ad
Deshabhimani

നോവൽ

തെറം ‐25

ചിത്രീകരണം: കെ പി മുരളീധരൻ
avatar
പി വി ഷാജികുമാർ

Published on Apr 25, 2026, 03:33 PM | 5 min read

നിമിഷം

മരങ്ങള്‍ക്കിടയിലൂടെ നടക്കുകയായിരുന്നു അലാമിയും പൊക്കനും. നെഞ്ചില്‍ കുറ്റബോധത്തിന്റെ ഭാരം ഒന്നും മിണ്ടാന്‍ കഴിയാതെ അവരെ തളര്‍ത്തിയിരുന്നു. കാറ്റുപിടിച്ചതുപോലെ മേഘങ്ങള്‍ മാനത്തൂടെ വേഗത്തില്‍ പറന്നുകൊണ്ടിരുന്നു. മരത്തിന്റെ നിഴലുകളില്‍ മേഘങ്ങള്‍ ഒളിക്കുന്നത് അലാമിയും പൊക്കനും കണ്ടു. ഇരുവരുടെയും മനസ്സ് മരങ്ങളില്‍ മായുന്ന മേഘങ്ങളെപ്പോലെ സങ്കടത്താല്‍ തെളിച്ചമില്ലാതെയായി.

നേരില്‍ മാത്രം ജീവിച്ച പാവങ്ങളായിരുന്നു അവര്‍. ആ നേരാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്.

‘‘നമ്മക്കങ്ങ് പോയാലോ..?''

അലാമി ചോദിച്ചു. പൊക്കന്റെ മനസ്സിലും അതായിരുന്നു. പോലീസ് പിടിച്ചാലും പ്രശ്‌നമില്ലെന്ന അവസ്ഥയിലേക്ക് കുറ്റബോധം അവരെ കൊണ്ടുചെന്നെത്തിച്ചിരുന്നു.

‘‘പോയിട്ടും കാര്യമൊന്നുമില്ല പൊക്കാ... നമ്മള്‍ വീണ്ടും അകത്താകും. ഓറെ കാണാനും കഴിയൂലാ...''

അലാമി തന്നെ അതിന് ഉത്തരവും ചൊല്ലി. അതും ശരിയാണെന്ന് പൊക്കനും തോന്നി.


അപ്പോഴേക്കും അവര്‍ ചീരുമ്പയിലെത്തിയിരുന്നു.

ഹുസൈന്‍ അന്നത്തെ പണികഴിഞ്ഞ് മേലിലെ ചേറും ചെളിയും കളയാന്‍ കുളിക്കുകയായിരുന്നു. ചന്തന്‍ പണി കഴിഞ്ഞ് ഇനിയും വന്നിട്ടുണ്ടായിരുന്നില്ല. വരുന്നത് അലാമിയാണെന്ന് ദൂരെനിന്ന് തന്നെ ഹുസൈന്‍ തിരിച്ചറിഞ്ഞു. ഹുസൈന്‍ സന്തോഷത്തോടെ കല്യാണിയെ പുറത്തേക്ക് വിളിച്ചു. അലാമിയെയും പൊക്കനെയും ഇബ്രാഹിമിനെയും പോലീസ് പിടിച്ചത് ഹുസൈനും കല്യാണിയും അറിഞ്ഞിരുന്നു. അതറിഞ്ഞ് ഹുസൈന്‍ വല്ലാതെ പേടിക്കുകയും സങ്കടപ്പെടുകയും ചെയ്‌തപ്പോള്‍ കല്യാണിയാണ് അവന്റെ കദനഭാരം കുറച്ചത്.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

‘‘കട്ടിട്ടൊന്നുമല്ലല്ലോ ഓന്‍ ജയിലിലായത്. നല്ല കാര്യത്തിനല്ലേ. നാടിനും നാട്ടാര്‍ക്കും വേണ്ടിയല്ലേ. അതില്‍ അഭിമാനിക്കുകയാ വേണ്ടേ..!''

