കവർസ്റ്റോറി
'ആത്രേയക’ക്കാഴ്ചകൾ


എം എം നാരായണൻ
Published on Sep 30, 2025, 04:37 PM | 9 min read
പാഞ്ചാലത്തിലുൾപ്പെടുമ്പോൾ തന്നെ, ഹസ്തിനപുരത്തിനും അവകാശവാദമുള്ള അതിരിടമാണ് ‘ആത്രേയകം.' രാജ്യങ്ങൾക്കുപുറമെ, രണ്ട് ലോകങ്ങൾതന്നെ കൂട്ടിമുട്ടുന്ന, ഇഹപരങ്ങൾ സന്ധിക്കുന്ന, തുറക്കുമ്പോൾ മുന്നിൽ നാകമോ, നരകമോ എന്നറിയാത്ത ഏതോ പടിപ്പുരമുറ്റത്താണ് അത് സ്ഥിതിചെയ്യുന്നത്. ജീവിതത്തിന്റെ അകക്കാമ്പിൽനിന്ന് പുറമ്പോക്കിലേക്ക് ആട്ടിയകറ്റപ്പെട്ടവരാണ് അവിടെ അധിവസിക്കുന്നത്. "ഭൂമി എല്ലാവർക്കും സുന്ദരമല്ല. അത് മനസ്സിലാക്കാൻ ശൂദ്രയോനിയിലോ, സ്ത്രീയായോ, നപുംസകമായോ ജനിക്കണം’ എന്ന് ഈ പുസ്തകത്തിലൊരിടത്ത് ആർ രാജശ്രീ എഴുതുന്നുണ്ട്. ഇങ്ങനെ പലകാരണങ്ങളാൽ ഭൂമിയും അതിലെ ജീവിതവും വിഷാദമയമായിത്തീർന്നവരുടെ കഥയിൽ സ്ഥൂലത്തിലെന്നപോലെ സൂക്ഷ്മത്തിലും വെളിച്ചം വീഴ്ത്തി നിൽക്കുന്ന മഹാരൂപകമായി ‘ആത്രേയക'മെന്ന ഈ സങ്കൽപ്പസ്ഥലരാശി വികസിക്കുന്നുണ്ട്. അവിടെ പാർക്കുന്നവർ രാജ്യമേതെന്നറിയാത്തവർ മാത്രമല്ല, ലിംഗപരമായ സ്വത്വപ്രശ്നത്തിനുപോലും ഉത്തരമില്ലാത്തവരാണ്. അവരുടെ സ്വത്വപരവും അതിലേറെ അസ്തിത്വപരവുമായ സന്ദിഗ്ധതകളെയാണ് ‘ആത്രേയകം' പ്രതിനിധീകരിക്കുന്നത്.
/ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
ആണോ പെണ്ണോ ആവുകയാണ് മനുഷ്യജനുസ്സിന്റെ പ്രകൃതമെന്നും, അതുരണ്ടുമല്ലാത്ത ‘ഉഭയലിംഗ' ജീവിതം പ്രകൃതിവിരുദ്ധമോ സൃഷ്ടിപ്രക്രിയയിൽ സംഭവിച്ച കൈപ്പിഴയോ ആണെന്നും ആളുകൾ കരുതിയിരുന്നു. എന്നാൽ പ്രാചീന സാഹിത്യഭാവന, ‘ഹെർമാഫ്രോഡൈയിറ്റി’യെയും ‘അർധനാരീശ്വര’നെയും പ്രാധാന്യത്തോടെ പരിചരിക്കുന്നുണ്ട്. പെൺവടിവെടുത്ത വിഷ്ണുവിന്റെ മോഹിനീരൂപവും, അജ്ഞാതവാസത്തിന് ‘ബൃഹന്ദള’യായപ്പോൾ അർജുനന് ഉർവശീശാപം ഉപകാരമായതും, ഭീഷ്മരോടുള്ള അംബയുടെ പ്രതികാരം ‘ശിഖണ്ഡി’യായി ഉരുവം കൊള്ളുന്നതും എല്ലാം ഇതിഹാസകൃതികളുടെ ഇതിവൃത്തഘടനയിൽ ഇടംപിടിക്കുന്നുണ്ടല്ലോ. ഇതിഹാസകാലം പിന്നിട്ട് മുന്നേറിയ താരതമ്യേന പുതിയ ചരിത്രഘട്ടത്തിൽ ഉദയംചെയ്ത സംഘടിത മതസങ്കൽപ്പങ്ങൾ, ആൺ‐പെൺ ബന്ധങ്ങൾക്കപ്പുറമുള്ള ഒരു ലൈംഗികജീവിതം അംഗീകരിക്കുകയോ അനുവദിക്കുകയോ ചെയ്യുന്നില്ല. പ്രസ്തുത മതാനുശാസനങ്ങൾ സ്വവർഗാനുരാഗം വധശിക്ഷാർഹമായ കുറ്റകൃത്യമോ ദൈവികമായ നിയമത്തിന്റെ നിഷേധമോ മാപ്പർഹിക്കാത്ത പാപമോ ആയാണ് പരിഗണിക്കുന്നത്. ലോകത്ത് സർവത്ര നവയാഥാസ്ഥിതികത്വവും മതമൗലികവാദവും അപരവിശ്വാസവിദ്വേഷവിഷവും വ്യാപിക്കുന്ന ഈ കാലത്ത്, ‘ആത്രേയക’ത്തിന്റെ അരങ്ങിൽ LGBTQ വിഭാഗത്തിൽ ഉൾപ്പെട്ടവരെ കഥയുടെ പതാകാവാഹകരായി അണിനിരത്തുമ്പോൾ, ഈ എഴുത്തുകാരി, കലാപോന്മുഖമാണ് തന്റെ കലാവൈഭവമെന്നുകൂടി പറയാതെ പറയുന്നുണ്ട്.
