നോവലെറ്റ്
ശ്വാസപാത‐1

എൻ പ്രഭാകരൻ
Published on Apr 18, 2026, 03:09 PM | 9 min read
1
യാത്ര എസി വാഹനത്തിലായിരുന്നു; അത് ആംബുലന്‍സായിരുന്നുവെന്നു മാത്രം.
അയാള്‍ കട്ടിയുള്ള സ്വെറ്റര്‍ ധരിച്ചിരുന്നു. അതു കഴിഞ്ഞാല്‍ ഡയപ്പറും അതിനുമേല്‍ ഇട്ടിരിക്കുന്ന ലുങ്കിയും മാത്രം.
ഇരുപത്തിയാറ് മണിക്കൂര്‍ നേരത്തെ ട്രെയിന്‍ യാത്രയ്‌ക്കുവേണ്ടി രാത്രി എട്ടുമണി കഴിഞ്ഞു പത്തുമിനുട്ടായപ്പോള്‍ പുറപ്പെട്ടു. പിന്നാലെ ഒരു ഇന്നോവ കാറില്‍ ഭാര്യയും മകനും മകന്റെ ഭാര്യയും. മണി ഒമ്പത് കഴിഞ്ഞപ്പോൾ അവര്‍ റെയിൽവേ സ്റ്റേഷനിലെത്തി. പ്ലാറ്റ്ഫോമില്‍ സ്ട്രെച്ചറില്‍ മലര്‍ന്നു കിടക്കുമ്പോള്‍ വണ്ടി വരുന്നതിനെക്കുറിച്ചുള്ള പരിഭ്രമമൊഴികെ അയാളുടെ ഉള്ളില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല.
ഒരുപക്ഷേ, മറ്റെല്ലാ പരിഭ്രമങ്ങളെയും ആ ഒരു പരിഭ്രമംകൊണ്ടു
മൂടിവച്ചതാവാം.
ചിത്രീകരണം: സുനിൽ അശോകപുരം
വണ്ടി കൃത്യസമയത്ത് വന്നു. എസി കംപാർട്ട്‌മെന്റിലാണ് കയറേണ്ടത്. ട്രെയിന്‍ ആംബുലന്‍സ് എന്നു പേരിട്ടിരിക്കുന്ന സൗകര്യത്തിന് ഭാരിച്ച ചെലവാണ്. വീട്ടില്‍ വന്നു സ്ട്രെച്ചറില്‍ ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോകും. എസിയില്‍ ഒരു ഡോക്ടറും രണ്ടു മെയില്‍ നേഴ്സുമാരും രോഗിയും കൂടെ വരുന്ന ബന്ധുക്കളുമുള്‍പ്പെടെ ഏഴുപേര്‍ക്കുള്ള സീറ്റ് ബുക്കുചെയ്‌തിട്ടുണ്ട്. വെന്റിലേഷന്‍ സൗകര്യത്തിനു പുറമെ പ്രത്യേക ഓക്‌സിജന്‍ സിലിണ്ടറുകളും കരുതിയിട്ടുണ്ട്. എത്തേണ്ട സ്റ്റേഷനില്‍ വണ്ടി എത്തിയാല്‍ സ്ട്രെച്ചറില്‍ത്തന്നെ പുറത്തിറക്കി ഹോസ്‌പിറ്റലിലോ താമസസ്ഥലം ഒരുക്കിയിട്ടുണ്ടെങ്കില്‍ അവിടെയോ എത്തിക്കും.
വണ്ടിയില്‍ കയറി തനിക്കുള്ള സീറ്റില്‍ കിടത്തുംവരെ അയാള്‍ക്ക് പരിഭ്രമം തന്നെയായിരുന്നു. അപ്പോഴേക്കും ഓക്സിജന്‍ ലവല്‍ താണ് 83ല്‍ എത്തിയിരുന്നു. വെന്റിലേഷനില്‍നിന്ന് ഓക്സിജന്‍ കണക്റ്റു ചെയ്‌ത് ബൈപാപ്പും വച്ച് അഞ്ചുമിനുട്ട് കഴിഞ്ഞപ്പോള്‍ സമാധാനമായി. പിന്നെ അയാള്‍ വളരെ വേഗം ഉറങ്ങിപ്പോയി.
രാത്രിയില്‍ എപ്പോഴോ ഉണര്‍ന്നു. സ്ഥലകാലബോധം കൈവരാന്‍ കുറച്ചു സമയമെടുത്തു.എല്ലാവരും നല്ല ഉറക്കത്തിലാണെന്നു മനസ്സിലായി. ഓരോന്നോരോന്നോര്‍ത്തു കിടക്കെ പിന്നെയും ഉറങ്ങിപ്പോയി.
രാവിലെ എഴുന്നേല്‍ക്കുമ്പോഴേക്കും മറ്റുള്ളവരും എഴുന്നേറ്റിരുന്നു.
നേഴ്സുമാരിലൊരാള്‍ മലയാളിയാണ്. മറ്റേയാളും ഡോക്ടറും ഡല്‍ഹിക്കാരാണ്.
ഡേവിസ് എന്നു പേരായ മലയാളി നേഴ്സ് ചോദിച്ചു: “ഉറക്കത്തിന് ബുദ്ധിമുട്ടൊന്നുമുണ്ടായില്ലല്ലോ?”
“ഇല്ല.”
“വയറ്റില്‍നിന്നു പോകണംന്ന് തോന്നുന്നുണ്ടോ?”
“ഇല്ല.”
“ഉണ്ടെങ്കില്‍ മടിക്കേണ്ട. പറഞ്ഞോളൂ. ഒന്നു വൃത്തിയാക്കി ഡയപ്പര്‍ മാറ്റണ്ട പ്രശ്നല്ലേയുള്ളൂ.”
“ഇല്ല, ഇപ്പോള്‍ പോകണംന്ന് തോന്നുന്നില്ല. യാത്രയില്‍ പൊതുവേ ഒന്നുരണ്ടു ദിവസത്തോളം എനിക്കു പ്രശ്നമുണ്ടാവാറില്ല.”
“അതു ഭാഗ്യം തന്നെ. അപ്പോ പല്ലുതേപ്പ്, ചായകുടി... അതിലേക്കൊക്കെ നീങ്ങാം അല്ലേ?”