കല്യാണി ആത്മവിശ്വാസത്തോടെ പറഞ്ഞ വാക്കുകള്‍ ഹുസൈന്റെ ആധിയകറ്റി. എന്നാലും എല്ലാ രാത്രികളിലും അലാമി തിരിച്ചുവരുന്നതിനെക്കുറിച്ച് അവന്‍ ആലോചിക്കാറുണ്ടായിരുന്നു. അനിയന്മാരെ അവന് അത്രയ്‌ക്ക്‌ ഇഷ്ടമായിരുന്നു. അവരെയും ആലോചിച്ച് ഉറക്കം കിട്ടാതെ അവന്‍ തിരിഞ്ഞും മറിഞ്ഞും കിടക്കും. അതുകൊണ്ടുതന്നെ ദിവസങ്ങള്‍ക്ക് ശേഷം അലാമിയെ കണ്ടപ്പോള്‍ കുളി പകുതിക്ക് നിര്‍ത്തി, തല തോര്‍ത്താതെ അവന്‍ വേഗത്തില്‍ അവര്‍ക്കടുത്തെത്തി.

ചാളയിലേക്ക് തിരിച്ചെത്തിയതിന്റെ ഭാവമൊന്നും അലാമിയുടെ മുഖത്ത് കാണാത്തതില്‍ ഹുസൈന് ആധിയായി. നടന്നതെല്ലാം അവര്‍ക്ക് മുന്നില്‍ പൊക്കന്‍ വിവരിച്ചു.


കടല്‍ത്തീരത്ത് കരഞ്ഞുകൊണ്ട് വട്ടമിട്ട് പറക്കുന്ന കാക്കകളെയും നോക്കിക്കൊണ്ട് അലാമി ഒന്നും മിണ്ടാതെ ഇരുന്നു.

‘‘ഇബ്രാഹിമിനെ കണ്ടില്ല..! ഇബ്രാഹിമിനെ ഒപ്പം കൂട്ടിയില്ല.’’

അതറിഞ്ഞപ്പോള്‍ കല്യാണിയുടെ മുഖം മാറി.

‘‘നിങ്ങള്‍ ചെയ്‌തത് തെറ്റ്...’’

കല്യാണി മുഖം കറുപ്പിച്ച് തറപ്പിച്ചു പറഞ്ഞു.

‘‘സമരത്തിന് നിന്നത് നല്ലത്. ഇഷ്ടത്തിനൊപ്പം നിങ്ങള്‍ നടന്നതും നല്ലത്. എന്നാല് നിങ്ങക്ക് താങ്ങും തണലുമായി നിന്നൊരാളെ നിങ്ങള്‍ മറന്നു. അത് വല്ലാത്ത ചെയ്‌ത്തായിപ്പോയി...''

കല്യാണിയില്‍ വാക്കുകള്‍ വിറച്ചു. കല്യാണി അതുതന്നെ പറയുമെന്ന് അവര്‍ക്കറിയാമായിരുന്നു. അതിന് അവര്‍ക്ക് ഒരുത്തരവുമുണ്ടായില്ല. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ലാതെ ഇരുവരും അവിടെ ഇരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് കല്യാണി അവര്‍ക്ക് പറഞ്ഞുകൊടുത്തതുമില്ല.

അന്നുരാത്രി കല്യാണി ആരോടും ഒന്നും സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്‌തില്ല. ആലോചനകളില്‍ മൂകയായി അവര്‍ കടലൊച്ചയും കേട്ടുകിടന്നു. തിരകളുടെ തലത്തല്ലല്‍ പോലെ അവളുടെ മനസ്സ് സങ്കടത്താല്‍ തലതല്ലി. ഹുസൈനോ ചന്തനോ അലാമിയോ അവര്‍ക്കടുത്തേക്ക് പോകാനോ മിണ്ടാനോ ധൈര്യപ്പെട്ടിട്ടില്ല.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

പിറ്റേന്ന് പുലരിയുണരും മുമ്പേ ചന്തനെയും കൂട്ടി കല്യാണി ചാളയില്‍ നിന്നിറങ്ങി.

