം. തലമുറകളേ മാറുന്നുള്ളൂ. സദസ്സിന്റെ മനഃശാസ്ത്രം അന്നും ഇന്നും ഒരുപോലെ. ആലാപനത്തിലെ ചില്ലറ പിഴവുകൾപോലും സഹിക്കില്ല മലയാളികൾ. "ഒരു ഗാനമേളയ്‌ക്കിടെ സുപ്രഭാതം എന്ന ഗാനത്തിന്റെ അവസാനഭാഗത്ത് നിന്റെ നീല വാർമുടി ചുരുളിന്റെയറ്റത്ത് ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടേ എന്നതിന് പകരം ഞാനെന്റെ മുറി കൂടി പണിയിച്ചോട്ടെ എന്ന് പാടിപ്പോയി. അറിയാതെ പറ്റിയ അബദ്ധം. പാടിക്കഴിഞ്ഞ് ബാക്ക് സ്റ്റേജിൽ വന്നപ്പോൾ ഒരു അപരിചിതൻ അവിടെ ക്ഷുഭിതനായി കാത്തുനിൽക്കുന്നു. --തലയിലെങ്ങനാ സാറേ മുറി പണിയണത്, ആ വിദ്യയൊന്ന് കാണിച്ചുതരാമോ എന്ന ചോദ്യത്തോടെ. തെറ്റിപ്പോയി, ക്ഷമിക്കണമെന്ന് പറഞ്ഞുനോക്കിയെങ്കിലും അയാൾ വിടാനുള്ള ഭാവമില്ല. ഒടുവിൽ ഭാരവാഹികൾ വന്ന് ബലം പ്രയോഗിച്ച് പുറത്തുകൊണ്ടുപോകേണ്ടി വന്നു അയാളെ.'
കാർ തല്ലിത്തകർത്തത് ഞാനാണ്
1970കളിൽ ഒരു കലാസമിതി ഉദ്‌ഘാടനത്തിനായി മധ്യകേരളത്തിലെ പട്ടണത്തിൽ ചെന്നതായിരുന്നു. ഉദ്‌ഘാടനം കഴിഞ്ഞപ്പോൾ പ്രിയഗായകൻ പാട്ട് പാടിക്കേൾക്കണമെന്ന് സദസ്സിന് മോഹം. തൊണ്ട ശരിയല്ലെന്നും പാടാനുള്ള മൂഡില്ലെന്നും പറഞ്ഞ് ജയചന്ദ്രൻ ഒഴിഞ്ഞുമാറിയപ്പോൾ സ്വാഭാവികമായും ജനം ഇടഞ്ഞു. പാടാൻ വേണ്ടി വന്നതല്ലെന്ന വിശദീകരണം അവരെ കൂടുതൽ പ്രകോപിതരാക്കിയതേയുള്ളൂ. അതോടെ അന്തരീക്ഷം മാറി. ഗായകൻ വന്ന കാർ തല്ലിത്തകർത്തുകൊണ്ടാണ് നാട്ടുകാർ അരിശം തീർത്തത്. നിസ്സഹായനായി എല്ലാം കണ്ടുനിന്നു ജയചന്ദ്രൻ. നിരവധി വർഷം കഴിഞ്ഞ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി കാത്തുനിൽക്കേ ജയചന്ദ്രനെ തേടി ഒരു അപരിചിതൻ എത്തുന്നു. ആമുഖമൊന്നും കൂടാതെ അയാൾ പറഞ്ഞു: "സാർ, എനിക്ക് മാപ്പുതരണം. അന്ന് സാറിന്റെ കാർ തല്ലിത്തകർക്കാൻ മുൻകൈ എടുത്തത് ഞാനാണ്. സാറിന്റെ പാട്ടിനോടുള്ള ഇഷ്ടംകൊണ്ട് ചെയ്തുപോയതാണ്. ശുദ്ധ തെമ്മാടിത്തമാണ് ചെയ്തതെന്ന് പിന്നീട് മനസ്സിലായി. എത്രയോ കാലമായി ആ കുറ്റബോധം ഉള്ളിൽ കൊണ്ടുനടക്കുന്നു. ക്ഷമിച്ചെന്ന് അങ്ങ് പറയാതെ ഞാൻ പോകില്ല.' എന്ത് മറുപടി പറയണമെന്നറിയില്ലായിരുന്നു ജയചന്ദ്രന്. "എത്ര ആശ്വസിപ്പിച്ചിട്ടും അയാൾക്ക് തൃപ്തിയാകുന്നില്ല. കരയുന്ന മുഖവുമായി അങ്ങനെ നിൽക്കുകയാണ്. ഒടുവിൽ എങ്ങനെയൊക്കെയോ ഞാൻ അയാളെ സമാധാനിപ്പിച്ച് പറഞ്ഞയച്ചു. അത്തരമൊരനുഭവം നടാടെയായിരുന്നു എനിക്ക്.'