സ്ത്രീ/പുരുഷ ലിംഗഭേദം ജന്മജം (Natural) ആണെങ്കിലും സ്ത്രീത്വവും പുരുഷത്വവും എന്ന ലിംഗപദവി (Gender), സാമൂഹ്യപദവി (Social Status) പോലെ, സാംസ്കാരികമോ (Cultural) പ്രത്യയശാസ്ത്രപരമോ (Ideological) ആണെന്ന് തിരിച്ചറിയാൻ കഴിയാതെ പോകുമ്പോഴാണ് ലൈംഗികമായ അസമത്വം പിടിമുറുക്കുന്നത്. ആരും സ്ത്രീയായി ജനിക്കുകയല്ല, സ്ത്രീ ആയിത്തീരുകയാണെന്ന് സിമോൻ‐ദി‐ബോവർ പറയുന്നു. സമൂഹത്തിൽ ഉപരിവർഗം കീഴാളരെ അടിച്ചമർത്തും പോലെ, കുടുംബവ്യവസ്ഥ, സ്ത്രീയ്‌ക്ക് കീഴാള പദവിയാണ് ചാർത്തി നൽകുന്നത്. ഏത് സാമൂഹ്യ‐സാമ്പത്തിക വർഗത്തിലുൾപ്പെട്ടാലും സ്ത്രീകൾ ഒരു സവിശേഷ മർദിത വർഗമാണെന്ന് ക്രിസ്റ്റിൻ ഡൽഫി (Christine Delphy), ബോവറുടെ ആശയങ്ങളോട് ചേർന്ന് നിന്നുകൊണ്ട് എഴുതുന്നു. ഹെലൻ സിക്സസ് (Helene Cixas) പുരുഷാധിപത്യപരമായ ദ്വന്ദ്വ ചിന്ത (Patriarchal binary thought) യെ വിശദീകരിക്കുമ്പോൾ, തല/ഹൃദയം, സംസ്കാരം/പ്രകൃതി, സൂര്യൻ/ചന്ദ്രൻ, സക്രിയത/നിഷ്ക്രിയത തുടങ്ങിയ വിപരീത ദ്വന്ദ്വങ്ങളിൽ വലതുഭാഗത്ത്, രണ്ടാം സ്ഥാനത്താണ്, ആൺകോയ്മ, സ്ത്രീയുടെ പദവി നിർണയിച്ചു നൽകുന്നതെന്ന് നിരീക്ഷിക്കുന്നുണ്ട്. സ്ത്രീക്ക് സ്വന്തമായ ഭാഷയോ, അതുകൊണ്ടുതന്നെ ചിന്തയോ ഇല്ലെന്നും അവൾ പുരുഷചിന്ത, പുരുഷ ഭാഷയിൽ ആവർത്തിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നുവെന്നും ലൂസി ഇറിഗറി (Luce Irigaray) പറയുന്നു. ലിംഗപദവി ഒരു പുരുഷാധിപത്യ നിർമിതിയാകയാൽ പീഡനം ഏറ്റുവാങ്ങേണ്ടിവരുന്ന സ്ത്രീകളുടെ വീക്ഷണസ്ഥാനത്ത് (Stand point) സ്വയം നിലയുറപ്പിച്ചുകൊണ്ടാണ് രാജശ്രീ ഈ കഥ പറയുന്നത്.
ആർ രാജശ്രീ
"ആത്രേയക’ത്തിന്റെ ആഖ്യാനത്തിനകത്ത് സർവത്ര നിറഞ്ഞുനിൽക്കുന്ന നിരമിത്രന് (Transman) തന്റെ പെറ്റമ്മയോടും ചിറ്റമ്മയായ ഹരിണിയോടും സോദരിയായ കൃഷ്ണയോടും തന്റെ വധുവായതിൽ വേദനയും അപമാനവും പേറേണ്ടിവന്ന ദശാർണ രാജകുമാരിയോടും ഇളയോടും ലൈംഗിക പങ്കാളിയായ വിശാഖ (Transwoman)യോടും മാത്രമല്ല, ചൂഡകൻ, ബലൻ, ഗദൻ തുടങ്ങിയ വംശീയമായി അധിക്ഷിപ്തരായവരോടുമെല്ലാം ഐക്യപ്പെടാൻ കഴിയുന്നുണ്ട്. "മനുഷ്യൻ മറ്റു മനുഷ്യരോട് ചെയ്യുന്ന അവമതികൾ കർശനമായി വിലക്കണമെന്ന്’ അയാൾ ആഗ്രഹിക്കുന്നുമുണ്ട്. ചുരുക്കത്തിൽ ‘ശൂദ്രയോനിയിലോ സ്ത്രീയായോ നപുംസകമായോ' ജനിക്കാൻ ശപിക്കപ്പെട്ടവരെയെല്ലാം ചേർത്ത് ഒരു ‘മിത്രനിര' വളർത്തിയെടുക്കാൻ നിരമിത്രൻ തന്നെത്തന്നെ സമർപ്പിക്കുന്നുണ്ട്.
മുഖ്യമായും കുരുരാജവംശത്തിന്റെ അധികാര തർക്കങ്ങളെ, അന്തഃസംഘർഷങ്ങളെ, അതിന്റെ ദുരന്തപരിണാമം വരെ വിവരിച്ചുപോകുന്ന വ്യാസഭാരതത്തെ ഉപജീവിക്കുന്നതിനല്ല, അപനിർമിക്കുന്നതിനുള്ള സാഹസികമായ സർഗദൗത്യമാണ് ആർ രാജശ്രീ ഏറ്റെടുക്കുന്നത്. ഇതിഹാസ കഥയിലെ സങ്കീർണമായ സമസ്യകളുടെ, തമോഗർത്തങ്ങളുടെ, മഹാമൗനങ്ങളുടെ പുതുവെളിച്ചത്തിലുള്ള പുനർദർശനവും പുനർവായനയും പുനരാഖ്യാനവുമാണിത്. രാമരാവണന്മാരും ഭീമാർജുനന്മാരും അക്കിലീസും ഹെക്ടറുമടങ്ങുന്ന വീരപുരുഷന്മാരുടെ, കുന്തിയും ഗാന്ധാരിയും പോലുള്ള വീരമാതാക്കളുടെ, ദ്രൗപദിയും ജനകജയും ഹെലനുമടങ്ങുന്ന വീര വധൂജനങ്ങളുടെ കഥകളാണ് ഇതിഹാസകവികൾ പാടിയത്. അതുകൊണ്ടാണ് അവ ബൃഹദാഖ്യാനങ്ങളായി കേളിപ്പെട്ടത്. ദൈവങ്ങൾ പരിത്യജിച്ച പുതുലോകത്തിന്റെ ഇതിഹാസമാണ് നോവൽ. എന്നാൽ ഇവിടെ നിരമിത്രനെ പോലെ വീരനോ എന്തിന് പുരുഷനോ പോലുമല്ലാത്തവർക്ക് കഥയുടെ പുരോഭാഗത്ത് തന്നെ പ്രതിഷ്ഠ നൽകിയ ആർ രാജശ്രീ, നമ്മുടെ കഥനകലാ ചരിത്രത്തിൽ നെടുനാളായി നിലനിൽക്കുന്ന വിചാരമാതൃകയോട് സ്വയം വിച്ഛേദിക്കാനുള്ള ഇച്ഛാശക്തിയാണ് പ്രകടിപ്പിച്ചത്. വലിയവരുടെ സ്ഥൂലകഥ (Metanarrative) ഇവിടെ ചെറിയവരുടെ സൂക്ഷ്‌മകഥ (Micro Narrative) യായി രൂപാന്തരപ്പെടുകയും ചെയ്തിരിക്കുന്നു.