‘‘എങ്ങോട്ടാ..?''

ചന്തന്‍ ചോദിച്ചു.

‘‘ഇബ്രാഹിമിനെ കാണണം... അലാമിക്ക് വേണ്ടി എനിക്കയാളോട് മാപ്പ് പറയണം...''

ചാളയുടെ മരത്തൂണില്‍ പിടിച്ച് കല്യാണി ഉറപ്പ് പറഞ്ഞു.

ചന്തനത് കേട്ടു.

ഉറക്കത്തില്‍നിന്ന് കണ്ണുമിഴിച്ച് പുലരിയിലെ കടപ്പുറത്തേക്ക് ആലസ്യത്തോടെ നോക്കുകയായിരുന്ന കടല്‍ കല്യാണിയും ചന്തനും പോകുന്നത് കണ്ടു.

‘‘പാവം കല്യാണി..! ഇങ്ങനെയും ദയയുള്ള മനുഷ്യരുണ്ടാവുമോ...''

കടല്‍ സ്വയം നിശ്വസിച്ചു. ശാന്തമായി കിടക്കുകയായിരുന്ന കടലില്‍ നിന്ന് തിരകള്‍ നിശ്വാസമെന്നപോലെ രണ്ടുവട്ടം തുള്ളി വീണ്ടും ശാന്തമായി.

പൊരിവെയിലിൽ ഏറെനേരം കാത്തുനിർത്തിയാണ് കല്യാണിയെയും ചന്തനയും ജയിലിന് അകത്തേക്ക് കയറ്റിയത്.


‘‘അങ്ങനെയൊരാള്‍ ഇന്നലെ വൈകുന്നേരം ജാമ്യം കിട്ടിപ്പോയല്ലോ...''

രജിസ്റ്റര്‍ നോക്കിക്കൊണ്ട് സൂപ്രണ്ട് ചന്തനോട് പറഞ്ഞു.

ചന്തനത് വിശ്വസിച്ചു. അമ്മയുടെ മുഖത്ത് ആ വിശ്വാസമില്ലാത്തത് കണ്ട് ചന്തനും പിന്നെയത് വിശ്വസിച്ചില്ല.

‘‘ഓര്‍ക്ക് ജാമ്യം എട്ക്കാന്‍ ആര് വരാനാ സാറേ... ആട ഇണ്ടാവും. സാറിന് തെറ്റിയതാവും...''

കല്യാണിയുടെ മനസ്സിലുള്ളത് ചന്തന്‍ പറഞ്ഞു. സൂപ്രണ്ടിന്റെ മുഖം ചുവന്നു.

‘‘എന്നെ തെറ്റും ശരീം പടിപ്പിക്കാന്‍ നീ ആരെടാ കഴുവേറീടെ മോനേ... തച്ച്റ്റ് നിന്റെ പല്ലും ചിറിയും ഞാനൊന്നാക്കും...''

സൂപ്രണ്ട് കസേരയില്‍ നിന്ന് എഴുന്നേറ്റു.

അടുത്ത പടി തല്ലാണ്, കല്യാണിക്ക് മനസ്സിലായി. അവര്‍ ചന്തന്റെ കൈപിടിച്ചു. അവന്‍ സൂപ്രണ്ടിനോട് എന്തോ പറയാന്‍ തുടങ്ങിയതാണ്, അതിന് മുമ്പ്‌ കല്യാണി അവനോട് കല്‍പ്പിച്ചു.

‘‘ബാ.. പൂവാം..''


