നോവൽ
തെറം‐29


പി വി ഷാജികുമാർ
Published on May 23, 2026, 03:01 PM | 5 min read
കെട്ട്
ഉരുവിനടുത്തേക്ക് തോണിയില്‍ മുനീറും അബ്ബാസും പാഷയും എത്തിക്കൊണ്ടിരിക്കവെ പ്രതീക്ഷിക്കാതെ മഴപ്പെയ്‌ത്ത് തുടങ്ങി. മഴയ്‌ക്കൊപ്പം കാറ്റും ചെരിഞ്ഞുവീശി. ഭ്രാന്ത് പിടിച്ചതുപോലെ മഴ കനത്തുവന്നു. തുഴയാന്‍ കഴിയാതെ ഗതിയും നഷ്ടപ്പെട്ട് തോണിയില്‍ മൂവര്‍ നിന്നു. മഴയുടെ ഏറ് താങ്ങാന്‍ കഴിയാതെ അവര്‍ മുഖം കുത്തിപ്പിടിച്ചു. കാറ്റില്‍ പെട്ട് തോണി ആടിയുലഞ്ഞു. തോണി മറിയുമെന്ന് അവര്‍ പേടിച്ചു. തോണിയുടെ വക്കുകളില്‍ മുറുക്കെപ്പിടിച്ച് അവര്‍ കുത്തിയിരുന്നു.
വേണ്ടാത്ത പണിക്കാണ് വന്നതെന്ന് മുനീറിന് തോന്നിപ്പോയി. പൂജാരിയെയും പൂജാരിയോടുള്ള പ്രതികാരവും ആലോചിച്ചപ്പോള്‍ അവന്‍ കഷ്ടപ്പാടിനെ അടക്കിപ്പിടിക്കാന്‍ ശ്രമിച്ചു.
വലിയ പെരുമ്പറയുടെ മുഴക്കം പോലെ കടലില്‍ മഴ വീണുകൊണ്ടിരുന്നു. കാറ്റും മഴയും ആരെയും സംസാരിക്കാന്‍ വിട്ടില്ല. അവരുടെ ഒച്ച അവരില്‍ തന്നെ മുങ്ങി. അരമണിക്കൂറോളം അവര്‍ക്ക് അങ്ങനെ ഇരിക്കേണ്ടി വന്നു.
കാറ്റാണ് ആദ്യം മടങ്ങിയത്, മിനിറ്റുകള്‍ക്ക് ശേഷം പെരുമഴ ചാറ്റല്‍മഴയായി. തലയുയര്‍ന്നെങ്കിലും അവരുടെ പല്ലുകള്‍ അതിശൈത്യത്താല്‍ കൂട്ടിയടിച്ചു, ഉടല്‍ വിറച്ചു. അവര്‍ എഴുന്നേറ്റുനിന്ന് ഉടുപ്പിലെ മഴ പിഴിഞ്ഞുകളയാന്‍ ശ്രമിച്ചു.
മുനീര്‍ കൈകള്‍ അമര്‍ത്തിത്തടവി ചൂടാക്കവെ അബ്ബാസിന്റെ വയർലെസ് ഫോണില്‍ വിളി വന്നു.
അബ്ബാസ് ഫോണെടുത്തു.
ചിത്രീകരണം: കെ പി മുരളീധരൻ
അബ്ബാസ് പറഞ്ഞു.
‘‘സൈനബ.’’
അപ്പുറത്തുള്ളയാള്‍ പറയുന്നത് മുനീര്‍ കേട്ടു.
‘‘കോളിങ്.’’
കോഡാണ് അതെന്ന് മുനീറിന് മനസ്സിലായി.
‘‘പോവാം.''
