ad
Deshabhimani

കവർസ്റ്റോറി

നിഴലും വെളിച്ചവും കൊണ്ട് ചരിത്രമെഴുതിയ ഒരാൾ

രഘു റായ്‌
avatar
ഒ കെ ജോണി

Published on May 11, 2026, 02:24 PM | 5 min read

"Photography, because it preserves the appearence of an event or a person, has always been closely associated with the idea of the historical. The ideal of photography, aesthetics apart, is to seize an ‘historic' moment.’

‐ John Berger


ന്തരിച്ച രഘു റായിയുടെ, അരനൂറ്റാണ്ടിലേറെ ദീർഘിച്ച സമർപ്പിതവും സാർഥകവുമായ ഫോട്ടോഗ്രാഫിക്്് രചനാസപര്യയെയും അദ്ദേഹത്തിന്റെ രചനാമാധ്യമമായ ഫോട്ടോഗ്രഫി എന്ന സാങ്കേതികകലയുടെ വികാസചരിത്രത്തെയും പിന്തുടരാനിടയായ ഒരാളെ സംബന്ധിച്ചിടത്തോളം ജോൺ ബെർജറുടെ ഈ സാമാന്യപ്രസ്താവത്തെ സാധൂകരിക്കുന്നവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ന്യൂസ് ഫോട്ടോഗ്രാഫുകളും ഡോക്യുമെന്ററി ഫോട്ടോകളുമെന്ന്്്് ബോധ്യപ്പെടാതിരിക്കില്ല. സമയപ്രവാഹത്തിൽ അന്യഥാ അപ്രത്യക്ഷമാവുമായിരുന്ന സവിശേഷവും സാധാരണവുമായ ജീവിത സന്ദർഭങ്ങളുടെയും നിർണായക ചരിത്ര നിമിഷങ്ങളുടെയും യഥാതഥമായ പകർപ്പുകളെന്ന നിലയിൽ ഫോട്ടോഗ്രാഫുകൾ ആ സന്ദർഭങ്ങളുടെ മൂർത്തമായ നേർസാക്ഷ്യങ്ങളാവുകയാൽ അവയിൽ അറിഞ്ഞുമറിയാതെയും നിഗൂഹനം ചെയ്യപ്പെടുന്ന രാഷ്‌ട്രീയധ്വനികൾകൂടി വായിച്ചെടുക്കുവാൻ കാഴ്ചക്കാരൻ നിർബന്ധിതനാവുമെന്ന വാൾട്ടർ ബെഞ്ചമിന്റെ നിരീക്ഷണവുമായി ചേർത്തുവായിക്കുമ്പോഴാണ് രഘു റായിച്ചിത്രങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനാവുക. വെറുമൊരു മൊബൈൽ ഫോൺ കൈവശമുള്ളവരെല്ലാം ഫോട്ടോഗ്രാഫർമാരായ കാലത്ത് ഫോട്ടോഗ്രഫിയുടെ അടിസ്ഥാന ദൗത്യവും സാധ്യതകളും പൊതുമണ്ഡലത്തിൽ വിസ്മരിക്കപ്പെടുകയും ചുറ്റിലും ഇമേജുകളുടെ ഒരു കൊടുംവനം സൃഷ്ടിക്കപ്പെടുകയുംചെയ്തിട്ടുണ്ട്.

രഘു റായ്‌രഘു റായ്‌

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത്‌ യാഥാർഥ്യപ്രതീതിയുള്ള കൃത്രിമമായ ഇമേജ്്് നിർമിതി അനായാസമായതോടെ കൺമുന്നിലെ യാഥാർഥ്യം വക്രീകരിക്കപ്പെടുകയും അദൃശ്യവൽക്കരിക്കപ്പെടുകയും മാത്രമല്ല, അയഥാർഥ്യം പ്രച്ഛന്നരൂപങ്ങളിൽ ഇടംപിടിക്കുക എന്നതും സ്വാഭാവികവും സാധാരണവുമായിരിക്കുന്നു. ഈ അപായകരമായ സാഹചര്യത്തിലാണ് സ്വന്തം മാധ്യമത്തെ സാമൂഹികമായ ഉത്തരവാദിത്വമുള്ളതും വാക്കുകളേക്കാൾ ശക്തമായതുമായ ഒരാവിഷ്കാരമാധ്യമമായി വിനിയോഗിച്ച രഘു റായിയെപ്പോലൊരു സത്യസന്ധനായ ഫോട്ടോഗ്രാഫറുടെ തിരോധാനം സൃഷ്ടിക്കുന്ന ശൂന്യത വലുതാണെന്ന് പറയേണ്ടിവരുന്നത്. ഇന്ത്യയുടെ സമീപ ഭൂതകാല ചരിത്രത്തെ സംബന്ധിച്ച ഉൾക്കാഴ്ച നൽകുന്ന ദൃശ്യരേഖകളെന്ന നിലയിലാണ് രഘു റായിയുടെ ഫോട്ടോഗ്രാഫുകൾ പ്രസക്തമാവുന്നത്.

