തിരസ്‌മരണ
മദ്രാസിലെ മോൻ

ബിജു മുത്തത്തി
Published on May 11, 2026, 11:33 AM | 11 min read
2011ലെ ഗോവ ചലച്ചിത്രമേള (ഐഎഫ്എഫ്ഐ)യുടെ കണ്ണീരോർമയാണ് ബ്രസീലിൽ നിന്നുള്ള സംവിധായകൻ ഓസ്കാർ മാരൺ ഫിലോ. ഗോവ ആ വർഷം ഫുട്ബോൾ പ്രതിപാദ്യമായുള്ള സിനിമകളുടെ കൂടി മേളയായിരുന്നു. ‘സോക്കർ ഇൻ സിനിമ' എന്ന പേരിൽ ഒരു പ്രത്യേക പാക്കേജ് ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ ഗോവയിൽ അരങ്ങേറിയത് ഗോവക്കാർക്ക് അവരുടെ പഴയ കളിപ്രതാപങ്ങൾ കൂടി അയവിറക്കാനുള്ള അവസരമായി. ഡെമ്പോ എസ് സി, സാൽഗോക്കർ, വാസ്കോ, എഫ്‌സി ഗോവ എന്നെല്ലാമുള്ള പേരുകൾ കളിഭ്രാന്തന്മാരുടെ നാവിൽ വീണ്ടും തത്തിക്കളിച്ചു.
മിരാമറിലെ കമ്പൽ മൈതാനിയിൽ രാത്രിയായിരുന്നു സിനിമ. കൊയ്ത്തുകഴിഞ്ഞ കണ്ടത്തിലിരുന്ന് കളി കാണുന്ന ആവേശത്തോടെ സോക്കർ സിനിമകൾ കണ്ടതും കൈരളി ടിവിക്കുവേണ്ടി റിപ്പോർട്ട് ചെയ്തതും ഒന്നരപ്പതിറ്റാണ്ടിനുശേഷവും മായാതെ മനസ്സിലുണ്ട്.
നടൻ രവീന്ദ്രൻ ആ ‘ഫുട്ബോൾ മേള'യുടെ ഒരു അനൗദ്യോഗിക സംഘാടകനെ പോലെയായിരുന്നു പ്രവർത്തിച്ചിരുന്നത്്. 2004ൽ ഇന്ത്യയുടെ അന്താരാഷ്‌ട്ര ചലച്ചിത്രമേള ഗോവയിൽ നങ്കൂരമിട്ട നാൾമുതൽ ഗോവയിലേക്കുള്ള മലയാളി സിനിമാ തീർഥാടകരുടെയെല്ലാം ‘ഗുരുസ്വാമി'മാരിൽ ഒരാളാണല്ലോ രവിയേട്ടൻ.
ഗോവയിൽ കാണിക്കുന്ന മിക്ക ഫുട്ബോൾ സിനിമകളും രവിയേട്ടനെന്നതുപോലെ എനിക്കും മനഃപാഠമായിരുന്നു. കാരണം, അതിന് ഒരു വർഷം മുമ്പ് കൈരളി ടിവിയിൽ രവിയേട്ടനെ അവതാരകനാക്കി ഞാൻ ‘ഫുട്ബോൾ മാനിയ' എന്നൊരു ടെലിവിഷൻ പരിപാടി സംവിധാനം ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിൽ ഫിഫ ലോകകപ്പ് അരങ്ങേറിയ 2010 ജൂൺ 11 മുതൽ ജൂലൈ 11 വരെ ഒരു മാസക്കാലം ഒരു ദിനം പോലും ഒഴിയാതെ ആ പരിപാടി കൈരളിയുടെയും പീപ്പിളിന്റെയും വീയുടെയും സ്ക്രീനിൽ സംപ്രേഷണം ചെയ്യപ്പെട്ടു. കൈരളി ചെയർമാനായിരുന്ന മമ്മൂട്ടിയുടെ പ്രത്യേക നിർദേശപ്രകാരമായിരുന്നു രവിയേട്ടൻ എറണാകുളത്തുനിന്നും തിരുവനന്തപുരം വാൻറോസ് ജങ്‌ഷനിലെ ‘ഇന്ദ്രപുരി'യിൽ വന്ന് തമ്പടിച്ചത്. തോഷിബയുടെ പഴയൊരു ഹാർഡ് ഡിസ്ക് എന്റെ കൈയിലേക്ക് തന്ന് രവിയേട്ടൻ പറഞ്ഞു‐ ‘ഇനിയെല്ലാം നിന്റെ കൈയിലാണ്!'
രവീന്ദ്രന്‍ ഡിജിറ്റൽ ക്രിയേഷൻ: കിരൺ ഗോവിന്ദ്
ഫുട്ബോൾ പ്രമേയമായ ലോകസിനിമകളുടെ ഒരു മഹാശേഖരമായിരുന്നു അത്. അതെല്ലാം ഒരാവർത്തി മനസ്സിരുത്തി കാണാൻ തന്നെ ദിവസങ്ങളെടുക്കും. പക്ഷേ അതിനൊന്നും സമയമില്ല. ഒന്നോടിച്ച്് കണ്ട്്് രവീന്ദ്രന്റെ അവതരണ രീതിക്ക് പാകമായൊരു സ്ക്രിപ്റ്റെഴുതണം. വ്യത്യസ്തമായൊരു രംഗസജ്ജീകരണവും വേണം. ബാക്കിയെല്ലാം രവീന്ദ്രന്റെ സ്വന്തം പ്രകടനത്തിന് വിട്ടേക്കണം‐ അതായിരുന്നു എം ഡി ജോൺ ബ്രിട്ടാസിന്റെ നിർദേശം.
2010 ജൂലൈ 11ന് ഫൈനലിൽ അധിക സമയത്തിന്റെ 26‐ാം മിനുട്ടിൽ സ്പെയിനിന്റെ ഇനിയേസ്റ്റയുടെ ഗോൾ നെതർലാൻഡ്‌സിന്റെ വലയിൽ വീണപ്പോഴുള്ള രവിയേട്ടന്റെ അലർച്ച ഇപ്പോഴും എന്റെ കാതിൽ അലയടിക്കുന്നുണ്ട്. സ്പെയിനിന്റെ ദേശീയ വിനോദത്തിലെ കാളക്കൂറ്റന്മാരിൽ ഒരാൾ കയർപൊട്ടിച്ചെത്തിയപോലെ അദ്ദേഹം കൈരളി സ്റ്റുഡിയോയെ ഇളക്കിമറിച്ചു. ഫുട്ബോൾ മാനിയയുടെ അവസാനത്തെ എപ്പിസോഡും കഴിഞ്ഞ് യാത്ര പറഞ്ഞിറങ്ങിയ രവിയേട്ടനെ പിന്നീട് കണ്ടത്, തൊട്ടടുത്ത വർഷത്തെ ഗോവ ചലച്ചിത്രമേളയിലാണ്.
ഗോവ മേളയിലെ ഫുട്ബോൾ സിനിമകളിലേക്ക് രവിയേട്ടൻ ഞാനുൾപ്പെടെയുള്ള മാധ്യമപ്രവർത്തകർക്ക് വഴികാട്ടിയായി. പ്രത്യേകിച്ച് മേളയുടെ ചുമതലകളൊന്നുമില്ലാഞ്ഞിട്ടും ഒരു ഓൾറൗണ്ടർ കളിക്കാരനെപ്പോലെ അദ്ദേഹം ആളുകളെ ഫുട്ബോൾ സിനിമകൾ കാണിക്കാനായി ഓടിനടക്കുന്നതുകണ്ട് എന്തിന്റെ കേടാണെന്ന് തോന്നിപ്പോയി. ആ വർഷം കമൽഹാസനായിരുന്നു ഗോവ മേളയിലെ മുഖ്യാതിഥി. എൺപതുകളിൽ കമൽഹാസന് തുല്യമായ നായക പദവിയിൽ വിരാജിച്ച നടൻ രവീന്ദ്രൻ അപ്പോൾ ഒരു സാധാരണ ഡെലിഗേറ്റായി ഞങ്ങൾക്കൊപ്പം കമ്പൽ മൈതാനിയിലെ പൊടിമണ്ണിലിരുന്നു.
