നിർമിതബുദ്ധിയുടെ കാലത്തെ പി ജി

കെ എസ് രഞ്‌ജിത്
Published on May 04, 2026, 11:39 AM | 9 min read
ബെർട് ഹാൻസ്ട്രയുടെ പ്രസിദ്ധമായ ഒരു ഷോർട്ട് ഫിലിമുണ്ട്, ‘ഗ്ലാസ്.’ അതിവിദഗ്ധരായ മനുഷ്യർ തന്റെ ശാരീരിക പ്രവർത്തനത്തിലൂടെ നേരിട്ട് നിർമിച്ചുപോന്നിരുന്ന സ്‌ഫടിക പാത്രങ്ങൾ ക്രമേണ യന്ത്രങ്ങൾ നേരിട്ട് ചെയ്യുന്നതിനെക്കുറിച്ചാണ് ഈ ലഘു ചലച്ചിത്രം. പഴയ നിർമാണ രീതിയെ ഗൃഹാതുരതയോടെ സമീപിക്കുന്ന ഈ ചിത്രം മനുഷ്യന്റെ മേൽ യന്ത്രങ്ങൾ സ്ഥാപിക്കുന്ന ആധിപത്യത്തെ അൽപ്പം ആശങ്കയോടെ ധ്വനിപ്പിക്കുന്നുണ്ട്. നിർമാണ പ്രക്രിയയിലെ യന്ത്രവൽക്കരണത്തെ ആശങ്കയോടെ കാണാൻ ശ്രമിക്കുന്ന ഒരു ‘യാഥാസ്ഥിതിക മൂരാച്ചിയെ’ വേണമെങ്കിൽ ഈ ലഘുചിത്രത്തിൽ ദർശിക്കാം. മനുഷ്യനും യന്ത്രവും തമ്മിലുള്ള പാരസ്‌പര്യത്തെക്കുറിച്ച് പല തലത്തിലുള്ള ചർച്ചകളും യന്ത്രങ്ങളുടെ കടന്നുവരവിന്റെ ആദ്യകാലം മുതൽ നടന്നിട്ടുണ്ട്. ഇന്ത്യയിലെ കൈവേലക്കാരായ നെയ്‌ത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന മാഞ്ചസ്റ്ററിലെ നെയ്‌ത്തുയന്ത്രങ്ങളെ ഏറെ സംശയത്തോടെയാണ് ഗാന്ധി കണ്ടിരുന്നത്. യന്ത്രങ്ങൾ എങ്ങനെ ചൂഷണത്തിന്റെ ഉപാധികളായി മാറുന്നുവെന്ന് വളരെ ദീർഘമായിത്തന്നെ മൂലധനത്തിൽ മാർക്‌സ് പ്രതിപാദിക്കുന്നുണ്ട്. മനുഷ്യൻ ചെയ്‌തുപോന്നിരുന്ന പ്രവൃത്തികളോരോന്നും പിൽക്കാലത്ത് യന്ത്രങ്ങൾ ഏറ്റെടുക്കുന്ന ചരിത്രമാണ് സാങ്കേതികവിദ്യകളുടെ വളർച്ചയുടെ ചരിത്രം. മനുഷ്യന്റെ ശാരീരികശേഷിയെയാണ് സമീപകാലംവരെ യന്ത്രങ്ങൾ ഇത്തരത്തിൽ പകരം വെച്ചിരുന്നതെങ്കിൽ ഇപ്പോൾ അവന്റെ ബൗദ്ധികശേഷിയെ പകരം വയ്‌ക്കുന്നതിലാണ് യന്ത്രങ്ങൾ തിടുക്കം കാട്ടുന്നത്.
പി ജി പുസ്‌തകങ്ങൾക്കിടയിൽ
സാങ്കേതികവിദ്യയുടെ വളർച്ചയെ വലിയ ആവേശത്തോടെ നോക്കിക്കണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു പി ജി. സി ഡിറ്റിന്റെ ഡയറക്ടർ എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ഘട്ടത്തിലും അതിനു മുമ്പ് ചിന്ത വാരികയുടെ എഡിറ്റോറിയൽ ബോർഡിൽ ഒരുമിച്ചു പ്രവർത്തിച്ചപ്പോഴും സാങ്കേതിക വിദ്യയുടെ വികാസത്തെക്കുറിച്ച് വലിയ ആവേശത്തോടെ പി ജി സംസാരിക്കുന്നത് നേരിട്ട് മനസ്സിലാക്കാൻ വ്യക്തിപരമായി തന്നെ കഴിഞ്ഞിട്ടുണ്ട്. പതിനായിരക്കണക്കിന് വരുന്ന പി ജിയുടെ ഗ്രന്ഥശേഖരങ്ങളിൽ നല്ലൊരു പങ്ക് സാങ്കേതികവിദ്യകളുടെ വളർച്ചയുണ്ടാക്കുന്ന മാറ്റങ്ങൾ സംബന്ധിച്ചുള്ളതായിരുന്നു. എന്നാൽ താൻ സ്വയം രൂപപ്പെടുത്തിയെടുത്ത വ്യക്തിത്വത്തെയും കഴിവുകളെയും നിഷ്‌പ്രഭമാക്കുന്ന രീതിയിലേക്ക് ഈ സാങ്കേതികവിദ്യകൾ അടുത്ത ദശകങ്ങളിൽ വളരും എന്ന തിരിച്ചറിവ് ഒരുപക്ഷെ പി ജിക്ക് ഉണ്ടായിരുന്നുവോ?
