രേഖാമൂലം
ഓക്‌സ്‌ഫഡിൽ ചോർന്ന കമ്യൂണിസ്റ്റ് രഹസ്യം

സുശോഭൻ ചന്ദ്ര സർക്കാരിനെപ്പറ്റി ഇന്ത്യയിൽ നിന്നുള്ള വിവരങ്ങളടങ്ങിയ കത്ത്

ശ്രീകുമാർ ശേഖർ
Published on May 30, 2026, 11:59 AM | 2 min read
ഇന്ത്യയിലേക്ക് കമ്യൂണിസ്റ്റ് വിപ്ലവകാരികളെ വിരിയിച്ചയക്കുന്ന കേന്ദ്രങ്ങൾ എന്ന നിലയിൽ ബ്രിട്ടനിലെ സർവകലാശാലകൾ ബ്രിട്ടീഷ് സർക്കാരിന്റെ റഡാറിൽ എന്നുമുണ്ടായിരുന്നു. 1930‐കളിൽ കമ്യൂണിസ്റ്റ് ആശയങ്ങൾ ആളിപ്പടർന്നതോടെ ഈ ജാഗ്രത കടുത്തതിന്റെ തെളിവുകൾ ഏറെയുണ്ട്. എന്നാൽ ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർടി വേരൂന്നിത്തുടങ്ങിയ 1920 മുതൽതന്നെ ഈ ഒളിനോട്ടം ബ്രിട്ടൻ തുടങ്ങിയിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. നാഷണൽ ആർക്കൈവ്‌സിൽ ലഭ്യമായ 44 പേജുള്ള ഫയലിൽ ഓക്‌സ്‌ഫഡിൽ കമ്യൂണിസ്റ്റുകാർ നീക്കിയ രഹസ്യച്ചുവടുകളുടെയും അതു ചോർന്നതിന്റെയും തെളിവുകൾ കാണാം.
സുശോഭൻ ചന്ദ്ര സർക്കാരിനെപ്പറ്റി ഇന്ത്യയിൽ നിന്നുള്ള വിവരങ്ങളടങ്ങിയ കത്ത്
കമ്യൂണിസ്റ്റ് പാർടി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ആദ്യ ചെയർമാനായിരുന്ന ആർതർ മക്മാനുസിന്റെ താമസസ്ഥലത്ത് 1925ൽ നടത്തിയ റെയ്ഡിൽ കിട്ടിയ രേഖകളാണ് ബ്രിട്ടീഷ് ഇന്റലിജൻസ് വൃത്തങ്ങളെ ഞെട്ടിച്ചത്. പാർടിയുടെ മേൽനോട്ടത്തിൽ ഓക്‌സ്‌ഫഡിൽ രണ്ട് സഖാക്കൾ നടത്തിയിരുന്ന രഹസ്യ പ്രവർത്തനങ്ങളായിരുന്നു അതിൽ. ഇവ ഉൾപ്പെടുത്തി രഹസ്യാന്വേഷണ വിഭാഗം അടിയന്തര പ്രാധാന്യത്തോടെ തയ്യാറാക്കിയ ഫയലിൽ ‘അപകടകാരി’കളായ വിദ്യാർഥികളുടെ പേരുകളും ഉൾപ്പെട്ടിരുന്നു.
