ad
Deshabhimani

അഭിമുഖം

ഭ്രാന്തമായ മണിപ്പുർ എന്നെ മുറിപ്പെടുത്തുന്നു

റോബിൻ എസ് ങാങ്ഗോമും ഭാര്യ സുമിതയും      ഫോട്ടോ: അൻവർ അലി

മകാലീന ഇന്ത്യൻ ഇംഗ്ലീഷ് കവിതയിലും മണിപ്പുരിലെ പ്രമുഖ ഭാഷകളിൽ ഒന്നായ മെറ്റെയ്‌ലോൺ കവിതയിലും ഏറ്റവും പ്രസക്തനായ കവിയാണ്‌ റോബിൻ എസ് ങാങ്ഗോം. കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി അനുഭവം, ചിന്ത, അറിവ്, അനുഭൂതി, ചരിത്രം, ഓർമ എന്നിങ്ങനെ ഇഴപിരിക്കാനാവാത്ത മനുഷ്യജീവിതത്തിന്റെ സങ്കീർണ തലങ്ങളെ കവിതയിലൂടെ അറിയാനും നിശ്ശബ്ദമായ ആഴപ്പെടലിന്‌ വായനക്കാരെ വിട്ടുകൊടുക്കാനും അദ്ദേഹം ശ്രമിക്കുന്നു.

റോബിൻ എസ് ങാങ്ഗോമും ഭാര്യ സുമിതയും     ഫോട്ടോ: അൻവർ അലി റോബിൻ എസ് ങാങ്ഗോമും ഭാര്യ സുമിതയും ഫോട്ടോ: അൻവർ അലി

ഇന്ത്യൻ ഭൂപടത്തിൽ അദ്ദേഹം ജീവിക്കുന്ന നാടും അതേപ്പറ്റി ലഭ്യമായ പരിമിതമായ അറിവുകളും നോക്കിയാൽത്തന്നെ നമ്മുടെ നാട്ടിൽനിന്നും അതിനുള്ള ദൂരവും ചരിത്രപരവും ഭൂമിശാസ്‌ത്രപരവും സാംസ്‌കാരികവുമായ വ്യത്യസ്‌തതകളും വ്യക്തമാവും. കൊളോണിയൽ കാലം മുതൽക്ക് ഉണ്ടാക്കിയെടുത്തവയും സ്വാതന്ത്ര്യാനന്തരം ചരിത്രാതീതമെന്ന്‌ സ്ഥാപിക്കപ്പെട്ടവയുമായ ആധുനിക രാഷ്‌ട്രാതിർത്തികൾ നിലനിർത്താനും സ്വാഭാവികമായി, കാലക്രമത്തിൽ ഉടലെടുത്ത നാട്ടുജീവിതങ്ങളെ അപ്പുറത്തും ഇപ്പുറത്തുമാക്കി ഉണ്ടാക്കിയ മതിലുകളും കമ്പിവേലികളും പഴുതടച്ചു കാക്കാനും ആയുധധാരികളെ കാവൽ നിർത്തിയിരിക്കുന്ന നാടാണ് ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങൾ. വംശവൈവിധ്യങ്ങളുള്ള അനേകം ഗോത്ര ജനതകൾ പാർക്കുന്ന ആ നാട്ടിലെ സാമൂഹിക ‐ രാഷ്‌ട്രീയ ജീവിതം നിത്യവും കലുഷിതമാണ്‌. സമീപകാലത്തുതന്നെ മണിപ്പുരിൽ മെയ്‌തെയ്, കുക്കി വിഭാഗങ്ങളിൽ പെട്ടവർ തമ്മിലുണ്ടായ ആഭ്യന്തര കലാപത്തിൽ കാര്യമായ നാശനഷ്ടങ്ങളും ജീവാപായവും സംഭവിച്ചിരുന്നു.


സാംസ്‌കാരിക വൈവിധ്യത്തിന്റെ സാന്നിധ്യവും മനോഹരമായ പ്രകൃതിയുടെ വന്യതയും പ്രാചീന മിത്തുകളും അവയുടെ വശ്യമാന്ത്രികരൂപങ്ങളായ കഥകളും പാട്ടുകളും മറ്റു കലാരൂപങ്ങളും ആചാരങ്ങളും ആഘോഷങ്ങളും ഇടകലർന്ന ദൈനംദിന ജീവിതവും അതിസുന്ദരമായ നെയ്‌ത്തു സമ്പ്രദായങ്ങളും ഭക്ഷണശീലങ്ങളും ഒക്കെച്ചേർന്നു അനന്യസുന്ദരമായി നമ്മെ ആകർഷിക്കേണ്ട ഇടങ്ങളാണ് അവിടെ ങാങ്ഗോമിന്റെ നാട്‌. എന്നാൽ, പലപ്പോഴും കലാപങ്ങളും അതിർത്തിപ്രശ്നങ്ങളും സാമൂഹ്യ സംഘർഷങ്ങളുമായാണ് ഈ പ്രദേശം നമ്മുടെ മനസ്സിൽ അടയാളപ്പെടുന്നത്.

മണിപ്പുരിൽ ജനിച്ചു വളർന്ന്, മേഘാലയയിൽ ഉന്നതവിദ്യാഭ്യാസം നേടി, ഷില്ലോങ്ങിൽ താമസമാക്കിയ റോബിൻ എസ് ങാങ്ഗോം ഈ സംഘർഷങ്ങളെ തന്റെ കവിതയിലൂടെ മനസ്സിലാക്കാൻ ശ്രമിക്കുന്നു.

പട്ടാമ്പി സംസ്‌കൃത കോളേജിൽ പത്തുവർഷമായി സംഘടിപ്പിക്കപ്പെടുന്ന കവിതയുടെ കാർണിവലിൽ റോബിൻ എസ് ങാങ്ഗോം ഇത്തവണ അതിഥിയായി എത്തുകയുണ്ടായി. കവിതയുടെ ഭൂപടങ്ങൾ എന്ന ഈ വർഷത്തെ കാർണിവൽ പ്രമേയത്തെ അന്വർഥമാക്കുന്ന സാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റേത്. ഷില്ലോങ്ങിലെ (മേഘാലയ) നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റിയിൽ (നേഹു) ദീർഘകാലം ഇംഗ്ലീഷ് അധ്യാപകനായിരുന്നു ങാങ്ഗോമുമായി പട്ടാമ്പിയിൽവച്ച്‌ നേരിട്ടും തുടർന്ന് ഓൺലൈനായും കവിയും പരിഭാഷകയുമായ ആർദ്ര നീലകണ്ഠൻ ഗിരിജ നടത്തിയ സംഭാഷണം.


ആർദ്ര: പ്രിയപ്പെട്ട റോബിൻ ദാ, ഞാനാദ്യം വായിച്ച താങ്കളുടെ ‘ഞാൻ വിട്ടുപോന്ന ജന്മനാട്’ എന്ന കവിതയിൽനിന്ന് തുടങ്ങാം. വിട്ടുപോന്ന നാടിനോട്

പിന്തിരിഞ്ഞുനിന്ന് സംസാരിക്കുന്ന താങ്കളുടെ പല കവിതകളിൽ ഒന്നാണിത്. ഈ കവിതയിൽ താങ്കൾ ഇങ്ങനെ എഴുതുന്നു:

കൗമാരത്തിലെ ഒരു വരണ്ട ദിനത്തിൽ

ഞാൻ വിട്ടുപോന്ന ജന്മനാടേ...

നീയെന്തിനിങ്ങനെ അകന്നു നിൽക്കുന്നു?

നിന്റെ രാവുകളുടെ സ്വകാര്യ മൊഴികൾ

ഓർത്തെടുക്കാൻ എനിക്കാവുന്നില്ല.

പേരുകൾ, ജീവനുള്ള ശബ്ദങ്ങളുമായി

ഇണക്കാനുമാവുന്നില്ല...

കസിൻ ജോയി ചെറുപ്പത്തിലേ മരിച്ചു

കൂട്ടുകാരൻ ടോംബേ ഇപ്പോഴും

ജയിലിൽത്തന്നെ...

ഇപ്പോൾ നമ്മുടെ മണ്ണിൽ

ഒരു കുടിലയുദ്ധം നടക്കുന്നു

എന്ന് കേൾക്കുന്നു

നമ്മുടെ പാടങ്ങളിലൂടെ

തീർത്തും അനാർഭാടമായി

ചോരപുരണ്ട ശരീരങ്ങൾ

വലിച്ചു കൊണ്ട് പോകുന്നു എന്നും...

...സ്വാതന്ത്ര്യം ആയുധധാരികളുടെ

അകമ്പടിയോടെ മാത്രമേ

അവിടെ വരുന്നുള്ളൂ എന്ന് കേൾക്കുന്നു.

(വാക്കുകളും മൗനവും ‐ 1988)

റോബിൻ എസ് ങാങ്ഗോം        ഫോട്ടോ: അൻവർ അലി റോബിൻ എസ് ങാങ്ഗോം ഫോട്ടോ: അൻവർ അലി

യാത്രയ്‌ക്ക് മുമ്പുണ്ടായ ജീവിതത്തിന്റെ ചില ചിതറിയ ഓർമകൾ ഇൗ കവിതയിൽ കാണാം. അൽപ്പംകൂടി വിശദമായി ആ കാലം ഓർത്തെടുക്കാമോ? പ്രത്യേകിച്ചും, കവിത എഴുതിത്തുടങ്ങിയ കാലം, ഇടം, വീട്ടുകാർ, കൂട്ടുകാർ, കവിത വന്ന വഴികൾ, അങ്ങനെ...

റോബിൻ എസ്‌ ങാങ്ഗോം: മണിപ്പുരിലെ ഇംഫാൽ പട്ടണത്തിലാണ് ഞാൻ ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതും. 11-‐12 വയസ്സിലെ ഓർമകളിൽ ഞാൻ കുറിച്ചിട്ട വരികളുണ്ട്. ചെറുപ്പത്തിൽ ഞാൻ അങ്ങേയറ്റം ലജ്ജാലുവും ഏകാന്തത ഇഷ്ടപ്പെടുന്നവനുമായിരുന്നു. അതുകൊണ്ടുതന്നെ വായന ഒരുക്കിയ സങ്കൽപ്പലോകത്തായിരുന്നു അധികസമയവും. വായനയും ഭാവനയും ഏകാന്തതയും ചുരുക്കം കൂട്ടുകാരും അവരുമായി ചെലവഴിച്ച സ്വകാര്യ സന്തോഷങ്ങളും ഒക്കെയായിട്ടാണ് കുട്ടിക്കാലം ഓർമയിലുള്ളത്.

വായിക്കാൻ തുടങ്ങിയപ്പോൾ മുതൽ റൊമാന്റിക് സാഹിത്യവും ഐതിഹ്യങ്ങളും സാഹസിക കഥകളും എന്നെ ആനന്ദിപ്പിച്ചിരുന്നു. ‘ആയിരത്തൊന്നു രാവുകൾ’ പ്രിയപ്പെട്ട പുസ്‌തകമായിരുന്നു. ബംഗാളിയിൽ നിന്ന് മണിപ്പുരിയിലേക്ക് പരിഭാഷപ്പെടുത്തിയ സാഹിത്യവും മണിപ്പുരിയിലെ പ്രാചീന സാഹിത്യവും ഹിന്ദുമതം വന്നതിനുശേഷം പരിഭാഷപ്പെടുത്തി പ്രചരിപ്പിച്ച ഇതിഹാസ ഗ്രന്ഥങ്ങളും കൂടാതെ പഠനത്തിന്റെ ഭാഗമായി പരിചയപ്പെട്ട ഇംഗ്ലീഷ് സാഹിത്യവും എല്ലാം എന്റെ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട്.


