ലേഖനം
സ്വാതന്ത്ര്യത്തിനായുള്ള സാഹിത്യസമരങ്ങൾ‐2 ഹിന്ദുത്വ ഇന്ത്യയുടെ കാലത്തെ ആനന്ദ് വായന

പി പവിത്രൻ
Published on Feb 28, 2026, 11:27 AM | 16 min read
അതിജീവനവും പ്രതീക്ഷയും
ഫാസിസത്തിന്റെ വേരുകൾ ആധുനികപൂർവ സമൂഹങ്ങളുടെ യുക്തിയിലല്ല, ആധുനികത്വത്തിന്റെ യുക്തിയിൽത്തന്നെയാണുള്ളത് എന്ന് സ്ഥാപിച്ചത് ഹോക്ഹീമറും അഡോർണോയും ചേർന്ന് രചിച്ച ‘പ്രബുദ്ധതയുടെ വൈരുധ്യാത്മകത’ എന്ന കൃതിയിലാണ്. ജർമൻ ഫാസിസത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഫ്രാങ്ക്ഫർട്ട് ചിന്തകർ കൃതി രൂപപ്പെടുത്തുന്നത്. എന്തുകൊണ്ട് ആധുനികരായ ശാസ്ത്രജ്ഞരും തത്വചിന്തകരുമുൾപ്പെടുന്ന ബുദ്ധിജീവിവർഗം ഫാസിസത്തിന്റെ വക്താക്കളായി മാറി എന്നതായിരുന്നു അവരുടെ അന്വേഷണം. വികസിത മുതലാളിത്ത രാജ്യങ്ങളിൽ ചിലതുതന്നെയാണ് ഫാസിസത്തിലേക്ക് വഴുതിയത് എന്നതും അത്രത്തോളം വികസിക്കാത്ത ഇടങ്ങളിലാണ് ജനകീയ വിപ്ലവങ്ങൾ അരങ്ങേറിയത് എന്നതും അവരുടെ ചിന്തകളെ സ്വാധീനിച്ചിരിക്കണം. ആധുനികജ്ഞാന വ്യവസ്ഥയെ മുഴുവൻ അഴിച്ചുപണിത് പരിശോധിക്കാൻ ഇത് അവർക്ക് പ്രേരകമായി. പാഗൻ സമൂഹങ്ങളിലെ ബഹുത്വ യുക്തി ആധുനിക സമൂഹത്തിന് നഷ്ടപ്പെടുന്നത് എന്തുകൊണ്ട് എന്നതാണ് അവരെ പ്രചോദിപ്പിച്ച കാര്യങ്ങളിലൊന്ന്. ആനന്ദ് പിൽക്കാലത്തെഴുതിയ ‘നാലാമത്തെ ആണി’ എന്ന കഥയിൽ ഈ പ്രശ്നം മറ്റൊരുതലത്തിൽ കടന്നുവരുന്നുണ്ട്. ഇവിടെ നമ്മുടെ അന്വേഷണവിഷയം ആനന്ദിന്റെ രണ്ടാമത്തെ നോവലായ മരണസർട്ടിഫിക്കറ്റാണ്.
ആനന്ദ്
ഫോട്ടോ: കെ ആർ വിനയൻ
മരണസർട്ടിഫിക്കറ്റിന്റെ രചനാപശ്ചാത്തലം സച്ചിദാനന്ദനുമായുള്ള അഭിമുഖ (സംഭാഷണങ്ങൾ) ത്തിൽ ആനന്ദ് വിവരിച്ചിട്ടുണ്ട്. 1971 തന്റെ ജീവിതത്തിലെ വലിയൊരു പരീക്ഷയുടെ കൊല്ലമായിരുന്നു. അഭയാർത്ഥിപ്രവാഹം, ഗാന്ധിയൻ മൂല്യങ്ങളുടെ തിരോധാനം, പൊതുജീവിതത്തിൽ വന്നുചേർന്ന കാപട്യം, ആത്മാർഥമായി ആരംഭിച്ച നക്‌സലൈറ്റ് പ്രസ്ഥാനം താന്ത്രികമായ അനുഷ്ഠാനമായി അധഃപതിച്ചത്, ഒപ്പം കോളറ, വെള്ളപ്പൊക്കം, യുദ്ധം തുടങ്ങിയ ദുരിതങ്ങൾ‐ ഈ ഘട്ടത്തിൽ മനുഷ്യപ്രയാണത്തിന്റെ വ്യർഥതയെ ഉന്നയിക്കുന്ന പല ചോദ്യങ്ങളും മുന്നിലേക്കു വന്നു. മനുഷ്യൻ പരിഹാസ്യവും നിന്ദ്യവും വിലകുറഞ്ഞതുമായ വിൽപ്പനച്ചരക്കു മാത്രമാണോ, ആശയങ്ങൾക്കും വികാരങ്ങൾക്കും പിന്നിൽ അവർ സസ്യജാലങ്ങളിൽ ഒന്നു മാത്രമല്ലേ എന്നീ സംശയങ്ങൾ കഥാകാരനിൽ ഉരുവംകൊള്ളുന്നു. ഈ മാനസികാവസ്ഥയിലാണ് സർവോപരി മരണം തന്റെ ജീവിതത്തിൽ കടന്നുവരുന്നത് എന്നും അതിന്റെ ഷോക്കു കൊണ്ട് കവണയിൽനിന്നു വിട്ട കല്ലെന്നപോലെ ജീവിതത്തിന്റെ അർഥവും മൂല്യവും തേടിയിറങ്ങുവാൻ താൻ നിർബന്ധിതനായി എന്നും ആനന്ദ് പറയുന്നുണ്ട്.
കാലവും മരണവുമാണ് മരണസർട്ടിഫിക്കറ്റിലെ പ്രമേയം. ഈ പ്രമേയപരിണാമം കഥാപാത്രസൃഷ്ടിയെയും നോവലിന്റെ ഘടനയെയും ബാധിക്കുന്നുണ്ട്. സമൂഹത്തിൽനിന്നും വ്യത്യസ്തമായ പ്രത്യേകതകൾ സൂക്ഷിക്കുന്ന ആൾക്കൂട്ടത്തിലെ കഥാപാത്രങ്ങൾക്ക് സാമൂഹ്യമായ അവരുടെ അസ്തിത്വത്തെ സൂചിപ്പിക്കുന്ന പേരുകളുണ്ട്. സംബോധനയിൽപ്പോലും അവിടെ കഥാപാത്രങ്ങൾ മിക്കവാറും സർവനാമങ്ങൾ ഒഴിവാക്കുകയാണ്. മരണസർട്ടിഫിക്കറ്റിലാകട്ടെ ബാഹ്യമായ എല്ലാറ്റിനും സാക്ഷിയും തനിക്കുമാത്രം വെളിപ്പെടുന്നതുമായ ‘ഞാൻ’ എന്ന ഉത്തമപുരുഷ സർവനാമമാണ് മുഖ്യകഥാപാത്രമായി വരുന്നത്. ഭാര്യ, കുട്ടികൾ, സഹോദരി, ക്രിമേറ്ററി ക്ലാർക്ക്, പേഴ്സണൽ ഓഫീസർ തുടങ്ങി അയാൾ ബന്ധപ്പെടുന്ന മറ്റു കഥാപാത്രങ്ങൾക്കൊന്നും സ്വന്തമായ പേരുകളില്ല. അതിനാൽ മുഖ്യകഥാപാത്രത്തിന് അവരുമായുള്ള ബന്ധം മൂർത്തവും വ്യക്തിപരവുമല്ല, സാമാന്യവും വ്യവസ്ഥാപരവുമാണ് എന്നുവരുന്നു. കഥ നടക്കുന്നത് ദൈനംദിനവും ഇന്ദ്രിയപരവുമായ സ്ഥലകാലങ്ങളിലല്ല, വ്യക്തിയുടെ അന്തർലോകത്തും വ്യവസ്ഥയുടെ പ്രതീകലോകത്തുമാണ്.
ദൈനംദിന ജീവിതത്തിൽനിന്ന് ചീന്തിയെടുത്ത രക്തം തുടിക്കുന്ന കഥാപാത്രങ്ങളല്ല ആനന്ദിന്റെ ആൾക്കൂട്ടത്തിനു ശേഷമുള്ള രചനകളിലുള്ളതെന്നതും അത് എക്സ്പ്രഷനിസ്റ്റ് സങ്കേതത്തോട് വലിയൊരളവിൽ ചേർന്നുനിൽക്കുന്നു എന്നതും ദാർശനികമായ വലിയ തുറവികളുണ്ടാക്കുന്നുണ്ട്. ആധുനികമായ അധികാരഘടനയെ പ്രശ്നവൽക്കരിക്കുന്ന ചരിത്രവും സാമൂഹ്യശാസ്ത്രവും തത്വചിന്തയുമുൾപ്പെടെയുള്ള മറ്റു വ്യവഹാരങ്ങളോട് അന്തർവൈജ്ഞാനികമായ ബന്ധം സ്ഥാപിക്കാൻ അതിന് കഴിയുന്നുണ്ട്. അത് ആധുനിക അധികാരഘടനയെ നേർക്കുനേർ വിമർശിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഒരു കലാതന്ത്രമായിത്തീരുന്നു. ആൾക്കൂട്ടത്തിൽ നഗര പശ്ചാത്തലമാണെങ്കിലും മനുഷ്യബന്ധങ്ങളിലെ രാഗവും ദ്വേഷവും ആർദ്രതയുമെല്ലാം ഒരു വലിയ പരിധിയിൽ അതിൽ കടന്നുവരുന്നുണ്ട്. രാഷ്ട്രീയ ജാഗ്രതയില്ലാത്ത ഒരു വായനക്കാരനും ആൾക്കൂട്ടത്തെ അതിലുൾച്ചേർന്ന മനുഷ്യബന്ധങ്ങളുടെ കഥയെന്ന നിലയിൽ വായിച്ചുപോകാം. എന്നാൽ ആൾക്കൂട്ടത്തിന് ശേഷമുള്ള ആനന്ദിന്റെ രചനാജീവിതം മറ്റൊരു ലോകത്തിലേക്കാണ് വഴിതുറന്നത്. വർത്തമാന രാഷ്ട്രീയചരിത്രത്തെ സംബോധന ചെയ്യാതെ, മനുഷ്യാവസ്ഥയ്ക്ക് സമഗ്രമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തെ അമൂർത്തതലത്തിൽ മസ്സിലാക്കാതെ, ആൾക്കൂട്ടത്തിനുശേഷമുള്ള ആനന്ദിന്റെ കൃതികളെ നോക്കിക്കാണാൻ കഴിയില്ലെന്നു വരുന്നു. അതിനാൽ പിൽക്കാലത്തെ ആനന്ദിന്റെ രചനാജീവിതത്തെ മലയാളനോവൽ ചരിത്രത്തിലെയും നിർണായകമായ വിച്ഛേദബിന്ദുവായി പറയാം. അസാമാന്യമായ ധീരത ഈ ഏകാന്തമായ സാഹിത്യവഴി എഴുത്തുകാരനിൽനിന്ന് ആവശ്യപ്പെടുന്നുമുണ്ട്. എഴുത്തുകാരന്റെ സർഗപരമായ അസ്വാസ്ഥ്യത്തിനപ്പുറത്ത് അത് ഇനിമുതൽ ദാർശനികന്റെ ഏകാന്തമായ അന്വേഷണമാണ്. ഹെഗൽ ഉന്നയിച്ച തത്വചിന്തയുടെ ഭാവിയെ നോവൽ എന്ന ഭൂതം സ്വാംശീകരിക്കുകയാണ്.