ഇന്ത്യൻ സംഘടനയായ ഓക്‌സ്‌ഫഡ് മജ്‌ലിസിൽ അംഗങ്ങളായ വിദ്യാർഥികളുടെ രാഷ്‌ട്രീയ നിലപാടുകളെപ്പറ്റിയുള്ള വിവരങ്ങളായിരുന്നു ബ്രിട്ടീഷ് പൊലീസിന്റെ കയ്യിലെത്തിയ പ്രധാന രേഖ. ബ്രിട്ടനിൽ കമ്യൂണിസ്റ്റ് എംപിയായിരുന്ന ഷാപുർജി സക്‌ലത്‌വാലയ്‌ക്ക് പി ആർ സ്റ്റീഫൻസൺ, ഐ ജി തോമസ് എന്നിവർ തയ്യാറാക്കി 1925 ജൂൺ 23ന് അയച്ച കുറിപ്പായിരുന്നു അത്. (പി ആർ സ്റ്റീഫൻസൺ പിന്നീട് പ്രമുഖ എഴുത്തുകാരനും ഓസ്‌ട്രേലിയയിൽ കമ്യൂണിസ്റ്റ് നേതാവുമായി. അവസാനകാലത്ത് വലതുപക്ഷത്തുമെത്തി). മജ്‌ലിസിലെ ആകെയുള്ള 66 വിദ്യാർഥികളിൽ 18 പേർ മിതവാദികളും 11 പേർ സ്വരാജിസ്റ്റുകളും അഞ്ചുപേർ സോഷ്യലിസ്റ്റുകളും ആണെന്ന് കുറിപ്പിലുണ്ട്. സോഷ്യലിസ്റ്റ് നിലപാടുള്ളവരെ സ്വാധീനിക്കാൻ സാധ്യത കൂടുതൽ ഉണ്ടെന്നും പറയുന്നു.
കമ്യൂണിസ്റ്റ് സ്വാധീനത്തിലായ എട്ടു വിദ്യാർഥികളെപ്പറ്റി
ബ്രിട്ടീഷ് സർക്കാർ തയ്യാറാക്കിയ കുറിപ്പ്
ഗോപാലസ്വാമി, സർക്കാർ, മഞ്ജുനാഥ്, കൃഷ്‌ണ, മിർസ എന്നിങ്ങനെയാണ് ആ അഞ്ചുപേരുടെ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരുമായി സക്‌ലത്‌വാല കൂടിക്കാഴ്‌ച നടത്തണമെന്നും സ്റ്റീഫൻസൺ കത്തിൽ നിർദേശിച്ചിരുന്നു. വിദ്യാർഥികളിൽ ചിലർക്ക് ശക്തമായ കമ്യൂണിസ്റ്റ് ആഭിമുഖ്യമുണ്ട്. ചിലർ സൈദ്ധാന്തിക തലത്തിൽ മാത്രം ഇടപെടാൻ താൽപ്പര്യപ്പെടുന്നു. മറ്റുചിലർ കിട്ടാനിടയുള്ള പദവിയെയും പണത്തെയും കുറിച്ചുമാത്രം ചിന്തിക്കുന്നവരാണ്. ഇവർക്കിടയിൽ മാർക്‌സിസ്റ്റ് സാഹിത്യം എത്തിച്ചുകൊടുക്കുന്നുണ്ട്. ഇന്ത്യൻ സഖാക്കൾക്ക് ഇംഗ്ലീഷ് പേരുകൾ നൽകിയാണ് ഇടപെടൽ. അവർക്കായി ഒരു പാർടി കമ്മിറ്റി ഉണ്ട്. സ്റ്റീഫൻസണിന്റെ സുഹൃത്തായ ഒരു ഓസ്ട്രേലിയൻ വിദ്യാർഥിയുടെ വിലാസത്തിലാണ് കത്തുകൾ അയക്കുന്നത്. യോഗങ്ങൾ വിളിക്കുമ്പോൾ അവർ വലിയ ആവേശം കാണിക്കുന്നുണ്ട്. വിപ്ലവകരമായ നിലപാടുകൾക്ക് ഉറക്കെ കയ്യടിക്കും. എന്നാൽ അവരായി അങ്ങനെയൊന്നും പറയില്ല. ഗോപാലസ്വാമി, സർക്കാർ, മിർസ എന്നിവർ കൂടുതൽ വിശ്വസിക്കാവുന്നവരാണ് എന്നും കുറിപ്പിൽ പറഞ്ഞു.
ഷാപുർജി സക്‌ലത്‌വാല
ഈ കത്തിലെ വിവരങ്ങൾ ഉപയോഗപ്പെടുത്തി എട്ട് വിദ്യാർഥികളെ ബ്രിട്ടീഷ് സർക്കാർ കണ്ടെത്തി ഫയലിലാക്കി. ഇന്ത്യയിൽനിന്ന് കിട്ടിയ വിവരങ്ങൾ കൂടി കൂട്ടിച്ചേർത്താണ് കുറിപ്പ്.
