ad
Deshabhimani

നോവൽ

ശ്വാസപാത ‐2

ചിത്രീകരണം: സുനിൽ അശോകപുരം
avatar
എൻ പ്രഭാകരൻ

Published on Apr 27, 2026, 11:14 AM | 7 min read

ന്റെ അയൽവാസികളെയെല്ലാം അയാള്‍ സാമാന്യം വിശദമായി പരിചയപ്പെട്ടത് നാലഞ്ചു ദിവസംകൊണ്ടാണ്. കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്തുകാരനായ അറുമുഖത്തിന് ജില്ലയില്‍ മൂന്നിടത്ത് തെങ്ങിന്‍തോപ്പുകളുണ്ട്. പുറമെ നാഗര്‍കോവിലിലും തിരുച്ചിറപ്പള്ളിയിലും ഓരോ തുണിക്കടയും.തെങ്ങിന്‍തോപ്പുകളിലൊന്ന്‌ വിറ്റുകിട്ടിയതും നേരത്തെയുള്ള സമ്പാദ്യത്തില്‍നിന്നുമായി എഴുപതുലക്ഷം രൂപയുമായാണ് മൂപ്പര്‍ വന്നിരിക്കുന്നത്. ലങ് ട്രാൻസ്‌പ്ലാന്റേഷന് അതില്‍ കൂടുതല്‍ തുക വേണ്ടിവന്നാല്‍ ഇപ്പോള്‍ കാര്യങ്ങളൊക്കെ നോക്കി നടത്തുന്ന മൂത്തമകന്‍ ആ ചെലവ് ഏറ്റെടുത്തുകൊള്ളും.

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

അറുമുഖം വന്നിട്ട്‌ മൂന്നു മാസത്തോളമായി. ഇതേവരെ അയാള്‍ക്കു പറ്റുന്ന ശ്വാസകോശം കിട്ടിയിട്ടില്ല. ശ്വാസംമുട്ടിന്റെ ബുദ്ധിമുട്ട്‌ കാര്യമായുണ്ട്. വീല്‍ചെയറിലേ എങ്ങോട്ടെങ്കിലും നീങ്ങാനാവൂ. സദാസമയവും ഓക്‌സിജന്‍ സപ്പോര്‍ട്ടില്‍ത്തന്നെയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അറുമുഖം മാനസികമായി തളര്‍ന്നിട്ടില്ല. ഇന്നല്ലെങ്കില്‍ നാളെ തന്റെ ലങ് ട്രാൻസ്‌പ്ലാന്റേഷന്‍ നടക്കുമെന്ന ഉറപ്പിലാണയാള്‍. മിതഭാഷിയായ ആ മനുഷ്യന്‍ അയാളോടും ദീര്‍ഘമായ ഒരു സംസാരത്തിനു തയ്യാറില്ല. തമ്മില്‍ പരിചയപ്പെടുക എന്നതിനപ്പുറമുള്ള ഒന്നും അയാള്‍ ഉദ്ദേശിക്കുന്നതായി തോന്നിയില്ല.

ജലജയാണ് അയാളെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ ഏറ്റവുമധികം ആഹ്ലാദം പ്രകടിപ്പിച്ചത്.

“സാറ് എഴുതുന്ന ആളാണല്ലേ?”വലിയ സന്തോഷത്തോടെയാണ് അവള്‍ ചോദിച്ചത്.


അയാളുടെ മറുപടിക്കു കാത്തുനില്‍ക്കാതെ അവള്‍ തുടര്‍ന്നു:

“ഇന്നലെ സാറിനെ കണ്ടപ്പോള്‍ത്തന്നെ എനിക്കത് ഉറപ്പായി. സാറിന്റെ മൂന്ന്‌ പുസ്‌തകങ്ങള്‍ എന്റെ കയ്യിലുണ്ട്. മൂന്നും വളരെ ഇഷ്ടപ്പെട്ട പുസ്‌തകങ്ങളാണ്. ഞാന്‍ ചെറുപ്പംതൊട്ടേ ഒരുപാട്‌ വായിക്കും. സത്യത്തില്‍ വായനയാണ് ഇപ്പോള്‍ എന്നെ ജീവിപ്പിക്കുന്നതെന്നു പറയാം.’’

