കവർസ്റ്റോറി
221 B, ബേക്കർ സ്ട്രീറ്റ്, ലണ്ടൻ

ദീപാനിശാന്ത്
Published on Nov 24, 2025, 11:04 AM | 8 min read
221 B, ബേക്കർ സ്ട്രീറ്റ്, ലണ്ടൻ‐ ലോകത്തെ ഏറ്റവും സുപരിചിതമായ അഡ്രസ്!
ലണ്ടനിലെ ആ തണുത്ത പുലരിയിൽ മഞ്ഞിൻതുള്ളികളെ തലോടി കടന്നുപോവുന്ന ശാന്തമായ കാറ്റേറ്റ്, കാലം മായ്‌ക്കാത്ത ഒരു സുന്ദരനിഗൂഢതയുടെ അതിതീവ്രമായ ആകർഷണവലയത്തിൽപ്പെട്ട മനസ്സുമായി ധന്യയോടൊപ്പം ഞാനാ തെരുവിലേക്ക് കാലെടുത്തു വച്ചപ്പോൾ ഒരു വൈദ്യുതപ്രവാഹം ശരീരത്തിലൂടെ കടന്നുപോവുന്നതുപോലെ തോന്നി.
ഞാനിപ്പോൾ നടക്കുന്നത് വെറുമൊരു തെരുവിലൂടെയല്ല, മറിച്ച് എന്റെ കൗമാര ദിനരാത്രങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ, ഒരാളുടെ അടുത്തേക്കാണ്... അതോർത്തപ്പോൾ ഒരു കോരിത്തരിപ്പ്... പുലർകാലത്തെ ആ വിറപ്പിക്കുന്ന തണുപ്പുമേറ്റ് ലോകത്തെ ഏറ്റവും മനോഹരമായ ‘കിറുക്കും' പേറിക്കൊണ്ട് ഉദ്വേഗഭരിതമായ മനസ്സുമായി ബേക്കർ സ്ട്രീറ്റിലൂടെ ഞാൻ നടന്നു.
ലണ്ടനിലെ ഷെർലക് ഹോംസ് മ്യൂസിയം
ചില യാത്രകൾ അവനവനിലേക്കുള്ള മടങ്ങിപ്പോകലുകൾ കൂടിയാണ്. എന്റെ കൗമാരകാലം മുഴുവൻ സ്വപ്‌നം കണ്ട, ഭാവനയിൽ നിറങ്ങൾ നൽകിയ പുസ്‌തകത്താളുകളിലെ കഥാപാത്രങ്ങൾ ജീവിച്ച ആ മണ്ണിലാണ് ഇപ്പോൾ നിൽക്കുന്നതെന്ന ചിന്ത ആവേശം കൊള്ളിച്ചു. കുട്ടിക്കാലത്ത് ഉള്ളിൽ ആവാഹിക്കപ്പെട്ട മാന്ത്രികപ്രഭാവനെ കാണാനാണ് ഞാനെത്തിയിരിക്കുന്നത്.
എന്റെ കൗമാരഭാവനയിലേക്ക് ഒരു സിഗരറ്റ് പൈപ്പും തൊപ്പിയുമായി, യുക്തിയുടെ മൂർച്ചയുള്ള കണ്ണുകളോടെ ഷെർലക് ഹോംസ് കടന്നുവന്നത് ഒരു കൊടുങ്കാറ്റു പോലെയായിരുന്നു... ഹോംസ് ഞാൻ കേട്ട കഥയിലെയോ വായിച്ച പുസ്‌തകത്തിലെയോ കേവലമൊരു കഥാപാത്രമായിരുന്നില്ല... ഒരു പുതിയ ഭാവനാലോകത്തിന്റെ ഏറ്റവും സുന്ദരമായ തുടക്കം അവിടെനിന്നായിരുന്നു. ഹോംസിന്റെ ആ ലോകത്തിലേക്ക് എത്രയോ വർഷങ്ങൾക്കിപ്പുറം ഞാനെത്തിച്ചേരുന്ന രംഗം കുട്ടിക്കാലത്തെ വിദൂരസ്വപ്‌നത്തിൽപ്പോലും ഞാൻ കണ്ടിരുന്നില്ല. ‘നീലവാനിനു കീഴെ പച്ചനാക്കില വച്ചതുപോലുള്ള ഒരു നാട്ടിൽ', അവിടത്തെ ഏതാനും കുട്ടികളെ മലയാളം പഠിപ്പിക്കുന്ന ഒരു കുഞ്ഞുമനുഷ്യജീവിയെ, ലണ്ടനെന്ന മഹാനഗരത്തിൽ കാലം കൊണ്ടെത്തിക്കുമെന്നും ഈ ബേക്കർ സ്ട്രീറ്റിലൂടെ അവൾ മധുരമനോഹരമായ ഒരു ദിവാസ്വപ്‌നത്തിലെന്നോണം ഇങ്ങനെ അലയുമെന്നും ആരറിഞ്ഞു?