ബ്രിട്ടീഷ് റൊമാന്റിക് കവിതകളായിരുന്നു ആദ്യം ഇഷ്ടത്തോടെ വായിച്ച കവിതകൾ. മൊബൈൽ ഫോണും മറ്റും ഇല്ലാതിരുന്നതുകൊണ്ടാവും ഞങ്ങളുടെ കാലത്ത് കുറെ കുട്ടികളെങ്കിലും ലൈബ്രറികളിൽ പോയി വായിക്കുമായിരുന്നു. പിന്നെ എന്റെ ഏകാന്ത ലോകത്തിലേക്ക് ആളുകളെ കൊണ്ടുവരണമെന്ന് തോന്നി, ശബ്ദം ഉണ്ടാക്കാതെ കണ്ടുനിൽക്കുന്ന ആളുകൾ, വായനക്കാർ. അങ്ങനെയാണ് ആദ്യമായി എഴുതുന്നത്.

? എത്തരത്തിലുള്ള കുടുംബമായിരുന്നു. ഒറ്റയ്‌ക്കിരിക്കാനും വായിക്കാനും എഴുതാനും ഒക്കെ സ്വസ്ഥതയും ഇടവും ഉണ്ടായിരുന്നോ. അമ്മ, അച്ഛൻ, സഹോദരങ്ങൾ അവരെക്കുറിച്ച്‌ പറയാമോ.

= പുരുഷാധിപത്യപരമായി നിർമിക്കപ്പെട്ട സമൂഹം തന്നെയാണ് ഞങ്ങളുടേതും‐ അന്നും ഇന്നും. ഇപ്പോൾ കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. കുടുംബത്തിൽ ജനാധിപത്യപരമായി തീരുമാനങ്ങളെടുക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്തെങ്കിലും കാര്യങ്ങൾ ഒരുമിച്ചിരുന്നു സംസാരിക്കുന്നതും കണ്ടിട്ടില്ല. പുരുഷന്മാർ തീരുമാനിക്കുന്നത് നടപ്പിലാക്കപ്പെടും, അത്രതന്നെ. എന്റെ വീട്ടിൽ മുതിർന്ന ചേട്ടനായിരുന്നു അധികാരവും ശബ്ദവും ഉള്ളയാൾ. അച്ഛൻ താരതമ്യേന സൗമ്യനായിരുന്നു.


? അച്ഛനെക്കുറിച്ചുള്ള ഒരു കവിത ഓർമ വരുന്നു. യൗവനത്തിൽ ഒരിക്കലും പ്രാർഥിച്ചിട്ടില്ലാത്ത അച്ഛൻ തന്റെ എൺപതുകളിൽ കീർത്തനങ്ങൾ ഉരുവിടുന്നതിനെക്കുറിച്ച്. നനുത്തതും തുറസ്സുള്ളതുമായ ഓർമകൾ കാണാമതിൽ.

= അതേ, ഒന്നിനും നിർബന്ധിച്ചിട്ടില്ല, ഇടപെട്ടിട്ടുമില്ല അദ്ദേഹം. നിറയെ അംഗങ്ങളുള്ള കൂട്ടുകുടുംബമായിരുന്നു. ചേട്ടനായിരുന്നു അവിടെ അവസാനവാക്ക്. എല്ലാവരും അതനുസരിച്ചു പോന്നു. എന്നാലും കുട്ടികളെ ശ്രദ്ധിക്കാൻ ആർക്കും സമയമുണ്ടായില്ല, അന്നങ്ങനെ ആയിരുന്നു. ഞാനേറെ സ്വതന്ത്രനായിരുന്നു എന്നാണ് ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നത്.

ഇത് പെൺകുട്ടികൾക്ക് ബാധകമായിരുന്നോ എന്നറിയില്ല. അവർക്ക് പഠിക്കാനും വായിക്കാനുമുള്ള പ്രോത്സാഹനം കുറവായിരുന്നു. അവരെ രണ്ടാം തരമായി തന്നെയാണ് എല്ലാവരും കണ്ടത്. പത്താംതരം കഴിഞ്ഞാൽ അവരെ പഠിപ്പിക്കാൻ താൽപ്പര്യമുള്ള കുടുംബങ്ങൾ വിരളമായിരുന്നു. ആൺകുട്ടികൾക്ക് പഠിച്ചു ജോലി വാങ്ങാൻ പ്രോത്സാഹനം ലഭിച്ചിരുന്നു. അതുകൊണ്ട് പുറത്തുപോയി പഠിക്കാൻ കഴിഞ്ഞു.

അന്നൊക്കെ വായന തന്നെയായിരുന്നു പ്രധാന പണി! ക്ലാസിക്‌സ്‌ ഇല്ലസ്ട്രേറ്റഡ് എന്നൊരു സീരീസ് ഉണ്ടായിരുന്നു. എല്ലാ ലോക ക്ലാസിക്കുകളും കോമിക് രൂപത്തിൽ അവതരിപ്പിക്കുന്ന പുസ്‌തകങ്ങൾ. ഷേക്‌സ്‌പിയറെ ഒക്കെ അങ്ങനെയാണ് പരിചയപ്പെടുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്‌തിരുന്ന പുസ്‌തകങ്ങളായിരുന്നു. യുകെയിൽ നിന്നായിരുന്നു എന്നാണ്‌ ഓർമ. ഞങ്ങളുടെ ലൈബ്രറിയിൽ കുറെയെണ്ണം ഉണ്ടായിരുന്നു. എനിക്ക് അതൊക്കെ വളരെ ഇഷ്ടമായിരുന്നു. പലരും അവ ലൈബ്രറിയിൽനിന്നും വായിച്ചിരുന്നു. എന്നാൽ, കവിതകൾ ആർക്കും ഇഷ്ടമായിരുന്നില്ല അന്നും. അത് സംസാരിക്കാനും ആളുണ്ടായില്ല.

റോബിൻ എസ് ങാങ്ഗോം     ഫോട്ടോ: ജീജ വി കെ റോബിൻ എസ് ങാങ്ഗോം ഫോട്ടോ: ജീജ വി കെ

ആദ്യം ഞാൻ ശ്രദ്ധിക്കുന്നത് സംഗീതം ആണെന്ന് തോന്നുന്നു. മണിപ്പുരി പാട്ടുകളിലെ വരികൾ പിന്നീട് ശ്രദ്ധിക്കാൻ തുടങ്ങി. ഒരുപാട് നാടൻപാട്ടുകളും നാടകങ്ങളിൽനിന്നും കേട്ട പാട്ടുകളും ഉണ്ടായിരുന്നു. ‘ഷുമാങ് ലീല' എന്നൊരു സംഗീത നാടക പ്രസ്ഥാനം ഉണ്ട് മണിപ്പുരിൽ. ബംഗാളിയിലെ ജാത്ര തിയറ്റർ പോലെ. ഞങ്ങളുടെ കുട്ടിക്കാലത്ത് അത് ഏറ്റവും പ്രശസ്‌തമായ കലാരൂപമായിരുന്നു. കാണാൻ ഏറ്റവും തിരക്കുള്ളതും. വീടുകളുടെ മുറ്റങ്ങളിലാണ് ഇത് നടക്കുക. ഷുമാങ് എന്നാൽ മുറ്റം എന്നർഥം. അതിലെ പാട്ടുകൾ എനിക്ക് കാണാപ്പാഠമായിരുന്നു. നാടോടികളായ കലാകാരന്മാരായിരുന്നു അവർ. പാട്ടുകാർ, ആട്ടക്കാർ, പല ഉപകരണങ്ങൾ വായിക്കുന്നവർ, മനോഹരമായ വസ്‌ത്രങ്ങൾ ധരിച്ചവർ! ഹാർമോണിയം, തബല ഒക്കെ കാണുന്നത് അങ്ങനെയാണ്.


ചരിത്രകഥകളും പുരാണകഥകളും ഒക്കെ

അവതരിപ്പിക്കും. ഇടയ്‌ക്കിടയ്‌ക്ക് വരും ഈ കൂട്ടർ, പ്രത്യേകിച്ച് ഹോളി കാലത്ത്. അത് കാണുമ്പോൾ അതുപോലെ പാട്ടുകൾ എഴുതണം എന്ന് ഉറപ്പിച്ചിരുന്നു. ചിലതൊക്കെ എഴുതുകയും ചെയ്‌തു.

പിന്നെ പഴയ ഹിന്ദി സിനിമാഗാനങ്ങൾ ഹരമായിരുന്നു. ഹിന്ദി ഒരക്ഷരം അറിയില്ലെങ്കിലും, ഈണങ്ങൾ മൂളി നടക്കും ഞങ്ങൾ. ഹിന്ദി പഠിച്ചത് ഷില്ലോങ്ങിൽ ചെന്ന ശേഷമാണ്. റേഡിയോ സിലോൺ പ്രക്ഷേപണം ചെയ്‌തിരുന്ന ബിനാകാ ഗീത് മാലാ എന്ന വിഖ്യാത പരിപാടി മുടങ്ങാതെ കേൾക്കും. അമീൻ സയാനി എന്ന പ്രശസ്‌ത പ്രക്ഷേപകനെ ഏറെ ഇഷ്ടമായിരുന്നു.

? ഷില്ലോങ്ങിലെ കോളേജ്- പഠനകാലത്തെക്കുറിച്ച്‌ പറയാമോ, പ്രത്യേകിച്ച് ഇംഗ്ലീഷ് സാഹിത്യത്തിൽ എംഎ ചെയ്‌ത അനുഭവം.

= അക്കാലത്താണ് ഗൗരവമായി കവിത വായിക്കുന്നത്. എന്നാൽ അതേ കാലത്ത് കുറേ കൂട്ടുകെട്ടുകളും ഉണ്ടായി. ഇന്ത്യയിലെ മറ്റു നാടുകളെ അപേക്ഷിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അടുത്തിടപഴകാൻ സാധിച്ചിരുന്ന ഒരിടമായിരുന്നു ഷില്ലോങ്. അവിടെ എത്തിയശേഷം കോളേജ് കാലത്ത് നിരന്തരം ആഘോഷങ്ങളുമായി കൂട്ടുകാരുമായി നടക്കുന്ന ആളായിരുന്നു ഞാനും. ഒരു പാർടി ആനിമൽ ആയിരുന്നു എന്നുപറയാം.തുറസ്സായി പെൺകുട്ടികളുമായി ഇടപഴകാൻ കഴിവുള്ള കൂട്ടുകാരോട് അസൂയ കലർന്ന ആദരവായിരുന്നു അന്തർമുഖനും നാണക്കാരനും ആയിരുന്ന എനിക്ക്.

ബ്രിട്ടീഷ് റൊമാന്റിക് കവികളെ വീണ്ടും വീണ്ടും വായിച്ചുറപ്പിച്ച കാലം. ഷേക്‌സ്‌പിയർ, കീറ്റ്സ്, യേറ്റ്സ് ഒക്കെ. എന്നാൽ അമേരിക്കൻ കവിത എന്നെ ആകർഷിച്ചില്ല. എനിക്കെന്തോ അത് ഉള്ളിലേക്ക് എടുക്കാനായില്ല. മോഡേണിസ്റ്റ്‌ കവിതകളിൽ ബ്രിട്ടീഷ്-‐അമേരിക്കൻ കവികൾ ഞങ്ങളെ അന്ന് കാര്യമായി സ്‌പർശിച്ചില്ല എന്ന് വേണം പറയാൻ. പഠിക്കാൻ വേണ്ടി വായിച്ചെങ്കിലും അത് കഴിഞ്ഞപ്പോൾ അവരെന്നെ തൃപ്തിപ്പെടുത്തിയില്ല എന്ന് മനസ്സിലായി. ഉടനെതന്നെ ശ്രദ്ധ പരിഭാഷാ കവിതകളിലേക്ക് തിരിഞ്ഞു. പ്രത്യേകിച്ച് ലാറ്റിൻ അമേരിക്കൻ കവിതകൾ. നെരൂദ അന്ന് ഒരുപാട് സ്വാധീനിച്ച കവിയാണ്. ചില കൂട്ടുകാർ അന്നൊരു നെരൂദ പുസ്‌തകം സമ്മാനമായി തന്നത് ഇന്നും സ്‌നേഹത്തോടെ ഓർക്കുന്നു. (പുസ്‌തകങ്ങൾ സ്വന്തമാക്കൽ എളുപ്പമല്ലല്ലോ അന്ന്.)