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
നേരത്തെ സൂചിപ്പിച്ചതുപോലെ ആത്രേയകവാസികൾ രാജ്യമില്ലാത്തവരാണ്. തൊഴിലാളിവർഗത്തിന് രാജ്യമില്ലെന്നും അവർ ഒരു സാർവദേശീയ വർഗമാണെന്നും മാർക്സ് എഴുതുമ്പോൾ, ലോകത്ത് തൊഴിലാളികൾ സങ്കുചിത രാജ്യാഭിമാനത്തിന്റെ ചങ്ങലക്കെട്ടിൽക്കുടുങ്ങിക്കിടപ്പായിരുന്നു. എന്നാലിന്ന് പൗരത്വം നിഷേധിക്കപ്പെട്ടവരും ആട്ടിയോടിക്കപ്പെട്ടവരും വേട്ടയാടപ്പെട്ടവരും അഭയാർഥികളും കുടിയേറ്റക്കാരും ആയ പരമനിസ്വരായ മനുഷ്യർ ലോകരാജ്യങ്ങളുടെ തെരുവുകളിൽ തിങ്ങിനിറയുകയാണ്. ഒരു സാർവദേശീയ വർഗമായി അവരെ കൂട്ടിച്ചേർക്കുന്ന സാർവദേശീയ ബോധവും പരപ്രേരണകൂടാതെ, സാഹചര്യത്തിന്റെ സമ്മർദം കൊണ്ടുതന്നെ സാധ്യമാവുന്ന ചരിത്രത്തിലെ അപൂർവമായ ഒരസുലഭശുഭയാമം വന്നുചേർന്നിരിക്കുന്നു. കാലത്തിന്റെ മുഖ്യവും മൂർത്തവുമായ ഒരു രാഷ്‌ട്രീയ പ്രശ്നം ഈ എഴുത്താളുടെ അറിവോ അനുവാദമോ ഇല്ലാതെ നോവലിന്റെ രാഷ്‌ട്രീയഅബോധ (Political Unconscious)മായി തീർന്നത് ‘ആത്രേയക’ത്തിന് നമ്മുടെ വായനാസമൂഹം വൻ വരവേൽപ്പ് നൽകാൻ കാരണമാവുകയും ചെയ്തു. എന്നാൽ ഈ ആഖ്യാനകലാകൗശലം, പാത്രസൃഷ്ടിയുടെ കാര്യത്തിൽ എത്രമേൽ സംദൃശ്യമാണെന്ന പ്രശ്നംകൂടി പരിഗണിക്കേണ്ടതുണ്ട്. നിരന്തരം അപമാനിക്കപ്പെടുന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ, അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ, അരികുവൽക്കരിക്കപ്പെടുന്ന കീഴാളരുടെയൊക്കെ കഥയായതുകൊണ്ടുമാത്രം പുതുമയും മഹിമയും അവകാശപ്പെടുകവയ്യ. ജനസംഖ്യാനുപാതികമായി നോക്കിയാൽ തന്നെ പുരാണേതിഹാസങ്ങളിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുകയുണ്ടായി. കഥാനായികമാർ നായകന്മാരെ അപേക്ഷിച്ച് കൂടുതൽ മിഴിവും കഴിവും ഉള്ളവരുമായിരുന്നു. "രാമന്മാർ ഇനിയുമുണ്ടാകും എന്നാൽ സീത, അതൊന്നുമാത്ര’മെന്ന രാമായണ കാവ്യത്തെക്കുറിച്ചുള്ള വിവേകാനന്ദന്റെ പ്രസ്താവന വിഖ്യാതമാണ്. രാമലക്ഷ്മണന്മാരിലെന്നപോലെ രാക്ഷസരാജാവായ രാവണനിലും ശൂദ്രനായ ശംബൂകനിലും ഇതിഹാസ ഭാവനയുടെ വെളിച്ചം വ്യാപിക്കുന്നുണ്ട്.
ഇതിഹാസകാലത്ത് വർണാശ്രമ ധർമങ്ങൾ നീക്കുപോക്കില്ലാത്ത നിയോഗങ്ങളൊന്നും ആയിരുന്നില്ല. കുലത്തൊഴിൽ വ്യവസ്ഥ അത്യന്തം അയവേറിയതായിരുന്നു. ക്ഷത്രിയനല്ലെങ്കിലും സൂതനായ കർണൻ രാജാവാകുന്നുണ്ട്. കുലമല്ല, ഗുണമാണ് രാജപദവിക്ക് കർണന് അർഹത നൽകിയത്. ഭാരതയുദ്ധത്തിൽ കൃഷ്ണനും ശല്യരും അർജുനന്റെയും അംഗേശനായ കർണന്റെയും സൂതരായി വലിയ പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് അവർക്ക് പതിത്വം സംഭവിക്കുന്നില്ല. ബ്രാഹ്മണരായ ദ്രോണരും കൃപരും അശ്വത്ഥാമാവും യുദ്ധവീരന്മാരായി ക്ഷാത്രധർമം പിന്തുടരുന്നു. അഭയാർഥികളുടെ, രാജ്യമില്ലാത്തവരുടെ കഥയാണ് ‘ആത്രേയകം'. ഭാരതകഥയിൽ നായകപക്ഷത്ത് നിൽക്കുന്ന പാണ്ഡവരും രാജ്യഭ്രഷ്ടരായി, അഭയാർഥികളായി, വനവാസികളായാണ് പലപ്പോഴും അവരുടെ ജീവിതം ജീവിച്ചത്. കൃഷ്ണനും നിജരാജ്യം വിട്ട് ഒരു വനരാജ്യത്താണ് അജപാലബാലനായി പുലർന്നത്.
