കവർസ്റ്റോറി

എന്റെ കൗമാരത്തിലെ സിനിമാ "ഇളക്കങ്ങള്‍'

ചിത്രീകരണം: ദേവപ്രകാശ്‌
avatar
പ്രിയ എ എസ്‌

Published on Nov 24, 2025, 11:55 AM | 10 min read


രമല്ലൂര്‍ ജോസ്, ചന്തിരൂര്‍ സെലക്ട്‌, കുത്തിയതോട് സാരഥി, തുറവൂര്‍ ശ്രീകൃഷ്ണ, എഴുപുന്ന രേഖ -ഈ അഞ്ചു തിയറ്ററുകളും ഇപ്പോഴില്ല. ഓര്‍ക്കണം, മമ്മൂട്ടി കുട്ടിക്കാലത്ത് സിനിമ കണ്ടിരുന്ന ഇടമാണ് ചന്തിരൂര്‍ സെലക്ട്‌. ഈ അഞ്ചിടങ്ങളാണ് കൗമാരകാലത്തോളം എന്നെ സിനിമ കാണിച്ചു തന്നിരുന്നത്.

അമ്മ നല്ല സിനിമകളുടെ പ്രണയിനി ആയിരുന്നതിനാല്‍ വളരെ സൂക്ഷിച്ചും കണ്ടുമാണ് ഞങ്ങള്‍ സിനിമകള്‍ തെരഞ്ഞെടുത്തിരുന്നത്. ബക്കര്‍, എം ടി, അരവിന്ദന്‍, അടൂര്‍, മോഹന്‍, പത്മരാജന്‍, ഭരതന്‍ എന്നിങ്ങനെയായിരുന്നു അമ്മയുടെ ഇഷ്ടങ്ങള്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ സിനിമാക്കോളത്തിലെ സിനിക്കിന്റെയും കോഴിക്കോടന്റെയും ശുപാര്‍ശയുണ്ടെങ്കിലാണ് അന്ന് ഓരോ സിനിമകാണലും. പോരാത്തതിന് കഥ അൽപ്പം പറഞ്ഞ്, "ശേഷം വെള്ളിത്തിരയില്‍' എന്നു മനുഷ്യനെ ഇരിക്കപ്പൊറുതിയില്ലായ്‌മയിലാക്കുന്ന, സിനിമാപ്പരസ്യവണ്ടികളില്‍ നിന്ന് പാറിവരുന്ന സിനിമാ നോട്ടീസുകളും.

ചിത്രീകരണം: ദേവപ്രകാശ്‌ ചിത്രീകരണം: ദേവപ്രകാശ്‌

അമ്മയും അച്ഛനും ഞാനും അനിയനും ആയിരുന്നു "സിനിമാ കമ്പനി.' തിരിച്ചു വീട്ടിലേക്കു കയറുംവരെ സിനിമാചര്‍ച്ചകള്‍ ഓരോ പ്രായക്കാരുടെയും ഉള്‍ക്കൊള്ളലനുസരിച്ച് രൂപം കൊണ്ടുകൊണ്ടേയിരിക്കും.

ഏതാണാദ്യം കണ്ട സിനിമ എന്നൊന്നും ഓർമയേയില്ല. "ദേവി കന്യാകുമാരി' (1974) കണ്ടപ്പോള്‍ തിയറ്റര്‍- ഇരുട്ടില്‍ ആരും കാണില്ല എന്ന ധൈര്യത്തില്‍ കൈകൂപ്പി കവിളത്തപ്പിടി കണ്ണീരുമായി ഇരുന്ന ഒരു കുഞ്ഞിപ്രിയയെ എനിക്കിപ്പോഴും കാണാം.

വീടിനു തൊട്ടടുത്ത് കണ്ണുകുളങ്ങര അമ്പലവും അതിനോടു തൊട്ടൊരു പാടവും ആ പാടത്തില്‍ ഒരു കൂറ്റന്‍ ഹോര്‍ഡിങ്ങും ഉണ്ടായിരുന്നു. ഒരിക്കല്‍, "നീലപ്പൊന്മാന്‍' (1975) സിനിമയുടേതായിരുന്നു പരസ്യം. ആ പേരിലെ പക്ഷിനിറങ്ങളില്‍ ആകൃഷ്ടയായതുകൊണ്ടോ എന്തോ ആ സിനിമ കാണാന്‍ പോകണമെന്ന് വാശിപിടിച്ചതും അത് വലിയവര്‍ക്കുള്ള സിനിമയാണെന്ന് അമ്മ ഒരു തരികിട പറഞ്ഞ് എന്റെ സിനിമാസ്വപ്‌നത്തില്‍നിന്ന് നീലപ്പൊന്മാനെ പറത്തിവിട്ടതും ഓർമയുണ്ട്.

പിന്നൊരിക്കല്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തുവന്ന് കാല് നിലത്തുകുത്താന്‍പോലുമാവാതെ കിടക്കുന്ന നേരത്ത് അമ്മയും കുഞ്ഞമ്മയും കൂടി എന്നെ ഒളിച്ച് "രാഗം' (1975) സിനിമ കാണാന്‍ പോയത് ഞാന്‍ കൈയോടെ പിടിക്കുകയും കാറിക്കൂവി ബഹളമുണ്ടാക്കുകയും ചെയ്‌തു. ഒരു കുട്ടി മരിക്കുന്ന കഥയാണത്, സങ്കടം വരും എന്ന ഒഴികഴിവു കേട്ട് സമാധാനപ്പെട്ട എനിക്ക്‌ കുഞ്ഞമ്മ അതിലെ "ഓമനത്തിങ്കള്‍പ്പക്ഷീ, നീലത്താമരക്കുളത്തിലെ തിങ്കള്‍പ്പക്ഷീ പെറ്റൊരു പാതിരാമുത്തിനു പേരെന്ത്...' എന്ന സലില്‍ ചൗധരി പാട്ടുപാടിത്തന്നു രംഗം ശാന്തമാക്കി. പക്ഷേ ആ വരിയുടെ അർഥം എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല.