അതും പറഞ്ഞ് അബ്ബാസ് തുഴ കയ്യിലെടുത്ത് സമയം കളയാതെ തുഴയാന്‍ തുടങ്ങി. ശൈത്യവിറയലില്‍ മുനീറിന് ശക്തിയില്‍ തുഴയാന്‍ കഴിഞ്ഞില്ല. പാഷയുടെയും അബ്ബാസിന്റെയും ബലത്തില്‍ തോണി മുന്നോട്ടേക്ക് നീങ്ങി.
ചാറ്റല്‍മഴ നിലച്ചിരുന്നു. കടലിന്റെ തിരയാട്ടവും നിലച്ചിരുന്നു. ആഴമേറിയ നിശ്ശബ്ദതയില്‍ അവര്‍ തുഴയുന്നതിന്റെ ഒച്ച മാത്രം ഉയര്‍ന്നു.
പതിനഞ്ച് മിനിറ്റോളം പിന്നെയും വേണ്ടിവന്നു ഉരുവിനരികിലെത്താന്‍. ഉരുവില്‍ മുട്ടാതിരിക്കാന്‍ ശ്രദ്ധയോടെ പാഷയും അബ്ബാസും തോണി നിര്‍ത്തി.
ഉരുവിന് മുന്‍ഭാഗത്തേക്ക് തടിമാടന്മാരായ രണ്ടുപേര്‍ നടന്നുവന്നു. അവരില്‍ മൊട്ടത്തലയുള്ള ആള്‍ ‘സുബൈദ' എന്ന് പറഞ്ഞപ്പോള്‍ അബ്ബാസ് ‘കോളിങ്' എന്ന് തിരിച്ചുപറഞ്ഞു.
‘‘അബ്ബാസ്, പാഷ, മുനീര്‍...''
അയാള്‍ ഉറപ്പിക്കാന്‍ പേര് വിളിച്ചു. മൂവരും തലയാട്ടി.
അയാള്‍ അബ്ബാസിനോട് പിന്നെയും പലതും ചോദിക്കുകയും പലതും പറയുകയും അബ്ബാസ് മറുപടി പറയുകയുമുണ്ടായി. ഒന്നും മുനീറിന് മനസ്സിലായില്ല. അവര്‍ സംസാരിച്ചത് മുഴുവന്‍ ഹിന്ദിയിലായിരുന്നു. ഉര്‍ദു അറിയാമെങ്കിലും അവരുടെ ഹിന്ദി മുനീറിന് പിടികിട്ടിയില്ല. സംസാരാനന്തരം മൂന്ന് ചാക്കിന്‍കെട്ടുകള്‍ കയര്‍ വഴി രണ്ടുപേരും താഴോട്ടിറക്കി. മൂവരും കൂടി ശ്രദ്ധയോടെ അത് തോണിയിലെടുത്തുവച്ചു. ഉരുവിലുള്ളവരോട് യാത്രപറഞ്ഞ് ഉജ്ജിറ കടപ്പുറത്തേക്ക് മടങ്ങവെ ഹിന്ദിയില്‍ മൊട്ടത്തലയന്‍ പറഞ്ഞത് അബ്ബാസ് അവരോട് വിശദമാക്കി.
‘സില്‍ക്ക് വസ്‌ത്രങ്ങള്‍ക്കുള്ളിലായിട്ടാണ് സ്വർണബിസ്‌കറ്റുകള്‍. ഇത്രയും വലിയ സ്വർണക്കടത്ത് ആദ്യമായിട്ടാണ് ചെയ്യുന്നത്. അതുകൊണ്ട് കസ്റ്റംസിന്റെയോ പൊലീസിന്റെയോ പിടിയില്‍ പെടാതിരിക്കാന്‍ ഏറെ കരുതല്‍ വേണം. അവരുടെ മുന്നില്‍ കെണിഞ്ഞാല്‍ തീര്‍ന്നു. കടപ്പുറത്തെത്തിയാലുടനെ വയർലെസ്സില്‍ അറിയിക്കണം. പിന്നെ ചെയ്യേണ്ടത് അപ്പോള്‍ അറിയിക്കാം. അതിനനുസരിച്ച് നീങ്ങിയാല്‍ മതി. പുലരുന്നതിന് മുമ്പ് കെട്ടുകള്‍ ഉജ്ജിറയില്‍നിന്ന് കെട്ടുകെട്ടിക്കണം.'
