ad
Deshabhimani

നോവൽ

തെറം‐30

ചിത്രീകരണം: കെ പി മുരളീധരൻ
avatar
പി വി ഷാജികുമാർ

Published on May 30, 2026, 02:17 PM | 5 min read

സിസിലിയന്‍ മാഫിയ

സ്വർണക്കടത്തിന്റെ തെറ്റായ വഴിയിലൂടെ ജീവിതം പോകവെ മുനീറിന് മനസ്സിലായി അഴിക്കുന്തോറും മുറുകുന്ന കുരുക്കാണതെന്ന്. അബ്ബാസിന്റെയും പാഷയുടെയും കൂടെ മാസങ്ങളില്‍ പലതവണ അവന്‍ ഉരുവും തേടി ഉള്‍ക്കടലിലേക്ക് തോണി തുഴഞ്ഞു. ഹാജി മസ്‌താന്റെയും ദാവൂദ് ഇബ്രാഹിമിന്റെയും ലാന്‍ഡിങ് ഏജന്റുമാരായി മാറിയ മനുഷ്യരുടെ കഥയും ചരിത്രവും പതിയെപ്പതിയെ അവനും മനസ്സിലാക്കി. ചാവക്കാട്ടെ ചേറ്റുവ മൊയ്‌തുവില്‍ നിന്ന് കേരളത്തില്‍ അത് തുടങ്ങുന്നു. ഉരുവില്‍ പാചകക്കാരനായിരുന്ന ചേറ്റുവ മൊയ്‌തു, പാചകത്തിനൊപ്പം മറ്റൊന്നുകൂടി ചെയ്‌തു. അറബിനാടുകളില്‍ വില്‍ക്കപ്പെടുന്ന നാട്ടിലുള്ള സാധനങ്ങള്‍ അയാള്‍ ഉരുവില്‍ കയറ്റി, അക്കരെയെത്തിച്ചു. അതില്‍നിന്ന് കിട്ടുന്ന പ്രതിഫലംകൊണ്ട് അയാള്‍ സ്വർണനാണയങ്ങള്‍ വാങ്ങി ഇന്ത്യയിലേക്ക് കടത്തി. ഹാജി മസ്‌താന്റെ വിശ്വസ്‌തനായി അയാള്‍ മാറിയത് പെട്ടെന്നായിരുന്നു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ചാവക്കാട്ടുന്ന് പാചകക്കാരന്റെ കഥയും കാര്യവും മൂന്നുപേര്‍ അറിയുന്നുണ്ടായിരുന്നു. അവര്‍ മൂന്ന് പേരും കാസർകോട്ടുകാരുമായിരുന്നു. തളങ്കരയിലെ അഹമ്മദ്, കല്ലട്ര ഖാദര്‍, പാകിസ്ഥാന്‍ റഷീദ്. സാഹസികത നിറഞ്ഞ ധൈര്യമായിരുന്ന മൂവരുടെയും ബലം. ചേറ്റുവ മൊയ്‌തുവിന്റെ വഴിയേ അവരും വൈകാതെയിറങ്ങി. പാകിസ്ഥാന്‍ റഷീദ് അസാധാരണമായ ഓര്‍മയും ബുദ്ധിയുമുള്ള മനുഷ്യനായിരുന്നു. കംപ്യൂട്ടര്‍ എന്ന പേരില്‍ അയാള്‍ വിളിക്കപ്പെട്ടു. കല്ലട്ര ഖാദര്‍ ഫുട്‌ബോളും സൈക്കിളും ഇഷ്ടപ്പെടുന്നയാള്‍. ആരെയും വീഴ്‌ത്താനുള്ള നാവിന്റെ വഴക്കം അയാള്‍ക്കുണ്ടായിരുന്നു. കള്ളത്തരങ്ങളെ വാക്കുകള്‍കൊണ്ട് അയാള്‍ നേരുകളാക്കി മാറ്റി. സൗമ്യനും സുന്ദരനുമായിരുന്നു അഹമ്മദ്. ലേഡീസ് മാന്‍ എന്ന്‌ അയാള്‍ ആളുകള്‍ക്കിടയില്‍ അറിയപ്പെട്ടു. സ്‌ത്രീകള്‍ അയാളിലേക്ക് വീഴുകയും ആഗ്രഹിക്കുന്ന സ്‌ത്രീകളെ അയാള്‍ വീഴ്‌ത്തുകയും ചെയ്‌തു. ഹിന്ദിയിലെ സിനിമാക്കാരുമായി അയാള്‍ക്ക് വലിയ ബന്ധമുണ്ടായിരുന്നു. ഗായകര്‍ അയാളുടെ വീട്ടിലെത്തി പാട്ടുപാടി പ്രതിഫലവുമായി മടങ്ങിപ്പോയി. നടിമാര്‍ അയാളുടെ രാത്രികളെ സ്വപ്‌നസമാനമാക്കി.