എങ്ങനെയാണ് മരണസർട്ടിഫിക്കറ്റ് ആധുനികത്വത്തിന്റെ സമഗ്രവിമർശനമായി മാറുന്നത്? ആധുനിക ചിന്തയുടെ തുടക്കംകൂടി കണ്ടാലേ അതു വ്യക്തമാകൂ. പാശ്ചാത്യലോകത്ത് ചിന്താമണ്ഡലത്തിൽ പതിനേഴാം നൂറ്റാണ്ടുമുതൽ സംഭവിച്ച മാറ്റങ്ങളെ പ്രബുദ്ധതാപരമായ ആധുനികത്വം (Enlightenment Modernity) എന്നാണ് വിളിച്ചുപോരുന്നത്. ആധുനികത്വത്തിന് സംഭവിച്ച പ്രതിസന്ധിയിൽനിന്നാണ് ആധുനികോത്തരതയുടെ സംവാദമണ്ഡലം രൂപപ്പെടുന്നത്. ഴാങ് ഫ്രാങ്സോ ലിയോത്താർ (Lyotard) ആധുനികോത്തരാവസ്ഥ (ദ പോസ്റ്റ് മോഡേൺ കണ്ടിഷൻ, 1978) എന്ന് വിവരിച്ചത് ഈ ഘട്ടത്തെയാണ്. യുക്തിബോധം, രേഖീയമായ ചരിത്രബോധം, ആധുനികമായ ശാസ്ത്രബോധം, എല്ലാ മർദനങ്ങളിൽനിന്നും വിമോചനം തരുന്ന സമഗ്രമായ വിപ്ലവസങ്കൽപ്പം, മനുഷ്യാവസ്ഥയെ മുഴുവൻ ഉൾക്കൊള്ളുന്ന ബൃഹദാഖ്യാനം എന്നിവയെല്ലാം ആധുനികോത്തര ഘട്ടത്തിൽ പ്രതിസന്ധിയിലായിരിക്കുന്നു എന്നാണ് ലിയോത്താർ ചൂണ്ടിക്കാണിച്ചത്.
പ്രത്യക്ഷതലത്തിൽ മരണത്തെയും കാലത്തെയും നേരിടാൻ ഒരാളെ സജ്ജമാക്കുന്ന നോവലാണ് മരണസർട്ടിഫിക്കറ്റ്. ആഖ്യാതാവിനോടൊപ്പം വായനക്കാരും ഈ സജ്ജത നേടിയെടുക്കും. എന്നാൽ സ്വാതന്ത്ര്യം, വിമോചനം എന്നീ ആശയങ്ങളുടെ പ്രതിസന്ധിയെയും അതിജീവിക്കാൻ പഠിപ്പിക്കുന്നു എന്നിടത്താണ് നോവലിന്റെ ദാർശനികവും രാഷ്ട്രീയവുമായ പ്രസക്തി. ആഗോളതലത്തിലും ദേശീയതലത്തിലുമുണ്ടായ സാമൂഹ്യരാഷ്ട്രീയ സംഭവവികാസങ്ങളും അവയുടെ പ്രതിനിധാനവുമാണ് നോവലിന്റെ അന്തർധാര.
ഇന്ദിരാഗാന്ധി വധത്തെ തുടർന്ന് ഡൽഹിയിൽ നടന്ന കലാപം
കമ്യൂണിസ്റ്റുകാരൻ സ്നേഹിതൻ, കെമിസ്റ്റ്, ലൈബ്രേറിയൻ എന്നിവരാണ് ബന്ധുവിന്റെ മരണത്തിൽ ദുഃഖിതനായ, മരണസർട്ടിഫിക്കറ്റിനുള്ള അന്വേഷണത്തിൽ വഴിമുട്ടിനിൽക്കുന്ന ആഖ്യാതാവിനെ ആശ്വസിപ്പിക്കാനുള്ളത്. കമ്യൂണിസ്റ്റുകാരൻ സ്‌നേഹിതൻ മറ്റുള്ളവരുടെ മരണത്തിനുമുമ്പിൽ പതറാതെ നിൽക്കുന്നു. ആഖ്യാതാവിന്റെ ബന്ധുവിന്റെ മരണസമയത്ത് ഡോക്ടറെ വിളിച്ചുകൊണ്ടുവരുന്നതും മരണശേഷം ശവദാഹത്തിന്റെ മേൽനോട്ടം വഹിക്കുന്നതും അസ്ഥിയൊഴുക്കൽ ചടങ്ങിൽ ഉത്സാഹിക്കുന്നതും അയാൾ തന്നെ. എപ്പോഴും പ്രസാദാത്മകത സൂക്ഷിക്കുന്ന ഈ കഥാപാത്രത്തിൽ മരണം രോഗത്തിന്റെ രൂപത്തിൽ ഒളിഞ്ഞിരിക്കുന്ന കാര്യം ആദ്യം ആഖ്യാതാവ് അറിയുന്നില്ല. പക്ഷെ ക്രമേണ അയാൾ ഈ സത്യം മനസ്സിലാക്കുന്നു. ഏകാകിയായി ഉണർന്നിരിക്കുന്ന ആഖ്യാതാവിനു മാത്രമാണ് കമ്യൂണിസ്റ്റുകാരൻ സ്നേഹിതൻ മാരകമായ രോഗാവസ്ഥയിലാണ് എന്ന സത്യം വെളിപ്പെടുന്നത്. ദുഃഖങ്ങളിൽനിന്ന് രക്ഷിക്കുന്നവനും ആശ്വസിപ്പിക്കുന്നവനുമായി താൻ പ്രതീക്ഷയർപ്പിച്ച ആ സുഹൃത്ത് ഹൃദ്രോഗിയായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടപ്പോൾ അയാളുടെ ഭാര്യയെ വിവരം അറിയിക്കാൻ വിധിക്കപ്പെടുന്നത് ആഖ്യാതാവാണ്. മരണത്തെ അകറ്റുന്ന സ്നേഹിതനും മരണമടുത്തിരിക്കുന്നുവെന്നാണ് അപ്പോൾ അയാൾക്ക് ബോധ്യപ്പെടുന്നത്. ചെക്ക് വസന്തത്തിന്റെ പശ്ചാത്തലത്തിൽ മിലൻ കുന്ദേരയുൾപ്പെടെയുള്ളവർ പിന്നീട് ഇതേകാര്യം മറ്റു രീതികളിൽ എഴുതുന്നുണ്ടല്ലോ. ആനന്ദാകട്ടെ ഇന്ത്യയിലെ നക്സലിസ്റ്റ് പ്രസ്ഥാനമുൾപ്പെടെയുള്ളവ കേവലമായ ഹിംസാത്മക ആഭിചാരമായി മാറിയതുംകൂടി കാണുന്നുണ്ട്. തൊഴിലാളി പ്രസ്ഥാനത്തിന്റെ ഫയൽ ഓഡിറ്റ് ഒബ്ജക്ഷനിൽ കുടുങ്ങിക്കിടക്കുന്നത് നോവലിൽ ചിത്രീകരിക്കുന്നുണ്ട്.
ആഖ്യാതാവിന് പുതിയ മരുന്നുകളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമുള്ള വിവരം തരുന്നയാളാണ് കെമിസ്റ്റ്. മരുന്നുകളുപയോഗിച്ച് മരണത്തെ നീട്ടിവയ്‌ക്കാനുള്ള പോംവഴികളുടെ പൊള്ളത്തരം കെമിസ്റ്റിനുതന്നെ ബോധ്യപ്പെടുന്ന ഒരു സന്ദർഭത്തിലേക്ക് നോവൽ വികസിക്കുന്നു. കാൻസറിന് പാമ്പിൻവിഷത്തിൽനിന്നും സംസ്കരിച്ചെടുത്ത പുതിയ മരുന്നിനെപ്പറ്റി പറയുമ്പോൾ, “വിഷം വിഷം, വിഷമാണെല്ലാം” എന്നു വിളിച്ചു പറയുന്നിടത്ത് കമ്യൂണിസ്റ്റുകാരൻ സ്നേഹിതൻ എന്ന പോലെ അയാളുടെയും സ്വത്വപരമായ വൈരുധ്യം ബോധ്യപ്പെടുന്നു. കെമിസ്റ്റിന്റെ വീടിന്റെ കതകിന്റെ പിന്നിൽ ആറടിനീളമുള്ള കറുത്ത ഒരു ഓക്സിജൻ സിലിണ്ടർ ചാരിവച്ചത് ആഖ്യാതാവ് കാണുന്നുണ്ട്. ഓക്സിജൻ സിലിണ്ടർ എന്ന പ്രതീകത്തിന് ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിൽ നക്സൽ പ്രസ്ഥാനത്തിന്റെ ആചാര്യനായ ചാരു മജൂംദാറുമായി ബന്ധമുണ്ട്. ചാരു മജൂംദാറെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ മുറിക്കകത്ത് ജീവരക്ഷാർഥം ഉണ്ടായിരുന്നത് ഒരു ഓക്സിജൻ സിലിണ്ടർ മാത്രമായിരുന്നു. ഇതിനെക്കുറിച്ച് എം ഗോവിന്ദൻ ‘ഇനി ഇവിടെ നിന്ന് എങ്ങോട്ട്’ എന്ന ലേഖനത്തിൽ ഇങ്ങനെ നിരീക്ഷിച്ചിട്ടുണ്ട്: “മറ്റുള്ളവരുടെ ജീവന് ഒരു വിലയും കൽപ്പിക്കാതിരുന്ന ഈ നേതാവ്, അവരെ ഹീനമായി വകവരുത്താൻ തന്റെ ശിഷ്യഗണത്തിന് ഉപദേശം നൽകിയിരുന്ന നേതാവ്, സ്വന്തം ജീവൻ നിലനിർത്താൻ ആവശ്യമായ ഓക്സിജൻ എപ്പോഴും സിലിണ്ടറിൽ കരുതിവച്ചിരുന്നു. അടുത്തറിയുമ്പോൾ, വിപ്ലവത്തിനുവേണ്ടി എത്ര വലിയ കൊല്ലും കൊലയും ചെയ്യാൻ മടിക്കാത്ത ഏതു തീവ്രവിപ്ലവകാരിയും സ്വന്തം ജീവൻ രക്ഷിക്കുക എന്ന കാര്യത്തിൽ മനുഷ്യസ്നേഹിയായ സാധാരണ മനുഷ്യൻ തന്നെയാണ്.”
‘ഇന്ത്യൻ എമർജൻസി സീരീസ്’‐ വിവാൻ സുന്ദരം
സോവിയറ്റ് അധികാരവ്യവസ്ഥയുടെ പശ്ചാത്തലത്തിലും നക്സലിസ്റ്റ് പ്രസ്ഥാനത്തിന്റെ വ്യതിചലനങ്ങളുടെ സന്ദർഭത്തിലും മാർക്സിസത്തിന്റെ പ്രതിസന്ധി വ്യക്തമാക്കുന്ന ആനന്ദ് മാർക്‌സിസ്റ്റ് വിമർശനത്തിന്റെ രീതിശാസ്ത്രത്തെ മുഴുവൻ കയ്യൊഴിയുന്നുണ്ടോ? ഭരണകൂടം, അധികാരം, അന്യവൽക്കരണം തുടങ്ങിയ മാർക്സിസ്റ്റ് പ്രമേയങ്ങൾ തന്നെയാണ് പിൽക്കാലത്തുള്ള കൃതികളിൽ ആനന്ദ് ചിത്രീകരിച്ചത്; മാർക്സിസ്റ്റ് പരിഹാരങ്ങളോട് അദ്ദേഹം ആഭിമുഖ്യം പുലർത്തുന്നില്ലെങ്കിലും. മേലെനിന്ന് താഴോട്ട് ഏകപക്ഷീയമായി കെട്ടിപ്പടുക്കാവുന്നതാണ് സോഷ്യലിസം എന്ന ആശയത്തെ പിൽക്കാലത്തെ സോവിയറ്റ് തകർച്ചയുടെ പശ്ചാത്തലത്തിൽ പ്രഭാത് പട്നായിക് ഉൾപ്പെടെയുള്ളവർ വിമർശിച്ചതും ഓർക്കാം.