ഇതായിരുന്നു അയാള്‍ പറഞ്ഞതിന്റെ ചുരുക്കം.
അവര്‍ അതുപോലെ തന്നെ ചെയ്യാന്‍ തീരുമാനിച്ചു.
ചാക്കിന്‍കെട്ടുകള്‍ മൂന്ന് മനുഷ്യരെ പോലെ തോണിയില്‍ ഗൗരവത്തോടെ ചമ്രം പടിഞ്ഞ് ഇരിക്കുന്നതായി മുനീറിന് തോന്നി.
തിരിച്ചുപോക്കില്‍ സ്വർണം തരുന്ന ആശങ്കയുടെ ഭാരം കുറയ്‌ക്കാന്‍ അബ്ബാസ് മുഹ്‌യദ്ദീന്‍ മാലയിലെ വരികള്‍ ശാന്തമായ തിരകള്‍ പോലെ ചൊല്ലി.
‘‘എന്നെ പിടിച്ചവര് ഇടറുന്ന നേരത്ത്
എപ്പോഴും അവര്‍ കൈ പിടിപ്പെന്‍ ഞാനെന്നോവര്
എന്നെ പിടിച്ചവരേതും പേടിക്കണ്ട
എന്നെ പിടിച്ചോവര്ക്ക് ഞാന് കാവല് എന്നോവര്
എല്ലാ മുരീതുകള് താന് തന്റെ ഷെയിഹ്‌പോല്
എന്റെ മുറിതുകള് എന്നെ പോലെന്നോവര്...''
പരുക്കന്‍ ഒച്ചയിലുള്ള അബ്ബാസിന്റെ പാട്ടിന്റെ താളത്തിലായിരുന്നില്ല മുനീറിന്റെ മനസ്സിന്റെ താളം.
ചിത്രീകരണം: കെ പി മുരളീധരൻ
ഇത്രയും റിസ്‌കില്‍ ഇത്രയും സ്വർണം കടത്തിയാല്‍ തങ്ങള്‍ക്ക് കിട്ടുന്ന തുച്ഛമായ പ്രതിഫലത്തെക്കുറിച്ചായിരുന്നു മുനീര്‍ ആലോചിച്ചത്. വിചാരത്തില്‍ അവന്‍ നിശ്ശബ്ദനായി. രണ്ട് പേരെയും പാട്ടിലാക്കി സ്വർണം മറിച്ചാലോ എന്ന് ചിന്ത അവനിലുണര്‍ന്നു. ആ ചിന്തയില്‍ തന്നെ അവന്റെ മനസ്സ് വട്ടം കറങ്ങി.
മടങ്ങുമ്പോള്‍ കടല്‍ നിശ്ശബ്ദത വിട്ട് തലകുത്തനെ മറിഞ്ഞുതുടങ്ങിയിരുന്നു. അതിന്റെ ഓളത്തില്‍ പോയതിനേക്കാള്‍ വേഗത്തില്‍ അവരുടെ തോണി തീരമണഞ്ഞു.
തീരത്തെ കാട്ടുമുക്കില്‍ ചാക്കുകെട്ടുകള്‍ വച്ച് അബ്ബാസ് വയർലെസ്സില്‍ ഉരുവിലേക്ക് വിളിച്ചു. അഞ്ച് മിനിറ്റിനുള്ളില്‍ വേറൊരാള്‍ വിളിക്കുമെന്ന് ഉരുവില്‍നിന്ന് നിർദേശമുണ്ടായി. അയാള്‍ പറഞ്ഞത് തെറ്റിയില്ല. അഞ്ച് മിനിറ്റ് തികയും മുമ്പേ അബ്ബാസിന് വിളി വന്നു.