മൂവരും സ്വർണം കടത്തിയത് ഒന്നിച്ചായിരുന്നില്ലെങ്കിലും ചെയ്യുന്ന പ്രവൃത്തികൊണ്ട് അവര്‍ സിസിലിയന്‍ മാഫിയ എന്ന് വിളിക്കപ്പെട്ടു. ഇറ്റലിയിലെ സിസിലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മാഫിയ സംഘമായിരുന്നു സിസിലിയന്‍ മാഫിയ. അംഗങ്ങള്‍ക്കിടിയില്‍ കോസ നോസ്ട്ര എന്ന് അവര്‍ അറിയിപ്പെട്ടു. കള്ളക്കടത്ത്, ലഹരിവസ്‌തുക്കളുടെ കച്ചവടം, രാഷ്‌ട്രീയ അട്ടിമറികള്‍ എന്നിവയൊക്കെയായിരുന്നു അവര്‍ ചെയ്‌തുപോന്നിരുന്നത്.

കാസർകോട്ടെ സിസിലിയന്‍ മാഫിയ ആവട്ടെ ലഹരിയില്‍ നിന്ന് പൂർണമായും വിട്ടുനിന്നു. അവര്‍ സ്വർണം കടത്തി, രാഷ്‌ട്രീയത്തില്‍ ഇടപെട്ടു, കാമുകിമാരെയുണ്ടാക്കി, പാവങ്ങളെ കയ്യയച്ച് സഹായിച്ചു. പാവങ്ങളെ സഹായിച്ചാല്‍ കള്ളക്കടത്തുകാരന്‍ എന്ന പേരുദോഷം പോവുമെന്നും അവര്‍ എപ്പോഴും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും മൂവരും വിശ്വസിച്ചു. അത് ഒട്ടൊക്കെ ശരിയുമായിരുന്നു. മൂവരുടെയും വീടും സമ്പത്തും കണ്ട് പലര്‍ക്കും കണ്ണുകടിയുണ്ടായി. തരുന്ന പണമോര്‍ത്ത് കണ്ണുകടിയെ ആളുകള്‍ മനസ്സില്‍ കടിച്ചുപിടിച്ചു.


അഹമ്മദിന് വേണ്ടി ഉള്‍ക്കടലില്‍നിന്ന് സ്വർണവുമായി മുനീര്‍ തീരത്തെത്തി.

ഓരോ തവണയും ഓരോ തീരങ്ങളില്‍ അവന്‍ മറ്റുള്ളവര്‍ക്കൊപ്പം തോണി അടുപ്പിച്ചു.

ചിലപ്പോള്‍ ഉജ്ജിറയില്‍

ചിലപ്പോള്‍ ചീരുമ്പയില്‍

ചിലപ്പോള്‍ തൈക്കടപ്പുറത്ത്

ചിലപ്പോള്‍ കാഞ്ഞങ്ങാട്...

കാസർകോട്ടെ കടല്‍ത്തീരങ്ങള്‍ മുനീറിന് കൈവെള്ളയെന്നപോലെ പരിചിതമായി.

അഹമ്മദ് കൂടുതല്‍ കൂടുതല്‍ പണക്കാരനായി.

മുനീറിന്റെ അവസ്ഥ മാറ്റമില്ലാതെ തുടര്‍ന്നു.

കര്‍ണാടകയില്‍ പൂജാരിമാരും അതിസമ്പന്നരായി മാറിക്കഴിഞ്ഞിരുന്നു. ആരാലും എതിര്‍ക്കാനാവാതെ രാഷ്‌ട്രീയനേതാക്കളുടെ സ്വന്തക്കാരനായി അവര്‍ മാറിയിരുന്നു. അതും മുനീര്‍ അറിഞ്ഞിരുന്നു. മുഹമ്മദിലൂടെ പ്രതികാരം നിർവഹിക്കപ്പെടുമെന്ന് പ്രതീക്ഷിച്ച മുനീറിന് തെറ്റി. അബ്ബാസ് വഴി പലതവണ അഹമ്മദിലേക്ക് പൂജാരിമാരുടെ കാര്യമെത്തിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. ഇരുവരും സമാന്തരമായി തങ്ങളുടെ വഴികളില്‍ കള്ളത്തരം ചെയ്‌തുകൊണ്ട് മുന്നോട്ടുപോയി. അത് മുനീറിനെ വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞു. സ്വർണക്കടത്തിന്റെ കൂടെ നിന്നതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് മനസ്സിലായെങ്കിലും അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ എന്തോ അവന് കഴിഞ്ഞതേയില്ല.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

കുട്ടിക്കാലത്ത് കേട്ടൊരു കഥ സങ്കടം വരുമ്പോള്‍ മുനീര്‍ ഇടയ്‌ക്ക്‌ ഓര്‍മിക്കും.