ഹെൻട്രി കാർട്ടിയെർ ബ്രെസോണിനോടൊപ്പം ഡോക്യുമെന്ററി ഫോട്ടോഗ്രഫിയുടെ എക്കാലത്തെയും മികച്ച പ്രയോക്താക്കളിലൊരാളായി ലോകമാദരിക്കുന്ന സുനിൽ ജാനയുടെ (1918‐2012) വിയോഗത്തിനുശേഷം ആ നിരയിലുണ്ടായിരുന്ന ഒരേയൊരു ഇന്ത്യൻ ഫോട്ടോഗ്രാഫറായിരുന്നു രഘു റായി. സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും ഉൾപ്പെടെയുള്ള ദേശീയനേതാക്കളോടൊപ്പം അണിനിരന്ന ഇന്ത്യൻ ജനതയുടെ ഉയിർത്തെഴുന്നേൽപ്പിനും അവർ നേരിട്ട സഹനങ്ങൾക്കും, ക്ഷാമത്തിന്റെയും പട്ടിണിമരണങ്ങളുടെയും യഥാർഥ മുഹൂർത്തങ്ങൾക്കും പണിയെടുക്കുന്ന പാവപ്പെട്ടവരുടെ നിത്യജീവിത സന്ദർഭങ്ങൾക്കും ഹർഷവിഷാദങ്ങൾക്കുമെല്ലാം സാക്ഷിയായ സുനിൽ ജാന ഒരു രാജ്യത്തിന്റെ പ്രക്ഷുബ്ധചരിത്രത്തെയാണ് എന്നേക്കുമായി സെല്ലുലോയ്‌ഡിൽ ആലേഖനം ചെയ്തത്. കാലാതിവർത്തിയായ ആ ദ്വിമാനചിത്രങ്ങൾക്ക് ആഴവും അർഥവും നൽകുന്ന ചരിത്രപരതയാണ് അവയുടെ ത്രിമാനതയ്‌ക്ക്‌ നിദാനം. ഒരുപക്ഷെ, സുനിൽ ജാനയ്ക്കുശേഷം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാധാരണ മനുഷ്യരുടെയും രാജ്യത്തിന്റെ നിർണായകമായ ചരിത്രസന്ദർഭങ്ങളുടെയും സൂക്ഷ്മവും സമഗ്രവും ഹൃദയസ്പർശിയുമായ ഇതുപോലൊരു ദൃശ്യചരിത്രം (Visual documentation) പിന്നീട്‌ നമുക്ക് ലഭിക്കുന്നത് രഘു റായിയുടെ ന്യൂസ്‐ഡോക്യുമെന്ററി ഫോട്ടോഗ്രാഫുകളിലൂടെയാണ്.


മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം സാന്ദർഭികപ്രാധാന്യം മാത്രമുള്ള ന്യൂസ് ഫോട്ടോഗ്രഫിയെ ചരിത്രത്തിലേക്ക് വീണ്ടെടുക്കുന്ന രഘു റായിയുടെ സവിശേഷമായ ഡോക്യുമെന്ററി ഫോട്ടോഗ്രഫിയുടെ മികച്ചതും ലോകപ്രശസ്തവുമായ മാതൃകയാണ് ഭോപ്പാൽ ദുരന്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രപരമ്പര. അവിഭക്ത ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടിക്കുവേണ്ടി ഇന്ത്യൻ ഗ്രാമീണ ജീവിതത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ സുനിൽ ജാനയുടെ ഡോക്യുമെന്ററി ഫോട്ടോഗ്രാഫുകളുടെ ദൃശ്യപ്രത്യയശാസ്ത്രവും സൗന്ദര്യശാസ്ത്രവും ബോധപൂർവമല്ലെങ്കിലും ഏതൊക്കെയോ അളവിൽ സ്വാംശീകരിക്കുവാൻ കഴിഞ്ഞ അപൂർവം ഇന്ത്യൻ ഫോട്ടോഗ്രാഫർമാരിൽ രഘു റായിയോളം പ്രാഗത്ഭ്യം പ്രകടിപ്പിച്ച ഒരാൾ വേറെയില്ല. അറുപതുകളുടെ അവസാനം രഘു റായ് സ്റ്റേറ്റ്സ്മാൻ പത്രത്തിൽ ജോലിയാരംഭിക്കുന്ന കാലത്ത് സുനിൽ ജാന ആ പത്രത്തിന്റെ ഫോട്ടോഗ്രഫി വിഭാഗത്തിലുണ്ടായിരുന്നുവെന്നുമോർക്കാവുന്നതാണ്. ന്യൂസ് ഫോട്ടോഗ്രഫിയെത്തന്നെ വർത്തമാനകാലചരിത്രത്തിൽ ഇടപെടാൻ ശേഷിയുള്ള ഒരു മാധ്യമമാക്കാൻ രഘു റായിക്ക് കഴിഞ്ഞുവെന്നതിന്റെ ഉദാഹരണമാണ് ആ പത്രത്തിനുവേണ്ടി അദ്ദേഹമെടുത്ത, ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ബിഹാറിൽ അലയടിച്ച വിദ്യാർഥി‐യുവജന പ്രക്ഷോഭത്തിന്റെ ചിത്രങ്ങൾ. സമരം നയിച്ച ജെ പിക്കുനേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിന്റെ ആ ദൃശ്യങ്ങൾ പത്രത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രതിപക്ഷം ഇന്ദിരാഭരണത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവന്നതും അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതും.

ഭോപ്പാൽ ദുരന്തത്തിന്റെ ഇരകൾ ‐ രഘു റായിയുടെ ഫോട്ടോഭോപ്പാൽ ദുരന്തത്തിന്റെ ഇരകൾ ‐ രഘു റായിയുടെ ഫോട്ടോ

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവപ്പകർച്ചകൾക്ക് കാരണമായ ചരിത്രമുഹൂർത്തങ്ങളെയും വ്യക്തികളുടെ ആന്തരികലോകങ്ങളെയും ഫോട്ടോഗ്രാഫുകളിൽ ആവിഷ്കരിക്കുവാൻ രഘു റായിക്കു കഴിഞ്ഞു. ഇന്ദിരാഗാന്ധിക്കെതിരായ പ്രതിപക്ഷാക്രമണത്തിന് പ്രത്യക്ഷമായിത്തന്നെ കാരണമായിത്തീർന്ന ബിഹാർ പ്രക്ഷോഭത്തിന്റെ വാർത്താചിത്രങ്ങൾ ആദ്യമായി പുറംലോകത്തിനുമുന്നിലെത്തിച്ച രഘു റായിയെത്തന്നെയാണ് പിൽക്കാലത്ത്്്് തന്റെ സ്വകാര്യനിമിഷങ്ങളെക്കൂടി ക്യാമറയിൽ പകർത്താൻ ഇന്ദിരാഗാന്ധി സ്നേഹപൂർവം അനുവദിച്ചതെന്നതും ഒരപൂർവതയാണ്. രാഷ്‌ട്രീയ നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെയും പേരക്കുട്ടികളെ ലാളിക്കുകയും അവരോടൊപ്പം കളിക്കുകയും ചെയ്യുന്ന സാധാരണ മുത്തശ്ശിയായ ഇന്ദിരയുടെയും ആൾക്കൂട്ടത്തിലും ഏകാകിനിയായ ഇന്ദിരയുടെയുമെല്ലാം പല ഭാവങ്ങളിലൂടെ ആ വ്യക്തിത്വത്തിന്റെ സമഗ്രസ്വരൂപം ലേഖനംചെയ്യാൻ കഴിഞ്ഞതും രഘു റായിക്കുമാത്രമാണ്. തെരുവിലെ സാധാരണ മനുഷ്യരുടെയെന്നപോലെ തന്റെ കാലത്തെ വലിയ മനുഷ്യരുടെയും ഫോട്ടോഗ്രാഫുകളിലൂടെ അവരുടെ ആന്തരികഭാവങ്ങൾ പ്രത്യക്ഷപ്പെടുത്തുവാനാണ് രഘു റായ്‌ ശ്രമിച്ചത്. സത്യജിത് റായ്, മദർ തെരേസ, ഭിന്ദ്രൻവാല, ബിസ്മില്ലാ ഖാൻ തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങളിലൂടെയും രഘു റായ് സാധിച്ചത് അതാണ്.