അൻവർ അലിക്കൊപ്പം കവിതാകാർണിവലിൽ അൻവർ അലിക്കൊപ്പം കവിതാകാർണിവലിൽ

മൂന്നാംലോക കവിത എന്നൊരു സാഹോദര്യം തോന്നിയ സമയമാണത്. വൈകാതെ മറ്റു യൂറോപ്യൻ ഭാഷകളിലെ കവികളെയും വായിച്ചു. പരമാവധി ഭാഷകളിലെ കവിതകൾ വായിക്കണം എന്നൊരു വാശി ഉണ്ടായിരുന്നു. കവിതയെഴുത്തിനെ ഗൗരവമായി എടുക്കുന്നത് ഈ പരിഭാഷാ കവിതകളുണ്ടാക്കിയ ആവേശത്തിലാണ്. ലോക കവിതയായിരുന്നു ഞാൻ എന്ന കവിയുടെ വിദ്യാലയം എന്നുപറയാം. ഔഡൻ, യേറ്റ്സ് ഒക്കെ പിന്നീട് വളരെക്കാലം കഴിഞ്ഞു വീണ്ടും വായിച്ചിട്ടുണ്ട്. ഇപ്പോ അവരെയൊക്കെ വീണ്ടും വീണ്ടും കണ്ടുമുട്ടുന്നു.

അക്കാലവും കഴിഞ്ഞു വർഷങ്ങൾക്കപ്പുറമാണ് ഞാൻ ഒരു സമാഹാരം ഇറക്കുന്നത്. 1988-ൽ ആദ്യ കവിതാസമാഹാരം പുറത്തിറങ്ങുമ്പോൾ എനിക്ക് 30 വയസ്സായിരുന്നു.

? ഇന്ത്യയിലെ വൈവിധ്യം കവിതയിലൂടെ നമ്മൾ കണ്ടിട്ടുണ്ടല്ലോ. പൊതുവായി വടക്കുകിഴക്കൻ പ്രദേശങ്ങളുടെ സവിശേഷതകൾ എങ്ങനെയാണ് സമകാലിക കവിതകളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.

= ഞാൻ പ്രാഥമികമായി ഇംഗ്ലീഷിൽ എഴുതുന്ന മണിപ്പുരി കവിയാണല്ലോ. മാതൃഭാഷയിലും എഴുതാറുണ്ടെങ്കിലും. അതുകൊണ്ടുതന്നെ ഇന്ത്യൻ ഇംഗ്ലീഷ് കവിതകളിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടാം.


ഇന്ത്യൻ ഇംഗ്ലീഷ് കവിത എന്നുപറഞ്ഞാൽ ഉടനെ നമ്മുടെ മനസ്സിലേക്ക് വരുന്ന പേരുകൾ എല്ലാം തന്നെ ബോംബെ, അല്ലെങ്കിൽ ഡൽഹി, കൊൽക്കത്ത എന്നിങ്ങനെയുള്ള നഗരവൃത്തങ്ങളിൽ നിന്നാണല്ലോ. അതിൽത്തന്നെ ബോംബെ സ്‌കൂൾ ഓഫ് പോയട്രിയുടെ ഭാഗമായി അറിയപ്പെടുന്ന കവികൾ. നിസിം എസെക്കിയൽ, അരുൺ കൊലട്കർ, ആദിൽ ജസ്സാവാല... തുടങ്ങിയവർ. പി ലാൽ, കൊൽക്കത്തയിൽ നടത്തിയ റൈറ്റേഴ്സ് വർക്ക്‌ഷോപ്പ്‌ ഒരു പ്രധാന ഇടമായിരുന്നു ഇന്ത്യൻ ഇംഗ്ലീഷ് കവിതകൾക്ക്. രാമാനുജൻ വളരെ നേരത്തെ തന്നെ അമേരിക്കയിലേക്ക് പോയി. ജയന്ത മഹാപാത്ര ഇതിൽ വ്യത്യസ്‌തനായിരുന്നു, ഒറീസയിൽ ആയിരുന്നതുകൊണ്ട്. അദ്ദേഹത്തിന് അർഹമായ ശ്രദ്ധ ലഭിച്ചില്ല എന്നാണ് എന്റെ അഭിപ്രായം. ഏതെങ്കിലും വലിയ പ്രസാധകരുടെ ശ്രദ്ധ നേടണമെങ്കിൽ, ഒന്നുകിൽ പ്രശസ്‌തമായ അന്താരാഷ്‌ട്ര മാസികകളിൽ കവിത പ്രസിദ്ധീകരിക്കപ്പെടണം, അല്ലെങ്കിൽ ബോംബെ കവികളുമായി പരിചയം വേണം. അന്നത്തെ ധാരണ അങ്ങനെയായിരുന്നു.


നഗരകവികളായ ഇവരും ഞങ്ങളും തമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട്. അവർ എസ്രാ പൗണ്ടിനെയും ടി എസ് എലിയറ്റിനെയും പോലെ ആണെന്ന് പറയാം. അവർ അമൂർത്തവും വസ്‌തുനിഷ്ഠവും ആയ കവിതയെഴുതാനാണ് ശ്രമിച്ചത്. തങ്ങളുടെ ക്രാഫ്റ്റിൽ അസാമാന്യ ശേഷിയുള്ളവർ. ബോംബെ കവികൾ/നഗര കവികൾ എലിയറ്റിന്റെ ആരാധകരായിരുന്നു. കവിയുടെ വ്യക്തിത്വം പ്രകടമാകരുത്, വസ്‌തുനിഷ്ഠത വേണം. കവിയുടെ വ്യക്തിത്വത്തെ നിരന്തരം ഇല്ലാതാക്കണം! കവിതയ്‌ക്ക്‌ വികാരപ്രദർശനം ഒരു ഭാരമെന്ന മട്ടിൽ.

എന്നാൽ ഞങ്ങൾ, വടക്കുകിഴക്കൻ കവികൾ വ്യത്യസ്‌തരാണ്. ഞങ്ങൾ എഴുതപ്പെടുന്നവയിൽ നിന്ന് അകന്നുനിൽക്കുന്നവരല്ല, കവിയുടെ ആത്മനിഷ്ഠത മറയ്‌ക്കുന്നവരല്ല. ഞങ്ങളുടെ കവിതയിൽ വികാരങ്ങൾ നിറഞ്ഞിരിക്കുന്നു. പ്രകൃതി ഞങ്ങൾക്ക് പുറമെനിൽക്കുന്ന ഒന്നല്ല. ഒരു പശ്ചാത്തലം അല്ല. ഞങ്ങളുമായി കൂടിക്കലർന്നു കിടക്കുന്ന ഒന്നാണ്. ഉദാഹരണത്തിന്, അവരും ഞങ്ങളും തമ്മിൽ പ്രകൃതിയോടുള്ള സമീപനത്തിൽ വലിയ വ്യത്യാസമുണ്ട്. അവർക്ക് പ്രകൃതി പലപ്പോഴും ഒരു മൗനസാക്ഷിയാണ്. എന്നാൽ ഞങ്ങൾക്ക് അത് സജീവവും ഒഴുക്കുള്ളതുമാണ്. നദികളും മരങ്ങളും പാറകളും ഗ്രാമദേവതകളായി ആരാധിക്കപ്പെടുന്നു. അചലവും സചലവുമായ എല്ലാം അതിന്റെ ഭാഗമാണ്.

മണിപ്പുരിലെ കലാപകാലത്തെ കാഴ്‌ചമണിപ്പുരിലെ കലാപകാലത്തെ കാഴ്‌ച

മണിപ്പുരിലെ പഴയ കവിതകളിൽ -രണ്ടായിരം വർഷം വരെ പഴക്കമുള്ളവയും ഉണ്ട്. അക്കൂട്ടത്തിൽ -ഉപയോഗിക്കപ്പെട്ടിട്ടുള്ള ചില പ്രയോഗങ്ങൾ എനിക്ക് ഏറെ ഇഷ്ടമാണ്. ‘ആഗ്രഹത്തിന്റെ കുന്ന്’, ‘സംഗമത്തിന്റെ കുന്ന്’, ‘വിയോഗത്തിന്റെ പുഴ’ എന്നിങ്ങനെയുള്ള പ്രതീകങ്ങൾ. സ്‌നേഹം, വിരഹം, മരണം, ജനനം, ഒക്കെ ഈ ഉരുവങ്ങളുമായി ബന്ധപ്പെട്ടാണ് ഭാവനയിൽ പതിയുന്നത്.

ഞാൻ ഒരു മരത്തെയോ നദിയെയോ കുന്നിനെയോ കുറിച്ച് എഴുതുമ്പോൾ, അത് യാഥാർഥ്യത്തിൽ ഉണ്ടായിരിക്കണം; ഞാൻ അതിനെ നേരിൽ കണ്ടിരിക്കണം. വെറുതെ സങ്കൽപ്പിച്ച് എഴുതാൻ എനിക്ക് കഴിയില്ല. അതിനെ തൊട്ടുനോക്കാനാവണം. വായനക്കാരനും അത് കാണാനാകണം. ഒരു നദി വറ്റിപ്പോയാൽ, എനിക്ക് പിന്നെ അതിനെക്കുറിച്ച് എഴുതാൻ കഴിയില്ല; അതിന്റെ മരണത്തെക്കുറിച്ചുമാത്രം ഒരു ചരമഗീതം എഴുതാൻ കഴിഞ്ഞേക്കും.

? താങ്കൾക്കു മുന്നിൽ മാതൃകയായിരുന്ന കവികളുണ്ടായിരുന്നോ നാട്ടിൽ.

= സത്യം പറഞ്ഞാൽ ഇപ്പോളെഴുതുന്ന നോർത്ത് ഈസ്റ്റേൺ കവികൾ, ഞങ്ങളെല്ലാം ഒരുമിച്ചാണ് എഴുതി വളർന്നത്. മാമാങ് ദായ്‌ (അരുണാചൽ പ്രദേശ്), ഡെസ്മണ്ട് ഖാർമഫ്ലവാങ് (മേഘാലയ), താങ്ജാം ഇബോപിഷാക് (മണിപ്പുർ) തുടങ്ങിയ കവികൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.


പ്രശസ്‌ത ഐറിഷ് കവി ലൂയിസ് മക്‌നീസിന്റെ ‘ജനനത്തിനു മുമ്പുള്ള പ്രാർഥന’ എന്ന കവിത ഓർമ വരുന്നു. “ഞാൻ പിറക്കാൻ പോകുന്നേയുള്ളൂ, എന്നെ താലോലിക്കാൻ വെള്ളവും, എനിക്ക് വേണ്ടി വളരുന്ന പുൽകളും, എന്നോട് സംസാരിക്കുന്ന മരങ്ങളും എനിക്ക് വേണ്ടി പാടാൻ ആകാശവും കിളികളും, മനസ്സിന്റെ കോണിൽ എന്നെ നയിക്കാൻ ഒരു കൊച്ചു വെള്ള വെളിച്ചവും തരേണമേ...” എന്ന വരികളിലെ പോലെ, എനിക്കും തോന്നിയിട്ടുണ്ട്. എന്നോട് സംസാരിക്കുന്ന മരങ്ങൾ മുറിച്ചുകളഞ്ഞാൽ എന്റെ കവിതയും കൂടെ ഞാനും മരിച്ചേക്കും. അതാണ് എന്റെ യാഥാർഥ്യം.