താൻ നേരിടുന്ന ഉത്കണ്ഠകളിൽനിന്ന് ആശ്വാസം അന്വേഷിച്ചാണ് ആഖ്യാതാവ് ലൈബ്രറിയിൽ എത്തുന്നതും ലൈബ്രേറിയനെ പരിചയപ്പെടുന്നതും. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും ഉണ്ടായിട്ടുള്ള ഇതേ ചോദ്യങ്ങളും ഉത്തരങ്ങളും ഗ്രന്ഥാലയത്തിൽ പുസ്തകരൂപത്തിൽ അടുക്കിവച്ചിട്ടുണ്ട്. ചരിത്രരേഖകളുടെ സൂക്ഷിപ്പുകാരനായ ലൈബ്രേറിയന്റെ സഹായത്തോടെയാണ് ആഖ്യാതാവ് മരണസർട്ടിഫിക്കറ്റ് നൽകാൻ ബാധ്യസ്ഥനായ ക്രിമേറ്ററി ക്ലാർക്കിന്റെ മേൽവിലാസം തിരയുന്നത്. ജനനമരണ രജിസ്‌ട്രറാഫീസിലെ ഫയലുകൾ ദിവസങ്ങളോളം പ്രയത്നിച്ച് അടുക്കി വയ്‌ക്കുന്നതും അയാൾ തന്നെ. അയാൾ അടുക്കി സൂക്ഷിച്ച മരണസർട്ടിഫിക്കറ്റിന്റെ സെക്ഷൻ ഒടുവിൽ കത്തിനശിക്കുന്നു.
‘സ്‌പീച്ച്‌ലെസ് സിറ്റി’‐ ഗുലാം മുഹമ്മദ് ഷെയ്‌ഖ്
സംസ്‌കാരത്തിലേക്കു കടന്നുവരുന്ന സർവനാശത്തിന്റെ പ്രതീകമാണ് അഗ്നിബാധ. ചരിത്രവും മൂല്യങ്ങളും തിരോഭവിക്കുമ്പോൾ ചരിത്രത്തിൽ പ്രതിഷ്‌ഠ നേടിക്കൊണ്ട് സ്വന്തം മരണത്തെ അതിലംഘിക്കാൻ കഴിയുമെന്ന വ്യക്തിയുടെ പ്രതീക്ഷ അവസാനിക്കുന്നു. താൻ സൃഷ്ടിക്കുന്ന മൂല്യങ്ങൾ എക്കാലത്തും നിലനിൽക്കുമെന്ന വിശ്വാസം നശിക്കുന്നു. ഗ്രന്ഥശാലയിൽ പടരുന്ന അഗ്നി ഉംബർട്ടോ എക്കോയുടെ ‘റോസാപ്പൂവിന്റെ പേര്’ എന്ന പിൽക്കാല നോവലിലും കാണാം. മധ്യകാല ക്രിസ്തീയലോകത്തിന്റെ തകർച്ചയുടെ പ്രതീകമായിരുന്നു എക്കോ ചിത്രീകരിച്ച അഗ്നിബാധ.
അസ്ഥികൾ, വിറകു രശീതി, മുപ്പത് രൂപയുടെ രശീതി, പത്തു രൂപയുടെ രശീതി എന്നിങ്ങനെ ജീവിച്ചിരുന്നവന്റെ തെളിവുകൾ മെല്ലെ മെല്ലെ ദുർബലപ്പെടുന്നുണ്ട്. ഒടുവിൽ ഈ രശീതി തന്ന ക്ലാർക്ക് സ്ഥലം മാറിപ്പോകുകയും പുതിയ ക്ലാർക്ക് വരികയും ചെയ്യുന്നു. അയാൾക്ക് പഴയതിന്റെ ബാധ്യതകളൊന്നും ഏറ്റെടുക്കേണ്ടതുമില്ല.
മരണത്തെ ജീവിതത്തിനു പുറത്തുള്ള ഒന്നായി കാണുന്നതിനുപകരം ജീവിതത്തിലെ ഓരോ നിമിഷത്തെയും മരണത്തിന്റെ പശ്ചാത്തലത്തിൽ അനന്യമായി അനുഭവിക്കുന്ന ഒരു ബോധ്യത്തിലേക്ക് ആഖ്യാതാവ് എത്തിച്ചേരുകയാണ്.“ക്രിമേറ്ററി ക്ലാർക്കുമാർ സ്ഥലം മാറുകയോ മരിക്കുകയോ ചെയ്യട്ടെ, ഫയൽ കുന്നുകൂടട്ടെ, ചിതൽ തിന്നട്ടെ, ഒന്നും ഒരു വ്യത്യാസവുമുണ്ടാക്കുന്നില്ല. എനിക്ക് ദേഷ്യം തോന്നിയില്ല. എന്റെ യത്നം ക്ലാർക്കുമാരിൽനിന്നും രശീതികളിൽനിന്നും വേർപെടാൻ തുടങ്ങിയിരിക്കുന്നു. വേദനയും പ്രഹരവുമേറ്റ് ഏകാന്തതയുടെ നുകം വലിച്ചുകൊണ്ട് ഞാൻ നടക്കുന്നു. ഇങ്ങനെ നടക്കുന്തോറും ഈ നടത്തം തന്നെ എനിക്ക് മരണസർട്ടിഫിക്കറ്റായിത്തീരുന്നു. ഈ മരണസർട്ടിഫിക്കറ്റുതന്നെ എന്റെ ജീവിതസർട്ടിഫിക്കറ്റുമാകുന്നു. ഈ സത്യം സർവോപരി എനിക്കു മനസ്സിലാകാൻ തുടങ്ങുന്നു.”
പ്രയത്നത്തിന് പൂർണഫലം നൽകുന്ന ഒരു പ്രത്യേകനിമിഷം വരാനുണ്ട് എന്നതിനുപകരം പ്രയത്നത്തിന്റെ ഓരോ നിമിഷവും സ്വയം പൂർണമാണ് എന്ന് ബോധ്യപ്പെടുന്ന ഒരു കർമപദ്ധതി മുന്നോട്ടുവയ്‌ക്കുകയാണ്. ആത്യന്തികമായി ഇത് സ്വാതന്ത്ര്യത്തിനും വിപ്ലവത്തിനും കൂടി ബാധകമാണ്. വിമോചനത്തിന്റെയും വിപ്ലവത്തിന്റെയും പ്രവർത്തനത്തിന് ഒരു വിരാമബിന്ദുവില്ല, ഓരോ നിമിഷവും നിരന്തരം നടത്തുന്ന പ്രവർത്തനത്തിലാണ് അതുൾക്കൊള്ളുന്നത്. ആ നിലയിൽ സ്വയം പൂർണമാണ് പ്രയത്നത്തിന്റെ ഓരോ നിമിഷവും.
ആൾക്കൂട്ടത്തിൽ രാഷ്ട്രത്തിലും സമൂഹത്തിലുമൂന്നിയ പരമ്പരാഗത വിമോചനസങ്കൽപ്പത്തിന്റെ അന്ത്യമാണ് കണ്ടത്. മരണസർട്ടിഫിക്കറ്റിൽ ആരംഭിക്കുന്നതാകട്ടെ ഏതു സാഹചര്യത്തിലും സ്വാതന്ത്ര്യബോധവും പ്രതിരോധമൂല്യവും ഉയർത്തിപ്പിടിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള പ്രതീക്ഷയും. ഇതിന്റെ വിപുലീകരണവും ഇതിനെ മുൻനിർത്തിയുള്ള ചരിത്രസഞ്ചാരങ്ങളും പിൽക്കാല കൃതികളിൽ ആനന്ദ് തുടരുന്നു. ഈ അന്വേഷണമാകട്ടെ സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും ഇടയ്ക്കുള്ള അതിരുകളെയും ഭേദിക്കുന്നു.
ആധുനികത്വത്തിന്റെ പ്രതിസന്ധി യുക്തിചിന്തയെയും ശാസ്ത്രബോധത്തെയും കയ്യൊഴിയുന്ന നിലയിലേക്ക് ചില എഴുത്തുകാരെ എത്തിച്ചിരുന്നു. ഒ വി വിജയന്റെ പിൽക്കാല ലേഖനങ്ങളിൽ ചിലതിലെങ്കിലും ഈ സമീപനം കാണാം. എന്നാൽ ആനന്ദ് തന്റെ രചനാജീവിതത്തിലുടനീളം യുക്തിയെയും ശാസ്ത്രത്തെയും പിൻപറ്റുന്നുണ്ട്. നീതിയുടെ പക്ഷത്തുനിന്ന് അവയുടെ പ്രയോഗരീതികളെ നിരന്തരം വിചാരണ ചെയ്യുകയാണ് അദ്ദേഹം ചെയ്യുന്നത്, അവയെ കയ്യൊഴിയുകയല്ല.
‘എമർജൻസി സീരീസ്’ ‐വിവാൻ സുന്ദരം
നെഗറ്റീവ് ഡയലക്റ്റിക്സ്‐
രോഗം എന്ന പ്രതിരോധം
മരണസർട്ടിഫിക്കറ്റിനു ശേഷം പുറത്തിറങ്ങിയ നോവൽ അടിയന്തരാവസ്ഥ പശ്ചാത്തലമായുള്ള ഉത്തരായന (1982)മാണ്. അതുകഴിഞ്ഞ് അഭയാർത്ഥിക (1984)ളും. അഭയാർത്ഥികൾക്കു ശേഷമാണ് മരുഭൂമികൾ ഉണ്ടാകുന്നത് (1989) ഇറങ്ങുന്നത്. ആൾക്കൂട്ടത്തിന്റെയും മരണസർട്ടിഫിക്കറ്റിന്റെയും തുടർച്ചയാണ് അഭയാർത്ഥികൾ. അതിനുമുമ്പ് പുറത്തുവന്ന ഉത്തരായനത്തിന്റെ തുടർച്ചയായി മരുഭൂമികൾ ഉണ്ടാകുന്നതിനെയും കാണാം.
ഭരണകൂടം മനുഷ്യനിലുണ്ടാക്കുന്ന അന്യവൽക്കരണമാണ് ഉത്തരായനത്തിന്റെയും മരുഭൂമികൾ ഉണ്ടാകുന്നതിന്റെയും വിഷയം. ആൾക്കൂട്ടവും വ്യക്തിയും തമ്മിലുള്ള സാമൂഹ്യമായ അന്യവൽക്കരണം എന്നത് അടിയന്തരാവസ്ഥയോടെ ഭരണകൂടം പൗരർക്കുമേൽ സ്ഥാപിക്കുന്ന ആധിപത്യത്തിന്റെ വിനാശകരമായ ഫലമായി ചിത്രീകരിക്കപ്പെടുന്നു. നാമറിയാതെ നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന വലിയൊരു യന്ത്രവ്യവസ്ഥയുടെ ഭാഗമാണ് താൻ എന്ന് തിരിച്ചറിയുന്നു. ചാർലി ചാപ്ലിൻ മോഡേൺ ടൈംസിൽ യന്ത്രവ്യവസ്ഥ തൊഴിലാളിയുടെ മേൽ സ്ഥാപിച്ചിരിക്കുന്ന ദൃഷ്ടി എടുത്തുകാട്ടിയിട്ടുണ്ടല്ലോ. ധീരനൂതനലോകത്തിൽ ആൽഡസ് ഹക്സ്ലിയും ഇതു വിവരിച്ചിട്ടുണ്ട്. തൊഴിൽമേഖലയിൽ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഭരണകൂടം ആധിപത്യം സ്ഥാപിക്കുകയും പ്രതികരണശേഷിയുള്ള രാഷ്ട്രീയജീവിയായ സ്വതന്ത്ര മനുഷ്യനെ ഭരണകൂടജീവിയായി, അടിമയാക്കി മാറ്റുകയും ചെയ്‌തിരിക്കുന്നു. മുതലാളിത്ത വ്യവസ്ഥക്കെതിരെയുള്ള വിമർശനത്തിനപ്പുറം ലിബറൽ ജനാധിപത്യം ഏകാധിപത്യത്തിലേക്ക് വഴിമാറുന്നതിനോടുള്ള പ്രതികരണമാണ് ഉത്തരായനം.
