കവർസ്റ്റോറി
പച്ചമനുഷ്യരുടെ മണങ്ങള്‍

ഷാഹിന ഇ കെ
Published on Nov 24, 2025, 02:30 PM | 9 min read
സാറ ടീച്ചറുടെ, എന്നിലേക്ക് ഏറ്റവുമാദ്യം വേരാണ്ട് പോയ കഥ ഏതായിരിക്കണം? പുസ്‌തകം വയ്‌ക്കാന്‍ ഒരു മേശ പണിയണം എന്നാഗ്രഹം പറയുന്ന സ്ത്രീയോട് ആ പൈസകൊണ്ട് ഒരു മൂരിക്കുട്ടിയെ വാങ്ങിയാലുണ്ടാകുന്ന ലാഭത്തെക്കുറിച്ച് പറയുന്ന ഭര്‍ത്താവുള്ള ഒരു കഥയുണ്ട്. ‘ഒരു രാത്രി അനേകം രാത്രികള്‍.’ പുസ്‌തകങ്ങള്‍ കഥാപാത്രങ്ങളായി വരുന്ന കഥകള്‍ എക്കാലവും എനിക്കിഷ്ടമായിരുന്നു. അതുകൊണ്ടാവാം ചിമ്മിനി വിളക്കിന്റെ വെട്ടത്തില്‍ പുസ്‌തകങ്ങളെ പ്രണയിച്ചുകിടന്നിരുന്ന ആ പെണ്‍കഥാപാത്രമുള്ള കഥ ഉള്ളു പൊള്ളിച്ചത്. പിന്നാലെ ഉള്ളിലുറച്ചത് ‘മുടിത്തെയ്യ’മാണ്. സ്ത്രീകളോട് സ്വത്വമത്രയും കെട്ടിപ്പൂട്ടി വയ്‌ക്കാന്‍ കല്‍പ്പിച്ചിരുന്ന സനാതനന്‍മാരെയും ഉള്ളില്‍ കൊടുങ്കാറ്റും പേറി നടന്നിരുന്ന ലളിതമാരെയും ചുറ്റും കണ്ടിരുന്ന കാലത്താണ് പെണ്ണിന്റെ സ്വത്വബോധത്തിന്റെ, ശക്തിയുടെ, പ്രതിഷേധത്തിന്റെ പ്രതീകമായി മുടി കടന്നുവരുന്ന ആ കഥ വായിക്കുന്നത്. ‘നിറഞ്ഞ തടാകങ്ങളില്‍ കഴുത്തറ്റം മുങ്ങിനിന്ന് മുടിയഴിച്ചു വിതറിക്കൊണ്ട്, അലറുന്ന കടല്‍ത്തീരങ്ങളില്‍ മുടി വീശിയാടിക്കൊണ്ട്, കൊടിയ പർവതശിഖരങ്ങളില്‍ മുടിപ്പാമ്പുകളെ ചിതറിച്ചു കയറിക്കൊണ്ട് സ്വയം ആവിഷ്‌കരിക്കുന്നതായി സ്വപ്‌നം കാണുന്ന’ ലളിത ചുവപ്പില്‍ വരച്ച ഒരു വാങ്‌മയ ചിത്രമായിരുന്നു ഉള്ളില്‍. അയൽവാസിയായ പ്രിയപ്പെട്ട ഒരു ചേച്ചി വിവാഹിതയാകുകയും പുതുമോടിയില്‍ അവരിങ്ങനെ വന്നു പോകുകയും ചെയ്യുന്ന കാലത്തോടാണ് ‘സ്‌കൂട്ടര്‍’ എന്ന കഥ താദാത്മ്യപ്പെടുന്നത്. അവര്‍ക്കൊരു പച്ച നിറമുള്ള പുത്തന്‍ സ്‌കൂട്ടര്‍ ഉണ്ടായിരുന്നു. അതിലിങ്ങനെ രണ്ടു നിറമുള്ള പക്ഷികളെപ്പോലെ അവര്‍ അങ്ങാടിയിലൂടെ പറന്നു നടന്നു. സ്‌കൂട്ടറിന്റെ കണ്ണാടികള്‍ക്കുള്ളിലൂടെ സദാ തന്നെ നിരീക്ഷിക്കുകയും ഓരോ പുറംനോട്ടങ്ങള്‍ക്കും വിശദീകരണം നല്‍കേണ്ടി വരികയും ചെയ്യുന്ന, പുറംലോകത്തിന് അറിയാത്ത ആ യാത്രകളോരോന്നിനെയും കുറിച്ച് ഒരിക്കലാ ചേച്ചി പറയുമ്പോള്‍ ആണിയിളകിയ ദാമ്പത്യത്തിന്റെ പ്രതീകമായ ‘സ്‌കൂട്ടര്‍’ എന്ന കഥയും ചുറ്റുപാടുകളുടെ കഥയായി. എങ്കിലും ഏറ്റവുമാദ്യം അത്രയേറെ മൂര്‍ച്ചയോടെ, ആഴത്തിലാഴത്തില്‍ എന്നെ തൊട്ട സാറ ടീച്ചറുടെ കഥാപാത്രം ആരായിരുന്നു? അത് മേബിള്‍ അമ്മായി തന്നെ ആയിരിക്കണം. കടല്‍ക്കരയില്‍ തനിച്ചു താമസിക്കുന്ന, കൊതിപ്പിക്കുന്ന ചില്ല് ജനാലകളുള്ള വീടുള്ള, സർവസ്വതന്ത്രയായ മേബിള്‍ അമ്മായി.