കുട്ടിക്കാലത്ത് ഒരു രഹസ്യകോഡ് പോലെ മനസ്സിൽ പതിഞ്ഞ ‘ബേക്കർ സ്ട്രീറ്റ് 221 B' എന്ന മേൽവിലാസം ഉന്നമിട്ടാണ് ഞാൻ നടക്കുന്നത്. എന്റെ ഏറ്റവും ആകാംക്ഷാഭരിതമായ വായനാദിനങ്ങൾക്ക് യാഥാർഥ്യത്തിന്റെ വിരലടയാളം നൽകിക്കൊണ്ടുള്ള ഈ യാത്ര, മധുരമായ വർത്തമാനകാല യാഥാർഥ്യമാണ്. ഒരു മഹാരഹസ്യത്തിന്റെ ചുരുളഴിയുന്നതിന്റെ നിഗൂഢമായ ആവേശം പോലെന്തോ ഒന്ന് ഞാൻ അനുഭവിച്ചു.
ലണ്ടൻ നഗരത്തിലെ തെരുവ് മുഴുവൻ ആ സാങ്കൽപ്പിക കഥാപാത്രത്തിന്റെ സ്മരണാർഥം ആർതർ കോനൻ ഡോയൽ തന്റെ പുസ്‌തകത്തിൽ വിവരിച്ചതുപോലെ, അതേപടി നിലനിർത്തിയിട്ടുള്ള കാഴ്‌ച അതിമനോഹരമായിരുന്നു! ഒരു ‘വണ്ടർലാന്റിൽ' എത്തപ്പെട്ട അവസ്ഥ!
‘അപൂർവനും അദ്വിതീയനുമായ അപസർപ്പക ചക്രവർത്തി' എന്ന് സുകുമാർ അഴീക്കോട് വിശേഷിപ്പിച്ച വിഖ്യാത കുറ്റാന്വേഷകന്റെ വീട്ടിലേക്ക്...
ലണ്ടനിലെ തിരക്കേറിയ തെരുവിൽ, ഒരു വിക്ടോറിയൻ കാലഘട്ടത്തിലെ അവശേഷിപ്പെന്നോണം അകലെ ആ വീട് തലയുയർത്തി നിൽക്കുന്നതു കണ്ടപ്പോൾ ഉള്ളം ഉദ്വേഗഭരിതമായി. ‘ദി ഷെർലക് ഹോംസ് മ്യൂസിയം' എന്ന് വലിയ അക്ഷരത്തിൽ വീടിനു പുറത്ത് എഴുതിവച്ചിട്ടുള്ളത് ദൂരെ നിന്നേ കാണാം.
സർ ആർതർ കോനൻ ഡോയലിന്റെ അനശ്വരമായ സൃഷ്ടിയായ ഷെർലക് ഹോംസിനുള്ള ലോകമെമ്പാടുമുള്ള ഒരു ആദരവിന്റെ മുന്നിലാണ് ഞാൻ എത്തിച്ചേർന്നിരിക്കുന്നത്... ഡോയലിന്റെ ഭാവനാസൃഷ്ടിയായ ഷെർലക് ഹോംസും ഡോക്ടർ വാട്സണും താമസിച്ചിരുന്ന ലണ്ടനിലെ ഏറ്റവും പ്രസിദ്ധമായ സാങ്കൽപ്പിക മേൽവിലാസം!
‘അപസർപ്പകത' എന്ന വാക്കിന് ഒരുപക്ഷേ ഈ ബേക്കർ സ്ട്രീറ്റിനോളം നിഗൂഢതയുണ്ടാവില്ല എന്നു തോന്നി. ഒരു കഥാപാത്രത്തിനെ, തന്റെ കഥയിൽ കൊന്നതിന്റെ പേരിൽ എഴുത്തുകാരൻ വെല്ലുവിളി നേരിട്ട ലോകത്തിലെ ഏക സ്ഥലത്താണ് ഞാൻ നിൽക്കുന്നത്. 1893-‐ൽ എഴുതിയ "ദി ഫൈനൽ പ്രോബ്ലം’ (The Final Problem) എന്ന ചെറുകഥയിൽ സ്വിറ്റ്സർലണ്ടിലെ റീക്കെൻബാക്ക് വെള്ളച്ചാട്ടത്തിൽ (Reichenbach Falls) വച്ച് ഹോംസും അദ്ദേഹത്തിന്റെ മുഖ്യശത്രുവായ പ്രൊഫസർ മോറിയാർട്ടിയും തമ്മിലുള്ള പോരാട്ടത്തിൽ ഇരുവരും മരിക്കുന്നതായി കോനൻ ഡോയൽ ചിത്രീകരിച്ചപ്പോൾ അതൊരു ‘സാഹിത്യദുരന്ത'മായിത്തന്നെ ലോകമെമ്പാടുമുള്ള വായനക്കാർക്ക് അനുഭവപ്പെട്ടു കാണണം. തങ്ങളുടെ പ്രിയകഥാപാത്രത്തെ തിരിച്ചുകൊണ്ടുവരാനായി വായനക്കാർ ജാഥ നടത്തിയ ഭൂമിയിലെ ഏക തെരുവ് ഇതായിരിക്കും. തുടർച്ചയായി ഹോംസിന്റെ കഥകൾ എഴുതുന്നതിൽ ആർതർ കോനൻ ഡോയലിന് വിരസത തോന്നിത്തുടങ്ങിയിട്ടുണ്ടാകണം. പുതിയ കേസുകളും പസിലുകളും കണ്ടെത്താൻ അദ്ദേഹം പ്രയാസപ്പെട്ടു കാണണം. ഒരു ഡിറ്റക്്‌ടീവ് കഥാകൃത്തായിട്ടല്ല, മറിച്ച് ഒരു ചരിത്ര നോവലിസ്റ്റ് ആയി അറിയപ്പെടാനായിരുന്നു ഡോയലിന്റെ മോഹമെന്ന് അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഹോംസ് തന്റെ യഥാർഥ സർഗാത്മകതയെ തടസ്സപ്പെടുത്തുന്നു എന്ന് ഡോയൽ വിശ്വസിച്ചു.