ചെന്നൈയിൽ കമൽഹാസനും രവീന്ദ്രനും മത്സരിച്ച് നിൽക്കുന്ന കട്ടൗട്ടുകൾ ആരാധനയോടെ നോക്കിനിന്ന ഒരനുഭവം മമ്മൂട്ടി അദ്ദേഹത്തിന്റെ ആത്മകഥയിൽ (ചമയങ്ങളില്ലാതെ) എഴുതിയത് ഞാൻ അപ്പോൾ മനസ്സിലോർത്തു. ആകാശത്തിലെ താരങ്ങളെപ്പോലെ തന്നെ ഭൂമിയിലെ താരങ്ങളും പൊലിയുന്നത് മനുഷ്യരറിയുന്നില്ല.
അക്കാലത്ത് ഞങ്ങൾ ഗോവയിലെ മാധ്യമപ്രവർത്തകർ രവിയേട്ടന് പിടികൊടുക്കാതിരിക്കാൻ ഒളിച്ചുനടക്കുന്ന പതിവുണ്ട്. പ്രത്യേകിച്ചും ഞാൻ. ‘ഫുട്ബോൾ മാനിയ'യുടെ അധിക അധികാരത്തിൽ കാണുമ്പോഴെല്ലാം എന്തെങ്കിലും ഒരു റിപ്പോർട്ടിങ് അസൈൻമെന്റ് അദ്ദേഹം എന്റെ തലയിലിട്ടു തരും. പിന്നെ നമുക്ക് ഒരു സ്വൈര്യവുമുണ്ടാവില്ല. അതെന്തായി എന്ന് വിളിച്ചുകൊണ്ടേയിരിക്കും.
ഒരു ദിവസം മീഡിയാറൂമിൽ വന്ന് അദ്ദേഹം എന്നെ കൈയോടെ പിടികൂടി. കൂടെയുള്ള ചപ്രത്തലമുടിക്കാരനെക്കുറിച്ച് ഒരു വാർത്ത ചെയ്യാനായിരുന്നു കൽപ്പന. ഏതോ ഒരു മാരണമാണെന്ന് ക്യാമറാമാൻ ബാബുരാജ് മൊറാഴ തമാശയോടെ പറഞ്ഞത് രവിയേട്ടൻ ചിരിച്ചുകൊണ്ട് ശരിവെച്ചു‐ ‘മാരണമല്ല, മാരൺ‐ ഓസ്കാർ മാരൺ ഫിലോ!' അടുത്ത ദിവസം ഓപ്പൺ ഫോറം കഴിഞ്ഞുള്ള ഒരു സമയം രവിയേട്ടൻ തന്നെ നിശ്ചയിച്ചു. ഇനി ക്യാമറാമാനെയും കൂട്ടി അങ്ങോട്ട് പോയാൽ മതി.
മീഡിയ സെന്ററിലെ കംപ്യൂട്ടറിലിട്ട് ഓസ്കർ മാരൺ ഫിലോ തന്റെ സിനിമയുടെ ട്രെയിലർ വലിയ ആവേശത്തോടെ കാണിച്ചു തന്നു‐ ‘ക്രിയേറ്റേഴ്സ് ഓഫ് ക്രൗഡ്.’ നാൽപ്പതുകളിലും അമ്പതുകളിലും ബ്രസീലിൽ കളിക്കാരെപ്പോലെ തന്നെ ആവേശമായിരുന്ന കളിയെഴുത്തുകാരെക്കുറിച്ചായിരുന്നു സിനിമ. ക്യാമറാമാൻ ബാബുരാജ് മൊറാഴ എന്തോ ഉൾക്കാഴ്ച കിട്ടിയതുപോലെ ഞങ്ങളുടെ ആ കൂടിക്കാഴ്ച പകർത്തി‐ ഏതാണ്ട് അരമിനിറ്റ് ദൈർഘ്യമുള്ളൊരു ഫൂട്ടേജ്.
പിറ്റേദിവസം രവിയേട്ടൻ പറഞ്ഞസമയത്ത് വിളിച്ചപ്പോൾ അപ്പുറത്ത് അൽപ്പനേരം ഒരു നിശ്ശബ്ദത! ‘ഇനി നിങ്ങൾ ധൃതിപിടിച്ചു വരേണ്ട, മാരൺ ഫിലോ ഓപ്പൺ ഫോറം വേദിയിൽ കുഴഞ്ഞു വീണു. അൽപ്പം മുമ്പ് മരിച്ചു!' രവിയേട്ടന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
ഞങ്ങൾ പനാജിയിലെ ഐനോക്സ് പരിസരത്തേക്ക് ഓടിയെത്തിയപ്പോൾ ചിതറിയ ജനക്കൂട്ടത്തിന്റെ മൂകത! പിന്നെ, ‘സാർഥവാഹക സംഘം മുന്നോട്ട്' എന്ന മട്ടിൽ ഉദ്യോഗസ്ഥരെല്ലാം അവരവരുടെ ചുമതലകളിലേക്ക് തിരിഞ്ഞു. തിയറ്ററുകൾ വീണ്ടും നിറഞ്ഞു. ഐനോക്സ് മുറ്റത്തെ ബിയർ പബ്ബുകളിലേക്ക്്്് നീട്ടിയ ഗ്ലാസുകളും നുരഞ്ഞു.
ഒരാൾ മാത്രം വിയർത്തൊലിച്ച് ആശുപത്രിയിലേക്കും മോർച്ചറിയിലേക്കും പൊലീസ് സ്റ്റേഷനിലേക്കുമെല്ലാം ഓടിനടക്കുന്നു‐നടൻ രവീന്ദ്രൻ. ദൂരെ ബ്രസീലിലുള്ള ഏതോ ഒരു ഗ്രാമത്തിലെ ഏതോ ഒരു സംവിധായകന്റെ കുടുംബത്തെക്കുറിച്ചുള്ള രവിയേട്ടന്റെ ആധി ഞങ്ങൾക്ക് ഹൃദയമിടിപ്പുപോലെ കേൾക്കാമായിരുന്നു. ഞങ്ങൾ സിനിമയ്ക്ക് അകത്തോ പുറത്തോ അല്ലാത്ത മറ്റൊരു രവീന്ദ്രനെ കണ്ട ദിവസമായിരുന്നു അത്.
ഓസ്കർ മാരൺ ഫിലോയെക്കുറിച്ച് ഓർക്കാൻ തക്ക ഒന്നും ഗോവയിൽ അവശേഷിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. ഒരു നിമിഷത്തെ ഞെട്ടലിൽ അദ്ദേഹത്തിന്റെ മരണവാർത്തയും എല്ലാവരും കേട്ടുമറന്നു. പക്ഷേ ആ അരമിനിറ്റ് ഫൂട്ടേജ് ഇപ്പോഴും ഹാർഡ് ഡിസ്ക്കിൽനിന്ന് എന്നെ തുറിച്ചുനോക്കുന്നു. മാരൺ ഫിലോയുടെ അവസാനത്തെ നിശ്വാസങ്ങൾ നിറഞ്ഞ മുപ്പത് സെക്കൻഡ്. ജീവിതമത്സരത്തിലെ ദീർഘ ഓട്ടക്കാരായ എത്രപേർക്ക് അവസാന ലാപ്പിൽ ഇങ്ങനെ ദൃശ്യപ്പെടാൻ ഭാഗ്യം ലഭിക്കുമെന്നറിയില്ല. സ്വന്തം സിനിമയെക്കുറിച്ച് രചിക്കപ്പെടേണ്ടിയിരുന്ന വാർത്തയ്ക്കായി എടുത്ത ഫൂട്ടേജ് ഒടുവിൽ സ്വന്തം ചരമവാർത്തയാകുന്ന നിർഭാഗ്യപരിണാമം സംഭവിച്ച സംവിധായകനെക്കുറിച്ച് ഏറെയൊന്നും അറിയില്ലെങ്കിലും, എന്റെ മാധ്യമ ജീവിതത്തിലെ മറക്കാനാവാത്തൊരു മുഹൂർത്തമാണത്.