സാറാ ജോസഫ് ഫോട്ടോ: രാജേഷ് ചാലോട്
ആത്യന്തികമായി ‘സ്വന്തമായൊരു മുറി’യെന്ന സങ്കൽപ്പം പറഞ്ഞുവയ്‌ക്കുന്ന ആ കഥയിലെ വ്യവസ്ഥകള്‍ക്കുള്ളില്‍ ഞെരുങ്ങുന്ന എഴുത്തുകാരിയോ അവരുടെ ശ്വാസംമുട്ടുന്ന സര്‍ഗാത്മകതയോ ഒന്നുമായിരുന്നില്ല എന്റെ ആദ്യകാല വായനയെ വിഭ്രമിപ്പിച്ചത്. മറിച്ച്, കഥയിലെ ഗതികെട്ട എഴുത്തുകാരിയുടെ ഭ്രമകൽപ്പനയായ മേബിള്‍ അമ്മായിയുടെ ചുവരുകളില്ലാത്ത ആ വീടായിരുന്നു. കനം കുറഞ്ഞതും മനോഹരമായ വിചിത്ര മറകളും ഉള്ള വീട് ഗ്രില്ലുകളോ സാക്ഷകളോ ഇല്ലാത്ത, ത്രസിക്കുന്ന ഞരമ്പുകളുള്ള കടൽത്തീരത്തെ വീട്. അനന്തമായി തുറന്നുകിടക്കുന്ന കടലും അതിന്റെ നീലച്ഛവിയും. എഴുതാനും വായിക്കാനും വേണ്ടി ചക്രവാളം കാണാവുന്ന മൂന്നു ജനലുകളുള്ള ഒരു മുറിയുള്ള, എക്കാലത്തേക്കുമായി അവളെ കാത്തുകിടക്കുന്ന വീട്. അമ്മയുടെ ഗര്‍ഭത്തിലെ ആദിമ മൗനത്തിലേക്കും ഇരുട്ടിലേക്കും പോകാന്‍ കൊതിക്കുന്ന ഒരുവള്‍ക്ക് ഒളിച്ചുപാര്‍ക്കാന്‍ എന്തുകൊണ്ടും ആശ്വാസകരമായ, ലോകത്തെ മുഴുവന്‍ പുറംതള്ളിയടച്ചിട്ട, എങ്കിലും കാറ്റും കിനാവും നിറഞ്ഞ മുറി. അതൊരു, അപൂർവ സുന്ദരമായ ജലച്ചായ ചിത്രംപോലെ ഉള്ളില്‍ ഫ്രെയിം ചെയ്യപ്പെട്ടു കിടന്നു. ആ ചിത്രത്തില്‍നിന്നും കഥയിലേക്ക്, അതിന്റെ ആഴത്തിലേക്ക് നടക്കുന്നതൊക്കെ പിന്നെയും കുറെ കഴിഞ്ഞാണ്. അപ്പോഴേക്കും വായന എന്നേക്കാള്‍ മുതിര്‍ന്നിരുന്നു. ആര്‍ക്കും കാണാനാവാത്ത ജാലകങ്ങളുള്ള മുറികള്‍ ഓരോ മനുഷ്യനും അകമേ പേറുന്നുവെന്നറിഞ്ഞിരുന്നു. ആ ജനാലകള്‍ കാട്ടിത്തരുന്ന കാലവും ലോകവും മനുഷ്യരും സ്വപ്‌നങ്ങളും പ്രതീക്ഷകളുമൊക്കെത്തന്നെയാണ് മനുഷ്യരെ ജീവിപ്പിക്കുന്നതെന്നു തിരിഞ്ഞിരുന്നു.
ജനല്‍ തുറന്നിട്ടാല്‍ കുറച്ചപ്പുറത്ത് ഇളംറോസ് നിറമുള്ള ചുവരുകളുള്ള, നീല ജനാലകളുള്ള ഒരു വലിയ വീടുണ്ടായിരുന്നു. ഭര്‍ത്താവും ഭാര്യയും മുതിര്‍ന്നതും അല്ലാത്തതുമായ ധാരാളം കുട്ടികളുമുള്ള വീട്. സമ്പന്നരാണെങ്കിലും തീരെ പഴയമട്ടില്‍ പണികഴിപ്പിച്ച ഒരോട്ടു വീട്. തൊഴുത്തും പശുക്കളും ചായ്‌പും തേങ്ങാക്കൂനകളും സകല സാമഗ്രികളും അടിഞ്ഞുകൂടിയ ഒരു പിന്നാമ്പുറം ഉണ്ടായിരുന്നു അതിന്. ഗൃഹനാഥന്‍ വെടിപ്പില്‍, പത്തുമണി വെയില്‍ കടന്ന് പുറംലോകത്തിലേക്ക് നീന്തുമ്പോള്‍ വീട്ടുചതുരത്തില്‍നിന്ന് അയാളുടെ ഭാര്യ പിന്‍മുറ്റച്ചതുരത്തിലേക്ക് മണ്ടും. തേങ്ങാക്കൂനകള്‍, പശുക്കരച്ചില്‍, വിറകുപുര... -അവിടെനിന്ന് തിരികെ അടുക്കളയിലേക്ക്. അങ്ങനെയങ്ങനെ നിലയ്‌ക്കാത്ത ഒരു പാച്ചില്‍. അവരെപ്പോഴും മുഷിഞ്ഞിരുന്നു. അവരെപ്പോഴും നിശ്ശബ്ദയായിരുന്നു. അവരുടെ ഒക്കത്ത് കാലാകാലങ്ങള്‍ അവരെ വീടുമായി കെട്ടിയിടുന്ന ചെറിയ കുഞ്ഞുങ്ങളുണ്ടായിരുന്നു. അവരെപ്പോഴും യന്ത്രം പോലെ പണിതുകൊണ്ടിരുന്നു. ചലിക്കുന്ന, കരുത്തുള്ള കൈകള്‍ എപ്പോഴും പണിതുകൊണ്ടിരുന്നു. “ഇവിടെ ഒരു മെഷ്യനൂല്ല... അരയ്‌ക്കാനും പൊടിക്കാനും അടിക്കാനും തൊടക്കാനും ഒന്നും...’’ ‘‘പഴേ ഭക്ഷണം ഉള്ളില്‍ കേറ്റിവച്ച് ചൂടാക്കി തിന്ന് പെണ്ണുങ്ങളെ മടിച്ചികളാക്കാന്‍ ഫ്രിഡ്ജ് വാങ്ങിക്കൊടുക്കരുത്.’’ അയാള്‍ അഭിമാനത്തോടെ അയല്‍പക്കത്തുള്ള ആണുങ്ങളെ ഉപദേശിക്കും.‘‘ഞാന്‍ അമ്മിമ്മേ കൂട്ടരച്ച കറികളെ കൂട്ടൂ... അല്ലാത്ത ഒന്നും തൊടൂലെന്ന്” ഞെളിയും...