ഞങ്ങളുടെ നാടുകളിൽ മിത്തുകളുടെ ലോകം ഇപ്പോഴും ജീവനോടെ ഇരിക്കുന്നു. പ്രത്യേകിച്ച് പട്ടണങ്ങളിൽ നിന്നകലെയുള്ള മലയോരഗ്രാമങ്ങളിൽ നിന്നുള്ളവർക്ക്, മലനിരകളിൽ ജീവിക്കുന്നവർക്ക്, ഈ കഥകൾ അവർക്കൊപ്പം ജീവിക്കുന്നവയാണ്; അവർ അതുമായി ബന്ധപ്പെട്ടു ജീവിതം കെട്ടിപ്പടുത്തിരിക്കുന്നു. ആധുനിക കവികൾ പറയുന്നതുപോലെ പ്രകൃതി നമ്മുടെ അസ്‌തിത്വ പ്രതിസന്ധികളുടെ ഒരു നിഷ്‌പക്ഷ സാക്ഷിയല്ല.

ഒരു ഉദാഹരണം പറയാം. ഷാമൻ എന്നു പറയുന്ന ചികിത്സകരും മന്ത്രവാദികളും ആത്മീയ ഗുരുക്കളുമായ ആളുകളുണ്ട് ഞങ്ങളുടെ ഗ്രാമങ്ങളിൽ. എല്ലായിടത്തും ഉണ്ടായിരുന്നു. നാഗാ, മെയ്‌തെയ് സമൂഹങ്ങളിൽ ഒക്കെ ഉണ്ടായിരുന്നു. ഖാസി ഗ്രാമങ്ങളിൽ ഇപ്പോഴും സജീവമായി ഉണ്ട്. മാമാങ് ദായ് എന്നോട് ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ചടങ്ങുകളുടെ ഭാഗമായുള്ള ഷാമന്റെ കഥപറച്ചിൽ അവരുടെ ജീവിതത്തിന്റെ കേന്ദ്രപ്രക്രിയയാണ്. മൂന്ന്‌ രാത്രികൾ തുടർച്ചയായി ഇവർ കഥ പറയും. പ്രപഞ്ചസൃഷ്ടിയുടെ കഥകൾ, മനുഷ്യരുടെ ഉത്ഭവം, ഗോത്രകഥകൾ... ഇതൊക്കെ പറയും. എല്ലാവരും ചേർന്ന് കേൾക്കും.

റോബിൻ എസ്‌ ങാങ്‌ഗോമും ആർദ്ര നീലകണ്‌ഠൻ ഗിരിജയും അഭിമുഖത്തിനിടെ       ഫോട്ടോ: ജീജ വി കെറോബിൻ എസ്‌ ങാങ്‌ഗോമും ആർദ്ര നീലകണ്‌ഠൻ ഗിരിജയും അഭിമുഖത്തിനിടെ ഫോട്ടോ: ജീജ വി കെ

ഖാസികളുടെ ഇടയിലുള്ള ‘ടൈഗർ മാൻ’ എന്ന പ്രതിഭാസത്തെക്കുറിച്ചാണ് ഡെസ്മണ്ട് (കവി ഡെസ്മണ്ട് ഖാർമഫ്ലവാങ്) പിഎച്ച്ഡി ചെയ്‌തത്. വേർവുൾഫിനെപ്പോലെ, വേർടൈഗർ. ഷാമൻ കടുവയുടെ ആത്മാവാൽ ആകൃഷ്ടനായി കടുവയായി മാറുമെന്നാണ് വിശ്വാസം. ഷാമൻ ഒരേസമയം ചികിത്സകനും കഥകളുടെ സംരക്ഷകനുമാണ്. അത് ഒരു ജീവനുള്ള ലോകമാണ്.

? തനിമയുള്ള സ്വത്വം ഉരുവപ്പെടുത്തുക മാത്രമല്ല ഇതിന്റെ ജോലി എന്നുതോന്നുന്നു, സാർവലൗകികമായ മനുഷ്യസത്തയിലേക്ക് കേൾവിക്കാരെ ഇണക്കിച്ചേർക്കാൻ കൂടി ഇതിന് കഴിയുമെന്ന് തോന്നുന്നു. കാരണം, ഇത്തരം കഥകൾ ലോകത്തിന്റെ പലഭാഗത്തുമുള്ള ആദിമജീവിതത്തിന്റെ, അനുഭവങ്ങളുടെ, ഭാവനകളുടെ ഒക്കെ ഭാഗമാണല്ലോ. പ്രത്യേകിച്ച് വടക്കേ അമേരിക്കയിലെ ആദിവാസി വിഭാഗങ്ങളുടെ (First Nation People) ഐതിഹ്യങ്ങളിൽ ഇതേ സങ്കൽപ്പനവും ആചാരങ്ങളും ഉള്ളതായി ഈയിടെ അടുത്തറിയാൻ കഴിഞ്ഞിരുന്നു. കഥപറച്ചിലുകാരനും ചികിത്സകനും ഒരാൾ തന്നെയാവുന്നതിന് ഒരു സവിശേഷ ഭംഗിയുള്ളതുപോലെ തോന്നുന്നു എനിക്ക്. ശമിപ്പിക്കുന്ന, സുഖപ്പെടുത്തുന്ന സാന്നിധ്യം തന്നെയല്ലേ നമുക്കെല്ലാം നല്ല കഥകൾ പറയുന്നവർ! ഈ വ്യത്യാസം, ഒരു സമൂഹത്തിന്റെ അവിഭാജ്യ ഭാഗമായി ജീവിക്കുന്നവരും ഒറ്റപ്പെട്ട ആധുനിക മനുഷ്യരും തമ്മിലുള്ള ഒരു വ്യത്യാസമായാണോ താങ്കൾ കാണുന്നത്.


= എല്ലായിടത്തുമുള്ള രാഷ്‌ട്രീയ സാമൂഹ്യ അവസ്ഥകൾ വേറെയാണല്ലോ. ഞങ്ങളുടേത് പ്രത്യേകിച്ചും. സാംസ്‌കാരികമായി വേരറ്റ് നഗരങ്ങളിലെത്തി ജീവിക്കുന്ന കവികൾക്ക് ഞങ്ങളുടെ പോലെ സമുദായം, വ്യക്തിക്കപ്പുറം പടരുന്ന സ്വത്വം എന്ന അനുഭൂതി സ്വാഭാവികമായി ഉണ്ടാവില്ലല്ലോ. മുമ്പ്‌ സൂചിപ്പിച്ച താരതമ്യം എടുത്താൽ, പൗണ്ട് പൊതുവിൽ ഓറിയന്റൽ സംസ്‌കാരങ്ങളിൽ ആകൃഷ്ടനായിരുന്നു എന്നുകാണാം. പ്രാചീന ചൈനീസ് കവിത പ്രത്യേകിച്ചും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നു പറയാം. ലോക കവിതയുടെ ഒരു എൻസൈക്ലോപീഡിയ പോലെ, എല്ലായിടത്തുനിന്നും അദ്ദേഹം ആശയങ്ങൾ സ്വീകരിച്ചു.


എലിയറ്റ് ആണെങ്കിൽ തന്റെ ഏറ്റവും പ്രധാന കൃതിയായ ‘വേസ്റ്റ് ലാൻഡി’ൽ ഉപനിഷദ് ദർശനങ്ങളിൽനിന്നും യൂറോപ്യൻ തത്വചിന്തയിൽനിന്നും ഒരുപോലെ ആശയങ്ങൾ സ്വാംശീകരിച്ചു. അവർക്കൊക്കെ എല്ലായിടത്തും വേരുകൾ പടർത്താനായി. കോസ്മോപൊളിറ്റൻ അല്ലേ അവരുടെ ഭാവുകത്വം. സാംസ്‌കാരികമായി സ്വന്തം ഇടങ്ങളിൽനിന്നും വേരറ്റ കവികളായിരുന്നു ഇവർ.

എന്നാൽ യേറ്റ്സ് അങ്ങനെ അല്ലല്ലോ, ഓരോ കവിതയിലും ഐറിഷ് ആയിരുന്ന ആൾ. ബോംബെ കവികൾ തങ്ങളുടെ ഇടങ്ങളിൽനിന്ന് പല കാരണങ്ങൾകൊണ്ട് നഗരങ്ങളിലെത്തി പുതിയ ഇടം ഉണ്ടാക്കിയവരാണ്. ലോക സംസ്‌കാരങ്ങൾ കടംകൊള്ളാനും അവർക്ക് എളുപ്പം കഴിഞ്ഞു എന്നുപറയാം. ഞങ്ങൾക്ക് ഞങ്ങളുടെ നാട്ടിൽനിന്ന് മാനസികമായി പുറത്തുകടക്കാൻ എളുപ്പമല്ല.

? ഒരുകൂട്ടം കുടിയേറ്റ കവികളും ചിന്തകരും ഒക്കെ ആയിരുന്നു അവർ, അല്ലേ. യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിനും മുന്തിയ ജോലികൾക്കും വേണ്ടി കുടിയേറുന്ന ആളുകളിൽനിന്നും വ്യത്യസ്‌തമായി തങ്ങളുടെ ഗ്രാമങ്ങളെ, ഉത്സവങ്ങളെ ഒക്കെ കൂടെ കൊണ്ടുനടക്കുന്ന, ചെല്ലുന്നിടത്തെല്ലാം കൂട്ടമായി താമസിക്കുന്ന ആളുകളാണ് താഴേക്കിടയിലുള്ള കുടിയേറ്റത്തൊഴിലാളികൾ എന്നു തോന്നുന്നു. കേരളത്തിൽനിന്നും ഗൽഫിൽ പോയിരുന്ന മുൻതലമുറകളിലെ ആളുകൾക്ക് തങ്ങളുടെ രാഷ്‌ട്രീയവും സാഹിത്യവും സിനിമയും ഒക്കെ അവിടെ സജീവമായി നിലനിർത്താൻ വലിയ താൽപ്പര്യം ഉണ്ടായിരുന്നതിന്റെ ഫലമാണ് അവിടങ്ങളിലുള്ള ഒട്ടനവധി സാംസ്‌കാരിക കൂട്ടായ്‌മകളും പരിപാടികളും. മാത്രമല്ല, ഇക്കഴിഞ്ഞ കാലങ്ങളിലെ സാങ്കേതികവിദ്യയുടെ വളർച്ചയും പ്രത്യയശാസ്‌ത്രപരമായ മാറ്റങ്ങളും എല്ലാതരം ആളുകളെയും എവിടെപ്പോയാലും സമുദായങ്ങളായി സ്വയം കണ്ട്‌ ആചാരാനുഷ്ഠാനങ്ങൾ, ആഘോഷങ്ങൾ ഒക്കെ പിന്തുടരാൻ സഹായിക്കുന്നുണ്ട് എന്നു തോന്നുന്നു.