കടല്‍ത്തീരത്ത് നിലാവ് പടര്‍ന്നിരുന്നു. മുക്കുവര്‍ ഒച്ചയും വിളികളുമായി തീരത്തേക്ക് വന്നുതുടങ്ങിയിരുന്നു. അവരുടെ ദൃഷ്ടിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിച്ച് മൂവരും കെട്ടുകളും കൊണ്ട് കടപ്പുറത്തെ ചെറുവഴികളിലൂടെ നടന്നു. അബ്ബാസിന്റെ കാലുകള്‍ക്ക് വേഗത കൂടുതലായിരുന്നു. അവനൊപ്പമെത്താന്‍ പാഷയും മുനീറും വിഷമിച്ചു. മുനീറിന്റെ കിതപ്പ് കൂടി. അവന് വല്ലാത്ത വിശപ്പും ദാഹവുമുണ്ടായി. എല്ലാം അടക്കിപ്പിടിച്ച് ആവുംവിധം വേഗത്തില്‍ അവന്‍ അബ്ബാസിനെ പിന്തുടര്‍ന്നു. ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോള്‍ അബ്ബാസിന് വയർലെസ്സില്‍ കോള്‍ വന്നിരിക്കുന്നു.
‘‘ബോംബെയിലേക്ക് മാല് കൊണ്ടോവുന്നോര് വന്നിട്ട്ണ്ട്... വേഗം പോവാം.''
അവന്‍ ഇരുവരോടും പറഞ്ഞ് നടത്തം കൂടുതല്‍ വേഗത്തിലാക്കി. ഓടുന്നതുപോലെയായി അബ്ബാസിന്റെ നടത്തം. പാഷയും ഓടാന്‍ തുടങ്ങി. മുനീര്‍ അവരില്‍നിന്ന് ദൂരെയായി. കിതപ്പടക്കാന്‍ കഴിയാതെ അവന്‍ നിന്നുപോയി. കെട്ട് ചുമലില്‍നിന്ന് ഇറക്കിവച്ച് അവന്‍ അരയില്‍ ഇരുകയ്യും കുത്തിനിന്ന് കിതപ്പടിക്കി. അബ്ബാസും പാഷയും അവന്റെ കാഴ്‌ചയില്‍ നിന്ന് മാഞ്ഞു.
‘എന്തൊരു മനുഷ്യരാണ്... അവരെന്താണ് തിരിഞ്ഞുനോക്കാത്തത്..!'
മുനീര്‍ അരിശത്തോടെ ആലോചിച്ചു. പൂഴിമണലില്‍ അനാഥമായി കിടക്കുന്ന ചാക്കുകെട്ടില്‍ അവന്റെ കണ്ണെത്തി.
ചമ്രം പടിഞ്ഞിരിക്കുന്ന ചാക്കുമനുഷ്യന്‍ അപ്പോള്‍ അവനോട് മന്ദഹസിച്ചു.
കെട്ടിനുള്ളില്‍ മഞ്ഞവെളിച്ചം പുറത്തെത്തുന്നുണ്ടോ.
അവന്റെയുള്ളം ചോദിച്ചു.
അവന്‍ കെട്ടിനരികില്‍ കുത്തിയിരുന്നു.
ഒരു ആയുഷ്‌കാലം ജീവിക്കാനുള്ള മാലാണ്..!
അവന്‍ കെട്ടില്‍ കൈവച്ചു.
അവന്‍ പാഷയും അബ്ബാസും പോയ വഴിയിലേക്ക് നോക്കി.
ഇരുട്ടില്‍ മൂടപ്പെട്ട് കിടക്കുന്ന മണല്‍പ്പരപ്പ് മാത്രം...
രക്ഷപ്പെടാം...
മനസ്സ് വിചാരിച്ചു.
രക്ഷപ്പെടണം...
മനസ്സ് ഉറപ്പിച്ചു.