ജനല്‍ തുറന്നിട്ടാല്‍ നീങ്ങുന്ന ദൃശ്യങ്ങളില്‍ അവര്‍ പലതായി മാറിക്കൊണ്ടേയിരുന്നു. അവര്‍ ഭാര്യയും ഭര്‍ത്താവുമായിരുന്നു. അടിമയും ഉടമയുമായിരുന്നു. പ്രഭുവും പരിചാരികയുമായിരുന്നു. ഷേക്‌സ്‌പിയറുടെ ‘The taming of the shrew’ വിലെ petruchio എന്ന കഥാപാത്രത്തെപ്പോലെ ഭാര്യ, അയാളുടെ സ്വത്തും വീട്ടുസാമാനവും കളപ്പുരയും കുതിരയും കഴുതയുമാണെന്ന് അയാളുടെ പ്രവൃത്തികള്‍, വര്‍ത്തമാനങ്ങള്‍, നിരന്തരം ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. അപൂർവം ചില വൈകുന്നേരങ്ങളില്‍, മനുഷ്യരെ കാണാന്‍ കൊതിച്ചിട്ടെന്ന പോലെ അവര്‍ മതിലരുകില്‍ ഓടിവന്ന് മിണ്ടി. അയാള്‍ വരാറായെന്ന് ഭയന്ന് ഓടിപ്പോയി.
സാറാ ജോസഫ് ഷാഹിന ഇ കെയ്‌ക്ക് നൽകിയ സ്‌നേഹക്കുറിമാനം
അവരെപ്പോഴും പേടിച്ചു. എന്തിനെയൊക്കെയോ പേടിച്ചു. ഈ ഭയങ്ങളില്‍നിന്നും അപമാനങ്ങളില്‍നിന്നും അവര്‍ക്ക് അവരുടെ വീട്ടിലേക്ക് ഓടിപ്പോയ്‌ക്കൂടെ എന്ന എന്റെ അപക്വമായ ചോദ്യത്തിന് അവര്‍ക്കതിന് വീടില്ലല്ലോ എന്ന് ഉമ്മ ഉത്തരം പറയുമ്പോള്‍ ഞാന്‍ എന്തുകൊണ്ടോ വീണ്ടും മേബിള്‍ അമ്മായിയെ ഓര്‍ത്തു. എഴുതാനും വായിക്കാനുമൊന്നുമല്ല, സ്വസ്ഥമായി ഒന്നുറങ്ങാന്‍, അവര്‍ക്ക് മാത്രം കാണാവുന്ന സ്വപ്‌നങ്ങള്‍ കാണാന്‍, അവനവനിലേക്ക് ഉണരാന്‍, കടല്‍ കാണുന്ന, കാറ്റു വീശുന്ന, ചക്രവാളം കാണാവുന്ന, ചില്ല് ജാലകങ്ങളുള്ള മുറിയുള്ള ഒരു വീട് സ്വന്തമായുള്ള മേബിള്‍ അമ്മായി അവരെ കാത്തിരിക്കാനുണ്ടായിരുന്നുവെങ്കിലെന്ന് ഞാനോര്‍ത്തു.
പെട്ടെന്നൊരു നാള്‍ അവരുടെ ജീവിതം കുഴഞ്ഞുവീണു. തീര്‍ത്തും അകാലത്തില്‍ അവര്‍ അവസാനിച്ചു. കുറച്ചു നാളുകളുടെ നിശ്ശബ്ദതയ്‌ക്കുശേഷം അധികാരി മറ്റൊരു ഭൃത്യയെ കാലതാമസമില്ലാതെ കണ്ടെത്തി വീടേൽപ്പിച്ചു. എന്തിനെന്നറിയാത്ത ഒരസ്വാസ്ഥ്യമോ കുറ്റബോധമോ അങ്ങനെയെന്തൊക്കെയോ അവര്‍ എന്നില്‍ ഉണ്ടാക്കി. വ്യവസ്ഥകളുടെ ചിലന്തിനൂലുകളില്‍ ഒട്ടിപ്പിണഞ്ഞു കിടക്കുന്ന സകല സ്ത്രീകള്‍ക്കും അങ്ങനെയൊരു മേബിള്‍ അമ്മായി ഉണ്ടായിരുന്നുവെങ്കില്‍! അങ്ങനെയൊരു ഇടമുണ്ടായിരുന്നുവെങ്കിലെന്ന് ആ ദിവസങ്ങളില്‍ സത്യമായും ഞാന്‍ തീവ്രമായി ആഗ്രഹിച്ചു.