“നീങ്ങാം. ഭാര്യയോ മകനോ വരും. അതൊക്കെ അവര്‍ നോക്കിക്കോളും.”
പറഞ്ഞു തീര്‍ന്നതേയുള്ളൂ. അവരെത്തി. പിന്നെ എല്ലാം ക്രമത്തില്‍ നടന്നു.
അപ്പര്‍ ബര്‍ത്ത് മടക്കിവച്ചിരുന്നു. അതുകൊണ്ട് അയാള്‍ക്ക് ഇരിക്കാവുന്ന അവസ്ഥയായി.
ചിത്രീകരണം: സുനിൽ അശോകപുരം
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വണ്ടിയുടെ വേഗത കുറയുകയും പിന്നെ അത്
നില്‍ക്കുകയും ചെയ്‌തു. ‘കാട്പാടി’ എന്ന പേരുകണ്ടപ്പോള്‍ മുമ്പ് എത്രയോ തവണ ഇവിടെ വന്നിട്ടുണ്ടല്ലോ എന്നു തോന്നി. ഒരുപക്ഷേ വൈശാഖന്റെയോ മറ്റാരുടെയോ ഒക്കെ കഥകളിലും സിനിമകളിലുമൊക്കെ ഈ പേര് പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവും. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, ട്രിച്ചി, സേലം എന്നീ സ്ഥലപ്പേരുകള്‍ കേള്‍ക്കുമ്പോഴും അയാള്‍ക്ക് ഈ തോന്നലുണ്ടാവാറുണ്ട്. തമിഴ് ഭാഷയോടുള്ള മലയാളത്തിന്റെ അടുപ്പംകൊണ്ടോ കുട്ടിക്കാലം മുതല്‍ക്കേ ഈ പേരുകള്‍ കേള്‍ക്കുന്നതുകൊണ്ടോ അതല്ല,
തമിഴ്നാട്ടിലൊരിടത്ത് കുറച്ചുകാലം ജോലി ചെയ്‌തതുകൊണ്ടോ എന്തോ, അറിയില്ല.
മിക്കവാറും സിനിമയും സാഹിത്യവും തന്നെയാകാം തമിഴ്നാട്ടിലെ പല സ്ഥലങ്ങളോടും ഇഷ്ടം വളര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചത്. കലയ്‌ക്കും സാഹിത്യത്തിനും ഇങ്ങനെയൊരു കഴിവുണ്ട്. അറിയാത്ത മനുഷ്യരോടുമാത്രമല്ല, അറിയാത്ത സ്ഥലങ്ങളോടും അവ ആളുകളുടെ ഉള്ളില്‍ സ്‌നേഹം വളര്‍ത്തും. ജീവിതത്തെ അങ്ങനെ കൂടുതല്‍ കൂടുതല്‍ വലുതാക്കും.
ഇങ്ങനെ ഓരോന്നൊക്കെ ആലോചിച്ചുകൊണ്ടിരിക്കെ വീണ്ടും മയക്കത്തിലേക്കുവീണു. കണ്ണു മിഴിച്ചപ്പോള്‍ ട്രെയിന്‍ റെനിഗുണ്ട സ്റ്റേഷനിലെത്തി നിര്‍ത്തിയിരിക്കയാണ്. ഓ, വണ്ടി തമിഴ്നാടുവിട്ട് ആന്ധ്രയിലെത്തിയിരിക്കുന്നു. ഇനി എപ്പോഴാണ് തെലങ്കാനയിലേക്കു പ്രവേശിക്കുക എന്നറിയില്ല. ഗഡ്‌വാള്‍ ജങ്‌ഷനാണ് ഈ വണ്ടിയുടെ തെലങ്കാനയിലെ ആദ്യ സ്റ്റേഷന്‍.അവിടെ എത്തിയാലും പിന്നെയും മണിക്കൂറുകള്‍ കഴിഞ്ഞേ കാച്ചിഗുഡയിലെത്തൂ. കാച്ചിഗുഡയില്‍നിന്നു പിന്നെയും പതിനൊന്ന് കിലോമീറ്ററോളം പോവണം വാടകക്കെടുത്തു വച്ചിരിക്കുന്ന അപ്പാർട്ട്‌മെന്റിലെത്താന്‍.
ഡല്‍ഹിക്കാരനായ ഡോക്ടര്‍ പറഞ്ഞു: “ഞാനിതു രണ്ടാമത്തെ തവണയാണ് ഇതേ വഴി പോകുന്നത്. അഞ്ചു വര്‍ഷം മുമ്പായിരുന്നു ആദ്യയാത്ര. കണ്ണൂര്‍ ടൗണില്‍നിന്ന് ഇരുപത് കിലോമീറ്ററിലേറെ അകലെയുള്ള ഒരു ഗ്രാമത്തില്‍ നിന്നുള്ള പേഷ്യന്റിനെയും കൊണ്ട് ഇതേ ഹോസ്‌പിറ്റലിലേക്കു തന്നെ. അന്ന് വല്ലാതെ വിഷമിച്ചുപോയിരുന്നു. പേഷ്യന്റിന് കിഡ്നിയുടെ പ്രശ്നവും
പ്രോസ്‌റ്റേറ്റ് പ്രശ്നവും കാല്‍മുട്ടു വേദനയും കോണ്‍സ്റ്റിപ്പേഷനും
പൈല്‍സും എല്ലാം ഉണ്ടായിരുന്നു. എങ്ങനെയൊക്കെയോ ഹോസ്‌പിറ്റലിലെത്തിച്ചു എന്നേ പറയാനാവൂ, കഴിഞ്ഞ മാസം ഗുവഹാത്തിയില്‍നിന്ന് ഒരാളെയുംകൊണ്ട് ഡല്‍ഹി എയിംസിലേക്കു പോയിരുന്നു. അതും വല്ലാതെ വിഷമംപിടിച്ച യാത്ര തന്നെയായിരുന്നു.”
