ad
Deshabhimani

കഥ

ബുക് മാർക്ക്‌

ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
avatar
എൻ പ്രഭാകരൻ

Published on Feb 07, 2026, 11:22 AM | 3 min read




വീട്ടില്‍ തനിച്ചായിരുന്ന ഞാന്‍ ആനന്ദിന്റെ ‘ആള്‍ക്കൂട്ടം’ പല വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വായിക്കുകയായിരുന്നു. ഇത് എന്റെ മൂന്നാമത്തെ വായനയാണ്. വായന തുടങ്ങി കുറച്ചു നേരമേ ആയിരുന്നുള്ളൂ. കാളിങ്‌ ബെല്ലിന്റെ ശബ്ദം കേട്ട് എഴുന്നേറ്റ എനിക്ക് പുസ്‌തകത്തില്‍ വായിച്ചുനിര്‍ത്തിയ പേജില്‍ അടയാളം വയ്‌ക്കാനായി പെട്ടെന്നുള്ള തിരിച്ചലില്‍ കയ്യില്‍ കിട്ടിയത് എന്റെ തന്നെ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയാണ്.

ഞാനൊരു യുവാവായിരുന്ന കാലത്തെ ഫോട്ടോ. അങ്ങിങ്ങ് പോറല്‍ വീണിരിക്കുന്നു. എങ്കിലും എന്റെ മുഖം വ്യക്തം. ആ ഫോട്ടോ ഉപയോഗിച്ച് ആവശ്യം നിർവഹിച്ച് എഴുന്നേറ്റുപോയി വാതില്‍ തുറന്നു.

ചിത്രീകരണം:സുധീഷ് കോട്ടേമ്പ്രംചിത്രീകരണം:സുധീഷ് കോട്ടേമ്പ്രം

കോളേജ് കാലത്തെ സുഹൃത്താണ്. കണ്ടിട്ട് അമ്പതു വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും പരസ്‌പരം തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല. അവന്‍ യൂനിവേഴ്സിറ്റിയില്‍ കുറേക്കാലം ജോലി ചെയ്‌തു. റിട്ടയര്‍മെന്റിനു ശേഷം സര്‍ക്കാര്‍ വക ഒരു പ്രസിദ്ധീകരണത്തിന്റെ എഡിറ്ററും അതുകഴിഞ്ഞ് ഒരു സാംസ്‌കാരിക സംഘടനയുടെ പ്രസിഡന്റുമൊക്കെയായിരുന്നു. അപ്പപ്പോള്‍ വിവരങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നെങ്കിലും ഞാന്‍ അങ്ങോട്ടോ അവന്‍ ഇങ്ങോട്ടോ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നില്ല.


കോളേജുകാലത്തെ വിശേഷങ്ങളില്‍ ചിലത് അയവിറക്കിയ അവന്‍ വല്ലാതെ വികാരാധീനനായി. ഒന്നിലധികം പ്രണയബന്ധങ്ങളുണ്ടായിരുന്നു അവന്. പ്രേമത്തിന്റെ സാഫല്യം വിവാഹത്തിലാണെന്നാണല്ലോ നാം കരുതിപ്പോരുന്നത്. ആ സാമാന്യധാരണ വച്ചു പറയുകയാണ്, ഒന്നും സഫലമായില്ല. പഴയ കാമുകിമാരില്‍ ഒരാള്‍ അവളുടെ വിവാഹത്തിനു ശേഷവും അവനോടുള്ള ഉല്‍ക്കടമായ പ്രേമം അതേപടി നിലനിര്‍ത്തിയിരുന്നു.അവള്‍ കഴിഞ്ഞയാഴ്‌ച മരിച്ചു. അവളെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്‌ക്കാന്‍ പറ്റുന്ന ആളെന്ന നിലയ്‌ക്കാണ് അവന്‍ എന്നെത്തേടി വന്നത്. എല്ലാവരോടും എല്ലാ കാര്യങ്ങളും പറയാനാവില്ലല്ലോ.


