ad
Deshabhimani

നോവൽ

തെറം ‐26

ചിത്രീകരണം: കെ പി മുരളീധരൻ
avatar
പി വി ഷാജികുമാർ

Published on May 02, 2026, 03:05 PM | 5 min read

മാല്

ഇബ്രാഹിമിനെ ആരോ കൊന്നതാണെന്ന് മരണം കണ്ടവരില്‍ മിക്കവര്‍ക്കും തോന്നിയിരുന്നു. അത്രമാത്രം മുറിവുകള്‍ ഇബ്രാഹിമിന്റെ മെലിഞ്ഞ ശരീരത്തില്‍ നീലിച്ച് കിടന്നിരുന്നു. പൊലീസിനും അത് ഉറപ്പായിരുന്നെങ്കിലും കുറ്റവാളികളെ അന്വേഷിച്ച് കണ്ടുപിടിക്കാന്‍ അവര്‍ വലിയ താല്‍പ്പര്യം കാട്ടിയില്ല.


ഇബ്രാഹിമിനെ പോലൊരു പാവത്താന്റെ കൊലപാതകത്തിന് ഉത്തരം കണ്ടെത്തിയിട്ട് വലിയ പ്രയോജനമൊന്നുമില്ലെന്നും അപ്പുറത്തുള്ളവര്‍ വലിയ ആളുകളാണെങ്കില്‍ വലിയ കുഴപ്പങ്ങളിലാവും തങ്ങള്‍ ചെന്നുവീഴുകയെന്നും അവര്‍ക്ക് പഴയ അനുഭവങ്ങളില്‍ നിന്ന് ബോധ്യപ്പെട്ട കാര്യമായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ രണ്ടുതവണ മാത്രം മരണദേഹം കണ്ടെത്തിയ സ്ഥലത്തെത്തുകയും അന്വേഷിക്കുകയാണെന്ന് ആളുകളെ ബോധ്യപ്പെടുത്താന്‍ എന്തൊക്കെയോ എഴുതിയെടുക്കുകയും മുന്നില്‍ കണ്ട മൂന്നാളുകളെ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌ത്‌ കേസ് അവിടെ താല്‍ക്കാലികമായി അവസാനിപ്പിച്ച് വലിയ ആളുകളുടെ നെറികേടുകള്‍ നെറിയാണെന്ന് തെളിയിക്കാന്‍ വെറിമുറ്റിയ ആത്മാർഥതയോടെ അന്വേഷണത്വരിതരായി. അത് ഉപകാരപ്രദവും പ്രയോജനപ്രദവുമാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ആരെങ്കിലും ഇബ്രാഹിമിന്റെ കുറ്റവാളികളെ കണ്ടുപിടിച്ച് കൊണ്ടുവരികയാണെങ്കില്‍ മാത്രം അറസ്റ്റ് ചെയ്യാമെന്ന മനോഭാവത്തിലേക്ക് അവര്‍ അങ്ങനെ വേഗത്തില്‍ എത്തിച്ചേര്‍ന്നു.

മുനീറും ഒമറുമാവട്ടെ ഉപ്പയെ കൊന്നവര്‍ ആരെന്നറിയാതെ പകച്ചുനിന്നു. കൊന്നവനെ കയ്യില്‍ കിട്ടിയാല്‍ പള്ളയ്‌ക്ക്‌ പിച്ചാത്തി കയറ്റുമെന്ന് മൂനീര്‍ അള്ളാഹുവിനെ പിടിച്ച് സത്യം ചെയ്‌തിരുന്നു. എന്നാല്‍ ആര് ചെയ്‌തെന്നോ എന്തിന് ചെയ്‌തെന്നോ ഇബ്രാഹിമിന്റെ ജീവിതത്തിലേക്ക് തന്റേതായ രീതിയില്‍ യാത്ര പോയിട്ടും അവര്‍ക്കൊന്നും പിടികിട്ടിയില്ല.