സ്‌കൂളില്‍നിന്ന് എരമല്ലൂര്‍ ജോസ് തിയറ്ററിലേക്ക് സിനിമയ്‌ക്ക്‌ കുട്ടികളെ കൊണ്ടുപോകുന്ന വര്‍ഷത്തിലൊരിക്കലുള്ള പതിവില്‍ അസുഖക്കാരിയായ എന്നെ ഉള്‍പ്പെടുത്താതിരിക്കാന്‍ അതേ സ്‌കൂളിലെ ടീച്ചറായ അമ്മ കിണഞ്ഞു പരിശ്രമിച്ചതാണ്. എന്നിട്ടും ഞാനേതോ പഴുതിലൂടെ വഴുതിക്കടന്ന്, ഞങ്ങള്‍ സ്‌കൂള്‍ കുട്ടികളുടെ തള്ളിലും തിരക്കിലും പെട്ട് തിയറ്ററിലിരുന്ന് ശ്വാസം കിട്ടാതെയും വിയര്‍ത്തുകുളിച്ചും കണ്ട "ഗന്ധർവക്ഷേത്രം' (1972) എന്ന സിനിമ "യക്ഷിയമ്പലനടയടച്ചു, അന്ന് ദുർഗാഷ്ടമിയായിരുന്നു...' എന്ന പാട്ടു മാത്രമാണ് ഓർമയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ബസോ ഓട്ടോയോ സമയത്ത് കിട്ടാതെ നഷ്ടമായ സിനിമകള്‍, സിനിമാക്കാലത്ത് ആശുപത്രിയില്‍ പെട്ടുപോയതുകൊണ്ട് നഷ്ടമായ സിനിമകള്‍- "നവംബറിന്റെ നഷ്ടം' (1982), "വിട പറയും മുമ്പേ' (1981) എന്നിങ്ങനെ എന്തെല്ലാം. നാട്ടുമ്പുറമായതുകൊണ്ട് തിയറ്ററിലെത്താതെ പോയ സിനിമകളും ഒരുപാട്. അതൊക്കെ പലപ്പോഴും ഞാന്‍ ടൈറ്റിലനുസരിച്ച്, അതിനു ചേരുന്ന കഥയെന്നു ഞാന്‍ സങ്കൽപ്പിച്ച വിധത്തില്‍ ഉള്ളാലെ കണ്ടു തീര്‍ത്തു. അങ്ങനെയും കൂടിയാവണം ഞാന്‍ കഥയെഴുത്തുകാരിയായത്.

എവിടെ പോയിട്ടായാലും സർവസിനിമയും വിടാതെ കാണുന്ന കുഞ്ഞമ്മയും കൊച്ചച്ഛനും എന്ന രണ്ടു കഥാപാത്രങ്ങളുണ്ടായിരുന്നതിലെ കുഞ്ഞമ്മക്കഥാപാത്രം ആശുപത്രിക്കിടക്കയ്‌ക്കരികിലിരുന്ന് "കാഞ്ചനസീത' (1978)യും "നിദ്ര' (1981)യുമൊക്കെ കഥ പറഞ്ഞ് അഭിനയിച്ച് കാണിച്ചപ്പോള്‍, എന്റെ വിഷ്വലൈസേഷനുകളില്‍ കടന്നുകൂടിയ ഫ്രെയിമുകളുടെ ഭംഗി പിന്നീട് യൂട്യൂബില്‍ അതൊന്നും കണ്ടപ്പോള്‍ എനിക്ക് കാണാനായില്ല എന്നുള്ളതാണ് സത്യം. വിജയ് മേനോന്‍ ശാന്തികൃഷ്‌ണയെ കൈകളിലെടുക്കുന്ന "നിദ്ര'യിലെ രംഗം യൂട്യൂബ്‌ സിനിമയില്‍ കണ്ട് ഞാന്‍ നിരാശയായി. ഇപ്പോഴും കുഞ്ഞമ്മ തന്ന വിഷ്വലിന്റെ റിച്ച്‌നസില്‍ ആണ് എന്റെ കാഴ്‌ചയിലെ "നിദ്ര.' കുഞ്ഞമ്മ സഹായത്താല്‍ ഞാന്‍ നടത്തിയ ദൃശ്യാവിഷ്‌കാരശ്രമങ്ങളും കഥയെഴുത്തുവേളകളില്‍ എന്നെ സഹായിച്ചിട്ടുണ്ടാവാം.

‘ശാലിനി എന്റെ കൂട്ടുകാരി’‘ശാലിനി എന്റെ കൂട്ടുകാരി’

1978‐ല്‍ "ശാലിനി എന്റെ കൂട്ടുകാരി'യുമായി മോഹനും പത്മരാജനും വന്നപ്പോള്‍ ശോഭയും ജലജയും വേണു നാഗവള്ളിയുമൊക്ക എന്നെന്നോ പരിചയമുള്ളവരായി തോന്നി. നസീറും ഷീലയും ജയനുമൊക്കെ വരുമ്പോള്‍ ഇവര്‍ സിനിമാക്കാര്‍ എന്നുറപ്പു തോന്നുമായിരുന്നിടത്തേക്കാണ് തോളില്‍ കൈയിടും മാതിരി ഇവര്‍ മൂന്നുപേര്‍ വന്നത്. വേണു കുളികഴിഞ്ഞ് തലതോര്‍ത്തിക്കൊണ്ട് വരുമ്പോള്‍, അടഞ്ഞ വാതിലിനകത്തുനിന്ന് കേള്‍ക്കുന്ന അയാളുടെ തന്നെ കവിത "ഹിമശൈലസൈകതഭൂമിയില്‍...' ആ പാട്ടാണോ ആ രംഗചിത്രീകരണമാണോ ഉള്ളില്‍ പതിഞ്ഞത് എന്ന് ഇന്നുമെനിക്കറിയില്ല. എം ഡി രാജേന്ദ്രന് ആ പാട്ടെങ്ങനെ എഴുതാനായി എന്ന് ഇന്നും അത്ഭുതപ്പെടാറുണ്ട്, എന്തൊരൊഴുക്കാണതിലെ ഞാന്‍ അതുവരെയും കേള്‍ക്കാത്ത വാക്കുകള്‍ക്ക്...