അയാള്‍ മറുപടി പറയാനാവാതെ തലകുലുക്കിയും ചെറുതായ ചിരിയോടുകൂടിയും ഇരുന്നതേയുള്ളൂ. ജലജ അതുകൊണ്ട്‌ നിരാശയായില്ല. അവള്‍ പറഞ്ഞു: “ഞാനീ ശ്വാസകോശവും കൊണ്ട്‌ ബുദ്ധിമുട്ടാന്‍ തുടങ്ങിയിട്ട്‌ നാലഞ്ചുകൊല്ലമായി. എന്റെ ഭര്‍ത്താവിന്റെ മരണത്തോടെയാണ് എനിക്കു ശ്വാസംമുട്ട്‌ തുടങ്ങിയത്. എന്തൊക്കെ മരുന്ന്‌ കഴിച്ചിട്ടും അതു കൂടിവന്നതേയുള്ളൂ. ഇവിടെ വന്ന്‌ പരിശോധിച്ചപ്പോഴാണ് ശ്വാസകോശം മാറ്റിവയ്‌ക്കലല്ലാതെ വേറെ വഴിയില്ലെന്നു മനസ്സിലായത്. എന്റെ കയ്യിലാണെങ്കില്‍ സമ്പാദ്യമായിട്ട് ആകെയുള്ളത് അയ്യായിരം ഉറുപ്പികയാണ്. നാട്ടിലെ ഒരു സന്നദ്ധസംഘടനയാണ് ഓപ്പറേഷന്റെ ചെലവ് അവര്‍ വഹിച്ചോളാംന്ന് പറഞ്ഞത്. ആദ്യം മുപ്പതു ലക്ഷത്തിനു സംഗതി നടക്കും എന്നാണ് കേട്ടത്. ഇപ്പോഴാണറിയുന്നത്, സര്‍ജറി കഴിഞ്ഞുള്ള അണുബാധയും മറ്റുംകൊണ്ട്‌ ആസ്‌പത്രിയില്‍ ഒന്നുരണ്ടു മാസം കഴിഞ്ഞുകൂടേണ്ടി വന്നാല്‍ അറുപതും എഴുപതും ലക്ഷമൊക്കെ ആകുംന്ന്. എന്തായാലും സഹായിക്കാംന്ന് സംഘടനയും നാട്ടുകാരും പറഞ്ഞു. ആ ഒരു ധൈര്യത്തിലാണ്‌ ഞാന്‍ ഇരിക്കുന്നത്. എനിക്ക് ബന്ധുക്കളായി എന്റെ മോനും ഒരു ജ്യേഷ്ഠനും അനിയത്തിയുമാണുള്ളത്. ജ്യേഷ്ഠന്‍ രാവിലെമുതല്‍ കള്ളും കുടിച്ചു നടക്കുന്ന കൂട്ടത്തിലാണ്. ഒരു കാര്യത്തിനും കിട്ടില്ല. ഞാന്‍ ഒരങ്കണവാടീലെ ടീച്ചറായിരുന്നു. എന്റെ അനിയത്തി വീട്ടില്‍ മിഷന്‍ വെച്ചു തുന്നല്‍പ്പണിയെടുക്കുകയാണ്. ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചു പോയതാണ്. അവളും എന്റെ മോനുമാണ് ഇവിടെ സഹായത്തിനുള്ളത്. അവന്‍ കഴിഞ്ഞകൊല്ലം എംഎസ്‌സി കഴിഞ്ഞതാണ്. ജോലിയൊന്നും ആയില്ല.” ജലജയ്‌ക്ക്‌ പിന്നെയും കുറേനേരം അയാളോട്‌ വര്‍ത്തമാനം പറഞ്ഞുകൊണ്ടേ ഇരിക്കണമെന്നുണ്ടായിരുന്നു. നാട്ടില്‍നിന്ന് ആരോ കാണാന്‍ വന്നതുകൊണ്ട് അവര്‍ക്കു സംസാരം നിര്‍ത്തി പോകേണ്ടിവന്നു.