“ചെലപ്പോ വല്ലാതെ വിഷമിച്ചുപോവും”, ഡേവിസ് പറഞ്ഞു: “ഞാന്‍ വെല്ലൂരേക്ക് ലങ് ട്രാൻസ്‌പ്ലാന്റേഷനുവേണ്ടി ഒരു പേഷ്യന്റിനെ കൊണ്ടുപോയിരുന്നു. വയസ്സ് അമ്പത്തഞ്ചേ ഉള്ളൂ. പക്ഷേ, അയാള്‍ക്ക് ഇല്ലാത്ത അസുഖങ്ങളില്ല. വഴിയില്‍ എവിടെയെങ്കിലും ഇറക്കി ഏതെങ്കിലും ഹോസ്‌പിറ്റലില്‍ അഡ്മിറ്റു ചെയ്‌താലോ എന്നുപോലും ആലോചിച്ചുപോയിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിലെ
ഡോക്ടറാണ് ‘അതൊന്നും വേണ്ടാ’ എന്നു പറഞ്ഞ് ധൈര്യം തന്നത്.’’
കുറച്ചുനേരം ഒന്നും മിണ്ടാതിരുന്നിട്ട് ഡേവിസ് തുടര്‍ന്നു:‘‘സിഒപിഡി പേഷ്യന്റ്‌സിനോട് പൊതുവെ എല്ലാവരും ‘പാനിക് ആവരുത്’, ‘പാനിക് ആവരുത്’ എന്നു പറയും.പക്ഷേ, അവര്‍ വെറുതെ പാനിക് ആവുന്നതല്ല, ചെറിയ ഒരു സ്ട്രെയിന്‍ എടുത്താല്‍ത്തന്നെ അവരുടെ ഓക്സിജന്‍ ലവല്‍ വല്ലാതെ താണ് അവര്‍ക്ക് ശ്വാസംമുട്ടും.പിന്നെ വെപ്രാളപ്പെടാതെ നിവൃത്തിയില്ലല്ലോ. എല്ലാ രോഗത്തിനും അതാതിന്റേതായ ബുദ്ധിമുട്ടുണ്ടാവും. പക്ഷേ, ശ്വാസകോശ പ്രശ്നമുള്ളവരുടെ പ്രശ്നം ഒന്നു വേറെത്തന്നെയാണ്.”
ചിത്രീകരണം: സുനിൽ അശോകപുരം
ഡേവിസ് പറയുന്നത് സിഒപിഡി രോഗികളെപ്പറ്റിയാണെന്ന കാര്യം മനസ്സിലാക്കിയ ഡോക്ടര്‍ പറഞ്ഞു:
“ലങ്സിന്റെ പ്രശ്നം ഇത്രയധികം വര്‍ധിച്ചത് കോവിഡ് വന്നതിനുശേഷമാണ്. ഇപ്പോള്‍ പൊതുവെയുള്ള സംശയം കോവിഡ് വാക്‌സിന്‍ വലിയ ദോഷം ചെയ്‌തു എന്നതാണ്.”
സംസാരം ഈ മട്ടില്‍ പതുക്കെപ്പതുക്കെ മുന്നോട്ടുപോയി.
വണ്ടി എവിടെയോ നിര്‍ത്തിയപ്പോള്‍ ഡോക്ടര്‍ പുറത്തേക്കു നോക്കിയിട്ടു പറഞ്ഞു: “മെഹബൂബ് നഗര്‍ സ്റ്റേഷനിലെത്തി.ഇനിയും വേണം മൂന്ന് മണിക്കൂറോളം.”
“യാത്രയുടെ നീളം കുറഞ്ഞുവരുമ്പോഴാണ് ബോറടി കൂടുക”, ഡേവിസ് പറഞ്ഞു. അയാള്‍
തന്നെ തുടര്‍ന്നു: “ഞാനിത് പറയാന്‍ പാടില്ലാത്തതാണ്. ഈ ജോലി, രോഗികളെയും
കൊണ്ട് രാജ്യം മുഴുവന്‍ പോകുന്ന ഈ ജോലി, ഞാന്‍ സ്വയം
തെരഞ്ഞെടുത്തതാണ്. എനിക്കിത് തുടക്കംമുതല്‍ ഇതുവരേയ്‌ക്കും ഒരു ഹരമാണ്.”
‘രാത്രിഭക്ഷണം എന്താണ് വേണ്ടത്?’ എന്നു ചോദിച്ച് ഭാര്യയും മകനും വന്നതുകാരണം സംഭാഷണം പിന്നെയും മുറിഞ്ഞു. വീണ്ടും തുടര്‍ച്ചയുണ്ടായപ്പോള്‍ അത് ട്രെയിന്‍ യാത്രയില്‍ ഓരോരോ സ്ഥലത്തുനിന്നു കിട്ടുന്ന ഭക്ഷണത്തിന്റെ രുചിഭേദങ്ങളിലേക്കു തിരിഞ്ഞു. അതും അധികനേരം നീണ്ടുനിന്നില്ല. അയാള്‍ പുറത്തേക്കു നോക്കി ഇരുന്നു.കട്ടിയുള്ള ചില്ലുജാലകത്തിനപ്പുറത്ത് കണ്ട വെളിച്ചത്തിന്റെ പൊട്ടുകള്‍ക്ക് ചിലപ്പോള്‍ ഒരു റോഡിന്റെയോ ചെറുപട്ടണത്തിന്റെയോ കാഴ്‌ചയിലേക്ക് വിടര്‍ച്ചയുണ്ടായി.
ട്രെയിനില്‍ നല്ല തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. പകല്‍നേരത്ത് ട്രെയിന്‍ ഓടുന്നത് കത്തുന്ന സൂര്യനു താഴെയാണ്. അതുകൊണ്ട്
എസി കംപാർട്ട്‌മെന്റിലെ തണുപ്പും സുഖദമായ ഒരു കുളിരായേ അനുഭവപ്പെടൂ. രാത്രിക്ക് കനം വച്ചു തുടങ്ങുന്നതോടെ സംഗതി മാറും. പിന്നെ
കമ്പിളി പുതച്ചേ ഇരിക്കാനും കിടക്കാനും കഴിയൂ.
വണ്ടി ഏതോ സ്റ്റേഷനില്‍ നിന്നു. ഇത്തവണയും ഡോക്ടര്‍ തന്നെ പുറത്തേക്ക് നോക്കി പറഞ്ഞു: “ഇനി രണ്ടു സ്റ്റേഷനും കൂടിയേ ഉള്ളൂ.”
