യാത്ര
നോർത്ത് ഈസ്റ്റ് നോട്ട്ബുക്ക് ‐12

വേണു
Published on Sep 29, 2025, 10:36 AM | 7 min read
മാർച്ച് 29, സീൽച്ചർ
ഇന്നു വിശ്രമം മാത്രമാണെന്ന് രാവിലെ കിടന്ന കിടപ്പിൽത്തന്നെ തീരുമാനിച്ചു. വൈകുന്നേരം വരെ അത് കൃത്യമായി പാലിക്കുകയും ചെയ്‌തു. വൈകിട്ട് പുറത്തിറങ്ങി കുറച്ചു നടന്നു. വലിയൊരു പള്ളി അലങ്കാരത്തിൽ മുങ്ങി പച്ച നിറത്തിൽ നിൽക്കുന്നുണ്ട്. ഇത് നോമ്പ് കാലമാണ്. നല്ല തിരക്കുണ്ട്. വിമാനത്താവളവും പഞ്ചനക്ഷത്ര ഹോട്ടലുകളും ഉള്ള വലിയൊരു പട്ടണമാണ് സീൽച്ചർ. ലോകത്തെ ആദ്യത്തെ പോളോ ക്ലബ് ഇവിടെയാണുള്ളത്. ലോകത്ത് ആദ്യമായി ഒരു പോളോ മത്സരം നടന്നതും ഇവിടെത്തന്നെയാണ്. സീൽച്ചർ പട്ടണത്തിനെ ചുറ്റിയൊഴുകുന്ന തൊള്ളായിരം കിലോമീറ്റർ നീളമുള്ള വലിയ നദിയാണ് ബരാക്. അതിന്റെ കരയിൽ കണ്ട വലിയ കെട്ടിടം ഒരു മദ്രസയാണ്. ഒരു സൂപ്പർ മാർക്കറ്റിൽ നിന്ന് ഗറില്ലാ ഭക്ഷണമായ ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും നിലക്കടലയും കിട്ടി. വഴിയരികിൽനിന്ന് കുറച്ച് പഴവും കൂടി വാങ്ങിയതോടെ നാളെ ഉനകോടി വഴി അഗർത്തല വരെയുള്ള 280 കിലോമീറ്റർ ദൂരം ഏഴര മണിക്കൂർകൊണ്ട് നേരിടാൻ ഞാൻ തയ്യാറായി.
ഉനകോടിയിലെ ശിൽപങ്ങൾ
പണ്ടൊരിക്കൽ പരമശിവനും പരിവാരങ്ങളും ഒരു യാത്രാമധ്യേ ഇവിടെയടുത്തൊരു കാട്ടുപ്രദേശത്ത് രാത്രി വിശ്രമിക്കാനെത്തി എന്നൊരു കഥയുണ്ട്. അപ്പോൾ അതുവഴി പോയ ഒരു സമീപവാസിക്ക് അന്തിവെളിച്ചത്തിലും ആളെ മനസ്സിലായി. അയാൾ പരമശിവന്റെ കാലിൽ വീണ് താനൊരു ശിൽപ്പിയാണെന്നും തന്നെക്കൂടി ശിവഗണങ്ങളോടൊപ്പം വരാൻ അനുവദിക്കണമെന്നും അപേക്ഷിച്ചു. ചുറ്റും നിൽക്കുന്ന വലിയ പാറക്കെട്ടുകളെ നോക്കി പരമശിവൻ പറഞ്ഞു, നാളെ സൂര്യനുദിക്കുന്നതിന് മുമ്പ് ഈ പാറകളിൽ ഒരു കോടി ശിൽപ്പങ്ങൾ കൊത്തിയെടുത്താൽ നിനക്ക് എന്റെ പരിവാരങ്ങളോടൊപ്പം ചേരാം. ശിൽപ്പി ഉടൻതന്നെ പണി തുടങ്ങി. സൂര്യനുദിച്ചതോടെ ശിൽപ്പി പണി നിർത്തി. എണ്ണി നോക്കിയപ്പോൾ ശിൽപ്പങ്ങൾ ഒരു കോടി തികഞ്ഞിട്ടില്ല. ഒരെണ്ണത്തിന്റെ കുറവുണ്ട്. അതാണ് ഉനകോടി എന്ന വാക്കിന്റെ അർഥം. ഒരു കോടിക്ക് ഒന്നു കുറവ്. നാളെ രാവിലെ ഉനകോടിയിലേക്കാണ് ആദ്യം പോകേണ്ടത്. അത് നാലര മണിക്കൂർ ദൂരെ ത്രിപുരയിലാണ്.