‘‘ബാഗ്ദാദുകാരനായ ഒരാള്‍ ഒരു സ്വപ്‌നത്തില്‍ കെയ്‌റോയില്‍ നിധിയിരിക്കുന്നത് കണ്ട്‌ അവിടേക്ക് യാത്ര പുറപ്പെടുന്നു. കെയ്‌റോയില്‍ അയാള്‍ ക്ഷീണംകൊണ്ട് തെരുവോരത്ത് കിടന്നുറങ്ങിപ്പോയി. അയാള്‍ക്കൊപ്പം ഉറങ്ങിയിരുന്ന ആളുകള്‍ കള്ളന്മാരായിരുന്നു. കള്ളന്മാരോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട് അയാളും ന്യായാധിപന്റെ മുന്നിലെത്തി. അയാള്‍ ഇവിടെ എത്തിപ്പെട്ടതിന്റെ കാര്യം ന്യായാധിപന് മനസ്സിലായി. ന്യായാധിപന്‍ ചിരിച്ചുകൊണ്ട് അയാളോട് പറഞ്ഞു.

‘‘എടോ, ഞാനും ഇതുപോലൊരു സ്വപ്‌നം കണ്ടിരുന്നു. ബാഗ്ദാദില്‍ ഒരിടത്തൊരു വീട്ടുമുറ്റത്തെ മരച്ചുവട്ടില്‍ ഒരു വലിയ നിധി ഇരിക്കുന്നു എന്നായിരുന്നു സ്വപ്‌നം. പക്ഷേ ഞാന്‍ നിന്നെപ്പോലെ മണ്ടനല്ലാത്തതുകൊണ്ട് ആ നിധി അന്വേഷിച്ച് കെയ്‌റോയില്‍നിന്ന് ബാഗ്ദാദിലേക്ക് പുറപ്പെട്ടില്ല... സ്വപ്‌നം വിശ്വസിച്ച നീയെന്തൊരു മണ്ടനാണ്...!''


ന്യായാധിപന്‍ ചിരി നിര്‍ത്തിയില്ല. പക്ഷേ ന്യായാധിപന്‍ പറഞ്ഞ സ്ഥലസൂചനകള്‍ കേട്ടപ്പോള്‍ അയാള്‍ക്ക് സന്തോഷം വന്നു. ആ നിധിയിരിക്കുന്ന കൃത്യമായ സ്ഥലമാണ് ന്യായാധിപന്‍ പറഞ്ഞിരിക്കുന്നത്. അത് അയാളുടെ വീട്ടുമുറ്റമായിരുന്നു. അയാള്‍ വളരെ സന്തോഷത്തോടെ ബാഗ്ദാദിലേക്ക് മടങ്ങിപ്പോയി തന്റെ വീട്ടുമുറ്റത്ത് മരച്ചുവട്ടില്‍ ഇരിക്കുന്ന നിധി കുഴിച്ചെടുത്തു.''

കഥയിലെ നിധി പോലെ എന്നെങ്കിലും സ്വർണം തന്നെ തേടിയെത്തുമെന്നും താന്‍ വലിയൊരു പണക്കാരനാകുമെന്നും പ്രതികാരം നിർവഹിക്കുമെന്നും മുനീര്‍ വിശ്വസിച്ചു.

അങ്ങനെയൊരിക്കല്‍ ഒരു മഴക്കാലത്ത് മുനീറിന്റെ വരണ്ടുകിടന്ന ജീവിതത്തില്‍ വലിയൊരു മാറ്റമുണ്ടായി.

തൈക്കടപ്പുറത്ത് സ്വർണമെത്തിച്ചശേഷം അവന്‍ ബേക്കല്‍ കോട്ടയിലേക്ക് പോയി. ഇടയ്‌ക്ക്‌ ഒറ്റയ്‌ക്ക്‌ അവന്‍ കോട്ട കാണാന്‍ പോകാറുണ്ടായിരുന്നു. കോട്ടയ്‌ക്ക്‌ മുകളിലിരുന്ന് കടലും കണ്ടിരിക്കുന്നത് ഉള്ളിലെ അസ്വസ്ഥതകളെ അല്‍പ്പമെങ്കിലും ഇല്ലാതാക്കിയിരുന്നു.