നല്ലതുമാത്രം പറഞ്ഞ് നല്ലതുമാത്രം ചെയ്‌തു ശീലിച്ച മനുഷ്യനായിരുന്നു അവരറിഞ്ഞ ഇബ്രാഹിം.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

അങ്ങനെത്തന്നെയായിരുന്നു ഉജ്ജിറക്കാരുടെ ഇബ്രാഹിമും. ഇബ്രാഹിമിന് ശത്രുക്കളുണ്ടെങ്കില്‍ തങ്ങള്‍ക്ക് എണ്ണിയാലൊടുങ്ങാത്ത ശത്രുക്കളായിരിക്കും ഉണ്ടാവുകയെന്ന് ഉജ്ജിറക്കാര്‍ ആത്മഗതം ചെയ്‌തു.

ഇബ്രാഹിമിന്റെ മരണത്തിന്റെ തലയും വാലും അറിയാന്‍ മുനീറും ഒമറും ഉമ്മ സുബൈദയെ കാണാൻ കങ്കനാടി വരെ പോയി.

ഒമറിന് പതിനാല് വയസ്സുള്ളപ്പോള്‍ സുബൈദ കങ്കനാടിയിലെ ആശ്രമത്തിലേക്ക് ജീവിതം പറിച്ചുനടുകയായിരുന്നു.

ഇബ്രാഹിമിന് അവളുടെ തീരുമാനത്തില്‍ വല്ലാത്ത വിഷമം തോന്നിയിരുന്നു.

‘‘നിന്റേതായ വഴിക്ക് നീ ജീവിച്ചോ സുബൈദാ... ഒരു കൊഴപ്പവുമില്ല... നിനക്ക് ഈടത്തന്നെ കഴിഞ്ഞൂടെ..!’’

അയാള്‍ സങ്കടം ഉള്ളിലൊതുക്കാനാവാതെ ചോദിച്ചു.

വിഷമത്താല്‍ അയാളുടെ വാക്കുകള്‍ ഇടറി.

അയാള്‍ക്കറിയില്ലല്ലോ സാധാരണക്കാര്‍ക്കറിയുന്നതിനും അപ്പുറം സുബൈദ സഞ്ചരിച്ചുകഴിഞ്ഞെന്ന്.


‘‘കുഴപ്പത്തിന്റെയല്ല... അതൊട്ടും സുഖകരമാവില്ല ഇബ്രാഹിം... നിങ്ങള്‍ക്കും എനിക്കും നമ്മുടെ മക്കള്‍ക്കും...’’

അങ്ങനെ പറയുമ്പോള്‍ സുബൈദയുടെ കണ്ണുകള്‍ നക്ഷത്രം പോലെ തിളങ്ങി.

‘‘പുഴയിലെ വെള്ളം പോലെ നീലാകാശത്തിലെ വെളുത്ത മേഘം പോലെ പച്ചിലക്കാട്ടിലെ ഇളങ്കാറ്റ് പോലെയൊരാനന്ദം ഇപ്പോള്‍ എന്റെ ഉള്ളിലുണ്ട്. അത് കെട്ടുപോവാന്‍ എനിക്ക് ആശയില്ല. ശരിയാണ്, സങ്കടമൊക്കെയുണ്ട്. ഈ സഞ്ചാരം സങ്കടത്തെ മായ്ച്ചുകളയുമായിരിക്കും.’’

ഉമ്മയുടെ പറച്ചില്‍ കേട്ടപ്പോള്‍ രണ്ടെണ്ണം പൊട്ടിക്കാനാണ് മുനീറിന് തോന്നിയത്.

ലോകം ഉമ്മയുടെ കാല്‍ക്കീഴിലാകുന്നു എന്ന വാചകത്തില്‍ മനസ്സുറച്ച് പോയതുകൊണ്ട് അവന്‍ തെറിയും തല്ലും ഉള്ളിലൊതുക്കി ചാരായം കുടിക്കാന്‍ ചാളയില്‍ നിന്ന് പുറത്തേക്ക് കാലുകള്‍ വേഗത്തില്‍ നീട്ടിവെച്ചു.

അധികമൊന്നും പറയാന്‍ ഇബ്രാഹിമിന് തോന്നിയില്ല.