അപ്പോൾ ഭാരത കഥാപാത്രങ്ങൾ സനാതനധർമത്തിന്റെ രക്ഷാഭടരായിരുന്നില്ല. ഗഹനമായ ധർമത്തിന്റെ ഗതിയോരാതെ ഉഴലുന്നവരായിരുന്നു. എന്നാൽ രാജശ്രീയുടെ കഥയിൽ അവരൊക്കെ ചതിയന്മാരും ക്രൂരന്മാരും കൊല കലയായി കൊണ്ടുനടക്കുന്നവരുമാണ്. പ്രതീതി ഖണ്ഡനം സാഹിത്യ രചയിതാവിന് പറ്റിപ്പോകുന്ന ശിക്ഷാർഹമായ ഒരു കുറ്റകൃത്യമല്ല. എന്നാൽ ഏത് വ്യതിയാനവും യുക്തിസഹമാകണം. അതുകൊണ്ട് കലാപരമായ എന്ത് കൈവല്യമാണ് കൈവരുന്നതെന്ന് കൃതി ബോധ്യപ്പെടുത്തുകയും വേണം. ‘ആത്രേയക’ത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങളും സ്ത്രീകളും ഗോത്രവംശീയരും നന്മയുടെ പൂമരങ്ങളാണെങ്കിൽ, പാണ്ഡവരും പാഞ്ചാലനും കൃഷ്ണനുമടക്കമുള്ളവർ തിന്മയുടെ കള്ളിമുൾച്ചെടികളാണ്. വംശ‐വർണ‐ജാതി‐ലിംഗ ഭേദങ്ങളെ മാനദണ്ഡമാക്കി മനുഷ്യരെ നന്മനിറഞ്ഞവരും തിന്മ തികഞ്ഞവരുമെന്ന് വിഭജിക്കാൻ ആവില്ലെന്ന ആശയത്തിന് മേൽക്കോയ്മ ലഭിച്ചത് നവോത്ഥാനത്തിന്റെ സന്ദർഭത്തിലാണ്. എഡ്വേർഡ് സെയ്ദ്, പാശ്ചാത്യർ പരിഷ്കൃതരും പൗരസ്ത്യർ പ്രാകൃതരുമെന്ന ‘വിഭജനത്തിന്റെ നിയമ' (Law of division) ത്തെ ചോദ്യം ചെയ്യുകയും പരസ്പരം കൂട്ടിത്തൊടാത്ത, ഇടകലരാത്ത, ദ്വന്ദ്വങ്ങൾ മനുഷ്യർക്കിടയിലുണ്ടെന്നത് കെട്ടുകഥയാണെന്നും, യഥാർഥത്തിൽ സംഘർഷങ്ങളും കലഹങ്ങളും യുദ്ധങ്ങളും മാത്രമല്ല, അവർ സമാന്തരമായി പരസ്പരം സംഗമിക്കുകയും സംയോജിക്കുകയും ചെയ്യുമെന്ന സമന്വയാധിഷ്‌ഠിത സമീപനം (Contrapuntal approach) മുന്നോട്ടു വെക്കുന്നുണ്ട്.
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
കൗരവരിൽ തിന്മക്കൊപ്പം നന്മയും, പാണ്ഡവരിൽ നന്മയോടൊപ്പം തിന്മയും ഉണ്ടെന്ന് അവരുടെ ജീവിതത്തെയാകെ കീഴ്മേൽമറിക്കുന്ന സന്ദർഭങ്ങൾ ചിത്രീകരിക്കുമ്പോൾ ഇതിഹാസകവി വ്യക്തമാക്കുന്നുണ്ട്. ചൂതുകളി, യുദ്ധത്തിന്റെ ഒരു ‘മിനിയേച്ചർ' ആണ്. കള്ളച്ചൂതുവച്ച് കൗരവർ ആ യുദ്ധം ജയിച്ചുവെങ്കിൽ, ചതിച്ചും നുണപറഞ്ഞും കപടങ്ങൾകാട്ടിയും കുരുക്ഷേത്രയുദ്ധമാകുന്ന ‘ചതുരംഗ’ ലീലയിൽ പാണ്ഡവരും വിജയികളായി. ഫലത്തിൽ ഇരുകൂട്ടരും വിപരീതങ്ങളായ ഇരട്ടകളല്ല. വേർപിരിക്കാനാവാത്ത ഇരട്ടകളാണെന്നാണ് ഇതിഹാസകാരൻ വിവക്ഷിക്കുന്നത്. എന്നാൽ ആർ രാജശ്രീ ആകട്ടെ തന്റെ നോവലിൽ, പാണ്ഡവരെ ദുർമൂർത്തികളാക്കാൻ "കൗരവരുടെ കാര്യം അങ്ങനെയാവാം പക്ഷെ, പാണ്ഡവർ വനവാസികളോട് അത്രത്തോളം സഹിഷ്ണുത കാണിച്ചതായി അറിവില്ല’ എന്നും "ഹസ്തിനപുരം രാജ്യവിസ്തൃതിയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത് രാജ്യധാനിയിലേക്കുള്ള പാണ്ഡവരുടെ വരവോടുകൂടിയാണ്, പാണ്ഡവരിൽ ഭീമന്റെയും അർജുനന്റെയും പ്രധാന പരിഗണന ഹസ്തിനപുരത്തിന്റെ അതിരുകൾ വികസിപ്പിക്കുന്നതിലായിരുന്നു’ എന്നും മുൻവിധിയോടെ, പിന്തുണയ്‌ക്കാൻ ഒരു തെളിവുമില്ലാതെ ആർക്കോ വേണ്ടി വെറുതെ വാദിക്കുന്നു. പാണ്ഡവർക്കെതിരെ അവർ ചെയ്യാത്തതും തെളിവില്ലാത്തതുമായ കുറ്റപത്രമെഴുതുന്ന രാജശ്രീ കഥാഗതിയെ വഴിതിരിച്ചുവിടുന്ന കള്ളച്ചൂതുകളി, പാഞ്ചാലീവസ്ത്രാക്ഷേപം തുടങ്ങിയ കൗരവരുടെ നിരവധി ദുഷ്കൃത്യങ്ങളെ മൗനഭാജനം കൊണ്ട് മൂടുന്നു. താൻ സ്ത്രീ മാത്രമല്ല, സ്ത്രീപക്ഷവാദിയുമാണെന്നും സ്വയം അവകാശപ്പെടുന്ന ഒരു എഴുത്തുകാരി, കുരുസദസ്സിൽവച്ച് പാണ്ഡവപത്നിയുടെ ഉടുപുടവ വലിച്ചഴിച്ച സംഭവം വിവരിക്കാതെ വിട്ടത് എന്തിനായിരുന്നു? യുദ്ധഭൂമിയിൽ ഒഴുകി ഒടുങ്ങുന്ന ‘ആത്രേയക'ത്തിൽ കൗരവരുടെ ദുഷ്ചെയ്തികളെ സമ്പൂർണമായി തമസ്കരിച്ചതിന്, ദുര്യോധനാദികളെ കഥയുടെ അരങ്ങിൽ വരാതെ അണിയറയിൽ ഇരുത്തിയതിന് ഒരു കാരണവും കാണുന്നില്ല. എപ്പോഴും ദുരുദ്ദേശ്യങ്ങളും എവിടേയും ദുർവൃത്തികളും മാത്രം പാണ്ഡവർക്ക് പതിച്ചുനൽകി, ഇതിഹാസപാത്രങ്ങളെ തന്നിഷ്ടം പോലെ ഇങ്ങനെ തലകുത്തി നിർത്തിയതിന് കലാപരമായ യുക്തിയും അനിവാര്യതയും ബോധ്യപ്പെടുത്താൻ ബാധ്യതയുണ്ട്. ഏത് മർത്യക്രിയയുടെ പിന്നിലും, അത് കലയിലായാലും ജീവിതത്തിലായാലും, സവിശേഷമായ ചിത്തവൃത്തികളും ആഴമേറിയ ആത്മസംഘർഷങ്ങളുമുണ്ട്. വാക്കും കർമവും മഞ്ഞുമലയുടെ പ്രത്യക്ഷമായ മേലറ്റം മാത്രമാണ്. തന്റെ കഥാപാത്രങ്ങളുടെ വികാരങ്ങൾ തിരയടിക്കുന്ന ഹൃദയസമുദ്രത്തിൽ മഗ്നമായ വൻകരകളെ വെളിപ്പെടുത്താൻ രാജശ്രീ പരിശ്രമിക്കുന്നതേയില്ല. അതുകൊണ്ടുതന്നെ ആഖ്യാനം ആത്മനിഷ്ഠമായ പക്ഷഭേദങ്ങളുടെ നിറമണിഞ്ഞെത്തുന്ന സംഭവങ്ങളുടെ ശിഥില ശൃംഖലമാത്രമായി മാറുകയും ചെയ്തു.
