യാത്ര
നോർത്ത് ഈസ്റ്റ് നോട്ട്ബുക്ക്‐ 14


വേണു
Published on Oct 13, 2025, 11:01 AM | 9 min read
ഏപ്രിൽ മൂന്ന്. ഐസോൾ ‐ ചാംഫായ്
ഇന്നു രാവിലെയും മഴയാണ്. വലിയ മഴത്തുള്ളികൾ ജനൽച്ചില്ലിൽ വന്നു വീഴുന്നതു നോക്കി കുറച്ചുനേരം കിടന്നു. മാർച്ച് മാസത്തിലെ മഴ ഏപ്രിലിലും തുടരുകയാണ്. ഇതുവരെ മഴമൂലം ഉപേക്ഷിക്കേണ്ടിവന്ന ഏക സ്ഥലം കാസിറംഗ നാഷണൽ പാർക്ക് മാത്രമായിരുന്നു. എങ്കിലും ഇതിങ്ങനെ നീണ്ടുപോയാൽ യാത്ര ബുദ്ധിമുട്ടാകും. പഴയ വഴികൾ ചെളിനിലങ്ങളാകും. പുതിയ വഴികളിൽ മണ്ണിടിച്ചിലും കല്ലുവീഴ്‌ചയും ഉണ്ടാകും. ഈ യാത്രയിലെ ഏറ്റവും ദുഷ്‌കരമായ ഭാഗങ്ങൾ ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ. എന്നാൽ എന്നെ ആശങ്കപ്പെടുത്തുന്ന ഈ മഴ ഇവിടുത്തെ ഝൂം കൃഷിക്കാർക്ക് മൺസൂണിനു മുമ്പുള്ള വിതമഴയാണ്. എരിച്ചു തയ്യാറാക്കിയിട്ടിരിക്കുന്ന കുന്നുകൾക്ക് മേലെ ആദ്യത്തെ മഴ വീഴുന്നതനുസരിച്ചാണ് ഇവിടെ വിതയിറക്കുന്നത്. മാർച്ച് മാസത്തിലെ മഴ മുടങ്ങിയാൽ കൃഷി മുടങ്ങും.
ഐസോളിൽനിന്ന് ചാംഫായിലേക്കുള്ള യാത്രക്കിടെയുള്ള ദൃശ്യം
പെട്ടെന്ന് മഴ നിന്നു. ദൂരെയുള്ള മലമുകളിൽ സൂര്യവെളിച്ചം തെളിഞ്ഞു. ക്രിസ്റ്റഫർ കൂടെ നിന്നു സഹായിച്ചിട്ടും വണ്ടി റോഡിലേക്കിറക്കാൻ ബുദ്ധിമുട്ടി. ഐസോളിലെ ശൂന്യമായ തെരുവുകൾ മഴ നനഞ്ഞ് തിളങ്ങിക്കിടക്കുന്നു. അടിവാരങ്ങളിൽ വെയിലെത്താൻ ഇനിയും സമയമെടുക്കും. പ്രധാന വഴിയുടെ ഇടതുവശത്തുള്ള ഒരു കുന്ന് കയറിയിറങ്ങിവേണം പട്ടണത്തിന് പുറത്തിറങ്ങാൻ. കുന്നിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ചെറിയ വഴികൾക്കെല്ലാം ഒരേ ഛായയാണ്. ഒരിക്കൽ വഴി തെറ്റിയാൽ, തെറ്റുതിരുത്തി തിരിച്ചുവന്ന് ശരിയായ മാർഗം സ്വീകരിക്കാനുള്ള സംവിധാനമൊന്നും ഇവിടെയില്ല. വഴികളെല്ലാം വൺവേ ആണ്. എവിടെയെങ്കിലും എത്തുന്നതുവരെ നേരേ പോയ്‌ക്കൊണ്ടിരിക്കുക എന്നതാണ് ഏക മാർഗം. ഫലത്തിൽ ആ വലിയ കുന്ന് മുഴുവൻ ഒരു തവണ വട്ടംകയറിയിറങ്ങിയതിന് ശേഷമാണ് അടിവാരത്തെ വഴിയിൽ തിരിച്ചെത്താനായത്. വെറും അശ്രദ്ധമൂലം വഴി തെറ്റിയതിൽ എനിക്ക് നാണക്കേട് തോന്നി. കൂടുതൽ സൂക്ഷിക്കണം എന്നു സ്വയം പറഞ്ഞുറപ്പിച്ചു. എന്നാൽ ഇന്നു വൈകിട്ട് ഇതിലും പലമടങ്ങ് സങ്കീർണമായ വലിയൊരു വഴിതെറ്റൽ എന്നെക്കാത്ത് ചാംഫായ്‌ക്കടുത്ത് നിൽക്കുന്നുണ്ട് എന്ന വിവരം അപ്പോൾ അറിഞ്ഞതുമില്ല.