ഹോംസിനെ കൊന്നതിന് ശേഷം തന്റെ ഡയറിയിൽ അദ്ദേഹം ഇങ്ങനെ എഴുതി: ‘Killed Holmes!'
ഷെർലക് ഹോംസ് മ്യൂസിയത്തിന് മുന്നിൽ ദീപാനിശാന്ത്
ഒരു കഥാപാത്രം തന്റെ ജീവിതവും കരിയറും പൂർണമായും ഏറ്റെടുത്തപ്പോഴുള്ള എഴുത്തുകാരന്റെ വൈകാരിക പ്രതികരണമായിരുന്നിരിക്കണം ആ ഒറ്റവരി!
"ഹോംസിന്റെ മരണത്തിന് ഞാൻ വളരെയധികം പഴിക്കപ്പെട്ടു, പക്ഷെ അത് കൊലപാതകമായിരുന്നില്ല, സ്വയരക്ഷയ്‌ക്കായുള്ള നീതീകരിക്കപ്പെട്ട കൊലപാതകമായിരുന്നു. കാരണം, ഞാൻ ഹോംസിനെ കൊന്നിട്ടില്ലെങ്കിൽ, ഹോംസ് തീർച്ചയായും എന്നെ കൊന്നേനെ’ എന്ന് എഴുത്തുകാരന് താൻ സൃഷ്ടിച്ച തന്റെ കഥാപാത്രത്തിന്റെ മരണത്തെപ്പറ്റി വിശദീകരിക്കേണ്ടിവന്ന ചരിത്രം ലോകസാഹിത്യത്തിൽ അതിനു മുമ്പും പിമ്പും ഉണ്ടായിക്കാണില്ല. എഴുത്തുകാരനേക്കാൾ ആയിരം മടങ്ങ് ഗരിമയിൽ ഷെർലക് ഹോംസ് എന്ന കഥാപാത്രം തലയുയർത്തി നിന്നപ്പോൾ ഉള്ളിൽ ഒരു ‘പെരുന്തച്ചൻ കോംപ്ലക്‌സ്' തലയുയർത്തിക്കാണുമോ? ആർക്കറിയാം മനുഷ്യമനസ്സിലെ നിഗൂഢതകൾ!
ലോകമെമ്പാടുമുള്ള പ്രധാന പത്രങ്ങളിൽ ഷെർലക് ഹോംസിന്റെ മരണം മുൻപേജിൽ വാർത്തയായി. ഒരു സാങ്കൽപ്പിക കഥാപാത്രത്തിന് യഥാർഥ വ്യക്തിക്ക് ലഭിക്കുന്നതുപോലുള്ള ചരമക്കുറിപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ടു.ഹോംസിനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരാധകരിൽനിന്ന് അക്കാലത്ത് ആർതർ കോനൻ ഡോയലിന് ആയിരക്കണക്കിന് പ്രതിഷേധക്കത്തുകൾ ലഭിച്ചത്രേ. അമേരിക്കയിലുൾപ്പെടെ "Keep Holmes Alive’ (ഹോംസിനെ ജീവനോടെ നിലനിർത്തുക) എന്ന പേരിലുള്ള ക്ലബ്ബുകൾ രൂപീകരിക്കപ്പെട്ടു. ലണ്ടനിലെ പല യുവാക്കളും ഹോംസിനോടുള്ള ആദരസൂചകമായി കറുത്ത കൈപ്പട്ടകൾ ധരിച്ച് പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഷെർലക് ഹോംസ് കഥകൾ പ്രസിദ്ധീകരിച്ചു വന്നിരുന്ന സ്ട്രാൻഡ് മാഗസിന്റെ (The Strand Magazine) വരിക്കാർ കൂട്ടത്തോടെ വരിസംഖ്യ റദ്ദാക്കി. ഒരു സാഹിത്യ പ്രസിദ്ധീകരണത്തിന് അക്കാലത്ത് ലഭിക്കാവുന്ന കനത്ത സാമ്പത്തിക തിരിച്ചടിയായിരുന്നു അത്.
എഴുത്തുകാരനും മാഗസിൻ ഓഫീസിലേക്കും ആയിരക്കണക്കിന് പ്രതിഷേധക്കത്തുകളും ഭീഷണികളും എത്തി. "നീ ഒരു മൃഗമാണ്!’ ("You Brute!’) എന്ന് ഒരു സ്‌ത്രീ തനിക്ക് കത്തെഴുതിയതായി ഡോയൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഹോംസിന്റെ മരണം ഒരു കഥാപാത്രത്തോട് വായനക്കാർക്ക് ഉണ്ടായിരുന്ന വൈകാരിക ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരധ്യായമാണ്.