സിനിമയില്‍ നടക്കുന്നതും ജീവിതത്തില്‍ നടക്കുന്നതും തമ്മിൽവളരെ അകലെയാണ് എന്നു ധരിച്ച കുട്ടിക്ക് എട്ടാംക്ലാസില്‍ വച്ചു കണ്ട "ഉള്‍ക്കടല്‍' (1979) ഒരു പുതിയ സിനിമാവഴിപോലെ തോന്നി. വഴിയിലെവിടെയോ വച്ചു കണ്ടതുപോലൊരു ഇളംനായിക. അലസഗമനക്കാരനായ നായകനെയും വളരെ പരിചയം തോന്നി. ഡയലോഗുകളാണ് സിനിമ എന്ന ധാരണയും മാറിപ്പോയി. മൗനം കൊണ്ടും സിനിമയുണ്ടാക്കാം എന്നപോലൊരു തിരിച്ചറിവ്. പാട്ടുകള്‍ വന്ന് ഹൃദയം പറത്തിക്കൊണ്ടുപോയി. കഥയവസാനം എന്താകുമെന്ന് പേടിച്ചുപേടിച്ചിരുന്ന്, അസുഖകരമായ അന്ത്യത്തെ നേരിടാന്‍ ഹൃദയത്തെ പ്രാപ്തമാക്കുംവിധം സ്വയം ഒരു ട്രാജിക് എന്‍ഡ് ചമച്ചെടുത്തു. കഥ ശുഭപര്യവസായിയായിത്തീര്‍ന്നിട്ടും, പലയാവര്‍ത്തി സിനിമ കണ്ടിട്ടും ഞാനന്നുണ്ടാക്കിയ ദുഃഖപര്യവസായിയായ കഥയാണ് എപ്പോഴും "ഉള്‍ക്കടല്‍' അവസാനത്തിലേക്കൊഴുകുമ്പോള്‍ ഓർമ വരിക.


കഥാനായിക ചിത്രകാരിയായതുകൊണ്ടാവാം ഉള്‍ക്കടലിലെ ബാലു മഹേന്ദ്രയുടെ ഓരോ ഫ്രെയിമും പെയിന്റിങ് സമാനമായിരുന്നു. ടെറസില്‍നിന്ന് "ശരദിന്ദു...' പാടുമ്പോള്‍ ശോഭ അലസലോലമായി പിടിക്കുന്ന ഓലത്തുമ്പുപോലും ഇപ്പോഴും ഉള്ളിലുണ്ട്‐ ചെറുകാറ്റിലാടിക്കൊണ്ട്. സ്‌കൂളില്‍ ആയിടെ ഇംഗ്ലീഷ് പരീക്ഷയ്‌ക്ക്‌ വന്ന "ദ മൂവി ദാറ്റ് യു ഹാവ് സീന്‍ റീസന്റ്‌ലി' എന്ന ഉപന്യാസ ചോദ്യത്തിന് "ഉള്‍ക്കടലി'നെ കുറിച്ചാണെഴുതിയത്. അതായിരുന്നു എന്റെ ആദ്യത്തെ സിനിമാ റിവ്യൂ.

ഒരുപക്ഷേ കൗമാരത്തിലേക്കു കടക്കുന്ന ഒരുവളുടെ അകമേ പ്രണയദീപ്തി പടര്‍ത്തിയ ആദ്യ സിനിമയാകാം അത്. പോരെങ്കിലോ അത് മലയാളത്തിലെ ആദ്യ ക്യാമ്പസ് സിനിമയുമായിരുന്നല്ലോ. വേണു നാഗവള്ളിയുടെ രൂപവും നടപ്പും ഭാവഹാവാദികളും മനപ്പാഠമായി. എന്നോ ഒരിക്കല്‍ കത്തെഴുതി. മറുപടി കിട്ടിയില്ല.

കവിയായി ഒ എന്‍ വിയെ അറിയാമായിരുന്നെങ്കിലും പാട്ടീണക്കാരനായി എം ബി ശ്രീനിവാസന്‍ എന്നയാളെ അന്ന് കേട്ടിട്ടുണ്ടായിരുന്നേയില്ല. പക്ഷേ "ഉള്‍ക്കടലി'ലെ ഈണങ്ങള്‍ ഊണിലും ഉറക്കത്തിലും പിന്തുടര്‍ന്നു. "എന്റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ...' ആയാലും "നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസ'മായാലും... "കൃഷ്ണതുളസിക്കതിരുകള്‍ ചൂടിയ...' ആയാലും -അതിലെല്ലാമാകമാനം ദുഃഖത്തരികള്‍ വീണുകിടപ്പുണ്ടെങ്കിലെന്ത്, അതിനോടെല്ലാം താദാത്മ്യം വന്നു ഭവിക്കുന്നതായിട്ടായിരുന്നു അനുഭവം. "ശരദിന്ദു'വാണെങ്കിലോ, ഏതു ശ്മശാനത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റുവരാനുള്ളത്രയും സ്വപ്‌നങ്ങള്‍ "ഹരിനീലക്കംബളച്ചരുള്‍ നിവര്‍ത്തി...' വാരിവിതറുംപോലൊരു പാട്ട്.

ഏതു വയസ്സിലും ഞാനാ പാട്ടിനെ മുറുക്കെയിറുക്കെ പിടിച്ചിട്ടുണ്ട്. ഒരു തരി വെളിച്ചവും ഇല്ലാതെ കെട്ടുപോകുംമാതിരി ഇരിക്കുമ്പോള്‍, എവിടെനിന്നോ ഈ പാട്ടു വന്നെന്നെ തൊടുന്നത് കാത്തിരിക്കാറുണ്ട് ഞാന്‍. എനിക്കിത് ഒരു പിടിവള്ളിയാണ്, ജീവിതത്തിലേക്കുള്ള പിടിവള്ളി. ഈ പാട്ടുകേള്‍ക്കുന്ന മാത്രയില്‍, എല്ലാം ശരിയാകും, ശരിയാകാതെവിടെപ്പോകാന്‍ എന്നൊരു ശുഭാപ്തി വിശ്വാസം എന്നെ വന്ന് പൊതിയാറുണ്ട്.

സക്കറിയ ഈ പാട്ടിനെവച്ച് കഥയെഴുതിയപ്പോള്‍, എന്റെ ആകെയുള്ള സമ്പാദ്യം അദ്ദേഹം മോഷ്ടിച്ചെടുത്ത് ഞാന്‍ നിശ്ശൂന്യയായതുപോലെ. സക്കറിയയോട് എനിക്ക് പരിഭവവും ദേഷ്യവും വന്നതിപ്പോഴും ഓർമപ്പച്ചയില്‍.