‘ജോൺ ജാഫര്‍ ജനാർദനന്‍’ സിനിമയുടെ സെറ്റില്‍ മമ്മൂട്ടിയും രവീന്ദ്രനും രതീഷും
ലോകസിനിമയുടെ ഒരു മഹാഭണ്ഡാരമാണ് അന്നും ഇന്നും രവീന്ദ്രൻ എന്ന രവീന്ദർ പട്ടാശ്ശേരിൽ. ചലച്ചിത്രമേളയുടെ സർക്യൂട്ടിന് പുറത്തുള്ള സിനിമകളിലാണ് പലപ്പോഴും രവിയേട്ടന്റെ കണ്ണുകൾ ഉടക്കി നിൽക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ട്രാക്കിനുള്ളിലല്ല ട്രാക്കിനുപുറത്താണ് വലിയ വേഗങ്ങളെന്ന് പറയുന്നതുപോലെ നമ്മുടെ പരമ്പരാഗത വിതരണ ശൃംഖലയ്ക്ക് പുറത്തുനിന്ന് സിനിമകൾ കണ്ടെത്താൻ വിദഗ്ധനാണ് അദ്ദേഹം. ഒപ്പം സാങ്കേതിക വിദ്യയുടെ മാറിയ കാലത്തിനനുസരിച്ച് അദ്ദേഹം സംസാരിക്കുന്നതെല്ലാം പുതിയ തലമുറയോടുമാണ്. ഒരു ‘ഡിസ്കോക്കാര'നെന്ന് ബുദ്ധിജീവികൾ കളിയാക്കുന്ന ഒരാൾ ബുദ്ധിജീവി സിനിമകളെക്കുറിച്ചും അതിനപ്പുറത്തെ സിനിമകളെക്കുറിച്ചും സംസാരിക്കുന്നത് ബുദ്ധിജീവികൾക്ക്്് പിടിക്കാറില്ല. ‘മോശം' സിനിമകളെന്ന് പറയുന്ന സിനിമകളിൽ അഭിനയിച്ച് നല്ല സിനിമയെക്കുറിച്ചുതന്നെ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന ഇതുപോലെ ഒരാൾ സാധാരണവുമല്ല.
ലോക ചലച്ചിത്രമേളകളിലേക്ക് സഞ്ചരിക്കുകയല്ല ചലച്ചിത്രമേളകളുമായി ലോകം സഞ്ചരിക്കുന്ന ചലച്ചിത്രകാരനാണ് രവീന്ദ്രൻ. ജിസിസി രാജ്യങ്ങളിലെയും ദക്ഷിണേന്ത്യയിലെയും വിവിധ സർവകാലാശാലകൾ കേന്ദ്രീകരിച്ചുള്ള ചലച്ചിത്ര മേളകളിലും ചലച്ചിത്ര പരിശീലന കോഴ്സുകളിലും വർക്ഷോപ്പുകളിലുമാണ് രവീന്ദ്രൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിനിമാ ഭാഷ, സിനിമാ സാമ്പത്തിക ശാസ്ത്രം, സിനിമാ സൗന്ദര്യശാസ്ത്രം, സിനിമാ ബിസിനസ്, സിനിമാ സംസ്കാരം, സാങ്കേതികവിദ്യ എന്നിവയിൽ രവീന്ദ്രൻ നടത്തുന്ന ഗവേഷണങ്ങൾക്ക് സ്വദേശത്തേക്കാൾ വിദേശത്താണ് പ്രിയം. ‘സിനി സിന്റക്സ്‐ ഗ്രാമർ ഓഫ് വിഷ്വൽ മീനിങ്' രവീന്ദ്രന്റെ ഏറ്റവും പുതിയ ഗവേഷണഗ്രന്ഥമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പശ്ചാത്തലത്തിൽ മാറിവരുന്ന സിനിമയെക്കുറിച്ചാണ് രവീന്ദ്രന്റെ "ആർട്ടിഫിഷ്യൽ ഇന്റലിജൻസ്് ആൻഡ് ദി ഫ്യൂച്ചർ ഓഫ് സിനിമ' എന്ന പുസ്തകം ചർച്ച ചെയ്യുന്നത്.
എന്നാൽ ‘അതുക്കുംമീതെ'യാണ്് ജെൻസി തലമുറ ഇപ്പോൾ ആഘോഷിക്കുന്ന ‘വാഴ രണ്ടി'ലെ ബെന്നി ബ്രോ. എൺപതുകളിലെ ജെൻസിയുടെ ആവേശമായിരുന്നു ഇറുകിയ ഷർട്ടും ബെൽബോട്ടം പാന്റും സമൃദ്ധമായ ചുരുണ്ടമുടിയുമായി ചുവടുവെച്ച രവീന്ദ്രൻ എന്ന ഡിസ്കോ രവീന്ദ്രൻ. പഴയ മദ്രാസ് പട്ടണത്തിന്റെ സിനിമാച്ചുവരുകളിൽ ചെറിയ കാലത്തേക്കെങ്കിലും കമൽഹാസനൊപ്പം സമാനനിലയിൽ തലയുയർത്തി നിന്ന നടനായിരുന്നു രവീന്ദ്രൻ. രജനീകാന്തിനോടൊപ്പവും അതേ താരശോഭയിൽ രവീന്ദ്രനും നിറഞ്ഞുനിന്നു. മമ്മൂട്ടിയും മോഹൻലാലും രവീന്ദ്രനും മലയാള സിനിമയിൽ ഒരുമിച്ച് അഭിനയിച്ചുതുടങ്ങിയവർ. ഇക്കാലത്ത് പല സൂപ്പർതാരങ്ങളും വിരാജിക്കുന്ന പദവിയിൽ നാലു പതിറ്റാണ്ടു മുമ്പേ അവരോധിക്കപ്പെട്ട അഭിനേതാവ്. കാലചക്രത്തെ ഒരു സിനിമാ റീലുപോലെ പിന്നോട്ടു തിരിച്ചാൽ ജെൻസിക്കുമാത്രമല്ല ഏത് തലമുറയ്ക്കും വിസ്മയമാകും രവീന്ദ്രന്റെ ജീവിതം.
എൺപതുകളിൽ തെന്നിന്ത്യയിലെ വാണിജ്യസിനിമയുടെ തരംഗഗതി നിർണയിക്കുന്നതിൽ എന്തായിരുന്നു രവീന്ദ്രന്റെ റോൾ? മലയാള സിനിമയിലെ നായകനടന്മാർക്ക് പ്രണയം ഒരു മരംചുറ്റിക്കളി മാത്രമായിരുന്നപ്പോൾ അവിടെ വ്യത്യസ്ത പൗരുഷത്തിന്റെ ദ്രുതചലനവും താളവും കൊണ്ടുവന്ന താരമായിരുന്നു യഥാർഥത്തിൽ രവീന്ദ്രൻ. പാട്ടിനൊപ്പം പടരാനാവാത്ത അഴകൊഴമ്പൻ നായകന്മാർക്കിടയിലേക്കാണ് രവീന്ദ്രൻ; അനുരാധ, അഭിലാഷ, ഉഷാറാണി, സിൽക് സ്മിത തുടങ്ങിയ നർത്തകീശരീരങ്ങളുടെ സമ്പൂർണ അഴകളവുകൾക്കൊപ്പം ആടിമറിഞ്ഞ് മലയാള സിനിമയിലെ പുരുഷനൃത്ത സങ്കൽപ്പത്തെ മാറ്റിമറിച്ചത്.