ഒടുവിൽ 1903-‐ൽ പ്രസിദ്ധീകരിച്ച ‘ദി അഡ്വഞ്ചർ ഓഫ് ദി എംപ്റ്റി ഹൗസ്' (The Adventure of the Empty House) എന്ന കഥയിലൂടെ ഹോംസിനെ റീക്കൻ ബാക്ക് വെള്ളച്ചാട്ടത്തിൽനിന്നും എഴുത്തുകാരൻ ‘രക്ഷപ്പെടുത്തി' തിരികെക്കൊണ്ടുവന്നു. അങ്ങനെ വർഷങ്ങൾ നീണ്ടുനിന്ന ആ സമരത്തിനൊടുവിൽ വായനക്കാരൻ തന്നെ ജയിച്ചു. അതുകൊണ്ടുതന്നെ ബേക്കർ സ്ട്രീറ്റ് ഓരോ വായനക്കാരന്റെയും തെരുവാണ്... ഇടമാണ്...
ആ മ്യൂസിയത്തിന്റെ മുമ്പിൽ, ബേക്കർ സ്ട്രീറ്റിലെ തിരക്കിനിടയിൽ, ഒരു നിമിഷം ഞാൻ നിന്നു. ഭാവനയിൽ കണ്ട അതേ ഇരുണ്ട വാതിൽ. കാലപ്പഴക്കത്തിൽ നിറംമങ്ങിയ, എന്നാൽ ലക്ഷക്കണക്കിന് വായനക്കാരുടെ മനസ്സിൽ മായാതെ നിൽക്കുന്ന അതേ വീട്ടുനമ്പർ: 221 B.
ഇതാ... ഭാവനയിൽ മാത്രം ജീവിച്ച പ്രിയസുഹൃത്തിന്റെ വീട്ടുവാതിൽക്കൽ ഞാൻ എത്തിയിരിക്കുന്നു. ഇത് വെറുമൊരു വീടല്ല, ലോകത്തിലെ ഏറ്റവും പ്രശസ്‌തനായ ‘കൽപ്പിതവ്യക്തി' ജീവിച്ച ഇടമാണ്. ഈ അഡ്രസ്സിലെ വ്യക്തി ഒരു സാങ്കൽപ്പിക കഥാപാത്രമായിരുന്നുവെന്നറിഞ്ഞത് എത്ര മുതിർന്നപ്പോഴാണ്!
എനിക്ക് വെറുതെ കരച്ചിൽ വന്നു. കിഷോറേട്ടനെ ഓർമവന്നു. എനിക്കും സോജയ്‌ക്കും ആ പഴയ ഓടുവീടിന്റെ മുകളിലത്തെ മുറിയിലെ അരണ്ട വെളിച്ചത്തിലിരുന്ന് ഒരു അമർചിത്രകഥയും കയ്യിൽ പിടിച്ച് ഹോംസിനെ ആദ്യമായി പരിചയപ്പെടുത്തിയത് കിഷോറേട്ടനായിരുന്നു.
കുട്ടിക്കാലത്തെ എന്റെ ഏറ്റവും സുന്ദരമായ ആകാംക്ഷ മുഴുവൻ കിഷോറേട്ടന്റെ കഥകളിലായിരുന്നു. കിഷോറേട്ടന്റെ ആ പഴയ വീടിന് എപ്പോഴും ഒരു പ്രത്യേക മണമുണ്ടായിരുന്നു. ഈർപ്പത്തിന്റെയും പൊടിപിടിച്ച തടിപ്പലകകളുടെയും അടുപ്പിന്റെ കരിഗന്ധവും കലർന്ന ഒരന്തരീക്ഷം. മുകളിലെ ഉരുണ്ട മൺജനാലകൾക്കിടയിലൂടെ അരിച്ചെത്തുന്ന മങ്ങിയ വെളിച്ചത്തിൽ കിഷോറേട്ടന്റെ കഥകൾ കേട്ടിരുന്ന പെൺകുട്ടി... ആ മുറിയുടെ ഒരറ്റത്തുള്ള കസേരയിൽ ഇടയ്‌ക്കവൾ ചുരുണ്ടുകൂടി. എന്റെ ലോകം ആ കഥകൾ കേൾക്കുമ്പോൾ ചുറ്റുമുള്ള തണുപ്പിലോ നിശ്ശബ്ദതയിലോ ആയിരുന്നില്ല. അത് ഈ വിക്ടോറിയൻ ലണ്ടനിലെ പുകമറകൾ നിറഞ്ഞ ബേക്കർ സ്ട്രീറ്റിലായിരുന്നു. ഒരു ചെറിയ വിരലടയാളത്തിൽ നിന്നോ ഒരു ഷൂവിൽ പറ്റിപ്പിടിച്ച ചെളിയിൽ നിന്നോ ഒരു കത്തിലെ കൈയക്ഷരത്തിൽ നിന്നോ ഒരു വലിയ കുറ്റകൃത്യത്തിന്റെ ചുരുളഴിക്കുന്ന ഹോംസിന്റെ ‘ഡിഡക്ഷൻ’ എന്നെ ഭ്രാന്തമായി ആവേശം കൊള്ളിച്ച ആ കാലമോർത്തപ്പോ കടുത്ത നിരാശ തോന്നി.