യൂറോപ്പിലായാലും ഇന്ത്യയിലായാലും ഫാസിസത്തിന്റെ കടന്നുവരവാണ് ലിബറൽ ജനാധിപത്യത്തെ ബൂർഷ്വാഭരണകൂട സംവിധാനമായി മാത്രം വിലയിരുത്തുന്നതിനപ്പുറത്തേക്ക് ഇടതുപക്ഷ ചിന്തകരെ നയിച്ചത്, അതിനകത്തെ നൈതിക വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള വിപുലമായ ഐക്യത്തിനുള്ള ആലോചനകളിലേക്ക് എത്തിച്ചത്.
മരണസർട്ടിഫിക്കറ്റിൽ മരണമാണ് പ്രമേയമെങ്കിൽ ഉത്തരായനത്തിൽ രോഗമാണ് ആഖ്യാനത്തിന്റെ അന്തർധാര. അടിയന്തരാവസ്ഥയെ വേനലായി സങ്കൽപ്പിച്ചുകൊണ്ട് ആ ചൂടിനെ അതിജീവിക്കാൻ കഴിയാതെ പോകുന്ന സസ്യത്തെക്കുറിച്ചുള്ള ഒരു രൂപകം നോവലിലുണ്ട്. കാലാവസ്ഥ പ്രതികൂലമാകുമ്പോൾ കൂട്ടത്തോടെ നശിക്കുകയാണ് സസ്യങ്ങൾ. കരിയുന്ന സസ്യവുമായി താരതമ്യം ചെയ്യുന്നത് രോഗമുള്ള മനുഷ്യനെയാണ്.
ഒരു മെയ്ദിനത്തിലാണ് നിൽക്കാതെ ഓടിക്കൊണ്ടിരിക്കുന്ന തന്റെ കമ്പനിയെക്കുറിച്ച് ചെയർമാൻ അഭിമാനം കൊള്ളുന്നത്. തൊഴിലാളികളുടെ അവകാശദിനമായ മെയ്ദിനം കമ്പനി അധികാരിയുടെ അഭിമാനം കൊള്ളലിന്റെ ദിവസമായി തലതിരിയുകയാണ്. എൻജിനിയറിങ് വ്യവസായങ്ങളിൽ ഉൽപ്പാദനം വർധിച്ചതിന്റെ വാർത്തയാണ് പത്രത്തിൽ; വ്യവസായമേഖലയിൽ ശാന്തി കൈവന്നതിന്റെ ഫലമാണിതെന്ന് സർക്കാരും അഭിമാനിക്കുന്നു. ജൈവികത നഷ്ടപ്പെട്ട പ്രയോജനവാദമാണ് ചുറ്റിലും. രാവിലെ ആഖ്യാതാവ് കഴിക്കുന്ന മുട്ട കോഴി പൊരുന്നിനിരുന്നാലും വിരിയാത്തതാണ്. മനുഷ്യർക്ക് ഭക്ഷിക്കുവാൻ വേണ്ടി മാത്രം ഉണ്ടാകുന്ന മുട്ടയാണത്. എല്ലാം ഭരണകൂടശാസനയ്ക്കനുസരിച്ച് നടക്കുന്നു. രണ്ടു കുട്ടികൾ എന്ന് സർക്കാർ നിജപ്പെടുത്തിയതുകൊണ്ടാണ് ഒരു കുട്ടി കൂടിയാകാം എന്ന് ദമ്പതികൾ ആലോചിക്കുന്നത്.
ശരീരത്തിനു വേണ്ട ഭക്ഷണത്തിന്റെ അളവിനെക്കുറിച്ചും വേണ്ട കൊഴുപ്പിനെക്കുറിച്ചും എല്ലാവർക്കും കൃത്യമായ ധാരണയുണ്ട്. രാവിലെ കമ്പനിയിലേക്ക് പോകുമ്പോൾ കൃത്യസമയത്ത് കൃത്യമായ സ്ഥലത്തുവച്ചു തന്നെയാണ് തൊഴിലാളികൾ കണ്ടുമുട്ടുന്നത്.
കമ്പനിയും കമ്പനിയുടെ യുക്തിയും ജീവിതത്തെയാകമാനം നിയന്ത്രിക്കുന്നു. കമ്പനിയുടെ ഉൽപ്പാദനയുക്തിയുമായി പൊരുത്തപ്പെടാനാകാത്തവരും മനസ്സുകൊണ്ടെങ്കിലും അതിനെ ചോദ്യം ചെയ്യുന്നവരും കമ്പനിയുടെ ദൃഷ്‌ടിയിൽ രോഗികളാണ്.
കമ്പനിയുടെ ഡോക്ടർ ആഖ്യാതാവിന്റെ ശരീരത്തിന്റെ അകവും പുറവുമെല്ലാം പരിശോധിക്കുന്നു. അപ്പോൾ താൻ ഒരു പൊതു വസ്‌തുവായിത്തീർന്നതുപോലെ, ദേശസാൽക്കരിക്കപ്പെട്ട കമ്പനി പോലെയായിത്തീർന്നതായി അയാൾക്കനുഭവപ്പെടുന്നുണ്ട്. ജമ്നാദാസ്, അജ്മീരിയാ ഇന്റസ്ട്രീസ് എന്ന അയാളുടെ കമ്പനിയുടെ JAI എന്ന ചുരുക്കപ്പേര് ജയ് വിളിയായാണ് അയാൾക്ക് തോന്നുന്നത്. കമ്പനിയുടെ ജയം അവരുടെ ജയവും കമ്പനിയുടെ പരാജയം അവരുടെ മരണവുമായി കാണുന്ന പടയാളികളാണ് തങ്ങൾ. കമ്പനിയുടെ മുമ്പിലെഴുതിവച്ച ‘One company, one work force, one chairman’ എന്ന മുദ്രാവാക്യം ഏകാധിപത്യ രാഷ്ട്രത്തിന്റെ സൂചനയാണ്. കമ്പനി രാഷ്ട്രപ്രതീകമാണ്. കാസ്റ്റിങ് ഡിവിഷനിൽ ജോലി ലഭിച്ച അയാൾ തന്റെ ചരിത്രം ആലോചിക്കുന്നത് ഇങ്ങനെയാണ്‐ “ഞാൻ അവർ ആവശ്യപ്പെടുന്നതെല്ലാം കാസ്റ്റ് ചെയ്തുകൊടുത്തു. ആവശ്യപ്പെട്ട ആകൃതിയിൽ, വേണ്ടത്ര ഉറപ്പിൽ. ഞാൻ വിവാഹം കഴിച്ചു. എനിക്കൊരു കുട്ടിയുണ്ടായി.”
തൊഴിലാളിയായാലും പ്ലാന്റായാലും വേണ്ടത് പൂർണ അർപ്പണവും വിശ്വാസവുമാണെന്നും സ്വയം ചിന്തിക്കുന്ന ഒരു സൈന്യം ഒരിക്കലും വിജയിക്കില്ലെന്നും കമ്പനിയുടെ പ്രൊഡക്ഷൻ മാനേജർ അയാളോട് പറയുന്നുണ്ട്. ‘The entire company stands solidly behind its chairman’ എന്ന് ചെയർമാന്റെ ഫോട്ടോയുടെ താഴെ എഴുതിവച്ചിട്ടുണ്ട്. അവരവർക്കു നിർദേശിക്കപ്പെട്ട പണിയേ ഒരാൾ ചെയ്യാവൂ. ഇഷ്ടികകൾ തലയിലേറ്റി കോണി കയറിപ്പോകുന്ന പെണ്ണുങ്ങളിലൊരുവളുടെ തലയിൽ നിന്ന് ഇഷ്ടികകൾ വീണ് ആർക്കോ പരിക്കുപറ്റിയപ്പോൾ ഓഫീസിൽ പോയി വിവരം അറിയിച്ചാലോ എന്നാലോചിക്കുന്ന ആഖ്യാതാവ് പ്രൊഡക്ഷൻ മാനേജരുടെ ഉപദേശം ഓർത്ത് അതിൽനിന്ന് പിൻവാങ്ങുന്നുണ്ട്. കമ്പനി തൊഴിലാളികൾക്ക് അപ്പൻ മാത്രമല്ല, മകനും മരുമകനും കൂടിയാണ്.
കമ്പനിയുടെ യാന്ത്രികതയെ ഭഗവദ്ഗീതയിലെ കർമസിദ്ധാന്തവുമായി ബന്ധിപ്പിക്കുന്ന ഓംകാർനാഥ് എന്ന മജിസ്ട്രേറ്റായ സുഹൃത്തിലൂടെ മുതലാളിത്തവും ഭരണകൂടവും വർണവ്യവസ്ഥയും ഐക്യപ്പെടുന്ന സന്ദർഭം നോവൽ എടുത്തുകാട്ടുന്നുണ്ട്. “പണ്ടു നാലു വർണങ്ങളും നാലു ആശ്രമങ്ങളും ഉണ്ടായിരുന്നു. ഓരോ മനുഷ്യനും ഓരോ സമയത്ത് ചെയ്യേണ്ടതെന്തെന്ന് അറിയാമായിരുന്നു. സമൂഹജീവിതത്തിന് ക്രമവും സ്ഥിരതയും ഉണ്ടായിരുന്നു. പതുക്കെപ്പതുക്കെ ഈ ക്രമത്തെയും സ്ഥിരതയെയും നാം വീണ്ടും കണ്ടെത്തും. ഈ ശാസ്ത്രവും വിപ്ലവം തന്നെയും അതേ ക്രമത്തെയും സ്ഥിരതയെയും തന്നെയാകുന്നു ഉന്നം വയ്‌ക്കുന്നത്.” ഇത് ന്യായീകരിക്കാൻ അയാൾ ഗീതാശ്ലോകം ഉദ്ധരിക്കുന്നുണ്ട്. അതു പറയുമ്പോൾ അയാൾക്കുള്ള ഭാവം ആഖ്യാതാവിൽ ഭയം ജനിപ്പിക്കുന്നുണ്ട്. എന്നാൽ ക്രമത്തിന്റെ പ്രചാരകനായ ഓംകാർനാഥ് മുപ്പത്തഞ്ചാം വയസ്സിൽ രക്തദൂഷ്യത്താൽ മരിക്കുകയാണ്. യാന്ത്രികമായ വ്യവസ്ഥയെ കർമയുക്തികൊണ്ട് അയാളുടെ മനസ്സ് ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ ശരീരം അതിനോട് കലഹിക്കുകയാണ്. “ആരറിഞ്ഞു, ആത്മന്യേവാത്മനാ തുഷ്ടനായി ഓംകാർനാഥ് കർമത്തിൽ മുഴുകിയിരിക്കുമ്പോൾ അയാളുടെ ശരീരം അതിന്റെ സ്വഭാവം കൈവെടിയുകയായിരുന്നുവെന്ന്? ഒരു വൈദ്യനും അതിനെ വീണ്ടും അതാക്കുവാൻ, അയാളെ അയാളാക്കുവാൻ കഴിഞ്ഞില്ല.”