ബാലാജിയാണ് അന്നു പിന്നെ അയാളോട്‌ സംസാരിക്കാനെത്തിയത്. ആ മനുഷ്യനാണ് മാനസികമായി തന്റെ വളരെ അടുത്തുനില്‍ക്കുന്നയാള്‍ എന്നാണ് അയാള്‍ക്കു തോന്നിയത്. ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന ബാലാജി റിട്ടയര്‍ ചെയ്‌തിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂ. ശ്വാസകോശരോഗംകൊണ്ട് അയാള്‍ വലയാന്‍ തുടങ്ങിയിട്ട്‌ പത്തു വര്‍ഷത്തിലധികമായി. മദ്യപാനവും പുകവലിയുമില്ലാത്ത, ഭക്ഷണകാര്യത്തില്‍ നല്ല അച്ചടക്കം പാലിക്കുന്ന തനിക്ക് എങ്ങനെ ശ്വാസകോശത്തില്‍ ബുള്ളെ വന്നു എന്നത് ഇപ്പോഴും അയാളെ അത്ഭുതപ്പെടുത്തുന്നുണ്ട്. സാധാരണ ചികിത്സയുമായി ഇനി മുന്നോട്ടുപോകാനാവില്ലെന്ന് ഉറപ്പായതുകൊണ്ടാണ് അയാള്‍ സെക്കന്ദരാബാദിലേക്കു വന്നത്. ശ്വാസകോശം മാറ്റിവയ്‌ക്കലല്ലാതെ മറ്റു നിവൃത്തിയില്ലെന്ന് അയാളുടെ കാര്യത്തിലും ഡോക്ടര്‍ വിധിയെഴുതി. “അതിനു വേണ്ട പണമൊന്നും എന്റെ കയ്യിലില്ല. മൂത്തമകള്‍ ബാങ്കിലാണ് ജോലി ചെയ്യുന്നത്. അവളുടെ ഭര്‍ത്താവും. അവരും മറ്റു ചിലരും, ‘പണമില്ലെന്നുവച്ച് ട്രാൻസ്‌പ്ലാന്റേഷന്‍ വേണ്ടെന്നുവയ്‌ക്കുകയേ ചെയ്യരുത്, അതൊക്കെ ഞങ്ങള്‍ ശരിയാക്കിത്തരും’ എന്ന് ഉറപ്പിച്ചു പറഞ്ഞതുകൊണ്ടാണ് ഞാനിവിടെ നില്‍ക്കുന്നത്.” ബാലാജി പറഞ്ഞു.

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

ശാന്തപ്രകൃതിയാണ് ബാലാജി. ഒപ്പം നല്ല ഗൗരവവുമുണ്ട്. നാട്യത്തിന്റെ സ്‌പര്‍ശംപോലും അയാളുടെ നിൽപ്പിലും നടപ്പിലും ഇല്ല. മുഖത്ത്‌ കടുത്ത വിഷാദത്തിന്റെ നിഴല്‍ വീണിട്ടുണ്ട്. അയാളുടെ അൽപ്പം മാത്രം നരച്ചുതുടങ്ങിയ തലയും താടിമീശയുമെല്ലാം മെലിഞ്ഞു നീണ്ട ബാലാജിയുടെ രൂപത്തിന് ഒരുതരം പാവത്തം നല്‍കുന്നുമുണ്ട്.

ഒരാഴ്‌ചയ്‌ക്കുള്ളില്‍ ആ മനുഷ്യനുമായി അയാള്‍ നല്ല സൗഹൃദത്തിലായി.

‘‘സാറ് ഒരെഴുത്തുകാരനാണല്ലേ. നമ്മുടെ റിഹാബിലിറ്റേഷന്‍ ട്രെയിനര്‍ അര്‍ജുനാണ് ഇന്നലെ എന്നോട്‌ പറഞ്ഞത്. എനിക്ക് എഴുത്തുകാരോട്‌ വലിയ ബഹുമാനമാണ്. കൗമാരപ്രായത്തില്‍ ഞാനും കുറച്ചു കവിതകളെഴുതിയിരുന്നു. കവിതകളെന്നു പറയാനാവില്ല, പാട്ടുകള്‍. ഗദ്ദറിനെപ്പറ്റി സാറ് കേട്ടിട്ടുണ്ടാവുമല്ലോ. അദ്ദേഹത്തെ അനുകരിച്ചു തന്നെയാണ്‌ ഞാന്‍ എഴുതിയിരുന്നത്. അനുകരണമാണെന്നൊന്നും അന്ന് ആലോചിച്ചിരുന്നില്ല. ഗദ്ദറെപ്പോലെ ഞാനും ആദ്യകാലത്ത് നക്‌സലിസത്തിന്റെ ആരാധകനായിരുന്നു. ഗദ്ദര്‍ നക്‌സലിസം വിടുന്നതിനുമുമ്പേതന്നെ ഞാന്‍ വിട്ടു, പിന്നെ കവിതയെഴുത്തും നിന്നു. ഗദ്ദര്‍ വലിയൊരു മനുഷ്യന്‍ തന്നെയായിരുന്നു. ഓരോ തെലങ്കാനക്കാരന്റെയും വികാരമാണ് ഗദ്ദര്‍. അദ്ദേഹത്തിന്റെ പാട്ടുകള്‍ കേട്ടാല്‍ ഇന്നും ഇവിടെ ആളുകള്‍ രോമാഞ്ചം കൊള്ളും. തെലങ്കാന ആന്ധ്രയില്‍നിന്നു വേറിട്ട് ഒരു പ്രത്യേക സംസ്ഥാനമായി രൂപംകൊള്ളുന്നതിനുള്ള പ്രധാന കാരണക്കാരന്‍ കൂടിയാണ് ഗദ്ദര്‍.”