സർ ആർതർ കോനൻ ഡോയൽ
കാലം എന്തിനാണ് ആ കുട്ടിക്കാലത്തുനിന്നും എന്നെ വലിച്ചു പുറത്തേക്കിട്ടത്? കാലം ആ വീട്ടിലെ പഴയ മുറിയിലെ ക്ലോക്ക് പോലെ നിശ്ചലമായങ്ങ് നിന്നാൽ മതിയായിരുന്നു.
ആ കാലഘട്ടത്തിൽ, ഭൗതികലോകം ഒരു മങ്ങിയ ചിത്രമായി മാറുകയും, അച്ചടിച്ച അക്ഷരങ്ങൾക്കുള്ളിലെ പ്രപഞ്ചം കൂടുതൽ വ്യക്തവും തിളക്കമുള്ളതുമായി അനുഭവപ്പെടുകയും ചെയ്‌തിരുന്നു. ഇരുണ്ടതും നിഗൂഢവുമായ ഒരു ലോകത്തേക്ക് കാലെടുത്തുവച്ചതുപോലെയുള്ള ഒരു മാറ്റമായിരുന്നു അത്. ‘നോക്കുന്നതും' (seeing), ‘കാണുന്നതും' (observing) തമ്മിലുള്ള അന്തരം എനിക്ക് ബോധ്യപ്പെടുത്തിത്തന്നത് മറ്റാരുമല്ല, സാക്ഷാൽ ഷെർലക് ഹോംസ് തന്നെയായിരുന്നു. "നിങ്ങൾ നോക്കുന്നു, പക്ഷെ നിരീക്ഷിക്കുന്നില്ല’ (You see, but you do not observe!) എന്ന ഹോംസിന്റെ പ്രസിദ്ധമായ ഡയലോഗ് എന്റെ കാഴ്‌ചപ്പാടുകളെ തച്ചുടച്ച ഒരു ചുറ്റിക പ്രഹരമായിരുന്നു.
അക്കാലത്ത് എന്റെ ഓരോ നോട്ടത്തിലും ഒരു അന്വേഷണത്തിന്റെ തീവ്രതയുണ്ടായിരുന്നു. ഹോംസ് ജീവിതത്തിലേക്ക് കടന്നുവന്നതോടെ എന്റെ ലോകം കീഴ്‌മേൽ മറിഞ്ഞു. വീട്ടിലെ ഓരോ കോണുകളും ഒരു കാലംവരെ സാധാരണമായിരുന്ന ഓരോ വസ്‌തുവും എനിക്കൊരു കേസ് ഫയലായി രൂപാന്തരപ്പെട്ടു. ആരുമില്ലാത്ത നേരത്ത്, രഹസ്യമായി അച്ചാച്ചന്റെ ഭാരം കൂടിയ ഇരുമ്പുപെട്ടി തുറന്ന് പരതുമ്പോൾ കണ്ടെടുക്കുന്ന ഓരോ കടലാസും തുണ്ടുവസ്‌തുക്കളും എന്നെ ജിജ്ഞാസയുടെ മുൾമുനയിലേക്ക് എത്തിച്ചു. ഞാൻ സ്വയം 221 ബി ബേക്കർ സ്ട്രീറ്റിലെ ഷെർലക് ഹോംസായി മാറി. സ്‌കൂളിലേക്ക് പോകുകയാണെന്ന് വീട്ടിലുള്ളവരെ തെറ്റിദ്ധരിപ്പിച്ച് പ്രദീപേട്ടൻ മറ്റെവിടെയെങ്കിലും അലഞ്ഞിരിക്കുമോ എന്നറിയാൻ പ്രദീപേട്ടന്റെ ഷൂവിലെ പൊടി ഞാൻ സസൂക്ഷ്മം നിരീക്ഷിച്ചു. ഇത്തരം നിരീക്ഷണങ്ങൾക്കിടയിൽ അടുക്കളയിലെ പാത്രങ്ങളുടെ സ്ഥാനചലനവും വലിച്ചെറിയലിന്റെ രീതിയും ശബ്ദഘോഷങ്ങളും അമ്മയുടെ മാനസികാവസ്ഥയുടെ സൂചനകളായി ഞാൻ ബുദ്ധിപൂർവം മനസ്സിലാക്കി. അടുക്കളയിൽ ഉച്ചത്തിലുള്ള പാത്രങ്ങളുടെ ശബ്ദം കേട്ടാൽ, ഗൃഹാന്തരീക്ഷം കൊടുങ്കാറ്റിന്റെ വക്കിലാണെന്ന് എനിക്ക് ഊഹിക്കാമായിരുന്നു. അതു കേട്ടാൽ എല്ലാ കേസന്വേഷണവും പാതിവഴിയിൽ അവസാനിപ്പിച്ച് ഞാൻ പെട്ടെന്ന് ഓടിപ്പോയി ചൂലെടുത്ത് മുറ്റമടിച്ചു വാരുകയോ പാത്രങ്ങൾ കഴുകിവയ്‌ക്കുകയോ ചെയ്യുമായിരുന്നു.