ചിത്രീകരണം: ദേവപ്രകാശ്‌ചിത്രീകരണം: ദേവപ്രകാശ്‌

‘ചില്ലി’ല്‍ (1982) ശാന്തികൃഷ്‌ണയെ കണ്ടപ്പോള്‍, എനിക്കവരാകാന്‍ കൊതി തോന്നി. "പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു...', "ചൈത്രം ചായം ചാലിച്ചു...' എന്നിങ്ങനെ എം ബി ശ്രീനിനിവാസന്‍, ഒ എന്‍ വിയ്‌ക്ക്‌ ഈണമിട്ടപ്പോള്‍ അതൊക്കെ എന്റെ സ്വന്തം പാട്ടുകളായി.

"ഇളക്കങ്ങള്‍' (1982) എന്ന മോഹന്‍ സിനിമയിലെ സുധ, യാതൊരു അടിസ്ഥാനവുമില്ലാതെയെങ്കിലും ലോകം മുഴുവന്‍ തന്നോടുള്ള പ്രണയത്തിലാണെന്ന മാതിരിയുള്ള നിനവുകളില്‍ മുഴുകുമ്പോള്‍ എന്റെയുള്ളിലെ കൗമാരക്കാരിക്ക് അവള്‍ കണ്ണാടിയായി. ഒതുങ്ങിയ നടപ്പുകാരിയായിരുന്നുവെങ്കിലും അവളുടെ ഇളക്കങ്ങള്‍ എനിക്കു മനസ്സിലാകുമായിരുന്നു. "തുഷാരമണികള്‍ തുളുമ്പിനില്‍ക്കും...' പോലെ ഉള്ളില്‍ ഇളക്കങ്ങള്‍ ഇല്ലാത്ത ഏതു പെണ്‍കുട്ടിയാണാ പ്രായത്തിലുണ്ടാവുക? കാവാലവും എം ബി ശ്രീനിവാസനുമായിരുന്നു അതിലെ പാട്ടുചമയക്കാര്‍ എന്ന് പിന്നീടെന്നോ അറിഞ്ഞു.

കുറച്ചുപേര്‌ മതി ഒരു കഥ പറയാന്‍ എന്ന പാഠം തന്ന സിനിമകളായിരുന്നു "ഉള്‍ക്കടലും' 'ചില്ലും' 'ശാലിനി എന്റെ കൂട്ടുകാരി'യും "ഇളക്കങ്ങ'ളും. സംഭവങ്ങളല്ല മനസ്സാണ് പ്രധാനം കഥ പറച്ചിലില്‍ എന്നും ഒരു തോന്നലുണ്ടായി.


"യവനിക' (1982) ശ്വാസം പിടിച്ചിരുന്നു കണ്ട സിനിമയാണ്. ഗോപി- മാജിക്കില്‍ തല കുത്തനെ വീണുപോയി. കൊടിയേറ്റം ഗോപി, കുടിയേറ്റം- ഗോപിയായി (അതെന്റെ മകന്റെ പ്രയോഗമാണ്) അരങ്ങു തകര്‍ക്കുന്നതു കണ്ട്‌ അന്തംവിട്ടിരുന്നുപോയി. കെ ജി ജോർജിനെ വീണ്ടും വീണ്ടും നമിക്കാന്‍ തോന്നി. "ഭരതമുനിയൊരു കളം വരച്ചു, കറുപ്പും വെളുപ്പും കരുക്കള്‍ നീക്കി കാലം കളിക്കുന്നു, ആരോ കൈ കൊട്ടിച്ചിരിക്കുന്നു...' എന്ന ആ എം ബി ശ്രീനിവാസന്‍ പാട്ട് ഞാനിന്നും എന്റെയും മറ്റു പലരുടെയും ജീവിതമായി കൊണ്ടാടുന്നു.

"ഓർമയ്‌ക്കായി' (1982) വാക്കില്ലാതെ അപശബ്ദങ്ങള്‍ കൊണ്ടഭിനയിക്കുന്ന അത്ഭുതഗോപിയെ ജോണ്‍പോളിന്റെ തിരക്കഥയിലൂടെയും ഭരതന്റെ സംവിധാനത്തികവിലൂടെയും കാണിച്ചുതന്നു. ഭരതന്റെ തന്നെ "കാറ്റത്തെ കിളിക്കൂട്' (1983) മറ്റൊരു ഗോപീവിസ്മയമായി. ‘മര്‍മ്മര’വും (1983) ഭരതന്‍-‐ഗോപി-‐നെടുമുടി വേണു കോമ്പിനേഷനില്‍ മനസ്സില്‍ പതിഞ്ഞു. സൗന്ദര്യം ഉണ്ടാവുന്നത് അഭിനയമികവു കൊണ്ടാണ് രൂപഭംഗി കൊണ്ടല്ല എന്ന ഒരു പാഠത്തിലേക്കുള്ള യാത്രയിലേക്കാണ് വേണുവും ഗോപിയും നയിച്ചത്. പില്‍ക്കാലത്ത് നേരിട്ട്‌ പോയി കണ്ട് വര്‍ത്തമാനം പറഞ്ഞ ഒരേ ഒരു അഭിനേതാവാണ് ഗോപി. അത്രത്തോളമായിരുന്നു ആരാധനയും സ്‌നേഹവും.

‘എലിപ്പത്തായം’ (1982) എനിക്ക്‌ അത്ര കാര്യമായൊന്നും മനസ്സിലായില്ല. ഫാസിലിന്റെ "മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' (1980) കാണാത്തവരെ അസ്‌പൃശ്യരെന്ന മട്ടിലാണ് ഞങ്ങളുടെ ക്ലാസ് നോക്കിയത്.

സിനിമാവഴിയേ പോകണം എന്നൊരാശ അതിനിടെ എങ്ങനെയോ, ഉള്ളില്‍ പൊട്ടിമുളച്ചു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന വഴി മനസ്സിലുടക്കി. കൂടുതല്‍ അറിയാനോ ചോദിക്കാനോ ഒരിടവുമില്ലായിരുന്നെങ്കിലും ആ രഹസ്യമോഹവുംകൊണ്ട് ഞാന്‍ നടപ്പായി.

പക്ഷേ "ഈനാടും ’(1982) ഐ വി ശശിയും എന്നെ ഒട്ടൊന്നുമല്ല കുഴക്കിയത്. സമാന്തരമായി പല കഥകളുടെ ഇഴകള്‍, ഒരു ചാക്കോളം കഥാപാത്രങ്ങള്‍, ഇവരെയെല്ലാം ഏതെങ്കിലുമൊരു പോയന്റില്‍ കൊണ്ടുചെന്നു ചേര്‍ത്തുനിര്‍ത്തുക... ഇതൊന്നും എനിക്ക്‌ പ്രാപ്യമായ കാര്യമല്ല എന്നു പേടിച്ചു.