‘ഓ, ഇറങ്ങാനുള്ള പരിഭ്രമത്തിനു സമയമായി’, അയാള്‍ മനസ്സില്‍ മന്ത്രിച്ചു.
ടിടിആറും രണ്ട് പൊലീസുകാരും വന്ന് കുറച്ചു നേരം അകത്തേക്കു നോക്കിനിന്നു. പിന്നെ ഒന്നും മിണ്ടാതെ പോയി. പൊലീസിനു പിടികിട്ടാനുള്ള ഏതോ ഒരു പുള്ളി ഈ ട്രെയിനിലുണ്ട്. അയാളെ നോക്കിയാണ് അവരുടെ നടപ്പ്. അവര്‍ അന്വേഷിക്കുന്ന ആരും ഈ കംപാർട്ട്‌മെന്റിലില്ലെന്ന് ഉറപ്പായിട്ടുണ്ടാവും. അതുകൊണ്ടാവും ഒന്നും മിണ്ടാതെ പോയത്, അയാള്‍
മനസ്സില്‍ കുറിച്ചിട്ടു.
ഒരു തീവണ്ടിയില്‍ എത്രതരം യാത്രക്കാരുണ്ടാവും... എത്രയെത്ര വേവലാതികളും ഉത്‍കണ്ഠകളും പ്രതീക്ഷകളും പേറിയാണ് ഒരു ദീര്‍ഘദൂര വണ്ടി ഓടുന്നത്... ഇങ്ങനെ എത്ര തലമുറകളിലെ മനുഷ്യര്‍ ഈ വണ്ടിയില്‍, ഇതുപോലുള്ള വണ്ടികളില്‍ യാത്രചെയ്‌തു... ഇങ്ങനെ ഓരോന്നോരോന്നു വിചാരിച്ചിരിക്കെ അയാളുടെ കണ്ണ് ചിമ്മിപ്പോയി. പിന്നെ ഉണരുന്നത്, ‘ങ്ഹാ, ഇനി റെഡിയായിക്കോളൂ, പതിനഞ്ചു
മിനുട്ടിനകം നമ്മള്‍ കാച്ചിഗുഡയിലെത്തും’ എന്നുള്ള ഡേവിസിന്റെ അറിയിപ്പ് കേട്ടാണ്.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. സ്ട്രെച്ചര്‍ ഒരുക്കല്‍, വെന്റിലേഷന്‍ മെഷീന്‍ നീക്കല്‍, അയാളെ സാധാരണ ഓക്സിജന്‍ സിലിണ്ടറിലേക്കു മാറ്റല്‍, ലഗേജ് ഡോറിനടുത്തേക്ക് കൊണ്ടുവരല്‍, എല്ലാവരും ഒരാള്‍ക്കു പിറകെ
മറ്റൊരാളായി വരിവരിയായി നില്‍ക്കല്‍ എല്ലാം എത്ര വേഗത്തിലാണ് നടന്നത്. വണ്ടിയുടെ അവസാനത്തെ സ്റ്റേഷനാണ് കാച്ചിഗുഡ. അതുകൊണ്ട് പരിഭ്രമമൊന്നുമില്ലാതെ ഇറങ്ങാം. എന്നിട്ടും അയാളുടെ കാര്യത്തില്‍
പരിഭ്രമം അതിന്റെ പതിവു കൈവിട്ടില്ല. പ്ലാറ്റ്ഫോമിലേക്ക് സ്ട്രെച്ചര്‍ ഇറക്കുന്ന ജോലി പരിചയസമ്പന്നരായ ഡോക്ടറും നേഴ്‌സുമാരും
ചേര്‍ന്ന് അനായാസമായി ചെയ്‌തു. എല്ലാവരും ഇറങ്ങി, ലഗേജും ഇറക്കി എന്നുറപ്പായപ്പോള്‍ സംഘം പ്ലാറ്റ്ഫോമിനു പുറത്തേക്കു
നീങ്ങി.
തിരക്കില്ലാത്തതും അധികം വലുതല്ലാത്തതുമായ സ്റ്റേഷനാണ് കാച്ചിഗുഡ എന്നാണ് കിടന്ന കിടപ്പില്‍ കണ്ട കാഴ്‌ചകളില്‍നിന്ന് അയാള്‍ക്കു തോന്നിയത്. പുറത്ത് കാറുകളുടെയും ടൂവീലറുകളുടെയും തിരക്ക്. നിറയെ വെളിച്ചം. സ്ട്രെച്ചര്‍ നിര്‍ത്തിയത് ഇറങ്ങിവന്ന സ്റ്റേഷന്റെ കാഴ്‌ച കിട്ടുന്ന ഇടത്തായിരുന്നു. അപ്പോഴാണ് ‘ഓ, ഒരു വെള്ളക്കൊട്ടാരം പോലുണ്ടല്ലോ, ഇതൊരു വലിയ സ്റ്റേഷന്‍ തന്നെയാണ്’ എന്ന് അയാള്‍ അൽപ്പം മുമ്പുണ്ടായ തന്റെ തോന്നല്‍ തിരുത്തിയത്.
ആംബുലന്‍സ് വരാന്‍ വൈകി.ലഗേജെല്ലാം കയറ്റാന്‍ പറ്റുന്ന വലിയ ഒരു ടാക്‌സി കണ്ടെത്തുന്നതിനും കുറച്ചു സമയമെടുത്തു. ഒടുവില്‍ രാത്രി പന്ത്രണ്ടേകാലിന്
അവിടെനിന്നു പുറപ്പെട്ടു. ഏകദേശം മുക്കാല്‍ മണിക്കൂറിലേറെ സമയമെടുത്ത് നേരത്തെ എടുത്തുവച്ച അപ്പാർട്ട്‌മെന്റുള്ള കെട്ടിടത്തിന്റെ മുന്നിലെത്തി. കൊടും തണുപ്പിലേക്കാണ് അയാളും സംഘവും ആംബുലന്‍സില്‍നിന്നു പുറത്തേക്കിറങ്ങിയത്.