അടിയന്തരാവസ്ഥയെ പ്രതിരോധിച്ചവരാണ് തങ്ങൾ എന്ന് ഇന്ത്യയിലെ ഹിന്ദുത്വവാദികൾ മേനിനടിക്കാറുണ്ട്. എന്നാൽ അടിയന്തരാവസ്ഥയുടെ ഭരണകൂടയുക്തിയും അച്ചടക്കവും തന്നെയാണ് ഹിന്ദുത്വവാദികളുടെയും അടിത്തറ. ഹിന്ദുത്വവാദികളുടെ ഭരണകൂട സമീപനത്തിന് ഒരു വ്യവസ്ഥയെന്ന നിലയിൽ ഇന്ത്യയുടെ സമീപഭൂതകാലത്തിൽ അടിയന്തരാവസ്ഥയോളം പഴക്കമുണ്ട്. കർമസിദ്ധാന്തത്തെയും കമ്പനിയുടെയും രാഷ്ട്രത്തിന്റെയും അച്ചടക്കത്തെയും ഒന്നിച്ച് ഉയർത്തിപ്പിടിക്കുന്ന ഓംകാർനാഥ് എന്ന കഥാപാത്രം ഹിന്ദുത്വവാദത്തിന്റെയും മുതലാളിത്ത യുക്തിയുടെയും സംയുക്ത പ്രതീകമാണ്. ഓംകാരത്തിന്റെ നാഥനാണല്ലോ പേരുകൊണ്ടു തന്നെ അയാൾ.
അടിയന്തരാവസ്ഥയിലെ രാഷ്ട്രവുമായി ഐക്യപ്പെടുന്ന ഈഗോയോടൊപ്പം അപരവിദ്വേഷം കൂടി ചേരുമ്പോഴാണ് ഫാസിസമാകുന്നത്. ഈഗോയുടെ ശക്തിപ്പെടലിന്റെ മൂലധനം അപരവിദ്വേഷമാണ്. മൂലധനത്തിന്റെ വ്യാപനം ഇന്ന് രാഷ്ട്രീയമായി ആയുധമാക്കുന്നതും അപരവിദ്വേഷത്തെയാണ്. അടിയന്തരാവസ്ഥയും ആഭ്യന്തരമായ ശത്രുക്കളെ അപരവൽക്കരിക്കുന്നതായിരുന്നല്ലോ. ഹിന്ദുത്വഫാസിസം അതിനെ മതപരമായ അപരത്വം കൂടിയാക്കി വികസിപ്പിച്ചു.
ആഖ്യാതാവിന് രോഗമുള്ളതായി സ്വയം തോന്നുന്നില്ലെങ്കിലും കമ്പനിയിലെ ഡോക്ടർമാർ അയാളോട് നിങ്ങൾ രോഗിയാണ് എന്നു പറയുന്നുണ്ട്. രോഗഭീതിയിൽ അയാളോട് ഇൻഷ്വറൻസ് എടുക്കാൻ ഉപദേശിക്കുന്നുണ്ട്. ശരീരത്തിന്റെ ഓരോ അവയവത്തിനും വേണ്ട എക്സർസൈസുകൾ പരിശീലിക്കപ്പെടുന്നു. തന്നോട് ഡോക്ടർമാർ റിലാക്സ് ചെയ്യാൻ പറയുന്നതുമായി, ചെക്കോസ്ലോവാക്യ എന്ന രാജ്യത്തോട് ചുറ്റും വളഞ്ഞുനിന്ന് ഡോക്ടർമാർ വീണ്ടും വീണ്ടും റിലാക്സ് എന്നുപറയുന്നത് ആഖ്യാതാവ് തുലനപ്പെടുത്തുന്നു. പ്രതികരണശേഷിയും പ്രതിരോധവും രോഗവുമായി സാമ്യപ്പെടുന്നു.
രോഗഭീതിയും മരണഭീതിയും ആഖ്യാതാവിൽ ജനിപ്പിച്ചുകൊണ്ട് കമ്പനി അയാളെ ഇൻഷ്വറൻസിനു നിർബന്ധിക്കുന്നു. ജോഗീന്ദ്രനാഥ് എന്ന ഇൻഷ്വറൻസ് ഏജന്റ് “നിങ്ങൾ ഭാര്യയെ സ്നേഹിക്കുന്നില്ലേ? അവർ തെണ്ടണമെന്നാണോ നിങ്ങളുടെ വിചാരം” എന്ന ചോദ്യമെറിയുന്നതുവഴി കുടുംബസ്നേഹം എന്നത് ഇൻഷ്വറൻസാണെന്ന യുക്തി സ്ഥാപിക്കുന്നു. അങ്ങനെ ആഖ്യാതാവ് എല്ലാ മാസവും പുതിയ പുതിയ പോളിസികൾ എടുക്കുന്നു. ജോലിചെയ്യുന്നതിനിടയിലും ശരീരത്തെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ നിർദേശിക്കുന്ന അമേരിക്കൻ പുസ്തകങ്ങൾ വായിക്കുന്നു. ഒരേ മട്ടിൽ ജീവിതം ചിട്ടപ്പെടുത്താൻ എല്ലാവരും പ്രേരിപ്പിക്കപ്പെടുന്നു. കുടുംബയുക്തിയും കമ്പനിയുക്തിയും ഏകീകരിക്കപ്പെടുന്നതും രാഷ്ട്രവ്യവസ്ഥയിലേക്ക് മതപരത കടന്നുവരുന്നതിന്റെ ലക്ഷണമാണ്.
പട്ടാളം പോലെ ഒരേ താളത്തിലാണ് എല്ലാവരും ചവിട്ടുന്നതെന്ന് അതിനു പുറത്തുനിൽക്കുന്ന അന്ധന് മാത്രമേ മനസ്സിലാകൂഎന്ന് ഡോക്ടറുടെ മുമ്പിലിരിക്കുമ്പോൾ ആഖ്യാതാവ് നിയന്ത്രണംവിട്ട ഒരു ഘട്ടത്തിൽ പറഞ്ഞുപോകുന്നുണ്ട്. അയാൾക്ക് രോഗമില്ലെന്നും ഉള്ളത് കമ്പനിയോട് പൊരുത്തപ്പെടാനാവാത്ത മട്ടിലുള്ള വ്യക്തിത്വത്തിന്റെ ഒരു ന്യൂനതയാണെന്നും ഒടുവിൽ ഡോക്ടർ വിശദീകരിക്കുന്നു. “നിങ്ങളുടേത് ഒരു ന്യൂനതയാണ്. വൈകല്യം, അഭാവം, അപര്യാപ്തം.” കമ്പനിയുടെ ക്രമങ്ങളെയും ചിട്ടകളെയും വേനലായും രോഗകാരണമായുമാണ് ആഖ്യാതാവ് കാണുന്നത്. അയാളോട് ഡോക്ടർ പറയുന്നു: “ഇക്കാണുന്നത് ഒരു രോഗമല്ല സുഹൃത്തേ, ഇതു പുരോഗതിയാകുന്നു, പുരോഗതിയുടെ കാലാവസ്ഥ.”
അഡോർണോയും ഹോക്ഹീമറും ഫാസിസത്തിന്റെ വേരുകൾ കിടക്കുന്നത് വ്യാവസായിക ആധുനികതയുടെ ഉപകരണാത്മക യുക്തിയിലാണ് എന്നാണല്ലോ വാദിച്ചത്. മുതലാളിത്തവും ഹിന്ദുത്വവും തമ്മിലുള്ള ഐക്യം നോവൽ പല നിലകളിൽ ഉറപ്പിക്കുന്നുണ്ട്. അടിയന്തരാവസ്ഥയിൽ നാവടക്കുക, പണിയെടുക്കുക എന്ന മുദ്രാവാക്യത്തിലൂടെ അച്ചടക്കം ഉൽപ്പാദനത്തിനും പുരോഗതിക്കും അനിവാര്യമാണ് എന്ന ആശയമാണ് പ്രക്ഷേപിച്ചത്. കമ്പനി രാഷ്ട്രരൂപകമാകുന്നു. രോഗം പ്രതിരോധത്തിന്റെ സൂചകവും. പ്രത്യക്ഷത്തിൽ എതിരെന്ന് തോന്നിക്കുമ്പോഴും പരോക്ഷമായി ഹിന്ദുത്വത്തിന്റെ രാഷ്ട്രീയത്തിലേക്കാണ് എല്ലാ അച്ചടക്കക്രമങ്ങളും നയിക്കുന്നത്. ഡോക്ടർ യന്ത്രവുമായി മനുഷ്യനെ തുലനപ്പെടുത്തുന്നു. “പറയൂ, എന്താണ് എൻജിന്റെ ലോജിക്ക്? അതിന്റെ ഭാഗങ്ങൾക്ക് അതിന്റെ ശക്തിയിലുള്ള വിശ്വാസവും അതിനോടുള്ള വിശ്വസ്തതയും. കഠിനാധ്വാനം, നീക്കുപോക്കില്ലാത്ത അച്ചടക്കം.” കമ്പനിയുടെ മാനേജിങ് ഡയറക്ടറും കമ്പനിയുടെ ഡോക്ടറും ഇൻഷ്വറൻസ് ഏജന്റും മാത്രമല്ല, സുഹൃത്തുക്കളും അയാളെ ഉപദേശിക്കുന്നത് യാന്ത്രികയുക്തിക്ക് അടിപ്പെടുവാനാണ്. അതൊരു സാമൂഹ്യ കാലാവസ്ഥയാണ്, വേനലാണ്. വേനലിലേക്കു വളർന്നുപോയ ഒരു കാലികസസ്യത്തിന്റെ എരിവ് അയാൾ അറിയുന്നു. ഒന്നുകിൽ ജൈവികത സൂക്ഷിക്കുന്ന കാലികസസ്യം അല്ലെങ്കിൽ കമ്പനിയോട് പൊരുത്തപ്പെടുന്ന സ്ഥിരസസ്യം എന്നീ രണ്ടവസ്ഥകളാണ് മുന്നിലുള്ളത്. ചെയർമാന്റെ മകൻ ചെയർമാനും ഫിറ്ററുടെ മകൻ ഫിറ്ററുമൊക്കെയാകുന്ന പുതിയ ചാതുർവർണ്യത്തിലേക്കാണ് ഈ കമ്പനി മടങ്ങുന്നതെന്നും അയാൾ നിരീക്ഷിക്കുന്നു.
ആനന്ദ്. ആദ്യകാലചിത്രം
രോഗം എന്നത് വ്യവസ്ഥയോടുള്ള നിഷേധാത്മകമായ പ്രതിരോധമാകുകയാണ്. ആധുനികതാവാദത്തിലെ പ്രത്യക്ഷതലത്തിലുള്ള ജീവിതനിഷേധം അടിസ്ഥാനപരമായി നിഷേധാത്മകമായ പ്രതിരോധമാണ്. വിജയിക്കുന്ന നായകർക്കുപകരം പരാജയപ്പെടുന്ന നായകരെ അത് മുന്നോട്ടുവയ്‌ക്കുന്നത് വ്യവസ്ഥയോടുള്ള പ്രതിരോധമായാണ്. വ്യവസ്ഥയോട് പൊരുത്തപ്പെട്ട് വിജയിക്കുന്ന ആരോഗ്യവാന്മാരിലല്ല, അതിനോട് ആന്തരികമായി പ്രതിരോധിച്ച് പരാജയപ്പെടുകയും രോഗികളാവുകയും ചെയ്യുന്നവരിലാണ് ജൈവികതയും സ്വാതന്ത്ര്യവും കുടികൊള്ളുന്നത്. അഡോർണോ ഉന്നയിച്ച നെഗറ്റീവ് ഡയലക്റ്റിക്സിന്റെ യുക്തിയും ഇതുതന്നെയാണ്.