എൽഎൽഎമ്മുകളുടെയും (LLM-‐ Large language models), ജനറേറ്റീവ് എഐയുടെയും കാലം പാണ്ഡിത്യത്തെ (scholarship) സംബന്ധിച്ച പരമ്പരാഗത ധാരണകളെ തിരുത്തിയെഴുതുമെന്ന് അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നുവോ? ഇന്നത്തെ കാലം മറ്റൊരു രൂപത്തിലുള്ള പി ജിയെ ആവശ്യപ്പെടുന്നുണ്ടോ? അതല്ലെങ്കിൽ ഈ കാലം ആവശ്യപ്പെടുന്ന പണ്ഡിതന്റെ സവിശേഷതകൾ എന്തായിരിക്കും? അതോ അവസാനത്തെ പണ്ഡിതന്റെയും പ്രസക്തി നിർമിതബുദ്ധിയുടെയും ബിഗ് ഡാറ്റയുടെയും എൽഎൽഎമ്മിന്റെയും കാലം ഇല്ലാതാക്കുമോ? ഇത്തരം ചില ആലോചനകൾക്കാണ് ഇവിടെ തുനിയുന്നത്.
‘സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയ’ എന്നാണ് പി ജിയെ പലരും വിശേഷിപ്പിച്ചിട്ടുള്ളത്. എല്ലാ അറിവുകളുടെയും ഒരു കേന്ദ്ര ഇടത്തിലുള്ള സമാഹരണമാണല്ലോ എൻസൈക്ലോപീഡിയ. വായിച്ചുതള്ളിയ പതിനായിരക്കണക്കിന് പുസ്‌തകങ്ങൾ, വളരെ ജാഗ്രതയോടെ വായിച്ചുപോന്നിരുന്ന ലോകത്തെ പ്രമുഖ ആനുകാലികങ്ങൾ... ഇതെല്ലാമാണ് പി ജിക്ക് ഇത്തരമൊരു വിശേഷണം ചാർത്തിയത്. ലോകത്തുള്ള അറിവുകളെയെല്ലാം തികഞ്ഞ ആസക്തിയോടെ തന്റെ ഉള്ളിലേക്കാവാഹിക്കാൻ നിരന്തരം ശ്രമിച്ചിരുന്ന വ്യക്തിയായിരുന്നു പി ജി എന്നത് അദ്ദേഹത്തെ അടുത്തറിയുന്ന എല്ലാവർക്കും അറിവുള്ള ഒരു കാര്യമാണ്. ഈ ശ്രമത്തിൽ പി ജി കാര്യമായി വിജയിക്കുകയും ചെയ്‌തു. ഈയൊരർഥത്തിൽ അൽപ്പം അതിശയോക്തിയുണ്ടെങ്കിലും ‘സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയ’ എന്ന വിശേഷണത്തിന് പി ജി ഏതാണ്ട് അർഹനാണ് എന്ന് പറയാം.
2012ൽ പി ജി ഈ ലോകത്തോട് വിടപറയുമ്പോൾ ഡിജിറ്റൽ യുഗത്തിലേക്ക് ലോകം ഏതാണ്ട് പൂർണമായും പൂണ്ടുകഴിഞ്ഞിരുന്നു. ലോകത്തിന്റെ ഏതുകോണിലുള്ള വിവരങ്ങളും നമ്മിലേക്ക് നിമിഷമാത്രയിലെത്തിക്കുവാൻ പറ്റുന്ന രീതിയിലേക്ക് ഇന്റർനെറ്റിന്റെ മാസ്മരിക ലോകം എല്ലാവർക്കുമായി തുറക്കപ്പെട്ടിരുന്നു. കാസ്‌പറോവ് എന്ന ലോക ചെസ് ചാമ്പ്യൻ ഡീപ് ബ്ലൂ എന്ന കംപ്യൂട്ടറിന് മുന്നിൽ അടിയറവ് പറഞ്ഞുകഴിഞ്ഞിരുന്നു. എങ്കിലും ഗവേഷണശാലകൾക്കപ്പുറത്ത് നമ്മുടെയൊക്കെ നിത്യജീവിതത്തിലേക്ക് എൽഎൽഎം അപ്ലിക്കേഷനുകളും നിർമിതബുദ്ധിയെ അടിസ്ഥാനമാക്കിയ സോഫ്‌റ്റ്‌വെയറുകളും കടന്നുവന്നിരുന്നില്ല. ഇത്തരമൊരു കാലത്ത് പി ജിയുടെ സവിശേഷ പ്രതിഭയുടെ സാംഗത്യം എന്തായിരിക്കും? യന്ത്രങ്ങൾ ആധിപത്യം സ്ഥാപിക്കുന്ന ചിന്തയുടെയും എഴുത്തിന്റെയും ലോകത്ത് മനുഷ്യന്റെ ഇടമെന്താണ് എന്നൊരു ചോദ്യം കൂടിയാണിത്. പുതിയൊരു കാലത്തു നിന്നുകൊണ്ട് വളരെ വ്യത്യസ്‌തമായ ഒരു പഴയകാലത്തെ ഒരു വ്യക്തിത്വത്തെ നോക്കിക്കാണുന്നതിന്റെ പ്രസക്തി അതാണ്. പുതിയ കാലത്തെ മനുഷ്യൻ എന്തായിരിക്കും എന്നതിലേക്ക് അത്തരമൊരു വിശകലനം വിരൽചൂണ്ടും. ഇകഴ്‌ത്തലുകൾക്കും പുകഴ്‌ത്തലുകൾക്കുമപ്പുറം പി ജിയെക്കുറിച്ചുള്ള വ്യത്യസ്‌തമായ ഇത്തരമൊരാലോചന വർത്തമാനകാലത്തെ മനുഷ്യന്റെ സ്ഥാനം മനസ്സിലാക്കാനും അടയാളപ്പെടുത്താനും സഹായിച്ചേക്കും.