കുറച്ചുനേരം മിണ്ടാതിരുന്നിട്ട് ബാലാജി തുടര്‍ന്നു: “ഞാന്‍ ഒന്നും എഴുതാതായിട്ട്‌ പത്തിരുപതു കൊല്ലമായി. എന്റെ സാഹിത്യതാൽപ്പര്യത്തിലും കുറവു വന്നിട്ടുണ്ടെന്നു പറയാം. ഞാനിപ്പോള്‍ വായിക്കുന്നത്‌ ബൗദ്ധദര്‍ശനവുമായി ബന്ധപ്പെട്ട കൃതികള്‍ മാത്രമാണ്. എങ്ങനെ ഞാന്‍ അതിലേക്ക് എത്തിച്ചേര്‍ന്നെന്നു പറയാനാവില്ല. എന്തായാലും എനിക്കതു വലിയ ആശ്വാസം തരുന്നുണ്ട്. ജീവിതത്തെ അതിനുമേല്‍ മറ്റൊന്നും കെട്ടിവയ്‌ക്കാതെ കാണാന്‍ അതെന്നെ പഠിപ്പിച്ചിട്ടുണ്ട്. സത്യം പറഞ്ഞാല്‍ എനിക്കിപ്പോള്‍ മരണഭയം മിക്കവാറും ഇല്ലെന്നു പറയാം. ആത്മാവ് എന്ന ഒന്നില്ലെന്നും എല്ലാം അനിത്യമാണ്, മാറിക്കൊണ്ടിരിക്കുന്നതാണ് എന്നുമെനിക്കറിയാം. ബുദ്ധമതമല്ല ബൗദ്ധദര്‍ശനമാണ് എന്നെ ആകര്‍ഷിക്കുന്നത്. ഓ, ഞാനിങ്ങനെ പറഞ്ഞുപറഞ്ഞു പോവുകയാണ്. സാറിന് ബൗദ്ധദര്‍ശനത്തില്‍ താൽപ്പര്യം തോന്നിയിട്ടുണ്ടോ?”

“തീര്‍ച്ചയായും ഉണ്ട്. മറ്റെല്ലാം വിട്ടുകളഞ്ഞാലും രണ്ടായിരത്തഞ്ഞൂറ് വര്‍ഷം മുമ്പ് ജാതിയ്‌ക്കും മതത്തിനും അതീതരായി മനുഷ്യനെ കാണാന്‍ പഠിപ്പിച്ച മനുഷ്യനല്ലേ. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇന്നും ബൗദ്ധദര്‍ശനത്തിനു വലിയ പ്രസക്തിയുണ്ട്.”

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

“സാറ് ഇതൊക്കെ പറയുന്നതു കേള്‍ക്കുമ്പോള്‍ എനിക്കു വലിയ സന്തോഷം തോന്നുന്നുണ്ട്’’, ബാലാജി പറഞ്ഞു.

“മലയാളികള്‍ ഒരു നൂറ്റാണ്ടിനുമുമ്പേ തന്നെ ബുദ്ധനെ അറിഞ്ഞു തുടങ്ങിയതാണ്. ഞങ്ങളുടെ മഹാകവി കുമാരനാശാനെപ്പറ്റി കേട്ടിട്ടുണ്ടോ?”

“ഇല്ല. മലയാളത്തിന് ഗംഭീരമായ സാഹിത്യസമ്പത്തുണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട്. നിങ്ങളുടെ ഭാഷയെപ്പറ്റിയും അതിലെ സാഹിത്യത്തെപ്പറ്റിയും അതിലപ്പുറം ഒന്നുമെനിക്കറിയില്ല.”