സ്റ്റേറ്റ്സ്മാൻ ദിനപത്രത്തിലൂടെയാണ് രഘു റായ്‌ ഫോട്ടോ ജേർണലിസം ആരംഭിക്കുന്നതെങ്കിലും, മാഗസിൻ ജേർണലിസത്തിൽ പുതിയ വഴിത്തിരിവുകളുണ്ടാക്കിയ സൺഡേ വാരികയിലും പിന്നീട് ഇന്ത്യാടുഡേയിലും പ്രവർത്തിക്കുന്ന കാലത്താണ് ഇന്ത്യയിലെ ന്യൂസ് ഫോട്ടോഗ്രഫിയുടെ ദൗത്യത്തെത്തന്നെ പുനർനിർവചിക്കുവാൻ അദ്ദേഹം പ്രാപ്തനാവുന്നത്. വാർത്തകളോടൊപ്പം അവയുടെ ദൃശ്യസാക്ഷ്യമെന്ന നിലയിലും അച്ചടിത്താളിന്റെ ഏകതാനതയെ മറികടക്കാനുള്ള ദൃശ്യാലങ്കാരമെന്ന നിലയിലും ഫോട്ടോഗ്രാഫുകളെ പൊതുവെ പരിചരിച്ചിരുന്ന കാലത്ത്് വാർത്തയുടെയോ പ്രതിപാദ്യവിഷയത്തിന്റെയോ പ്രാഥമിക ദൃശ്യസാക്ഷ്യമായ (Primary Evidence) ഫോട്ടോകളിലൂടെ അതിനാസ്പദമായ വൃത്താന്തം ശക്തമായും സത്യസന്ധമായും ആവിഷ്കരിക്കുവാൻ ഫോട്ടോ ജേർണലിസത്തിനാവുമെന്ന്‌ ഇന്ത്യൻ മാധ്യമങ്ങളെ ആദ്യമായി ബോധ്യപ്പെടുത്തിയത് രഘു റായിയുടെ അക്കാലത്തെ പ്രശസ്തമായ ഫോട്ടോ പ്രബന്ധങ്ങളാണ്. അതിന്റെ ഏറ്റവും മികച്ചതും ലോകശ്രദ്ധയാകർഷിച്ചതുമായ ദൃഷ്ടാന്തമാണ് 1984‐ലെ ഭോപ്പാൽ വിഷവാതക ദുരന്തത്തിൽ ഇരകളാക്കപ്പെട്ട മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ മനുഷ്യരുടെ ദൃശ്യങ്ങൾ. ആ മഹാദുരന്തത്തിന്റെ പിന്നിലെ മനുഷ്യവിരുദ്ധമായ സ്ഥാപിതതാൽപ്പര്യങ്ങളെക്കൂടിയാണ് രഘു റായ്് തന്റെ അസാധാരണമായ ഫ്രെയിമുകളിൽ അനാവരണം ചെയ്യുന്നത്. ഇരകളാക്കപ്പെട്ട മനുഷ്യരുടെ കദനകഥകളാവിഷ്കരിക്കുക മാത്രമല്ല; അതിനുത്തരവാദികളായവർ ഇരകളോട് കാണിച്ച അനുതാപരാഹിത്യത്തിന്റെ ക്രൗര്യം അനുഭവവേദ്യമാക്കുവാനുമാണ് തന്റെ ഫോട്ടോപരമ്പരയിലൂടെ രഘു റായ്്് ഉദ്യമിച്ചത്്്. അതാണവയുടെ രാഷ്‌ട്രീയം.