തന്റെ പൂർവികര്‍ തുര്‍ക്കിയില്‍നിന്ന് ആദ്യമെത്തിയത് ഇവിടേക്കാണെന്ന് അവനറിയില്ലല്ലോ.

അവരുടെ ധൈര്യമാണ് അവന്റെ അസ്വസ്ഥതകളെ മായ്ച്ചുകളയുന്നതെന്നും അവനറിയില്ലല്ലോ...


അന്ന് ബേക്കലിലെത്തിയ മുനീര്‍ കടലോരത്ത് കരിങ്കല്ലുകളില്‍ ചാരിയിരുന്നപാടെ അന്തംവിട്ട് ഉറങ്ങിപ്പോയി.

ഉറക്കത്തില്‍ അവനെ തേടിയൊരു സ്വപ്‌നം കടന്നുവന്നു.

വലിയൊരു പായക്കപ്പലില്‍ അവന്റെ മുഖമുള്ളൊരു മനുഷ്യന്‍ കടല് കടന്നുവരുന്നത്. അയാളുടെ മുഖത്ത് വല്ലാത്ത ദൈന്യതയും ആശങ്കയും നിറഞ്ഞിരുന്നു. അയാളുടെ കയ്യിലൊരു പട്ടമുണ്ടായിരുന്നു. അത് കടലിലെ കാറ്റിന്റെ തിളപ്പില്‍ ആകാശത്ത് പറന്നുകളിച്ചു.

സങ്കടങ്ങളൊഴിയാതെ ഉറങ്ങിക്കിടക്കുന്ന മുനീറിന്റെ ചെവിയില്‍ അയാള്‍ കാറ്റ് പോലെ മൃദുവില്‍ മന്ത്രിച്ചു:

‘‘കടത്തില്‍നിന്ന് മാറിനില്‍ക്ക് മുനീറേ... അത് നിന്റെ നല്ലതിനല്ല...''

അയാളത് പറഞ്ഞുകഴിഞ്ഞതും വലിയൊരു കാറ്റില്‍ കപ്പല്‍ ആടിയുലഞ്ഞു. പട്ടം അയാളെ വിട്ട് ആകാശത്തിന്റെ അറ്റം കാണാന്‍ പറന്നുയര്‍ന്നു. കപ്പല്‍ തലകുത്തനെ മറിഞ്ഞുവീണു. കടല്‍ കപ്പലിനെ വിഴുങ്ങി. വെള്ളത്തില്‍നിന്ന് പൊന്തിനില്‍ക്കുന്ന കപ്പലിന്റെ പിന്‍ഭാഗത്തിന് മുകളില്‍ ഒരു ആമ കുത്തിയിരുന്ന് ലോകത്തെ നോക്കി, അത് മുനീറിനെയും നോക്കി.

മുനീര്‍ സ്വപ്‌നത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

സ്വപ്‌നം തന്ന ഭ്രാന്തില്‍ മുനീര്‍ പരിസരബോധം നഷ്ടപ്പെട്ട് കുറച്ചുനേരം ഇരുന്നു. മനസ്സിന്റെ കണ്ണൊന്ന് തുറന്നപ്പോള്‍ ഒരു പെണ്‍കുട്ടി മരണം കണ്ടെത്താന്‍ കടലിലേക്ക് എടുത്തുചാടുന്നത് അവന്‍ കണ്ടു. അവന്‍ ഒന്നും നോക്കാതെ അവള്‍ക്ക് പിറകെ ശരം പോലെ വെള്ളത്തിലേക്ക് ഊളിയിട്ടു. മരണം അവളെ കടല്‍ത്തട്ടിലെ കരിങ്കല്ലുകള്‍ക്കിടയില്‍ കുടുക്കിയിട്ടതായിരുന്നു. നാലാമത്തെ നിവര്‍ന്നുമുങ്ങലില്‍ മുനീറിന് അവളുടെ തലമുടി കയ്യില്‍ കിട്ടി. അവളെയും വലിച്ച് അവന്‍ കരയിലേക്ക് നീന്തി.