പാത്രസൃഷ്ടിയിലുള്ള ഈ യുക്തിഭംഗം ദ്രുപദനും റാണിയും നിരമിത്രനും തമ്മിലുള്ള ബന്ധത്തിൽ പ്രകടമാകുന്നുണ്ട്. ദ്രുപദനും റാണിയും, നിരമിത്രനോട് ആദ്യം ഏറെക്കുറെ ഒരേ സമീപനമാണ് പുലർത്തുന്നത്. നോവലിൽ മാത്രമല്ല, ജീവിതത്തിലും ചരിത്രത്തിലും സ്വയം ഒരു പീഡിത വിഭാഗമാണെങ്കിലും സ്ത്രീയും പുരുഷനെ പോലെ ‘ട്രാൻസ്ജെന്റർ' സ്വത്വത്തോടും സ്വവർഗാനുരാഗത്തോടും പലപ്പോഴും എടുക്കുന്ന നിലപാടുകൾ സമാനമാവാറുണ്ട്. സ്ത്രീവാദികളായ സ്ത്രീകൾപോലും ഇക്കാര്യത്തിൽ പുരുഷാധിപത്യ വീക്ഷണത്തോട് ഒത്തുപോകുന്നവരാണെന്ന വിമർശനവും പുതിയ കാര്യമല്ല. "അലസിപ്പോയ ഗർഭത്തോടുപോലും എനിക്കിതിലും മമത തോന്നുകയാണിപ്പോൾ... ഒന്നും വേണ്ടിയിരുന്നില്ല’ എന്ന് റാണി നിരമിത്രന്റെ അമ്മയായതിൽ സ്വയം ശപിക്കുന്നു. വിശാഖയോട് (Transwoman) നിരമിത്രന്റെ മുറിയിലേക്ക് തന്റെ അനുമതിയില്ലാതെ "നിങ്ങളിൽ ഒറ്റയാളും ഇനിമേലിൽ പ്രവേശിക്കരുത്. രാജകുമാരനിൽ അതിരുവിട്ട ഒരു സ്വാതന്ത്ര്യവും ആർക്കും ഇനി വേണ്ട. അന്തപുരത്തിലേക്ക് ലക്ഷണമൊത്ത സ്ത്രീകളെ ഞാൻ നിയോഗിച്ചുകൊള്ളാം’ എന്ന് ആജ്ഞാപിക്കുന്നുണ്ട്. നിരമിത്രൻ വരണാർഥം പാഞ്ചാലത്തിൽ നിന്ന് ദശാർണത്തിലേക്ക് പോകുമ്പോൾ വിശാഖയേയും സംഘത്തേയും കൂടെ അയക്കാൻ റാണി സമ്മതിക്കുന്നില്ല. എന്നാൽ ഇതേ റാണി, തന്റെ പുത്രവധുവായി വന്ന ദശാർണ രാജകുമാരി വിവാഹരാത്രിയിൽ പിണങ്ങി ഇറങ്ങിപ്പോയതറിഞ്ഞ് കോപാകുലനായി നിരമിത്രന്റെ അറയിലേക്ക് പോകുന്ന ദ്രുപദനെ തടയുന്നുണ്ട്. നിരമിത്രനെ രാജാവ് അകാരണമായി അധിക്ഷേപിക്കുമ്പോൾ, "അങ്ങ് മഹാപാപം പറയരുത്’ എന്ന് വിലക്കാൻ ശ്രമിക്കുന്നുണ്ട്. അത് അവഗണിച്ചുകൊണ്ട് അയാൾ കലിതുള്ളി നിരമിത്രന്റെ ‘ക്ലീബ'ത്വത്തെ അപഹസിക്കുമ്പോൾ, അപമാനിക്കുമ്പോൾ "രാജാവേ, നമ്മുടെ മകനാണ്. യുവരാജാവാണ്. ഔചിത്യമില്ലാതെ സംസാരിക്കരുത്’ എന്ന് വീണ്ടും ഇടയിൽ കയറി പറയുന്നുണ്ട്. പിന്നീട് ദ്രുപദൻ അയാളുടെ തന്നെ ഭാഷയിൽ ‘ആൺവേഷക്കാരനായ മകന്റെ' മുന്നിലിട്ട് "പുരുഷന് സ്ത്രീ വിളമ്പിവെച്ച വിഭവമാണ്’ എന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ വാക്കുകൾ പുലമ്പിക്കൊണ്ട് അവന്റെ അമ്മയെ ബലമായി പ്രാപിക്കുമ്പോൾ, തന്നോട് കാട്ടുന്ന അതിക്രൂരവും ഒരമ്മയ്‌ക്കും സഹിക്കാനാവാത്തവിധം അപമാനകരവുമായ ആ അത്യാചാരത്തെ പ്രതിരോധിക്കാതെ, റാണി നിസ്സഹായം അതിന് വിധേയയാവുകയാണ് ചെയ്യുന്നത്. "ഉടമയ്‌ക്ക് അടിമയുടെ കുടിലിൽ സ്വച്ഛന്ദം പ്രവേശിക്കാം. അതയാളുടെ പ്രത്യേകമായ അവകാശമാണ്. എന്നാൽ അടിമ, തന്റെ കുടിലിൽനിന്ന് അയാളെ പുറത്താക്കുമ്പോൾ, താനിനിമുതൽ ഒരടിമയല്ല എന്ന് സ്വയം പ്രഖ്യാപിക്കുകയാണ്’ എന്ന് മരിലിയൻ ഫ്രൈ (Mariliyan Frye) ഒരിടത്ത് എഴുതിയിട്ടുണ്ട്. ഇവിടെ തന്റെ അനുവാദമില്ലാതെ തന്നിലേക്ക് പ്രവേശിക്കുന്ന ദ്രുപദനെ തടയാൻ ശ്രമിക്കാത്ത റാണി, ‘താൻ ഒരടിമയാണ്, അടിമ മാത്രമാണ്' എന്ന് സമ്മതിക്കുകയാണ് ചെയ്തത്. അതീവ ഹ്രസ്വമായ ഒരു കഥാകാലത്തിനിടയ്‌ക്ക് തന്റെ കഥാപാത്രം പ്രതിഭിന്നമായ മുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനുപിന്നിലുള്ള ചോദനകളെ, പ്രേരണകളെ, ആന്തരിക സമ്മർദങ്ങളെ, രേഖപ്പെടുത്തിവെക്കാനുള്ള കലാപരവും ധാർമികവുമായ ഉത്തരവാദിത്വം വഹിക്കാൻ എഴുത്താളുടെ സന്നദ്ധത ഈ പുസ്തകത്തിലൊരിടത്തും സംദൃശ്യമാകുന്നില്ല.