"പൂച്ചക്കൊരു മൂക്കുത്തി' (1984) കണ്ട് വയറുപൊത്തിയിരുന്ന് നിര്‍ത്താതെ ചിരിച്ച എന്നെ നോക്കി പലവട്ടം അച്ഛന്‍ പറഞ്ഞു, "ചിരിച്ചു ചിരിച്ചു വല്ലതും വരുത്തി വയ്‌ക്കരുത്.' അങ്ങനൊരു ചിരി-സിനിമാജീവിതത്തിലാദ്യമായിരുന്നുവെങ്കിലും പ്രിയദര്‍ശന്‍ സിനിമകളിലെ കടലോളം ആള്‍ക്കാര്‍ എന്നെ ആകെ വിഭ്രാന്തിയിലാക്കി. ഇത്രയും കഥാപാത്രങ്ങളെ ചലിപ്പിക്കാന്‍ കഴിവ് എന്റെ കഥനവൈഭവത്തിനുണ്ടോ എന്ന് പ്രിയദര്‍ശന്‍ സിനിമകളും എന്നെ ചോദ്യംചെയ്‌തു.

പക്ഷേ വിസ്മയിപ്പിച്ചത് "പഞ്ചവടിപ്പാല'(1984)മാണ്. സറ്റയര്‍ കൊണ്ടുള്ള പാലം ഞാനാദ്യമായും അവസാനമായും മലയാള സിനിമയില്‍ കണ്ടത് ആ സിനിമയിലാണ്. "ഇരകള്‍' (1985) കാണാന്‍ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോയ്‌ക്ക്‌ ഞാനും അമ്മയുംകൂടി എരമല്ലൂരുനിന്ന് അതിരാവിലെ ബസ് പിടിച്ച് എറണാകുളം മൈമൂണില്‍ പോയി തിരിച്ചുവന്നത് ഒരപൂർവ സിനിമയുടെ ഓളത്തില്‍ ചാഞ്ചാടിയാടിയാണ്. കെ ജി ജോര്‍ജിന്, എന്റെ മനസ്സിലെ പൊക്കം അനുദിനം വർധിക്കുകയായിരുന്നു.

പുരുഷന്റെ മസിലുക ള്‍കൊണ്ടുമാത്രമല്ല സ്‌ത്രീയുടെ മനസ്സുകൊണ്ടും സിനിമയുണ്ടാക്കാമെന്ന് "ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച'യും (1979) "ആദാമിന്റെ വാരിയെല്ലും’ (1983) പാഠങ്ങള്‍ തന്നു. ശ്രീവിദ്യ സൗന്ദര്യം കൊണ്ടും അഭിനയത്തികവു കൊണ്ടും അവരുടെ മികവ് "ദൈവത്തിന്റെ വികൃതികളോ’ളം അഭംഗുരം തുടര്‍ന്നു.

ഒരുകാലത്തും മനസ്സില്‍നിന്നു പോവാത്ത ഒരു നോവാണ് മോഹന്റെ "രചന' (1983). ശ്രീവിദ്യയും ഗോപിയും നെടുമുടിയും മത്സരിച്ചഭിനയിച്ച സിനിമ. മനസ്സുകളിലേക്കിറങ്ങാനുള്ള ജോണ്‍പോളിന്റെ വൈഭവം. അതിലെ നെടുമുടി വേണു മൂത്രമൊഴിക്കുന്ന സീന്‍, അത് മറ്റാര് ചെയ്‌താലും അത്രത്തോളമാവില്ല എന്നുതന്നെയാണ് ഇപ്പോഴും തോന്നാറ്. ഗോപി ഇല്ലാതായത് നെടുമുടി വേണുവിന്റെ കരിയറിനാണ് നഷ്ടമുണ്ടാക്കിയത് എന്ന വിശ്വാസക്കാരി കൂടിയാണ് ഞാന്‍.

ചിത്രീകരണം: ദേവപ്രകാശ്‌ചിത്രീകരണം: ദേവപ്രകാശ്‌

സയന്‍സ് പശ്ചാത്തലം വേണം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്ന അറിവുവച്ച് ഞാന്‍ കണ്ണുംപൂട്ടി പ്രീഡിഗ്രിക്ക് സെക്കന്‍ഡ് ഗ്രൂപ്പുകാരിയായി. എപ്പോഴും അസുഖം വരുന്ന എനിക്ക്‌ ക്ലാസുകള്‍ മിസ്സായാലും പ്രശ്‌നമില്ലാത്ത തേഡ് ഗ്രൂപ്പാണ് നല്ലതെന്ന് അമ്മ പലതവണ പറഞ്ഞിട്ടും അതു കേട്ട ഭാവം വച്ചില്ല, അമ്മയോട് എന്റെ സിനിമാമോഹം പറഞ്ഞതുമില്ല.

സെക്കന്‍ഡ് ഗ്രൂപ്പുകാരിയായി തൃക്കാക്കര ഭാരത് മാത കോളേജിലേക്ക് പോകുംവഴി എറണാകുളത്തെ സൗത്ത് ജങ്ഷനില്‍ ഒരു പടുകൂറ്റന്‍ സിനിമാ ബോര്‍ഡ് സറീനാ വഹാബിനെയും വേണു നാഗവള്ളിയെയും കാണിച്ചു തന്നു. "പരസ്‌പരം' (1983) എന്ന ആ സിനിമ കാണാനായില്ലെങ്കിലും ആ വഴിയേ പോകുമ്പോഴെല്ലാം (ജോസ് ബ്രദേഴ്‌സ് ഗ്രൂപ്പിന്റെ സിനിമയായിരുന്നു അത്) എം ബി ശ്രീനിവാസന്‍ ഈണമിട്ട "നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍/ മറഞ്ഞസന്ധ്യകള്‍ പുനർജനിക്കുമോ...?' എന്ന പാട്ട് ഞാന്‍ കേട്ടു. അതെന്നെക്കുറിച്ചാണെന്നാണ് അന്നുമിന്നുമെന്റെ വിചാരം.