ക്രമത്തോടും അച്ചടക്കത്തോടുമുള്ള ഒരു ജനതയുടെ അഭിനിവേശം അവരിൽ വേരുറപ്പിച്ച അധികാരത്തോടുള്ള ഭീതിയുടെ പ്രകടനമാണ്. സ്വയം ഓരോ ആളും പൊലീസായിത്തീരുന്ന പ്രക്രിയയാണത്. അധികാരിയോട് പിതാവിനോടുള്ളതുപോലെയുള്ള വിധേയത്വം രൂപപ്പെടുന്നത് ഫാസിസത്തിന്റെ പ്രവണതയായി വില്യം റീഹ് എടുത്തുകാട്ടിയിട്ടുണ്ട്. ഫ്രഞ്ച് സൗന്ദര്യശാസ്ത്രജ്ഞനായ ഴാക് റാൻസിയറെ ഈ സംവിധാനത്തെയും മനോഭാവത്തെയും പൊലീസ് എന്നുതന്നെയാണ് വിളിക്കുന്നത്. അധ്വാനം കേവലം കമ്പനിയുടെ ഉൽപ്പാദനക്ഷമതയായി ചുരുക്കപ്പെടുന്നു. അത് സാമൂഹ്യമായ ആവിഷ്കാരമാകാതെ ബ്യൂറോക്രാറ്റിക് ഘടനയിൽ അടച്ചുപൂട്ടപ്പെടുന്നു. ഫാസിസ്റ്റ് ഭരണകൂടങ്ങൾക്ക് കീഴിൽ മാത്രമല്ല, ഏതു ഭരണകൂടത്തിനുകീഴിലും ഈ വിധേയത്വബോധം വരാം. അതിനെതിരെയുള്ള പ്രതിരോധങ്ങളെയാണ് റാൻസിയറെ എയ്സ്തെറ്റിക്സ് എന്നു വിളിക്കുന്നത്. ഭരണകൂടം മുന്നോട്ടുവയ്‌ക്കുന്ന ക്ഷേമരാഷ്ട്രത്തിൽ അച്ചടക്കവും ക്രമവുമുള്ള അനുസരണയുമുള്ളവരായിത്തീരുന്ന ജനത അവരുടെ രാഷ്ട്രീയാധികാരത്തെയും നിർവാഹകശേഷിയെയും സർഗശേഷിയെയും പൗരത്വത്തെയുമാണ് അടിയറവയ്‌ക്കുന്നത്. ഇവ തിരിച്ചുപിടിക്കലാണ് രാഷ്ട്രീയം. അതിനാലാണ് സൗന്ദര്യം തന്നെയാണ് രാഷ്‌ട്രീയം എന്ന് റാൻസിയറെ പറയുന്നത്. മരണസർട്ടിഫിക്കറ്റിൽ രോഗം രാഷ്ട്രീയമായ ഒരു സൗന്ദര്യസങ്കൽപ്പവും പ്രതിരോധമൂല്യവുമായി മാറുകയാണ്. ജീവനുള്ളവയാണ് രോഗത്തിലൂടെ പ്രതിരോധിക്കുന്നത്, മരിച്ചവയ്ക്ക് പ്രതിരോധിക്കേണ്ട ആവശ്യമില്ലല്ലോ.
മരുഭൂമികൾ ഉണ്ടാകുന്നത്‐ അധോതല ഭരണകൂടം
ഒരു വ്യവസ്ഥയ്ക്കകത്ത് ഉൾപ്പെട്ടവർക്ക് ആ വ്യവസ്ഥയുടെ അധികാര സ്വഭാവം വ്യക്തവുകുകയില്ലെന്നും പുറത്തുനിൽക്കുന്നവർക്കു മാത്രമേ വ്യവസ്ഥയെ സമഗ്രമായി കാണാനാവു എന്നുമുള്ള ആശയം വിപുലീകരിക്കപ്പെടുകയാണ് മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലിൽ. വ്യവസ്ഥയുമായി ഉദ്ഗ്രഥിക്കപ്പെടുന്നവർക്ക് അതിനുപുറത്തുള്ളത് പുറമ്പോക്കാണ്. പുറമ്പോക്കിലെ മനുഷ്യർക്ക് വേണ്ടി നിലകൊള്ളുന്നവർ വ്യവസ്ഥയുടെ ഇരകളായി വിചാരണ ചെയ്യപ്പെടുന്നു. ഭരണകൂടവും സാമൂഹ്യസംവിധാനങ്ങളുമെല്ലാം അനീതിപരമാകുമ്പോൾ അതിനെ ചോദ്യം ചെയ്യുന്നവർ ഭ്രഷ്ടരാകുകയും അവസാനം ജയിലിൽ ഒടുങ്ങുകയും ചെയ്യുന്നു. നീതിക്കു വേണ്ടി നിലകൊണ്ട് വ്യവസ്ഥയുടെ ഇരയായി, പ്രതിനായകനായി ജയിലിലടയ്‌ക്കപ്പെടുന്ന കുന്ദനാണ് മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലിലെ നായകൻ.
പല നിലയിൽ വായിക്കാവുന്നതാണ് ഈ നോവൽ. പ്രത്യക്ഷത്തിൽ അത് മരുഭൂമിയും ഹരിതഭൂമിയുമെന്ന ദ്വന്ദ്വത്തെ നിർമിച്ചുകൊണ്ട് പാരിസ്ഥിതികമായ വായനയിലേക്ക് നയിക്കുന്നു. മരുഭൂമിയിലെ ആർദ്രതയില്ലാത്ത മണൽത്തരികളുടെ കിരുകിരുപ്പിനെതിരെ അത് ഹരിതഭൂമിയിലെ നനവിനെ മുന്നോട്ടുവയ്‌ക്കുന്നു. രണ്ടും മനുഷ്യമനസ്സിന്റെ അവസ്ഥകൾ തന്നെ. രാഷ്ട്രീയ പരിസ്ഥിതിവാദ വായനയെന്ന് വിളിക്കുന്നതാകും ഒന്നുകൂടി ഉചിതം. കാരണം അധികാരത്തെയാണ് ഒരു ആവാസ വ്യവസ്ഥയായി അത് സങ്കൽപ്പിക്കുന്നത്. കീഴ്‌വഴക്കങ്ങളാൽ നോർമലൈസ് ചെയ്യപ്പെട്ട അധികാരമാണത്. ഉത്തരായനത്തിലെ വേനൽ എന്ന കാലാവസ്ഥാരൂപകം ഇവിടെ മരുഭൂമി എന്ന ഭൂമിശാസ്ത്രമായി വികസിക്കുന്നു. കാലരൂപകം സ്ഥലരൂപകമായി മാറുന്നു. സ്ഥലത്ത് ജനതതി താമസിക്കുന്നു.
ആധുനികമായ ഭരണകൂടാധികാരത്തെ വിശേഷിപ്പിക്കാൻ അഗാധഭരണകൂടം (deep state) എന്ന സങ്കൽപ്പം ഉപയോഗിക്കാറുണ്ട്. തുർക്കിമുതൽ അമേരിക്കവരെ നീളുന്ന ഭരണസംവിധാനങ്ങളെയെല്ലാം വിശദീകരിക്കാൻ ഈ പദം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. പീറ്റർ ഡേൽ സ്കോട്ടിനെപ്പോലുള്ളവർ അമേരിക്കയിൽ അതിന്റെ പ്രവർത്തനം വിശദീകരിക്കുന്നുണ്ട്. 1990‐കളിൽ ഈ പദപ്രയോഗം വരുന്നതിനും മുമ്പാണ് മരുഭൂമികൾ ഉണ്ടാകുന്നത് പ്രസിദ്ധീകരിക്കപ്പെടുന്നത്. ക്രിസ് ഹൗട്ടിയുടെ ഡീപ് സ്റ്റേറ്റ് എന്ന പേരിലുള്ള ജനപ്രിയ നോവൽ വരുന്നത് 2020‐ലാണ്. മരുഭൂമികൾ ഉണ്ടാകുന്നതിൽ വിവരിക്കുന്ന ഭരണകൂട സംവിധാനത്തെ അഗാധഭരണകൂടമെന്ന് വിളിക്കുന്നതിനെക്കാൾ അധോലോക ഭരണകൂടമെന്ന് വിശേഷിപ്പിക്കുന്നതാകും ശരി. രാഷ്ട്രീയ സമൂഹം, സിവിൽ സമൂഹം എന്ന വിഭജനത്തെത്തന്നെ അസ്ഥിരമാക്കാൻ പോകുന്നതാണ് സിവിൽ സമൂഹ സംവിധാനങ്ങളിലേക്ക് കടന്നുകയറിയുള്ള ഇവിടത്തെ ഭരണകൂടത്തിന്റെ നില. മിഷൽ ഫൂക്കോയെപ്പോലുള്ളവർ ഉന്നയിച്ച അധികാരഘടനയുടെ വിമർശനത്തിന്റെ വിവിധ ഘടകങ്ങൾ നോവലിൽ വായിച്ചെടുക്കാനാവും.
രാഷ്ട്രീയാധികാരത്തിന്റെ അലിഗറി കൂടിയായി ഈ നോവൽ നിലകൊള്ളുന്നു. അധികാരവിമർശനത്തെ സംബന്ധിച്ച് റിയലിസത്തിന് സാധിക്കാത്ത പലതും അലിഗറിക്കലായ സങ്കേതങ്ങൾക്ക് സാധ്യമാകുകയും ചെയ്യുന്നു. ഹരിതഭൂമി/ മരുഭൂമി, പൊതുസമൂഹം/ പുറമ്പോക്ക്, അധികാരം/ ജയിൽ, വ്യക്തിബോധം/ കേവലശരീരം എന്നിങ്ങനെയുള്ള പലതരം ദ്വന്ദ്വങ്ങൾ കൊണ്ട് വ്യവസ്ഥയെ വിശദീകരിക്കുന്നുണ്ട് നോവൽ. അപരത്തിന്റെ ബലത്തിലാണ് ഓരോ സങ്കൽപ്പവും അർഥം നേടുന്നത്.
സർക്കാർ എന്ന സങ്കൽപ്പം സാമാന്യനിലയിൽ ഉണ്ടാക്കുന്ന ലിബറലിസത്തിന്റെ നിഷ്പക്ഷതയുടെ ഉപരിതലമാണ് നോവലിൽ കിളച്ചുമറിക്കുന്നത്. “സ്റ്റേറ്റ് എന്നതുകൊണ്ട് നാം മനസ്സിലാക്കുന്നത് എതിർസമൂഹത്തെ അമർച്ച ചെയ്ത് ദുർബലരെ സംരക്ഷിക്കുകയും നീതിയെ പാലിക്കുകയും മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു ഉപകരണം എന്നാണ്. പക്ഷെ ആ സ്റ്റേറ്റ് പലപ്പോഴും സങ്കൽപ്പങ്ങളിൽ മാത്രം നിലനിൽക്കുന്ന ഒന്നാണ്‐ മോഹങ്ങളിൽ, സ്വപ്നങ്ങളിൽ. യഥാർഥത്തിൽ സിദ്ധമാകുന്നത് വേറൊന്നാണ്‐ഒരു എതിർസ്റ്റേറ്റ്. സമൂഹത്തെ കയ്യേറുന്ന എതിർസമൂഹം പ്രദാനം ചെയ്യുന്ന എതിർ സ്റ്റേറ്റ്.” ഈ എതിർസമൂഹവും എതിർ സ്റ്റേറ്റും ഒരുവശത്തും കയ്യേറപ്പെടുന്ന സാധാരണ സമൂഹവും അതിന്റെ പ്രതിനിധികളായ ഒറ്റപ്പെട്ട വ്യക്തികളും മറുവശത്തും നിൽക്കുന്നു.
കയ്യേറ്റക്കാരായ സ്റ്റേറ്റിന്റെ പ്രതിനിധിയാണ് രംഭാഗഢ് കോട്ടയും അതിലെ വ്യാജ സുരക്ഷാപദ്ധതിയും. അതു കയ്യേറുന്നതാകട്ടെ ചുറ്റുമുള്ള മരുഭൂമിയിലെ ദരിദ്രരായ മനുഷ്യരെയും. ഈ മനുഷ്യരിൽനിന്നുള്ള പയനിയർ തൊഴിലാളികളും നഗരത്തിലെ ജയിലിൽനിന്ന് അയക്കപ്പെടുന്ന തടവുകാരും ചേർന്നതാണ് സുരക്ഷാപദ്ധതിയലെ പണിക്കാർ. രംഭാഗഢ് പദ്ധതിയുടെ വാർഡർ മുതൽ കമാൻഡന്റുവരെ നീണ്ടുനിൽക്കുന്ന ഒരു ഉദ്യോഗസ്ഥ നിരയുണ്ട്. അതിൽപ്പെട്ട ഒരാളാണ് മുഖ്യകഥാപാത്രമായ ലേബർ ഓഫീസറായ കുന്ദൻ. അയാൾ തിരിച്ചറിയാൻ വൈകിപ്പോയ ഒരു അധോലോക യാഥാർഥ്യത്തിന്റെ കണ്ണികളാണ് ഈ ഉദ്യോഗസ്ഥർ മുഴുവൻ.