രവീന്ദ്രനും കമൽഹാസനും
ഇന്ന് നമ്മൾ എതിരേറ്റു നടക്കുന്ന മൾട്ടികൾച്ചറിന്റെ പ്രവേശം മലയാള സിനിമയിൽ രവീന്ദ്രനിലൂടെയായിരുന്നു സംഭവിച്ചതെന്ന് പറയുന്നവരുണ്ട്. ഒരർഥത്തിൽ എൺപതുകളിലെ ഒരൊറ്റയാൾ ന്യൂജനറേഷനായിരുന്നു രവീന്ദ്രൻ. അദ്ദേഹത്തിന്റെ മലയാള സിനിമയിലെ വിളിപ്പേര് അദ്ദേഹത്തിന്റെ തന്നെ ഒരു സിനിമയുടെ പേരായിരുന്നു‐ ‘മദ്രാസിലെ മോൻ.’ മദ്രാസ് കേന്ദ്രമായ സിനിമാ ഇൻഡസ്ട്രിയുടെ മറ്റൊരു വാത്സല്യഭാജനമായിരുന്നു രവീന്ദ്രൻ. രവീന്ദ്രന്റെ രൂപത്തിനും ചലനങ്ങൾക്കും സമകാലികരായ കമൽ‐രജനീകാന്തുമാരെപ്പോലെ തന്നെ പ്രത്യേകതകളുണ്ടായിരുന്നു. പക്ഷേ സിനിമ ആ മോനെ അധികകാലം താരപദവിയിൽ താലോലിച്ചില്ല.
മദ്രാസ് പട്ടണത്തിലൂടെ കടന്നുപോകുമ്പോൾ അന്ന് കമൽഹാസനോടൊപ്പം തോളോടുതോൾ ചേർന്നുനിന്നിരുന്ന രവീന്ദ്രന്റെ കട്ടൗട്ടുകൾ കണ്ട കാര്യം മമ്മൂട്ടി അനുസ്മരിച്ചത് പറഞ്ഞല്ലോ. എന്താണ് ശരിക്കുമൊരു താരയാഥാർഥ്യമെന്ന് മനസ്സിലാക്കാൻ മമ്മൂട്ടിയുടെയും രവീന്ദ്രന്റെയും രണ്ടറ്റത്തുള്ള രണ്ട്്് ജീവിതകഥകളെ മുഖാമുഖം പിടിച്ചാൽ മതിയാവും. അതൊരു സ്റ്റാർഡത്തിന്റെ പീക്കായിരുന്നു. ആ പീക്കിലെത്തിയാൽ അതു നിലനിർത്തുകയെന്നത് വല്ലാത്തൊരു പാടാണ്.
ശംഖുമുഖത്തെ തിളങ്ങുന്ന പഞ്ചാരമണലിലെ അനേകായിരം കാൽപ്പാടുകൾക്കൊപ്പം തന്റെയും കാലടയാളങ്ങൾ ലയിച്ചുചേരുന്നത് നോക്കിനിന്ന്, ക്യാമറയ്ക്കും വെളിച്ചത്തിനും അനുകൂലമായൊരിടത്തിരുന്ന് രവിയേട്ടൻ പറഞ്ഞു:
‘‘സ്റ്റുഡന്റ് ലൈഫ് കഴിഞ്ഞയുടനെ തന്നെ എനിക്ക് അതിന്റെയെല്ലാം സുഖസൗകര്യങ്ങളും ആഡംബരങ്ങളും അനുഭവിക്കാൻ സാധിച്ചിരുന്നു. അതൊരു മെല്ലെപ്പോക്കായിരുന്നില്ല. ഒരു രാത്രിയിൽ പെട്ടെന്നൊരു താരമായി ഞാൻ പ്രതിഷ്ഠിക്കുകയായിരുന്നുവെന്നുതന്നെ പറയാം. ഞാൻ പ്രതീക്ഷിക്കാത്തത്രയും ഉയരത്തിലെത്തിയിരുന്നു. അതിന്റെ ഒരു ലൈഫ് എന്നുപറയുന്നത് ഒരു കണ്ണാടിക്കൂട്ടിലെന്ന പോലെയായിരുന്നു. അവിടെ നമ്മുടെ എല്ലാ സ്വാതന്ത്ര്യവും നശിച്ചുപോവുകയാണ്. നമ്മൾ എന്തു ചെയ്യുന്നതിനകത്തും ഗുണവും ദോഷവും കാണുന്ന ആളുകളുണ്ടാകും. നമ്മളുടെ സംസാരത്തിലും ശൈലിയിലുമെല്ലാം മാറ്റം വരുത്തേണ്ട അവസ്ഥയുമുണ്ടാകും. ഒരു കൃത്രിമത്വം നമ്മളിലേക്ക് വരുന്നത് എനിക്ക് മനസ്സിലായിരുന്നു. ആ കൃത്രിമത്വമാണ് എല്ലാവർക്കും വേണ്ടതെന്നും മനസ്സിലായി. സ്റ്റാർഡത്തിന്റെ ഉയരമെന്താണെന്ന് അറിഞ്ഞതോടെ വീഴ്ചയുടെ ആഘാതവും സങ്കൽപ്പിക്കാനായി. ഇനി ആ ഉയരത്തിലേക്ക്്് എത്തിപ്പെടണമെന്നൊരു ആഗ്രഹവുമില്ല.’’
എറണാകുളത്തെ തൃപ്പൂണിത്തുറയാണ് സ്വദേശമെങ്കിലും ഡൽഹിയിലായിരുന്നു രവീന്ദ്രന്റെ ജനനം. അമ്മ സാറാമ്മ ഡൽഹിയിൽ ഡോക്ടറായിരുന്നു. അച്ഛൻ ഏലിയാസ്. തമ്പി ഏലിയാസ് എന്നായിരുന്നു രവീന്ദ്രന്റെ യഥാർഥ പേര്. ആ പേര് ഒരു സിനിമാതാരത്തിന് കൊള്ളില്ലല്ലോ, അതുകൊണ്ടാണ് രവീന്ദ്രൻ എന്നാക്കിയത്. അതും രവീന്ദ്രൻ എന്നായിരുന്നില്ല, രവീന്ദർ എന്നായിരുന്നു. മലയാളികളാണ് രവീന്ദ്രനാക്കിയത്.
സ്കൂളിൽ പഠിക്കുമ്പോഴേ എംജിആർ ആരാധകനായിരുന്നു രവീന്ദ്രൻ. ആ സിനിമാക്കമ്പം അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ചു. പുണെയിലെ ബിരുദ പഠന കാലത്ത് സഹപാഠികൾ കൂടുതലും വിദേശികളായതുകൊണ്ടുതന്നെ ഒരു വിദേശച്ചുവ രവീന്ദ്രന്റെ ഇരിപ്പിലും നടപ്പിലും വന്നു. ഗോവക്കാരായിരുന്നു സുഹൃത്തുക്കൾ. ഹിപ്പികളുടെ കാലം. വിദേശബാന്റുകളെ പിന്തുടർന്ന് അവരുടെ പാട്ടും നൃത്തവുമെല്ലാം ഹൃദിസ്ഥമാക്കി മദിരാശിയിലെത്തുമ്പോഴേക്കും ഒരു താലത്തിലെന്ന പോലെ ‘ഒരുതലൈ രാഗം' (1980) എന്ന സിനിമയുമായി ടി രാജേന്ദർ കാത്തിരിക്കുന്നു. ശങ്കറായിരുന്നു നായകൻ. നായിക രൂപ. ഒരു കോളേജ് പ്രണയ കഥ.