"ഓമനത്തിങ്കളും’ (1983) "മാമാട്ടുകുട്ടിയമ്മ’യും (1983) കണ്ടത് ഹോസ്റ്റലില്‍നിന്ന് കന്യാസ്‌ത്രീകളുടെ നേതൃത്വത്തിലാണ്. കന്യാസ്‌ത്രീകള്‍ക്ക് സ്‌ക്രീനില്‍ കുഞ്ഞുങ്ങളെ കാണുന്നത് പ്രിയപ്പെട്ട ഒരു നേരമ്പോക്കായിരുന്നു. "ഓമനത്തിങ്കളി'ലെ എം ബി ശ്രീനിവാസന്‍ പാട്ടായ "ഓലേഞ്ഞാലിക്കിളിയുടെ കൂട്ടില്‍ ഒരു വിരുന്ന്...'എന്നെക്കൊണ്ട് എന്റെ ഇല്ലാരാഗത്തില്‍ ഹോസ്റ്റല്‍ മേറ്റ്‌സ് പാടിക്കുമായിരുന്നു.

ഇന്നും അന്നും എംടിയന്‍ രചനകളില്‍ ഏറ്റവുമിഷ്ടം ‘മഞ്ഞാ’ണ്. പ്രീഡിഗ്രിക്ക് പഠിക്കാനുമുണ്ടായിരുന്നതിനാല്‍ അത് കാണാപ്പാഠമായിരുന്നു. പക്ഷേ സിനിമ (1983) കാണാനായില്ല. സംഗീതാ നായിക്കിന് അത്രയൊന്നും വിമലയാകാനായില്ല എന്നു കേട്ട് ആ സിനിമാനഷ്ടത്തെ മറികടന്നു. എന്നെങ്കിലുമൊരിക്കല്‍ "മഞ്ഞ്' വീണ്ടുമൊരു പുതിയ ആള്‍ക്കൂട്ടത്തിന്റെ സിനിമാക്കൈകളിലൂടെ പെയ്‌തിറങ്ങിയെങ്കില്‍ എന്ന്‌ മോഹിക്കാറുണ്ട്.


‘കൂടെവിടെ’, ‘ഒന്നു മുതല്‍ പൂജ്യം വരെ’, ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’, ‘പറന്നു പറന്നു പറന്ന്’, ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’, ‘ഏപ്രില്‍ 18’, ‘തിങ്കളാഴ്ച നല്ല ദിവസം’, ‘ജാലകം’, ‘ന്യൂഡല്‍ഹി’, ‘തനിയാവര്‍ത്തനം’, ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’, ‘പൂച്ചക്കൊരു മൂക്കുത്തി’, ‘ആരൂഢം’, ‘നാടോടിക്കാറ്റ്’, ‘ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്’, ‘മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ അങ്ങനെ പലവിധ ഴോണറുകളില്‍ സിനിമയുടെ ഒരു സദ്യ തന്നെയായിരുന്നു അന്നത്തെ കോളേജ് കാലം. മമ്മൂട്ടി, മോഹൻലാല്‍, തിലകന്‍, ശ്രീനിവാസന്‍, റഹ്‌മാന്‍, സുഹാസിനി, ശോഭന, ശാരി, പാർവതി, കാര്‍ത്തിക, രേവതി, മാധവി, കുക്കു പരമേശ്വരന്‍ എന്നിങ്ങനെ അഭിനയപ്രതിഭകള്‍ നിറഞ്ഞാടിയ കാലം.

"ചിദംബരം' (1986) ആദ്യമായി സ്മിതാ പാട്ടീലിനെ കാണിച്ചു തന്നു. അവരുടെ ചതുരമുഖത്തില്‍നിന്നു ചിതറിവീണ അഭിനയരശ്മികളില്‍ ഞാന്‍ ഉരുകിപ്പോയി. ഞാന്‍ കണ്ട ആദ്യ അരവിന്ദന്‍ സിനിമയും അതാണ്.

പത്മരാജന്‍ പ്രപഞ്ചത്തിലെ ഞാന്‍ കണ്ട സിനിമകളോരോന്നും ഓരോ അനുഭവമായിരുന്നുവെങ്കിലും ‘അപരന്‍’ (1988) കാലം മായ്‌ക്കാത്ത ഒരു നോവാണ്.

ഉൾവേവുകളുടെ ഒരു പ്രപഞ്ചവുമായി "പഞ്ചാഗ്നി,' "പുരുഷാര്‍ത്ഥം,' "കരിയിലക്കാറ്റുപോലെ,' "നേരം പുലരുമ്പോള്‍,' "മീനമാസത്തിലെ സൂര്യന്‍' എന്നിങ്ങനെ സിനിമകൊണ്ട് സമൃദ്ധമായ ഡിഗ്രിക്കാലത്തിനിടയ്‌ക്കിടെ ഞാന്‍ അസുഖബാധിതയായിക്കൊണ്ടിരുന്നു. ഹോസ്‌പിറ്റലുകള്‍ സദാ ശരണമായ ഒരുവള്‍ക്ക് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനം അപ്രാപ്യമാണെന്ന് അതിനിടെ സ്വയം തിരിച്ചറിവുണ്ടായി. സിനിമാപഠനം പോയി സാഹിത്യപഠനമായി വഴി.

നെടുകെയും കുറുകെയും അവിടുന്നുമിവിടുന്നും കഥാപാത്രങ്ങള്‍ ഞൊടിയിടകൊണ്ട് കടന്നു വരുന്ന ഐ വി ശശി‐പ്രിയദര്‍ശന്‍ സിനിമകളുടെ ചക്രവ്യൂഹത്തിലിരുന്നുകൊണ്ട് കെ ജി ജോര്‍ജിന്റെ വൈവിധ്യത്തിലായിരുന്നു എന്റെ സിനിമാമോഹങ്ങളെ ഞാന്‍ കൊളുത്തിയിട്ടിരുന്നത്.

‘ചില്ല്’‘ചില്ല്’

ഒരിക്കല്‍ ചികിത്സാർഥം ബോംബെയില്‍ ചെന്നു പെട്ടപ്പോള്‍, അമ്മാവന്റെ കറുപ്പും വെളുപ്പും ടിവിയില്‍ ഒരു മൂവി‐ "ഖണ്‍ഡര്‍’ (1984) (Ruins എന്നർഥം). ശബാന ആസ്മി, നസറുദ്ദീന്‍ ഷാ, പങ്കജ് കപൂര്‍ ഇവരെയൊക്കെ ആദ്യമായി കണ്ടു. മൃണാള്‍ സെന്നിന്റെ ആ സിനിമ, ഞാനിനിയും പരിചയപ്പെട്ടിട്ടില്ലാത്ത ഒരുപാട്‌ കൈവഴികളുള്ള ഒരിടമാണ് സിനിമ എന്ന ഉള്‍ബോധ്യത്തിലേക്കാണ്‌ എത്തിച്ചത്‌.