സ്വസമുദായം എന്ന ആശയത്തോട് ചേർന്നുതന്നെ വരുന്ന സ്വത്വപ്രതിസന്ധികൾ കൂടി നമുക്ക് കാണാതിരിക്കാനാവില്ലല്ലോ. ഭൂരിപക്ഷ സമുദായങ്ങൾ ന്യൂനപക്ഷ സമുദായങ്ങളെ ഭയപ്പെടുത്താൻ അനേകം മാർഗങ്ങൾ സ്വീകരിക്കുന്നതും ചെറിയവർ പ്രതിരോധിക്കുന്നതും നമ്മൾ നിരന്തരം കാണുന്നു. ഇത്തരം വംശീയപ്രശ്നങ്ങൾ തീവ്രമായി അനുഭവപ്പെട്ട ഒരു കാലത്തിലൂടെയാണ്‌ മണിപ്പുർ കടന്നുപോവുന്നത്‌. താങ്കൾ ഈ പ്രശ്നങ്ങളെ എങ്ങനെ നോക്കിക്കാണുന്നു? താങ്കളുടെ ‘My Invented Land’ (എന്റെ കൽപ്പിത ദേശം) എന്ന സമാഹാരത്തിന്റെ പേര് തന്നെ ഇതിനൊരു സൂചനയാണ് എന്നു തോന്നുന്നു.

= ഒരു കവി എന്ന നിലയിൽ രാഷ്‌ട്രീയമായി പ്രതികരിക്കാൻ എന്റെ മേൽ സമ്മർദമുണ്ട്, പക്ഷേ പലപ്പോഴും നേരിട്ട് പ്രതികരിക്കാൻ അശക്തനാണെന്ന് എനിക്ക് തോന്നാറുണ്ട്. കവിത ഒരു മുദ്രാവാക്യമായി മാറണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ആരാധിക്കുന്ന കവികൾ ചരിത്ര സംഭവങ്ങളെ നേരിട്ട് പേരെടുത്തുപറഞ്ഞ്‌ ഉടനടി കവിത എഴുതാറല്ല പതിവ്. പകരം, അവർ ചരിത്രത്തിന്റെ ആഴത്തിലുള്ള പാറ്റേണുകൾ വെളിപ്പെടുത്തുന്നു. അക്രമത്തിന്റെ ചാക്രിക സ്വഭാവം, മനുഷ്യന്റെ പ്രതിസന്ധികളുടെ തുടർച്ച എന്നിവ ചൂണ്ടിക്കാണിക്കുന്നു. ഇവ സവിശേഷ സാഹചര്യങ്ങൾക്ക് അതീതമായ സത്യങ്ങളാണ്. എന്റെ കാഴ്‌ചപ്പാടിൽ കവിത എന്നത് അത്തരം സാർവലൗകിക സത്യങ്ങളെ കവിയുടെ മൗലികതയിൽ നിന്നുകൊണ്ട് തന്നെ അനാവരണം ചെയ്യലാണ്.


മാത്രമല്ല, തദ്ദേശീയത, തനത് സംസ്‌കാരം എന്നീ ആശയങ്ങളുമായി ഞാൻ നിരന്തരം മല്ലടിക്കാറുണ്ട്. പ്രകൃതി, അതുമായി ഇഴചേർന്നു കിടക്കുന്ന സംസ്‌കാരത്തിന്റെ അലകൾ... ഇവയാണ് കവിതയെ നിലനിർത്തുന്നത്. എന്നാൽ അവ ചരിത്രപരവുമാണ്, നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. അപ്പോൾ ഒരു സംസ്‌കാരത്തെ കൃത്രിമമായി സംരക്ഷിക്കണം എന്നു വാദിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. മാറേണ്ടത് മാറും, മറയേണ്ടത് മറയും. എന്നാൽ നിങ്ങൾ പറഞ്ഞതു പോലെയുള്ള അക്രമം, വലിയ സമുദായങ്ങൾ ചെറിയവയോട് ചെയ്യുന്നത് സ്വീകാര്യവുമല്ല. അത് ചെറുക്കുക തന്നെ വേണം. അത് നീതിയുടെ പ്രശ്നമാണ്. എന്നാൽ ഒരിക്കലും തുല്യത പ്രായോഗികമായിട്ടില്ല എന്നും നമ്മളോർക്കണം.


ഉദാഹരണത്തിന്, ഞാൻ ഉൾപ്പെടുന്ന മെയ്‌തെയ് സമുദായം എന്റെ നാട്ടിലെ ഭൂരിപക്ഷ സമുദായമാണ്. മെയ്‌തെയ് സമൂഹം 2000 വർഷത്തിലധികം പഴക്കമുള്ള ഒരു ചരിത്രത്തിന്റെ ഭാഗമാണ് എന്നും ഒരു സ്വതന്ത്ര രാജ്യമായി നിലനിന്നിരുന്നു എന്നും അതിന്റെ സാംസ്‌കാരിക പൈതൃകം, എഴുതപ്പെട്ട ചരിത്രം, സാഹിത്യം ഒക്കെ അതിനു മൂല്യം നൽകുന്നു എന്നും പറയുന്നു. ഇത് വാസ്‌തവപരമായി ഒരു പരിധിവരെ ശരിയായിരിക്കാം. എന്നാൽ ഇന്ത്യൻ യൂണിയനിൽ ചേർന്ന ശേഷം നാഗാസ്, കുക്കീസ്, കൂടാതെ കോം (മേരി കോമിന്റെ സമൂഹം) പോലുള്ള ചെറിയ സമൂഹങ്ങളും ഈ സംസ്ഥാനത്തിന്റെ ഭാഗങ്ങളാണ് എന്ന സത്യവും അംഗീകരിക്കേണ്ടതാണ്. അവരുടെ പഴക്കം, ചരിത്രഗതി, വലിപ്പം, ജനസംഖ്യ എന്നിവ എന്തുതന്നെയായാലും ഈ അംഗത്വത്തിൽ എല്ലാവർക്കും തുല്യാവകാശങ്ങൾ ഉണ്ടായിരിക്കണം. ഒരു ആധുനിക രാഷ്‌ട്രത്തിന്റെ ഭാഗമാകുന്നതിന്റെ അർഥം തുല്യ പങ്കാളിത്തവും സമത്വബോധവുമാണ്. ഭൂരിപക്ഷാധിപത്യം അംഗീകരിക്കാനാവില്ല. ഇതൊക്കെ നമുക്ക് അറിയാവുന്ന കാര്യങ്ങളാണ്. എന്നാൽ എന്റെ സമുദായത്തെക്കുറിച്ച് ഞാൻ ലജ്ജിച്ച സംഭവങ്ങളാണ്‌ അടുത്തകാലത്തുണ്ടായത്‌.

കുക്കികൾ ഇന്ത്യയുടെ പൗരന്മാരാണ്; അവർ മണിപ്പുർ സംസ്ഥാനത്തിന്റെ ഭാഗമാണ്. അവർ കൊളോണിയൽ കാലത്ത് ബർമയിൽനിന്ന് കുടിയേറിയവരാണ്. മ്യാൻമറിലെ പ്രതിസന്ധിയും മണിപ്പുരിലെ സാഹചര്യത്തെ ബാധിച്ചിട്ടുണ്ട്. ഗ്രേറ്റർ നാഗാലാൻഡ്, കുക്കിലാൻഡ് എന്നിവയ്‌ക്കായി പ്രസ്ഥാനങ്ങളും നിലനിൽക്കുന്നു.


2023ൽ നടന്ന സംഘർഷത്തിൽ മെയ്‌തെയ് വംശജർ അക്രമം ആരംഭിച്ചിട്ടില്ലെന്ന കാര്യം ഞാൻ അംഗീകരിക്കുന്നു. കേന്ദ്രവും സംസ്ഥാനവും വളരുന്ന സംഘർഷങ്ങളെക്കുറിച്ച് മുമ്പേ അറിഞ്ഞിരുന്നു. ആ വർഷം മെയ് മൂന്നിനാണ് ആദ്യ അക്രമസംഭവം ഉണ്ടായത്. ഒരു മെയ്‌തെയ് ഗ്രാമം കുക്കികൾ ആക്രമിച്ചു.

നോർത്ത് ഈസ്റ്റിലെ മല-‐താഴ്‌വര വിഭജനം സ്വാഭാവികമല്ല; അത് ബ്രിട്ടീഷുകാർ അവരുടെ സൗകര്യത്തിന് വേണ്ടി സൃഷ്ടിച്ചതാണ്. താഴ്‌വരകളിൽ മലകളും മലകളിൽ താഴ്‌വരകളും ഉള്ള ഭൂമിശാസ്‌ത്ര യാഥാർഥ്യത്തോട്‌ അത് പൊരുത്തപ്പെടുന്നില്ല.

ചുരാചന്ദ്പുരിൽ സമതലഭൂമിയാണ് കൂടുതലും. എന്നാൽ, അവിടെ പ്രധാനമായും കുക്കി ഗോത്രക്കാരാണ് താമസിക്കുന്നത്. ആംഗ്ലോ-‐കുക്കി യുദ്ധത്തെ അനുസ്മരിക്കുന്ന ഒരു സ്മാരക കവാടം മെയ്‌തെയ് സമൂഹം കത്തിക്കാൻ ശ്രമിച്ചു എന്നായിരുന്നു അവരുടെ വാദം. എന്നാൽ അത് കെട്ടിച്ചമച്ച ഒരു വാദമാണെന്ന് പറയപ്പെടുന്നു. തുടർന്ന് അവർ അവിടെയുള്ള മെയ്‌തെയ് ഗ്രാമങ്ങളെ ആക്രമിച്ചു. ഈ വാർത്ത ഇംഫാലിൽ എത്തിയപ്പോൾ അവിടെയുള്ള മെയ്‌തെയ് ജനങ്ങൾ നിയന്ത്രണം വിട്ട്‌ കുക്കി ജനതയെ ആക്രമിച്ചു. എന്റെ സ്വന്തം സമൂഹത്തെക്കുറിച്ച് എനിക്ക് നിരാശയുണ്ട്.


സംസ്ഥാനവും കേന്ദ്രവും നോക്കിനിന്നു. ഇതിനെക്കുറിച്ച് പല ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉണ്ട്, എന്നാൽ അതിലേക്ക് ഇവിടെ കടക്കേണ്ടതില്ല.

ദൗർഭാഗ്യവശാൽ, ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നത് മത്സരിക്കുന്ന ഐഡന്റിറ്റികളെക്കുറിച്ചാണ്. അല്ലാതെ കവിതയിലും പാട്ടിലും ഐതിഹ്യങ്ങളിലും കഥകളിലും നിന്ന്‌ നമ്മെ സമ്പന്നരാക്കുന്ന സ്വത്വബോധത്തെക്കുറിച്ചല്ല. ഞാൻ പക്ഷേ, ഇതിനെ ചരിത്രത്തിലെ ഒരു അപവാദമായി കാണുന്നില്ല; മറിച്ച് വലിയൊരു അക്രമചക്രത്തിന്റെ ഭാഗമായിട്ടാണ് കാണുന്നത്. അതിന് ഒരവസാനവുമില്ല.

മഹത്തായ കവികൾ അത് മനസ്സിലാക്കിയിരുന്നു. മഹ്‌മൂദ് ദർവീഷ്‌ അത്തരത്തിലൊരു കവിയാണ്. തങ്ങൾക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളിലൂടെ സർവലൗകികത കണ്ടെത്താൻ ശ്രമിച്ചു. പ്രകൃതിയിലും ചക്രാകാരമായ അക്രമവും ദുരന്തങ്ങളും ഉണ്ട്; അത് നമ്മളിലും നിലനിൽക്കുന്നു. അതിനെ നമ്മൾ ആഗ്രഹിച്ചാൽ അകറ്റാനാവില്ല. എന്നാൽ, സന്തോഷം എന്നത് ബോധപൂർവം സൃഷ്ടിക്കുകയും കഷ്ടപ്പെട്ട് നിലനിർത്തുകയും ചെയ്യേണ്ട ഒന്നാണ്. നിക്കോളാസ് ഗിയെൻ (Nicolas Guillan) എന്നെ ഈ വിഷയങ്ങളിൽ ചിന്തിക്കാൻ പ്രചോദിപ്പിക്കുന്ന മറ്റൊരു കവിയാണ്, ആഫ്രിക്കൻ വംശജനായ ക്യൂബൻ കവി. വർണ, വംശ, ഭാഷാ വ്യവസ്ഥകളുടെ സങ്കീർണതകൾ മനസ്സിലാക്കാൻ, രാഷ്‌ട്രീയപരമായി അവയെ തരണം ചെയ്യാൻ ശ്രമിച്ച കവി.