റൊമാന്റിക് നായകനായി ശങ്കർ മൈക്കുമായി സ്റ്റേജിൽ ഉലാത്തുമ്പോൾ സഹനടനായ രവീന്ദ്രൻ ചടുലനൃത്തങ്ങളിലൂടെ കത്തിക്കയറുന്ന രംഗങ്ങൾ അതുവരെ ആരും കാണാത്തതായിരുന്നു. ‘ഒരു തലൈ രാഗം’ തിയറ്ററിൽ ഒരു വർഷം ഓടി. സിനിമ തെലുങ്കിലേക്കും റീമേക്ക് ചെയ്തു. രവീന്ദ്രൻ എന്ന പുതുമുഖതാരത്തെ തമിഴർ നെഞ്ചേറ്റിയതോടെ തമിഴ് സിനിമയുടെ വിജയ ഫോർമുല വേറൊന്നായി. ഒന്നുകിൽ കമൽഹാസൻ‐രവീന്ദ്രൻ‐സിൽക്ക് സ്മിത അല്ലെങ്കിൽ രജനീകാന്ത്‐രവീന്ദ്രൻ‐സിൽക്ക് സ്മിത. സൂപ്പർതാര സിനിമകളായാൽ പോലും രവീന്ദ്രന്റെയും സിൽക്ക്്് സ്മിതയുടെയും നൃത്തക്കാലുകളില്ലാതെ പിടടിച്ചുനിൽക്കാനാവില്ലായിരുന്നു.
തെന്നിന്ത്യൻ സിനിമ രവീന്ദ്രനിലൂടെ പല മായക്കാഴ്ചകളും കാണിച്ചു. ‘ഒരുതലൈ രാഗ’ത്തിനു പിന്നാലെ ‘സകലാവല്ലവൻ’, ‘അഞ്ചാതും നെഞ്ചങ്കൾ’, ‘തങ്കമകൻ’, ‘രാം ലക്ഷ്മൺ’, ‘പൊയ്ക്കാൽ കുതിരൈ’, ‘കുട്രവാളികൾ’, ‘പേർ സൊല്ലും പിള്ളൈ’, ‘മദ്രാസിലെ മോൻ’, ‘സിന്ധൂര സന്ധ്യയ്‌ക്ക് മൗനം’, ‘തിമിംഗലം’, ‘ഭീമൻ’, ‘വെളിച്ചം വിതറുന്ന പെൺകുട്ടി’, ‘തീരം തേടുന്ന തിര’, ‘ഈറ്റപ്പുലി’ എന്നിങ്ങനെ ആ നിര നീണ്ടു.
‘രങ്ക’ എന്ന സിനിമയില്‍ രവീന്ദ്രനും രജനീകാന്തും
തമിഴിന് പിന്നാലെ രവീന്ദ്രച്ചുവടുകൾ മലയാളത്തിലും ഹരമായി. മലയാള സിനിമ ശരിക്കും വെസ്റ്റേൺ ആകുന്നത് രവീന്ദ്രനിലൂടെയാണെന്ന് പറയാം. ആഫ്രിക്കൻ‐ലാറ്റിനമേരിക്കൻ താളങ്ങളും ബോബ് മാർലിയെന്നുമെല്ലാം മലയാളി പറഞ്ഞു ശീലിച്ചു തുടങ്ങിയതിന്റെ തുടക്കക്കാരൻ രവീന്ദ്രനാണ്. പുതിയ ഡിസ്കോ ജോക്കികൾക്കും ഒരു ആദ്യകാല മാതൃകയുണ്ടെങ്കിൽ അതും രവീന്ദ്രനാണ്. സിനിമ കെട്ടിപ്പൊക്കിയ ആനന്ദമന്ദിരങ്ങളിൽ അയാളുടെ അനായാസമായ മെയ്‌വഴക്കത്തിലൂടെ എഴുതപ്പെട്ട ചരിത്രത്തിൽനിന്ന്്്് പോയകാല യൗവനത്തിന്റെ വിലക്കില്ലാത്ത സ്വാതന്ത്ര്യവാഞ്ഛയുടെയും നിഷേധത്തരങ്ങളുടെയും എത്രയോ അടയാളങ്ങൾ വാരിയെടുക്കാം.
‘‘ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും ലോകസിനിമയും ഒരുപാട് ചർച്ചകളുമൊക്കെ കഴിഞ്ഞ് ഞാനെത്തിയത് വേറൊരു ലോകത്തായിരുന്നു. അതൊരു ഗ്ലാമർ ലോകമായിരുന്നു. ഒറ്റദിവസം കൊണ്ട് അന്നത്തെ വലിയ താരങ്ങളുടെ നിലവാരത്തിലേക്ക് എന്റെ റമ്യൂണറേഷനും ഉയർന്നു. കണ്ണടച്ചാണ് ഞാൻ റേറ്റ് പറയുക. ഒരു ബാർഗെയിനിങ്ങിനും സ്പേസില്ല. ഉടൻ നിർമാതാക്കൾ സമ്മതിക്കും. ഞാൻ ശരിക്കും അതൊക്കെ അത്ഭുതത്തോടെ കാണുകയായിരുന്നു. എന്താണിതൊക്കെ എന്ന മട്ടിൽ. അതിനുമുമ്പ് എനിക്ക് ഈ സ്റ്റാർഡത്തെക്കുറിച്ച് പറഞ്ഞുതരാനൊന്നും ആരുമുണ്ടായിരുന്നില്ലല്ലോ. നമ്മൾ ഒരു സിനിമയെ സ്നേഹിച്ചു. മറ്റൊരു സിനിമയിലെത്തി. ഇൻസ്റ്റിറ്റ്യൂട്ടിൽപ്പോയി പഠിച്ചതരം സിനിമയല്ല അതൊന്നും. ശരിക്കും ആസ്വദിച്ചു. കുറേക്കാലത്തേക്ക് ഇനി എങ്ങോട്ടും തിരിഞ്ഞുനോക്കേണ്ടെന്ന് മനസ്സിലായി. ആസ്വദിക്കുക തന്നെ.'' രവീന്ദ്രൻ തുടർന്നു.
‘ജോൺ ജാഫർ ജനാർദനൻ
ഒരുമിക്കും പന്തങ്ങൾ,
പടർന്നു കത്തിത്തുരത്തിടും
നാം അനീതി തൻ പടയെ’
ടി ദാമോദരൻ രചിച്ച് ഐ വി ശശിയുടെ സംവിധാനത്തിൽ 1982ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ‘ജോൺ ജാഫർ ജനാർദനൻ.’ രതീഷ്, രവീന്ദ്രൻ, മമ്മൂട്ടി എന്നിവരായിരുന്നു യഥാക്രമം പ്രധാന കഥാപാത്രങ്ങളായ ജോൺ, ജാഫർ, ജനാർദനൻ എന്നിവരെ അവതരിപ്പിച്ചത്. സ്വപ്ന, മാധവി, സുമലത എന്നിവരായിരുന്നു നായികമാർ. ഇവരെ കൂടാതെ ക്യാപ്റ്റൻ രാജു, പ്രതാപ ചന്ദ്രൻ, രാജ് കുമാർ, കെപിഎസി സണ്ണി, കെ ആർ വിജയ, കുതിരവട്ടം പപ്പു, ലാലു അലക്സ്, സുരേഖ തുടങ്ങിയവരും വേഷമിട്ടു. ആ സിനിമ മാത്രം ഒരു സാമ്പിളായി എടുത്താൽ മലയാള സിനിമയുടെ രവീന്ദ്രകാലത്തിന്റെ ഏകദേശ പരിച്ഛേദം കിട്ടും. ഒരു പോലെയുള്ള മൂന്നു നായകർ മലയാള സിനിമയുടെ മുറ്റത്ത് നിരന്നു നിന്നു. കാലം അതിൽനിന്ന് ഒരു ചീട്ടുമാത്രം എടുത്തുയർത്തി‐ അതാണ് മമ്മൂട്ടി.