നഗരം കടക്കുന്നതിന് മുമ്പായി ഇടതുവശത്ത് വലിയൊരു ഫുട്ബോൾ ഗ്രൗണ്ട് കണ്ടു. കളിക്കാർ പ്രാക്ടീസിലാണ്. ഗ്രൗണ്ടിന്റെയും കളിക്കാരുടെയും നിലവാരം കണ്ടിട്ട് ഏതോ പ്രൊഫഷണൽ ടീമാണെന്നു തോന്നുന്നു. കാലങ്ങളായി ഫുട്ബോളിൽ ഉയർന്ന നിലവാരം കാക്കുന്നവരാണ് മിസോറാമിലെ കളിക്കാരും ഇവിടുത്തെ ക്ലബ്ബുകളും. മിസോ ജനതയുടെ ഏറ്റവും പ്രിയപ്പെട്ട കായികവിനോദവും ഫുട്ബോൾ തന്നെയാണ്. ഇപ്പോൾ മഴയില്ലെങ്കിലും അന്തരീക്ഷം മൂടിയാണ് നിൽക്കുന്നത്. നഗരം വിട്ടയുടനെ തന്നെ കാടുകളും കരിഞ്ഞ കുന്നുകളും ധാരാളമായി കണ്ടുതുടങ്ങി. കറുത്ത കുന്നുകളുടെ മുന്നിലെ വെളിച്ചത്തിൽ, ഇലയില്ലാത്ത മരങ്ങൾ ചുടലനിലത്തെ പുൽപ്പൂക്കളെ പോലെ വെളുത്ത നിറത്തിൽ പൂത്തുനിൽക്കുന്നു. ഒരു മണിക്കൂർ ദൂരെ ഒരിടത്ത് വഴി താൽക്കാലികമായി അടച്ചിരിക്കുന്നു. അവിടെ മൂന്നാലു വണ്ടികൾ വഴി തുറക്കാനായി കാത്തുകിടപ്പുണ്ട്. റോഡുപണിക്കായി വെട്ടിമാറ്റിയ മണ്ണും പാറയും ജെസിബികൾ കൊണ്ട് നേരെ താഴത്തേക്ക് കോരിയിടുന്ന ജോലിയാണവിടെ നടക്കുന്നത്. വഴി തുറന്നുകിട്ടാൻ ഒരു മണിക്കൂർ സമയമെടുത്തു. ഇന്നു രാവിലെ ഐസോളിൽ വഴി തെറ്റിയപ്പോൾ അരമണിക്കൂർ സമയം നഷ്ടപ്പെട്ടിരുന്നു. മുന്നോട്ടുള്ള യാത്രയിൽ എന്താണ് നഷ്ടപ്പെടാൻ പോകുന്നതെന്നു കണ്ടറിയണം.
യാത്രക്കിടെ മറ്റൊരു ദൃശ്യം
മിസോറാമിന്റെ തെക്കു കിഴക്കൻ ഭാഗത്തേക്കാണ് ഇപ്പോൾ പോകുന്നത്. ടൂറിസം തീരെയില്ലാത്ത ഭാഗങ്ങളാണിത്. ടൂറിസം മാത്രമല്ല മനുഷ്യരും കുറവാണ്.
മിസോറാമിന്റെ തൊണ്ണൂറു ശതമാനം ഭൂമിയും കാടാണ്. ഇവിടെ തെക്കു കിഴക്കൻ ഭാഗത്തെ വിസ്‌തീർണ ശതമാനം അതിലുമധികമായിരിക്കും. ഇന്ത്യയിൽ ആരക്കാൻ മലകളുടെ ഉയരം കൂടിയ ഭാഗങ്ങളും ലൂഷായ് ഹിൽസ് എന്നറിയപ്പെടുന്ന ഈ ഭാഗത്താണ്. മുളങ്കാടുകളും ഇലവീഴാക്കാടുകളും നിറഞ്ഞുനിൽക്കുന്ന മലകളെ ചുറ്റിയാണ് വഴി പോകുന്നത്. വഴിയിൽ ഗ്രാമങ്ങളോ ജനസാന്നിധ്യമോ കാണാനില്ല. ഇവിടെയും റോഡിനായി വലിയതോതിൽ മലകൾ അരിഞ്ഞുതള്ളിയിട്ടുണ്ട്. അതിനോടൊപ്പം കരിഞ്ഞ ഝൂം കുന്നുകളും ധാരാളമായി കണ്ടുതുടങ്ങി. ഇവിടെ നിലമൊരുക്കുന്ന കൃഷിക്കാരുടെ ഗ്രാമങ്ങളിൽ ചിലതെങ്കിലും ഇവിടെനിന്ന് വളരെ ദൂരെയായിരിക്കും. ഗ്രാമത്തിനോട് ചേർന്നുള്ള മലകളിലെ മണ്ണിൽ ഒന്നും വളരാത്ത സ്ഥിതിയാകുമ്പോഴാണ്, വെട്ടിയെരിക്കാൻ പറ്റിയ വൻമരങ്ങളുള്ള മറ്റു മലകളിലേക്ക് നിലം മാറ്റുന്നത്. ഇവിടെ മുളങ്കുടിൽ കെട്ടി, കളപറിക്കലും കാവലുമായി കഴിയുന്ന ഝൂം കർഷകർ കൊയ്‌ത്തു കഴിഞ്ഞ് വിളവും കൊണ്ടായിരിക്കും തിരിച്ചുപോകുന്നത്. അതുവരെ അവരിവിടെത്തന്നെ മാറി മാറി താമസിക്കും. മറ്റുചിലർ, ഈ കുന്നുകൾ മണ്ണൊലിച്ച് നശിക്കുന്നതുവരെയുള്ള പത്തു പന്ത്രണ്ടു വർഷം ഇവിടെത്തന്നെ താമസമാക്കും. വഴിയുടെ ഒരുവശത്ത് ഇരുമ്പു ഷീറ്റുകൊണ്ട് മറച്ചുകെട്ടിയ കുടിലുകളുടെ മുന്നിലിരുന്ന് പാറക്കല്ലുകൾ അടിച്ചുപൊട്ടിച്ച് ചല്ലിയാക്കുന്നവരെ കണ്ടാൽ ഒരു കുടുംബംപോലെ തോന്നും. വഴിപ്പണിയുടെ ബാക്കിയായി അങ്ങിങ്ങ് കിടക്കുന്ന പാറക്കല്ലുകൾ ശേഖരിച്ച് പൊട്ടിച്ചു വിൽക്കുകയാണ് അവർ ചെയ്യുന്നത്. രണ്ട് കുട്ട ചല്ലി വാങ്ങാനായി ആരായിരിക്കും ഈ വിജനതയിൽ വരാൻ പോകുന്നതെന്നു വെറുതേ ഓർത്തുപോയി.