പിന്നെ ദൂരദര്‍ശന്‍ കാലത്തിരുന്നു കണ്ട അനേകം ഹിന്ദി സിനിമകള്‍, ഞാനീക്കണ്ട സിനിമകള്‍ക്കുമപ്പുറം നില്‍ക്കുന്ന സിനിമകളെ കാണിച്ചു തന്നു.

ഇടയ്‌ക്ക്‌ സിദ്ധാർഥ്‌ ശിവയുടെ അച്ഛന്‍ ശിവപ്രസാദ് ചേട്ടന്‍ പറഞ്ഞിട്ട് ബാബു തിരുവല്ലയ്‌ക്കുവേണ്ടി ഒരു തിരക്കഥയെഴുതി. ഈ പേരില്‍ സിനിമയുണ്ടാവുകയും തിരക്കഥ എന്റേതല്ലാതാവുകയും ചെയ്‌തു. ജയശ്രീ മിശ്ര ശുപാര്‍ശ ചെയ്‌തിട്ട് "ജന്മാന്തരവാഗ്ദാനങ്ങള്‍' തിരക്കഥയാക്കാന്‍ കുറച്ചു പണിപ്പെട്ടു. അന്ന് രേവതിയ്‌ക്ക്‌ ഐശ്വര്യ റായിയെ വച്ച് മള്‍ട്ടിലിങ്ഗ്വല്‍ ആയി സിനിമ സംവിധാനം ചെയ്‌ത്‌ ഇറക്കാനായിരുന്നു പ്ലാന്‍.

"ഏദനി'ലൂടെ പുരസ്‌കാരജേതാവായ സഞ്ജു സുരേന്ദ്രന്റെ കൂടെയിരുന്ന് പല പല തിരക്കഥകളില്‍ കൈവച്ചു. ഇപ്പറഞ്ഞതൊന്നും നടന്നില്ലെന്നുമാത്രം. ഒരുപാട്‌ മോഹങ്ങള്‍, കഥകള്‍, പ്രൊജക്ടുകള്‍ ഒക്കെ പൊലിയുന്ന ഇടംകൂടിയാണ് സിനിമ എന്നുകൂടി അങ്ങനെ പഠിച്ചു.


സഞ്ജു എന്റെ "അച്ഛന്‍' എന്ന ചെറുകഥ "തീരം' എന്ന പേരിലും സംഗീതാ പത്മനാഭന്‍ മറ്റൊരു ചെറുകഥയായ "ചാരുലതയുടെ ബാക്കി' അതേ പേരിലും ഷോര്‍ട്ട് ഫിലിമാക്കിയപ്പോള്‍ തിരക്കഥയെഴുത്തില്‍ അവര്‍ക്കൊപ്പം ചേരുകയുണ്ടായി എന്നതുമാത്രം സിനിമാ അനുഭവമായി കൂടെയുണ്ട്.

സിനിമയിലെ പങ്കാളിത്തം എന്ന മോഹം ക്രമേണ നേര്‍ത്തുപോയെങ്കിലും സിനിമ കാണല്‍ ഇപ്പോഴും അഭംഗുരം തുടരുന്നു. ഓരോ സിനിമ കാണുമ്പോഴും അതിനെക്കുറിച്ച് എഴുതാതെ എന്റെയുള്ളിലെ "ഇളക്കങ്ങള്‍' ശമിക്കുന്നില്ല. മോഹൻലാല്‍ "സദയ'വും "വാനപ്രസ്ഥ'വും "കിലുക്ക'വും ചെയ്യുമ്പോഴും മമ്മൂട്ടി "ഡാനി'യും "പൊന്തന്‍മാട'യും "ഭ്രമയുഗ'വും ചെയ്യുമ്പോഴും മഞ്ജു വാര്യര്‍ "ദയ'യും "കന്മദ'വും ചെയ്യുമ്പോഴും എന്റെയുള്ളിലെ അശാന്തികള്‍ ശാന്തമാവുന്നു.

അന്നത്തെ സിനിമാപരസ്യങ്ങളിലെ കരവിരുതുകാരായ പി എന്‍ മേനോന്‍, ഭരതന്‍, ഗായത്രി അശോകന്‍, സാബു കൊളോണിയ എന്നിവരും ഇപ്പോഴും ഓർമയിലുണ്ട്. ഇക്കാലത്തെ സാങ്കേതിക മുന്നേറ്റങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലായിരുന്ന ആ കാലത്തും അവരൊരുക്കിയ സിനിമാ ടൈറ്റിലുകളിലെ അക്ഷരച്ചമയവും വരകളും വർണവിസ്മയങ്ങളും ശരിക്കും ദൃശ്യവിരുന്നു തന്നെയായിരുന്നു.

തൃക്കാക്കരയില്‍ താമസിക്കുമ്പോള്‍, ഗേറ്റിനരികെ നിന്ന എന്നെക്കണ്ട് മോണിങ് വാക്കിനിടെ ഒരാള്‍ ഒന്നു നിന്ന്‌ ചോദിച്ചു, -പ്രിയയല്ലേ? അത് ഗായത്രി അശോകനായിരുന്നു. ഒരു കാലം തിരികെ വരുന്നപോലെ വിസ്മയഭരിതയായി ഞാനാ മനുഷ്യനെ കണ്ണിമയ്‌ക്കാതെ നോക്കിനിന്നു. പുതുതായി അയല്‍ക്കാരനായി എത്തിച്ചേര്‍ന്ന അദ്ദേഹത്തെ വിശദമായി ഇന്റർവ്യൂ ചെയ്‌ത്‌ പുതുതലമുറയ്‌ക്ക്‌ പരിചയപ്പെടുത്തണമെന്ന് ആഗ്രഹിച്ചെങ്കിലും അത് എന്തുകൊണ്ടൊക്കെയോ നടക്കാതെ പോയി.

കോവിഡ് കാലത്ത്, ഓഫീസടച്ചിടുന്ന നേരത്ത് സഹപ്രവര്‍ത്തക പറഞ്ഞു, -"സിനിമ റിലീസായെന്നു പറഞ്ഞ് ഇക്കണ്ട കാലത്തൊന്നും തിയറ്ററിലേക്ക് ചാടിയോടിയേക്കരുത്...'