1982‐ലാണ്്് ശശികുമാർ സംവിധാനം ചെയ്ത ‘മദ്രാസിലെ മോൻ' പുറത്തിറങ്ങിയത്. രവീന്ദ്രനോടൊപ്പം മോഹൻലാലും രവികുമാറും കെ പി ഉമ്മറും ഷീലയും തമ്പി കണ്ണന്താനവുമെല്ലാം അഭിനയിച്ച ആ സിനിമ, അതിന്റെ ഇതിവൃത്തമായ കരിക്കിൻവില്ല കൊലപാതകം പോലെ തന്നെ കേരളത്തെ കിടുക്കി. 1980ൽ കുവൈത്തിലെ പ്രവാസജീവിതം കഴിഞ്ഞ്്് മടങ്ങിവന്ന തിരുവല്ല മീന്തലക്കരയിൽ ജോർജിന്റെയും ഭാര്യ റേച്ചൽ എന്ന കുഞ്ഞമ്മയുടെയും കൊലപാതകമാണ് കരിക്കിൻവില്ല കൊലപാതകമായി അറിയപ്പെട്ടത്്. കൊല്ലപ്പെട്ട ജോർജിന്റെ ബന്ധു ‘മദ്രാസിലെ മോൻ' എന്ന്്വിളിക്കുന്ന റെനിയായിരുന്നു മുഖ്യപ്രതി. മയക്കുമരുന്നിന് അടിമയായ കൊലപാതകി റെനിയുടെ വേഷമായിരുന്നു രവീന്ദ്രന്. റെനിയെപ്പോലെ തന്നെ രവീന്ദ്രന്റെ വേഷവും വെറുക്കപ്പെട്ടു. ഇന്നാണെങ്കിൽ മമ്മൂട്ടിയുടെ ‘കളങ്കാവൽ’ പോലെ ആഘോഷിക്കപ്പെടേണ്ട സിനിമ. പക്ഷേ ആ കാലം സിനിമയ്ക്കോ രവീന്ദ്രനോ അനുകൂലമായിരുന്നില്ല.
‘‘പിന്നെ, ഈ റെനി എന്റെ സുഹൃത്തായിരുന്നു കേട്ടോ. കേസിൽ അയാൾ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പേ ഭാഗ്യത്തിന്്്് ഞങ്ങളുടെ സൗഹൃദം തല്ലിപ്പിരിഞ്ഞിരുന്നു. അതുകൊണ്ട്്് ഞാൻ രക്ഷപ്പെട്ടു!'' രവിയേട്ടൻ പൊട്ടിച്ചിരിച്ചു.
തെന്നിന്ത്യയിൽ നായകനും വില്ലനുമായി തിളങ്ങിയ രവീന്ദ്രതരംഗം അങ്ങനെ ഒരു ദശാബ്ദക്കാലം കൊണ്ട് അവസാനിച്ചു. ആ അഭിനയ ജീവിതം നാലരപ്പതിറ്റാണ്ട് പിന്നിടുമ്പോൾ രവീന്ദ്രനു മുന്നിൽ പിച്ചവെച്ചു നടന്നവരും രവീന്ദ്രനോട് മല്ലിട്ടവരും തോളിൽ കൈയിട്ടു നടന്നവരുമാണ് പിൽക്കാലത്ത്നമ്മുടെ വലിയ താരങ്ങളായി ഉദിച്ചുവന്നത്. ആ യാഥാർഥ്യത്തെ ഒരിക്കലും അംഗീകരിക്കാതെയിരുന്നിട്ടില്ലെന്നതാണ് അദ്ദേഹത്തിന്റെ മികവ്്്. സിനിമ എടുത്തുയർത്തുമ്പോൾ ആഹ്ലാദിക്കാനും വലിച്ചെറിയുമ്പോൾ നിരാശപ്പെടാനുമായി മാത്രം ഒരു മനസ്സ് അദ്ദേഹം സൂക്ഷിച്ചിട്ടില്ലായിരുന്നു. കിട്ടിയതെല്ലാം ആനന്ദം തന്നെ എന്നതായിരുന്നു രവീന്ദ്രസിദ്ധാന്തം.
പ്രശസ്‌തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് രവീന്ദ്രൻ സിനിമയോട് സലാം പറഞ്ഞിറങ്ങിയത്്്. ജീവിതത്തിന്റെ ഒരേതരം താളത്തിൽ തളംകെട്ടി നിൽക്കാൻ ആഗ്രഹിക്കാത്ത രവീന്ദ്രയാത്രകൾ പിന്നീട് പല അതിജീവനത്തുരുത്തുകളെ കൈയെത്തിപ്പിടിച്ചാണ് മുന്നോട്ട്്് ചലിച്ചത്. നമുക്ക് അധികം അറിയാത്ത ബിൽഡിങ് കോൺട്രാക്ടറുടെയും ഇന്റീരിയർ ഡിസൈനിങ്ങിന്റെയും ലോകത്ത്്് സിനിമയുടെ ആരവങ്ങളില്ലെങ്കിലും അയാൾ ജീവിതത്തിന്റെ വേറെ ചില ഡിസ്കോകൾ കണ്ടു.
‘‘സത്യത്തിൽ എനിക്കൊരു സ്ഥലത്തും സ്ഥിരമായി നിന്നു പോകാനാവില്ല. അതിന്റെ ഒരു പീക്ക് പിരീഡ് കഴിഞ്ഞാൽ അടുത്തതിലേക്ക് മാറുകയേ വഴിയുള്ളൂ. അതാണ് എന്റെ ധർമം. ഞാനീ ലോകത്തിലേക്ക് വന്നതിന് ഒരു ധർമം ഉണ്ടാവുമല്ലോ. എനിക്ക് ചെയ്യാനാവുന്നൊരു കർമവുമുണ്ടാവുമല്ലോ. അതിന്റെ ഒരു അന്വേഷണമാണ് എനിക്ക്്് ജീവിതം. എനിക്ക് വീണുകിട്ടിയതുപോലെ സിനിമയിൽ ഒരു ഭാഗ്യം ലഭിച്ചിരുന്നുവെന്നത് നേര്. ആളുകൾ എന്റെ അന്നത്തെ ആക്ഷനും ഡാൻസുമെല്ലാം ഇഷ്ടപ്പെട്ടിരുന്നുവെന്നതും സത്യം. ആ സന്തോഷങ്ങൾ ഞാൻ അനുഭവിക്കുകയും ചെയ്തിരുന്നു. അതൊരു താൽക്കാലിക കുമിളയാണെന്ന് എനിക്ക്്്് അന്നേ അറിയാമായിരുന്നു. ആ കുമിളയെ പൊട്ടാതെ നിലനിർത്തൽ എന്നെ സംബന്ധിച്ച് എളുപ്പമല്ലെന്നും മനസ്സിലായിരുന്നു. അന്നത്തെ ആ തലമുറയിൽ നിന്ന്്് വലിയ പ്രയാസങ്ങളൊന്നുമില്ലാതെ രക്ഷപ്പെട്ടത് രജനീകാന്ത് മാത്രമേയുള്ളൂവെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിലേക്ക്്്് എല്ലാം തന്നത്താനെ വന്നെത്തിയതാണ്. അതൊരു ദൈവഭാഗ്യമെന്നേ പറയാനുള്ളൂ.