ഇടയ്‌ക്ക് വഴി നന്നായി. വെള്ളപ്പൂമരങ്ങൾ ധാരാളമായി കാണാൻ തുടങ്ങി. വഴിയിൽ ഏതോ പൈപ്പ് പൊട്ടിയുണ്ടായ ജലധാരയിൽ വലിയൊരു സംഘമാളുകൾ, കൂടുതലും കുട്ടികൾ, കുളിക്കുകയും വലിയ കമ്പിളികളും മെത്തപ്പുതപ്പുകളും അതിനോടൊപ്പം കഴുകുകയും ചെയ്യുന്നു. ഇതെല്ലാം കഴുകി വൃത്തിയാക്കി ഏപ്രിൽ മാസത്തെ വെയിലത്തുണക്കി ഒതുക്കിവച്ചാൽപ്പിന്നെ, അടുത്ത നവംബറിൽ തണുപ്പു തുടങ്ങുമ്പോൾ മാത്രം തിരിച്ചെടുത്താൽ മതി. കമ്പിളികൾ അപ്രത്യക്ഷമാകുമ്പോഴാണ് തണുപ്പുകാലം ഔദ്യോഗികമായി അവസാനിക്കുന്നത്. ദീവാലി മുതൽ ഹോളി വരെയുള്ള സമയമാണ് ഉത്തരേന്ത്യയിലെ തണുപ്പുകാലം. ഇവിടുത്തെ കണക്ക് അറിയില്ല. വഴി ഒരു ഇടത്തരം പട്ടണത്തിലേക്ക് ചെന്നു കയറി. പട്ടണം ഉച്ചമയക്കത്തിലാണ്. വലതുവശത്തെ കുന്നിന്റെ ചെരുവിലെ ഇരുമ്പു കൂരകൾ പലതും മേഞ്ഞിരിക്കുന്നത് തുരുമ്പിന്റെ നിറമില്ലാത്ത പുതിയ ഷീറ്റുകൾ കൊണ്ടാണ്. റോഡിനോട് ചേർന്നുള്ള ഒരു ചെരുവിൽ തട്ടു തിരിച്ചാണ് നിലം ഒരുക്കിയിരിക്കുന്നത്. തട്ടു തിരിച്ച ചെരിവുകൾ ഈ ഭാഗങ്ങളിൽ അപൂർവ കാഴ്‌ചയാണ്. വഴിയിലൊരു പെട്രോൾ പമ്പു കണ്ട് നോക്കിയപ്പോൾ പെട്രോളുണ്ട്, കറന്റില്ല. അടുത്തൊരു പോസ്റ്റിൽ ഇരുന്ന് ഒരാൾ എന്തോ ചെയ്യുന്നുണ്ട്. പമ്പിന്റെ തിണ്ണയിൽ അടിമുടി മിലിട്ടറി യൂണിഫോം ധരിച്ചു സൗമ്യനായി ഒരു കസേരയിൽ ഇരുന്ന മുതിർന്ന പൗരന് ഒരു സല്യൂട്ട് കൊടുത്തിട്ട് ഞാനദ്ദേഹത്തിന്റെ ഒരു പടമെടുത്തു. അദ്ദേഹം വളരെ സൗഹാർദപൂർവം എനിക്ക് തിരിച്ചൊരു സല്യൂട്ട് തന്നു. അപ്പോൾത്തന്നെ കറന്റ് വന്നു.
ടൂറിസ്റ്റുകളില്ലെങ്കിലും, മിസോറാമിന്റെ ചില വിദൂര വന്യസ്ഥലങ്ങളിൽ സർക്കാർ വക ടൂറിസ്റ്റ് ലോഡ്ജുകളുണ്ട്. ഞാനിപ്പോൾ പോകുന്ന ചാംഫായിലും മിയാൻമറിന്റെ അതിരിലുള്ള സോഖോത്താർ എന്ന കുഞ്ഞു ഗ്രാമത്തിലും ടൂറിസ്റ്റ് ലോഡ്ജുകളുണ്ട്. ഇവിടെ എന്റെ പ്രധാന ഉദ്ദേശം, ചിൻ മലകളിൽനിന്ന് ഇന്നത്തെ മിസോറാമിലേക്ക് കൂട്ടത്തോടെ വന്നവർ ആദ്യമായി താമസം തുടങ്ങിയ വാങ്ചിയ എന്ന ഗ്രാമവും അവിടെയുള്ള ശ്മശാന ശിലകളും കാണുക എന്നതാണ്. ചാംഫായിലോ സോഖോത്താറിലോ ഉള്ള ടൂറിസ്റ്റ് ലോഡ്ജിലേതെങ്കിലും ഒന്നിൽ രാത്രി കിടന്ന് നാളെ വാങ്ചിയ കണ്ടു മടങ്ങാനാണ് ആലോചിക്കുന്നത്. രണ്ടിടത്തുനിന്നും അങ്ങോട്ടേക്ക് തുല്യ ദൂരമാണെങ്കിലും, ചാംഫായ് കഴിഞ്ഞു വേണം സോഖോത്താർ എത്താൻ. എങ്കിലും ഒരു അതിർത്തി ഗ്രാമം എന്ന നിലയിൽ സോഖോത്താറായിരുന്നു താമസിക്കാനായി മനസ്സിൽ കണ്ടിരുന്നത്. കഴിഞ്ഞദിവസം ഐസോളിൽനിന്ന് ഇരു സ്ഥലങ്ങളിലേക്കും ഫോണിൽ മുറി ബുക്ക് ചെയ്യാൻ മാറി മാറി ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഓൺലൈനിൽ ചാംഫായ് ഓപ്പണാകുന്നില്ല. സോഖോത്താർ ലൈനിൽ കിട്ടിയെങ്കിലും പണമടയ്‌ക്കാൻ പറ്റുന്നില്ല. ഒടുവിൽ ഫോണിൽ കിട്ടിയപ്പോൾ, സംസാരിച്ച സ്‌ത്രീ പറഞ്ഞതിൽനിന്ന്, സോഖോത്താർ ചാംഫായ് എന്നീ രണ്ടു വാക്കുകളൊഴിച്ച് മറ്റൊന്നും എനിക്കു മനസ്സിലായതുമില്ല. അവസാനം അവർ പറഞ്ഞ OK OK എന്ന ആശ്വാസവാക്കുകൾ വിശ്വസിച്ചുമാത്രമാണ് ഇന്നലെ ഉറങ്ങാൻ കിടന്നത്.