മാർച്ച് 30,
സീൽച്ചർ- ‐ ഉനകോടി ‐ അഗർത്തല
അടച്ചു പെയ്യുന്ന മഴയും വീശിയടിക്കുന്ന കാറ്റുമാണ് രാവിലെ വിളിച്ചുണർത്തിയത്. രണ്ടു ദിവസമായി കാര്യമായ മഴശല്യം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ പെയ്യുന്നത് പേമാരിയാണ്. കുറച്ചു നേരം മഴ നോക്കിനിന്നിട്ട് പോകാൻ തയ്യാറായി. ഹോട്ടലിൽ നിന്നിറങ്ങി അരമണിക്കൂറിനുള്ളിൽ മഴ നിന്നു. എങ്കിലും അന്തരീക്ഷം വിങ്ങിനിൽക്കുന്നു. വഴി ചെറുതാണെങ്കിലും യാത്രാസുഖമുണ്ട്. വീണ്ടുമൊരു വലിയ മഴ പെയ്യാനുള്ള ലക്ഷണങ്ങൾ മുന്നിലെ ആകാശത്തു കണ്ടുതുടങ്ങി. പെട്ടെന്ന് എടുത്തടിച്ചതുപോലെ മഴ വീണു. റോഡിനിരുവശവും ഇനിയും കൃഷിയിറക്കാത്ത പാടങ്ങളാണ്. വഴിയിൽ ഒന്നും രണ്ടുമായി വണ്ടികളുണ്ട്. മഴ നിന്നപ്പോൾ പാടങ്ങളുടെ കരയിൽ നല്ല പരിചയമുള്ള ഒരു മരത്തിന്റെ ചെറിയ തോട്ടങ്ങൾ കണ്ടുതുടങ്ങി. കോട്ടയംകാരുടെ ബോധിവൃക്ഷമായ റബർ മരങ്ങൾ ഇവിടെയും എത്തിയിരിക്കുന്നു. തോട്ടം പണിക്കാരുടെ ചെറിയ സംഘങ്ങൾ പനയോലയും മുളയും കൊണ്ടുണ്ടാക്കിയ വലിയ തൊപ്പിക്കുടകൾ ധരിച്ച് ധൃതിയിൽ നടന്നുപോകുന്നുണ്ട്. അസമിൽനിന്ന് ത്രിപുരയിൽ കടന്നോ എന്നു മനസ്സിലാകുന്നില്ല. അടുത്തു നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന്റെ അനക്കങ്ങളൊന്നും ഇവിടെയും കാണാനില്ല. ത്രിപുരയുടെ തെക്കും വടക്കും പടിഞ്ഞാറുമുള്ള അതിർത്തികൾക്കപ്പുറം ബംഗ്ലാദേശാണ്. കിഴക്കും വടക്കു കിഴക്കുമുള്ളത് മിസോറാമും അസമുമാണ്. ഞാനിപ്പോൾ പോകുന്ന വഴി ബംഗ്ലാദേശിന്റെ കിഴക്കെ അതിർത്തിയോട് തൊട്ടുചേർന്നു തെക്കോട്ടേക്കാണ്. ഇന്ത്യൻ സമതലങ്ങളിൽ നിന്നു മാത്രമല്ല, മറ്റു വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുപോലും ദൂരെ മാറി ഒരു മൂലയിലാണ് ത്രിപുരയുടെ സ്ഥാനം. വലുപ്പത്തിൽ രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണിത്.