ഷെർലക് ഹോംസ് കഥകളുടെ സമ്പൂർണ സമാഹാരം വായിച്ചത് പിന്നീടാണ്. പേരാമംഗലം വായനശാലയിൽ നിന്നെടുത്ത അരികുകൾ കീറിത്തുടങ്ങിയ കട്ടിയുള്ള ചട്ടയുള്ള ആ പുസ്‌തകത്തിലെ ഓരോ താളും മറിക്കുമ്പോൾ പതിറ്റാണ്ടുകളുടെ പഴക്കം വിളിച്ചോതുന്ന ഒരു മണം മൂക്കിലേക്ക് കയറിവരും. ചുറ്റും വീടിന്റെ നിശ്ശബ്ദത കൂടു കൂട്ടും. ചുമരിലെ പഴയ ക്ലോക്കിന്റെ "ടിക്-ടോക്’ ശബ്ദം പോലും, ഒരു മഹാരഹസ്യം പോലെ തോന്നും. ഹോംസിന്റെ കൂർത്ത മൂക്കിന്റെയും തീക്ഷ്ണമായ കണ്ണുകളുടെയും പൈപ്പിന്റെ പുകയുടെയും ചിത്രങ്ങൾ എന്റെ മനസ്സിൽ തെളിയും.
എനിക്ക് ഹോംസിന്റെ കഥകൾ കേവലം കുറ്റാന്വേഷണ കഥകളായിരുന്നില്ല. അവ യുക്തിയുടെയും ക്ഷമയുടെയും പ്രായോഗിക ബുദ്ധിയുടെയും പാഠങ്ങളായിരുന്നു. ലോകം എത്ര കുഴഞ്ഞുമറിഞ്ഞതാണെങ്കിലും, അതിൽ ഒരു ചിട്ടയുണ്ടെന്നും, സത്യം എപ്പോഴും എവിടെയോ ഒളിച്ചിരിപ്പുണ്ടെന്നും, അതിനെ കണ്ടെത്താൻ എന്നെങ്കിലും ഒരാൾക്ക് കഴിയുമെന്നും ഹോംസ് എന്നെ പഠിപ്പിച്ചു. ആ വായനകളാണ് എന്നിൽ ജിജ്ഞാസയുടെ വിത്തുകൾ പാകിയത്. പലപ്പോഴും ഒരു പ്രശ്നം വരുമ്പോൾ ഹോംസിന്റെ ശാന്തമായ മുഖവും പുകച്ചുരുളുകൾക്കുള്ളിൽ ഒളിപ്പിച്ച ചിന്താശേഷിയും മനസ്സിൽ വരും.
ഷെർലക് ഹോംസ് മ്യൂസിയത്തിന്റെ പ്രവേശന കവാടത്തിൽ പരമ്പരാഗത യൂണിഫോം ധരിച്ച ‘ലണ്ടൻ പോലീസുകാർ' സന്ദർശകരെ സ്വാഗതം ചെയ്‌തു നിൽക്കുന്നുണ്ട്. പ്രവേശന കവാടത്തിന് അടുത്തുള്ള ഗിഫ്റ്റ് ഷോപ്പിൽ നിന്നും ഹോംസ് ധരിക്കാറുള്ള ‘ഡീർസ്റ്റാക്കർ' തൊപ്പികൾ, മറ്റ് സുവനീറുകൾ എന്നിവ നമുക്ക് വേണമെങ്കിൽ വാങ്ങാം. കഥാപാത്രം സാങ്കൽപ്പികമാണെങ്കിലും, ഹോംസിന്റെ സ്മരണാർഥം കെട്ടിടത്തിന്റെ പുറത്ത് ഒരു ‘ബ്ലൂ പ്ലാക്ക്' സ്ഥാപിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഹെറിറ്റേജ് ചാരിറ്റി നടത്തുന്ന ‘ബ്ലൂ പ്ലാക്ക് പദ്ധതി' ലണ്ടനിലുടനീളമുള്ള പ്രത്യേക കെട്ടിടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ശ്രദ്ധേയരായ വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്ന ഒന്നാണ്. ഒരുപക്ഷേ ലോകത്ത് ആദ്യമായിട്ടായിരിക്കും യഥാർഥ വ്യക്തികൾക്കല്ലാതെ ഒരു സാങ്കൽപ്പിക കഥാപാത്രത്തിന് ഇത്തരത്തിലുള്ള ആദരവ് ലഭിക്കുന്നത്.
ഷെർലക് ഹോംസ് മ്യൂസിയത്തിലെ ഉൾവശം
മ്യൂസിയത്തിലെ ഗൈഡുകളും മറ്റ് ജീവനക്കാരും വിക്ടോറിയൻ കാലഘട്ടത്തിലെ വസ്‌ത്രങ്ങൾ ധരിച്ചാണ് ഞങ്ങളെ സ്വാഗതം ചെയ്‌തത്. ഹോംസിനെക്കുറിച്ചുള്ള വിവരങ്ങൾ അവർ സന്ദർശകരുമായി പങ്കുവയ്‌ക്കുന്നുണ്ട്.