കൊല്ലം ഫാത്തിമയിൽ തുടങ്ങി
സിനിമയിൽ പാടിത്തുടങ്ങുംമുമ്പേ സ്റ്റേജ് പരിപാടികളിൽ സാന്നിധ്യമറിയിച്ചു തുടങ്ങിയിരുന്നു ജയചന്ദ്രൻ. അത്തരമൊരു ഗാനമേളയാണ് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിന്റെ വഴിതിരിച്ചുവിട്ടതും. ഡിഫൻസ് ഫണ്ടിനുവേണ്ടി എം ബി ശ്രീനിവാസന്റെ നേതൃത്വത്തിൽ 1965ൽ ചെന്നൈയിൽ നടന്ന സംഗീത പരിപാടിയിൽ യേശുദാസിന് പാടാൻ വച്ചിരുന്ന പഴശ്ശിരാജയിലെ "ചൊട്ട മുതൽ ചുടല വരെ' എന്ന ഗാനം ദാസിന്റെ അഭാവത്തിൽ പാടാൻ ഭാഗ്യം ലഭിച്ചത് ജയചന്ദ്രന്. ഹൃദയസ്പർശിയായ ആ ആലാപനം സദസ്സിലിരുന്ന് കേട്ട ശോഭന പരമേശ്വരൻ നായരും ആർ എസ് പ്രഭുവും "കുഞ്ഞാലിമരക്കാർ' എന്ന സിനിമയിൽ പാടാൻ യുവഗായകന് അവസരം നൽകുന്നു.
പിന്നണിഗായകനായി അരങ്ങേറ്റം കുറിച്ച ശേഷമുള്ള ജയചന്ദ്രന്റെ ആദ്യ ഗാനമേളയ്‌ക്ക് വേദിയൊരുക്കിയത് കൊല്ലം ഫാത്തിമ മാതാ കോളേജാണ്, --1967ൽ. പാടിയതേറെയും യേശുദാസിന്റെ ഹിറ്റുകൾ. "ഹാർമോണിയം, തബല, ഗിറ്റാർ, വയലിൻ... പിന്നെ ബോംഗോസും... ഇത്രയേയുള്ളൂ അന്നത്തെ ഓർക്കസ്ട്ര. ഗാനമേളാ ട്രൂപ്പിന്റെ പ്രതിഫലം 1500 രൂപ.'-- ഇന്ത്യയിലും പുറത്തുമായി പിന്നീട് ആയിരക്കണക്കിന് വേദികൾ. നൂറുകണക്കിന് സഹഗായികമാർ,-- പി ലീല മുതൽ ചിത്രാ അരുൺവരെ. ആദ്യമാദ്യം വേദിയിൽ നിലത്തിരുന്നായിരുന്നു പാട്ട്. പിന്നെ കസേരയിലിരുന്നായി. അതുകഴിഞ്ഞ് നിന്നുകൊണ്ടും. മൈക്കുകളും സ്പീക്കറുകളും മാറിമാറിവന്നു. കണ്ടൻസർ മൈക്കുകളും ഷുവർ മൈക്കുകളും പോയി, പകരം അങ്ങേയറ്റം സെൻസിറ്റീവായ ഡിജിറ്റൽ മൈക്കുകൾ എത്തി. മരത്തിൽ വലിച്ചുകെട്ടിയ പാട്ടു കോളാമ്പികളുടെ സ്ഥാനത്ത് ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന മൾട്ടിവാട്ട്സ് സ്പീക്കറുകൾ നിറഞ്ഞു. എല്ലാ മാറ്റങ്ങളുടെയും സാക്ഷിയായി ജയചന്ദ്രനുണ്ടായിരുന്നു നമുക്കൊപ്പം; കാലത്തിന് തൊടാൻ കഴിയാത്ത നാദസൗഭഗവുമായി.








0 comments