അവന്‍ കെട്ട് ചുമലിലെടുത്തു.
ഇപ്പോള്‍ അതിന് പതിവലധികം ഭാരമുണ്ട്..!
അവന് തോന്നി.
അത് ഭയത്തിന്റെ ഭാരമാണ്.
അവന് മനസ്സിലായി.
ചിത്രീകരണം: കെ പി മുരളീധരൻ
ഭയത്തെ കൊല്ലാന്‍ ശ്രമിക്കുന്തോറും ഭയം കൂടിവന്നു.
അവന്‍ കെട്ടും കൊണ്ട് അബ്ബാസിന്റെയും പാഷയുടെയും വഴിവിട്ട് നടന്നു.
തങ്കത്തില്‍ തിളങ്ങുന്ന സ്വന്തം ജീവിതം അവന്റെ മനസ്സില്‍ തെളിഞ്ഞു.
അവന്റെ നടത്തം ഓട്ടമായി. കാറ്റ് അവനൊപ്പം ചൂളം വിളിച്ച് പിന്നാലെ വന്നു.
‘‘എടാ മുനീറേ... ഏത് വഴിക്കാ നീ പോവ്ന്ന്...!''
കുറച്ചപ്പുറത്തുനിന്ന് ഒരു വിളി വന്നു. അവന്‍ തിരിഞ്ഞുനോക്കി, അബ്ബാസ്.
മുനീറിന് ഓടാന്‍ തോന്നി. അവന് നിന്നിടത്തുനിന്ന് അനങ്ങാന്‍ കഴിഞ്ഞില്ല.
‘‘വഴി തെറ്റിപ്പോയി...''
അടുത്തെത്തിയ അബ്ബാസിനോട് അവന്‍ ഒച്ച താഴ്‌ത്തിക്കൊണ്ട് കള്ളം പറഞ്ഞു. അത് പറയുമ്പോള്‍ അവന്‍ വിറയലടക്കാന്‍ ശ്രമിച്ചതാണ്. എന്നിട്ടും വാക്കുകളില്‍ നേരിയ വിറ പടര്‍ന്നു.
‘‘നിനക്ക് വഴിതെറ്റിയെന്ന് എനിക്ക് മനസ്സിലായി...''
അബ്ബാസിന്റെ വാക്കുകള്‍ക്ക് മുനവച്ചു. അത് മുനീറിന് മനസ്സിലായി. മുനീറില്‍നിന്ന് അബ്ബാസ് കെട്ട് പിടിച്ചുവാങ്ങി.
വായില്‍ നിറഞ്ഞ ഉമിനീര് പുറത്തു തുപ്പിക്കൊണ്ട് അബ്ബാസ് വാക്കുകളുടെ മുന കൂടുതല്‍ കൂര്‍പ്പിച്ചു.
‘‘നായിന്റാമോനെ... ഇരിക്ക്ന്നതിന് മുന്നേ കാല് നീട്ടാന്‍ നില്‍ക്കല്ല... അവര് നിന്റെ അണ്ടി ചെത്തിക്കളയും...''
മൂനീര്‍ ഉത്തരം പറയാതെ തലകുനിച്ചു.