വഴിയരികിലെ വെള്ളപ്പൂമരങ്ങൾ
വഴി വീണ്ടും മണ്ണുവഴിയായി. ചിലയിടങ്ങളിൽ പാതിയിടിച്ച മലകളിലെ മണ്ണ് മഴയത്തൊലിച്ചുവന്ന് വഴി നിറഞ്ഞുകിടക്കുകയാണ്. ഒരിടത്തും കാര്യമായ പണി നടക്കുന്നില്ല. മണ്ണും ചെളിയുമാണ് എവിടെയും. വഴിയിൽ ഇരുമ്പു ഷീറ്റുകൊണ്ട് മാടം കെട്ടി താമസിക്കുന്നവർ സംസ്ഥാനത്തിന് പുറത്തുനിന്നു വന്ന റോഡുപണിക്കാരാണ്. അവരും പണിയില്ലാതെ ബീഡി വലിച്ചിരിക്കുന്നു. ഉയരത്തിലുള്ള മലകൾക്കിടയിലൂടെ വഴി താഴേക്കിറങ്ങാൻ തുടങ്ങിയപ്പോൾ ദൂരെ താഴ്‌വാരങ്ങളിൽ വെയിലിൽ തിളങ്ങുന്ന വയലുകൾ കണ്ടുതുടങ്ങി. വയലുകൾക്കു ചുറ്റുമുള്ള മലകളിൽ ഇരുമ്പുഷീറ്റിട്ട വീടുകളുടെ എണ്ണവും കൂടിവന്നു. ഒടുവിൽ ചാംഫായ് എത്തുമ്പോൾ സമയം മൂന്നായി. വിശക്കുന്നുണ്ട്. എന്തെങ്കിലും കഴിക്കാൻ കിട്ടുമോ എന്നന്വേഷിച്ചു നോക്കാൻപോലും തോന്നുന്ന സ്ഥലങ്ങൾ ഇതുവരെയുള്ള വഴിയിൽ കണ്ടിട്ടില്ല. ഇനിയുള്ള പ്രതീക്ഷ ഇവിടെയാണ്.
ചെറിയൊരു പട്ടണമാണ് ചാംഫായ്. പട്ടണത്തിലേക്ക് കയറാതെ നേരെയാണ് സോഖോത്താർ റോഡ്. വീതിയുള്ള വഴിയുടെ ഇരുവശത്തും ചെറിയ കടകളും താമസസ്ഥലങ്ങളും ഉണ്ടായിരുന്നു. ഭക്ഷണശാലകളെന്നു തോന്നുന്ന ഒന്നും കണ്ടില്ല. ഇനി സോഖോത്താർ എത്തിയതിന് ശേഷം മാത്രം ഭക്ഷണത്തിന്റെ കാര്യം ആലോചിച്ചാൽ മതി എന്നു തീരുമാനിച്ച ഉടനെ, ഇടതുവശത്തൊരു കട കണ്ടു. കഴിക്കാനെന്തെങ്കിലുമുണ്ടോ, എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും ആംഗ്യത്തിലും ചോദിച്ചതിന് കടക്കാരി പറഞ്ഞ മറുപടിയുടെ അർഥം മനസ്സിലായില്ലെങ്കിലും, ഒരു മേശ ചൂണ്ടിക്കാട്ടി ഇരിക്കാൻ ആംഗ്യം കാണിച്ചതിന്റെ അർഥം മനസ്സിലായി. പന്നി നെയ്യിൽ വറുത്ത ബീഫും മത്തയില സൂപ്പും ഉപ്പും പുളിയും ചേർത്തു പുഴുങ്ങി പച്ചമുളകിട്ട ഉരുളക്കിഴങ്ങും മുളങ്കൂമ്പ് സാലഡും അത്യുഗ്രനൊരു ചട്ണിയും ചോറുമായിരുന്നു ഭക്ഷണം. കടയുടെ പിന്നിൽത്തന്നെയാണ് കടക്കാരുടെ വീട്. കണ്ടിട്ട് വലിയൊരു കുടുംബം പോലെയാണ് തോന്നുന്നത്. കൂട്ടത്തിൽ പ്രായമുള്ള സ്‌ത്രീയാണ് ഭക്ഷണം കൊണ്ടുവന്നത്. ആഹാരം വളരെ നന്നായിട്ടുണ്ട് എന്ന് അവരോട് പറഞ്ഞതിനു മറുപടിയായി അവർ ചെറുതായി ഒന്നു തലയനക്കിയോ എന്നൊരു സംശയം തോന്നി. ചിലപ്പോൾ വെറുതെ തോന്നിയതുമാകാം.