ബേക്കർ സ്ട്രീറ്റിന് അഭിമുഖമായുള്ള ഒന്നാം നിലയിലെ മുറിയിൽ ഹോംസിന്റെ കഥകളിലൂടെ പ്രശസ്‌തമായ ഡീർസ്റ്റാക്കർ തൊപ്പിയും ഭൂതക്കണ്ണാടിയും പൈപ്പും വയലിനും ഹോംസിന്റെ കെമിസ്ട്രി സെറ്റും ഭാവനാസുന്ദരമായി പുനഃസൃഷ്ടിച്ചിരിക്കുന്നു.വാട്സൺ തന്റെ കുറിപ്പുകൾ എഴുതിയ മേശയും ഒരിടത്തു കണ്ടു. രണ്ടാം നിലയിൽ ഡോ. വാട്സന്റെ കിടപ്പുമുറിയും ഹോംസിന്റെ വീട്ടുടമസ്ഥയായിരുന്ന മിസ്സിസ് ഹഡ്‌സന്റെ മുറിയും സൃഷ്ടിച്ചിരിക്കുന്നു. മൂന്നാം നിലയിൽ ഷെർലക് ഹോംസ് കഥകളിലെ വിവിധ രംഗങ്ങൾ മെഴുകുപ്രതിമകളിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ്.
അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ ആ പഴയ വിക്ടോറിയൻ അന്തരീക്ഷം നമ്മെ മറ്റൊരു ലോകത്തേക്ക് എത്തിക്കും. ഗ്യാസ് വിളക്കുകൾ, വിക്ടോറിയൻ വാൾപേപ്പറുകൾ എന്നിവ ഉപയോഗിച്ച് മറ്റൊരു കാലഘട്ടം തന്നെ അകത്ത് പുനഃസൃഷ്ടിച്ചിരിക്കുന്നു. വിക്ടോറിയൻ കാലഘട്ടത്തിലെ ഫർണിച്ചറുകൾ, ഹോംസിന്റെ വയലിൻ, മാഗ്‌നിഫൈയിങ് ലെൻസ്, പൈപ്പ്, രസതന്ത്ര ഉപകരണങ്ങൾ, ഡോക്ടർ വാട്സന്റെ വസ്‌തുക്കൾ... എല്ലാം കഥകളിൽ വായിച്ചതുപോലെ തന്നെ. വാട്സന്റെ മേശപ്പുറത്ത് അദ്ദേഹത്തിന്റെ ഡയറിയും പേനയും വച്ചിരിക്കുന്നു. അവിടെയുള്ള ഓരോ വസ്‌തുവിനും ഒരു കഥ പറയാനുണ്ടെന്ന് തോന്നിപ്പോകും. തടിപ്പടികൾ കയറി മുകളിലേക്ക് നടക്കുമ്പോൾ, മിസ്സിസ് ഹഡ്സൺ ഈ പടിയിലൂടെയായിരിക്കില്ലേ മുകളിലേക്ക് ഹോംസിനും വാട്സണും ചായയുമായി വന്നിട്ടുണ്ടാകുക എന്നോർത്തു. ഈ മുറിയിൽ ഇരുന്നായിരിക്കില്ലേ ലോകം കണ്ട ഏറ്റവും സങ്കീർണമായ കേസുകൾ ഹോംസ് അഴിച്ചെടുത്തത് എന്നോർത്തു...
ഇതൊരു കഥാപാത്രത്തിന്റെ വീടാണ്, യഥാർഥത്തിലുണ്ടായിരുന്ന ഒരു വ്യക്തിയുടേതല്ല. ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച ഭാവനയുടെ ലോകമാണിതെന്ന് വിശ്വസിക്കാൻ തോന്നിയില്ല. യുക്തിഭദ്രമല്ലെങ്കിലും ചില വിശ്വാസങ്ങൾ അങ്ങനെ തന്നെയിരിക്കുന്നതാണ് ഭംഗി.

ആ കെട്ടിടത്തിനകത്തെ ഓരോ കാഴ്‌ചയും എന്നെ ഭൂതകാലത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടേയിരുന്നു. അവിടത്തെ ഓരോ വസ്‌തുവിനും ഓരോ ഗന്ധം. ഓരോ വസ്‌തുവും ഓരോ മനുഷ്യനും എനിക്കെന്നും ഗന്ധം കൂടിയായിരുന്നു. വായനശാലയിലെ പഴയ പുസ്‌തകങ്ങളുടെ ഗന്ധം. പാമ്പുകടിയേറ്റ് മരിച്ചുകിടക്കുന്ന കിഷോറേട്ടനെ ചിതയിലേക്കെടുക്കുമ്പോൾ നീലനിറത്തിലുള്ള കിഷോറേട്ടന്റെ നെറ്റിയിൽ അവസാനമായി ചുംബിച്ചപ്പോഴുള്ള മരണത്തിന്റെ ഗന്ധം... കിഷോറേട്ടന്റെ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങുന്നതു പോലെ... തട്ടിൻമുകളിലെ ആ പഴയ മുറിയിൽ വെളിച്ചത്തിന്റെ ഒരു നേർത്ത തിളക്കംപോലെ കിഷോറേട്ടൻ ചുമരിൽ ചാരിയിരുന്ന് കഥകൾ പറഞ്ഞു തന്നിരുന്ന ആ കാലമോർത്തു. കിഷോറേട്ടൻ ശരിക്കും ഒരു മാന്ത്രികനായിരുന്നു, കഥ പറയുന്നതിൽ.