ഫോട്ടോഗ്രഫിയുടെയും അച്ചടിയുടെയും വികാസത്തോടെ ജേർണലിസത്തിന്റെ അവിഭാജ്യഘടകമായി മാറിയ ന്യൂസ് ഫോട്ടോഗ്രഫിയുടെ അടിയന്തര/ താൽക്കാലിക ദൗത്യങ്ങളെ, ആ സാങ്കേതിക കലയുടെ ദൃശ്യാവിഷ്കാരസാധ്യതകളിലൂടെ കാലത്തിന്റെ സാക്ഷിയായ ഫോട്ടോഗ്രാഫറുടെ സവിശേഷ കാഴ്ചപ്പാടിലുള്ള ചരിത്രാഖ്യാന മാധ്യമമായി രൂപാന്തരപ്പെടുത്തിയ ലോകത്തിലെതന്നെ അപൂർവം ഡോക്യുമെന്ററി ഫോട്ടോഗ്രാഫർമാരോടൊപ്പമാണ് രഘു റായിയുടെ സ്ഥാനം. എഴുതപ്പെടുന്ന വൃത്താന്തങ്ങളുടെ ആധികാരികത ഉറപ്പിക്കാനുള്ള സാക്ഷ്യമായിമാത്രം ന്യൂസ് ഫോട്ടോഗ്രഫി വിനിയോഗിക്കപ്പെട്ടിരുന്ന കാലത്ത്‌ ഫോട്ടോ ജേർണലിസത്തിലേക്ക്‌ പ്രവേശിച്ച രഘു റായിയാണ്‌, ഇന്ത്യയിലെ ഫോട്ടോ ജേർണലിസത്തെ സ്വതന്ത്രമായ അസ്തിത്വമുള്ള ഒരു ദൃശ്യാഖ്യാന മാധ്യമമെന്ന നിലയിലേക്കുയർത്തിയത്. ഫോട്ടോപ്രബന്ധം എന്ന ആശയത്തിന് ലോകമെമ്പാടും സ്വീകാര്യതയുണ്ടാക്കിയ ലൈഫ് മാഗസിനുവേണ്ടി പ്രശസ്ത നിശ്ചലഛായാഗ്രാഹക മാർഗരറ്റ് ബോർക്ക് വൈറ്റ് ഇന്ത്യയിലെത്തിയപ്പോൾ അവരുടെ സഹപ്രവർത്തകനായിരുന്ന സുനിൽ ജാനയാണ് ഡോക്യുമെന്ററി ഫോട്ടോഗ്രഫിയുടെ ഇന്ത്യയിലെ പ്രോദ്ഘാടകനെങ്കിലും മുഖ്യധാരാ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ അതിന്്് ഇടവും പ്രാധാന്യവും നേടിക്കൊടുത്തത്്് രഘു റായിയാണ്. എഴുതപ്പെട്ട വൃത്താന്തത്തിന്റെ ആധികാരികതയുറപ്പിക്കുവാൻ മാത്രമായി, അതിന്്്്് ആസ്പദമായ സന്ദർഭത്തിന്റെയോ വ്യക്തികളുടെയോ ഫോട്ടോകൂടി നൽകുകയെന്ന കേവലസാധാരണമായ ധർമമാണ് ന്യൂസ്്് ഫോട്ടോകൾക്ക് അതുവരെയും നൽകപ്പെട്ടിരുന്നുള്ളൂ.

ഭോപ്പാൽ ദുരന്തം‐ രഘു റായിയുടെ വിഖ്യാതമായ ഫോട്ടോഭോപ്പാൽ ദുരന്തം‐ രഘു റായിയുടെ വിഖ്യാതമായ ഫോട്ടോ