തോന്നിയത് തോന്നിയത് പോലെ ചെയ്യുന്ന പ്രകൃതമാണ് സുബൈദയ്‌ക്ക്‌.

കുട്ടികളെ അക്ഷരങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങിയത്...

ഇബ്രാഹിമിനെ കൂട്ട് വിളിച്ചത്...

അവളുടെ ഇഷ്ടം അവള്‍ ചെയ്‌തു.

സ്വന്തം സങ്കടത്തെ പ്രതിയാക്കി ഇബ്രാഹിം സ്വയം പഴിച്ചു.

നിലാവ് നിറഞ്ഞൊരു പുലരിയില്‍ സുബൈദ ഇബ്രാഹിമിനെയും മുനീറിനെയും ഒമറിനെയും ഉപേക്ഷിച്ചു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

സുബൈദ പോയതോടെ ഇബ്രാഹിം ഏകാന്തതയുടെ തീച്ചൂടില്‍ വെന്തുരുകമെന്ന് മുനീറും ഒമറും ഉറപ്പിച്ചതാണ്. എന്നാല്‍ അയാള്‍ ജീവിതത്തെ ആനന്ദത്തോടെ കെട്ടിപ്പുണര്‍ന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനിപ്പിച്ചത് അയാള്‍ വീണ്ടും തുടങ്ങി.

ഇബ്രാഹിമിന്റെ ചാള സുഗന്ധങ്ങളുടെ ചാളയായി മാറ്റപ്പെട്ടു.

ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ഉടലുകളില്‍ അയാളുണ്ടാക്കിയ അത്തറിന്റെ ഗന്ധം പടര്‍ന്നു.

ജീവിതത്തിന് മരണത്തിന്റെ ഗന്ധമാണോ...

മരണത്തിന് ജീവിതത്തിന്റെ ഗന്ധമാണോ...

ഉയിരുള്ളോരുടെയും ഉയിരറ്റവരുടെയും ഉടലുകളില്‍ നിന്നുയര്‍ന്ന അത്തര്‍മണത്തില്‍നിന്ന് ഉജ്ജിറക്കാരില്‍ ചോദ്യമുണ്ടായി.

പോലീസ് കൊണ്ടുപോവുന്നതുവരെ ഇബ്രാഹിം ഗന്ധങ്ങള്‍ക്കൊപ്പം ജീവിച്ചു.

മരണം തൊട്ട് കടലിലൂടെ മടങ്ങിയെത്തുമ്പോള്‍ അയാളില്‍ നിന്നുയര്‍ന്ന അത്തറിന്റെ ഗന്ധത്തില്‍ ചോദ്യം ഉജ്ജിറക്കാര്‍ ആവര്‍ത്തിച്ചു.

ജീവിതത്തിന് മരണത്തിന്റെ ഗന്ധമാണോ...

മരണത്തിന് ജീവിതത്തിന്റെ ഗന്ധമാണോ...


ഇബ്രാഹിമിനെ അടക്കിയതിന്റെ രണ്ടാം ദിവസം മുനീറും ഒമറും കങ്കനാടിയിലെ ആശ്രമത്തിലെത്തി. സുബൈദ അവിടം വിട്ടുപോയിട്ട് രണ്ടുമാസം കഴിഞ്ഞിരിക്കുന്നതായി നിരാശയോടെ അവര്‍ മനസ്സിലാക്കി. ആരെങ്കിലും വരികയാണെങ്കില്‍ അവര്‍ക്ക് കൊടുക്കാന്‍ ഏല്‍പ്പിച്ച കത്ത് ആശ്രമവാസികളില്‍ ഒരാള്‍ മുനീറിന് നല്‍കി. അക്ഷരം വായിക്കാനറിയാവുന്ന ഒമര്‍ ഒരക്ഷരവും അറിയാത്ത മുനീറിന് കത്ത് വായിച്ചുകേള്‍പ്പിച്ചു.

‘പോകാന്‍ ലക്ഷ്യമൊന്നുമില്ലെങ്കിലും സഞ്ചരിക്കുക.