ബാക്കിയുള്ളവരൊക്കെ സ്റ്റാർഡം നിലനിർത്താൻ വലുതായി കഷ്ടപ്പെട്ടവരാണ്. എനിക്ക് ആ കഷ്ടപ്പെടലിന്റെ മനസ്സുണ്ടായില്ല. ഉണ്ടായാലും സംഭവിക്കുമോ എന്നൊന്നും അറിഞ്ഞുകൂടാ. ഒരൊറ്റ വഴിയിലേക്ക് മാത്രം നമ്മൾ ജീവിതത്തെ ഷേപ്പ് ചെയ്യണോ സാക്രിഫൈസ്് ചെയ്യണോ എന്നെല്ലാം ചോദ്യങ്ങളായിരുന്നു. നമുക്ക് കിട്ടിയ സ്റ്റാർഡം നിലനിർത്തി ഞാനല്ലാത്ത ഞാനായി ജിവിക്കണോ എന്നും.''
ഓരോ കാലവും അവർക്ക് വേണ്ടുന്ന താരത്തെയും വില്ലനെയും നിശ്ചയിക്കുന്നുണ്ട്, സിനിമയ്ക്ക് ഉള്ളിലായാലും പുറത്തായാലും. വെള്ളിത്തിരയിൽ നീണ്ട കാലം ഒരു കാലത്തിന്റെ വില്ലൻ രവീന്ദ്രനായിരുന്നു. നായകനോളം പോന്ന സൗന്ദര്യവും ആകാരവടിവും ചില ഘട്ടങ്ങളിൽ നായകനേയും വെല്ലുന്ന നൃത്തവൈഭവങ്ങളും അഭ്യാസപാടവങ്ങളുമായി ഒരു വില്ലൻ രവീന്ദ്രനെപ്പോലെ അക്കാലത്ത് വേറെയുണ്ടായിരുന്നില്ല. സുന്ദരനായൊരു വില്ലനെ മലയാളി കാണുന്നത് രവീന്ദ്രനിലൂടെയാണ്. വില്ലനായ നായകനെയും മലയാളി കാണുന്നത് രവീന്ദ്രനിലൂടെയാണ്.
‘ഒരുതലൈ രാഗ’വും ‘രാമലക്ഷ്മണ’നും ‘തങ്കമകനും’ ‘പേർശൊല്ലും പിള്ളൈ’യുമെല്ലാം തകർത്തോടിയ കാലത്ത് തനിക്കുചുറ്റും തടിച്ചുകൂടിയവരെല്ലാം ഒഴിഞ്ഞുപോയിരുന്നു, തൊണ്ണൂറുകളിൽ രവീന്ദ്രൻ പതുക്കെ വീണ്ടും മലയാള സിനിമയിലെത്തുമ്പോൾ. 92ൽ തകർത്തോടിയ ഫാസിലിന്റെ ‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന സിനിമയിലെ രുദ്രൻ എന്ന ക്രൂരവില്ലൻ ഏറ്റുവാങ്ങിയ വെറുപ്പിന്റെ തീവ്രതയെ പഴയ ആരാധന പോലെ കാണാനുള്ള നിസ്സംഗമനസ്സായിരുന്നു രവീന്ദ്രന്. പക്ഷേ രവീന്ദ്രന്റെ അമ്മ ഡോ. സാറാമ്മ വിളിച്ചു പറഞ്ഞു, സിനിമാഭിനയം നിർത്തിയേക്കാൻ.
‘‘ജനമനസ്സിൽ ഞാൻ അത്രയ്ക്കും ക്രൂരനായി മാറി. എന്റെ അമ്മയ്ക്ക് അത്്് വലിയ വിഷമമുണ്ടാക്കി. പാവങ്ങളുടെ ഡോക്ടർ എന്നാണ് അമ്മ നാട്ടിൽ അറിയപ്പെട്ടിരുന്നത്. മകൻ ഇത്രയ്ക്കൊക്കെ ക്രൂരനാണോയെന്ന് ആളുകൾ ചോദിക്കുമ്പോൾ അമ്മ പകച്ചുപോവാറുണ്ട്. വിഷമിച്ചുപോവാറുണ്ട്. അതുകൊണ്ട് എന്റെ പല സിനിമകളും ഞാൻ അമ്മയെ കാണിച്ചിട്ടേയില്ല. ഈ കാലഘട്ടത്തിലാണ് ഞാൻ വീണ്ടുമൊരു ബ്രേക്കെടുക്കാൻ തിരുമാനിച്ചത്. ഒരു ഹിറ്റിൽ നമ്മൾ മാറുകയാണെങ്കിൽ നമ്മൾ എന്നും ഓർക്കപ്പെടും. ഒരേതരത്തിൽ പോയാൽ കുറേ കഴിയുമ്പോൾ നമ്മൾ ഫെയ്‌ഡൗട്ടായി പോവും. എന്തിനും സംഭവിക്കുന്ന ഒരു ജീർണത അഭിനയത്തിലും സംഭവിക്കും. അതിനു മുമ്പേ ഞാൻ അടുത്തതിലേക്ക് രക്ഷപ്പെടും.''
സില്‍ക്ക് സ്മിതയ്‌ക്കൊപ്പം.സിനിമ-: ‘രങ്ക’
ഡിജിറ്റൽ ക്രിയേഷൻ: കിരൺ ഗോവിന്ദ്
കമൽഹാസന്റെയും രജനീകാന്തിന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒപ്പം അഭിനയിച്ചു വന്നയാളാണ്്് താനെന്ന് നടൻ രവീന്ദ്രൻ എവിടെയും പറയുന്നത് കേട്ടിട്ടില്ല. അതു സത്യമാണെങ്കിലും ആ താരപ്രഭയുടെ പങ്കുപറ്റി എന്തെങ്കിലും നേടാൻ അദ്ദേഹം ശ്രമിച്ചിട്ടുമില്ലെന്നാണ് മനസ്സിലാക്കുന്നത്. പഴയ സൗഹൃദങ്ങളുടെ ഒരു ഔദാര്യം ലഭിക്കുന്നതിനായി അദ്ദേഹം എവിടെയും കാത്തുനിൽക്കുന്നതും കണ്ടിട്ടില്ല. പുതിയ തലമുറ എവിടെയും തന്നെ തിരിച്ചറിയാതെ പോകുന്നതിൽ അദ്ദേഹത്തിന് ഖേദവുമില്ല.
‘‘സിനിമയുടെ ഇടവേളകളിൽ ഞാൻ പുസ്തകങ്ങൾ മാത്രം വായിച്ചു. പുസ്തകങ്ങളുടെയും വീഡിയോ സിനിമകളുടെയും ഒരു വലിയ ലൈബ്രറിയുണ്ടാക്കി. മാസ്റ്റേഴ്‌സിന്റെ സിനിമ മനസ്സിലാക്കണമെങ്കിൽ അതിന്റെ ആർട്ടും കൾച്ചറും ഫിലോസഫിയും മനസ്സിലാക്കണം. ഒരുപാട് ആർട്ടിനെ സിനിമ സ്വാധീനിച്ചിട്ടുണ്ട്്. നമ്മൾ യൂറോപ്യൻ സിനിമയെയൊക്കെ മനസ്സിലാക്കണമെങ്കിൽ അതെല്ലാം അറിയണം. പലതരം ജ്ഞാനമേഖലകളുടെ റിഫ്ളക്ഷനാണ് സിനിമയിലൂടെ പുറത്തുവരുന്നത്. അതിന്റെ പഠനങ്ങളിലേക്കാണ് ഞാൻ പിന്നീട് വന്നത്.''