ഭോപ്പാൽ വിഷവാതകദുരന്തത്തിൽ ഇരകളാക്കപ്പെട്ട മനുഷ്യരുടെ ഹതാശമായ ജീവിതത്തെ വീണ്ടും പിന്തുടർന്നുകൊണ്ട്്് ഇനിയും അവർക്ക് നീതി അകലെയാണോ എന്ന ചോദ്യം നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്ന ഒരേയൊരു ഫോട്ടോ ജേർണലിസ്റ്റും രഘു റായിയായിരുന്നു. ദുരന്തവാർത്തകൾ മാധ്യമങ്ങളിൽനിന്ന് ക്രമേണ അപ്രത്യക്ഷമായപ്പോഴും നീതി ലഭിക്കാതെ ചത്തുജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെ ജീവിതാവസ്ഥയ്ക്കുനേരെ തുറന്ന ക്യാമറക്കണ്ണുകളുമായി രഘു റായ്് അവിടെത്തന്നെയുണ്ടായിരുന്നു. ഇന്ത്യാ ടുഡേയിൽ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ആദ്യകാല ചിത്രങ്ങളും അതിന്റെ ഫോളോഅപ്്്് എന്ന മട്ടിൽ അതേ വിഷയത്തെ ആസ്പദമാക്കി രണ്ടു പതിറ്റാണ്ടിലേറെക്കാലം ചിത്രീകരിച്ച ചിത്രങ്ങളുമാണ് പിന്നീട് 2002‐ൽ പ്രസിദ്ധീകരിച്ച ‘Exposure: A Corporate Crime’ എന്ന പുസ്തകത്തിന്റെ (2012) ഉള്ളടക്കം. നൂറുകണക്കിന് മനുഷ്യരുടെ ജീവൻ അപഹരിച്ച ആ ദുരന്തത്തെത്തുടർന്ന്്് നിത്യരോഗികളായി അവശേഷിച്ച ഹതാശരായ മനുഷ്യരുടെ നിശ്ശബ്ദ നിലവിളികളും ചോദ്യങ്ങളുമാണ് കോർപറേറ്റ് ക്രൈം എന്ന രഘു റായിയുടെ ചിത്രപുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്നത്. കുടുംബത്തിൽ അവശേഷിച്ച രോഗികളായ രണ്ട് പെൺമക്കളോടൊപ്പം കുടിലിൽനിന്ന് പുറത്തിറങ്ങാനാവാതെ കഴിയുന്ന എഴുപതുകാരനായ ഹസൻ അലിയുടെ ചിത്രവും, പൂർണമായും അന്ധരായിത്തീർന്ന സ്ത്രീകളും വൃദ്ധരും കുട്ടികളുമടങ്ങുന്ന ഒരു ദരിദ്രകുടുംബത്തിന്റെ ചിത്രവും അതേക്കുറിച്ചെഴുതപ്പെട്ട ഏത് വാങ്മയചിത്രത്തേക്കാളും വാചാലവും ഹൃദയസ്പർശിയുമാണ്.