പിന്ററസ്റ്റില്‍ നിന്നും ഭംഗിയുള്ള കുറുഞ്ഞി വീടുകളുടെ ചിത്രങ്ങളെടുത്ത്, എന്നെങ്കിലും പണിയാനെന്ന് സൂക്ഷിച്ചുവയ്‌ക്കുന്ന ചില പെണ്ണുങ്ങളെ കാണുമ്പോള്‍, കുടുംബസ്വത്ത് കിട്ടുന്നേരം, അല്ലെങ്കില്‍ റിട്ടയര്‍മെന്റ് സമ്പാദ്യങ്ങള്‍ കയ്യിലെത്തുന്നേരം, പരിചിതരായ പല സ്ത്രീകളും കുറെയേറെ വൈകിയിട്ടും സ്വന്തമായ ഒരിടം, ഒറ്റമുറി ഫ്ലാറ്റുകളോ, കിളിക്കൂട് പോലെ സൗമ്യമായ കുഞ്ഞുവീടോ ഒക്കെ ഉണ്ടാക്കിവയ്‌ക്കുന്നത് ഈയിടെ കൂടുതലായി കാണുമ്പോള്‍ എന്റെതെന്ന്, സ്വന്തമെന്ന് അടയാളം വയ്‌ക്കാന്‍ ഒരുപിടി മണ്ണ് വേണമെന്ന് ഒരു കൂട്ടുകാരി വാശിപിടിച്ചധ്വാനിക്കുന്നത് കാണുന്നേരം, എന്റേതായി ഞാനൊരു വീടു പണിയുന്നേരം ഒക്കെയും ഞാന്‍ വീണ്ടുമാ മേബിള്‍ അമ്മായിയെ* ഓര്‍ത്തു. ഇപ്പോളത് വിചിത്ര കല്‍പ്പനയല്ലാതെ.
മേബിള്‍ അമ്മായി, ഇടം എന്നതിന്റെ മറുവാക്കല്ലേ?
(മേബിള്‍ അമ്മായി -സാറാ ജോസഫിന്റെ ‘ഓരോ എഴുത്തുകാരിയുടെ ഉള്ളിലും’ എന്ന കഥയിലെ സാങ്കല്‍പ്പിക കഥാപാത്രം)
2
മുറിവേറ്റ ജലത്തിന്റെ കഥയാണ് ‘ആതി.’ ജലമുറിവുകളുടെ കാലത്താണ് ഞാനത് വായിച്ചതെന്നതിലുമുണ്ട് ഒരു യാദൃച്ഛികത.
അത്രനാളും ആകാശം വീണുകിടന്നിരുന്നു എന്റെ കിണറ്റിൽ. ചില്ലുപോലെ തെളിഞ്ഞ ജലം. തൊടിയില്‍ കുഴിച്ച നാലാമത്തെ കിണറായിരുന്നു അത്. രണ്ടു കുഴൽക്കിണറുകളും ഒരു സാധാരണ കിണറും. മൂന്നും ശൂന്യം. നാലാമത്തെ പരീക്ഷണത്തിനു തുനിയുമ്പോള്‍ തൊട്ടത് ബ്രഹ്മസ്ഥാനമാണെന്നും അതിനുള്ളിലെ ഉറവ അത്ര ശുദ്ധമാണെന്നും ജലമിടിപ്പു നോക്കാൻ വന്ന വേലുവാചാരി പറഞ്ഞു. ജലം മിടിക്കുന്നുണ്ട്, വരണ്ട മണ്ണിന്റെയാഴത്തിൽ എന്ന അറിവിനു തന്നെയുണ്ടായിരുന്നു അത്യധികം തണുപ്പ്. കാലം കളയാതെ പണി തുടങ്ങി. കുഴിച്ചും കുഴിച്ചും മൺകൂനകൾക്ക് വീടോളം പൊക്കമായപ്പോള്‍ ഉള്ളു പൊള്ളാന്‍ തുടങ്ങി. ഈ മണ്ണിനെക്കുറിച്ച് പണ്ടാരോ പറഞ്ഞു കൈമാറി വന്ന കഥ സത്യമെന്നുതന്നെ തോന്നാൻ തുടങ്ങി. കച്ചവടങ്ങളില്‍ എന്തോ അക്കിടി പറ്റി, കരഞ്ഞുകൊണ്ട് സ്വന്തം മണ്ണ് വിറ്റ് ഇവിടം വിട്ടുപോയ ഒരു അല്ലി പഠാണിയുടെ കഥ. അയാളുടെ കണ്ണീരു വീണു പൊള്ളിയ മണ്ണ് പിന്നേക്ക് വരണ്ടുപോയ കഥ.

മണ്ണില്‍, ജലം പരതിയുള്ള പണി തുടര്‍ന്നുകൊണ്ടേയിരുന്നു. തമിഴ്നാട്ടുകാരായ പണിക്കാർ ഓരോ ദിവസത്തെയും പണിതീർത്തു പോയിക്കഴിഞ്ഞാൽ കിണറിനുള്ളിലെ ശൂന്യതയിലേക്ക് നോക്കി അങ്ങനെയിരുന്നുപോകും, എത്രയോ നേരം. അന്നേരം ഉള്ളിലെ ഒരു വരൾച്ചയുണ്ട്; അതൊരു മരുഭൂമിക്കറിയാമായിരിക്കും. വീടോളം ഉയരുന്ന മൺകൂനയിൽ കയ്യു പൂഴ്‌ത്തി അങ്ങനെ നിൽക്കും. നനവിന്റെ ഒരടയാളവുമുണ്ടാവില്ല.