എനിക്കേറ്റവും പ്രിയപ്പെട്ട കവി ഔഡൻ ദുരിതത്തെക്കുറിച്ച് ഒരു മനോഹരമായ കവിത എഴുതിയിട്ടുണ്ട്:

“ദുരിതത്തെക്കുറിച്ച് അവർക്ക്

ഒരിക്കലും തെറ്റിയിട്ടില്ല

ആ പഴയ മഹാന്മാർക്ക്;

എത്ര നന്നായി അവർ

മനസ്സിലാക്കിയിരുന്നു

അതിന്റെ മാനുഷിക നില.

അത് സംഭവിക്കുന്നതെങ്ങനെയെന്നും.

മറ്റു വല്ലവരും ഭക്ഷണം കഴിക്കുമ്പോൾ,

ഒരു ജനാല തുറക്കുമ്പോൾ,

അല്ലെങ്കിൽ മന്ദഗതിയിലതിലേ

നടന്നുപോകുമ്പോൾ.” (ലളിതകലാ മ്യൂസിയം)

ചരിത്രത്തിന്റെ കപടതയെക്കുറിച്ച് ‘വേസ്റ്റ് ലാൻഡി’ൽ ടി എസ്‌ എലിയറ്റ്‌ പറഞ്ഞതും ഞാൻ ഓർക്കാറുണ്ട്:

“ഇത്തരത്തിലുള്ള അറിവിന് ശേഷം,

എന്ത് ക്ഷമ?

ഇപ്പോൾ ചിന്തിക്കൂ

ചരിത്രത്തിന് അനേകം കപട വഴികളും

കൃത്രിമ ഇടനാഴികളും ഉണ്ട്;

അത് വളഞ്ഞു പുളഞ്ഞ

ആഗ്രഹങ്ങളിലൂടെ

നമ്മെ വഞ്ചിക്കുകയും,

നമ്മുടെ അഹങ്കാരങ്ങളിലൂടെ

നമ്മെ നയിക്കുകയും ചെയ്യുന്നു.”


തദ്ദേശീയത, ദേശീയ സംസ്‌കാരം എന്നിവ, പ്രത്യേകിച്ച് വടക്കുകിഴക്കൻ സംസ്‌കാരത്തെക്കുറിച്ച്, പുറത്തുള്ളവരും പഠിക്കുന്നു. അവരും ഇതിലേക്ക് സംഭാവനകൾ ചെയ്യുന്നു. സംസ്‌കാരസംരക്ഷണം എന്ന ചോദ്യത്തിൽ എനിക്ക് ഇന്നുവരെ തൃപ്തികരമായ ഒരു മറുപടി കണ്ടെത്താനായിട്ടില്ല എന്നതാണ് സത്യം. മുന്നും പിന്നും നോക്കാതെയുള്ള ഐഡന്റിറ്റി പ്രഖ്യാപനങ്ങളുടെ അനുകൂലിയല്ല ഞാൻ. പല പ്രശ്നങ്ങളും സ്വത്വരാഷ്‌ട്രീയത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്.

മെയ്‌തെയ് സമൂഹം കൂടുതൽക്കൂടുതൽ വ്യക്തികേന്ദ്രിതവും സ്വാർഥവും അഴിമതിയിലാഴ്‌ന്നതുമായി വരുന്നു എന്നാണെന്റെ നിരീക്ഷണം. പ്രാഥമികമായി വംശീയമോ വർഗീയമോ ആയ സമൂഹമല്ല അത്. എല്ലാവരും അധികാരത്തിലുള്ള ആരെയെങ്കിലും കൂട്ടുപിടിച്ച് കാര്യങ്ങൾ നടത്തിയെടുക്കുന്നു. അഴിമതി ശ്വാസം എടുക്കുന്നതുപോലെ വ്യാപകമാണ്. അവിടെയുള്ള എല്ലാ സമുദായങ്ങളും ഏതെങ്കിലും രീതിയിൽ മയക്കുമരുന്ന് വ്യാപാരത്തിലും പോപ്പി കൃഷിയിലും പങ്കാളികളാണ്. വിവിധ സമൂഹങ്ങളെപ്പറ്റി ആലോചിക്കുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത്, മിസോകൾ മറ്റുള്ളവരെക്കാൾ കൂടുതൽ ദാനശീലമുള്ളവരാണ് എന്നാണ്.

മണിപ്പുരിലെ ജാതിവ്യവസ്ഥ വളരെ ഉപരിപ്ലവമാണ്. 16‐ാം നൂറ്റാണ്ട് മുതൽ പരക്കാൻ തുടങ്ങിയ ഹിന്ദുമതം 18‐ാം നൂറ്റാണ്ടിൽ ഔദ്യോഗിക മതമായി. അതിന്റെ ഭാഗമായി ബംഗാളിൽനിന്ന് ബ്രാഹ്മണ പുരോഹിതന്മാരെ കൊണ്ടുവന്നതോടൊപ്പം ജാതിവ്യവസ്ഥയും എത്തി. ഇംഫാലിൽ ഇന്നും വർഗവ്യവസ്ഥയാണ് കൂടുതൽ പ്രാധാന്യമുള്ള ഘടകം എന്നാണ് എനിക്ക് തോന്നുന്നത്.


? ഈ നിലപാട് സ്വന്തം നാട്ടിൽ സ്വീകാര്യമാവാൻ സാധ്യതയില്ലല്ലോ. ഒറ്റപ്പെടുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ. ഒറ്റപ്പെടുന്നത് കവികൾക്ക് പുത്തരിയാവില്ലെങ്കിലും.

= ഇത് ഒറ്റപ്പെട്ട ഒരു നിലപാടാണ്. എല്ലാവരും വ്യത്യാസം, തനിമ എന്നിവയിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അനന്യമായതിന്റെ നഷ്ടത്തെക്കുറിച്ച് ആശങ്കപ്പെടുന്നു. നാട്ടിൽ ഇതിനെക്കുറിച്ച് എനിക്ക് തുറന്ന് സംസാരിക്കാൻ കഴിയാത്ത രാഷ്‌ട്രീയ വൈകാരിക സാഹചര്യമാണ്. ബഹുസ്വരമായ സംസ്‌കാരമുള്ള ഒരു നാട്ടിൽ, ആരെങ്കിലും സ്വത്വം ശക്തമായി പ്രഖ്യാപിക്കാൻ ശ്രമിക്കുമ്പോൾ അത് സമാധാനത്തിന് ഭംഗം വരുത്തുന്നു എന്നതാണ് എന്റെ അനുഭവവും വിശ്വാസവും.

വ്യത്യാസങ്ങൾ മാത്രം അന്വേഷിക്കുന്നത് ‘അന്യത്വം’ സൃഷ്ടിക്കുന്നു. അത് പല പ്രശ്നങ്ങൾക്കും വഴിതുറക്കുന്നു. ഇത് എല്ലാവരെയും ബാധിക്കുന്നു.

ഗാസയിലോ ഇറാനിലോ മനുഷ്യരുടെ നഷ്ടം അതീവ ഭീകരമാണ്. ചിലപ്പോൾ എഴുത്തുകാരായ നമ്മൾ സംസാരിക്കണം, പ്രതികരിക്കണം എന്ന് എല്ലാവരും പറയും. എന്നാൽ ഞാൻ അതിനെ പൂർണമായി അംഗീകരിക്കുന്നില്ല. പക്ഷേ സ്വതന്ത്രരും ആത്മാഭിമാനമുള്ളവരുമായ എഴുത്തുകാർക്ക് ആരെങ്കിലും എന്തെഴുതണമെന്ന് നിർദേശിക്കുന്നത് അസ്വീകാര്യമാണ്. ഇത് ഒരു ഗ്രേ ഏരിയയാണ്.

നേരത്തെ സൂചിപ്പിച്ചതുപോലെ, ഞാൻ ആദരിക്കുന്ന മഹാകവികൾ പ്രത്യേക സംഭവങ്ങളെക്കുറിച്ച് നേരിട്ട് സംസാരിക്കാറില്ല. സ്‌പാനിഷ് ആഭ്യന്തരയുദ്ധത്തെക്കുറിച്ച് നെരൂദ ഒരു കവിത എഴുതിയിട്ടുണ്ട്. അതിൽ മരിച്ച ഉറ്റ സുഹൃത്ത് കവി, ലോർകയെക്കുറിച്ച് പറയുന്നുണ്ട്‌. ഫ്രാങ്കോയുടെ സൈന്യം ലോർകയെ വധിച്ചു. നെരൂദ അവനെക്കുറിച്ച് ദുഃഖിക്കുന്നു; ഗ്വേർണിക്കയെക്കുറിച്ചും സൂചിപ്പിക്കുന്നു. എന്നാൽ ഇവയൊന്നും നേരിട്ട് പറയുന്നില്ല. നെരൂദയെയും ഔഡനെയും പോലുള്ള കവികൾ സർവസാധാരണമായ സത്യങ്ങളെയാണ് എടുത്തുകാട്ടുന്നത്. ഉദാഹരണത്തിന്, ഒരു കുട്ടിയെ നിങ്ങൾ കൊല്ലുകയാണെങ്കിൽ അടുത്ത കുട്ടി കൈയിൽ തോക്കുമായി ജനിക്കും എന്ന് നെരൂദ പറയുന്നു.


‘റോബിൻ എസ് ങാങ്ഗോമിന്റെ വിചിത്ര ഇടപാട്’ എന്ന പേരിൽ എന്റെ ഒരു ദീർഘകവിതയുണ്ട്. കലാപഭൂമിയിലൂടെ കവി നടത്തുന്ന ഒരു കൽപ്പിത യാത്രയെ ആസ്‌പദമാക്കി എഴുതിയത്, ഒരു പരിധിവരെ അത്‌ ഒരു നാർസിസിസ്റ്റിക് കവിതയാണ്.

“നമ്മുടെ ഭൂതകാലം ശുദ്ധമാണെന്ന്

നാം വിശ്വസിക്കുന്നു,

അതേസമയം നമ്മൾ തലവെട്ടുകയും

അടിമകളെ പിടിച്ചുകൊണ്ടുപോകുകയും

ചെയ്‌തിരുന്നു.

ദുഷ്ടലാക്കോടെ നാം

ചരിത്രം കെട്ടിച്ചമയ്‌ക്കുമ്പോൾ,

ഓർമ വളരെപ്പെട്ടെന്നു

കത്തിത്തുടങ്ങുന്നു.”

ഈ കവിതയിൽ പ്രകൃതിയുടെ ചൂഷണം സ്‌ത്രീകളുടെ ചൂഷണത്തോടും ബന്ധിപ്പിച്ചിരിക്കുന്നു:

“മർദിക്കപ്പെട്ട ഭൂതകാലം പോലെ

നിന്റെ ശരീരത്തിൽ വടുക്കൾ

എന്റെ പൊന്നിന്റെ

ചന്ദ്രകാന്തിയുള്ള ഉടലിൽ

ആരിങ്ങനെ ചാപ്പ കുത്തി?