“തെലുഗു ഭാഷയുടെ കാര്യത്തില്‍ ഞാനും അങ്ങനെ തന്നെയാണ്.വെറും നിരക്ഷരന്‍. അതു പോട്ടേ. ഞാന്‍ പറഞ്ഞുവന്നത് മഹാകവി കുമാരനാശാന്റെ കാലം മുതല്‍ക്കേ കേരളത്തിലെ സാമാന്യജനങ്ങളും ബുദ്ധനെയും അദ്ദേഹത്തിന്റെ കാരുണ്യത്തെയും ജാതിവിരുദ്ധ ചിന്തയെപ്പറ്റിയുമെല്ലാം കേട്ടറിഞ്ഞു തുടങ്ങിയിരുന്നു എന്നാണ്.”

ബാലാജിയും അയാളും തമ്മിലുള്ള സംഭാഷണം പിന്നെയും നീണ്ടുപോയി. ഒടുവില്‍ ബാലാജി പറഞ്ഞു: “ജീവിതത്തിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം സദാസമയവും അവനവനെപ്പറ്റിത്തന്നെ ആലോചിച്ചു പോവുന്നു എന്നതാണ്. അതൊരു വല്ലാത്ത കുടുക്കാണ്. ജീവിതം ഇനി അധികകാലത്തേക്കില്ല എന്നറിഞ്ഞുകൊണ്ടു തന്നെക്കുറിച്ചു തന്നെ ചിന്തിച്ചു തുടങ്ങിയാല്‍ അതുണ്ടാക്കുന്ന വിഷാദം വളരെ വലുതായിരിക്കും.”

“എന്റെയും ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം ഇതുതന്നെയാണ്. ഒരുപക്ഷേ, നമ്മളെപ്പോലെ കടുത്ത ശ്വാസകോശരോഗത്തിന് അടിപ്പെട്ടവരായിരിക്കാം ഏറ്റവും കൂടുതല്‍ ഇതനുഭവിക്കുന്നത്. ഓരോ ശ്വാസവും പ്രയാസപ്പെട്ടു മാത്രം സാധിക്കുന്ന അവസ്ഥയില്‍ അതു സ്വാഭാവികമാണല്ലോ”, അയാള്‍ പറഞ്ഞു.

“അതെ.” ആ ഒരു വാക്കുകൊണ്ട്‌ പൂര്‍ണവിരാമമിട്ടതുപോലെ സംസാരം ഇനി എങ്ങനെ തുടരുമെന്നറിയാതെ ബാലാജി പൊടുന്നനേ നിശ്ശബ്ദതയിലേക്കു വീണു.


4

അര്‍ജുന്‍ കഡവെണ്ടി ഗ്രാമക്കാരനാണ്. തെലങ്കാനയില്‍ 1946ല്‍ ആരംഭിച്ചതും 51ല്‍ അവസാനിച്ചതുമായ കര്‍ഷകപ്രക്ഷോഭം തുടങ്ങിയത് കഡവെണ്ടി ഗ്രാമത്തില്‍ നിന്നാണ്. എണ്‍പതുകളില്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം. ഓരോ കുടുംബത്തിലെയും ഒരു ചെറുപ്പക്കാരനെങ്കിലും ഈ പ്രസ്ഥാനത്തില്‍ ചെന്നെത്തുമായിരുന്നു അന്ന്.

അര്‍ജുന്റെ മുത്തച്ഛന്‍ 46ലെ കര്‍ഷകപ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടയാളാണ്. അതിന്റെ കേട്ടറിവും അതിനും എത്രയോ മുമ്പേ കാകതീയ രാജാക്കന്മാര്‍ വനഭൂമിക്ക് ഏര്‍പ്പെടുത്തിയ നികുതിക്കെതിരെ പോരാടി വീരമൃത്യു വരിച്ച് ആദിവാസികളാല്‍ ദേവതമാരായി ആരാധിക്കപ്പെടുന്ന സമ്മക്കയുടെയും സാരക്കയുടെയും കഥയുമെല്ലാം സജീവമായി ഉള്ളില്‍ കൊണ്ടുനടക്കുന്ന നല്ല ചുറുചുറുക്കുള്ള യുവാവാണയാള്‍. തെലങ്കാനയുടെ പ്രാദേശിക സംസ്‌കാരത്തിലും ഫോക്‌ലോറിലും ആഴത്തിലുള്ള താൽപ്പര്യമുള്ളയാളുമാണ്. കാര്‍ഡിയോ തൊറാസിക് പള്‍മൊണറി റിഹാബിലിറ്റേഷനില്‍ പ്രത്യേക പരിശീലനം നേടിയിട്ടുള്ള അര്‍ജുന്‍ നല്ല ആത്മവിശ്വാസമുള്ള കൂട്ടത്തിലുമാണ്.