2
ഇടത്തരത്തേക്കാള്‍ അൽപ്പം ഭേദപ്പെട്ടത് എന്നു കരുതാവുന്ന ഒരു അപ്പാർട്ട്‌മെന്റാണ് മകന്‍ അയാള്‍ക്കുവേണ്ടി എടുത്തുവച്ചത്. നഗരത്തിന്റെ കേന്ദ്രഭാഗത്തുനിന്നു കുറച്ചു മാറി സ്ഥിതിചെയ്യുന്ന ഇരുപത് അപ്പാർട്ട്‌മെന്റുകളുള്ള ഒരു സ്റ്റാന്‍ഡ് എലോണ്‍ അപ്പാർട്ട്‌മെന്റ് ബില്‍ഡിങ്ങിലെ അഞ്ചാം നമ്പര്‍ അപ്പാർട്ട്‌മെന്റ്. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന അവന്‍ രണ്ടാഴ്‌ച മുമ്പേ വന്ന് എല്ലാം ശരിയാക്കിവച്ചിരുന്നു.
തനിക്കുവേണ്ടി, തന്നെ രോഗത്തില്‍നിന്നു പുറത്തെത്തിക്കുന്നതിനുവേണ്ടി, അവന്‍ ഒരുപാട് സമയവും പണവും ചെലവാക്കുന്നുണ്ട്. താൻ ഇനിയും ദീര്‍ഘകാലം ജീവിക്കണമെന്നുള്ളത് തന്റേതെന്നതിനേക്കാള്‍ അവന്റെ ആവശ്യമാണ്. അയാള്‍ ആലോചിച്ചു. ആ ആലോചന ഇങ്ങനെ തുടര്‍ന്നു: ഇത്തരം സ്‌നേഹവും കരുതലും സ്വന്തം അച്ഛന്റെ കാര്യത്തില്‍ എനിക്കുണ്ടായിരുന്നില്ല. എന്റെ അന്നത്തെ സാമ്പത്തിക സ്ഥിതി തീരെ മോശമായിരുന്നതു തന്നെയാകാം കാരണം. കയ്യില്‍ ആവശ്യത്തിനു പണമുണ്ടാവുക, ജീവിതം ഒട്ടും അരക്ഷിതമല്ലെന്ന തോന്നലുണ്ടാവുക, അങ്ങനെയൊക്കെയാവുമ്പോഴാണ് ആളുകള്‍ക്ക് അവരുടെ ഉള്ളിലെ സ്‌നേഹത്തെ പ്രവൃത്തിപഥത്തിലേക്കു കൊണ്ടുവരാന്‍ കഴിയുക. ദരിദ്രന് അയാളുടെ ആഗ്രഹങ്ങളില്‍ ഒട്ടുമിക്കതും സഫലമാക്കാനാവില്ല. സ്‌നേഹത്തിന് മൂര്‍ത്തരൂപം നല്‍കുന്ന കാര്യത്തിലും അതു സംഭവിക്കും.
ചിത്രീകരണം: സുനിൽ അശോകപുരം
അയാളുടെ അപ്പാർട്ട്‌മെന്റിന്റെ നേരെ മുന്നില്‍ കന്യാകുമാരി ജില്ലക്കാരനായ അറുമുഖം എന്ന തമിഴനാണ്. വയസ്സ് എഴുപത്തഞ്ചായി. തൊട്ടപ്പുറത്തേതില്‍ കോഴിക്കോട്ടുകാരിയായ ജലജ എന്ന സ്‌ത്രീ. കാഴ്‌ചയില്‍ മധ്യവയസ്‌ക. ഇടതുവശത്തേതില്‍ തെലങ്കാനയിലെ ഖമ്മം ജില്ലക്കാരനായ ബാലാജി. അറുപതിനടത്തു പ്രായമുണ്ടാവും അയാള്‍ക്ക്. അവരെല്ലാം വന്നിരിക്കുന്നത് ശ്വാസകോശം മാറ്റിവയ്‌ക്കുന്ന ശസ്‌ത്രക്രിയക്കു വേണ്ടിയാണ്. ഈ കെട്ടിടത്തിലെ മുഴുവനാളുകളും ഒന്നുകില്‍ ലങ് വാള്യം റിഡക്ഷന്‍ സര്‍ജറിക്കുവേണ്ടി, അല്ലെങ്കില്‍ തെര്‍മല്‍ അബ്‌ലേഷന്‍ തെറാപ്പിക്കു വേണ്ടി, അതുമല്ലെങ്കില്‍ ലങ് ട്രാൻസ്‌പ്ലാന്റേഷനുവേണ്ടി വന്നിരിക്കുന്നവരാണ്. ഈ ഉദ്ദേശ്യത്തോടുകൂടിത്തന്നെ പണിതുവച്ചതുകൊണ്ടാവാം ഉടമസ്ഥനായ ബൊമ്മ റെഡ്ഡി ഈ അപ്പാർട്ട്‌മെന്റ് ബില്‍ഡിങ്ങിന് ‘ബ്രെത്ത് ലെയിന്‍’ (Breath Lane) എന്നു പേരിട്ടിരിക്കുന്നത്.
വന്നുചേര്‍ന്ന ദിവസം വൈകുന്നേരമാണ് അയാള്‍ തന്റെ അയല്‍ക്കാരെയെല്ലാം പരിചയപ്പെട്ടത്. തുല്യദുഃഖിതര്‍ക്കു മാത്രം പരസ്‌പരം പങ്കുവയ്‌ക്കാവുന്ന പല കാര്യങ്ങളുമുണ്ട്. അതിലേക്കൊന്നും അന്നു കടന്നില്ല. എങ്കിലും തനിക്കും തന്റെ തൊട്ടടുത്ത അയല്‍ക്കാര്‍ക്കുമിടയില്‍ ഏതാനും മിനുട്ടുകള്‍ക്കകം രൂപപ്പെട്ടു കഴിഞ്ഞ സാഹോദര്യം അയാള്‍ക്ക് ചെറുതല്ലാത്ത ആശ്വാസം നല്‍കി. അന്നു രാത്രി അയാള്‍ വലിയ അല്ലലില്ലാതെ ഉറങ്ങി.