തൊപ്പിക്കുടകൾ ധരിച്ച തോട്ടം പണിക്കാരുടെ സംഘം
രാവിലെ ആൾബഹളമില്ലാത്ത കാട്ടുവഴികളിൽക്കൂടി വണ്ടി ഓടിക്കുമ്പോൾ ഒരുത്സാഹം തോന്നും. ഇപ്പോൾ ലോംഗായ് എന്നു പേരുള്ള ഒരു വനപ്രദേശത്തു കൂടിയാണ് പോകുന്നത്. വലിയ മരങ്ങളും ഉയരത്തിലുള്ള മലകളും വഴിനീളെയുണ്ട്. വഴി വീണ്ടും താഴേക്കിറങ്ങി ഒരു പുഴയുടെ വശം ചേർന്ന് നീങ്ങാൻ തുടങ്ങി. പുഴയുടെ പേരും ലോംഗായ് എന്നാണ്. ഉടനെ മഴ പെയ്യാനുള്ള ലക്ഷണങ്ങളൊന്നും കാണാനില്ല. പുഴക്കരയിലൊരിടത്ത് വലിയ മുളങ്കമ്പുകൾക്കിടയിലിരുന്ന് ജോലി ചെയ്‌തുകൊണ്ടിരുന്ന രണ്ടു മൂന്നു പേരെ കണ്ട് ഇറങ്ങി നോക്കി. മുളങ്കമ്പുകൾ പൊട്ടിച്ച് പാളികളായി ചീന്തിയെടുക്കുകയാണ് അവർ ചെയ്യുന്നത്. ഇതു മെടഞ്ഞെടുത്താണ് വീടിന്റെ ഭിത്തികൾ നിർമിക്കുന്നത്. ചങ്ങാടം പോലെ കൂട്ടിക്കെട്ടിയ അനേകം മുളകൾ താഴെ വെള്ളത്തിൽ കിടപ്പുണ്ട്. ലോംഗായ് നദി കുറേദൂരം കൂടെ വന്നിട്ട്, രണ്ടു ദിവസത്തിനുള്ളിൽ മിസോറാമിൽ വച്ച് വീണ്ടും കാണാമെന്ന് പറഞ്ഞ് അതിന്റെ വഴിയ്‌ക്ക് പോയി. ഉനകോടിയിലെത്താൻ ഏകദേശം ഒരു മണിക്കൂർ ബാക്കിയുള്ളപ്പോൾ നിരപ്പുള്ള പുതിയ വഴിയായി. പുതിയ വഴികളിൽ, ഒരു നിയമം പോലെ, വാഹനങ്ങൾ തീരെയില്ല. സീൽച്ചറിലേക്കുള്ള വഴി ഞാനോർത്തു. മുന്നിൽ കാണുന്ന ആകാശം വീണ്ടും കറുത്ത് വരുന്നുണ്ട്. ഇന്നു രാവിലെ കണ്ണ് തുറന്നതുതന്നെ കാറ്റിന്റെയും മഴയുടെയും ശബ്‌ദം കേട്ടാണ്. ഉനകോടി എന്താകുമെന്ന് അറിയില്ല. അടുത്ത നിമിഷം ഇരച്ചു പെയ്യുന്ന ഇരുണ്ട മഴയ്‌ക്കുള്ളിലേക്ക് വണ്ടി വീണ്ടും ചെന്നു കയറി. മഴയുടെ കാഠിന്യം അമ്പരപ്പിക്കുന്നതായിരുന്നു. നിമിഷങ്ങൾക്കകം കലങ്ങിയ വെള്ളച്ചാലുകൾ എല്ലായിടത്തും കാണാൻ തുടങ്ങി. മഴയുടെ മങ്ങലിൽ വഴിയുടെ നടുക്ക് തല താഴ്‌ത്തി അനങ്ങാതെ നിന്നിരുന്ന ഒരുകൂട്ടം പശുക്കൾ തൊട്ടടുത്തു വന്നപ്പോഴാണ് കണ്ണിൽ പെട്ടത്. ഉനകോടിയിൽ എത്തുന്നതുവരെ മഴ പല ഭാവങ്ങളിൽ നിർത്താതെ പെയ്‌തു കൊണ്ടിരുന്നു. ഉനകോടിയിലെ കാർ പാർക്കിൽ വണ്ടി നിർത്തിയപ്പോൾ കൃത്യം മഴ നിന്നു.