സുഗതകുമാരിയും പി ജിയും
പാണ്ഡിത്യവും
നിർമിത ബുദ്ധിയും
പാണ്ഡിത്യം അല്ലെങ്കിൽ അറിവ് ഉള്ളവൻ എന്ന അർഥം വരുന്ന ‘പണ്ഡിതൻ' എന്ന വാക്കിന്റെ നിഷ്‌പത്തി താഴെ പറയുന്ന രീതിയിലാണ്. സംസ്‌കൃതത്തിലെ ‘പണ്ഡാ' എന്ന വാക്കിൽ നിന്നാണ് ‘പണ്ഡിതൻ' (Pandita) ഉണ്ടായത്. ‘പണ്ഡാ' എന്നാൽ അറിവ്, ബുദ്ധി, അല്ലെങ്കിൽ ജ്ഞാനം (Wisdom/Intellect) എന്നർഥം. ‘പണ്ഡാ' എന്ന വാക്കിനോട് ‘ഇത' (ita) എന്ന പ്രത്യയം ചേർന്നാണ് ‘പണ്ഡിതൻ' (knowledge owner/learned man) എന്ന വാക്ക് രൂപപ്പെട്ടത്. അറിവുകളെ സമാഹരിച്ച് ജ്ഞാനിയായവൻ എന്ന് ഇതിനർഥം. ചുരുക്കത്തിൽ, ബുദ്ധിയും അറിവും കൊണ്ട് ജ്ഞാനം സമ്പാദിച്ച വ്യക്തിയാണ് പണ്ഡിതൻ.
ഈ രണ്ടു ഘടകങ്ങളിൽ ‘അറിവ്’ എന്നാൽ എന്ത് എന്ന് കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ. എന്നാൽ ‘ബുദ്ധി’ എന്ന വാക്ക് അപ്രകാരമല്ല. നാമൊക്കെ വളരെ സാധാരണമായി ഉപയോഗിക്കുന്ന ഒരു വാക്കാണ് ബുദ്ധി. പക്ഷെ ബുദ്ധിയെ നിർവചിക്കാൻ ശ്രമിച്ചാൽ കാര്യങ്ങൾ അൽപ്പം സങ്കീർണമാകും.
വസ്‌തുനിഷ്ഠമായ യുക്തിചിന്തയും (objective reasoning) അമൂർത്തമായ ചിന്താശേഷിയും (abstract thought) കൈകാര്യം ചെയ്യാനുള്ള മനസ്സിന്റെ കഴിവാണ് ബുദ്ധി അഥവാ Intellect എന്ന് വളരെ ലളിതമായി വേണമെങ്കിൽ നിർവചിക്കാം. ഒരു കംപ്യൂട്ടറിന്റെ സെൻട്രൽ പ്രോസസിങ് യൂണിറ്റ് (central processing unit-‐ CPU) ചെയ്യുന്ന പണിയാണിത്.
തത്വചിന്താപരമായി ആലോചിച്ചാൽ അമൂർത്തമായ ആശയങ്ങൾ മനസ്സിലാക്കാനുള്ള കഴിവാണ് ബുദ്ധിശക്തി. ക്ലാസിക്കൽ തത്വചിന്തയുടെ കാഴ്‌ചപ്പാടിൽ കേവല യുക്തിയല്ല (Reasoning) ബുദ്ധിശക്തി. സങ്കീർണമായ ഒരു പ്രശ്നം ഘട്ടംഘട്ടമായി പരിഹരിക്കുന്നതിനെ യുക്തി എന്ന് വിളിക്കുമ്പോൾ, ആ പ്രശ്നത്തിന്റെ സാരാംശം അല്ലെങ്കിൽ അടിസ്ഥാന സത്യം മനസ്സിലാക്കുന്ന കഴിവാണ് ബുദ്ധി അഥവാ ‘Intellect.'
ഉദാഹരണത്തിന് പല വലിപ്പത്തിലും രൂപത്തിലുമുള്ള നൂറുകണക്കിന് വീടുകൾ കണ്ടിട്ട് അവയെ ഒന്നാകെ വീട് എന്ന പൊതുവായ ആശയത്തിന് കീഴിൽ കൊണ്ടുവരാൻ മനുഷ്യന് സാധിക്കുന്നത് ബുദ്ധിശക്തി ഉള്ളതുകൊണ്ടാണ്. ഇത്തരത്തിലൊരു സങ്കൽപ്പരൂപീകരണം മനുഷ്യന് സാധ്യമാകുന്നത് ബുദ്ധിയുള്ളതുകൊണ്ടാണ്. മറ്റു മൃഗങ്ങൾക്കൊന്നും തന്നെ ഇത്തരമൊരു ശേഷി, -അമൂർത്തമായി ചിന്തിക്കാനും ആശയങ്ങൾ രൂപപ്പെടുത്താനും -ഉള്ളതായി നമുക്കറിവില്ല. മനുഷ്യരിൽ തന്നെ ഇത്തരമൊരു ശേഷി ഏറിയും കുറഞ്ഞുമിരിക്കും. സാധാരണയായി മനസ്സിന്റെ ‘തണുത്ത' ഭാഗമായാണ് ഇതിനെ കണക്കാക്കുന്നത്. അതായത്, വികാരങ്ങളെ മാറ്റിനിർത്തിക്കൊണ്ട് കാര്യങ്ങളെ അവയുടെ യഥാർഥ അവസ്ഥയിൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഭാഗം.