പിറ്റേന്നു രാവിലെ പതിനൊന്നു മണിക്കാണ് മകന്‍ നേരത്തേ ഫോണ്‍ വഴി ബന്ധപ്പെട്ട് എല്ലാം പറഞ്ഞുറപ്പിച്ച ഡോക്ടറെ കാണാന്‍ പോയത്. ഡോക്ടര്‍ അയാളെ കാണുന്നതിനു മുമ്പുതന്നെ മകനോട് പറഞ്ഞു:
“ലങ് വാള്യം റിഡക്ഷന്‍ സര്‍ജറി സാധ്യമാവുമോ എന്നാണല്ലോ നോക്കേണ്ടത്. അതിന് വെന്റിലേഷന്‍ പര്‍ഫ്യൂഷന്‍ ടെസ്റ്റ് നടത്തണം. വെന്റിലേഷന്‍ ടെസ്റ്റിനുള്ള സൗകര്യം ഇവിടെ ഇല്ല.പര്‍ഫ്യൂഷന്‍ ടെസ്റ്റ് നടത്തിയാല്‍ത്തന്നെ മതി.കാര്യം അറിയാം. അതു നടത്തിയിട്ടു വരൂ.”
മകന്‍ അയാളെയും കൂട്ടി പര്‍ഫ്യൂഷന്‍ ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ട് ഫ്ലോറിലേക്ക് പോയി. അവിടെ തിരക്കൊന്നുമുണ്ടായിരുന്നില്ല. ടെസ്റ്റ് നടത്താനുള്ള മുറിയുടെ പുറത്തുവച്ച് സ്ട്രെച്ചറില്‍ കിടത്തിക്കൊണ്ടുതന്നെ അയാള്‍ക്ക് പുറംകയ്യില്‍ ഒരിഞ്ചക്‌ഷന്‍ കൊടുത്തു. അൽപ്പനേരം കഴിഞ്ഞപ്പോള്‍ മുറിയുടെ വാതില്‍ തുറന്ന് അയാളെ അകത്തു കടത്തി. മലര്‍ക്കെ തുറന്നടയുന്ന ഒരു യന്ത്രത്തിനു ചുവടെയാണ് ആദ്യം കിടത്തിയത്. ഭയം തോന്നിയില്ലെങ്കിലും തന്റെ ഭാവി ഈ യന്ത്രത്തിന്റെ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയായിരിക്കുമല്ലോ എന്ന് ഉള്ളിലൊരു വിങ്ങലോടെ അയാള്‍ ഓര്‍ത്തു. പിന്നെ വിചാരിച്ചു: ‘വരുംപോലെ വരട്ടെ. ഏതായാലും ഇത്രയും കാലം ജീവിച്ചു. ഇനി എന്തെങ്കിലുമാകട്ടെ. ഏതു മനുഷ്യജീവിതത്തിനും അന്ത്യം അനിവാര്യമാണല്ലോ.’ അങ്ങനെയൊക്കെ ആലോചിച്ചുകൊണ്ടിരിക്കെ ആദ്യയന്ത്രത്തില്‍നിന്നു മാറ്റി അയാളെ സ്‌കാനിങ് യന്ത്രത്തിലേക്കു കൊണ്ടുപോയി. ഒന്ന്, രണ്ട്, മൂന്ന്... എന്നിങ്ങനെ ക്രമത്തില്‍ എണ്ണിക്കൊണ്ട് സ്വന്തം ശ്വാസോച്ഛ്വാസത്തില്‍ മാത്രം ശ്രദ്ധിച്ച് മറ്റൊരു ചിന്തയെയും അകത്തേക്കു പ്രവേശിപ്പിക്കാതെ അയാള്‍ കിടന്നു. അധികം സമയമെടുത്തില്ല, യന്ത്രത്തില്‍നിന്നു പുറത്തേക്കു വരാന്‍.ടെസ്റ്റ് റിസല്‍ട്ട് കയ്യില്‍ കിട്ടുന്നതിനും പ്രതീക്ഷിച്ചത്ര താമസമെടുത്തില്ല. റിസല്‍ട്ടും കൊണ്ട് ഡോക്ടറെ കാണാന്‍ പോയത് മകനും അവന്റെ
ഭാര്യയുമാണ്. അയാള്‍ സ്ട്രെച്ചറിലും ഭാര്യ അരികെത്തന്നെ ഒരു കസേരയിലുമായി പുറത്ത് കാത്തുനിന്നു. ഡോക്ടര്‍ കുറേയേറെ നേരം മകനോട് സംസാരിച്ചു. ഒടുവില്‍ അവന്‍ പുറത്തിറങ്ങിയതിനു പിന്നാലെ ഡോക്ടറും പുറത്തെത്തി.
സ്ട്രച്ചറിനടുത്തുവന്ന് ഡോക്ടര്‍ പറഞ്ഞു: “സോറി, ഞാന്‍ ആഗ്രഹിച്ചതുപോലെയല്ല നിങ്ങളുടെ ലങ്സിന്റെ അവസ്ഥ. ലങ് വാള്യം റിഡക്ഷന്‍ സര്‍ജറി ഏതായാലും സാധ്യമാവില്ല. പിന്നെയുള്ളത് തര്‍മല്‍ അബ്‌ലേഷന്‍തെറാപ്പിയാണ്. നിങ്ങളുടെ കാര്യത്തില്‍ അതും ഹൈലി റിസ്‌കിയാണ്. ബാക്കിയുള്ള ഒരേയൊരു ഓപ്‍ഷന്‍ ലങ് ട്രാൻസ്‌പ്ലാന്റേഷനാണ്. അതിന് ഇവിടെ രജിസ്റ്റര്‍ ചെയ്‌തോളൂ. നിങ്ങള്‍ക്ക് പറ്റിയ ഒരു ലങ്സ് കിട്ടുന്നതുവരെ പള്‍മൊണറി റിഹാബിലിറ്റേഷന്‍ പരിശീലിച്ചോളൂ. ഇവിടെ അതിനു പറ്റുന്ന ഫിസിയോതെറാപിസ്റ്റുകളുണ്ട്. അവരിലൊരാള്‍ നിങ്ങള്‍ താമസിക്കുന്നിടത്തു വന്നു പ്രാക്റ്റീസ് ചെയ്യിച്ചോളും. കോ ഓര്‍ഡിനേറ്ററുമായി ബന്ധപ്പെട്ടാല്‍ മറ്റു ഡീറ്റെയില്‍സൊക്കെ കിട്ടും. അവരോട് ഞാന്‍ ഇപ്പോള്‍ത്തന്നെ പറയാം. ഓകെ, ധൈര്യമായിട്ടിരിക്കൂ.” അത്രയും പറഞ്ഞ് ഡോക്ടര്‍ പോയി.
