രേഖാമൂലം
അടിച്ചമർത്തൽ, ചെറുത്തുനിൽപ്പ്, അതിജീവനം

‘മലബാറിലെ കർഷകരുടെ ഇടയിലെ കമ്യൂണിസ്റ്റ് പാർടി പ്രവർത്തനം’ എന്ന തലക്കെട്ടിൽ ബ്രിട്ടീഷ് ഇന്റലിജൻസ് തയ്യാറാക്കിയ രഹസ്യരേഖയുടെ ആദ്യപേജ്

ശ്രീകുമാർ ശേഖർ
Published on May 16, 2026, 11:27 AM | 3 min read
‘‘നമ്മുടെ സ. പി ടി (നാരായണൻ നമ്പ്യാരെ)യെ അടിച്ചുകൊന്നവരോട് നമ്മൾ പ്രതികാരം ചെയ്യും. അബു മാസ്റ്ററെയും ചാത്തുക്കുട്ടിയെയും വെടിവെച്ചു കൊന്നവർക്കെതിരെ തിരിച്ചടിക്കും. മട്ടന്നൂർ, മൊറാഴ കേസുകളിലെ പ്രതികളെ പീഡിപ്പിച്ചവരോട് പകരം ചോദിക്കും.
ആ പ്രതികാരം എന്താണ്? ഈ പൊലീസ് ഭരണത്തിന്റെ ശവമടക്ക് നടത്തണം.
അതിനായി എന്ത് ചെയ്യണം?
‘മലബാറിലെ കർഷകരുടെ ഇടയിലെ കമ്യൂണിസ്റ്റ് പാർടി പ്രവർത്തനം’ എന്ന തലക്കെട്ടിൽ ബ്രിട്ടീഷ് ഇന്റലിജൻസ് തയ്യാറാക്കിയ രഹസ്യരേഖയുടെ ആദ്യപേജ്
നമ്മുടെ സംഘടന ശക്തിപ്പെടുത്തണം. ഓരോ കർഷകനും കർഷകസംഘത്തിൽ ചേരണം, ഓരോ യുവാവും വോളണ്ടിയർ സംഘടനയിൽ ചേരണം, ഓരോ വീടും ഒരു യോഗസ്ഥലമാകണം. സിഐഡി ഉദ്യോഗസ്ഥർക്കും പൊലീസുകാരുടെ ചാരന്മാർക്കും താമസമോ കുടിവെള്ളമോ പോലും നൽകാൻ പാടില്ല. ഇൻക്വിലാബ് സിന്ദാബാദ്.''
‘പൊലീസ് രാജ് തുലയട്ടെ’ എന്ന തലക്കെട്ടിൽ 1941 ഏപ്രിൽ 30ന് മലയാളത്തിൽ സൈക്ലോസ്റ്റൈൽ ചെയ്‌തിറങ്ങിയ ലഘുലേഖ അവസാനിക്കുന്നത് ഈ ആഹ്വാനത്തോടെയാണ്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ കേരള കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖയുടെ ഇംഗ്ലീഷ് പരിഭാഷ നാഷണൽ ആർക്കൈവ്‌സിൽ ലഭ്യമാണ്. ‘മലബാറിലെ കർഷകരുടെ ഇടയിലെ കമ്യൂണിസ്റ്റ് പാർടി പ്രവർത്തനം’ (Communist activity amongst the peasants in Malabar) എന്ന തലക്കെട്ടിൽ ബ്രിട്ടീഷ് ഇന്റലിജൻസ് തയ്യാറാക്കിയ പത്തുപേജുള്ള രഹസ്യരേഖ കർഷക പോരാട്ട ചരിത്രത്തിന്റെ ചെറിയൊരു കാലത്തിന്റെ ചിത്രം വരച്ചിടുന്നു.