ഒബറോണിലെ പിവിആറിലെ സെക്യൂരിറ്റി എന്നെ കണ്ടാല്‍ "ഇന്ന് മോനെ കൂട്ടീല്ലേ, തന്നേയുള്ളോ?' എന്നു ചോദിക്കുന്നത്ര സിനിമാജീവിയായിരുന്നു ഞാന്‍ എറണാകുളം വിടുവോളം. ഇപ്പോള്‍ എരമല്ലൂർ വീടിനു തൊട്ടടുത്ത് രണ്ട് തിയറ്ററുകളുണ്ട്-, അതാണ് റിട്ടയര്‍മെന്റ് ജീവിതത്തിലൊരാശ്വാസം.

പ്രിയ എ എസ്‌ പ്രിയ എ എസ്‌

കഥയെഴുതി തോറ്റവരാണ് നിരൂപകരാവുക എന്നു പറയുമ്പോലെ സിനിമ എടുക്കാന്‍ മോഹിച്ച് അത് സാധിക്കാതെ പോയവരാണ് സിനിമാ റിവ്യൂ എഴുതുക എന്ന ഒരു ചിരിയിലാണ് ഞാനെപ്പോഴും. ബ്ലെസിയുടെ "തന്മാത്ര' തൊട്ടാണെന്നു തോന്നുന്നു സിനിമാ റിവ്യൂ പരിപാടി തുടങ്ങിയത്. അതങ്ങനെ അഭംഗുരം തുടര്‍ന്നുവന്നത്, ചോരപ്രളയസിനിമകളും ക്രൈംത്രില്ലറുകളും രംഗം കീഴടക്കിയതോടെ മനം മടുത്ത് ഇടയ്‌ക്കുവച്ച് നിര്‍ത്തിവയ്‌ക്കുകയുണ്ടായി. എന്നിട്ടും അടുത്തയിടെ "ഹൃദയപൂർവ'ത്തെക്കുറിച്ചെഴുതി. ബുസാന്‍ ചലച്ചിത്രമേളയിലെത്തിയ "ഖിഡ്ക്കിഗാവി'നെക്കുറിച്ചുമെഴുതി.

"മൃണ്‍മയം' എന്നൊരു കഥ ഞാന്‍ എഴുതിയിട്ടുണ്ട്, മൂന്നാലുവര്‍ഷം മുമ്പ്. സിനിമകാണല്‍, ജീവിതക്കയ്‌പ്പുകള്‍ക്ക് മരുന്നായി കൊണ്ടുനടക്കുന്ന അതിലെ മെലിഞ്ഞ, നരച്ച, തീര്‍ത്തും വയസ്സായ സ്‌ത്രീയെ, "ഒരേ കടല്‍' സിനിമ കാണാന്‍ ക്യൂവില്‍ എറണാകുളത്തെ മൈമൂണില്‍ നില്‍ക്കുന്ന നേരത്ത് പരിചയപ്പെട്ടതാണ്. രണ്ടു കാലും മുറിച്ചുമാറ്റിയ നിലയില്‍ വര്‍ഷങ്ങളോളമായി കിടക്കുന്ന ഭര്‍ത്താവിന്റെ ജീവിതം താങ്ങിനിര്‍ത്തി കഴിയുന്ന അവര്‍ക്ക് ഡോക്‌ടര്‍, ഡിപ്രഷനുള്ള മരുന്നായി നിർദേശിച്ചതാണ് സിനിമ പോലും. എല്ലാ ഹിന്ദി സിനിമകളും അവര്‍ കണ്ടുതീര്‍ത്തിരുന്നു. ഹൃത്വിക് റോഷനും ഷാരൂഖ് ഖാനും ഒക്കെ അവര്‍ക്ക് കരതലാമലകം പോലായിരുന്നു എന്നുകണ്ട് ഞാന്‍ വാ പൊളിച്ചുനിന്നു.

ഓരോ സിനിമ കാണാന്‍ പോകുമ്പോഴും ആ സ്‌ത്രീ മനസ്സിലേക്ക് കയറിവരുമായിരുന്നു. ഒടുക്കം അവര്‍ എന്റെ "മൃണ്മയം' കഥയിലേക്ക് കയറി. അവര്‍ തന്നെയല്ലേ ഞാന്‍ എന്ന് പലപ്പോഴും തോന്നാറുണ്ട്. സിനിമകൊണ്ട് ജീവിതം തിരിച്ചുപിടിക്കുന്ന ഒരാള്‍. സിനിമ മരുന്നായ ഒരാള്‍...


ഏത് അറുബോറന്‍ സിനിമയും മനസ്സില്‍ ഒരു സമാന്തരകഥ ഉണര്‍ത്തിവിടുന്നു എന്ന് വിശ്വസിപ്പിച്ചും സമാശ്വസിപ്പിച്ചും എന്നെ കഥയുള്ളവളാക്കുന്നതിന്, ഇപ്പോഴും എന്റെയുള്ളില്‍ അവശേഷിക്കുന്ന സിനിമാ- ഇളക്കങ്ങള്‍ക്ക് "ഹൃദയപൂർവം' നന്ദി.

"മേരാ കുഛ് സാമാന്‍ തുമാരെ പാസ് പഡാ ഹെ...' (എന്റെ കുറച്ചു സാധനങ്ങള്‍ നിന്റടുത്തായിപ്പോയിട്ടുണ്ട്...) എന്ന "ഇജാസത്‌’ (1987) എന്ന ഗുല്‍സാര്‍ സിനിമയിലെ പാട്ടുപോലെ, എന്റെ മനസ്സിന്റെ ഏതേതോ തുണ്ടുകള്‍, തുടിപ്പുകള്‍ ഒക്കെ ഇപ്പോഴും സിനിമയില്‍ വീണു കിടപ്പുണ്ട്. "മേരാ വൊ സാമാന്‍ ലൗട്ടാ ദോ...' (എന്റെയാ സാധനങ്ങള്‍ എനിക്ക്‌ തിരിച്ചു തരൂ...) എന്ന് ഒരിക്കലും പറയാന്‍ ഞാനുദ്ദേശിക്കുന്നില്ല. അതങ്ങനെ തന്നെ കിടന്നോട്ടെ, ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home