പരിശീലനം തുടങ്ങിയ ദിവസംതന്നെ അയാള്‍ ആരാണെന്നും അയാളുടെ താൽപ്പര്യങ്ങള്‍ എന്തൊക്കെയാണെന്നും അര്‍ജുന്‍ ചോദിച്ചറിഞ്ഞു. ‘സാറിന്റെ നാട് കേരളത്തിലെ ഏതു ജില്ലയിലാണ്’ എന്ന ചോദ്യത്തിനു ‘കണ്ണൂര്‍’ എന്ന് അയാള്‍ മറുപടി പറഞ്ഞപ്പോള്‍ അര്‍ജുന്‍ ആവേശഭരിതനായി പറഞ്ഞു: “Oh, I know Kannur, the land of Theyyams.” നല്ല ബുദ്ധിമാനായ അര്‍ജുന്‍ ചുരുങ്ങിയ സമയംകൊണ്ടുതന്നെ അയാളെ കൃത്യമായി പഠിച്ചു. പിന്നെ ദിവസവും വൈകുന്നേരം നാലിനും അഞ്ചരയ്‌ക്കും ഉള്ളിലായി നടക്കുന്ന പരിശീലനത്തിന്റെ ചെറിയ ഇടവേളകളിലായി അര്‍ജുന്‍ തെലങ്കാനയുടെ വിവിധ ഭാഗങ്ങളെക്കുറിച്ചും അവിടങ്ങളിലെ നാട്ടുസംസ്‌കാരത്തെക്കുറിച്ചുമെല്ലാം വിശദമായിത്തന്നെ സംസാരിച്ചു.

ഒരു ദിവസത്തെ അര്‍ജുന്റെ സംസാരം ഗോദാവരിയുടെ പോഷകനദിയായ ‘ജംപണ്ണ വാഗു’ വിനെക്കുറിച്ചായിരുന്നു. സമ്മക്കയുടെ മകനായ ജംപണ്ണ കാകതീയ രാജാക്കന്മാരുടെ സൈന്യത്തിനെതിരെ ഈ നദിയിൽ വെച്ചു പോരാടി മരിക്കുകയാണ് ചെയ്‌തത്. ജംപണ്ണയുടെ ചോര വീണ്‌ നദിയിലെ വെള്ളം മുഴുവന്‍ ചുവന്നുപോയിരുന്നു എന്നാണ്‌ വിശ്വാസം. ഇന്ന്‌ സമ്മക്കയെയും സാരക്കയെയും സ്മരിച്ചുകൊണ്ടുള്ള ജാത്രയുടെ അന്ന് എത്രയെത്രയോ ആളുകള്‍ മുങ്ങിക്കുളിക്കുന്ന പുണ്യനദിയാണിത്. കുംഭമേള കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതലാളുകള്‍ പങ്കെടുക്കുന്ന ഉത്സവമാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗോത്രോത്സവം.

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

കുട്ടിയായിരുന്നപ്പോള്‍ അമ്മയോടും അച്ഛനോടും ജ്യേഷ്ഠനോടുമൊപ്പം അര്‍ജുന്‍ മുളുഗു ജില്ലയിലെ മേദാരത്തേക്കു പോയിട്ടുണ്ട്. മുളുഗുവിലെ ഒരു ബന്ധുവീട്ടില്‍ രണ്ടു ദിവസം മുമ്പേ വന്നുനിന്ന് അവിടെനിന്നു പിന്നെ കാളവണ്ടിയില്‍ രണ്ടു ദിവസം സഞ്ചരിച്ചാണ് മേദാരത്തെത്തിയത്. അവിടെ അൽപ്പം ഉയരമുള്ള ഒരു തട്ട് മുളങ്കാലുകളില്‍ കെട്ടിയുയര്‍ത്തിയിരുന്നു. അതിന്റെ നടുക്കായി നാലഞ്ച്‌ മുളകള്‍ കുത്തനെ കെട്ടിവയ്‌ക്കുകയും ചെയ്‌തിരുന്നു. തലേദിവസം രാത്രി തന്നെ പ്രദേശത്തുള്ള ആദിവാസികള്‍ കുറച്ചു മാറിയുള്ള ചിലകലഗട്ടു എന്ന കുന്നിന്‍പുറത്ത് ഒത്തുകൂടും. പിറ്റേദിവസം രാവിലെ കുന്നിറങ്ങുമ്പോഴേക്കും അവരിലൊരാളില്‍, അത് ഒരു പെണ്‍കുട്ടിയിലോ ആണ്‍കുട്ടിയിലോ ആകാം, സമ്മക്ക പ്രവേശിച്ചിരിക്കും. അങ്ങനെ ‘സമ്മക്കബാധ’യുണ്ടായ കുട്ടി ഈ തട്ടിനു മുന്നില്‍ വന്നുനിന്ന് പേടിപ്പെടുത്തുന്ന മുഖഭാവവുമായി അലറിവിളിക്കുകയും തുള്ളുകയും ചാടുകയുമൊക്കെ ചെയ്യും. തന്റെ അമ്മയ്‌ക്ക്‌ അതുകണ്ട്‌ ബോധക്കേടുണ്ടായ കാര്യം അര്‍ജുന് നല്ല ഓര്‍മയുണ്ട്.