കല്യാണിയുടെ സംസാരഗാംഭീര്യതയിലും അസാധാരണമായ മുഖഭാവത്തിലും സൂപ്രണ്ടില്‍ ആദരം വന്നത് സൂപ്രണ്ട് പോലും അറിയാതെ. പടവുകള്‍ തപ്പിത്തപ്പി പതിയെ കല്യാണി ഇറങ്ങിപ്പോകുന്നത് വരെ അയാള്‍ അവരെയും നോക്കിനിന്നു.

‘‘ഓറ് ആട ഇണ്ടാവും അമ്മേ... നമ്മക്ക് ഒന്നൂടെ ചോയ്‌ക്കായിരുന്നു...''

ചന്തന്‍ സംശയം പറഞ്ഞു.

‘‘ഇല്ല... ഇബ്രാഹിമിനെ ആരോ ഇറക്കിയിട്ട്ണ്ട്..!''

കല്യാണിക്ക് അതില്‍ സംശയമൊന്നുമില്ലായിരുന്നു. അത് സത്യവുമായിരുന്നു.

സൂപ്രണ്ട് പറഞ്ഞതുപോലെ അയാളെ ജയിലില്‍നിന്ന് മോചിപ്പിച്ചിരുന്നു.

ഇബ്രാഹിമിനൊപ്പം ജയിലില്‍ കഴിഞ്ഞവര്‍.

ഇബ്രാഹിമിനെ മനസ്സിലാക്കിയവര്‍.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

അവര്‍ക്കൊപ്പം ഇബ്രാഹിം ഇറങ്ങുമ്പോള്‍ ചാറ്റല്‍മഴ പെയ്യുന്നുണ്ടായിരുന്നു. അവര്‍ പോകുന്ന വഴികളിലുടനീളം മഴ അവരെ പിന്തുടര്‍ന്നു.

വെളുക്കുവോളം ഈ മഴ തുടരും.

മഴയുടെ സ്വഭാവം കണ്ടപ്പോള്‍ ഇബ്രാഹിമിന് മനസ്സിലായി.

ചാറ്റല്‍മഴയിലും ഇളംകാറ്റിലും ക്ഷീണത്താല്‍ അയാളൊന്ന് കണ്ണടച്ചതാണ്.

നരേന്ദ്ര പൂജാരി അയാള്‍ക്ക് മുന്നില്‍ അത്തറും പിടിച്ചുനിന്ന് ചിരിച്ചു. അയാളുടെ വായില്‍നിന്ന് ചോരയൊലിക്കുന്നുണ്ടായിരുന്നു. അത് ഇബ്രാഹിമിലേക്ക് ഒഴുകി. പൂജാരിയുടെ ചോരപ്പുഴയില്‍ അയാള്‍ ശ്വാസം കിട്ടാതെ പിടഞ്ഞു.

ഇബ്രാഹിം ഞെട്ടിയുണര്‍ന്നു. അയാള്‍ വല്ലാതെ കിതച്ചു. ചാറ്റല്‍മഴ അപ്പോഴും നിലച്ചിരുന്നില്ല. അടുത്തുണ്ടായിരുന്നവര്‍ അയാളുടെ പകപ്പ് കണ്ട് ചിരിച്ചു. മറുചിരി കൊടുക്കാനാവാതെ അയാള്‍ ഇരുട്ടിലേക്ക് മുഖം തിരിച്ചു. മഞ്ചേശ്വരം വിട്ട് കര്‍ണാടകയുടെ വഴിയിലേക്ക് വണ്ടിയിറങ്ങിയിരുന്നു. നരേന്ദ്ര പൂജാരിയുടെ ചിരി അയാളുടെ മനസ്സില്‍ മായാതെ നിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൂജാരി ഓര്‍മയില്‍ വരുന്നതെന്ന് അയാള്‍ ഓര്‍ത്തു. അന്നേരം മരണത്തോളം ആഴമേറിയ തണുപ്പ് അയാളെ ചുറ്റിപ്പിടിച്ചു. അയാളൊന്ന് വിറച്ചു. വണ്ടി മൂഢുഭദ്രിയിലേക്കുള്ള വളവ് തിരിയുകയായിരുന്നു. കാട്ടുചെടികള്‍ കൊണ്ടുണ്ടാക്കിയ അത്തറിന്റെ വാസന അയാള്‍ക്ക് മണത്തു.