ഭൂമിയിലാഴ്‌ത്തിവച്ച ഒഴിഞ്ഞൊരു നീളൻ കുപ്പിപോലെ, എന്റെ കിണർ. അതൊരു വൈകുന്നേരം പക്ഷേ കണ്ണ് തുറക്കുകതന്നെ ചെയ്‌തു. ഭൂമിക്കടിയിൽ ഒരു ജലഞരമ്പു പൊട്ടി. ഇളം നീലജലം. വേലുവാചാരി പറഞ്ഞത് ശരിയെങ്കിൽ ബ്രഹ്മജലം. പണം കൊടുത്ത് വെള്ളം വാങ്ങിച്ചിരുന്ന ഭൂതകാലം മാഞ്ഞുപോയതു പെട്ടെന്നായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ പലയിടങ്ങളിൽ നിന്ന് ഊറ്റിയെടുത്ത വെള്ളവും കൊണ്ടെത്തുന്ന ജലവണ്ടി കാക്കുകയും പല ഗന്ധങ്ങളും പല നിറങ്ങളും പല രുചികളുമുള്ള വെള്ളത്തിൽ കുളിക്കുകയും അലക്കുകയും പാചകം ചെയ്യുകയും ചിലയിടങ്ങളിലെ ജലം തുടർച്ചയായി ജലദോഷവും പനിയും തരികയുമൊക്കെ ചെയ്‌തിരുന്ന ഒരു കാലം. ഇത് എന്റെ മണ്ണിന്റെ ഗന്ധമുള്ള ജലം. യന്ത്രം തൊടാതെ കോരിയെടുക്കുമ്പോൾ ജലം മിടിക്കുന്നതറിയാനാവുമെന്നും മണ്ണും ജലവും മനുഷ്യനും പരസ്‌പരം തൊടുമെന്നും വേലുവാചാരി പറഞ്ഞതെല്ലാം പതിയെ മറക്കേണ്ടിവന്നത് സ്വാഭാവികമായിരിക്കണം. മനുഷ്യൻ അങ്ങനെയാണല്ലോ, എന്തും പെട്ടെന്ന് മറക്കാനറിയുന്നവൻ. കിണറ്റിൽ മോട്ടോർ പിടിപ്പിച്ചപ്പോഴും തെമ്മാടിപ്പൊന്തകളുടെ പച്ചത്തെറിപ്പു കാരണം ജലമിറങ്ങാനായി വിടവിട്ടാണെങ്കിലും മുറ്റത്തു വാർപ്പ് കട്ടകൾ പതിച്ചപ്പോളും അതങ്ങനെയൊക്കെ തന്നെയായിരുന്നു. ദിവസവും കിണറിന്റെ വലിയ നീലക്കണ്ണുകളിലേക്ക് നോക്കിനിന്നിരുന്നത്, വർത്തമാനം പറഞ്ഞിരുന്നത്, ഒക്കെയും പതിയെപ്പതിയെ നിലച്ചു. അതിനൊക്കെ എനിക്കെന്റെ ന്യായീകരണങ്ങളുണ്ടായിരുന്നു. കിണറ്റിൻകരയില്‍ വല്ലാതെ കായ്‌ക്കുന്നൊരു ചാമ്പ മരമുണ്ടായിരുന്നു. കായ്കള്‍ വല്ലാതെ പൊഴിയുന്ന ചില കാലങ്ങളെ കരുതി ചെറി യകളങ്ങളുള്ള കമ്പിവിരിപ്പുംകൂടി കിണറിനുമീതെയിട്ടപ്പോൾ ജലക്കാഴ്‌ചയുംകൂടി മാഞ്ഞു. ഇതൊക്കെയെങ്കിലും ഒന്നുമാത്രം തുടർന്നു, അത്ര മിതമായി മാത്രം ജലമുപയോഗിക്കുന്ന ശീലം. അതത്ര കഠിനമായ അനുഭവങ്ങൾ പകർന്ന പാഠം.
ആ മഴക്കാലം വന്നത് അത്രയ്‌ക്കും കൃത്യതയില്ലാതെയാണ്. വലിയൊരു മഴയും, മഴയെ ഓടിച്ചിട്ട് പിടിക്കാനെത്തുന്ന ഇരട്ടി വെയിലും.
കിണറുവറ്റുന്നത് എപ്പോഴുമെന്നപോലെ ആധി കയറ്റുന്നുണ്ടായിരുന്നു. ഇക്കുറി പതിവിനെക്കാളേറെ ചുറ്റുവട്ടങ്ങൾ വറ്റിപ്പോകുന്നത് അറിയുന്നുണ്ടായിരുന്നു. ദൂരെയെന്നു വായിച്ചു മറന്ന മഹാരാഷ്ട്രയിലെയും ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെയും വരൾച്ച അത്രയരികെയെന്നറിയുന്നുണ്ടായിരുന്നു.
എപ്പോഴായാലും ചുറ്റുവട്ടങ്ങൾ ഉള്ളിൽ പരിക്ക് പറ്റിക്കുമ്പോൾ ഞാനാ പുസ്‌തകമെടുക്കും, ‘ആതി.’
സാറ ടീച്ചറുടെ എനിക്ക് പ്രിയപ്പെട്ട പുസ്‌തകങ്ങളിലൊന്ന്. ‘ആതി’ വായന എപ്പോഴും "ആധി വായന'യാണ്. പലകുറി വായിച്ചു വച്ചാലും ഇടയ്‌ക്കു ഞാൻ എവിടെയെങ്കിലുംവച്ച് തുറക്കുകയും വായിച്ചുനിർത്തിയ ഒരിടത്തുനിന്നെന്നപോലെ തുടരുകയും ചെയ്യുന്ന നോവല്‍. ‘ആലാഹയുടെ പെൺമക്കളും’ ‘ആതി’യും വായിക്കുമ്പോളൊക്കെയും അത്ഭുതപ്പെടുത്തുന്ന ഒരനുഭവമുണ്ടാവുക പതിവാണ്. മണ്ണിനോടും മനുഷ്യരോടും ബന്ധിപ്പിക്കുന്ന പുതിയ ഒന്ന്. സ്‌നേഹത്തെ ഒന്നുകൂടി തേച്ചു മിനുക്കിയെടുക്കുന്ന ഒന്ന്. അതുമല്ലെങ്കിൽ എന്നിലേക്ക് എനിക്ക് വഴികാട്ടുന്ന ഒന്ന്. വിശ്വാസങ്ങളെ മാറ്റിയെഴുതുന്ന ഒന്ന്.
സാറാ ജോസഫ് ഫോട്ടോ: രാജേഷ് ചാലോട്
‘ആതി’ വായിക്കുമ്പോൾ എനിക്ക് ജലം മിടിക്കും. എന്റെ കിണറിലെ വെള്ളത്തിനപ്പോൾ മഞ്ഞ നിറമായിരുന്നു. മഴയ്‌ക്കൊപ്പം സാധാരണ വരുന്ന കലക്കമെന്നു കരുതി; അടിമണ്ണ് മറിയുന്നതിന്റെ, മഴ, ജലത്തെ പിടിച്ചുലയ്‌ക്കുന്നതിന്റെ. മഴ കനക്കുമ്പോൾ വെള്ളം തെളിയണം. പൊഴിയില മണം നീങ്ങണം. ആകാശം വീഴുന്ന ജലം മഴമണക്കണം. അതൊക്കെ പതിവുകൾ.