‘‘രണ്ട് കൊല്ല് മുമ്പ് ഒരു സംഭവം ഉണ്ടായിന്... തലപ്പാടി ചെക്ക്പോസ്റ്റില് വച്ച് ഒരു കാറ് പോലീസുകാര് തടഞ്ഞു. അയില് മുന്നൂറ് സ്വർണബിസ്‌കറ്റുണ്ടായിന്. ദുബായില്‍ നിന്ന് ദാവൂദ് ഇബ്രാഹിം അയച്ചത്. ബോംബെയിലേക്ക് കടത്തേണ്ട സ്വർണാ... നമ്മളെ പാകിസ്‌താനില്ലേ, അയാളുടെ ബന്ധു കുമ്പളക്കാരന്‍ അബ്ദുള്ളയായിരുന്നു ഈട്‌ത്തെ ഏജന്റ്. ആദ്യമൊന്നും പാകിസ്‌താന് അബ്ദുള്ളയില്‍ സംശയമുണ്ടായില്ല. പിന്നെ മനസ്സിലായി വിവരങ്ങള്‍ ചോര്‍ത്തിയത് അയാളാണെന്ന്. കസ്റ്റംസിന് ഒറ്റിയാല് നല്ല കമ്മീഷനാ... കസ്റ്റംസുകാര് വിവരം പറഞ്ഞോന്റെ പേരും പറയൂലാ. ആ പൈസയ്‌ക്ക് വേണ്ടി അബ്ദുള്ള ചെയ്‌തത്... പിന്നെ എന്താ നടന്നേന്ന് അറിയ്യോ, രായ്‌ക്ക് രാമാനം പാകിസ്‌താന്റെ ആളുകള്‍ അബ്ദുള്ളയെ പൊക്കി. കുമ്പള മുതല്‍ പൊയിനാച്ചി വരെ ഗുണ്ടകള്‍ അബ്ദുള്ളയെ ചെയ്യാത്തതായി ഒന്നുമില്ല. അയാളുടെ കണ്ണടിച്ച് പൊട്ടിച്ചു. നേര് പറയാത്ത നാവറുത്തു. കാലും കയ്യും വേറെ വേറെയാക്കി... ചത്തുവെന്ന് ഉറപ്പായപ്പൊ പൊയിനാച്ചിയിലെ കുറ്റിക്കാട്ടിലേക്ക് എറിഞ്ഞു. ഞാന്‍ ശവം കണ്ടതാ... പൊന്നുമോനേ, രണ്ട് ദെവസത്തേക്ക് പേടിച്ചിറ്റ് ഞാനൊറങ്ങീല്ല. അതുകണ്ട ഏത് മോനായാലും പിന്നെ പേടിച്ചിട്ട് ഈ പണിക്ക് നിക്കാന്‍ തോന്നൂലാ...''
അബ്ബാസില്‍നിന്ന് അത് കേള്‍ക്കുമ്പോള്‍ വികൃതമാക്കപ്പെട്ട അബ്ദുള്ളയുടെ ശവം മുന്നില്‍ കിടക്കുന്നത് പോലെ മുനീറിന് തോന്നി. അവന്റെ നെഞ്ചിന് കനം കൂടി, തൊണ്ടയിലെ വെള്ളം വറ്റി. അവന് കൂടുതല്‍ ദാഹം വന്നു.
‘‘മൂന്നൂറ് സ്വർണബിസ്‌കറ്റിന്റെ വെല..! അതാ ഞാന്‍ പറഞ്ഞത്, കല്ല് പോലത്തെ മനസ്സുള്ളോരാ... ഒറ്റിന് കൂലി അവര്‍ക്ക് ചാവാ... സൂക്ഷിച്ച് കളിച്ചില്ലെങ്കില്‍ നമ്മളെ തല പോവും...''
കാറ്റില്‍ അബ്ബാസിന്റെ അയഞ്ഞ കുപ്പായം നിര്‍ത്താതെ ആടിക്കൊണ്ടിരുന്നു.
‘‘എന്നാലും നമുക്ക് നോക്കാം... ഏതിനും ഒരു സമയോം കാലോം ഉണ്ട്. അതാവുമ്പോ ഞാന്‍ പറയാം... കേട്ടല്ലോ...''
മുനീര്‍ അതിനും ഉത്തരം പറഞ്ഞില്ല.
‘‘കടലില്‍ നിന്നേ നിന്റെ പെടപ്പ് ഞാനറിഞ്ഞിന്. ചെയ്യാനുള്ള എക്കിനുറപ്പ് നിനക്കില്ലാന്നും എനിക്കറിയാം. ഇത് ഒറ്റബുദ്ധിക്ക് തോന്ന്യത്... സാരൂല്ലാ...''