ഒരു ചെത്തുവഴി ടാർ ചെയ്‌തപോലെയാണ് സോഖോത്താറിലേക്കുള്ള വഴിയുടെ ചില ഭാഗങ്ങൾ. മറ്റു ചില ഭാഗങ്ങൾ ഉഴുതുമറിച്ച പോലെയും. കുറച്ചു പോയപ്പോൾ വഴി രണ്ടായിപ്പിരിയുന്നതു കണ്ടു വണ്ടി നിർത്തി. ഏതാണ് ശരിയായ വഴിയെന്ന് മനസ്സിലാകുന്നില്ല. താഴേക്കു പോകുന്ന വഴിയിൽ പുത്തൻ ടാറുണ്ട്. മേലേക്കു കയറുന്ന വഴി പൊട്ടിപ്പൊളിഞ്ഞ കല്ലുവഴിയാണ്. ചാംഫായ് വിട്ടതോടെ നാവിഗേഷൻ വട്ടംകറങ്ങാൻ തുടങ്ങിയിരുന്നു. അതിനെക്കൊണ്ട് ഇവിടെ പ്രയോജനമൊന്നുമില്ല. സംശയം ചോദിക്കാൻ വഴിയിൽ ആരുമില്ല. മനുഷ്യവാസത്തിന്റെ യാതൊരു ലക്ഷണവും എവിടെയുമില്ല. അധികമാലോചിക്കാതെ താഴത്തെ ടാറിട്ട വഴി തന്നെ പരീക്ഷിക്കാൻ തീരുമാനിച്ചു. കിഴക്കാംതൂക്കായ മലകളുടെ വശങ്ങളിൽ പറ്റിപ്പിടിച്ചാണ് വളഞ്ഞു പുളഞ്ഞ വഴി പോകുന്നത്. ഈ വഴിയിലൂടെ പോകുന്ന ആദ്യത്തെ വാഹനം ഇതായിരിക്കുമെന്ന് തോന്നിപ്പിക്കുന്ന, ചൂടാറാത്ത പുത്തൻ റോഡിലൂടെയാണ് യാത്ര. എന്നാൽ എവിടെയും എത്താതെ അന്തരീക്ഷത്തിൽ അവസാനിക്കുന്ന ഏതോ മായാവീഥി മാത്രമാണ് ഈ പുത്തൻ വഴിയെന്നു മനസ്സിലാക്കാൻ വീണ്ടുമൊരു പതിനഞ്ച് കിലോമീറ്റർ കൂടി ഇതേ വഴിയിലൂടെ പോകേണ്ടിവന്നു.
ഒരു മലയുടെ നിഴൽ മറ്റൊരു മലയുടെ മുകളിലേക്ക് പതുക്കെ പിടിച്ചുകയറാൻ തുടങ്ങി. ഈ ഭാഗങ്ങളിൽ സൂര്യൻ മറയുന്നത് പെട്ടെന്നാണ്. ഒരു വളവ് തിരിയുമ്പോൾ നേരെ മുന്നിൽ കാണുന്നത് ചിലപ്പോൾ ഇരുട്ടായിരിക്കും. ഒരിടത്ത് റോഡുപണിക്കുള്ള ഉപകരണങ്ങൾ കണ്ടു. വഴി എങ്ങോട്ടോ പോയ്‌ക്കൊണ്ടിരിക്കുന്നു. ചാംഫായിൽനിന്ന് ഇതുവരെ ഇരുപത്തഞ്ച് കിലോമീറ്റർ ഓടിക്കഴിഞ്ഞു. പുതിയ വഴി തന്നെ പതിനഞ്ച് കിലോമീറ്റർ ആയി. പകൽ വെളിച്ചത്തിനോടൊപ്പം എന്റെ ശുഭാപ്തിവിശ്വാസവും മങ്ങിത്തുടങ്ങി. ഒരു കയറ്റം കയറിയിറങ്ങി, പുതുതായി മണ്ണിട്ട് ഉയർത്തിയ ഒരു തുറന്ന സ്ഥലത്ത് ചെന്ന് പെട്ടെന്ന് വഴി നിന്നു. അവിടെ കൂടുതൽ പണിയുപകരണങ്ങളും ഒരു ജെസിബിയും കുറേ ടാർ വീപ്പകളും ഒരു തകര ഷെഡും കണ്ടു. യാതൊരാളനക്കവുമില്ല. ഞാൻ നീട്ടിയൊന്നു ഹോണടിച്ചുനോക്കി. ആരുമില്ല. ഷെഡ് പൂട്ടിയിരിക്കുകയാണ്. പുറത്തിറങ്ങി ചുറ്റും നോക്കിയപ്പോൾ വന്ന വഴിയൊഴിച്ചാൽ നാലുചുറ്റും ഇരുണ്ട കാടുകളാണ്. മുന്നോട്ട് വഴി ഇല്ല. എങ്ങോട്ട്, എങ്ങനെ പോകുമെന്ന് മനസ്സിലാകുന്നില്ല. അഞ്ചര മണിയായിട്ടില്ല, ഇരുട്ട് വീണുതുടങ്ങി. നാവിഗേഷൻ ഇപ്പോഴും വട്ടംകറങ്ങിക്കൊണ്ടിരിക്കുകയാണ്. പരിസരങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത സ്ഥലങ്ങളിൽ രാത്രി ചെലവഴിക്കുന്നത് ബുദ്ധിയല്ല. മാത്രമല്ല, മഴ വിടാതെ കൂടെയുണ്ട്. ഉടൻ തിരിച്ചുപോകുക എന്നതു മാത്രമാണ് ഏക മാർഗം. ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ കാണുമ്പോൾ ഇങ്ങോട്ട് വന്ന വഴി തന്നെയാണോ ഇതെന്ന് സംശയം തോന്നി. കറുത്ത ഇരുട്ടിൽ മറ്റെല്ലാം മറഞ്ഞുനിൽക്കുമ്പോൾ, കാറിന്റെ വെളിച്ചത്തിൽ കാണുന്ന വഴികൾ മാത്രമായി ആരക്കൻ മലകൾ ചെറുതായിപ്പോകുന്നു.