അകലങ്ങളില്‍ എന്തെന്ന് അറിയാന്‍ ശ്രമിക്കരുത്.

അതൊന്നും നമ്മള്‍ക്ക് വേണ്ടിയല്ല.

ഉള്ളിലേക്ക് യാത്ര പോവുക.

ഭയം തരുന്ന വഴികള്‍ മാത്രം ഉപേക്ഷിക്കുക.

ഞാന്‍ യാത്ര തുടരുന്നു.

മക്കളേ, സമാധാനമായിരിക്കാന്‍ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കും..!'

ഒമര്‍ കത്ത് വായിച്ച് തീര്‍ത്തിട്ടും കത്തില്‍നിന്ന് മുഖമുയര്‍ത്തിയില്ല.

‘‘നായിന്റമോള്...’’

മുനീര്‍ ദേഷ്യത്തോടെ പിറുപിറുത്ത് ആരെയും നോക്കാതെ ലഹരി തേടാന്‍ ആശ്രമത്തില്‍ നിന്നിറങ്ങി.


ഒമറിന് ഉമ്മയെ മനസ്സിലായി. അവന്റെ കണ്ണുകള്‍ നിറഞ്ഞു.

സുബൈദയുടെ അക്ഷരങ്ങളില്‍ അവന്റെ കണ്ണീരുറ്റി.

സുബൈദയുടെ വാക്കുകള്‍ കണ്ണീരില്‍ അലിഞ്ഞു.

ഒമറിനും സുബൈദയുടെ അക്ഷരങ്ങള്‍ക്കും ഇടയില്‍ ഇളങ്കാറ്റ് ചുറ്റിക്കറങ്ങി.

കല്യാണിയാകട്ടെ ആഴ്‌ചകള്‍ക്ക് മുമ്പ്‌ ചന്തനൊപ്പം ഉജ്ജിറയിലെ ചാളയിലെത്തിയപ്പോള്‍ മുതല്‍ ഇബ്രാഹിമിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിരുന്നു. അയാളെക്കുറിച്ച് അറിഞ്ഞതും ആലോചിച്ചുവെച്ചതുമായ കാര്യങ്ങള്‍ തിരിച്ചും മറിച്ചും അവള്‍ മനസ്സില്‍ ചേര്‍ത്തുവെച്ചു. ആലോചിച്ചാലോചിച്ച് അവള്‍ ഇബ്രാഹിമിന്റെ ജീവിതം മനസ്സില്‍ വരച്ചിട്ടു. അത് ഏറെക്കുറെ അയാള്‍ ജീവിച്ച ജീവിതം തന്നെയായിരുന്നു.

പലതും അതില്‍നിന്ന് വിട്ടുപോയെങ്കിലും ഇബ്രാഹിമിന് അപായം സംഭവിച്ചു എന്ന് തോന്നാനുണ്ടായ കാര്യങ്ങള്‍ അതിലുണ്ടായിരുന്നു.

ഇബ്രാഹിം അത്തര്‍ ഉണ്ടാക്കിത്തുടങ്ങിയത്...

ബോംബെയിലേക്ക് പോയത്...

അത്തറിന്റെ കട തുടങ്ങിയത്, അത് വളര്‍ന്നത്...

എതിരാളികള്‍ ഉണ്ടായത്, കട നഷ്ടമായത്...

ഇബ്രാഹിം ബോംബെയില്‍ എവിടെയായിരുന്നെന്ന് അവള്‍ അതിനകം മനസ്സിലാക്കിയിരുന്നു. മാലിങ്കന്റെ മരുന്നില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ട മൂസ എന്ന ചീരുമ്പക്കാരനായ മൂസയെ അവള്‍ ചാളയിലേക്ക് ചന്തനെ വിട്ട് വിളിപ്പിച്ചു. ബോംബെയില്‍ കച്ചവടം ചെയ്യുന്ന മൂസ കാര്യങ്ങള്‍ അറിഞ്ഞുവരാമെന്നേറ്റ് കടപ്പുറം വിട്ടു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

അയാള്‍ മുംതാസിനെ കണ്ടു.