വിശകലനശേഷിയാണ് ബുദ്ധിശക്തിയെ ദ്യോതിപ്പിക്കുന്ന മറ്റൊരു ഘടകം. സങ്കീർണമായ വസ്‌തുതകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ക്രമങ്ങളെ കണ്ടെത്തുക, അവയെ വിശകലനം ചെയ്യുക, യുക്തിപരമായ നിഗമനങ്ങളിൽ എത്തുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളെ ബുദ്ധിയുടെ പട്ടികയിൽ പെടുത്താം. ലഭ്യമായ വിവരങ്ങളെ വിമർശനാത്മകമായി ചോദ്യം ചെയ്യാനും വ്യത്യസ്‌ത വീക്ഷണകോണുകളിലൂടെ അവയെ നോക്കിക്കാണാനും ഉള്ള കഴിവ്. ബുദ്ധിശക്തിയും ബുദ്ധിസാമർഥ്യവും(Intellect, Intelligence) ഒന്നായി പൊതുവെ കരുതുമെങ്കിലും പല ചിന്തകരും ഇവയ്‌ക്കിടയിൽ കൃത്യമായ ഒരു വര വരയ്‌ക്കുന്നുണ്ട്.
●ബുദ്ധിസാമർഥ്യം (Intelligence): ഇത് പലപ്പോഴും പ്രായോഗികമായ ഒന്നാണ്. പ്രശ്നങ്ങൾ പരിഹരിക്കാനും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും കാര്യങ്ങൾ വേഗത്തിൽ ചെയ്യാനുമുള്ള കഴിവാണ് ഇത്. നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയ ഒരു യന്ത്രത്തിന്, അല്ലെങ്കിൽ ചില മൃഗങ്ങൾക്ക് ഉയർന്ന ബുദ്ധിസാമർഥ്യം ഉണ്ടാകാം.
●ബുദ്ധിശക്തി (Intellect): ഇത് ചിന്താപരമാണ്. ഒരു പ്രശ്നം പരിഹരിക്കുക മാത്രമല്ല, ആ പ്രശ്നം എന്തുകൊണ്ട് ഉണ്ടായി എന്ന് അത്ഭുതപ്പെടുകയും അതിനെ വിശകലനം ചെയ്യുകയും ചെയ്യുന്ന രീതിയാണിത്. അതിജീവനത്തിനായുള്ള കേവലമായ അറിവിനേക്കാൾ, അറിവിനെ അറിവിനായി മാത്രം അന്വേഷിക്കുന്ന പ്രവണതയാണിത്. തീ എങ്ങനെ ഉണ്ടാക്കാം എന്ന് അറിയുന്നത് ബുദ്ധിസാമർഥ്യമാണെങ്കിൽ (Intelligence), ചൂടിന്റെ യഥാർഥ സ്വഭാവം എന്താണെന്ന് ചിന്തിക്കുന്നത് ബുദ്ധിശക്തിയാണ് (Intellect).
മേൽസൂചിപ്പിച്ച മാനദണ്ഡങ്ങൾ വെച്ചുതന്നെ പി ജി ആരായിരുന്നു എന്ന അന്വേഷണം നടത്താവുന്നതാണ്. അറിവും വിശകലന പാടവവും തികഞ്ഞൊരു പണ്ഡിതനായിരുന്നു പി ജി. അറിവും ബുദ്ധിശക്തിയും ഒരുപോലെ സമ്മേളിച്ച ഒരു വ്യക്തിത്വം. വിജ്ഞാനസമ്പാദനത്തിനായി തന്റെ ജീവിതം മുഴുവൻ ഉഴിഞ്ഞുവെച്ച മനുഷ്യനായിരുന്നു പി ജി. അറിയുക, കൂടുതൽ അറിയുക, അതിനായി കിട്ടുന്ന പുസ്‌തകങ്ങൾ അത്രയും വാങ്ങിക്കൂട്ടുക. രാപ്പകലില്ലാതെ മിനക്കെട്ട് അവ വായിച്ചുതീർക്കുക. ഇതിനിടയിൽ സ്വന്തമായ മറ്റു കാര്യങ്ങളെല്ലാം വിസ്മരിക്കുക‐ ഇതായിരുന്നു പി ജിയുടെ ജീവിതം. അത്തരമൊരു പ്രക്രിയയിലാണ് ജീവിതകാലമത്രയും അദ്ദേഹം അഭിരമിച്ചത്. താൻ സമാഹരിച്ച ഈ വിവരങ്ങളത്രയും വിശ്വസിച്ച മാർക്‌സിസ്റ്റ് രീതിശാസ്‌ത്രമനുസരിച്ച് വിശകലനം ചെയ്യുക. ആ കണ്ടെത്തലുകൾ അത് തുടർച്ചയായി എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും തന്റെ നാട്ടുകാർക്കിടയിൽ പ്രചരിപ്പിക്കുക എന്ന ദൗത്യമാണ് അദ്ദേഹം ഉടനീളം ചെയ്‌തുപോന്നത്. അറിവിനെ ഒരു രാഷ്‌ട്രീയ ആയുധമാക്കിയ ഇതുപോലൊരാൾ സമീപകാലത്ത് കേരളത്തിൽ അധികമില്ല. ഉദാഹരണത്തിന്, അറിവായിരുന്നില്ല ഇ എം എസിന്റെ മുഖ്യ ആയുധം. സാമൂഹിക പ്രതിഭാസങ്ങൾ വിശകലനം ചെയ്യാനുള്ള ധൈഷണിക ശേഷിയായിരുന്നു ഇ എം എസിന് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇ എം എസിനെ അടയാളപ്പെടുത്തുന്ന ഘടകങ്ങളിൽ അറിവിന് മുഖ്യ പങ്കില്ല. മൂർച്ചയേറിയ യുക്തിചിന്തയും വിശകലന പാടവവുംകൊണ്ട് അദ്ദേഹം നിരന്തരം എഴുത്തിലൂടെ നാട്ടുകാരുമായി സംവദിച്ചുകൊണ്ടിരുന്നു. അതുപോലെ വളരെ കുറച്ചു പുസ്‌തകങ്ങൾ മാത്രം വായിച്ചിട്ടുള്ള ഒരാളായിരുന്നു ഗാന്ധി. പക്ഷെ ഗാന്ധി എഴുതിയതുപോലെ ഒറിജിനലായി എഴുതിയവർ രാഷ്‌ട്രീയ പ്രവർത്തകർക്കിടയിൽ കുറവായിരിക്കും. അറിവുകൊണ്ട് അടയാളപ്പെടുത്തേണ്ട ഒരാളല്ല ഗാന്ധിയും. എന്നാൽ പി ജിയുടെ ലോകം ഇവരിൽ നിന്നൊക്കെ വളരെ വ്യത്യസ്‌തമായിരുന്നു. ഒരു പ്രലോഭനത്തിനും വശംവദനാകാതെ, മാനസികമായ മറ്റ് വ്യതിചലനങ്ങളൊന്നുമില്ലാതെ ഏതാണ്ട് സന്യാസതുല്യമായി അറിവ് ആർജിക്കുക എന്ന പ്രക്രിയ ജീവിതകാലം മുഴുവൻ പി ജി തുടർന്നു. വളരെ ചുരുക്കം പേർക്കുമാത്രം കഴിയുന്ന ഒരു കാര്യമാണിത്. ഏതെങ്കിലുമൊരു സവിശേഷ മേഖലയെ ആഴത്തിൽ അറിയാൻ ശ്രമിക്കുന്ന ഗവേഷണ ദൗത്യങ്ങളിലായിരുന്നില്ല പി ജിയുടെ ശ്രദ്ധ. ആഴത്തെക്കാൾ പരപ്പിലേക്കു നയിക്കുന്ന ജ്ഞാനതൃഷ്‌ണയായിരുന്നു പി ജിയുടേത്.
ഇന്റർനെറ്റ് യുഗത്തിലെ പി ജി. എഐ നിർമിച്ച ഭാവനാചിത്രം
മലയാളി ലോക രാഷ്‌ട്രീയത്തെ ഒരുകാലത്ത് അറിഞ്ഞിരുന്നത് പി ജിയിലൂടെയായിരുന്നു എന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. ലോകത്തെവിടെ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചും അസാമാന്യ ധാരണയായിരുന്നു പി ജിക്ക് ഉണ്ടായിരുന്നത്. ഇന്റർനാഷണൽ റിലേഷൻസ് (IR) എന്ന് പറയുന്ന അക്കാദമിക ശാഖയിലുള്ള ഏതൊരു അധ്യാപകനും ഉള്ളതിനേക്കാൾ അറിവ് ഭൗമ രാഷ്‌ട്രീയ ചലനങ്ങളെക്കുറിച്ച് പി ജിക്കുണ്ടായിരുന്നു. ആ കാലത്ത് അത്തരമൊരു അറിവിന് വലിയ പ്രസക്തിയുണ്ടായിരുന്നു. കാര്യങ്ങളെ അതിന്റെ സമഗ്രതയിൽ കാണാനുള്ള പി ജിയുടെ കഴിവ് ഇക്കാര്യത്തിൽ ലോക പണ്ഡിതരിൽനിന്നും പി ജിയെ വ്യത്യസ്‌തനാക്കിയിരുന്നു. 90‐കളുടെ തുടക്കത്തിൽ, ഇന്റർനെറ്റ് വിസ്‌ഫോടനം നമ്മുടെയൊക്കെ ജീവിതത്തെ ഗ്രസിച്ചു തുടങ്ങുന്നതിനുമുമ്പ്, ലോകത്തെ വിവിധ കോണുകളിൽ ഉണ്ടാകുന്ന സംഭവവികാസങ്ങൾ അറിയുക എന്നത് സാധാരണക്കാർക്ക് അത്ര എളുപ്പമായിരുന്നില്ല. പുസ്‌തകങ്ങളെ കൂടാതെ, പാശ്ചാത്യ ലോകത്തുനിന്നും അച്ചടിച്ച് വരുന്ന ന്യൂസ് വീക്ക്, ടൈം, എക്കോണമിസ്റ്റ് തുടങ്ങിയ ആനുകാലികങ്ങൾ കൃത്യമായി വായിച്ചാണ് അതതുകാലത്തെ സംഭവങ്ങൾ പ്രധാനമായും പി ജി അറിഞ്ഞിരുന്നത്. ചിന്ത വാരികയിൽ ഒരുമിച്ചു പ്രവർത്തിച്ച നാളുകളിൽ ഇതിന് ഞാൻ നിത്യേന സാക്ഷ്യം വഹിച്ചിരുന്നു. ഈ വാരികകൾ നൽകുന്ന അറിവിനെ വെറുതെ പകർന്നുനൽകുകയല്ല പി ജി ചെയ്‌തിരുന്നത്. ഇങ്ങനെ കിട്ടുന്ന ലോകവിവരങ്ങളെ തന്റെ മാർക്‌സിയൻ വിശകലന ചട്ടക്കൂടിനുള്ളിലിട്ട് ചുട്ടെടുത്താണ് പി ജി സാർവദേശീയ സംഭവവികാസങ്ങൾ മലയാളികളെ അറിയിച്ചുകൊണ്ടിരുന്നത്. ചില സന്ദർഭങ്ങളിൽ ആവേശപൂർവം പി ജി നടത്തിയ നിരീക്ഷണങ്ങൾ പാർടി തള്ളിക്കളയുകയും ചെറിയ ചില നടപടികൾക്ക് വിധേയമാക്കുകയും ചെയ്‌തിരുന്നു എന്നത് വേറൊരു കാര്യം.