ആതി എന്തൊരു നാടായിരുന്നു!
ചില്ലു പച്ചപോലെ ഒരു ദേശം. ദൈവത്തിന്റെ ചൈതന്യം ജലത്തിന് മീതെ ചലിച്ചുകൊണ്ടിരിക്കുന്ന ദേശം. എല്ലാ ദേശവും ഒരിക്കൽ ആതിയായിരുന്നു.
""സത്യത്തിലേക്കുള്ള വഴിയേതാണ്?
കുട്ടികൾ ചോദിക്കുന്നു.
മണ്ണ്,
വെള്ളം,
വെയില്,
വിയർപ്പ്,
വിത്ത്...
ദിനകരൻ പഠിപ്പിക്കുന്നു.
ഇപ്പോൾ വഴികൾ അടഞ്ഞ് ഉത്തരം മുട്ടി ദിനകരൻ നിൽക്കുന്നു.’’
‘ആതി’യിലെ നായകൻ.
മഴ കനത്തിട്ടും എന്റെ കിണറിലെ ജലം ഇരുണ്ടു മഞ്ഞച്ചു തന്നെ കിടന്നു. തൊടുന്നതിനെയെല്ലാം മഞ്ഞപ്പിക്കുന്ന ജലം. ഇന്നുവരെ പരിചയിച്ചിട്ടില്ലാത്ത വിചിത്രമായ ഒരു ഗന്ധം. ഗന്ധമല്ല, ദുർഗന്ധം. ഒരു ജലശുദ്ധീകരണ ഉപകരണത്തിനും മാറ്റിക്കളയാൻ പറ്റാത്ത ഗന്ധം.
കുളിച്ചുതീരുമ്പോളും കുളിമുറിയിൽ ബാക്കിനിൽക്കുന്ന വിചിത്ര ഗന്ധം. കറ പിടിക്കുന്ന ടൈലുകൾ, വാഷ് ബേസിനുകൾ, തുണികൾ.
ജലപരിശോധനാ കേന്ദ്രത്തിലെ നീളൻ മുറിയിലേക്കു കയറുകയായിരുന്നു ഞാൻ. എന്റെ ശ്വാസകോശത്തിലപ്പോഴും ആ പീത ജല ഗന്ധം. മുറിയുടെ ഒരു പാതിയാകെ അടുക്കിയടുക്കി വെള്ളം നിറച്ച വെളുത്ത ഒരു ലിറ്റർ പ്ലാസ്റ്റിക് കുപ്പികൾ. ജല പരിശോധനാ കുപ്പികൾ.
ജലപരിശോധനയ്‌ക്കായി എന്റെ ജലത്തിനുംമുന്നേ വന്നവ.
‘‘ഇത്രയും?''
പരിശോധനയ്‌ക്കായി വിവരങ്ങളെഴുതുന്ന പെൺകുട്ടിയോട് ഞാൻ ചോദിച്ചു. ‘‘ഇത്രയല്ല, അകത്തും ഉണ്ട്’’ എന്നവർ മുഖമുയർത്താതെ പറയുന്നു.
ഇത്രയേറെ മുറിഞ്ഞുപോയ "ജലങ്ങൾ.' അവിശുദ്ധമായ ഒഴുക്കുകൾ. മലിനമായ ഭൂമി. പരിശോധനയ്‌ക്കായി വെള്ളംനിറച്ച വലിയ കുപ്പിയും ചെറിയ കുപ്പിയും അവരെന്റെ കയ്യിൽനിന്നു വാങ്ങുന്നു. ഫലം പറയാൻ ഇരുപതു ദിവസങ്ങൾ. മുമ്പ് അത് നേരത്തെയായിരുന്നു. ഇപ്പോൾ വലിയ തിരക്കാണ്. പരിശോധകരുടെ അത്രയേറെ തിരക്ക്.
ഞാനോര്‍ത്തു, ആതി പെരുകുന്നു. ഇത്രയേറെ ജലമുണ്ട്, മുറിവേറ്റ്. ഈ ജലപരിശോധനാ അംശങ്ങളെല്ലാം ഏതൊക്കെയോ ജലഞരമ്പുകളിൽ നിന്നൂറ്റിയെടുത്തവ. കുളങ്ങളുടെ, കിണറുകളുടെ, പുഴകളുടെ- ജല ജീവിതം!
കുമാരൻ* പുച്ഛിക്കുന്നു!
‘‘അതിരും രൂപവുമില്ലാത്തത്.
കുടത്തിൽ വച്ചാൽ കുടം പോലെ
കുളത്തിൽ തടഞ്ഞിട്ടാൽ കുളം പോലെ.
എന്തെങ്കിലും നിശ്ചിതമുണ്ടോ?
എനിക്ക് മടുത്തു.''
(കുമാരൻ -ആതിയിലെ വില്ലൻ).
ഷാഹിന ഇ കെ
ഞാൻ വീണ്ടും ജലപരിശോധനാ കേന്ദ്രത്തിൽ. ഇരുപതു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. മഞ്ഞ ജലഗന്ധം ശീലിച്ചിരിക്കുന്നു. വെള്ളത്തെ അറിയലാണ്. നീളൻ കടലാസ്സിൽ ജലവിധി.
""നമ്മൾ ജലത്തെ അറിയണം.''