അബ്ബാസ് മുനീറിനടുത്തേക്ക് വന്നു.
‘‘സമയം വരൂടാ... അപ്പോ നമ്മക്ക് ഇസ്‌ക്കാം... ഇപ്പം വാ...''
മുനീറിന്റെ ചുമലില്‍ തൊട്ടുകൊണ്ട് അബ്ബാസ് പറഞ്ഞു.
‘‘വാ.. അവര് ആട നിക്ക്ന്ന്ണ്ട്...''
അബ്ബാസ് കെട്ടുമെടുത്ത് മുന്നോട്ട് നടന്നു.
മേഘം കൂട്ടംകൂടിയിട്ടും പെയ്യാതെ നില്‍ക്കുന്ന ആകാശം പോലെ ഇരുണ്ടു മുനീറിന്റെ മനസ്സ്. ഒന്നും പറയാന്‍ കഴിയാതെ ഉള്ളിലെ വിറയല്‍ മാറാതെ മുനീര്‍ അവനെ അനുഗമിച്ചു.
ചിത്രീകരണം: കെ പി മുരളീധരൻ
മനസ്സ് ഒരാളെ ആപത്തില് കൊണ്ടുചാടിക്കുന്നത് എത്ര പെട്ടെന്നാണ്..!
അബ്ബാസായതുകൊണ്ട് മുനീര്‍ രക്ഷപ്പെട്ടു. അല്ലായിരുന്നെങ്കില്‍..!
പൊതുവഴിയിലെത്താന്‍ അവര്‍ക്ക് അധികസമയം വേണ്ടിവന്നില്ല.
മരത്തിന്റെ കീഴിലായി ഒരു ജീപ്പ് കിടക്കുന്നുണ്ടായിരുന്നു. അതിന് മുന്നില്‍ പാഷയ്‌ക്കൊപ്പം രണ്ടുപേര്‍ അവരെയും കാത്തുനിന്നു.
‘‘ഓന് വഴിതെറ്റിപ്പോയതാ...''
കിതപ്പ് അഭിനയിച്ചുകൊണ്ട് അബ്ബാസ് പറഞ്ഞു.
കെട്ട് വാങ്ങവെ ആഗതര്‍ നോക്കിയത് മുനീറിനെ. ആ നോട്ടത്തില്‍ ഒരു മുന്നറിയിപ്പുണ്ടായിരുന്നു, അത് അബ്ബാസിന് മനസ്സിലായി.
‘‘ആദ്യമായിട്ടല്ലേ ഇക്ക... അതിന്റെ പരിചയക്കുറവ്... ''
അബ്ബാസ് പരിഹാരം പറഞ്ഞു.
‘‘ഇവര് വരുന്ന വഴിക്കന്നെ വരണ്ടേ മോനേ... എന്റെ ചങ്ക് പെടച്ചുപോയി..!''
കൂട്ടത്തിലെ വയസ്സന്‍ സൗമ്യതയോടെ പറഞ്ഞു.
‘‘ഇനി ആവര്‍ത്തിക്കില്ല...''
അബ്ബാസാണ് പറയാന്‍ വിചാരിച്ചത്, അതിന് മുമ്പേ മുനീര്‍ അത് പറഞ്ഞു.
അബ്ബാസ് മുനീറിനെ നോക്കി. മുനീര്‍ വയസ്സനെ നോക്കുകയാണ്. അപ്പോള്‍ അവന്റെ മുഖത്ത് പേടിയുടെ ഒരു കണിക പോലുമില്ലെന്ന് അബ്ബാസ് തിരിച്ചറിഞ്ഞു.
മുനീറിന്റെ കടലിലൂടെയുള്ള കടത്തിന്റെ തിരയിളക്കം അവിടെ തുടങ്ങുന്നു . (തുടരും)










0 comments