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
റാണിയുടെ നിസ്സഹായതയ്‌ക്കും നിസ്സംഗതക്കുമെന്നപോലെ അവരെ ഒരു പരീക്ഷണവസ്തുവാക്കി, മകന്, ലൈംഗികാതിക്രമത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാൻ മാത്രം പ്രകോപനം രാജാവിനുണ്ടാവാനും കാരണമില്ല. മകന്റെ ഉഭയലിംഗ ജീവിതം അയാൾക്കൊരു പുതിയ കാര്യമല്ലല്ലോ. അങ്ങനെയൊരാളെ വിവാഹത്തിന് നിർബന്ധിച്ച് ഉന്തിപ്പറഞ്ഞയച്ചത് ദ്രുപദൻ തന്നെയല്ലേ? പരിണിതഫലം എന്തായാലും അതിനുത്തരവാദിയും അയാൾ തന്നെയല്ലേ? അതുകൊണ്ട് കോപക്കലി ബാധിച്ച് ദ്രുപദൻ നിരമിത്രനെ നിന്ദിക്കുകയും അപമാനിക്കുകയും മാത്രമല്ല, അവന്റെ അമ്മയെ പീഡിപ്പിക്കുകയും ചെയ്യുന്നത് സാഹിത്യപരമായ യുക്തിക്കോ സാമാന്യബുദ്ധിക്കുപോലുമോ നിരക്കുന്നതല്ല. കഥാന്ത്യത്തിൽ യുദ്ധരംഗത്ത് വിശ്വവിജയിയായ ഭീഷ്മപിതാമഹനോട് വീരന്മാരായ പോരാളികളെ അതിശയിപ്പിക്കുംവിധം പടവെട്ടുന്ന നിരമിത്രൻ, അമ്മയെ അതിനിന്ദ്യമായി ആക്രമിക്കുമ്പോൾ അരുതേ എന്ന് അലറാൻ പോലുമാകാതെ സ്തംഭിച്ചു നിന്നതിനെ സാധൂകരിക്കാൻ ഒരു വാക്കുപോലും എഴുതി ചേർക്കാതെ തന്റെ പുസ്തകം പൂർത്തിയായെന്ന് രാജശ്രീ കരുതുന്നു.
ദ്രുപദന്റെയും ഹരിണിയുടെയും പരസ്പരങ്ങളിലും ‘ആത്രേയക'ത്തിന്റെ കഥാഗാത്രത്തിലും പാത്രപരിചരണത്തിലും ആദ്യന്തം ആർക്കും ഉപദർശിക്കാവുന്ന പാളിച്ചകളും പൊരുത്തമില്ലായ്മയും കാണുന്നുണ്ട്. "ദ്രുപദൻ അവളുടെ ശരീരത്തിലേക്ക് വീണ്ടും ചാടിവീണെങ്കിലും’, അതനുവദിക്കാതിരിക്കുമ്പോഴും, "ദ്രുപദന്റെ യാചന കേട്ട്... അമർത്തിച്ചിരി’ക്കുമ്പോഴും താൻ ആരുടേയും അടിമയല്ലെന്നുതന്നെയാണ് ഹരിണി അടയാളപ്പെടുത്തുന്നത്. എന്നാൽ കൊട്ടാരത്തിലെത്തുന്നതോടെ റാണിയിൽ കണ്ടതുപോലുള്ള അകാരണമായ പരിണാമം ഹരിണിക്കും സംഭവിക്കുന്നു. രാജാവിന് മാത്രമല്ല, സ്വപുത്രനായ ധൃഷ്ടനുപോലും തട്ടിയുരുട്ടാൻ അവൾ സ്വയം വിട്ടുകൊടുക്കുന്നു.
കുന്തിയുടേയും കൃഷ്ണയുടേയും അന്യോന്യം പൂരിപ്പിക്കുന്ന ജീവിതോദന്തങ്ങളിലൂടെയാണ് ഇതിഹാസഭാവനയിൽ വിടർന്ന സ്ത്രീസങ്കൽപ്പവൃത്തം പൂർത്തിയാവുന്നത്. ആണധീശ്വത്വമല്ല, പെൺകോയ്മാബോധമാണ് കുന്തിയുടെ ചിന്തകളേയും നിലപാടുകളേയും നിശ്ചയങ്ങളേയും നിർണയിക്കുന്നത്. ബഹുഭർതൃത്വം സ്ത്രീപ്രാമാണ്യമുള്ള ഒരു കാലത്തെയാണ് ഓർമപ്പെടുത്തുന്നത്. ബഹുഭാര്യാത്വമാകട്ടെ നേരെമറിച്ച് സ്ത്രീക്കുണ്ടായിരുന്ന ആ സാമൂഹ്യപദവി നഷ്ടപ്പെട്ടതിന്റെ സൂചനയാണ്. കുന്തി, പല ഭർത്താക്കന്മാരെ സ്വച്ഛന്ദം വരിക്കുകയും സ്വതന്ത്രമായി ത്യജിക്കുകയും ചെയ്യുന്നു. എന്നാൽ കൃഷ്ണയ്‌ക്കുമേൽ ബഹുഭർതൃത്വം അടിച്ചേൽപ്പിക്കപ്പെട്ടതാണ്. ആദ്യത്തേത് അഭികാമ്യവും രണ്ടാമത്തേത് ആർക്കായാലും അഭിശാപവുമാണ്. ആദ്യത്തേത് പ്രത്യക്ഷമായ മാതൃമേധാവിത്വവും രണ്ടാമത്തേത് പരോക്ഷമായ പിതൃമേധാവിത്വവുമാണ്. എന്നാൽ ഒന്നാമത്തേതിനെ തിരസ്കരിക്കുകയും രണ്ടാമത്തേതിനെ പുരസ്കരിക്കുകയും ചെയ്യുക എന്ന വിചിത്രമായ വിപര്യയമാണ്, സ്ത്രീപക്ഷവാദിയാണെന്ന് സ്വയം കരുതുന്ന ഒരാൾ ഈ പുസ്തകം എഴുതിയപ്പോൾ സംഭവിച്ചത്.