ആര് നിന്നെ ഒരു കളിപ്പാവയാക്കി?”

മണിപ്പുരിലെ അമ്മമാർ നഗ്നരായി പ്രതിഷേധിച്ചത് ഓർമയില്ലേ? സായുധസേന സ്‌ത്രീകൾക്കുനേരെ നടത്തിയ അനവധി ആക്രമണങ്ങൾക്കു ശേഷമുണ്ടായത്. അതിന്റെ പശ്ചാത്തലത്തിലാണ് ഇതിനെ കാണേണ്ടത്.

അതുപോലെ, ഓരോ സായുധ സമരത്തിലും മരിക്കുന്ന, അല്ലെങ്കിൽ മയക്കുമരുന്നിന് അടിമപ്പെട്ട്, അല്ലെങ്കിൽ അതിന്റെ കള്ളക്കടത്തിലും അനുബന്ധ ആക്രമണങ്ങളിലും പെട്ട് കിടക്കുന്ന നമ്മുടെ യുവാക്കൾക്ക് ജീവിക്കാൻ ഒരവസരം ഉണ്ടായില്ല.

“…അർഥശൂന്യമായ

ആശയക്കുഴപ്പത്തിൽ മരിച്ച

യുവാക്കളുടെ ശവക്കുഴികൾ

മാത്രമാണ് നഗരത്തിലേക്കുള്ള

വഴികാട്ടികൾ.”


(‘റോബിൻ എസ് ങാങ്ഗോമിന്റെ വിചിത്ര ഇടപാട്’, 2006ൽ പുറത്തിറങ്ങിയ വേരുകളുടെ കാമനകൾ എന്ന സമാഹാരത്തിലേത്.)

മണിപ്പുരിനെക്കുറിച്ചുള്ള എന്റെ ധാരണയെ ശക്തിപ്പെടുത്തുന്നതാണ് ഇതിനുപിന്നിലെ അനുഭവങ്ങൾ. ഞാൻ അതിൽ സത്യസന്ധനാണ്. ഇത് എന്റെ സമൂഹത്തിന് ഇഷ്ടമാവില്ല. പരസ്‌പരസ്‌നേഹത്തിന്റെ അഭാവം, വൈരാഗ്യം എന്നിവ നമ്മെ സ്വാർഥ വ്യക്തികളാക്കി മാറ്റിയിട്ടുണ്ട്. ഇവ കവിതയ്‌ക്ക്‌ പ്രചോദനമാകാൻ പ്രയാസമുള്ള വിഷയങ്ങളാണ്.

‘Mad Ireland hurt you into poetry’ എന്ന് ഔഡൻ, യേറ്റ്‌സിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. അതിനെ കടംകൊണ്ട് പറയുകയാണെങ്കിൽ, ഇന്ന് ‘ഭ്രാന്തമായ മണിപ്പുർ എന്നെ മുറിപ്പെടുത്തി കവിതയിലേക്ക് എത്തിച്ചു...’ എന്നാണ് ഞാൻ പറയുന്നത്.

ഇങ്ങനെ കവിതയിലൂടെ മറ്റു രാജ്യങ്ങളിലുമുള്ള സമാനമായ കിറുക്കന്മാരെ ഞാൻ തിരിച്ചറിഞ്ഞു. നെരൂദയുടെയും പോളിഷ് കവി ആഡം സഗയേവ്‌സ്‌കിയുടെയും പാതയിൽ, ആ കിറുക്കിൽ ഞാൻ സർവസാധാരണത്വം കണ്ടെത്തുന്നു.

മണിപ്പുരിലെ ഗ്രാമക്കാഴ്‌ചമണിപ്പുരിലെ ഗ്രാമക്കാഴ്‌ച

ഞാൻ എന്റെ ജനങ്ങളുടെ മുൻവിധികളെയും അവരുടെ ചരിത്രകഥകളെയും ചോദ്യം ചെയ്യുന്നു. ഒരു കവിയെന്ന നിലയിൽ നമ്മുടെ വിശ്വാസങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് ശരിയായത് നാളെ ശരിയാകണമെന്നില്ല. ‘എത്‌നിക് ക്ലെൻസിങ്‌’ (വംശീയ ഉന്മൂലനം) എന്ന പദം ഞാൻ നോർത്ത് ഈസ്റ്റിലെ അക്രമത്തെ സൂചിപ്പിക്കാൻ മുമ്പ്‌ ഉപയോഗിച്ചിരുന്നു; അതിന്റെ യഥാർഥ അർഥം മനസ്സിലാക്കാതെ. പിന്നീട് മറ്റു സ്ഥലങ്ങളിലെ അക്രമത്തിന്റെ തോതും ആഴവും കണ്ടപ്പോൾ മനസ്സിലായി, ഇവിടെ അത്രയും സംഭവിച്ചിട്ടില്ല. അങ്ങനെ ആ വാക്ക് ഉപയോഗിക്കാതെയായി.

ഇത്തരം സംഘർഷങ്ങൾ ഒരു വലിയ ചോദ്യത്തിലേക്ക് നയിക്കുന്നു: നമ്മൾ എല്ലാവരും കുടിയേറ്റക്കാരല്ലേ? മനുഷ്യർ എല്ലാം എവിടെയോ നിന്ന് വന്നവരാണ്. അതിനാൽ ‘തദ്ദേശീയത’ എന്ന ആശയം തന്നെ സംശയാസ്‌പദമാകുന്നു. ശരിക്കും സ്വദേശികൾ മരങ്ങളും നദികളും മലകളും ചില മൃഗങ്ങളും പക്ഷികളും മാത്രമാണ്.

ഈ ആശയം വ്യക്തിപരമായി നിലനിർത്തുമ്പോൾ പ്രശ്നമില്ല. എന്നാൽ അത് രാഷ്‌ട്രീയ ആയുധമാകുമ്പോൾ ഹിംസയിലേക്ക് നയിക്കുന്നു. പലസ്‌തീനിയൻ കവി ഫദ്‌വ തുകാൻ പറഞ്ഞത്: “നീ ഒരു ദേശത്തെ സ്‌നേഹിക്കുന്നുവെങ്കിൽ അതിലെ ജനങ്ങളെയും സ്‌നേഹിക്കണം.”

ഞാൻ എന്റെ ദേശത്തെ സ്‌നേഹിക്കുന്നു; പക്ഷേ അതിലെ ജനങ്ങളെ സ്‌നേഹിക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടാണ്. നാസികൾ തടവിലിട്ട, ഹംഗേറിയൻ കവി മിക്ലോഷ് റാഡ്നോട്ടിയുടെ അനുഭവം പോലെ, എന്റെ നാട്ടിലും നിർദോഷരായ മനുഷ്യർ ഇപ്പോഴും ജീവിക്കുന്നു. അവരെ നോക്കി നോക്കി ഞാൻ എന്റെ സ്‌നേഹം നിലനിർത്തുന്നു.


‘സ്വദേശത്തുനിന്ന് ഒരാൾക്ക്‌ എവിടേക്കാണ് ഓടിപ്പോകാൻ കഴിയുക?’ ഈ ചോദ്യത്തിന് എനിക്ക് ലഭിച്ച മറുപടി നിരാശാജനകമാണ്. സ്വദേശം തന്നെ ഒരാളുടെ തടവറയായി മാറാം.

? ഉത്തരം കണ്ടെത്താൻ എളുപ്പമുള്ള ദിശകളിലേക്ക് അല്ല നമ്മുടെ സംസാരം പോയത്. പക്ഷേ കവികൾക്ക്, കവികളെ വായിക്കുന്നവർക്കും, അങ്ങനെ നിയതമായ ഉത്തരം വേണമെന്നുണ്ടോ. കവിതയുടെ infrastrcture അല്ലെങ്കിൽ ഭൗതികമായ ജീവിതത്തിലേക്ക് ഒന്നു നോക്കിയാൽ, ഇപ്പോഴത്തെ കവിതാസംഗമങ്ങളെക്കുറിച്ച്/ഉത്സവങ്ങളെക്കുറിച്ച് 40 വർഷമായി കവിതയെഴുതുന്ന താങ്കൾക്ക് എന്ത് തോന്നുന്നു. ഞങ്ങളുടെ നാട്ടിലെ കവിതാകാർണിവലിൽ അതിഥി ആയി എത്തിയ സന്ദർഭത്തിൽ ഈ ആലോചന പ്രസക്തമെന്ന് കരുതുന്നു.

= കവിതയിൽ ആളുകൾ കൂടുതലായി അധ്വാനിക്കുന്നില്ല, അതിൽ മതിപ്പ് കാണുന്നില്ല... ‘മനുഷ്യൻ’ എന്നതും ‘വിജയിയായ മനുഷ്യൻ’ എന്നതും രണ്ടാണ്. വിജയിയായ കവി എന്നു പറഞ്ഞാൽ എന്തായിരിക്കും അർഥം? സൃഷ്ടിപരതയുള്ള എഴുത്തുകാർക്ക് സ്വാതന്ത്ര്യം നൽകണമെന്ന് പറഞ്ഞാൽ ഞാനതിനെ കാണുന്നത്, എന്റെ വാക്കുകൾ എടുത്തുകളഞ്ഞാൽ ഞാൻ മരിച്ചുപോവുകയോ അതിലും മോശമായ ജീവിതം ജീവിക്കുകയോ ചെയ്യും എന്നാണ്. ഞാൻ ആരെയും കുറ്റപ്പെടുത്താൻ ശ്രമിക്കുകയല്ല. എന്നാൽ കോർപറേറ്റ് സ്ഥാപനങ്ങൾ സ്‌പോൺസർ ചെയ്യുന്ന വലിയ സാഹിത്യോത്സവങ്ങൾ നമ്മുടെ പ്രചോദകങ്ങളെ (muses) നശിപ്പിക്കുന്നു. നമ്മുടെ ഏക വീടായ ഈ പ്രകൃതിയെ നശിപ്പിക്കുന്ന വൻകിട കമ്പനികൾ തന്നെ നമുക്ക് കവിതയെഴുതാനും വായിക്കാനും വേദി ഒരുക്കുമ്പോൾ അതെന്തൊരു വിരോധാഭാസമാണ്. മനുഷ്യരാണ് ഏറ്റവും അവിവേകികളും ചപലരുമായ ജീവികൾ. മണ്ണിനെയും ജീവന്റെ എല്ലാ അടരുകളെയും പടലങ്ങളെയും നാം തന്നെ വിഷമയമാക്കുന്നു. ഇലോൺ മസ്‌ക്‌ ചൊവ്വയിലേക്ക് രക്ഷപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഭൂമിയെ ഇനി വീണ്ടെടുക്കാൻ ആകാത്തവിധം നശിപ്പിച്ചു എന്നല്ലേ അർഥം?

ഞാൻ സമുദ്രമഥനം എന്ന പുരാണകഥയെ ആസ്‌പദമാക്കി ഒരു കവിത എഴുതിയിട്ടുണ്ട്. പാൽക്കടലിൽ നിന്ന് എല്ലാ നല്ല വസ്‌തുക്കളും കിട്ടിയ ശേഷവും നിർത്താതെ കടഞ്ഞ് കടഞ്ഞ് അവസാനം വിഷം ഉയർന്നുവന്നത് പോലെയാണ് നമ്മുടെ പ്രവൃത്തികൾ. ഭാവിയിൽ ആരെങ്കിലും നമ്മെക്കുറിച്ച് കേൾക്കുകയാണെങ്കിൽ, ‘ലാഭ-ലോഭ-മോഹാദികൾ കൊണ്ടാണ് ഇവർ നശിച്ചത്’ എന്നു പറയുമെന്നു തോന്നുന്നു.