നോവലിൽ ഭരണകൂടത്തിന്റെ ഇരയായ മുഖ്യകഥാപാത്രത്തിന്റെ പേര് സുലൈമാൻ എന്നാണ്. അയാളാണ് പശുപതിസിങ് എന്ന പ്രമാണിക്ക് പകരമായി ജയിലിലടയ്‌ക്കപ്പെടുന്നത്. അയാൾ പിന്നീട് ജയിലിൽ വച്ച് മരണപ്പെടുന്നു. സംഹാരപ്രതീകമായ പശുപതിക്ക് പകരമാണയാൾ അയക്കപ്പെടുന്നത്. പശുക്കളുടെ പതിയുമാണ് പേരുകൊണ്ട് അയാൾ. ഡാനിയേലാണ് മറ്റൊരു ഇര. ജയിൽ റിപ്പോർട്ട് പ്രകാരം മരണപ്പെട്ട അയാൾ തിരിച്ച് ജയിലിലേക്കെത്തുകയാണ്. ഈ രണ്ടു കഥാപാത്രങ്ങളുടെയും പേര് ന്യൂനപക്ഷ വേട്ടയുടെ ഇന്നത്തെ ഇന്ത്യയിൽ പുതിയ അർഥം നേടുന്നുണ്ട്. നോവലിനെ മുഴുവൻ ആ അർഥത്തിൽ ഇന്നു വായിച്ചെടുക്കാനുള്ള താക്കോൽ കൂടിയാണ് ഈ പേരുകൾ.
പശുപതി സിങ്ങിന് പകരം സുലൈമാനെ ജയിലിലിട്ടതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള കുന്ദന്റെ ഔദ്യോഗിക യാത്ര ചെന്നവസാനിക്കുന്നതും ജയിലിൽത്തന്നെ. തടവുകാരെക്കൊണ്ട് സുരക്ഷാപദ്ധതിക്കായി പണിയെടുപ്പിക്കുക മാത്രമല്ല അവരെക്കൊണ്ട് ഭരണകൂടം തെരുവിൽ ലഹളയുണ്ടാക്കുന്നതും കുന്ദൻ മനസ്സിലാക്കുന്നു. തലസ്ഥാന നഗരിയിലെ പ്രിസൺ മാനേജരെ അയാൾ ചെന്നുകാണുന്നുണ്ട്.
ഉത്തരായനത്തിലെ കമ്പനി അധികാരിക്കുപകരം ഇവിടെ പ്രിസൺ മാനേജരാണ്. കമ്പനിക്ക് പകരം നേരിട്ട് രാഷ്ട്രം തന്നെ വരുന്നു. കുന്ദനും പ്രിസൺ മാനേജരുമായുള്ള സംഭാഷണം സമകാലിക പ്രസക്തിയുള്ളതാണ്. “നിങ്ങൾക്ക് വ്യക്തിപരമായി ഒരുവനെ വകവരുത്തണമെങ്കിൽ നിങ്ങൾ പോലീസിനെ സമീപിക്കുന്നു. പോലീസ് അത്തരം കോൺട്രാക്റ്റുകൾ സ്വീകരിക്കും... നിങ്ങളുടെ കയ്യിൽ പോലീസിന് ആവശ്യമുള്ള തെളിവുണ്ട്. അപ്പോൾ നിങ്ങളെ സംരക്ഷിക്കേണ്ട ആവശ്യം സർക്കാരിനില്ലേ? വെറും സംരക്ഷണത്തിന്, അവർ സൂക്ഷിക്കുന്ന അറിവ് നശിച്ചുപോകാതിരിക്കാനായി എത്ര പേരെയാണെന്നോ സർക്കാർ തടവുകാരായി വച്ചുകൊണ്ടിരിക്കുന്നത്? അറിവ് നമ്മുടെ സമൂഹത്തിൽ ശക്തിയല്ല, അപകടമാണ്.”
നിരപരാധികൾ അറസ്റ്റ് ചെയ്യപ്പെടുന്നതിനുള്ള സ്റ്റേറ്റിന്റെ ന്യായീകരണമാണത്. നിരപരാധികളെ വിട്ടയക്കുന്നത് സെക്യൂരിറ്റി റിസ്കാണെന്നും പറയുന്നു. യഥാർഥ ക്രിമിനലുകൾ തെരുവിൽ ലഹളയുണ്ടാക്കുന്നു. ആളുകളെ കുത്തിക്കൊല്ലുന്നു. കുട്ടികളുടെ വായിൽ പെട്രോളൊഴിച്ചു കത്തിക്കുന്നു. തിരിച്ചുപോകുമ്പോൾ അവർ ദൈവത്തിന് ജയ് വിളിക്കുന്നു.
“ഒരു മതം, കക്ഷി, ജാതി, ഒരു ഭാഷ സംസാരിക്കുന്നവർ, ഒരു ലിംഗം, ആർക്കറിയാം, ഒരു തലമുറ മുഴുവൻ, തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞു നിങ്ങളുടെ മുമ്പിൽ കിടക്കും. ആ പുൽത്തകിടിയിൽ കളിക്കുന്ന കുട്ടി നാളെ ഈ സമയത്ത് കുറച്ചു കരിക്കട്ടകൾ മാത്രമായിരിക്കും,” എന്ന് രാജ്യത്തിന്റെ അവസ്ഥ വിലയിരുത്തപ്പെടുന്നു.
ലഹളയിൽ കൊല്ലപ്പെട്ടയാളുടെ തൂവാലയിലെ കെട്ടിൽ അയാൾ ഓർത്തുവയ്‌ക്കാൻ ശ്രമിച്ച എന്തോ സന്ദേശമുണ്ട്. ലഹളയെ അതിജീവിച്ചവരെ തിരിച്ചറിയപ്പെടാതെപോയ ആ സന്ദേശം പരിഹസിക്കുന്നതായി കുന്ദന് തോന്നുന്നുണ്ട്. ഇരയുടെ ഉച്ചരിക്കപ്പെടാതെ പോയ വാക്ക്, ബാക്കിവച്ച സ്വപ്നം അതിജീവിച്ചവരുടെ ആശ്വസിക്കുന്ന മുഖത്തെ നോക്കി അർഥഗർഭമായി ചിരിക്കുന്നു.
ആനന്ദും ഭാര്യ രമണിയും
ഫോട്ടോ: വിജേഷ് വള്ളിക്കുന്ന്
ലഹള നടന്ന സ്ഥലത്തുനിന്ന് തടവുപുള്ളിയുടെ ഐഡന്റിറ്റി തെളിയിക്കുന്ന പിത്തളത്തകിടുമായി പത്രമോഫീസിലെത്തുന്ന കുന്ദൻ അവിടെ വച്ചാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. മാധ്യമസ്ഥാപനം സത്യത്തെ ഒറ്റിക്കൊടുക്കുന്ന സ്ഥലമായി മാറുന്നു. ഒരു കൊല്ലക്കാലം അയാൾ ജയിലിലടയ്‌ക്കപ്പെടുന്നു. ജയിലും ഉദ്യോഗസ്ഥരും പത്രക്കാരുമെല്ലാം ചേർന്ന് രൂപംകൊടുക്കുന്ന വ്യവസ്ഥയുടെ സംഗീതത്തെപ്പറ്റി നോവലിൽ വിവരണമുണ്ട്. പട്ടാളത്തിന്റെ സംഗീതമാണത്. അത് ഇറങ്ങിവരുന്നതാകട്ടെ തലസ്ഥാന നഗരിയിൽ രാഷ്ട്രത്തിന്റെ പരമാധികാരിയുടെ ഭവനത്തിൽനിന്ന് വർണശബളമായ യൂനിഫോമുകളണിഞ്ഞ് തിളങ്ങുന്ന ട്രംപറ്റുകളും ബ്യൂഗിളുകളും ഡ്രമ്മുകളും ഉൾപ്പെടെ താളത്തിൽ ജ്യാമിതീയ കൃത്യതയിലാണ്. ഈ സംഗീതത്തിൽ ഒരു സ്വരഭംഗവുമില്ലാതെ അധികാരവ്യവസ്ഥ മുന്നോട്ടുപോകുന്നു. അധികാരം ഒരു പ്രത്യയശാസ്ത്രം മാത്രമല്ല ഒരു സംഗീതക്രമം കൂടിയാണ്. അധികാരത്തിന്റെയും ചരിത്രത്തിന്റെയും പട്ടാളമാർച്ച്. ഇടയിൽ ആരെങ്കിലും കുന്ദനെപ്പോലെ ചോദ്യമുന്നയിക്കുമ്പോഴാണ് അതിന് സ്വരഭംഗമുണ്ടാകുന്നത്, ഇടർച്ച വരുന്നത്. അധികാരം മറ്റുള്ളവരെ ശരീരം മാത്രമായി കാണുമ്പോൾ അവരെ വ്യക്തികളായി കാണുന്നവരുണ്ടാകുമ്പോഴാണ് ഈ ഇടർച്ച വരുന്നത്. ഇങ്ങനെ കാണുന്നവർ രാജ്യദ്രോഹികളും ചാരന്മാരുമായി മുദ്രകുത്തപ്പെടുന്നു. കുന്ദന്റെ പേരിൽ ആരോപിക്കപ്പെടുന്നത് രാജ്യദ്രോഹമാണ്.
സുലൈമാൻ മരിച്ച വിവരം കുന്ദൻ ദീർഘയാത്ര ചെയ്ത് അയാളുടെ വീട്ടിലെത്തി പെൺമക്കളെ അറിയിക്കുന്ന ഒരു രംഗമുണ്ട്. അതുകേട്ട് മകൾ ഉറക്കെ കരഞ്ഞില്ല. നിശ്ശബ്ദം രണ്ടു കണ്ണുനീർത്തുള്ളികൾ അടർന്നുവീഴുകയാണ്. രംഭാഗഢ് കോട്ടയുടെയും ചക്രവർത്തിമാരുടെയും പശ്ചാത്തലത്തിൽ നോവലിസ്റ്റ് ഈ രണ്ടു കണ്ണീർത്തുള്ളികളെക്കൊണ്ട് കീഴടക്കലുകളുടെയും വിജയങ്ങളുടെയും ചരിത്രത്തെയാകെ വിചാരണ ചെയ്യുന്നുണ്ട്. നിശ്ശബ്ദം ആ പെൺകുട്ടിയുടെ രണ്ടു കവിളുകളിലൂടെ പതുക്കെപ്പതുക്കെ ഉരുണ്ടിറങ്ങിപ്പോകുന്ന കണ്ണുനീരിന്റെ ഒറ്റപ്പെട്ട മണികളാണ് ചരിത്രത്തിന്റെ പുരോഗതിയുടെ പ്രശ്നം എന്നുപറയുന്ന നോവൽ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ആ ഒറ്റപ്പെട്ട രണ്ടു കണ്ണുനീർത്തുള്ളികൾക്കുമുമ്പിൽ, പരാജയപ്പെട്ടു മടങ്ങുന്ന ആ മൂന്നു കുട്ടികളുടെ നിശ്ശബ്ദമായ കാലടി ശബ്ദങ്ങൾക്കു പിന്നിൽ, ഹേ ചരിത്രകാരാ, തത്വചിന്തകാ, നിങ്ങൾ പറയുന്ന ആത്യന്തിക വിജയത്തിന് എന്തെങ്കിലും ശബ്ദമുണ്ടാക്കാൻ കഴിയുന്നുണ്ടോ?”ചരിത്രത്തിനും അധികാരത്തിനും കുറുകെ വീഴുന്ന ഇരകളുടെ ഈ കണ്ണുനീർത്തുള്ളിയാണ് നോവലിനെ ആർദ്രമാക്കുന്നത്. ഹരിതഭൂമിയുടെ പ്രതീകമാണത്.