ഇടയ്‌ക്ക് ശബ്ദം പതിയെയാക്കി വായുവിൽ കൈകൾ കൊണ്ട് ചില ചിത്രങ്ങൾ വരച്ച്, ആ ഭാവ ചലനങ്ങളിൽ കിഷോറേട്ടൻ ഞങ്ങളെ കെട്ടിയിട്ട ഒരു കാലം! കഥയുടെ നിർണായക നിമിഷങ്ങളിൽ കിഷോറേട്ടൻ ശ്വാസം അടക്കിപ്പിടിച്ച് ഞങ്ങളുടെ മുഖത്തേക്ക് അൽപ്പനേരം ഉറ്റുനോക്കും. നിശ്ശബ്ദമായ ആ നോട്ടം മതിയായിരുന്നു ഉള്ളിലെ ഭയം ഒരു പാമ്പിനെപ്പോലെ എന്നെ ചുറ്റിവരിയാൻ. കഥകളിലെപ്പോലെ വലിയ ശബ്ദമോ ആക്രോശങ്ങളോ ഉണ്ടാക്കാതെ ഒരു ദിവസം കിഷോറേട്ടൻ പാതിവഴിയിൽ എല്ലാ കഥയുമവസാനിപ്പിച്ച് മടങ്ങിപ്പോയതോർത്ത് ആ കെട്ടിടത്തിന്റെ തണുപ്പുള്ള കൈവരികളിൽ സ്‌പർശിച്ച് ഞാൻ നടന്നു...
എന്റെ കുട്ടിക്കാലത്തെ ഭാവനകളിലേക്ക് ഷെർലക് ഹോംസിനെ കയറ്റിയിരുത്തിയ കഥകളുടെ അക്ഷയഖനിയായ കിഷോറേട്ടാ, നോക്കൂ... ദാ, ഈ കസേരയിലാണ് ഹോംസ് ഇരുന്നിരിക്കുക, ദാ... ഈ പൈപ്പാണ് ഹോംസ് വലിച്ചിരിക്കുക, ദാ... ഈ മുറിയിലാണ് വാട്സൺ തന്റെ കുറിപ്പുകൾ എഴുതിയിരുന്നിരിക്കുക.
യാഥാർഥ്യവും ഭാവനയും തമ്മിലുള്ള അതിർവരമ്പ് എവിടെയൊക്കെയോ മാഞ്ഞുപോവുകയായിരുന്നു. ഇതൊരു കഥാപാത്രത്തിന്റെ വീടാണ്, യഥാർഥത്തിലുണ്ടായിരുന്ന ഒരു വ്യക്തിയുടേതല്ല എന്ന യുക്തിബോധം ഹോംസിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം എന്നിൽ നിന്നും എവിടെയോ വഴിമാറിപ്പോകുമായിരുന്നു.
മ്യൂസിയത്തിൽനിന്ന് പുറത്തിറങ്ങിയപ്പോൾ, എന്റെ കണ്ണുകളിൽ ലണ്ടനിലെ പ്രകാശത്തിനേക്കാൾ തിളക്കമുണ്ടായിരുന്നു. പുറത്തെ തിരക്കേറിയ തെരുവ് പഴയതുപോലെ...

ആ തെരുവിലൂടെ കുറച്ച് മുന്നോട്ട് നടന്ന് ഒന്ന് തിരിഞ്ഞു നോക്കി. അതൊരു വെറും കെട്ടിടമല്ല; ഇത് കാലം എനിക്കായി സൂക്ഷിച്ചുവച്ച ഉദ്വേഗഭരിതമായ ഒരു കുറ്റാന്വേഷണ നോവലിന്റെ ഏറ്റവും അവസാനത്തെ പേജാണ്. അത് ഞാൻ വായിച്ചവസാനിപ്പിച്ചതാണ്...
ദാ... ആ വീടിന്റെ ജനാലയിലൂടെ പുറത്തെ തെരുവിലേക്കു നോക്കിക്കൊണ്ട് ചുണ്ടിലെരിയുന്ന കുഴലുമായി ഷെർലക് ഹോംസും തൊട്ടപ്പുറത്ത് വാട്സണും ഇരിക്കുന്നു. ഇപ്പുറത്ത് തെരുവിൽ അന്തംവിട്ട് അങ്ങോട്ടുനോക്കി നിൽക്കുന്ന എന്നെ ചൂണ്ടി വാട്സണോടെന്തോ പറഞ്ഞ് ഹോംസ് ചിരിക്കുന്നുണ്ട്.
എ കേസ് ഓഫ് ഐഡന്റിറ്റി (A Case of Identity)യിലെ പ്രശസ്‌തമായ ആ വാചകം അന്തരീക്ഷത്തിൽ മുഴങ്ങുന്നതുപോലെ!
‘Life is infinitely stranger than anything which the mind of man could invent.’
മനുഷ്യന്റെ മനസ്സിന് കണ്ടുപിടിക്കാൻ കഴിയുന്ന എന്തിനെക്കാളും വിചിത്രമാണ് ജീവിതം!
‘ഫാൻ ഗേളിന്റെ' നെഞ്ചിടിപ്പു മാറുന്നില്ല...
കാലമേ നന്ദി... .









0 comments