തട്ടു തിരിച്ച ചെരിവുകൾ
ഇങ്ങോട്ട് വന്നപ്പോൾ വഴി രണ്ടാകുകയും താഴത്തെ ടാറിട്ട വഴിയിലൂടെ പോകാൻ തീരുമാനിക്കുകയും ചെയ്‌ത സ്ഥലത്തെത്തിയപ്പോൾ വണ്ടി നിർത്തി മേലത്തെ വഴി വീണ്ടുമൊന്നു നോക്കി. അറിയാത്ത കല്ലുവഴിയിലൂടെ ആളനക്കമില്ലാത്ത ഇരുട്ടിൽ ഒരു പരീക്ഷണം എന്തായാലും വേണ്ട എന്നു തീരുമാനിച്ചു. ഒരു പത്തു കിലോമീറ്റർ കൂടി നേരെ പോയാൽ ചാംഫായിൽ തിരിച്ചെത്തേണ്ടതാണ്. ഏകദേശം ഒന്നര കിലോമീറ്റർ പോയപ്പോൾ വലതുവശത്തൊരു വെളിച്ചം കണ്ടു ഞാൻ വീണ്ടും വണ്ടി നിർത്തി. മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ ഒരു മിനി ലോറിയിൽനിന്ന് ചെറിയ ചാക്കുകെട്ടുകൾ ഇറക്കിക്കൊണ്ടിരുന്നത് രണ്ടു സ്‌ത്രീകളായിരുന്നു. അവരോട് ചോദിച്ചു വഴി മനസ്സിലാക്കാനുള്ള ശ്രമം ഫലിക്കാതിരുന്നത് സോഖോത്താർ എന്ന സ്ഥലപ്പേര് ഞാനുച്ചരിച്ചത് അവർക്ക് തീരെ മനസ്സിലാകാത്ത രീതിയിലായതുകൊണ്ടായിരിക്കണം. ഒരു കടലാസിൽ സ്ഥലപ്പേരെഴുതി കാണിച്ചപ്പോൾ തിരിച്ചുപൊയ്‌ക്കോളാൻ ഒരേ സ്വരത്തിൽ അവർ ആംഗ്യം കാണിച്ചു. ഞാൻ കയറാൻ മടിച്ച കല്ലുവഴി തന്നെയാണ് സോഖോത്താറിലേക്കുള്ള ശരിയായ വഴി. മെൽബുക്, മെൽബുക് എന്നവർ പ്രത്യേകം പറഞ്ഞുകൊണ്ടിരുന്നത്, പോകേണ്ട വഴിയിലുള്ള ഒരു പ്രധാന ഗ്രാമമാണ് മെൽബുക് എന്നതിനാലാണ്.
വഴി രണ്ടായി പിരിയുന്നിടത്ത് വീണ്ടും എത്തി. ഇത്തവണ പരീക്ഷിക്കാനുള്ളത് വലതുവശത്തെ പൊളിഞ്ഞ വഴിയാണ്. തുടക്കം തന്നെ വലിയൊരു കയറ്റമായിരുന്നു. ഏതോ വലിയ മലമുകളിലാണ് മെൽബുക് എന്ന് തോന്നുന്നു. കാറിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിനു പുറത്ത് മറ്റൊന്നും ദൃശ്യമല്ല. പരിചയമില്ലാത്ത കാട്ടുവഴികളിലൂടെ സംശയിച്ച് സഞ്ചരിക്കുമ്പോൾ, ദൂരവും സമയവും ഇല്ലാത്ത വലുപ്പം ഭാവിക്കും. ഓരോ വളവിലും സഞ്ചാരി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മനുഷ്യവെളിച്ചം ഒരിടത്തും കാണാതെവരുമ്പോൾ ആത്മവിശ്വാസം കറേശ്ശെ ഇല്ലാതാകും. തിരിച്ചുപോയാലോ എന്നുവരെ ആലോചിക്കും. എന്നാൽ ഇരുട്ടത്ത് വണ്ടി തിരിക്കാനുള്ള സ്ഥലം കിട്ടാതെ സഞ്ചാരി പരിഭ്രമിക്കും. തീരുമാനങ്ങളെടുക്കാൻ കഴിയാതെ വിഷമിക്കും. നടക്കാൻ സാധ്യതയുള്ള ദുർഘടങ്ങളെല്ലാം പ്രതിക്ഷിച്ചു ചുറ്റും നോക്കും. പറ്റിയ അബദ്ധങ്ങളോർത്ത് പരിതപിക്കും. എന്നാൽ ഇതൊക്കെ സംഭവിക്കുന്നതിനു മുമ്പ്, അധികം ബുദ്ധിമുട്ടാതെ അരമണിക്കൂറിനുള്ളിൽ ഞാൻ മെൽബുക്കിലെത്തി. ഇവിടെ സോളാർ പാനലുകൾക്ക് താഴെ എൽഇഡി ബൾബുകൾ മങ്ങിക്കത്തി നിൽക്കുന്നുണ്ട്. വലിയൊരു മൈതാനത്തിന് ചുറ്റുമുള്ള വീടുകളാണ് ഗ്രാമം. ഇപ്പോൾ സമയം ഏഴരയായിട്ടില്ല. എന്നിട്ടും എവിടെയും ആരുമില്ല. ശബ്ദങ്ങളും ഇല്ല.