ഇബ്രാഹിമിന് വേണ്ടി വേണ്ടപ്പെട്ടൊരാള്‍ നാട്ടില്‍നിന്ന് വന്നപ്പോള്‍ തന്നെ മുംതാസിന് സംഭവിച്ച സങ്കടം മനസ്സിലായി.

അവള്‍ റസിയയെ ചേര്‍ത്തുപിടിച്ച് കരഞ്ഞു.

ചന്തന്റെ കയ്യും പിടിച്ച് ചാളയില്‍ കിടത്തിയ ഇബ്രാഹിമിന് അടുത്തിരിക്കുകയായിരുന്നു കല്യാണിയപ്പോള്‍.

ഇബ്രാഹിമില്‍ നിന്നുള്ള അത്തറിന്റെ ഗന്ധം കല്യാണിയെയും പൊതിഞ്ഞിരുന്നു. കൊല്ലങ്ങള്‍ക്ക് മുമ്പ്‌ മനസ്സില്‍ തട്ടിയ തീക്ഷ്ണതയാര്‍ന്നൊരു ഗന്ധം കല്യാണിയുടെ ഓര്‍മയിലെത്തി. കെട്ടുപിണഞ്ഞുകിടക്കുന്ന ഓര്‍മകളുടെ കുരുക്കഴിച്ചപ്പോള്‍ കുട്ടിക്കാലത്ത് കഴിഞ്ഞിരുന്ന കൂരയ്‌ക്ക്‌ മുകളിലെ കുന്നില്‍ പൂത്തുനില്‍ക്കുന്ന കാട്ടുചെടികള്‍ അവള്‍ കണ്ടെത്തി. അവളുടെ പ്രായത്തിലുള്ള കുട്ടികളില്‍ പലരെയും കാട്ടുചെടിയുടെ മനം മയക്കുന്ന ഗന്ധം കവര്‍ന്നെടുത്തിരുന്നു. വേണ്ടായെന്ന്‌ തീരുമാനിച്ച് വീട്ടുകാരോ ബന്ധുക്കളോ കുട്ടികളെക്കൊണ്ട് കാട്ടുചെടിയുടെ പൂക്കള്‍ കഴിപ്പിച്ചു. വേദന സഹിക്കാനാവാതെയുള്ള കുഞ്ഞുങ്ങളുടെ അലര്‍ച്ച അവളുടെ ചെവിയില്‍ അലച്ചെത്തിയിരുന്നു. അപ്പോഴൊക്കെ പേടിയാല്‍ അവള്‍ വിറയ്‌ക്കുമായിരുന്നു. തന്നെ തേടിയും മരണഗന്ധമെത്തുമെന്ന് അവള്‍ ഭയന്നിരുന്നു. എന്തോ അത് സംഭവിച്ചില്ല. കാലത്തിന്റെ കാരുണ്യം കല്യാണിയെ ചേര്‍ത്തുപിടിച്ചതാവാം.

കാട്ടുചെടികളുടെ മണത്തില്‍നിന്ന് ഇബ്രാഹിമിന്റെ മരണം കല്യാണിക്ക് മനസ്സിലായി.


ഇബ്രാഹിം പ്രതികാരം ചെയ്‌തിരിക്കുന്നു.

ഇബ്രാഹിം കൊലപാതകി ആയിരിക്കുന്നു.

കല്യാണിക്ക് മനസ്സിലായി.

അവിടെ നിന്നവള്‍ കണക്ക് കൂട്ടിയപ്പോള്‍ പ്രതികാരം ആവര്‍ത്തിക്കപ്പെട്ടതാണെന്ന് കല്യാണിക്ക് മനസ്സിലായി.

അലാമിയോടുള്ള ദേഷ്യം അതോടെ അവളില്‍നിന്ന് മാഞ്ഞുപോയി. അവന്റെ കൈ പിടിച്ച് ആ രാത്രിയില്‍ അവള്‍ പറഞ്ഞു.