1935 മുതലുള്ള കർഷകപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പാർടിയുടെയും രേഖകൾ പൊലീസിന് ലഭിച്ചിരുന്നു. കടുത്ത അടിച്ചമർത്തൽ നീക്കങ്ങൾക്കിടയിൽ പിണറായിയിൽ നടത്തിയ റെയ്‌ഡിലാണ് പലതും കിട്ടിയത്. അവയും പൊലീസ് ശേഖരിച്ച വിവരങ്ങളും ചേർത്താണ് രേഖ തയ്യാറാക്കിയത്. കമ്യൂണിസ്റ്റ് പാർടിയെ നിരോധിച്ചതിനു പിന്നാലെ മലബാർ കർഷകസംഘം അടക്കമുള്ള കർഷക സംഘടനകളെയും നിരോധിച്ചിരുന്നു.
1940 സെപ്‌തംബർ 15ന്റെ പ്രതിഷേധ ദിനാചരണത്തിൽ മൊറാഴയിലും തലശ്ശേരിയിലും മട്ടന്നൂരിലും നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധറാലികള്‍ സംഘടിപ്പിച്ചിരുന്നു. തലശ്ശേരിയിൽ സഖാക്കള്‍ അബുവും ചാത്തുക്കുട്ടിയും രക്തസാക്ഷികളായി. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് രക്തസാക്ഷികൾ. മൊറാഴയിൽ ഒരു പൊലീസ് ഇൻസ്‌പെക്ടറും കോൺസ്റ്റബിളും കൊല്ലപ്പെട്ടു. മട്ടന്നൂരിലെ ഏറ്റുമുട്ടലിലും ഒരു പൊലീസുകാരന്‍ വധിക്കപ്പെട്ടു. ഈ സംഭവങ്ങൾ ബ്രിട്ടീഷ് സർക്കാരിനെ സംഭ്രമിപ്പിച്ചിരുന്നു. പൊലീസിനെ എല്ലാ നിയന്ത്രണവും നീക്കി കെട്ടഴിച്ചുവിട്ടിട്ടും കർഷകമുന്നേറ്റം തടയാൻ കഴിയുന്നുണ്ടായിരുന്നില്ല. രേഖ തയ്യാറാക്കിയത് ഈ സാഹചര്യത്തിലാണ്.
ഏപ്രിലിൽ ‘പൊലീസ് രാജ് തുലയട്ടെ’ എന്ന തലക്കെട്ടിൽ
മലയാളത്തിൽ ഇറങ്ങിയ ലഘുലേഖയുടെ പരിഭാഷ
‘ഓൾ- മലബാർ കർഷക യൂണിയൻ പൂർണമായും കമ്യൂണിസ്റ്റ് നിയന്ത്രണത്തിലാണ്. നേതാക്കളിൽ പലരും ജയിലിലാണെങ്കിലും സംഘടന ഇപ്പോഴും സജീവമാണ്. ക്രമസമാധാനത്തിന് അപകടകരമാകുന്ന ലക്ഷ്യങ്ങളുള്ളതിനാൽ യൂണിയനും അതിന്റെ ശാഖകളും നിയമവിരുദ്ധമാക്കി പിരിച്ചുവിടുന്നത് അനിവാര്യമാണ്’ ‐രേഖയിൽ നിർദേശിക്കുന്നു.
1936ൽ കർഷകസംഘം രൂപീകരിച്ച് ഇ എം എസ്, ഇ പി ഗോപാലൻ, എ രാമചന്ദ്ര നെടുങ്ങാടി തുടങ്ങിയ നേതാക്കൾ പ്രചാരണ പ്രവർത്തനങ്ങളിലൂടെ കർഷകരെ സോഷ്യലിസ്റ്റ് ആശയപാതയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതായി രേഖ പറയുന്നു. മൊറാഴ, മട്ടന്നൂർ, കയ്യൂർ സംഭവങ്ങൾ അക്രമസംഭവങ്ങളായി വിവരിക്കുന്നു.
സംഘടനയുടെ ആപത്ത് വിശദീകരിക്കാൻ കർഷകസംഘത്തിന്റെയും പാർടിയുടെയും പ്രസിദ്ധീകരണങ്ങളും പ്രസംഗങ്ങളും ഉദ്ധരിച്ച് ചേർക്കുന്നുണ്ട്.