അപ്പോള്‍ മരണത്തിന്റെ ഗന്ധം അയാള്‍ക്ക് മനസ്സിലായി.

അയാള്‍ക്ക് എല്ലാം മനസ്സിലായി.


രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോള്‍ അയാള്‍ ദൂരെദിക്കുകളില്‍ പെയ്യുന്ന മഴയിലേക്ക് കാഴ്‌ചയുറപ്പിച്ച് നിസ്സംഗതയോടെ ഇരുന്നു.

കല്യാണിയും ചന്തനും ജയിലില്‍നിന്ന് നേരെ പോയത് ഉജ്ജിറയിലെ ഇബ്രാഹിമിന്റെ ചാളയിലേക്ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ഒരു വസന്തകാലത്ത് മാലിങ്കനൊപ്പം മക്കളെയും കൂട്ടിയെത്തിയത് കല്യാണിയുടെ ഓര്‍മയില്‍ പുഷ്‌പിച്ചു.


ഇന്നിപ്പോള്‍ മാലിങ്കനില്ല, മാലിങ്കന്റെ ഓര്‍മകള്‍ മാത്രം ബാക്കിയാവുന്നു.

എന്തെല്ലാം കഴിഞ്ഞുപോയിരിക്കുന്നു.

എന്തെല്ലാം നഷ്ടപ്പെട്ട് പോയിരിക്കുന്നു.

കല്യാണി വിഷമത്താലൊന്ന് നിശ്വസിച്ചു.

കല്യാണിയെ ആശ്വസിപ്പിക്കാനെന്ന പോലെ ഒരു മുല്ലപ്പൂവ് ചെടിയില്‍നിന്ന് അവരുടെ വലങ്കാലില്‍ കാറ്റത്ത് കൊഴിഞ്ഞുവീണു. അത് കല്യാണി കുനിഞ്ഞെടുത്തു.

അന്നത്തെപ്പോലെ ഇപ്പോഴും പൂക്കളുടെ നറുഗന്ധം പരിസരത്ത് പടര്‍ന്നിരിക്കുന്നത് കല്യാണി അറിഞ്ഞു.

പൂവുകളുടെ സൗരഭ്യത്തില്‍ കല്യാണി മുല്ലപ്പൂവും പിടിച്ച് തെല്ലിട നിന്നു.

‘‘എന്താ.. ആരാ..''


ലഹരിയുടെ തെറിച്ച മണം പിടിച്ച ഒരാളുടെ കനപ്പെട്ട വാക്കുകള്‍ കേട്ടാണ് അവള്‍ ചിന്തയില്‍ നിന്നുണര്‍ന്നത്. അവന്‍ മുനീര്‍ ആയിരുന്നു. ഇബ്രാഹിമിന്റെ മൂത്തമകന്‍. ഇബ്രാഹിമിന്റെ നല്ല മനസ്സൊന്നും കിട്ടിയിട്ടില്ലത്ത തെറിച്ച ജീവിതം നയിക്കുന്നവന്‍. മുനീറിനൊപ്പം അനിയന്‍ ഒമറുമുണ്ടായിരുന്നു. അവന്‍ മദ്യപിച്ചിരുന്നില്ല. മുനീറിനെപ്പോലെ തെറിച്ച മനസ്സായിരുന്നില്ല, സൗമ്യനായിരുന്നു ഒമര്‍.


‘‘എന്താ വന്നേ..''

മുനീറിനെ സംസാരിക്കാന്‍ സമ്മതിക്കാതെ ഒമര്‍ ചോദിച്ചു.

‘‘ഉപ്പയില്ലേ മോനേ..''