ഇത്രയുമൊക്കെ കേട്ടുകഴിഞ്ഞാല്‍ അയാള്‍ക്ക് വല്ലാത്ത ഞെട്ടലുണ്ടാകേണ്ടതായിരുന്നു. പക്ഷേ, താന്‍ കേട്ട കാര്യങ്ങളൊന്നും തനിക്കു ബാധകമല്ലെന്ന് എങ്ങനെയോ തീരുമാനിച്ചുറച്ചതുപോലെ അയാള്‍ നിർവികാരനായിരുന്നു. നിർവികാരതയുടെ ഒരാവരണം ആ നിമിഷങ്ങളില്‍ അയാള്‍ക്കു കൈവന്നു എന്നതാണ് വാസ്‌തവം. വലിയ ആപത്തുകള്‍ക്കും വേദനകൊണ്ട്പി ച്ചിച്ചീന്തുമായിരുന്ന ചില അനുഭവങ്ങള്‍ക്കും മുന്നില്‍ പല മനുഷ്യര്‍ക്കും നിർവികാരതയുടെ രക്ഷാകവചം ഒരനുഗ്രഹമായി
കൈവരാറുണ്ട്. അതുകൊണ്ടു മാത്രമാണ് അവര്‍ക്കു പിന്നെയും ജീവിതവുമായി മുന്നോട്ടു പോകാനാവുന്നത്.
ഇത് ചില മനുഷ്യര്‍ക്ക് ജന്മസിദ്ധമായി കൈവരുന്ന കഴിവാണോ, അല്ല, മനസ്സ് കൈക്കൊള്ളുന്ന തന്ത്രത്തിന്റെ താല്‍ക്കാലിക ഫലം മാത്രമാണോ എന്ന്
ഉറപ്പിച്ചു പറയാനാവില്ല. രണ്ടാമത് പറഞ്ഞതാണെങ്കില്‍ ആ തന്ത്രം ഒരു ഘട്ടമെത്തുമ്പോള്‍ തകരുക തന്നെ ചെയ്യും. താനുമായുള്ള വിവാഹം ഉറപ്പിച്ചുവച്ച കാമുകന്‍ ഒരു മാസത്തിനകം ഒരാക്‌സിഡന്റില്‍ മരിച്ചപ്പോള്‍
വിശേഷിച്ചൊന്നും സംഭവിക്കാത്തതുപോലെ വീട്ടുകാരോടും മറ്റുള്ളവരോടും സംസാരിച്ച കാമുകി അയാളുടെ ഒന്നാം ചരമവാര്‍ഷികദിനം വന്നപ്പോള്‍ അലമുറയിട്ടു കരയുകയും അന്നു രാത്രി തന്നെ ഹൃദയസ്‌തംഭനം വന്നു മരിക്കുകയും ചെയ്‌ത സംഭവം എന്റെ അറിവിലുണ്ട്.
ഡോക്ടര്‍ പോയതിനുശേഷം ഇനിയെന്ത് എന്നറിയാതെ ശൂന്യതയിലെന്നപോലെ നിന്ന മകനെ കോ ഓര്‍ഡിനേറ്റര്‍ വന്നു വിളിച്ചു. നല്ല പ്രസരിപ്പുള്ള ഒരു സ്‌ത്രീയായിരുന്നു കോ ഓര്‍ഡിനേറ്റര്‍. അവര്‍ അയാളോടു പറഞ്ഞു:
“കാര്യങ്ങളൊക്കെ ഡോക്ടര്‍ പറഞ്ഞു. പേടിക്കേണ്ട, നമുക്കിതു
ശരിയാക്കാം. നിങ്ങള്‍ക്ക് അതിനുള്ള ധൈര്യം വേണം. കുറച്ചു പണവും വേണം. അത്രയേ ഉള്ളൂ.”
കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാനായി മകനെയും കൂട്ടി സ്വന്തം മുറിയിലേക്കു പോകും മുമ്പ് അവര്‍ ലാഘവം പ്രസരിപ്പിക്കുന്ന ചിരിയോടെ ഒരിക്കല്‍ക്കൂടി അയാളോട് പറഞ്ഞു: “ഒട്ടും പേടിക്കേണ്ട, നിങ്ങളുടെ
കാര്യത്തില്‍ നമുക്ക് പോസിറ്റീവായ ഒരു തീര്‍പ്പുണ്ടാക്കാം.”
അരമണിക്കൂറോളം അവര്‍ മകനോട് സംസാരിച്ചു. അവരുടെ മുറിയില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ മകന്‍ പറഞ്ഞു: “റിഹാബിലിറ്റേഷന്‍ ട്രെയിനര്‍ നമ്മുടെ അപ്പാര്‍ട്ട്‌മെന്റിലേക്കു വരും. അതിനുള്ള ഫീസ് പോകുന്ന വഴിക്കു താഴത്തെ കൗണ്ടറിലടയ്‌ക്കാം. വാ പോകാം.”
ചിത്രീകരണം: സുനിൽ അശോകപുരം
ഹോസ്‌പിറ്റലില്‍ നിന്നിറങ്ങി ആംബുലന്‍സില്‍ തിരിയെ അപ്പാർട്ട്‌മെന്റിലെത്തുന്നതുവരെ അവന്‍ കൂടുതലൊന്നും പറഞ്ഞില്ല. അയാള്‍ ഒന്നും ചോദിച്ചതുമില്ല.