ജംപണ്ണ വാഗുവില്‍ നിറയെ മുറിവേറ്റ ഒരു മനുഷ്യശരീരം ഒഴുകി നടക്കുന്നതു കണ്ടതാണ് അര്‍ജുന്റെ പൊള്ളുന്ന മറ്റൊരോര്‍മ. പഴയകാലത്ത് അത് അത്ര അപൂർവ സംഭവമൊന്നുമായിരുന്നില്ല. ആളുകളില്‍ ചിലര്‍ തങ്ങളുടെ ബദ്ധശത്രുക്കളോട്‌ മേദാരത്തു വെച്ച്‌ പകവീട്ടാന്‍ തെരഞ്ഞെടുക്കുന്ന സമയം കൂടിയായിരുന്നു സമ്മക്ക സാരക്ക ജാത്രയുടേത്. അതിനുവേണ്ടി അവര്‍ കണ്ടെത്തുന്ന സ്ഥലം ‘ജംപണ്ണ വാഗു’വിന്റെ തീരമാണ്. പിന്നെ, ഭക്തന്മാരില്‍ ചിലര്‍ സ്വയം ജീവനൊടുക്കാനും ഇവിടം തന്നെയാണ്‌ തെരഞ്ഞെടുത്തിരുന്നത്.

‘‘ഇപ്പോള്‍ അതൊക്കെ മാറി. അതൊരു ടൂറിസ്റ്റ്‌ സ്ഥലം പോലെയായി.” അര്‍ജുന്‍ പറഞ്ഞു.

മേദാരത്ത് ഒത്തുകൂടുന്ന ഭക്തന്മാരില്‍ പലരും സ്വന്തം തൂക്കത്തിന്റെ അളവിലുള്ള വെല്ലവും മറ്റു ചിലർ കുങ്കുമവും മഞ്ഞളും സാരിയുമൊക്കെയാണ് ദേവിമാര്‍ക്ക്‌ നിവേദിക്കുക. കുങ്കുമം നിവേദിക്കുന്നത് കാകതീയ രാജാവിന്റെ പോരാളികളുമായി ഏറ്റുമുട്ടി മാരകമായി മുറിവേറ്റ സമ്മക്ക ചിലകലഗട്ടുവിലേക്കു കയറിപ്പോയി ഒരു കുങ്കുമഭരണിയായി മാറി എന്ന കഥയുടെ ഓര്‍മയിലാണ്.