കല്യാണി ചോദിച്ചു.

‘‘അന്ന് പോയതാ.. ഉപ്പ പിന്നെ വന്നില്ല.''

ഒമര്‍ ഉത്തരം പറഞ്ഞു.

‘‘പോലീസ് കൊണ്ടുപോയതാ..''

അവന്‍ കൂട്ടിച്ചേര്‍ത്തു. കല്യാണി നിശ്ശബ്ദയായി.

‘‘നിങ്ങളാരാ..?''

‘‘ഇബ്രാഹിമിന് വേണ്ടപ്പെട്ടവരാ... ഉപ്പ വന്നാല്‍ പറയണം, കല്യാണിയും മോനും വന്നെന്ന്...''

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ഒമര്‍ തലയാട്ടി. ചന്തന്റെയും കൈപിടിച്ച് ഇബ്രാഹിമിന്റെ കൂരയില്‍ നിന്നിറങ്ങുമ്പോള്‍ തന്റെ നെഞ്ചില്‍ മൊട്ടുസൂചി പോലെ കുത്തിക്കൊണ്ടിരുന്ന പേടിയുടെ കാരണം കല്യാണിക്ക് മനസ്സിലായി.

ഇബ്രാഹിമിന് ആപത്ത് സംഭവിച്ചിരിക്കുന്നു.

അവളുടെ കണ്ണുകള്‍ നനഞ്ഞു. വീഴാതിരിക്കാന്‍ അവള്‍ ചന്തന്റെ കൈ മുറുകെപ്പിടിച്ചു. ചന്തന്‍ അമ്മയെ താങ്ങി.

പാതിരാത്രിയായി കല്യാണിയും ചന്തനും ചീരുമ്പയിലെത്താൻ.

ചാളയുടെ മുന്നിലെ കടല്‍ക്കരയില്‍ ആലോചനകളില്‍ മുങ്ങി, ആ രാത്രിയില്‍ കല്യാണി ഏറെനേരം നില്‍ക്കുകയുണ്ടായി.

നിലാവ് സമൃദ്ധമായുള്ള രാത്രിയായിരുന്നു.

കടപ്പുറത്ത് ആമകള്‍ മുട്ടയിട്ട് തുടങ്ങിയ കാലമായിരുന്നു. തീരത്തേക്ക് ആമകള്‍ രാത്രികളില്‍ കടലും കയറിവരുന്നുണ്ടായിരുന്നു. അതിലൊരു ആമയുടെ പുറത്ത് കല്യാണിയുടെ ഇടങ്കാല്‍ മൃദുവായൊന്ന് മുട്ടി. അവളുടെ കാലില്‍ പിടിച്ച് ആമ അടക്കംപറഞ്ഞു.



‘‘കല്യാണീ... ഞാന്‍ നാബിയയുടെ ആളാ.''

ആലോചനകളില്‍ സമൃദ്ധമായി നിന്ന കല്യാണി ആമയുടെ അടക്കംപറച്ചില്‍ കേട്ടില്ല.

ഉത്തരം കിട്ടാതെയായപ്പോള്‍ ആമ അവളുടെ വിരലുകളില്‍ കാലുകള്‍ കൊണ്ടൊന്ന് ഇരിഞ്ഞു.

അവളുടെ കാലില്‍നിന്ന് ഇക്കിളിയെന്ന കിളി പറന്നു. അവള്‍ കാല് കുടഞ്ഞു.

മോചിക്കപ്പെട്ടതിന്റെ മൂന്നാംപക്കം ഇബ്രാഹിമിന്റെ മരണദേഹം ഉജ്ജിറയിലെ കരയ്‌ക്കടിഞ്ഞു. മുനീറും ഒമറും ബാപ്പായെന്ന് വിളിച്ച് അലറിക്കരഞ്ഞു. കൂടുതല്‍ സങ്കടപ്പെട്ടത് മുനീറായിരുന്നു. സ്വതവേ കുരുത്തംകെട്ടവനായ മുനീറില്‍നിന്ന് അങ്ങനെയൊരു വിലാപം ഉജ്ജിറദേശക്കാർ പ്രതീക്ഷിച്ചില്ല. അവന്‍ അത്രയും ആഴത്തില്‍ ഇബ്രാഹിമിനെ ഇഷ്ടപ്പെട്ടിരുന്നെന്ന് അപ്പോഴാണ് അവര്‍ക്ക് മനസ്സിലായത്.