ഒറ്റ രാത്രികൊണ്ട് ധൃതിയിൽ നിർമിക്കേണ്ടി വന്നതുകൊണ്ടായിരിക്കാം, ഉനകോടിയിലെ ശിൽപ്പങ്ങൾക്ക് രൂപചാരുത ലേശം കുറവായിട്ടാണ് തോന്നിയത്. അങ്ങനെയൊരു കുറവുണ്ടെങ്കിൽ, ഇവിടെയത് പരിഹരിച്ചിരിക്കുന്നത് വലുപ്പം കൊണ്ടാണ്. ഉനകോടിയിലെ ഏറ്റവും പ്രധാന ശിൽപ്പമായ ഉനകോടീശ്വര കാലഭൈരവ ശിരസ്സിന് മുപ്പതടി ഉയരമുണ്ട്. അതിനു താഴെ ഒഴുകുന്ന ചെറിയ നീർച്ചാലിന്റെ കരയിൽ പൂക്കളും പൂജാദ്രവ്യങ്ങളും കൊണ്ടലങ്കരിച്ച ശൂലങ്ങളുടെ നോട്ടക്കാരി ജഢാധാരിയും ചാരായഗന്ധിയുമായ ഒരു സ്‌ത്രീയായിരുന്നു. ലംബമായ ശിലാമുഖങ്ങളിൽ എട്ടാം നൂറ്റാണ്ടിനും ഒൻപതാം നൂറ്റാണ്ടിനുമിടയിൽ ബാസ് റിലീഫ് രീതിയിൽ കൊത്തിവച്ച ഹിന്ദു ദൈവങ്ങളുടെ രൂപങ്ങളാണ് ശിൽപ്പങ്ങളിൽ പലതും. മറ്റൊരു നീർച്ചാലിനടുത്ത് ഗണേശരൂപങ്ങളും ഗജരൂപങ്ങളും കണ്ടു. ശിൽപ്പങ്ങളെല്ലാം കൊത്തിയിരിക്കുന്നത് ദൂരക്കാഴ്‌ചയുള്ള ശിലാമുഖങ്ങളിലാണ്. കണ്ടാൽ വലിയൊരു തുറന്ന ഗാലറി പോലെ തോന്നും. ഇവിടെയെല്ലാം എത്തിപ്പെടണമെങ്കിൽ എണ്ണമറ്റ പടികൾ കയറിയിറങ്ങണം. കുന്നിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് പഴയ വിഗ്രഹവും ആൽമരവും കാണിക്കവഞ്ചിയും ഉള്ള ചെറിയ ക്ഷേത്രം പരിപാലിക്കുന്നത് മുഖവിഷാദമുള്ള ഒരു ബ്രാഹ്മണനായിരുന്നു. അടുത്ത മഴ ഉടനെയുണ്ടെന്ന് പുതിയ മേഘങ്ങൾ പറഞ്ഞു. ഞാൻ തിരിച്ചുവന്ന് കാറിൽ കയറിയതോടെ വീണ്ടും മഴ പെയ്യാൻ തുടങ്ങി. വഴി നല്ലതാണെങ്കിലും രൂക്ഷമായ വെല്ലുവിളിയുമായി മഴ വിടാതെ കൂടെ നിന്നു. കാറിന്റെ ഗ്ലാസിൽ വന്നുവീഴുന്ന വലിയ തുള്ളികളെ തുടച്ചുമാറ്റാൻ വൈപ്പറുകൾ പരമാവധി ശ്രമിച്ചിട്ടും മഴ തന്നെയാണ് ഒരുപടി മുന്നിൽ. ഉറച്ചു പെയ്യുന്ന മഴയുടെ മൂടലിനുള്ളിൽ നിന്ന് ഏതു നിമിഷവും മുന്നിലേക്ക് ചാടിവരാൻ സാധ്യതയുള്ള അജ്ഞാത വസ്‌തുക്കളെ നിരന്തരം പ്രതീക്ഷിച്ചുകൊണ്ട് കണ്ണനക്കാതെ റോഡിൽ മാത്രം തുറിച്ചുനോക്കിയുള്ള വണ്ടിയോടിക്കൽ വളരെ ശ്രമകരമാണ്.
ലോംഗായ് പുഴക്കരയിൽ മുളങ്കമ്പുകൾ പാളികളായി ചീന്തിയെടുക്കുന്നയാൾ