മരുഭൂമികൾ ഉണ്ടാകുന്നത് ഒരു ദുരന്തനോവലല്ല, പരിഹാരങ്ങളും പ്രതീക്ഷകളും കൂടി അതന്വേഷിക്കുന്നുണ്ട്. സമൂഹത്തെ വിഭജിച്ചുനിർത്തുന്ന ഭരണകൂട യുക്തികളെ അത് വിശകലനം ചെയ്യുന്നു. ഭരണകൂടത്തിന്റെ ഭാഗത്തേക്ക് മറുകണ്ടം ചാടിയ ബുദ്ധിജീവിയായ പ്രൊഫസറുടെ ഭൂതം സ്വപ്നത്തിലെന്നോണം വന്ന് കുന്ദന്റെ മുമ്പിൽ ഭരണകൂടം എങ്ങനെയാണ് ജനതയെ വിഭജിച്ചുനിർത്തിക്കൊണ്ട് പ്രതിരോധത്തെ അസാധ്യമാക്കുന്നത് എന്ന് വിശദീകരിക്കുന്നുണ്ട്. ഒരു വ്യാജ സംതൃപ്തി അത് ജനതയ്‌ക്ക് നൽകുന്നതെങ്ങനെയെന്ന്.
ആശയങ്ങളെക്കൊണ്ട് തടവറ തീർത്തുകൊണ്ടാണ് ഇത് സാധിക്കേണ്ടത്. പ്രശ്നങ്ങളെ ഒരിക്കലും കൂടിച്ചേരാൻ അനുവദിക്കാതെ വേർതിരിച്ചുനിർത്തുകയാണ് ഇതിനുവേണ്ടത്. സമൂഹത്തെ കഷ്‌ണം കഷ്‌ണമാക്കി നിലനിർത്തുക. അവയെ വേറെ വേറെ സെല്ലുകളിൽ അടച്ചുകഴിഞ്ഞാൽ അവർ തടവുകാരായി. ഓരോ വിഭാഗത്തിന്റെയും അവകാശങ്ങൾ അവയൊഴിച്ചുള്ള എല്ലാറ്റിന്റെയുമായി മത്സരിപ്പിക്കുന്നു എന്നതാണ് തത്വം. ഗിരിജനങ്ങളുടെ അവകാശം എന്ന വാദം വരുമ്പോൾ തൊഴിലാളികളുടെ അവകാശം എന്ന വാദത്തെ മുന്നോട്ടുകൊണ്ടുവരിക. അതു സ്വയം തകരും. തൊഴിലാളികളുടെ അവകാശം അഥവാ സ്ത്രീകളുടെ അവകാശം എന്ന വാദം വരുമ്പോൾ മറ്റുജനതകളുടെ അവകാശത്തെ മുന്നിലേക്കു കൊണ്ടുവരിക.
ഇങ്ങനെ യാതനകളെ നിമിഷം കൊണ്ട് സാങ്കൽപ്പികമായി ഇല്ലാതാക്കാം. ഇതാണ് പുതിയ ഭരണകൂടത്തിന്റെ തന്ത്രം. ഇവിടെ ഭരണകൂടവും ആശയപ്രചരണോപാധികളും തമ്മിൽ സഖ്യത്തിലാണ്. സന്ദർഭാനുസരണമായി ആളുകൾ പരസ്പരം തിരിച്ചറിഞ്ഞ് സംഘടിക്കാൻ നേരം കൊടുക്കാതെ ആശയങ്ങൾ എറിഞ്ഞുകൊടുക്കണം. “പെട്ടിയും ഭാണ്ഡവും പായയും വിശറിയുമെടുത്ത് അവർ തങ്ങളുടെ പുതിയ സെല്ലുകളിലേക്ക് പ്രയാണം ചെയ്തുകൊള്ളും, ഇതാണ് ജനാധിപത്യത്തിലെ സൗകര്യം. എന്ത്, എപ്പോൾ, എങ്ങനെ പ്രഖ്യാപിക്കണമെന്ന അറിവുമാത്രമാണ് നിങ്ങൾ വളർത്തിയെടുക്കേണ്ടത്.” അധികാരികളും പത്ര, ദൃശ്യ മാധ്യമങ്ങളും നയിക്കുന്ന വഴിയിലൂടെ ജനങ്ങൾ പരസ്പരമറിയാതെ നടന്നുനീങ്ങുന്ന പുതിയ അവസ്ഥയാണിത്.
ജാതി മതസ്വത്വങ്ങളായി ജനതയെ ഭിന്നിപ്പിച്ചുകൊണ്ടാണല്ലോ പിൽക്കാലത്ത് ലിബറൽ ജനാധിപത്യത്തെയാകെ അട്ടിമറിക്കാൻ കഴിയുന്നമട്ടിൽ മതരാഷ്ട്ര സങ്കൽപ്പം ഇന്ത്യയിൽ വളർന്നുവന്നത്. അടിസ്ഥാനാവശ്യങ്ങളുടെ പേരിൽ ജനതയെ ഐക്യപ്പെടാൻ സമ്മതിക്കാതെ രൂപപ്പെടുത്തുന്നതാണ് ഈ വിഭജനയുക്തി.
അതുപോലെ തന്നെ സാമൂഹ്യപ്രശ്നങ്ങളെ വ്യക്തിപ്രശ്നങ്ങളായി ചുരുക്കിക്കൊണ്ടുവരിക. ഓരോ പ്രശ്നത്തെയും ഗ്രൂപ്പുതിരിച്ച് വലിയ പ്രശ്നത്തെ മാത്രം കാണുക. ഒടുവിൽ എല്ലാ ഗ്രൂപ്പുകളും അസ്തമിക്കും. ബാക്കിയാവുന്നത് വ്യക്തിയും രാജ്യവുമായിരിക്കും. “അപ്പോൾ വലിയ രാജ്യവും ചെറിയ വ്യക്തിയുമായി പ്രശ്നങ്ങളെ വിന്യസിക്കുക. ഇനി ചോദിക്കുക. ഈ വ്യക്തിപ്രശ്നങ്ങൾ എന്താണ്? രാജ്യം വലുതാണ്. മഹത്താണ്. വ്യക്തികൾ ചെറുതും നിസ്വരും. ഒരു ചെറിയ വൃക്ഷം വീഴുകയാണെങ്കിൽ അതിനെക്കുറിച്ചാണോ അതോ താഴെയുള്ള പുല്ലുകൾ ഞെരിയുന്നതിനെക്കുറിച്ചാണോ നിങ്ങൾ പരിതപിക്കുക?” 1984‐ൽ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്ന് ഡൽഹിയിൽ നടന്ന സിക്ക് കൂട്ടക്കൊലയെയും ഈ സന്ദർഭം ഓർമിപ്പിക്കുന്നു.
മിൽക്ക് ബൂത്തിൽ ക്യൂവിൽ നിൽക്കുന്നയാളുകൾ ക്യൂ തെറ്റിക്കുന്നതിന്റെ പേരിൽ താൽക്കാലിക മനുഷ്യരായി പരസ്പരം കലഹിക്കന്ന ദൃശ്യം നോവലിന്റെ അവസാനം കാണാം. പാലിന്റെ പ്രശ്നം മാത്രം കാണുകയും വെള്ളത്തിന്റെയും ഗ്യാസിന്റെയും പച്ചക്കറിയുടെയും അരിയുടെയും പ്രശ്നങ്ങളെ ആ നിമിഷം കാണാൻ കഴിയാതിരിക്കുകയും ചെയ്യുന്ന ഇരകളായിത്തീരുന്ന മനുഷ്യർ. അവർ തന്റെ അയൽക്കാരനും സഹപ്രവർത്തകനും സഹജീവിയും അനുഭവിക്കുന്ന അനീതിയുടെ പേരിൽ വാളൂരുമോ എന്ന ചോദ്യമാണ് നോവലിൽ അവസാനം ബാക്കിയാവുന്നത്.
ഭരണകൂടവും പത്രമാധ്യമലോകവും ഉൾപ്പെടെയുള്ള സംവിധാനങ്ങളെല്ലാം സാമൂഹ്യസമഗ്രതയെ നിരാകരിക്കാൻ ജനതയെ പ്രേരിപ്പിക്കുന്നതാണ്. മരണസർട്ടിഫിക്കറ്റിൽ ആധുനികത്വത്തിന്റെ ബൃഹദാഖ്യാനങ്ങളിലൂന്നിയ സമഗ്രത വിമർശിക്കപ്പെട്ടല്ലോ. മരുഭൂമികളിൽ ബൃഹദാഖ്യാനയുക്തിക്കപ്പുറം നീതിയുടെയും കണ്ണീരിന്റെയും പക്ഷത്തുനിന്നുകൊണ്ട് പുതിയൊരു സാമൂഹ്യസമഗ്രതയുടെ സ്വപ്നം ഉയിരെടുക്കുന്നുണ്ട്. ഭരണകൂടത്തെ സമഗ്രതയുടെ പ്രതിനിധിയായി കാണുന്നതിനുപകരം ഭരണകൂടത്തിന്റെയും അധികാരത്തിന്റെയും അവയുടെ വിജയചരിത്രങ്ങളുടെയും ഇരകൾക്കൊപ്പം നിന്നുകൊണ്ടുള്ള പുതിയൊരു സമഗ്രതാദർശനമാണ് രൂപപ്പെടുന്നത്. ഹെഗൽ മുതലുള്ള ആധുനികത്വത്തിന്റെ യുക്തി ഭരണകൂടത്തെയാണ് സമഗ്രതയുടെ പ്രതിനിധിയും പ്രതീകവും സംഘാടകനുമായി കണ്ടത്.
മുതലാളിത്തത്തിന്റെയും കോളനീകരണത്തിന്റെയും ന്യായീകരണമായാണ് ആ സമഗ്രതാസങ്കൽപ്പം ചരിത്രത്തിൽ അടയാളപ്പെട്ടത്.
സമഗ്രതയെ നിരാകരിക്കുന്നു എന്നതാണ് ഗ്യോർഗി ലൂക്കാച്് ഉൾപ്പെടെയുള്ളവർ മുമ്പ് ആധുനികതാവാദത്തിന് നേരെയുയർത്തിയ വിമർശനം. മരുഭൂമികൾ ഉണ്ടാകുന്നത് സാമൂഹ്യയാഥാർഥ്യത്തെ സമഗ്രതയിൽ കാണാനുള്ള ഒരു ആഹ്വാനം കൂടിയാണ്. ആ നിലയിൽ ആധുനികതാവാദത്തിനു നേരെയുയർന്ന വിമർശനത്തെ അത് മറികടക്കുകയും ചെയ്യുന്നു. ആനന്ദിനെ സംബന്ധിച്ചിടത്തോളം ചരിത്രവും സാമൂഹ്യശാസ്ത്രവും തത്വചിന്തയും ഉൾപ്പെടുന്ന ഈ സമഗ്രതയിലേക്കുള്ള അന്വേഷത്തിന്റെ പ്രധാന വിച്ഛേദഘട്ടം മരുഭൂമികൾ ഉണ്ടാകുന്നതിനും മുമ്പെഴുതിയ അഭയാർത്ഥികളാണ്. സൗന്ദര്യാത്മകമെന്നതുപോലെ തന്നെ സത്താശാസ്ത്രപരവും ജ്ഞാനശാസ്ത്രപരവുമായ തലങ്ങളുള്ളതാണത് . (തുടരും)










0 comments