പി ജി കംപ്യൂട്ടറുകൾ ഉപയോഗിച്ചിരുന്നില്ല. സ്മാർട്ട് ഫോണുകളുടെ പുതിയ കാലമെത്തുന്നതിനു മുമ്പേ പി ജി വിടപറഞ്ഞിരുന്നു. പി ജി സി ഡിറ്റ് ഡയറക്ടറായിരിക്കെ മൗസുകളില്ലാത്ത, ഗ്രാഫിക്കൽ യൂസർ ഇന്റർഫേസില്ലാത്ത കംപ്യൂട്ടറുകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവ സാങ്കേതിക വിദഗ്ധർക്ക് മാത്രം ഉപയോഗിക്കാൻ പറ്റിയവ ആയിരുന്നു. ഇൻകമിങ് കോളുകൾക്ക് എട്ട് രൂപ മൊബൈൽ കമ്പനികൾ ചാർജ് ചെയ്‌തിരുന്ന കാലമായിരുന്നു അത്. നിലത്തെറിഞ്ഞാൽപോലും ഉടയാത്ത വയർലെസ് സെറ്റിനെ അനുസ്മരിപ്പിക്കുന്ന മോട്ടോറോളയുടെ ഒരു ഫോൺ പി ജി വളരെ കഷ്ടപ്പെട്ട് ഉപയോഗിച്ച് തുടങ്ങിയിരുന്നു. ഇന്റർനെറ്റിൽ നിന്നും പാസ്‌പോർട്ട് സൈസിലുള്ള ഒരു പടം ഡൗൺലോഡ് ചെയ്യാനിട്ടാൽ ചായകുടിച്ചു വന്നാലും ആ പ്രക്രിയ പൂർത്തിയാകാത്ത കാലമായിരുന്നു അത്. അതിനാൽ വിവരങ്ങൾ അറിയാനും വിശകലനം ചെയ്യാനും പരമ്പരാഗത മാർഗങ്ങളെ‐ -പുസ്‌തകങ്ങളെയും ആനുകാലികങ്ങളെയുമാണ് പി ജി എക്കാലവും ആശ്രയിച്ചിരുന്നത്. തന്റെ സിപിയുവിലേക്ക് ആ വിവരങ്ങൾ കടത്തിവിട്ട് വിശകലനം ചെയ്യുകയായിരുന്നു പി ജി ചെയ്‌തത്.
എന്നാൽ സാങ്കേതികവിദ്യകളുടെ കാര്യത്തിലും രാഷ്‌ട്രീയത്തിലും മൂന്ന് പതിറ്റാണ്ടിനിടയിൽ ലോകം കീഴ്‌മേൽ മറിഞ്ഞിരിക്കുന്നു. പി ജിയുടെ കാലത്തുനിന്നും 2025‐ലേക്ക് എത്തുമ്പോഴുള്ള സ്ഥിതിയെന്താണ്? 820 കോടി വരുന്ന ലോകജനതയിൽ 750 കോടിയും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നു. ഇതിൽ വലിയൊരു ശതമാനം സ്മാർട്ട് ഫോണുകളാണ്. ലൈവ് വീഡിയോകൾ തടസ്സം കൂടാതെ കാണാൻ പറ്റുന്ന രീതിയിൽ ഇന്റർനെറ്റ് സ്‌പീഡ് വർധിച്ചിരിക്കുന്നു. സ്മാർട്ട് ഫോണുകളുമായി താരതമ്യം ചെയ്‌താൽ കംപ്യൂട്ടറുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. ഏതാണ്ട് 220 കോടി. പക്ഷെ ഇന്നത്തെ കാലത്തെ സ്മാർട്ട് ഫോണുകൾ ഏതാണ്ട് കംപ്യൂട്ടറുകൾ തന്നെയാണ് എന്നോർക്കണം. ഇത്തരത്തിൽ നൂറുകണക്കിന് കോടി ജനങ്ങൾ വിവരങ്ങൾ അറിയാനും അറിയിക്കാനും ആധുനിക സാങ്കേതിക ഉപകരണങ്ങൾ കയ്യിൽ കൊണ്ടുനടക്കുന്ന കാലമാണിത്. ലോകത്തെവിടെയുമുള്ള ഏതു വിവരവും അതേ മാത്രയിൽ എവിടെയും എത്തുകയാണ്. ഇതിന് സമാന്തരമായി ഈ വിവരങ്ങളെല്ലാം വലിയതോതിൽ ക്ലൗഡ് പ്ലാറ്റ്‌ഫോമുകളിൽ സമാഹരിക്കപ്പെടുകയും കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യചരിത്രത്തിൽ ഇതാദ്യമായി മനുഷ്യനെയും അവന്റെ ചുറ്റും നടക്കുന്ന സംഭവവികാസങ്ങളെയും പ്രകൃതിയെ സംബന്ധിക്കുന്ന വിവരങ്ങളുമെല്ലാം ഏതാനും ചില സ്വകാര്യ സെർവർ ഫാമുകളിൽ എത്തിപ്പെടുന്നു. ഈ വലിയ ഡാറ്റ ശേഖരത്തിന് മുകളിൽ അവയെ മനനം ചെയ്യാൻ പറ്റുന്ന കംപ്യൂട്ടിങ്് പവറുള്ള നിർമിത ബുദ്ധി ആപ്ലിക്കേഷനുകളും വന്നിരിക്കുന്നു. പുതിയ കാലത്തിന്റെ എണ്ണയായി ഡാറ്റ മാറിയിരിക്കുന്നു.