‘‘കൊല്ലങ്ങള്‍ക്ക് മുമ്പേയുള്ള കണക്ക് തീര്‍ത്തതാടാ... പാവം ഇബ്രാഹിം..!’’

അലാമിക്ക് അമ്മ പറഞ്ഞത് മനസ്സിലായില്ല. അമ്മയ്‌ക്ക്‌ തന്നോടുള്ള അരിശം തണുത്തതില്‍ അവന്‍ സമാധാനിച്ചു.

മൂസ ബോംബെയില്‍നിന്ന് തിരിച്ചെത്തിയത് ഉജ്ജിറയില്‍ നിന്ന് കല്യാണി ചീരുമ്പയില്‍ തിരിച്ചെത്തിയ രാത്രിയില്‍.

അറിഞ്ഞ കാര്യം മൂസ അവളോട് പറഞ്ഞപ്പോള്‍ അവള്‍ക്ക് ഇബ്രാഹിമിന്റെ മരണചിത്രം പൂർണമായും തെളിഞ്ഞു.

പിറ്റേന്ന് രാവിലെ ചന്തനെയും കൂട്ടി അവള്‍ പോലീസ് സ്റ്റേഷനിലേക്ക് നടന്നു.

ഉച്ചയായി സ്റ്റേഷനിലെത്താന്‍.


ഇബ്രാഹിമിന്റെ മരണത്തിന്റെ കാരണക്കാരുടെ കാര്യങ്ങള്‍ അവള്‍ വിശദമായി അവരോട് ഉണര്‍ത്തിച്ചു.

പൂജാരി കുടുംബത്തിന്റെ പേരുകള്‍ കേട്ടപ്പോള്‍ മൊഴി എഴുതിയെടുക്കുകയായിരുന്ന ഹെഡ്‌ കോണ്‍സ്റ്റബിളിന്റെ മുഖത്ത് ആദരവും ഭയവും ഉണര്‍ന്നു.

അന്വേഷിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ അറസ്റ്റ്...

ഹെഡ് കോണ്‍സ്റ്റബിള്‍ ഉറപ്പെന്ന കള്ളത്തരം അവര്‍ക്ക് മുന്നില്‍ പറഞ്ഞു.

‘‘ഞാന്‍ പറഞ്ഞതില്‍ ഒരു കളവുമില്ല സാറേ...’’

അവളുടെ വാക്കുകളില്‍ വല്ലാത്ത ഉറപ്പ് വന്നു.

‘‘മനസ്സിലായി. എന്നാലും ഞങ്ങള്‍ക്കും ഒരു രീതിയുണ്ടല്ലോ... അതോണ്ടാ...’’

അയാള്‍ വിനീതനായാണ് അത് പറഞ്ഞത്. അവള്‍ ഗൗരവത്തോടെയൊന്ന് മൂളിക്കൊണ്ട് കസേരയില്‍ നിന്നെഴുന്നേറ്റു. അമ്മ വീഴുമെന്ന് പേടിച്ച് ചന്തന്‍ അവളെ പിടിക്കാന്‍ തുനിഞ്ഞതാണ്, വേണ്ടെന്ന് തലയാട്ടിക്കൊണ്ട് അവള്‍ പുറത്തേക്ക് നടന്നു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ഹെഡ്‌ കോണ്‍സ്റ്റബിള്‍ അവര്‍ പോകുന്നതും നോക്കിക്കൊണ്ട് നിന്നു.

‘‘ഇവര്‍ക്ക് കണ്ണുണ്ടായിരുന്നെങ്കില്‍ എന്തായാനേ..!’’

അയാള്‍ സ്വയം പിറുപിറുത്ത് എഴുതിയതൊന്നുകൂടി വായിക്കാന്‍ തുടങ്ങി.

കല്യാണി പോലീസില്‍ മൊഴി പറഞ്ഞ ദിവസം രാത്രിയിലാണ് തോണിയില്‍ രണ്ടാളുകള്‍ മുനീറിനെ തേടിയെത്തിയത്. അതിലൊരാള്‍ അവന്റെ കളിക്കൂട്ടുകാരനായിരുന്നു‐ അബ്ബാസ്. കുട്ടിക്കാലത്ത് മുനീറിന്റെ തെറത്തിനൊപ്പം നിന്നവന്‍.