1939-ൽ നടന്ന മൂന്നാം ചിറക്കൽ താലൂക്ക് കർഷക സമ്മേളനത്തിൽ സമർപ്പിച്ച വാർഷിക റിപ്പോർട്ടിൽ നിന്നുള്ള ഭാഗങ്ങൾ രേഖയിലുണ്ട്.
എ കെ ജി
‘കമ്യൂണിസ്റ്റ് വാർത്തകളും കുറിപ്പുകളും’ എന്ന മലയാള ലഘുലേഖയിൽ നിന്നുള്ള ഭാഗവും ഉദ്ധരിക്കുന്നുണ്ട്. അതിലെ ചില വിവരങ്ങൾ ഇങ്ങനെ: ഓരോ ഗ്രാമത്തിലും കുറഞ്ഞത് 25 അംഗങ്ങളുള്ള ഒരു കർഷക സംഘം ഉണ്ടായിരിക്കണം. സാധ്യമാകുന്നത്ര യഥാർഥ കർഷകരെ അംഗങ്ങളാക്കണം. കർഷകയൂണിയന്റെയും ഗ്രാമ കമ്മിറ്റിയുടെയും തീരുമാനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണം, ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും കണ്ടെത്തി കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യണം, കൂടാതെ രോഗികളെ പരിചരിക്കുന്നതുപോലുള്ള മനുഷ്യസേവന പ്രവർത്തനങ്ങളും ചെയ്യണം. ഓരോ വളണ്ടിയറും കുറഞ്ഞത് ആഴ്‌ചയിൽ ഒരിക്കൽ തന്റെ പരിധിയിലെ എല്ലാ വീടുകളും സന്ദർശിക്കണം. ഗ്രൂപ്പും സംഘനേതാവും അവരുടെ പ്രവർത്തനം മേൽനോട്ടം വഹിക്കണം.
ഇ എം എസ്
സ്റ്റഡി ക്ലാസുകൾ എങ്ങനെ നടത്തണമെന്ന് എ കെ ജി തോലമ്പ്രയിൽ 1938 നവംബർ 23ന് ചെയ്‌ത പ്രസംഗത്തിൽ പറഞ്ഞകാര്യങ്ങൾ രേഖയിൽ ചേർത്തിട്ടുണ്ട്. ‘കോൺഗ്രസ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചാൽ കർഷകർ യോഗങ്ങളിൽ പങ്കെടുക്കില്ല. ഇത് കർഷകരുടെ യോഗമാണെന്ന് അറിഞ്ഞാൽ മാത്രമേ അവർ പങ്കെടുക്കൂ. വർഗബോധമുള്ള കർഷകരും തൊഴിലാളികളും മാത്രമേ കോൺഗ്രസ് യോഗങ്ങളിൽ പങ്കെടുക്കൂ. കർഷകയോഗങ്ങളിൽ അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ശരിയായി പരിഗണിക്കണം. സർക്കാർ ഉദ്യോഗസ്ഥരുടെ ഉയർന്ന ശമ്പളവും അതിനെ എങ്ങനെ പരിഹരിക്കാമെന്നതും ഊന്നിപ്പറയണം. അങ്ങനെ ബ്രിട്ടീഷ് ഭരണത്തോടൊപ്പം മുതലാളിത്തവും അവസാനിക്കണം എന്ന് അവർ മനസ്സിലാക്കും.’‐എ കെ ജി നിർദേശിക്കുന്നു.
ഇ പി ഗോപാലൻ
കമ്യൂണിസ്റ്റ് പാർടിയുടെയും കർഷകസംഘത്തിന്റെയും ആദ്യകാലത്ത് ജനങ്ങൾക്കിടയിൽ എത്ര സൂക്ഷ്‌മതലത്തിലുള്ള ഇടപെടലാണ് നടന്നിരുന്നതെന്ന് ഈ ബ്രിട്ടീഷ് സർക്കാർ രേഖ വ്യക്തമാക്കുന്നു. ജനമുന്നേറ്റത്തെ അടിച്ചമർത്താനുള്ള മുന്നൊരുക്കങ്ങളുടെ രൂപരേഖയും കാണാം .











0 comments