വാസ്‌തവത്തിൽ പി ജി എന്താണോ എത്തിപ്പിടിക്കാൻ ഒരുകാലത്ത് ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്‌തത്‐ -ലോകത്തുള്ള വിവരങ്ങളെല്ലാം തന്നിലേക്കാവാഹിക്കുക, അവയെ തന്റെ സൈദ്ധാന്തിക ചട്ടക്കൂടുപയോഗിച്ച് മനനം ചെയ്യുക‐ അത് ഇന്ന് സാങ്കേതികമായി ഏതൊരാൾക്കും സാധ്യമായിരിക്കുന്നു. എൽഎൽഎമ്മുകളും ജനറേറ്റീവ് എഐയും കൂടി ഇത്തരമൊരു ശേഷിയുള്ളവരായി ഏതൊരു മനുഷ്യനെയും മാറ്റിയിരിക്കുന്നു. കേവലം ഒരു സ്മാർട്ട് ഫോണുള്ള ഏതൊരാളും സാങ്കേതികമായി ഈ തലത്തിലേക്കുയർന്നിരിക്കുന്നു (സാങ്കേതികമായി മാത്രം). ഒരു പി ജിയുടെ സ്ഥാനത്ത് നൂറുകണക്കിന് കോടി പി ജിമാരെ ഇന്നത്തെ ലോകം സൃഷ്ടിച്ചിരിക്കുന്നു എന്നുപറഞ്ഞാൽ അത് തെല്ലും അതിശയോക്തിയല്ല.

ഒരുദാഹരണം പറഞ്ഞാൽ ഇത് കൂടുതൽ വ്യക്തമാകും. പി ജി സാർവദേശീയ പംക്തികൾ എഴുതുന്ന കാലത്ത് അമേരിക്കൻ സാമ്രാജ്യത്വം കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ വിവിധ ലോകരാഷ്‌ട്രങ്ങളിലെ ജനകീയ മുന്നേറ്റങ്ങളെ ഇല്ലായ്‌മ ചെയ്യാനും അന്താരാഷ്‌ട്ര കോർപറേറ്റ് കമ്പനികളുടെ താൽപ്പര്യങ്ങൾക്കുപരിയായി ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ച ഭരണാധിപന്മാരെ അട്ടിമറിക്കാനും നടത്തിയ ശ്രമങ്ങളെക്കുറിച്ച് ഒരു പരമ്പര എഴുതാൻ പറഞ്ഞാൽ ഒരു പക്ഷെ പി ജിക്കും കേരളത്തിലെ ചുരുക്കം ചിലർക്കും മാത്രം സാധ്യമായ ഒരു കാര്യമായിരുന്നു അത്. എന്നാൽ ഇന്നത്തെ സ്ഥിതിയോ? ഡസൻ കണക്കിന് ജേർണലിസം കോളേജുകൾ നമ്മുടെ നാട്ടിൽ ഇന്നുണ്ട്. ആ സ്ഥാപനങ്ങളിലെ ഏതൊരു വിദ്യാർഥിക്കും ഇത്തരമൊരു അസൈൻമെന്റ് കൊടുത്തുനോക്കുക. അരദിവസത്തിനുള്ളിൽ അത് അവർ പൂർത്തീകരിച്ചുതരും. എങ്ങനെ? ജമിനൈ പോലുള്ള ഏതെങ്കിലും ജനറേറ്റീവ് എഐ ആപ്ലിക്കേഷൻ മാത്രം ഉപയോഗപ്പെടുത്തി. ഇതാണ് നമ്മൾ എത്തിനിൽക്കുന്ന ഒരു ലോകം.
പരമ്പരാഗത അർഥത്തിലുള്ള പാണ്ഡിത്യത്തെ റദ്ദ് ചെയ്യുന്ന ഒരു പ്രക്രിയയാണിത്. വിജ്ഞാനം അഥവാ അറിവ് മനുഷ്യന്റെ ഉള്ളിൽനിന്നും എടുത്തുമാറ്റി പുറത്ത് പ്രതിഷ്ഠിക്കാവുന്ന ഒരു ലോകമാണിത്. ഇനിയങ്ങോട്ട് അറിവ് മനുഷ്യന്റെ തലയ്‌ക്കുള്ളിൽ ഉണ്ടായിരിക്കേണ്ട ഒന്നല്ല. അറിവ് തേടിപ്പിടിക്കാനുള്ള ശേഷി മാത്രം മതിയാകും.