തിരിച്ചെത്തി ഓക്സിജന്‍ സപ്പോര്‍ട്ടോടുകൂടിയാണെങ്കിലും ശാന്തമായി ഇരുന്ന് ശ്വാസം കഴിക്കാറായപ്പോള്‍ അവന്‍ പറഞ്ഞു: “ശ്വാസകോശം മാറ്റിവയ്‌ക്കുന്നതിന് മനസ്സുകൊണ്ടും ശരീരം കൊണ്ടും തയ്യാറെടുപ്പിക്കുക
എന്നതു മാത്രമാണ് അവര്‍ ഉദ്ദേശിക്കുന്നത്. ചികിത്സയായി നമ്മള്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിനപ്പുറത്ത് മറ്റൊന്നും അവര്‍ക്കു
നിർദേശിക്കാനില്ല. ഇനി തീരുമാനം നമ്മുടേതാണ്. റിഹാബിലിറ്റേഷന്‍ ട്രെയിനിങ്ങിന് ഞാന്‍ ഒരു മാസത്തെ പണമടച്ചിട്ടുണ്ട്. തുടരണോ വേണ്ടയോ എന്നു പിന്നെ തീരുമാനിക്കാം, അല്ലേ?”
“അതുമതി. ലങ്സ് മാറ്റിവയ്‌ക്കുന്നതിന് ഞാനേതായാലും ഇല്ല. ഈ പ്രായത്തില്‍ ഇനിയൊരു ശസ്‌ത്രക്രിയക്ക്, അതും ഇത്രയും വലിയ ഒന്നിന് ഞാനില്ല”, അയാള്‍ പറഞ്ഞു.
“നമുക്ക് ഒന്നുരണ്ടു ഡോക്ടര്‍മാരോടുകൂടി ചോദിക്കാം. ശ്വാസകോശ രോഗങ്ങള്‍ക്കുള്ള ചികിത്സയുടെ പ്രധാന കേന്ദ്രമാണ് ഈ നഗരം. ഇവിടെയുള്ള
നാലഞ്ച് ഹോസ്‌പിറ്റലുകള്‍ ലങ് ട്രാൻസ്‌പ്ലാന്റേഷന്‍ നടത്തുന്നുണ്ട്. മറ്റുള്ള ഹോസ്‌പിറ്റലുകളിലും പള്‍മൊണോളജി പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് തന്നെയാണ്.”
അക്കാര്യത്തില്‍ ഒരു തീരുമാനമെത്തിയതുപോലെ എല്ലാവര്‍ക്കും തോന്നി. അടുത്ത ദിവസം അവര്‍ മറ്റൊരു ഹോസ്‌പിറ്റലിലേക്കു പോയി അവിടത്തെ പള്‍മൊണോളജി വിഭാഗത്തിന്റെ തലവനായ ഡോക്ടറെ കണ്ടു. വളരെ ശാന്തനും സൗമ്യപ്രകൃതിയുമായ ഒരു വൃദ്ധനായിരുന്നു അയാള്‍. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റുകളുടെ റിസല്‍ട്ടെല്ലാം അയാള്‍ പരിശോധിച്ചു. പിന്നെ സ്വന്തം നിലയ്‌ക്കുള്ള സാധാരണ പരിശോധനകളുംകൂടി നടത്തിയശേഷം അയാള്‍ പറഞ്ഞു: “നിങ്ങള്‍ ട്രാൻസ്‌പ്ലാന്റേഷന്‍ നടത്തണം എന്നു ഞാന്‍ പറയില്ല. അതു വിജയകരമായി നടന്നുകിട്ടി, ഇന്‍ഫെക്‌ഷനൊന്നും വരാതെ ഒരുമാസം കടന്നുകിട്ടുക കൂടി ചെയ്‌താല്‍ പിന്നെ കാര്യമായി പേടിക്കാനില്ല എന്നു പറയാം. പക്ഷേ, നിങ്ങളുടെ ശ്വാസകോശത്തിന്റെ അവസ്ഥയും പൊതുവായ ആരോഗ്യസ്ഥിതിയും വച്ച് അക്കാര്യത്തില്‍ ആര്‍ക്കും ഉറപ്പു പറയാനാവില്ല. ഇപ്പോള്‍ ഏറ്റവും പുതിയ ഒരു ചികിത്സാരീതി വിദേശരാജ്യങ്ങളില്‍ പ്രയോഗിച്ചു വരുന്നുണ്ട്. അതേക്കുറിച്ച് എനിക്ക് കാര്യമായി അറിയില്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ്, ഇന്ത്യയില്‍ അതു പ്രയോഗിച്ചു തുടങ്ങിയിട്ടില്ല. നിങ്ങള്‍ക്ക് യുകെയിലോ യുഎസ്സിലോ ആസ്ട്രേലിയയിലോ ചെന്നു ചികിത്സിക്കാന്‍ പറ്റുമെങ്കില്‍ അതു ചെയ്യാം. ഇല്ലെങ്കില്‍ വൈകാതെ ഇവിടെയും അതു വരുമെന്നു പ്രതീക്ഷിച്ചു കാത്തിരിക്കാം. അതേ വഴിയുള്ളൂ. നിങ്ങള്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ക്കപ്പുറത്ത് മറ്റൊന്നും ഞാന്‍ പ്രിസ്‌ക്രൈബ് ചെയ്യുന്നില്ല. ഇപ്പോഴത്തെ ഇന്‍ഹേലറിനു പകരം മറ്റൊന്ന് നിർദേശിക്കാം. ഇത് ദിവസത്തില്‍ രാവിലെ ഒരു തവണ മാത്രം ഉപയോഗിച്ചാല്‍ മതി.’’
ഒന്നു നിര്‍ത്തി വളരെ സ്‌നേഹമസൃണമായ ഒരു ചിരിയോടെ ഡോക്ടര്‍ തുടര്‍ന്നു: “വിഷമമുണ്ടാവും. എനിക്കറിയാം. പക്ഷേ, ധൈര്യമായിരിക്കുക. മനസ്സിനെ ശാന്തമാക്കിവയ്‌ക്കുക. ബി പോസിറ്റീവ് ആൾവെയ്സ്...’’
സമാശ്വാസം പകരാനുദ്ദേശിച്ചുള്ള ആ വാക്കുകള്‍ അയാള്‍ക്ക് കടുത്ത മനോവേദനയാണുണ്ടാക്കിയത്. കരച്ചില്‍ കടിച്ചുപിടിക്കാന്‍ അയാള്‍ വല്ലാതെ പാടുപെട്ടു. (തുടരും)










0 comments