ഒന്നുരണ്ടു മണിക്കൂറിലധികം സംസാരിച്ചതില്‍പ്പിന്നെയാണ് ‘ഇനിയും എന്തായാലും വരും’ എന്നുപറഞ്ഞ് അവന്‍ പിരിഞ്ഞത്. അവന്റെ സംസാരത്തിന്റെ അവസാനഭാഗം മുഴുവന്‍ മരണഭീതിയെക്കുറിച്ചായിരുന്നു. അത് അൽപ്പം സമനില തെറ്റിയ മട്ടില്‍ത്തന്നെയായിരുന്നു. അവനെ ശക്തമായി ബാധിച്ചിരിക്കുന്ന ആ രോഗം എനിക്കും പകര്‍ന്നു കിട്ടിയേക്കുമോ എന്ന ഭയമാണ് അത് കേട്ടുകൊണ്ടിരിക്കുമ്പോഴെല്ലാം എന്നെ ഉലച്ചുകൊണ്ടിരുന്നത്. അത്‌ യാഥാർഥ്യമാവുകയും ചെയ്‌തു.


എത്രയൊക്കെ പണിപ്പെട്ടിട്ടും മരണഭീതിയെ തട്ടിയകറ്റുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. എന്തു ചെയ്യുമ്പോഴും എന്തിനെക്കുറിച്ചു ചിന്തിക്കുമ്പോഴും ഏതെങ്കിലുമൊരു പഴുതു കണ്ടെത്തി അത് ഉള്ളിലേക്ക് കയറും. എന്റെ എല്ലാ കരുതലുകളെയും തകര്‍ത്തെറിഞ്ഞായിരിക്കും അതിന്റെ അപ്രതിരോധ്യമായ വരവ്. ഒരേ കാര്യത്തില്‍ ദിവസങ്ങളോളം വ്യാപരിച്ചുകഴിഞ്ഞാല്‍ ആരുടെ മനസ്സിനും മടുപ്പുവരുമല്ലോ. എന്റെ മനസ്സിന്റെ കാര്യത്തിലും അതു തന്നെ സംഭവിച്ചു. ഞാന്‍ ഭയമേതുമില്ലാതെ ഒരു തമാശക്കാര്യമെന്നപോലെ മരണത്തെപ്പറ്റി ആലോചിച്ചുതുടങ്ങി. ആധുനികതയുടെ കാലത്തെ മൃത്യുപൂജ, മരണകാമന എന്നിങ്ങനെയുള്ള ആശയങ്ങളെക്കുറിച്ച് ഉള്ളു പൊള്ളയായ ചെറിയ തമാശക്കഥകളെപ്പറ്റിയെന്നപോലെ ഞാന്‍ ആലോചിച്ചു.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അത്തരം സംഗതികളൊക്കെ ഇല്ലാതായി. പിന്നെ വല്ലപ്പോഴുമൊരിക്കല്‍ വലിയ ഗൗരവത്തില്‍ മരണഭീതി അതിന്റെ മുഖം കാണിക്കും. ഞാന്‍ കുറച്ചുനേരം ധ്യാനലീനനായെന്നപോലെ വളരെ ഗൗരവത്തോടെ, എന്നാല്‍ അൽപ്പം നിസ്സംഗതയോടെ, ജീവിതമെന്ന പ്രതിഭാസത്തിന്റെ നിസ്സാരതയെപ്പറ്റി ആലോചിക്കും. അങ്ങനെ ആലോചിച്ചാലോചിച്ചിരുന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ എന്റെ മരണം കഴിഞ്ഞ് അമ്പതു വര്‍ഷത്തിനുശേഷം പുസ്‌തകം വായിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്റെ രൂപത്തിലെത്തി. അയാളെ മാത്രമല്ല അയാളിരിക്കുന്ന വീടും പരിസരവുമെല്ലാം ഞാന്‍ വ്യക്തമായി കണ്ടു. ഇത്തിരിനേരം കഴിഞ്ഞപ്പോള്‍ പുറത്തുനിന്ന് ഒരാള്‍ ഗെയ്റ്റ് കടന്നുവരുന്നതും കാളിങ്‌ ബെല്ലമര്‍ത്തുന്നതും ഞാന്‍ കണ്ടു. പിന്നെ എന്റെ നോട്ടം ഈ പുതിയ മനുഷ്യനിലായി. അത് അൽപ്പനേരത്തേക്കു മാത്രം. വീണ്ടും ഞാന്‍ വീട്ടിനുള്ളില്‍ ഇരിക്കുന്നയാളില്‍ത്തന്നെ എത്തി.