മനുഷ്യനുമാത്രം ഉള്ളത് എന്ന് കരുതപ്പെട്ടിരുന്ന വിശകലന പാടവത്തിന്റെ കാര്യമോ? വിശകലനത്തിന്റെ മുന്നുപാധി ഏതെങ്കിലുമൊരു ചട്ടക്കൂടാണ്. നിലവിലുള്ള ഏതെങ്കിലും രീതിശാസ്‌ത്രത്തിനകത്തു നിന്നുകൊണ്ടുള്ള വിശകലനം നടത്താൻ എഐ യന്ത്രങ്ങൾ ഇന്ന് പ്രാപ്തമാണ്. ഏതു ചിന്താപദ്ധതിയുമനുസരിച്ച് ലഭ്യമായ അറിവിനെ, ഡാറ്റയെ വിശദീകരിച്ചുതരാൻ ചാറ്റ് ജിപിടിക്കോ ഗൂഗിൾ ജമിനൈക്കോ കഴിയും. പി ജി ഉപയോഗിക്കുന്ന മാർക്‌സിയൻ രീതിശാസ്‌ത്രം വേണമെങ്കിൽ അങ്ങനെ, അതല്ല മറ്റ് അക്കാദമിക് വിദഗ്ധർ ഉപയോഗിക്കുന്ന ഇതര രീതിശാസ്‌ത്രം വല്ലതും വേണമെങ്കിൽ അങ്ങനെ. ഇതാണ് പി ജിയുടെ കാലത്തിനു ശേഷം ഇന്ന് നമ്മൾ എത്തിപ്പെട്ടിരിക്കുന്ന അറിവിന്റെയും വിശകലനത്തിന്റെയും ലോകം.
കഴിഞ്ഞ ഒന്ന് രണ്ടു വർഷങ്ങൾക്കിടയിലുണ്ടായ മാറ്റമാണിത്. ഇതിന്റെ യഥാർഥ പ്രത്യാഘാതങ്ങൾ നമ്മുടെ സമൂഹത്തിൽ ഇന്നുള്ള സ്ഥാപനങ്ങൾ ഇനിയും അറിയുവാൻ പോകുന്നതേയുള്ളൂ. വിദ്യാഭ്യാസ പെഡഗോജികളും ഗവേഷണ രീതിശാസ്‌ത്രങ്ങളും എഴുത്തിന്റെ മാർഗങ്ങളും ഉടച്ചുവാർക്കപ്പെടും. പരമ്പരാഗതമായ പല ഗവേഷണ ശാഖകളും ഇതിനകം തന്നെ പ്രതിസന്ധിയിൽ അകപ്പെട്ടുകഴിഞ്ഞു, പുറത്തുപറഞ്ഞാലും ഇല്ലെങ്കിലും. വളരെ എംപിരിക്കൽ ആയ വിവരങ്ങൾ ശേഖരിച്ച് സ്റ്റാറ്റിസ്റ്റിക്കൽ ടൂളുകൾ ഉപയോഗിച്ച് വിശകലനം നടത്തിപ്പോന്നിരുന്ന സ്ഥാപനങ്ങൾക്കും വിദ്വാന്മാർക്കും ഇനിയുള്ള ലോകത്ത് പണിയുണ്ടാകില്ല എന്ന് ഏതാണ്ടുറപ്പാണ്. തൊട്ടുമുമ്പിൽ ഒരു കാൽക്കുലേറ്റർ ഇരിക്കുമ്പോൾ പേനയും കടലാസുമെടുത്ത് സങ്കീർണമായ ഒരു ഹരണപ്രക്രിയ നടത്തേണ്ട ആവശ്യമില്ലല്ലോ. വണ്ടി ഓടിക്കാൻ മെക്കാനിക്കൽ എൻജിനിയറിങ് അറിയേണ്ടതില്ലല്ലോ. അതിനാൽ ഗവേഷണ പഠന രംഗങ്ങളിൽ പുതിയ നിർവചനങ്ങൾ ആവശ്യമായി വരുന്ന ഒരു കാലമാണ് കടന്നുവരുന്നത്.
യന്ത്രങ്ങളുടെ കടന്നുവരവ് എക്കാലത്തും മനുഷ്യനെ പുതുക്കി പണിതിട്ടുണ്ട്. അവന്റെ ശരീരത്തെയും ബുദ്ധിശേഷിയെയും അത് നിരന്തരം നവീകരിച്ചിട്ടുണ്ട്. ഇന്ന് മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ വിപ്ലവകരമായ പുതിയൊരു കാലത്തേക്ക് നീങ്ങിയിരിക്കുന്നു. ബൗദ്ധികശേഷിയുള്ള, വിശകലന പാടവമുള്ള ലോകത്തെ മുഴുവൻ അറിവുകളും സമാഹരിച്ചിട്ടുള്ള യന്ത്രങ്ങളുടെ ലോകത്ത് അറിവിനെയും പാണ്ഡിത്യത്തെയും കുറിച്ചുള്ള പരമ്പരാഗത ആശയങ്ങൾ പലതും റദ്ദ് ചെയ്യപ്പെടും. അറിവിന്റെയും വിശകലനത്തിന്റെയും രീതിശാസ്‌ത്രങ്ങൾ പുനർ നിർവചിക്കപ്പെടും. അറിവിന്റെ ഉപാസകനായ പി ജിയെ മുൻനിർത്തി തന്നെ ഇത്തരമൊരു ആലോചന നടത്താനിടയായതിൽ ഏറെ സന്തോഷം.











0 comments