ബലം, യുക്തി, രക്ഷാകർതൃത്വം, നിശ്ചയദൃഢത, ഭരണനിപുണത തുടങ്ങിയവ പുരുഷ ഗുണങ്ങളും വികാരശീലം, അബലാത്വം, വിധേയത്വം, പരിചരണ പരത തുടങ്ങിയവ സ്ത്രീഗുണങ്ങളുമായി പുരുഷാധിപത്യം നിശ്ചയിച്ചുവച്ചിട്ടുണ്ട്. പുരുഷന് പുരുഷഗുണങ്ങളും സ്ത്രീക്ക് സ്ത്രീഗുണങ്ങളും ആശാസ്യവും മറിച്ചായാൽ അപലപനീയവുമായി ആൺകോയ്മാബോധം കരുതുന്നു. നോവലിൽ കുന്തി പ്രബലയായതിനാൽ തന്നെ ദുഷ്ടശീലയും കൃഷ്ണ അബലയായതിനാൽ ഗുണവതിയുമായി ചിത്രീകരിക്കുമ്പോൾ ലോയ്സ് ടൈസൺ (Lois tyson) ‘പാട്രിയാർക്കൽ വുമൺ' എന്നുവിളിക്കുന്ന പുരുഷാധിപത്യം ആന്തരികവൽക്കരിച്ച ഒരാളുടെ ‘പെണ്ണെഴുത്ത്' മാത്രമായി ഈ നോവൽ ചുരുങ്ങിപ്പോകുന്നുണ്ട്.
തന്റേടവും തൻപോരിമയുമുള്ള സ്ത്രീ, പുരുഷാധിപത്യ പ്രത്യയശാസ്ത്രം നിർമിച്ച സാമാന്യബോധത്തിലും, അതിനെ മറികടക്കാൻ കെൽപ്പില്ലാതെ അനുസരിക്കുന്നിടത്തെ സാഹിത്യഭാവനയിലും, പ്രതിനായിക (Antagonist) യുടെ വേഷമാണ് കെട്ടിയാടേണ്ടിവരുന്നത്. ‘രാജമാതാവായ കുന്തിയുടെ വാക്ക് വെറുംവാക്കാവരുതല്ലോ' എന്ന ന്യായം പറഞ്ഞാണ് കൃഷ്ണയ്‌ക്ക് ഒട്ടും പഥ്യമല്ലാത്ത പഞ്ചഭർതൃഭാരം വഹിക്കേണ്ടിവന്നത്. ‘കുന്തിയുടെ നിശ്ചയമനുസരിച്ച് ഭീമനോടൊപ്പമാണ് അവൾ കഴിയേണ്ടത്' എന്നെഴുതുമ്പോൾ, ഭർത്താക്കന്മാരുടെ ഊഴവും അവർ കൃഷ്ണയോടൊത്ത് പാർക്കേണ്ട കാലവുമെല്ലാം കുന്തിയാണ് നിശ്ചയിക്കുന്നതെന്നാണ് രാജശ്രീ സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ മരുമകളുടെ മറ്റെല്ലാ കാര്യത്തിലെന്നപോലെ ആദ്യന്തം സ്വകാര്യവും സ്വതന്ത്രവുമാവേണ്ട ലൈംഗിക ജീവിതത്തിൽ പോലും കുന്തിയുടെ നിരീക്ഷണവും നിയന്ത്രണവും നീണ്ടുചെല്ലുന്നുണ്ട്. കുന്തിയുടെ മക്കൾ "സ്ത്രീകളെ ഭയക്കുകയോ, ഏതെങ്കിലും സ്ത്രീയിൽ നിത്യതൃപ്തിയടയുകയോ ചെയ്യുന്നവരല്ല’ എന്ന സാഭിമാനമുള്ള അവരുടെ വിചാരധാരയിലും കുന്തി ആൺകോയ്മയ്‌ക്കാണ് കാവൽ നിൽക്കുന്നത്. "ശരീരത്തിന്റെ കാര്യത്തിൽ യജമാനന്റെ ഭൂമി കൈവശം വെച്ചിരിക്കുന്ന പരിചാരികയാണ് താനെന്ന ബോധം വിട്ട് സ്ത്രീ പ്രവർത്തിക്കരുത്’ എന്നും രാജശ്രീയുടെ കുന്തി വിശ്വസിക്കുന്നു! ഗുരുജന വചനമോ കുലക്രമമോ തരുണികൾക്ക് അവ സൃഷ്ടിക്കുന്ന അസ്വാതന്ത്ര്യമോ തെല്ലും വകവയ്‌ക്കാതെ തന്റെ മനസ്സിന്റെയും വപുസ്സിന്റെയും സ്വാതന്ത്ര്യം, ആമരണം ആർക്കും അടിയറവയ്‌ക്കാത്ത പുരാണപ്രഥിതയായ ഒരു കഥാപാത്രത്തെ ഇവ്വിധം കോലം കെടുത്തിവിട്ട് തന്റെ സർഗപ്രക്രിയക്കുണ്ടായ സാഫല്യമെന്തെന്ന് സ്വയം ചോദിക്കാനും ഉത്തരം കണ്ടെത്താനും ഈ എഴുത്തുകാരിക്ക് ബാധ്യതയുണ്ട്.
‘മാദ്രത്തിന്റെ പേരുച്ചരിച്ചപ്പോൾ' കുന്തിയുടെ മുഖത്ത് ‘പ്രാചീനമായൊരു പക' തെളിയുമ്പോഴും മാദ്രി വന്നശേഷം പാണ്ഡുവിന് "നമ്മോട് കടമകളെക്കുറിച്ച് മാത്രമാണ് സംസാരിക്കാനുണ്ടായിരുന്നത്. എത്രയും വേഗം സംസാരം അവസാനിപ്പിച്ച് അദ്ദേഹം അവളുടെ അറയിലേക്ക് മടങ്ങും’ എന്ന് അവർ പറയുന്നിടത്തും, ഭർത്താവിന് വേണ്ടി സപത്നിയോടും പുത്രന്മാർക്ക് വേണ്ടി അവരുടെ വധുവിനോടും കലഹിക്കുന്ന കോപശീലയായ, പുരുഷാധിപത്യത്തിന്റെ വാർപ്പ് മാതൃകയിൽ സൃഷ്ടിച്ച സ്ത്രീയുടെ സർവലക്ഷണങ്ങളും രാജശ്രീയുടെ കുന്തിക്ക് ചേരുന്നുണ്ട്.