മെൽബുക്കിന് ശേഷം വഴി അൽപ്പം മെച്ചപ്പെട്ടു. അടുത്ത അരമണിക്കൂറിനുള്ളിൽ സോഖോത്താറിലെ ടൂറിസ്റ്റ് ലോഡ്ജിലെത്തി. പകൽ മുഴുവൻ നീണ്ടുനിന്ന ഒരു പരുക്കൻ യാത്രയ്‌ക്കൊരവസാനം കണ്ടതിൽ ആശ്വസിച്ച് അകത്തേക്ക് ചെന്ന എനിക്ക് സ്വാഗതം പറഞ്ഞിട്ട്, ഇന്നിവിടെ മുറി ഒഴിവില്ലല്ലോ, എന്ന് ലേഡി മാനേജർ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്റെ ഞെട്ടൽ അവസാനിക്കുന്നതിന് മുമ്പുതന്നെ, ഞാനതിന്നലെ ഫോണിൽ പറഞ്ഞതായിരുന്നല്ലോ എന്നും അവർ സസന്തോഷം കൂട്ടിച്ചേർത്തു. അവിടെ ആകെയുള്ള രണ്ടു മുറികളും കൈവശമാക്കി വച്ചിരിക്കുന്നത്, അവരുടെ തന്നെ ബന്ധുക്കാരെന്ന് തോന്നുന്ന വലിയൊരു കുടുംബമാണ്. ഞാനെന്തു ചെയ്യും? നിങ്ങളുടെ മുറി ചാംഫായിലെ ടൂറിസ്റ്റ് ലോഡ്ജിൽ വിളിച്ചുപറഞ്ഞിട്ടുണ്ടെന്നും അങ്ങോട്ട് പോയാൽ മതിയെന്നും അവർ കൂടുതൽ ഉത്സാഹത്തിൽ പറഞ്ഞു. അവിടെ കൂടുതൽ മുറികളുണ്ട്. എനിക്കിതു വിശ്വസിക്കാൻ പറ്റുന്നില്ല. ഇന്നു രാത്രി ഉറങ്ങണമെങ്കിൽ ഈ അവസ്ഥയിൽ വീണ്ടുമൊരു മുപ്പത് കിലോമീറ്റർ തിരിച്ചോടിക്കണമെന്നാണ് പറയുന്നതിന്റെ അർഥം. വീണ്ടും വഴി തെറ്റാതിരുന്നാൽ മാത്രമാണ് അതും സാധ്യമാകുന്നത്.
തിരിച്ചുപോകുമ്പോൾ മെൽബുക് മൂടൽമഞ്ഞിൽ മുങ്ങിനിൽക്കുകയാണ്. എൽഇഡി ബൾബുകൾ വല്ലാതെ മങ്ങിയിരിക്കുന്നു. മുന്നിൽ വഴി രണ്ടാകുന്നുണ്ട്. ഒരെണ്ണം ഗ്രാമത്തിന്റെ ഉള്ളിലേക്കും രണ്ടാമത്തേത് പുറത്തേക്കും എന്നു ധരിച്ച് വണ്ടി തിരിച്ചത് വീണ്ടും തെറ്റായ വഴിയിലേക്കായിരുന്നു. കുറേ പോയതിനുശേഷം അത് ചെറിയൊരു ടാറിട്ട റോഡിൽ ചെന്നുചേർന്നു. ഞാനാദ്യം പോയ വഴി തന്നെയാണോ ഇതെന്നു മനസ്സിലാകുന്നില്ല. ഇടതു ദിശയിലാണ് ചാംഫായ് എന്നൊരു തോന്നലുണ്ട്. വണ്ടി ഇടത്തേക്ക് തിരിച്ചു. ഇവിടുത്തെ ടാറിന് ആദ്യം പോയ വഴിയിലെ ടാറിന്റെ പുതുമ ഇല്ലായിരുന്നു. മഞ്ഞു മാറിയെങ്കിലും ഇരുട്ടിന് കുറവൊന്നുമില്ല. വഴിയും അവസാനിക്കുന്നില്ല. ദൂരെ വഴിയരികിൽ ഒരു മങ്ങിയ വെളിച്ചം കണ്ട് ആശ്വാസത്തിൽ വണ്ടി നിർത്തി. അസമിൽ നിന്നു വന്ന നാലഞ്ചു റോഡുപണിക്കാരുടെ മദ്യപാന സംഘമാണ്. അവരെനിക്ക് മുറിഹിന്ദിയിൽ മത്സരിച്ച് വഴി പറഞ്ഞുതരാൻ തുടങ്ങി. ഒരാളെന്നോട് തിരിച്ചുപോകാൻ പറഞ്ഞു. മറ്റൊരാളെന്റെ കൈയിൽ പിടിച്ച് മദ്യപിക്കാൻ ക്ഷണിച്ചു. ഇന്നു രാത്രി അവരുടെ കൂടെ കിടന്നിട്ട് രാവിലെ പോകാമെന്ന് നിർബന്ധിച്ചു. എന്നാൽ മേൽപ്പറഞ്ഞവയൊന്നും എനിക്ക് തീരെ സ്വീകാര്യമായിരുന്നില്ല. ഞാൻ ധൃതിയിൽ സ്ഥലംവിട്ടു. ആളനക്കമില്ലാത്ത ഇരുട്ടിൽ വളഞ്ഞുപുളഞ്ഞും കയറിയിറങ്ങിയും പോകുന്ന ചെറിയ വഴി ചാംഫായിലേക്കുള്ളതു തന്നെയാണോ എന്നുപോലും ഉറപ്പില്ല. എതിർദിശയിലാണോ പോകുന്നത് എന്നും അറിയില്ല. എന്തു ചെയ്യുമെന്ന ആശങ്കയിൽ വണ്ടിയും മടിച്ചുമടിച്ചാണ് നീങ്ങുന്നത്. ഇരുട്ടിൽ ഒരു ചെറിയ പള്ളിയുടെ ചെറിയ ഗേറ്റ് പൂട്ടിക്കൊണ്ടു നിന്ന ഒരാൾക്ക് ഇംഗ്ലീഷറിയാം. അദ്ദേഹം വഴി പറഞ്ഞുതന്നു. ആ വഴി പ്രകാരം മെൽബുക്കിൽ തിരിച്ചുപോയി, അവിടെ ഞാൻ അവഗണിച്ച രണ്ടാമത്തെ വഴിയിലൂടെ പതിനഞ്ച് കിലോമീറ്റർ പോയാലേ ചാംഫായ് എത്തുകയുള്ളൂ. ഇവിടെനിന്നുള്ള ആകെ ദൂരം ഇനിയുമൊരു മുപ്പത് കിലോമീറ്റർ വരും. ഇതെല്ലാം കൃത്യമായി ഒരു കടലാസിൽ എഴുതിത്തന്നശേഷം അദ്ദേഹം തന്റെ തലയ്‌ക്കു ചുറ്റുമുള്ള പ്രഭാവലയം പ്രകാശിപ്പിക്കുകയും വലിയ ചിറകുകൾ വിടർത്തി മിയാൻമാർ ഭാഗത്തേക്ക് പറന്നുപോകുകയും ചെയ്‌തു.