സർക്കാർ എന്ന് മാത്രം സ്റ്റീഫൻസൺ കത്തിൽ പരാമർശിച്ച വ്യക്തി ബംഗാളിൽ നിന്നുള്ള സുശോഭൻ ചന്ദ്ര സർക്കാർ ആണെന്ന് പൊലീസ് മനസ്സിലാക്കി. സർക്കാരിന്റെ അച്ഛൻ ബിഹാറിലും ഒറീസയിലും ചുമതല ഉണ്ടായിരുന്ന റിട്ടയേഡ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആണെന്ന് വ്യക്തമാക്കുന്നു. സർക്കാർ ഇപ്പോൾ കൊൽക്കത്ത സർവകലാശാലയിൽ പ്രതിമാസം 200 രൂപ ശമ്പളത്തിൽ അധ്യാപകനായി പഠിപ്പിക്കുകയാണെന്നും നിരീക്ഷിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്‌തിട്ടുള്ളതായും കത്തിലുണ്ട്. സുശോഭൻ ചന്ദ്ര സർക്കാർ പിൽക്കാലത്ത് വിഖ്യാത മാർക്‌സിസ്റ്റ് ചരിത്രകാരനായി മാറി. അദ്ദേഹത്തിന്റെ മകൻ സുമിത് സർക്കാരും അറിയപ്പെടുന്ന മാർക്‌സിസ്റ്റ് ചരിത്രകാരനാണ്.
സുശോഭൻ ചന്ദ്ര സർക്കാർ
കുർമ വേണു ഗോപാലസ്വാമി മദ്രാസ് സർക്കാരിലെ മന്ത്രിയായിരുന്ന (പിന്നീട് അദ്ദേഹം മദ്രാസ് ഗവർണറുമായി) കെ വെങ്കട റെഡ്ഡിയുടെ മകനാണ് എന്നും കണ്ടെത്തുന്നുണ്ട്. മകനെ ഉപദേശിക്കാൻ അച്ഛന് നിർദേശം നൽകിയതായി ഫയലിൽ കാണാം. നാട്ടിലെത്തും മുമ്പുതന്നെ കമ്യൂണിസ്റ്റ് പാർടിയുമായി ബന്ധം പുലർത്തിയിരുന്നതായി സ്റ്റീഫൻസൺ കത്തിൽ പറയുന്നുണ്ടെങ്കിലും കെ വി ഗോപാലസ്വാമി പിന്നീട് പാർടിയുമായി ബന്ധപ്പെട്ടതായി വിവരമില്ല. അഭിഭാഷകനായും പിന്നീട് നാടകകൃത്തായും അറിയപ്പെട്ട അദ്ദേഹം പല ഔദ്യോഗിക സ്ഥാനങ്ങളും വഹിച്ചു. ബാകർ അലി മിശ്ര ഇന്ത്യയിലെത്തി ഹൈദരാബാദിൽ ദേശീയ പ്രസ്ഥാനത്തിൽ സജീവമായി. കോൺഗ്രസിന്റെ പാർലമെന്റംഗവുമായി. മറ്റുള്ളവരുടെ പിന്നീടുള്ള വിവരങ്ങൾ ലഭ്യമല്ല.
പി ആർ
സ്റ്റീഫൻസൺ
രേഖകൾ ചോർന്നതോടെ തിരിച്ചടി നേരിട്ടെങ്കിലും ഓക്‌സ്‌ഫഡിൽ പാർടി പിന്നെയും പിച്ചവച്ചു. കമ്യൂണിസ്റ്റ് പാർടിയുടെ രൂപീകരണകാലംമുതൽ പാർടിയെ തകർക്കാൻ ബ്രിട്ടൻ പുലർത്തിയ ജാഗ്രതയും രഹസ്യനീക്കങ്ങളും കൂടുതൽ വെളിച്ചത്തിൽ കാട്ടുന്നവയാണ് ഈ രേഖകളും.











0 comments