ദിനകരനും എപ്പോഴും അങ്ങനെ പറയാറുണ്ട്. ‘‘വെറുതെ അറിഞ്ഞാൽ പോരാ. താമര വെള്ളത്തെ അറിയുന്നപോലെ അറിയണം. വേര് വെള്ളത്തിനടിയിൽ മുക്കി, തണ്ട് മുഴുവൻ വെള്ളത്തിലിട്ടുലച്ച്, ഇലകൾ വെള്ളത്തിൽ പരത്തി, നീർത്തുള്ളികളണിഞ്ഞ മുഖം സൂര്യനിലേക്ക് മലർത്തി നിൽക്കുന്ന താമര.''
ദിനകരാ, ഇത് നോക്കൂ.
അസംഖ്യം ബാക്ടീരിയകൾ, ഓടകളിലും മലത്തിലും ചെളിയിലും പുളയ്‌ക്കുന്നവ, എന്റെയീ ബ്രഹ്മജലത്തിൽ, അതെങ്ങനെ വന്നു?
അനന്തം എന്നാണ് അവയുടെ അളവ് രേഖപ്പെടുത്തിയിരിക്കുന്നത്. കളങ്ങളിലോരോന്നിലും മറ്റനേകം മാലിന്യങ്ങളുടെ കണക്കുകൾ.
ജലത്തെ കീറിമുറിച്ചതിന്റെ വിശദാംശങ്ങൾ.
ബ്രഹ്മജലമാണെന്നു വേലുവാചാരി ഉറപ്പിച്ചു പറഞ്ഞ ജലം, മണ്ണിനുള്ളിലുള്ളിൽ മിടിക്കുന്ന ജലം. ഭൂമിയിലേക്കിറക്കിവച്ച നീളൻ കുപ്പിപോലെ എന്റെ സ്വന്തം കിണറ്. നേർത്ത മധുരമുണ്ടായിരുന്ന ജലം.
എന്റെ മണ്ണിനടിയിൽ ഇരുട്ടിൽ, തണുപ്പിൽ ഒളിച്ചുപാർക്കുന്ന ജലത്തെ അതിന്റെ മിടിപ്പുകളെ ഇങ്ങനെ അശുദ്ധമാക്കിയതാരെന്ന് ഞാൻ ആധിപ്പെട്ടു.
‘ആതി’യിലെ മാർക്കോസ് പറയുന്നു.
""എന്റെ കുഞ്ഞേ, ഭൂമിയെ നോക്കൂ. ആളുകൾ എല്ലാവരും വൃത്തികേടുകൾ വലിച്ചെറിയുന്നു. ഭൂമിയോ? പൂക്കളും കായ്കളും പഴങ്ങളും നെല്ലും ഗോതമ്പും തിരിച്ചു തരുന്നു.''
എന്റെ ജലമിപ്പോൾ ആതിയിലേത്.
ആതി എന്റെ നാടാണ്.
എല്ലാ ജലവും ആതി ജലം.
എല്ലാ നാടും ആതി നാട്.
ജലമെങ്ങനെ ശുദ്ധീകരിക്കാമെന്ന് പെൺകുട്ടി പറഞ്ഞുതരുന്നു. ഇനിയങ്ങോട്ട് അവർ പറയുന്ന അളവുകളിൽ ഈ രാസവസ്‌തുക്കൾ ജലത്തിൽ ലയിപ്പിക്കണം. എന്റെ ജലമധുരം, ജലച്ചുവ, ജലത്തണുപ്പ്.
ഒരു മരംപോലും വെട്ടാതെ കാക്കുന്ന എന്റെ മുറ്റം. പ്രാകൃതമായ തൊടി. പേരിട്ടുവച്ച വൃക്ഷങ്ങളും ചെടികളും. പച്ചപ്പ്. അസംഖ്യം കിളികൾ, പ്രാണികൾ, ചെറുജീവികൾ...
ഒരു മാലിന്യംകൊണ്ടും മണ്ണിനെ അലോസരപ്പെടുത്താൻ ശ്രമിക്കാത്തയിടം. എന്നിട്ട് -ചുറ്റും പെരുകിപ്പെരുകി വരുന്നത് പലവിധ കെട്ടിടങ്ങളാണ്. റോഡിലെ ഓടകളൊക്കെയും സ്വാർഥങ്ങൾക്കായി തൂർത്തിരിക്കയാണ്. തൊട്ടടുത്ത കമ്പനിയിൽനിന്നും ഒരുപാട് രാസവസ്‌തുക്കൾ മണ്ണ് നിത്യം വിഴുങ്ങുന്നുണ്ട്. തിന്നതിന്റെയുംവിസർജിച്ചതിന്റെയും അവശിഷ്ടങ്ങളൊക്കെ പുറത്താണ്. പകൽ നല്ല അയൽക്കാരാകുന്നവർ രാത്രി അരികത്തുള്ളവന്റെ തൊടിയിലേക്ക് മാലിന്യം തട്ടുന്നു. രാക്ഷസയന്ത്രത്താൽ മണ്ണ് മാന്തുന്നു, കുന്നിടിക്കുന്നു, ജലമൂറ്റുന്നു, മണൽ കയറ്റുന്നു. കുമാരന്മാരാണ് ചുറ്റും. തിരിച്ചറിയാനാവാത്ത കുമാരന്മാര്‍.
പണം. പണം. പണത്തിനപ്പുറം മറ്റൊന്നുമില്ലാത്ത കുമാരന്മാർ.
ജലം വെറും ആകൃതിയില്ലാ വസ്‌തുവാണവർക്ക്. മണ്ണ്, പണമാക്കിയില്ലെങ്കിൽ മൂല്യമില്ലാത്ത വസ്‌തുവും. മരങ്ങളെപ്പോഴും തടസ്സങ്ങളും.
അന്ന് ഞാൻ ‘ആതി’ വായിച്ചടച്ചുവച്ചത് മുമ്പത്തേക്കാൾ ഉള്ളുകലങ്ങിയായിരുന്നു. ആ കലക്കം എന്റെ സ്വാർഥതയാണെന്ന അറിവോടെത്തന്നെ, മുറിവേറ്റ എന്റെ സ്വന്തം ജലത്തെക്കുറിച്ചുള്ള ആധിയോടെ. സത്യത്തിൽ എന്റെ ജലം, അങ്ങനെയൊന്നുണ്ടോ? ഞാന്‍ എന്നോട് തന്നെ ചോദിച്ചു.