ചാംഫായിലെ ഭക്ഷണം
ഇരുട്ടും മഞ്ഞും ഇടയ്‌ക്കിടെയുള്ള ചാറ്റൽമഴയും കടന്ന് ചാംഫായിലെ ടൂറിസ്റ്റ് ലോഡ്ജിലെത്തിയപ്പോൾ രാത്രി ഒൻപതര കഴിഞ്ഞു. ഇന്നുച്ചയ്‌ക്ക് ഭക്ഷണം കഴിച്ച ഹോട്ടലിൽനിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരെയായിരുന്നല്ലോ ഈ സ്ഥലം എന്നോർത്തപ്പോൾ ലോകം മുഴുവൻ എനിക്കെതിരാണെന്നു തോന്നി. വഴി തെറ്റിയും മൊഴി തെറ്റിയും അധികമായി ചുറ്റിക്കറങ്ങിയത് ഏകദേശം ആറുമണിക്കൂർ സമയമാണ്. ചാംഫായ് ടൂറിസ്റ്റ് ലോഡ്ജിലെ പ്രധാന പാചകക്കാരന്റെ സഹായിയും മകനുമായ പൂയി എനിക്കുള്ള ഭക്ഷണം നേരത്തെ തയ്യാറാക്കി വച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ ഏതോ ക്ഷേമപദ്ധതി പ്രകാരം രണ്ടുവർഷം ഒരു എൻജിനിയറിങ് കോഴ്സ് പഠിച്ചിട്ട് ഗുണമൊന്നും ഇല്ലാത്തതുകൊണ്ട് ഇവിടെ അച്ഛന്റെ കൂടെ കൂടിയതാണെന്നു പൂയി പറഞ്ഞു. പൂയിക്ക് ഇംഗ്ലീഷറിയാം. ഇന്നെനിക്കു പറ്റിയ മഹാമണ്ടത്തരം കേട്ട് പൂയി തലയിൽ കൈവച്ചു. എന്തായാലും ഇവിടെ വന്നത് നന്നായെന്നും, സോഖോത്താറിലെ ലോഡ്ജ് വഴിവക്കിലാണെന്നും, ഇതുപോലെയുള്ള ശാന്തത അവിടില്ലെന്നും പൂയി പറഞ്ഞു. ഇതൊന്നും ഇതുവരെ ശ്രദ്ധിക്കാൻ കഴിഞ്ഞ കാര്യങ്ങളേ ആയിരുന്നില്ലെങ്കിലും, പൂയി പറഞ്ഞത് ശരിയാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലായി. ധാരാളം മരങ്ങൾ നിറഞ്ഞ വിശാലമായ ഒരു കുന്നിൻപുറത്താണ് ലോഡ്ജ് നിൽക്കുന്നത്. ശാന്തത കുറച്ചു കൂടിപ്പോയോ എന്ന സംശയം മാത്രമേ ഉള്ളൂ. ഭക്ഷണവും നല്ലത്. മിസോറാം സർക്കാരിന്റെ ടൂറിസ്റ്റ് ലോഡ്ജുകളിലെല്ലാം ഒരു മുറിക്ക് ആയിരം രൂപയാണ് വാടക. വാങ്ചിയയെക്കുറിച്ച് ചോദിച്ചപ്പോൾ ഇവിടെനിന്ന് രണ്ടര മണിക്കൂർ തെക്കാണതെന്ന് പൂയി പറഞ്ഞു. വേണമെങ്കിൽ നാളെ കൂടെ വരാമെന്നും, പോകുന്ന വഴിക്ക് കൂടെയുള്ള ഒരാളെ തന്റെ അമ്മയുടെ ഗ്രാമത്തിൽ വിട്ടാൽ മാത്രം മതിയെന്നും പറഞ്ഞു. ആരാണ് കൂടെയുള്ളത് എന്നു ചോദിച്ചപ്പോൾ അമ്മയുടെ മൂത്ത ചേച്ചിയാണെന്നു പറഞ്ഞു.( തുടരും)










0 comments