ഉനകോടിയിൽ നിന്ന് അഗർത്തല മൂന്ന് മണിക്കൂർ ദൂരെയാണ്. മലകൾ കയറിയിറങ്ങിയാണ് ചെറിയ വഴി പോകുന്നത്. വഴിയിൽ ഗ്രാമങ്ങളും കൃഷിസ്ഥലങ്ങളും വളരെക്കുറച്ചു മാത്രമാണ് കണ്ടത്. എല്ലാം കാട്ടുപ്രദേശങ്ങളാണ്. വഴിയും പൊളിഞ്ഞ അവസ്ഥയിലാണ്. ചിലയിടങ്ങളിലത് മണ്ണു വഴിയാണ്. വിജനമായ ഒരു വളവിലെ വഴിയരികിൽ രണ്ട് മൂന്ന് ഗ്രാമീണർ നിരന്നിരിക്കുന്നതു കണ്ടു. അവരുടെ മുന്നിൽ വിൽക്കാൻ നിരത്തിവച്ചിരിക്കുന്നത് മൂന്നാല് വാഴച്ചുണ്ടുകളും കുറച്ച് മുളങ്കൂമ്പുകളും അഞ്ചാറ് പച്ചക്കപ്പളങ്ങയും മാത്രമായിരുന്നു. വാഹനങ്ങളും ആൾസഞ്ചാരവും അപൂർവമായ ഈ കാട്ടുവഴിയുടെ വിജനതയിൽ തുച്ഛമായ ഈ വനവിഭവങ്ങൾ വിറ്റുപോകാനുള്ള സാധ്യത എന്തായിരിക്കുമെന്ന് ഞാനോർത്തു. ചിലതൊക്കെ വിറ്റുപോകുമെങ്കിലും പലതും സ്വന്തം അടുക്കളകളിൽ തന്നെ അവസാനിക്കും. വളവു കഴിഞ്ഞ് വാണിഭക്കാർ കണ്ണാടിയിൽ അപ്രത്യക്ഷമാകുന്നത് നോക്കിയിരിക്കുമ്പോൾ വണ്ടി പുതിയൊരു കുഴിയിൽ ചെന്നു ചാടി. ഇടത്തുവശത്ത് തൊട്ടടുത്ത് കാണുന്ന ഒറ്റവീടിനെ റോഡിൽനിന്നു മറച്ചിരിക്കുന്നത് മുളപ്പാളികൾ മെടഞ്ഞെടുത്ത പനമ്പുകൊണ്ടാണ്. ഇത്തരം പാളികൾ കീറിയെടുക്കുന്നവരെയാണ് ഇന്നു രാവിലെ ലോംഗായ് നദിക്കരയിൽ കണ്ടത്. അഗർത്തലയോട് അടുക്കും തോറും വഴി ഭേദമായിത്തുടങ്ങി. പുതുതായി നിർമിച്ച റോഡിൽ ചിലയിടത്ത്, മേലെനിന്നു ഇളകിവീണ കല്ലുകൾ വഴിയുടെ നടുവിൽ കിടക്കുന്നുണ്ടായിരുന്നു.
അഗർത്തലയിൽ പറഞ്ഞുവച്ചിരുന്ന ഹോംസ്റ്റേ കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി. കണ്ടപ്പോൾത്തന്നെ അതു വേണ്ടെന്നുവച്ച് ഒരു ഹോട്ടൽ നോക്കിപ്പോയി. പട്ടണത്തിൽ ബിജെപിയുടെ കൊടികൾ കണ്ടു. ഞാൻ താമസിക്കാൻ തെരഞ്ഞടുത്ത ഹോട്ടലിന്റെ ഉടമ ത്രിപുരയിലെ ബിജെപി മന്ത്രിയാണ്. ഹോട്ടലിന്റെ തൊട്ടുപിന്നിലാണ് അദ്ദേഹത്തിന്റെ വലിയ വീട്. മൈതാനം പോലെയുള്ള വീട്ടുമുറ്റത്ത് ത്രിപുര പൊലീസിന്റെ സുരക്ഷയിലാണ് ഹോട്ടലിന്റെ കാർ പാർക്ക്.
മാർച്ച് 31 ഞായർ,
അഗർത്തല ത്രിപുരേശ്വരി
ഇന്നു കാലത്തും കാറ്റും മഴയുമാണ്. വഴിയിൽ കണ്ടവരുടെ കാലാവസ്ഥാ പ്രവചനങ്ങളെല്ലാം കൃത്യമാകുന്നുണ്ട്. ഇന്നത്തെ പ്രധാന പരിപാടി ഒരു ക്ഷേത്ര സന്ദർശനമാണ്. അഗർത്തലയിൽനിന്ന് എഴുപത് കിലോമീറ്റർ ദൂരെയുള്ള ത്രിപുരസുന്ദരി അഥവാ ത്രിപുരേശ്വരി ക്ഷേത്രമാണ് ലക്ഷ്യം. കഴിഞ്ഞ അഞ്ഞൂറിലധികം വർഷങ്ങളായി അവിടുത്തെ പ്രധാന വഴിപാട് ആടുവെട്ടാണ്. എന്നാൽ 2019‐ൽ ത്രിപുര ഹൈക്കോടതി ഇതു നിരോധിച്ചു. ഉടൻതന്നെ ക്ഷേത്രഭരണസമിതി സുപ്രീം കോടതിയിൽ പോയി. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടശേഷം ത്രിപുര എന്ന രാജഭരണ പ്രദേശം പുതിയ ഇന്ത്യയുടെ ഭാഗമാക്കാനായി ഉണ്ടാക്കിയ ഉടമ്പടിയുടെ ഒരു കോപ്പിയും കൊണ്ടാണവർ ഡൽഹിയ്‌ക്ക് പോയത്. ആ ഉടമ്പടിയിൽ, ത്രിപുരസുന്ദരി ക്ഷേത്രത്തിൽ ഇപ്പോഴുള്ള ഒരാചാരത്തിനും യാതൊരു മാറ്റവും വരുത്താൻ പാടില്ല എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു. കേസ് ത്രിപുരേശ്വരി ജയിച്ചു. എന്നാൽ ബലി പരസ്യമായി പാടില്ലെന്നും ബലി നടക്കുന്ന സ്ഥലം കെട്ടിമറയ്‌ക്കണമെന്നും കോടതി നിർദേശിച്ചു. രണ്ടു മാസത്തെ അവധിക്ക് ശേഷം ത്രിപുരേശ്വരി ക്ഷേത്രത്തിലെ മൃഗബലി പൂർവാധികം ആവേശത്തോടെ പുനരാരംഭിച്ചു. ഒരു സാധാരണ ദിവസം ഇവിടെ അമ്പത്‐അറുപത് ആടുകളെ വരെ ബലി കൊടുക്കാറുണ്ട്. വിശേഷ ദിവസങ്ങളിൽ ഇത് പലമടങ്ങ് വർധിക്കും. ആട് മാത്രമല്ല, പോത്തും പ്രാവും ആമയും തവളയുംവരെ ഇവിടെ ബലിമൃഗങ്ങളാണ്. എന്നാൽ കോഴികളെ എവിടെയും കണ്ടില്ല. ആടും പോത്തും ആണുങ്ങൾ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്. പ്രാവിനും ആമയ്‌ക്കും ലിംഗനിബന്ധനകളില്ല. ബലിമൃഗങ്ങളെ ക്ഷേത്രപരിസരത്ത് തന്നെ വാങ്ങാൻ കിട്ടും. ബലികർമം നിർവഹിക്കുന്നതിനായി ചെറിയൊരു തുക ക്ഷേത്രത്തിൽ അടയ്‌ക്കണം. ക്ഷേത്രത്തിന്റെ വെബ്സൈറ്റിൽ നോക്കിയപ്പോൾ, പ്രാവ് - 20 രൂപ, ആമ - 30 രൂപ, ആട് 50 രൂപ, പോത്ത് - 200 രൂപ എന്നിങ്ങനെ കണ്ടു. അതിനോടൊപ്പംതന്നെ ലോറി, സുമോ, ജെസിബി, മോട്ടോർ ബൈക്ക് എന്നീ പേരുകളും അവയുടെ തുകയും ഉണ്ടായിരുന്നു. അതിന് മൃഗബലിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നു മനസ്സിലായില്ല. ആടാണ് പ്രധാന ബലിമൃഗം. ആടുകൾക്ക് വേണ്ടി മാത്രം പ്രത്യേകമായി ഒരു ബലിത്തറയുണ്ട്. ശ്രീകോവിലിനെതിരായി, ത്രിപുരേശ്വരിയുടെ നേരേ കൺമുമ്പിലാണ് ആടുകളുടെ ബലിത്തറ. ബലിയ്‌ക്ക് ശേഷം തോലുരിച്ച മാംസം വഴിപാടുകാരന് കൊണ്ടുപോകാം. അതിനായുള്ള വലിയ പ്ലാസ്റ്റിക് സഞ്ചികളും അവിടെത്തന്നെ വാങ്ങാൻ കിട്ടും. കടുംചുവപ്പാണ് ത്രിപുരേശ്വരീ ക്ഷേത്രത്തിന്റെ നിറം. ചുവന്ന ചെമ്പരത്തിപ്പൂവാണ് ത്രിപുരസുന്ദരിയുടെ പ്രിയപുഷ്‌പം. ചൂടുചോരയാണ് പ്രിയ നൈവേദ്യം.