അപ്പോൾ,*ദിനകരനും കുഞ്ഞിമാതുവും മാർക്കേസും ഗീതാഞ്ജലിയും നൂർമുഹമ്മദും ഷൈലജയുംഎല്ലാം ഞാനായി. എല്ലാ ജലവും എന്റെ ജലമായി. എന്റെ കിണറെല്ലാവരുടെയും ജലമായി.
ഞാനാകട്ടെ, മണ്ണും ജലവും പച്ചയുമായി.
ഞാനറിഞ്ഞു,
മുറിവേറ്റത്, എനിക്കാണ്.
(*‘ആതി’ -സാറാ ജോസഫിന്റെ പ്രശസ്‌തമായ നോവൽ-. ഉപഭോഗാസക്തരായ മനുഷ്യരുടെയും ഭൂമിയെന്ന നന്മയുടെയും നിലനിൽപ്പിന്റെ പോരാട്ടങ്ങളുടെയും കഥപറയുന്നു.
*‘ആതി’യിലെ കഥാപാത്രങ്ങൾ)

3
സാറ ടീച്ചറുടെ ഓരോ എഴുത്തും എന്റെ വായനയ്‌ക്ക് ഒരുപാട് ചോദ്യങ്ങളുയര്‍ത്തുന്ന അനുഭവങ്ങളാണ്. എഴുത്തിലെ മനുഷ്യര്‍ നിയന്ത്രണങ്ങളെ കവച്ചുപോകുന്നവരും വ്യവസ്ഥകള്‍ക്ക് നേരെ ചോദ്യങ്ങള്‍ തീര്‍ക്കുന്നവരും ചെറുത്തുനില്‍ക്കുന്നവരും പരിഹസിക്കുന്നവരും ഒക്കെയെങ്കിലും മസൃണമായ ഉള്ളുലകങ്ങള്‍ പേറുന്നവര്‍ കൂടിയാണ്. പച്ച മനുഷ്യരുടെ മണങ്ങള്‍, നനവുകള്‍, വേരുകള്‍. ഓരോ വായനയും അവസാനിക്കുക പറഞ്ഞറിയിക്കവയ്യാത്ത ഒരസ്വാസ്ഥ്യത്തിലാണ്. പക്ഷേ, പ്രത്യാശയുടെ മറുപുറമുള്ള അസ്വാസ്ഥ്യം. അവ ചില ചൂണ്ടുപലകകള്‍ നീട്ടുന്നു. പ്രവചനങ്ങളാകുന്നു. ബോധ്യങ്ങള്‍ തരുന്നു. കൃതികളിലെ സ്ത്രീകളുടെ പ്രതിരോധങ്ങളോളം ശക്തമാണ്, സാറ ടീച്ചറുടെ എഴുത്തുകളിലെ കുട്ടികളുടെ പ്രതിനിധാനവും. എനിക്കു പ്രിയപ്പെട്ട ഒന്നാണത്. സാകൂതം ലോകത്തെ ഉറ്റുനോക്കുന്ന അസംഖ്യം കണ്ണുകള്‍. ‘നമ്മോടു കൂടിയുള്ളവന്‍’ എന്ന കഥയില്‍ ഒരു വരിയുണ്ടിങ്ങനെ, “എന്തൊരു നീല നിറമെന്നാണതിനെ പറയേണ്ടത്! ഭൂമിയില്‍ കുട്ടികള്‍ മാത്രമേ അങ്ങനെയൊരു നീല നിറം കണ്ടിട്ടുണ്ടാകൂ.'' കുട്ടികള്‍ മാത്രം കാണുന്ന നിറങ്ങള്‍, അത് പല എഴുത്തിലും വരുന്നുണ്ട്. ‘കഥ’ യിലെ സ്നേഹാർജിനിയും മിറിയവും ‘അത്താഴത്തിനു മുന്പി’ലെ ഫാത്തിമ സനയും ‘കറുപ്പി’ലെ സഫയും ലൈലയും പാത്തു മുത്തുവും ‘മാറ്റാത്തി’യിലെ ലൂസിയും ബുധിനിയും അങ്ങനെ ഒരുപാട് കഥാപാത്രങ്ങളുണ്ട്... ഇവരിലൊക്കെയും എനിക്കേറ്റവും പ്രിയപ്പെട്ട കുട്ടി, പക്ഷേ ‘ആലാഹയുടെ പെണ്മക്കളി’ലെ ആനിയാണ്.
പ്രാന്തവല്‍ക്കരിക്കപ്പെട്ട ഒരു ജനതയുടെ ചരിത്രവും വര്‍ത്തമാനവും ഒരെട്ടു വയസ്സുകാരിയുടെ സ്വപ്‌നങ്ങളും ചിന്തകളും തിരിച്ചറിവുകളുമായി, അവള്‍ക്കു മാത്രം കാണാനാവുന്ന നിറങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന മലയാളത്തിലെ ഏറ്റവും തീവ്രമായ പ്രതിരോധ കൃതികളിലൊന്നായ ‘ആലാഹയുടെ പെണ്മക്കളാ’ണ് സാറാ ജോസഫ് കൃതികളില്‍ എക്കാലവും എനിക്കേറ്റവും പ്രിയപ്പെട്ടതും.
‘ഷാഹിനയ്‌ക്ക്, ഒരുപാടിഷ്ടത്തോടെ ഈ അമരപ്പന്തലിന്റെ തണലിലേക്ക് സ്വാഗത’മെന്ന് സാറ ടീച്ചര്‍ സ്നേഹക്കുറിമാനമിട്ടുതന്ന ആ പുസ്‌തകം എന്റെ വായനയെ എത്രയോ കാലമായി പിന്തുടരുന്നു. അത് ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു .









0 comments