ഭോപ്പാൽ ദുരന്തത്തിലൂടെ ഹതാശരായ ആയിരക്കണക്കിന് മനുഷ്യരുടെ അശ്രാവ്യമായ ഒരു വിലാപമാണ് മരിച്ച പിഞ്ചുകുഞ്ഞിന്റെ മുഖംമാത്രം വെളിപ്പെടുന്ന ക്ലോസപ്പ് ചിത്രത്തിലൂടെ മുഴങ്ങുന്നത്. ശിരസ്സുമാത്രം പുറത്തുകാണുംവിധം മണ്ണിട്ടുമൂടിയ ആ പിഞ്ചുകുഞ്ഞിന്റെ നെറ്റിയിൽ ആരുടേതെന്നറിയാത്ത ഒരു കരം ചേർത്തുവെച്ചിരിക്കുന്നു. പേരറിയാത്ത കുഞ്ഞിന്റെ ശവസംസ്കാരത്തിന് സാക്ഷിയായ ഛായാഗ്രാഹകൻ അതാരുടേതെന്ന്് തീർച്ചയായും തിരിച്ചറിയുകയും അത് ദൃശ്യമാവുന്ന ഫ്രെയിം ഷൂട്ട്് ചെയ്തിട്ടുമുണ്ടാവാം. എന്നാൽ, കുട്ടിയുടെ സമീപമുഖദൃശ്യത്തിലൂടെ ആ കൈ ആരുടേതെന്ന സന്ദിഗ്ധത ബോധപൂർവം നിലനിർത്തുകയാണ് ഫോട്ടോഗ്രാഫർ ചെയ്യുന്നത്. അതാരുടേതുമാവാം. ഒരു മഹാദുരന്തത്തിൽ വേദനിക്കുന്ന ആരുടെയുമെന്നപോലെ ക്യാമറയിൽ ആ വേദനാകരമായ ദൃശ്യം പകർത്തുന്നയാളുടെയും സ്നേഹസ്പർശത്തിന്റെ ഒരു രൂപകമായി ആ ദൃശ്യത്തെ ദൃശ്യവൽക്കരിക്കുകയാണ് രഘു റായ്‌ ഈ ഫ്രെയിം കമ്പോസിഷനിലൂടെ. മരിച്ച കുഞ്ഞിനോട് വിടപറയുന്ന അച്ഛന്റെയോ അമ്മയുടെയോ സ്വാഭാവികചേഷ്ടയെ സ്വന്തം സങ്കടമായി അനുഭവിക്കുന്ന ഒരു ഫോട്ടോഗ്രാഫറുടെ പ്രതീകാത്മകമായ ആത്മാവിഷ്കാരം കൂടിയായി മാറുകയാണ്് ആ ചിത്രം. ഒരു കുടുംബത്തിന്റെ വേദന സാർവലൗകികാനുഭവമായി മാറുകയാണിവിടെ. ഡോക്യുമെന്ററി ഫോട്ടോഗ്രഫി നൽകുന്ന സർഗാത്മക സാധ്യതയുടെ മികച്ച ഒരാവിഷ്കാരമാണത്. നിർഭാഗ്യവശാൽ, ഫോട്ടോഗ്രഫിക് ജേർണലിസത്തിന്റെ ആ സവിശേഷതയും സാധ്യതയും തിരിച്ചറിയാനും ആസ്വദിക്കാനും പ്രായോഗികമാക്കുവാനും മലയാള മാധ്യമങ്ങൾ ഇനിയും മുതിർന്നിട്ടില്ലെന്നതാണ് ഖേദകരം.

ഭോപ്പാൽ ദുരന്തത്തിൽ ഭർത്താക്കൻമാരെ നഷ്‌ടപ്പെട്ട സ്‌ത്രീകൾ‐ രഘു റായിയുടെ ഫോട്ടോഭോപ്പാൽ ദുരന്തത്തിൽ ഭർത്താക്കൻമാരെ നഷ്‌ടപ്പെട്ട സ്‌ത്രീകൾ‐ രഘു റായിയുടെ ഫോട്ടോ

ഛായാഗ്രഹണം എന്ന യാന്ത്രിക പ്രതിച്ഛായാ പുനർനിർമിതിയെ അതിന്റെ സാങ്കേതികനിർമമതയിൽനിന്ന് മോചിപ്പിച്ച്‌് മാനവികമായ സർഗാത്മകതയിലേക്കുയർത്തുകയും ചരിത്രവൽക്കരിക്കുകയും ചെയ്ത നമ്മുടെ കാലത്തെ ഏറ്റവും പ്രഗത്ഭനായ ഇന്ത്യൻ നിശ്ചലഛായാഗ്രാഹകനായിരുന്നു രഘു റായ്. ന്യൂസ് ഫോട്ടോഗ്രഫിയുടെയും ഡോക്യുമെന്ററി ഫോട്ടോഗ്രഫിയുടെയും റിയലിസത്തെ ക്രിയേറ്റീവ് ഫോട്ടോഗ്രഫിയുടെ സാധ്യതകളിലേക്ക് വികസിപ്പിച്ചുകൊണ്ടാണ്് രഘു റായ് തന്റെ ചിത്രങ്ങൾക്ക്‌ ചരിത്രാനുഭവങ്ങളെന്ന നിലയിലുള്ള ആഴവും ത്രിമാനസ്വഭാവവും നൽകിയത്. അരനൂറ്റാണ്ടുകാലത്തിനിടയിൽ രഘു റായ്‌ ലേഖനം ചെയ്ത അത്യപൂർവവും വൈവിധ്യസമൃദ്ധവുമായ ഫോട്ടോഗ്രഫിക്് ദൃശ്യപംക്തി ദർശകനുമുന്നിൽ പ്രത്യക്ഷപ്പെടുത്തുന്നത്്്് ആ കാലത്തിന്റെ കേവലമായ ബാഹ്യപ്രതിച്ഛായകളല്ല; ആന്തരികഭാവങ്ങളാണ് .












deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home