ചിത്രീകരണം:സുധീഷ് കോട്ടേമ്പ്രംചിത്രീകരണം:സുധീഷ് കോട്ടേമ്പ്രം

അപ്രതീക്ഷിതമായി കേട്ട കാളിങ്‌ ബെല്ലിന്റെ ശബ്ദം അയാളില്‍ നേരിയ പരിഭ്രമവും തിടുക്കവുമൊക്കെ ഉണ്ടാക്കിയിരുന്നു. ഒന്നു പരുങ്ങിക്കളിച്ചശേഷം അയാള്‍ പെട്ടെന്നുതന്നെ എഴുന്നേറ്റ് മേശപ്പുറത്ത് ഒരു പരതല്‍ നടത്തുന്നതും പഴയ ഒരു മാസികയില്‍നിന്ന് ഒരു പേജിെന്റ ഭാഗം ചീന്തിയെടുക്കുന്നതും കണ്ടു. ചീന്തിയെടുത്ത ഭാഗം അയാള്‍ ബുക് മാര്‍ക്കായി പുസ്‌തകത്തില്‍ വയ്‌ക്കുന്നതിനുമുമ്പ് എന്റെ കണ്ണില്‍പ്പെട്ടു. അത് മാസികയില്‍ അച്ചടിച്ചുവന്ന ഒരു ഗ്രൂപ്പ് ഫോട്ടോവിന്റെ ഭാഗമായ ഒരാളുടെ ചിത്രമായിരുന്നു. ആ ആള്‍ ഞാന്‍ തന്നെയായിരുന്നു. എനിക്കുണ്ടായ അത്ഭുതവും സന്തോഷവും എത്രയെന്നു പറയാനാവില്ല. ഞാന്‍ ഇല്ലാതായി അമ്പതു വര്‍ഷം കഴിഞ്ഞും എന്നെക്കൊണ്ട് ഒരാള്‍ക്ക് ചെറുതും താല്‍ക്കാലികവുമെങ്കിലും ഒരു പ്രയോജനമുണ്ടാവുന്നു!


അങ്ങനെ ആലോചിച്ചുപോയതിന്റെ ജാള്യതയില്‍ അടുത്ത നിമിഷങ്ങളില്‍ ഞാന്‍ വല്ലാതായി. ഭൂമിയില്‍ ജനിച്ച ഏതൊരു മനുഷ്യനെക്കൊണ്ടും അയാളുടെ മരണാനന്തരവും പല പ്രയോജനങ്ങളുമുണ്ട്. പലരുടെയും ഓര്‍മകളില്‍ അയാള്‍ കുറേക്കാലം കൂടി നിലനില്‍ക്കും. അതു കഴിഞ്ഞും അയാളുടെ അടയാളം എവിടെയെങ്കിലുമായി ദൃശ്യമായോ അദൃശ്യമായോ ഉണ്ടാവും. എഴുതപ്പെടുന്ന ചരിത്രത്തിന്റെ ഭാഗമാവാന്‍ ചിലര്‍ക്കു കഴിയും. മറ്റ് എത്രയെത്രയോ ആളുകള്‍ രേഖപ്പെടുത്തപ്പെടാത്ത ചരിത്രത്തില്‍ ഉണ്ടാവും. എത്ര തലമുറകളില്‍ അവര്‍ ഓര്‍മിക്കപ്പെടും എന്ന് ഉറപ്പിച്ചു പറയാനാവില്ല.


എന്തായാലും എല്ലാവരും ചരിത്രത്തിന്റെ ഭാഗമാണ്. ഈയൊരറിവില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത് എന്റെ കുറേയേറെ നേരത്തെ അലഞ്ഞുതിരിഞ്ഞ ചിന്തകൊണ്ടാണ്. അപ്പോള്‍ ഞാൻ നന്ദി പറയേണ്ടത് മനസ്സു കൈക്കൊണ്ട ആ സ്വാതന്ത്ര്യത്തിനാണ്. പറഞ്ഞുപറഞ്ഞ് ഇത്രയുമെത്തിയപ്പോള്‍ ലക്ഷണമൊത്തതല്ലെങ്കിലും ഇതൊരു കഥയായിത്തീര്‍ന്നിരിക്കുന്നുവെന്ന് എനിക്കു തോന്നുന്നുണ്ട്. ഇനി മുന്നോട്ടു പോകേണ്ട കാര്യമില്ല. ഇവിടെ നിര്‍ത്താം; അല്ലേ? .



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home