മുനീറിനേക്കാളും തെറമുള്ളവന്‍. വിരിച്ചയിടത്ത് കിടക്കാത്തവന്‍.

മറ്റേയാള്‍ ഹിന്ദിക്കാരനായിരുന്നു, അഹമ്മദ് പാഷ. ചാളയില്‍ നിന്ന് മുനീറിനെ അബ്ബാസ് തോണിക്കടുത്തേക്ക് കൊണ്ടുപോയി. അഹമ്മദ് പാഷയെ അവന്‍ മുനീറിന് പരിചയപ്പെടുത്തി. ഇബ്രാഹിമിന്റെ മരണത്തില്‍ നിന്നുണരാത്ത മുനീര്‍ അതില്‍ വലിയ താല്‍പ്പര്യമൊന്നും കാണിച്ചില്ല.

‘‘എല്ലാം ഞാനറിഞ്ഞിനെടാ...’’

അബ്ബാസ് അവന്റെ തോളില്‍ സ്‌നേഹത്തോടെ കൈവെച്ചു.

‘‘നിന്റെ ഉപ്പയുടെ മരണത്തിന് നമ്മള്‍ കണക്ക് ചോദിക്കുമെടാ മുനീറേ. അതിനുള്ള വഴിയാ തെളിഞ്ഞുവരുന്നത്...’’

ഉഷാറ് വരാന്‍ മുനീറിന്റെ ചുമലൊന്ന് കുലുക്കിക്കൊണ്ട് അബ്ബാസ് പറഞ്ഞു. അപ്പോള്‍ മുനീറിന്റെ മുഖമൊന്ന് വിടര്‍ന്നു. അത് അബ്ബാസിന് മനസ്സിലായി.

‘‘നേരെ കാര്യത്തിലേക്ക് വരാം.’’

അബ്ബാസ് മുനീറിന്റെ കണ്ണുകളില്‍ ഉറ്റുനോക്കി.

‘‘ഒരു മാല് വരുന്നണ്ട്... അത് ഈട നമ്മളെറക്കും..!’’

‘‘എന്ത് മാല്...!’’

അബ്ബാസ് ഒന്ന് നിശ്ശബ്ദനായി.

‘‘വമ്പന്‍ മാലാ...’’

‘‘എന്താന്ന് തെളിച്ച് പറയെടാ...’’

അബ്ബാസ് ഒന്ന് ചിരിച്ചു.


‘‘പൊന്ന്... കൊറച്ചൊന്നുമല്ല. കണക്ക് കേട്ടാല്‍ നീ ഞെട്ടും...’’

അവന്‍ വാക്കുകളില്‍ കോരിത്തരിപ്പുണ്ടാക്കിക്കൊണ്ട് പറഞ്ഞു.

മുനീറിന് കാര്യങ്ങള്‍ അപ്പോഴും വ്യക്തമായില്ല. അവന്‍ അബ്ബാസിനെ നോക്കുക മാത്രം ചെയ്‌തു.

‘‘മറ്റതെല്ലാം ആരിക്കും എറക്കാം. ഇതല്ലേ ഒരു ത്രില്ല്..! അല്ലേടാ...’’

അഹമ്മദ് പാഷയെ നോക്കിക്കൊണ്ട് അവന്‍ ചോദിച്ചു. അബ്ബാസിന്റെ മലയാളം മനസ്സിലായത് പോലെ അയാള്‍ മന്ദഹസിച്ചുകൊണ്ട് തലയാട്ടി.

‘‘നിനക്കൊന്നും മനസ്സിലായിട്ടില്ല, അല്ലേ...’’

ഇല്ല എന്നർഥത്തില്‍ അവന്‍ തലയാട്ടി.

ചെറുചിരിയോടെ അപ്പോള്‍ അബ്ബാസ് പൊന്നിന്റെ കഥ പറയാന്‍ തുടങ്ങി.... (തുടരും)

മാല്-‐ മുതല്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home