ഇബ്രാഹിമിനെ സ്‌നേഹിച്ച പെണ്ണുങ്ങളാരും മരണം കാണാന്‍ വന്നില്ല. അയാള്‍ സമ്മാനിച്ച ഗന്ധവും സ്‌നേഹവും ഓര്‍മിച്ച് അവര്‍ അയാളെ യാത്രയാക്കി. അവരില്‍ ചിലര്‍ ആരും കാണാതെ കരയുകയും ഇബ്രാഹിമിനെ ഓര്‍ത്ത് തലയ്‌ക്ക് തല്ലുകയുമുണ്ടായി.

മരിക്കുമ്പോഴാണ് സ്‌നേഹത്തിന്റെ വില മനസ്സിലാവുക..!

അവര്‍ സങ്കടത്തോടെ തിരിച്ചറിഞ്ഞു.

കടലില്‍ മൂന്നുനാള്‍ കിടന്നിട്ടും ഒരു ചീഞ്ഞമണവും ഇബ്രാഹിമിന്റെ മെല്ലിച്ച ഉടലില്‍ നിന്നുണ്ടായില്ല. എന്നോ ഉണ്ടാക്കിയ, ഏതോ അത്തറിന്റെ ഗന്ധം അയാളെ ചുറ്റിപ്പിടിച്ചിട്ടുണ്ടെന്ന് കാണാന്‍ വന്നവര്‍ക്ക് മനസ്സിലായി. അങ്ങനെ അയാള്‍ മരണത്തിലും സുഗന്ധമുള്ള മനുഷ്യനായി.

ഇബ്രാഹിമിന്റെ അടക്കത്തിനും അടക്കം കഴിഞ്ഞുള്ള മൂന്ന് നാളുകളും കല്യാണി മുനീറിനും ഒമറിനും ഒപ്പമുണ്ടായിരുന്നു. നാലാംനാള്‍ ഹുസൈനും ചന്തനും അലാമിക്കുമൊപ്പം ഉജ്ജിറയിലേക്ക് മടങ്ങുമ്പോള്‍ രണ്ട് പേരോടുമായി നിറസ്‌നേഹത്തോടെ കല്യാണി പറഞ്ഞു.


‘‘ആരുമില്ലെന്ന വിചാരം വേണ്ട... ഞങ്ങളെല്ലാവരും എന്തിനും കൂടെക്കാണും. ഇടയ്‌ക്ക്‌ വരാം. തോന്നുമ്പോ നിങ്ങളും അങ്ങോട്ട് വാ...''

മുനീര്‍ ഒന്നും മിണ്ടിയില്ല. ഒമര്‍ തലയാട്ടി.

‘‘വഴിതെറ്റാന്‍ എളുപ്പമാ മക്കളേ... നേരെ പോവാനാ കഷ്ടപ്പാട്. അത് രണ്ടാളും മറക്കരുത്. ഇബ്രാഹിം നല്ല ആളായിരുന്നു. അത് മനസ്സിലുണ്ടാവണം.''

ഒമര്‍ അത് കേട്ടു.

മുനീറോ..!

മുനീറിനുള്ള ഉത്തരമെന്ന പോലെ ആ രാത്രിയില്‍ ഒരു തോണിയില്‍ രണ്ടാളുകള്‍ മുനീറിനെ തേടി കടലും കടന്ന് ഉജ്ജിറയിലേക്ക് വന്നു . (തുടരും)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home