ഏതു പേരിൽ വിളിച്ചാലും മലയാള സിനിമയ്ക്ക് വലിയ യാഥാർഥ്യബോധമുണ്ടായ കാലം ഇപ്പോഴാണെന്ന്് രവീന്ദ്രന് നല്ല ബോധ്യമുണ്ട്്്. അതുകൊണ്ട് പണ്ട് സ്വപ്നം കണ്ട ഒന്നിന്റെയും ലാഞ്ചനയില്ലാത്ത യാഥാർഥ്യത്തിലേക്കുള്ള തിരിച്ചുവരവാണ് രവീന്ദ്രന്റെ ഇപ്പോഴത്തെ മൂന്നാംഘട്ട അഭിനയ ജീവിതം. മലയാളിയെ ഭയങ്കരമായി വെറുപ്പിച്ചൊരു വില്ലനായിട്ടായിരുന്നു അദ്ദേഹത്തിന്റെ രണ്ടാം ഘട്ടം അവസാനിച്ചിരുന്നത്. ആൾക്കൂട്ട ആരാധനയുടെയും വെറുപ്പിന്റെയും ആഴം രവീന്ദ്രൻ ആസ്വദിച്ചതുപോലെ മറ്റാരും ആസ്വദിച്ചിട്ടുണ്ടാവില്ല. ഇപ്പോൾ ജെൻസികളുടെ ‘ബ്രോ'യാണ് ഈ നടൻ.
‘‘നമ്മുടെ കുട്ടികൾ നമ്മുടെ കുട്ടികളേയല്ല. നമ്മൾ കണ്ട ലോകമല്ല അവർ കാണുന്നത്. അവർ പിറന്നുവീഴുന്നത്്് ഡിജിറ്റൽ ലോകത്തേക്കാണ്. ഞാനൊക്കെ ആ ലോകത്തിലെ ഒരു പ്രവാസി മാത്രമാണ്. ഈ സെഞ്ച്വറിയുടെ ഭാഷ ദൃശ്യഭാഷയാണെന്നാണ് ഞാൻ കരുതുന്നത്. സിനിമയിലൂടെ ഇന്ന്്് നമുക്ക് ഏത് സബ്ജക്ടിനെയും പഠിപ്പിക്കാൻ പറ്റും. മൂവിങ് ഇമേജിന് അതിനുള്ള ശക്തിയുണ്ട്. ലോകത്തുള്ള ഏതു വിഷയവും സിനിമ കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമ നന്നായി കണ്ടാൽ മതി, നമുക്ക് ലോകത്തെ പഠിക്കാം. പഴയ ക്ലീഷേ രീതികളിൽ നടന്നുപോയവർ പുതിയ എ ഐയുടെ ലോകവുമായൊക്കെ പൊരുത്തപ്പെടാൻ താമസമെടുക്കും. സിനിമയെ നമ്മൾ ഇനി വേറൊരു ലെവലിലൂടെയാണ് കാണേണ്ടതെന്ന് വിചാരിക്കുന്ന ആളാണ് ഞാൻ.''
തന്റെ വിസ്തൃതമായ ലോകസിനിമാ പരിചയംകൊണ്ട് രവീന്ദ്രൻ ഇന്ന് വേറൊരു ജനതയുടെ താരമാണ്. സിനിമാഭിനയം ആവേശമായി കൊണ്ടുനടക്കുന്നതിലല്ല അതിന്റെ മഹാവിജ്ഞാന ഭണ്ഡാകാരവുമായി സഞ്ചരിക്കുന്നതിലാണ് ഇപ്പോൾ അയാളുടെ സന്തോഷം.
ബ്രസീലിയന്‍ സംവിധായകന്‍ ഓസ്കാര്‍ മാരണ്‍ ഫിലോയ്ക്കും രവീന്ദ്രനുമൊപ്പം ബിജു മുത്തത്തി
2013‐ൽ ആഷിക് അബുവിന്റെ ‘ഇടുക്കി ഗോൾഡി’ലൂടെയാണ് രവീന്ദ്രന്റെ മൂന്നാം വരവുണ്ടായത്. വർഷങ്ങൾക്കുശേഷം ആ സിനിമയിലാണ് രവീന്ദ്രന് ഒരു മികച്ച മുഴുനീള വേഷം ലഭിച്ചത്. പിന്നീടങ്ങോട്ട്്്കൊച്ചുകൊച്ചു വേഷങ്ങളിലൂടെ രവീന്ദ്രൻ താൻ ഇൻഡസ്ട്രിയിലുണ്ടെന്നതിന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു.
‘‘ഇപ്പോൾ ‘വാഴ രണ്ടി’ൽ പ്ലസ് ടു കുട്ടികളാണ്്്് കൂട്ടെങ്കിൽ ഇതിലും ചെറിയ പിള്ളേരാണ് ഇനി വരാനിരിക്കുന്ന സിനിമയിൽ. സ്കൂൾ പിള്ളേരുടെ ഒരു കുറ്റാന്വേഷണമാണ് ആ സിനിമ. ക്യാമ്പസുകളിലൊക്കെ പോയി സിനിമ പഠിപ്പിക്കുന്നതുകൊണ്ട്്്് എനിക്ക്്്് ഈ കുട്ടികളുമായി ഇണങ്ങാനൊന്നും ഒരു പ്രയാസവുമില്ല.''
മലയാളത്തിന്റെ വെള്ളിത്തിരയിൽ തനിനാടൻ പ്രേമങ്ങൾ മാത്രം പൂത്തു നിറഞ്ഞുനിന്ന കാലത്ത് ഡിസ്കോ കളിച്ചുവന്ന പരിഷ്കാരിയായൊരു ചെറുപ്പക്കാരനായിരുന്നു രവീന്ദ്രൻ. ആ കാലത്തെ ഏതെങ്കിലും എഐ ആപ്പിലിട്ട് കൺവേർട്ട് ചെയ്താൽ രവീന്ദ്രനാകും ഇന്നത്തെ താരം. എന്നാൽ പഴയ ഡിസ്കോ രവീന്ദ്രന്റെ മാറ്റൊലികളല്ല പുതുമകളും പുതുദർശനങ്ങളുമാണ് അദ്ദേഹം ആശിക്കുന്നത്്. ‘അതു നമുക്ക്്്് ആശിക്കാനല്ലേ കഴിയൂ' എന്നു പറഞ്ഞ്്്് വലിയ ഉല്ലാസത്തോടെ തന്നെ അദ്ദേഹം ശംഖുമുഖം കടലിന് അഭിമുഖമായി നടന്നു.
ശംഖുമുഖത്തെ അസ്്്തമനസൂര്യന്റെ ചെങ്കിരണങ്ങൾ അപ്പോൾ നടന്റെ ശരീരത്തെ പൊതിയുന്നുണ്ടായിരുന്നു. പഴയൊരു ഡിസ്കോ സ്റ്റേജിലെന്നപോലെ അദ്ദേഹം കളർലൈറ്റുകളിൽ മിന്നിത്തിളങ്ങി നിൽക്കുന്നതുപോലെ തോന്നി. ഇനി പശ്ചാത്തലത്തിൽ ഏതെങ്കിലുമൊരു വെസ്റ്റേൺ മ്യൂസിക്കിന്റെ ഈണം മാത്രം മതിയാവും അയാൾക്ക് ചുവടുവെക്കാൻ. ഞാൻ ‘രാം ലക്ഷ്മണി’ൽ എസ് പി ബി പാടി രവീന്ദ്രനും ജയമാലിനിയും ചേർന്ന്്്് നൃത്തം ചെയ്ത ആ ഗാനം വെറുതെ ഒന്നു മൂളി‐ ‘‘വാലിബമേ വാ വാ, തേനിസയേ വാ വാ...''.











0 comments