കവികൾക്ക് കൊടുക്കാവുന്നത് ഇത്രയേ ഉള്ളൂ. വാക്കുകളേക്കുറിച്ചുള്ള ഒരു ബോധം, അവയെ സമീപിക്കുമ്പോൾ വേണ്ട അനുകമ്പ, ക്ഷമ, അത്ഭുതപ്പെടാനുള്ള കഴിവ്, ദയ... മൃഗങ്ങൾ, പ്രകൃതി, ഇവയുമായി ബന്ധം...

ദർവീഷ്‌ പറഞ്ഞതുപോലെ, ഭൂമി സ്വയം നിശ്ശബ്ദയായി അവസാനത്തിലേക്ക് നീങ്ങുന്നു. ‘പക്ഷികൾ അവസാന ആകാശത്തിന് ശേഷം എവിടേക്കാണ് പറക്കുക?’ എഴുത്തുകാർ അധികാരവും രാഷ്‌ട്രീയവും വിട്ടുമാറാൻ ശ്രമിക്കുകയാണ് വേണ്ടത്.

കവിതാഫെസ്റ്റിവലുകളെക്കുറിച്ച് പറഞ്ഞത് ഏറെക്കുറെ എല്ലായിടത്തും ശരിയാണെങ്കിലും ഇവിടെ വന്നിട്ട് എനിക്ക് ലളിതവും എല്ലാവർക്കും പ്രാതിനിധ്യം ഉള്ളതും, എന്നാൽ കവിതയുടെ ഗൗരവം ചോർന്നുപോകാത്തതുമായ ഒരു പരിപാടി ആയാണ് തോന്നുന്നത്.

മലയാളികളുടെ പ്രത്യേകതയാവുമോ ഈ ലാളിത്യം? മലയാള കവിത പരിചയപ്പെട്ടത് സച്ചിദാനന്ദൻ വഴിയാണ്, അദ്ദേഹത്തിന്റെ വിവർത്തനങ്ങളും ആദ്യകാല ലിറിക്കൽ കവിതകളും എനിക്ക് ഏറെ ഇഷ്ടമാണ്, ‘Hymn to Wine’ പോലുള്ളവ.


? സംഗീതത്തെക്കുറിച്ച് പറഞ്ഞതുകൊണ്ട് എല്ലാവർക്കും സന്തോഷം തരുന്ന ആ വിഷയം തന്നെ സംസാരിച്ചു നമുക്ക് ഈ സംഭാഷണം തൽക്കാലം അവസാനിപ്പിക്കാം. എന്തൊക്കെയാണ് ഈ കവിയുടെ സംഗീത അഭിരുചികൾ. ലളിതം/ശാസ്‌ത്രീയം, പാശ്ചാത്യം/പൗരസ്‌ത്യം അങ്ങനെ ഒക്കെ പ്രത്യേക വഴികൾ പിന്തുടരാറുണ്ടോ.

= ശാസ്‌ത്രീയ സംഗീതത്തിലേക്ക് ഞാനെത്തിയത് വളരെ വൈകിയാണ്. ബാല്യത്തിൽ ഞാൻ പഴയ ഹിന്ദി സിനിമാഗാനങ്ങൾ കേൾക്കുമായിരുന്നു‐ മുമ്പ് പറഞ്ഞതുപോലെ. ഞങ്ങളുടെ നാട്ടിൽ ഇത് സാധാരണമായിരുന്നു. ഹിന്ദി ഭാഷ പൂർണമായി അറിയാതിരുന്നാലും, ബോളിവുഡ് ഗാനങ്ങളെ സ്‌നേഹിച്ചിരുന്നു. പരസ്‌പരവിരുദ്ധമായൊരു സത്യമാണ് ഇത്‐നമ്മൾ മെയിൻലാൻഡിലെ ആളുകളിൽനിന്ന് വ്യത്യസ്‌തരാണെന്ന് തോന്നിയിരുന്നെങ്കിലും 1960‐കളിലെ ഗാനങ്ങൾ മുതൽ എല്ലാം നമ്മൾ ആസ്വദിച്ചു.

സ്‌കൂളിൽ പഠിക്കുമ്പോഴേക്കും 60‐കളിലെ റോക്കും പാശ്ചാത്യ പോപ്പും എനിക്ക് പരിചയമായി. എന്റെ സഹോദരങ്ങളാണ് അതിന് കാരണം‐ അവരെല്ലാം കൊൽക്കത്തയിലും ഷില്ലോങ്ങിലും പഠിച്ചിരുന്നു. അവർ കൊണ്ടുവന്ന സംഗീതം ഞങ്ങൾ ഗ്രാമഫോണിലും പിന്നീട് റേഡിയോയിലും കേൾക്കുമായിരുന്നു. ഷില്ലോങ്ങിലേക്ക് വന്നപ്പോൾ, ഇവിടെ സാർവത്രികമായ ഇംഗ്ലീഷ് ഭാഷയും മിഷണറി വിദ്യാഭ്യാസ സ്ഥാപനങ്ങളും കാരണം എല്ലാവരും ഇംഗ്ലീഷ് ഗാനങ്ങൾ കേട്ടിരുന്നു. ഇന്ത്യയുടെ റോക്ക് സംഗീതത്തിന്റെ തലസ്ഥാനം എന്നായിരുന്നു ഷില്ലോങ് അറിയപ്പെട്ടത്. ഷില്ലോങ്ങിൽ പാശ്ചാത്യ സംഗീതസംസ്‌കാരം ശക്തമായിരുന്നു. അവിടെ എല്ലാവർക്കും സംഗീതത്തോട്‌ പ്രണയം ഉണ്ടായിരുന്നു.

അതിനുശേഷം ഞാൻ ഏറെക്കാലം പാശ്ചാത്യ സംഗീതത്തിന്റെ പല രീതികളും കേട്ടു. 60‐കളിലെ പോപ്പ്, കൺട്രി, റോക്ക്, പിന്നീട് അതിന്റെ വിവിധ ശാഖകൾ, പിന്നെ ബ്ലാക്ക് സംഗീതജ്ഞരുടെ സംഗീതം‐ റെഗ്ഗേ, ബോബ് മാർലിയുടെ ഗാനങ്ങൾ, ജാസ്, ബ്ലൂസ്. ഒരുകാലത്ത് അതൊക്കെ അത്യന്തം ആവേശത്തോടെ കേട്ടിരുന്നു. ടേപ്പുകളുടെയും കാസറ്റുകളുടെയും വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു‐ റിഥം ആൻഡ് ബ്ലൂസ്, സോൾ തുടങ്ങിയവ.

യൂണിവേഴ്സിറ്റിയിൽ എത്തിയപ്പോൾ ഞാൻ ജഗ്‌ജീത് സിങ്ങിനെ കണ്ടെത്തി; തുടർന്ന് മെഹ്ദി ഹസൻ, ഗുലാം അലി, പിന്നെ പങ്കജ് ഉദാസ് എന്നിവരെ. അപ്പോഴാണ് എന്റെ സംഗീതയാത്രയ്‌ക്ക് ഒരു പുതിയ ദിശ ലഭിച്ചത്.

ശാസ്‌ത്രീയ സംഗീതത്തിലേക്ക് ഞാൻ എത്തിയതിന് കാരണം ഹിന്ദി സിനിമാഗാനങ്ങളായിരുന്നു. അവ ശാസ്‌ത്രീയ രാഗങ്ങളെ അടിസ്ഥാനമാക്കിയതാണ് എന്ന്‌ ഞാൻ തിരിച്ചറിഞ്ഞു. അതാണ് എന്നെ രാഗങ്ങളുടെ സ്വരലഹരികളിലേക്ക് ആകർഷിച്ചത്. സാങ്കേതിക അറിവൊന്നും ഒരിക്കലും ഇല്ലായിരുന്നു; ഞാൻ എന്റെ ചെവികളെ മാത്രമാണ് പിന്തുടർന്നത്. പാടാൻ പറ്റുന്ന ഭാഗങ്ങൾ പിൻപറ്റി അങ്ങനെ പോവുക എന്നതായി എന്റെ വഴി.

മാരു ബിഹാഗ്, യമൻ, കേദാർ തുടങ്ങിയ രാഗങ്ങൾ കേട്ടപ്പോൾ, അവയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ പഴയ സിനിമാപ്പാട്ടുകളെ തിരിച്ചറിയാൻ കഴിഞ്ഞു. ‘തും തോ പ്യാർ ഹോ…’ എന്ന് ഒരു പഴയ ഹിന്ദി ഗാനം കേൾക്കുമ്പോൾ തന്നെ രാഗം, മാരു ബേഹാഗ് ആണെന്നും ‘ജബ് ദീപ് ജലേ ആനാ’ യമൻ ആണെന്നും കണ്ടെത്താനായി. അതൊരു പുതിയ അനുഭവമായിരുന്നു. രോമാഞ്ചമുണ്ടാക്കുന്ന നിമിഷങ്ങൾ!


പിന്നീട് രാഗങ്ങളിൽ കൂടുതൽ താൽപ്പര്യം വളർന്നു. അത്ര സാധാരണമല്ലാത്ത രാഗ് കേദാർ, മെഹ്ദി ഹസന്റെ ഗസലിൽ കേട്ടപ്പോൾ അതിന്റെ വശ്യസൗന്ദര്യം ആകർഷിച്ചു. ഹേമന്ത് കുമാർ, തലത് മഹ്‌മൂദ്, ഇവരെ ഒക്കെ കേൾക്കാൻ പ്രിയം. ‘ഘനശ്യാം മോറെ…’ പോലുള്ള ഗാനങ്ങൾ എപ്പോഴും കേൾക്കും. ഹിന്ദുസ്ഥാനി സംഗീതം അതിന്റെ എല്ലാ ഘരാനകളും പാട്ടുരീതികളും നമ്മെ ആഴത്തിൽ പ്രചോദിപ്പിക്കുന്ന ശാന്തവും ആനന്ദകരവുമായ അനുഭവമാണ് എന്നാണ് തോന്നിയിട്ടുള്ളത്.


? താങ്കൾ എന്താണ് എഴുതിക്കൊണ്ടിരിക്കുന്നത്. താങ്കളുടെ ഈ മനോഹരമായ കൈപ്പട കണ്ടിട്ട് അതിയായ സന്തോഷം തോന്നുന്നു.

= ഹാ! എന്റെ സുഹൃത്തുക്കൾ പറയാറുണ്ട് ഇത്. ഇതൊരു കുറിപ്പാണ്, അൽപ്പം രാഷ്‌ട്രീയപരമായ ഒന്ന്. പക്ഷേ പ്രസിദ്ധീകരിക്കുമോ എന്നറിയില്ല. കയ്യെഴുത്ത് നന്നായിരിക്കാൻ വേണ്ടി അൻജും ഹസൻ എന്ന അടുത്ത സുഹൃത്തും (പ്രശസ്‌ത എഴുത്തുകാരി) ഞാനും പരസ്‌പരം കത്തുകൾ എഴുതാൻ തീരുമാനിച്ചു ഒരിക്കൽ. ജയന്ത മഹാപാത്രയുടെ കത്തുകളിലെ മനോഹരമായ കയ്യെഴുത്ത് ഓർക്കുന്നു.

പഴയ മെയ്‌തെയ്‌ പുസ്‌തകങ്ങളിലെ പാണ്ഡുലിപികൾ, തേളുകളും സിൽവർഫിഷും തിന്നുപോയവ, പഴയ ഈർപ്പമുള്ള വീടുകൾ പോലെ ഇപ്പോഴും നിലനിൽക്കുന്നു! അവയുടെ ഭംഗിയും ഓർക്കുന്നു .





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home