ത്രിപുരേശ്വരി ക്ഷേത്രത്തിൽ ബലിക്കായി കൊണ്ടുവന്ന ആടുകൾ
ബലിത്തറയ്‌ക്കടുത്തായി ചവച്ചും ചിന്തിച്ചും കറുത്ത ആട്ടിൻ കുഞ്ഞുങ്ങൾ നിശ്ചലരായി നിൽക്കുന്നുണ്ട്. അവയിൽ ചിലർ ചുവന്ന ചെമ്പരത്തിമാലകൾ അണിഞ്ഞിരിക്കുന്നു. അതിന്റെ അർഥം അവരുടെ സമയം അടുത്തു എന്നാണ്. എവിടെയുമെത്താത്ത അവരുടെ നോട്ടങ്ങൾ കണ്ടാൽ തോന്നുക, മരിക്കാൻ സമയമായി എന്നറിയാണുള്ള കഴിവ് ആനകൾക്ക് മാത്രമല്ല, ആടുകൾക്കും ഉണ്ടെന്നാണ്. പതിനൊന്നരയ്‌ക്ക് ബലി ആരംഭിക്കുമെന്ന് ഒരാൾ പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് പ്രകാരം ബലിത്തറ നാലു ഭാഗത്തുനിന്നും മറച്ചിട്ടുണ്ട്. എങ്കിലും പഴുതുകൾ ധാരാളമുണ്ട്. ഫോട്ടോഗ്രഫി പാടില്ല എന്നെഴുതിയ ബോർഡുകളൊന്നും അവിടെക്കണ്ടില്ല. ഞാൻ പിന്നിലൂടെ ബലിത്തറയുടെ അടുത്തുചെന്നു. അവിടെ ബലികർമി ഇരിക്കുന്നുണ്ടായിരുന്നു. ഒരു പടമെടുക്കാൻ ഞാൻ അനുവാദം ചോദിച്ചു. എത്ര വേണമെങ്കിലും എടുത്തോളാൻ അദ്ദേഹം പറഞ്ഞു. ബലി തുടങ്ങാൻ ഇനിയും അരമണിക്കൂർ കഴിയണം. ആ സമയംകൊണ്ട് ക്ഷേത്രം ചുറ്റിക്കാണാൻ ഞാനിറങ്ങി. കടുംചുവപ്പ് സാരികളും ചെമ്പരത്തിപ്പൂക്കളും കൊണ്ടലങ്കരിച്ച ദീപത്തട്ടുകളും ആൾനീളമുള്ള രക്തഹാരങ്ങളും നെറ്റിയിലെ ചുവന്ന ശൂലമുദ്രകളും ദർശനത്തിനായുള്ള നീണ്ട വരികളും പുതുതായി എത്തിക്കൊണ്ടിരിക്കുന്ന കറുത്ത ആട്ടിൻകുട്ടികളുടെ അമ്പരപ്പും ചേർന്നതാണ് പരിസരം. ക്ഷേത്രത്തിന്റെ ഒരുവശത്ത് ചുവന്ന വസ്‌ത്രങ്ങളും ചുവന്ന തലപ്പാവും ധരിച്ച്, ശരീരമാകെ ചുവപ്പു നിറം പൂശിയ ഒരാളുടെ മടിയിലും തോളിലും പ്രാവുകൾ കുറുകി നടക്കുന്നു. അയാളുടെ ചുറ്റും കുട്ടികളടക്കം പലരും കൂടിനിൽക്കുന്നു. ത്രിപുരസുന്ദരിക്കുവേണ്ടി പ്രാവുബലി ആവശ്യമുള്ളവർ ഇദ്ദേഹത്തെയാണ് സമീപിക്കേണ്ടത്.
ആടുകളുടെ ബലിത്തറയിൽ തിരികെ ചെല്ലുമ്പോൾ അവിടെ ഔദ്യോഗിക ഭാവമുള്ള കൂടുതൽ ആളുകൾ ഉണ്ടായിരുന്നു. അതിലൊരാൾ എന്റെ ക്യാമറ നോക്കിയിട്ട് ഇവിടെ പടമെടുക്കാൻ പാടില്ല എന്നു കർശനമായി പറഞ്ഞു. ഞാൻ പ്രതീക്ഷയോടെ ബലികർമിയെ നോക്കി. അയാളും കൈവെടിഞ്ഞപ്പോൾ രക്ഷയില്ലാതെ പുറത്തിറങ്ങി ബലിത്തറയുടെ എതിർവശത്തേക്ക് പോയി. അവിടെ, മറയുടെ പഴുതിലൂടെ അകത്തേക്ക് നോക്കാനായി തിക്കിത്തിരക്കുന്ന ആളുകൾക്കിടയിലേക്ക് ഞാനും നുഴഞ്ഞുകയറി. ആട്ടിൻകുട്ടിയുടെ ചെമ്പരത്തി മാലയണിഞ്ഞ കഴുത്തിനു മാത്രം ഇടമുള്ള അകലത്തിൽ ഉറപ്പിച്ചിരിക്കുന്ന രണ്ട് മരക്കുറ്റികൾക്കിടയിലൂടെ ഒരാൾ ആടിനെ വലിച്ചുപിടിച്ചു വയ്‌ക്കുകയും തല മരക്കുറ്റികളുടെ ഒരുവശത്തും, കഴുത്തും ശരീരവും മറുവശത്തുമായി അനങ്ങാൻ വയ്യാതെ നിൽക്കുന്ന ആടിനെ ഒറ്റവെട്ടിന് രണ്ടാക്കുകയുമാണ് ചെയ്യുന്നത്. വെട്ടിയ തല അകത്തേക്കും കബന്ധം പുറത്തേക്കും വലിച്ചെറിഞ്ഞശേഷം അടുത്ത ആടിനായി ആരാച്ചാർ കാത്തുനിൽക്കുന്നു. ആൾക്കൂട്ടത്തിനിടയിൽക്കൂടി ദൂരെനിന്ന് രണ്ടു മൂന്ന് പടമെടുത്തയുടൻ തന്നെ അവരെന്നെ കൈയോടെ പിടികൂടി. നേരത്തെ പറഞ്ഞത് മനസ്സിലായില്ലേ, എന്നൊരാൾ പരുഷമായി ചോദിച്ചു. ഇനിയുമിവിടെ കൂടുതൽ കറങ്ങി നിൽക്കുന്നത് ബുദ്ധിയല്ല എന്നു തോന്നി.
മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് നേരെ അഗർത്തലയിലേക്ക് മടങ്ങി. രാത്രി ഹോട്ടലിന്റെ പുറത്തെ റോഡിലൂടെ ബിജെപിയുടെ ഒരു ജാഥ കടന്നുപോയി. കോൺഗ്രസിന്റെയോ സിപിഐ എമ്മിന്റെയോ ഒരു കൊടിപോലും എവിടെയും കാണാനില്ല. ത്രിപുരയിലെ ഭൂരിഭാഗം ജനങ്ങളും ബംഗാളി ഹിന്ദുക്കളാണ്. മറ്റുള്ളവർ വിവിധ ടിബറ്റോ ബർമീസ് ഗോത്രങ്ങളിൽപ്പെട്ടവരും, ബാക്കി പത്തു ശതമാനം പേർ മുസൽമാന്മാരുമാണ്. ഇവിടുത്തെ ഭരണഭാഷയും ബംഗാളി തന്നെയാണ്. മന്ത്രിയുടെ ഹോട്ടലിലെ രാത്രിഭക്ഷണം നല്ലതായിരുന്നു. ചിക്കൻ കറിയും ചോറും.
നാളെ എനിക്ക് പോകാനുള്ളത് മിസോറാമിന്റെ തലസ്ഥാനമായ ഐസോളിലേക്കാണ്. പത്ത് മണിക്കൂറാണ് നാവിഗേഷൻ കാണിക്കുന്ന സമയം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽവച്ച് ഏറ്റവും ശക്തമായ ക്രിസ്‌തീയ വിശ്വാസം പ്രകടിപ്പിക്കുന്നവർ മിസോറാംകാരാണെന്ന് പറയപ്പെടുന്നു. ഞായറാഴ്‌ച ദിവസങ്ങളിൽ മൂന്ന് കുർബാനയും കൂടുന്നവരാണ് മിക്കവരും. ആ ദിവസം മിസോറാം പൂർണമായും നിശ്ചലമാകും. ആശുപത്രികൾപോലും അടഞ്ഞുകിടക്കും. ഇന്ന് സാധാരണ ഞായറല്ല, ഈസ്റ്റർ ഞായറാണ്. ഈസ്റ്ററിന്റെ യാതൊരു ലക്ഷണവും അഗർത്തലയിൽ കാണാനില്ലെങ്കിലും ഐസോളിലെ വിശ്വാസികൾ ഇന്നു പള്ളികളിൽ ഉയിർത്തെഴുന്നേൽപ്പിന്റെ അതിശയത്തെ വാഴ്‌ത്തുന്ന നീണ്ട പ്രാർഥനയിലായിരിക്കും. അതല്ലെങ്കിൽ ഗിറ്റാറിന്റെ താളത്തിൽ സുവിശേഷം പാടുകയായിക്കും. ഇതേസമയം, അങ്ങു ദൂരെ അരുണാചൽ പ്രദേശിലെ ചെറിയൊരു പട്ടണത്തിലെ ഹോട്ടൽ മുറിയിലിരുന്ന് മൂന്ന് ചെറുപ്പക്കാർ, അതിമനോഹരമായ പുതിയൊരു ലോകത്തേക്ക് ഉയിർത്തെഴുന്നേൽക്കാനുള്ള വലിയൊരു യാത്രയ്‌ക്ക് രഹസ്യമായി തയ്യാറെടുക്കുകയായിരുന്നു. അതിലൊരാളെ ഞാനറിയും .(തുടരും)










0 comments