"തൽപ്പത്തിൽ മലർന്ന് കിടന്ന കൃഷ്ണയെ കാൽക്കൽനിന്ന് ഇള സശ്രദ്ധം വീക്ഷിച്ചു. ഇരുണ്ടുറച്ച ശരീരമാണ്. രതിയിൽ ക്ഷീണിക്കുകയില്ല. വീതിയുള്ളതെങ്കിലും ഒതുങ്ങിയ അരക്കെട്ടും ആഴമുള്ള നാഭിയുമാണ്. പുഴയിലിറങ്ങിയ ആനയെപ്പോലെ പുരുഷനെ മദിപ്പിക്കാൻ അവ ധാരാളം മതി. ആ കിടപ്പിലും അവളുടെ മുഖം പാതിമറച്ചുകൊണ്ട് സ്തനങ്ങൾ കൂർത്തുനിൽക്കുന്നു’ ‐ ഇള കൃഷ്ണയെ നോക്കിക്കാണുന്നത്, കച്ചവടസിനിമയിലെ ക്യാമറക്കണ്ണുകൾ പെണ്ണുടൽ നോക്കുംപോലെയാണ്. കച്ചവടസിനിമയിൽ സ്ത്രീകഥാപാത്രങ്ങളെ ആണിന് കാമോദ്ദീപകമായ കാഴ്ചവസ്തുക്കളായാണ് ക്യാമറ ചിത്രീകരിക്കുന്നത്. ഇള, കൃഷ്ണയെ കാമുകന്റെ കണിയായി, നയനഭോഗവസ്തുവായി കാണുന്നു. ഇളയും അവളുടെ പിറകിൽ അശരീരിയായി പുലരുന്ന രാജശ്രീയും കൃഷ്ണയെ (പെണ്ണിനെ) നോക്കുമ്പോൾ ആണിന്റെ കാഴ്ചപ്പാടിൽ (Stand point) കാലൂന്നിയാണ് നിൽക്കുന്നത്. ഇങ്ങനെ നോവലിന്റെ ബാഹ്യഘടന പുരുഷാധിപത്യത്തെ നിഷേധിക്കാൻ ശ്രമിക്കുമ്പോൾ ആന്തരിക ഘടന ആണധീശ്വത്വത്തെ ദൃഢീകരിക്കുകയും സാധൂകരിക്കുകയുമാണ് ചെയ്യുന്നത്.
ഭിന്നലിംഗ ലൈംഗികതാവാദ(Hetrosexism) ത്തിന് സഹജമായ സ്വവർഗകാമ വിരോധം (Homophobia) സ്വവർഗ ലൈംഗികാ (Lesbian & Gay) നുഭവങ്ങളെ അംഗീകരിക്കുന്നില്ല. അക്കൂട്ടർക്ക് ഒരു കൃതിയിലെ സ്വവർഗാനുരാഗമാനം (Homoerotic dimension) തിരിച്ചറിയാനുമാവില്ല. ഇളയ്‌ക്ക് കൃഷ്ണയോടുള്ള മമതാ ബന്ധത്തിൽ സ്വവർഗ പ്രണയ (Lesbian) ത്തിന്റെ ഇഴകൾകൂടി ഇടകലരുന്നുണ്ട്. കൃഷ്ണയ്‌ക്കും ഇള ‘പ്രസവശുശ്രൂഷയ്‌ക്കും ശിശുപരിപാലന'ത്തിനും സഹായിക്കുന്ന ഒരു വെറും പരിചാരികയല്ല. ‘ശരീരത്തിന്റെയും മനസ്സിന്റെയും നേരിയ അസ്വസ്ഥതകളും ആനന്ദങ്ങളും' വരെ പങ്കുവയ്‌ക്കാനുള്ള കൂട്ടായിരുന്നു. ഇളയ്‌ക്ക് ബലനുമായുള്ള ബന്ധം പാഞ്ചലനഗരിയിലെ അവളുടെ പ്രവാസ ജീവിതത്തിൽ തീവ്രമാവുകയല്ല, അലിഞ്ഞില്ലാതാവുകയാണ് ചെയ്തതെന്ന്, "തൈലം വീണ് കണ്ണുമൂടിയ രോഗിയോട് നിലാവിന്റെ ഭംഗിയെപ്പറ്റി പറയാൻ പോയ മൂഢനായിരുന്നു’ താനെന്നു പറയുന്ന ബലന് മനസ്സിലാവുന്നുണ്ട്. "ജീവിതം താങ്ങിപ്പിടിച്ചുകൊണ്ട്... നിരാലംബയായി ചുറ്റിനടക്കുന്ന’ കൃഷ്ണ "ഇളയെ കാണുമ്പോൾ മാത്രം വെള്ളത്തിന് മുകളിലേക്ക് കുതിക്കുന്ന മീനിനെ പോലെ’ പാഞ്ഞെത്തുമെന്ന് എഴുതിയപ്പോഴും, "ഇള, കൊട്ടാരങ്ങൾ കണ്ട് മയങ്ങിയതല്ല അവിടത്തെ സങ്കടങ്ങളിൽ കുടുങ്ങിപ്പോയതാണ് രാജകുമാരാ’ എന്നവൾ നിരമിത്രനോട് പറയുന്നിടത്തുമെല്ലാം, മറ്റെല്ലാറ്റിലും മീതെ അവൾക്ക് കൃഷ്ണയോടുള്ള ആത്മ ബന്ധമാണ്, അനുരാഗമാണ് വിലപ്പെട്ടതെന്നുതന്നെയാണ് വിവക്ഷിക്കപ്പെടുന്നത്.
സ്ത്രീകൾക്ക് പരസ്പരമുള്ള ഈ പ്രേമവായ്പ്, ലൈംഗികബന്ധത്തിൽ പോലും പുരുഷനെ തിരസ്കരിക്കുന്ന അതിതീവ്രമായ സ്ത്രീപക്ഷവാദത്തിന്റെ പ്രകാശനം കൂടിയാണ്. പുരുഷന്മാരെ, അവർ സ്വവർഗാനുരാഗി(Gay)കളായാലും പുറന്തള്ളുന്ന, എന്തിന് ഭിന്നലിംഗ പ്രേമി (Hetrosexual) കളായ സ്ത്രീകളോടുപോലും രാജിയാവാൻ സമ്മതിക്കാത്ത, അത്യന്തം വിഭാഗീയമായ (Seperatist) സ്ത്രീവാദമായി ‘ലെസ്ബിയനിസം' മാറുന്നുണ്ട്. ഒരുവശത്ത് ഇങ്ങനെ തീവ്രമായ സ്ത്രീവാദത്തിനും മറുവശത്ത് ആണധീശത്വം ആന്തരികവൽക്കരിച്ച പെൺകർതൃത്വത്തിനും ഇടയിൽ ഊയലാടുന്നതാണ് നോവലിന്റെ ഭാവഘടന. വിപരീത സ്ഥാനങ്ങളിൽ അഭയാർഥം അലയുന്ന, എവിടേയും സ്ഥിരവാസം അസാധ്യമായി ഉഴലുന്ന, നോവലിസ്റ്റിന്റെ പ്രത്യയശാസ്ത്ര ദൃഢതയില്ലായ്‌മയെയാണ് അത് പ്രതിനിധീകരിക്കുന്നത് .










0 comments