ഇങ്ങനെയുള്ള കഥകളിലും ആചാരങ്ങളിലും ചില ചരിത്രസംഭവങ്ങളിലും അര്‍ജുനുള്ള താൽപ്പര്യത്തിന് അതിരില്ലായിരുന്നു. 1946ല്‍ നൈസാമിന്റെ കാലത്തെ ദുര്‍ഭരണത്തിനെതിരെ തെലങ്കാനയിലെ സാധാരണ കര്‍ഷകര്‍ സായുധരായിത്തന്നെ നടത്തിയ കലാപത്തിന്റെ കഥ അവയിലൊന്നാണ്. കൂലിയില്ലാത്ത നിര്‍ബന്ധിത തൊഴിലിനും ‘ദൊരമാര്‍’ എന്നറിയപ്പെട്ടിരുന്ന നാട്ടുമുഖ്യന്മാരുടെ നാനാതരം ചൂഷണങ്ങള്‍ക്കും കുടിയിറക്കലിനും കൊള്ള നികുതിക്കുമൊക്കെ എതിരായാണ് കര്‍ഷകര്‍ കമ്യൂണിസ്റ്റ്‌ പാർടിയുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. കഡവെണ്ടി ഗ്രാമത്തിലെ ദൊഡ്ഡി കൊമരയ്യ എന്ന കര്‍ഷക നേതാവ് കൊല്ലപ്പെട്ടതോടെയാണ് സമരം പൊട്ടിപ്പുറപ്പെട്ടത്. മൂവായിരത്തിലധികം ഗ്രാമങ്ങളില്‍ സമരത്തിന്റെ അലയൊലികളുണ്ടായി. ഒടുവില്‍ 1951‐ലാണ് സമരം അവസാനിച്ചത്. അതിനിടയില്‍ രണ്ടുലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ്‌ പറയപ്പെടുന്നത്.

‘‘ഇന്ത്യയില്‍ മറ്റെവിടെയും ഇത്രയും വലിയ ഒരു കര്‍ഷക പ്രക്ഷോഭം ഉണ്ടായിട്ടില്ല. പാവപ്പെട്ട കര്‍ഷകത്തൊഴിലാളി സ്‌ത്രീകള്‍ പോലും തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളേന്തിയാണ് അധികാരികള്‍ക്കെതിരെ പൊരുതിയത്.” അര്‍ജുന്‍ പറഞ്ഞു.

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

അര്‍ജുന്റെ കീഴില്‍ നടക്കുന്ന റിഹാബിലിറ്റേഷന്‍ പരിശീലനങ്ങള്‍ അയാള്‍ക്ക്‌ മടുപ്പനുഭവപ്പെടാതെ ചെയ്യാന്‍ പറ്റിയത് ഇത്തരം സംഭവവിവരണങ്ങളും നാട്ടുകഥകളുമൊക്കെ നിത്യവും കേള്‍ക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്.

സാധാരണനിലയുടെ അടുത്ത് ഏതാണ്ടൊക്കെ എത്താന്‍ മൂന്ന്‌ മാസത്തെ പരിശീലനം വേണ്ടിവരുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഒരു മാസം കഴിഞ്ഞപ്പോഴേക്കും അയാള്‍ക്കു വലിയ ബുദ്ധിമുട്ടില്ലാതെ പത്തുപതിനഞ്ചു മീറ്ററോളം നടക്കാനും സ്റ്റെയര്‍കെയ്സിന്റെ നാലഞ്ചു പടികള്‍ കയറാനും കഴിഞ്ഞു. അത്രയും സാധിച്ചത് അയാളില്‍ വലിയ ആത്മവിശ്വാസമുണ്ടാക്കി. പക്ഷേ, എന്തുകാരണംകൊണ്ടെന്നു പറയാനാവില്ല, ഒരുദിവസം അയാള്‍ക്കു കഠിനമായ ക്ഷീണം തോന്നി. അന്ന് അയാള്‍ക്ക്‌ അര്‍ജുന്‍ ചെയ്യിച്ച ഏതാനും അഭ്യാസങ്ങള്‍ക്കുശേഷം ‘ഇന്നത്തേക്ക് ഇത്ര മതി’ എന്നു പറഞ്ഞു നിര്‍ത്തേണ്ടിവന്നു. തുടര്‍ച്ചയായി മൂന്നു ദിവസം ഇതുപോലെ സംഭവിച്ചതോടെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് അയാള്‍ കടുത്ത മനോവിഷമത്തിലായി. അര്‍ജുന് കാര്യം മനസ്സിലായി. അയാള്‍ പറഞ്ഞു: “പേടിക്കേണ്ട സാര്‍. മനോധൈര്യം നഷ്ടപ്പെടുത്തരുത്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇനിയങ്ങോട്ടു കുറച്ചുദിവസം വളരെ സാവകാശത്തില്‍ ചെയ്‌താല്‍ മതി. നമുക്ക് നഷ്ടപ്പെട്ടതൊക്കെയും തിരിച്ചുപിടിക്കാം. നിങ്ങളേക്കാള്‍ വളരെ മോശമായ അവസ്ഥയിലെത്തിയ ആളുകളെ മുമ്പ്‌ ഞാന്‍ പരിശീലിപ്പിച്ചു രക്ഷപ്പെടുത്തിയിട്ടുണ്ട്” . (തുടരും)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home