മണല്‍പ്പരപ്പില്‍ അവന്‍ അവളെ കിടത്തി. അവന്‍ അന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായിരുന്നു അവള്‍. വയറില്‍ ഞെക്കി അവളുടെ ശ്വാസത്തെ വലിച്ചുതാഴ്‌ത്തിയ വെള്ളത്തെ പുറത്തേക്കൊഴുക്കവെ അവന്‍ അവളുടെ മുഖത്തുനിന്ന് കണ്ണെടുത്തതേയില്ല. പറഞ്ഞറിയിക്കാനാവാത്ത ഒരാനന്ദം മനസ്സില്‍ കളിയാടുന്നത് അവന്‍ തിരിച്ചറിഞ്ഞു. ആളുകള്‍ ചുറ്റിലും കൂട്ടംകൂടി നില്‍ക്കുന്നതും തന്നെ ശ്രദ്ധിക്കുന്നതുമൊന്നും അവന്‍ പരിഗണിച്ചതേയില്ല. അവന്‍ അവളില്‍ തന്നെയായി.


ബോധത്തിലേക്ക് ഉണര്‍ന്നതും അവള്‍ ചാടിയെഴുന്നേറ്റു. ശരീരത്തോട് ജലത്താല്‍ പറ്റിച്ചേര്‍ന്ന കുപ്പായം അവള്‍ വേഗത്തില്‍ വിടര്‍ത്തിച്ചു. അറിയാതെ ഉയര്‍ന്ന കരച്ചില്‍ അടക്കിപ്പിടിച്ച് മുനീറിനെയൊന്ന് നോക്കി അവള്‍ ആള്‍ക്കൂട്ടത്തില്‍നിന്ന് മുന്നോട്ട് നടന്നു.

അവള്‍ക്കൊപ്പം പിറകെ പോകാനും സംസാരിക്കാനും അവന്‍ ആഗ്രഹിച്ചതാണ്. എന്തോ അവന്‍ എഴുന്നേറ്റ് നടന്നത് അവള്‍ പോയതിന്റെ വിപരീതദിശയില്‍.

കണ്ട സ്വപ്‌നം അവളെ കണ്ടതോടെ അവനോട് ആവര്‍ത്തിച്ച് പറഞ്ഞു.

‘കടത്തില്‍നിന്ന് മാറിനില്‍ക്ക് മുനീറേ... അത് നിന്റെ നല്ലതിനല്ല...'

ആ തീരുമാനത്തിലേക്ക് അതിവേഗത്തില്‍ അവനെ എത്തിച്ചത് അവളായിരുന്നു. ജീവിതത്തില്‍ ആദ്യമായൊരു നല്ല കാര്യം ചെയ്‌തതിന്റെ സന്തോഷത്തിനൊപ്പം അനുരാഗമെന്ന അനുഭവം അറിഞ്ഞുതുടങ്ങിയതിന്റെ അനുഭൂതിയും അവനിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പുരയിലെത്തിയപ്പോള്‍ അവന്‍ ഒമറുമായി പതിവുപോലെ കലഹത്തിന് നിന്നില്ല. അവന്‍ അവളെത്തന്നെ ആലോചിച്ച് കിടന്നു. അബ്ബാസ് പറഞ്ഞ കഥയിലെ പ്രതിനായകന്റെ മകളാണ് അവളെന്ന് അതിനകം അവന്‍ മനസ്സിലാക്കിയിരുന്നു. അവള്‍ റസിയ. സ്വർണക്കടത്തിന്റെ വിവരങ്ങള്‍ കസ്റ്റംസിന് ഒറ്റിയതിന്റെ പേരില്‍ പാകിസ്ഥാന്‍ റഷീദിന്റെ ആളുകള്‍ ക്രൂരമായി മർദിച്ചുകൊന്ന കുമ്പളക്കാരന്‍ അബ്ദുള്ളയുടെ ഒരേയൊരു മകള്‍. റസിയയ്‌ക്ക്‌ ഉപ്പയാണ് ജീവന്‍. അബ്ദുള്ളയ്‌ക്കും അങ്ങനെത്തന്നെ. ഉപ്പ പോയതോടെ റസിയയുടെ ജീവനാണ് പോയത്. വിഷാദത്തിന്റെ ആഴങ്ങളിലേക്ക് അബ്ദുള്ളയുടെ മരണം റസിയയെ വലിച്ചുകൊണ്ടുപോയി. ഉറക്കം കിട്ടാതെ അവൾ ഉപ്പയെ വിളിച്ചു കരഞ്ഞു. സങ്കടഭ്രാന്ത് അവളെ മരിക്കാന്‍ വിളിച്ചു. അവള്‍ അത് അനുസരിച്ചു. അവന്‍ ആ അനുസരണയ്‌ക്ക്‌ തടയിട്ടു.


അവളെ ആലോചിച്ച് അവന് അന്ന് ഉറക്കം കിട്ടിയതേയില്ല. അവളെയോര്‍ത്ത് മുമ്പെങ്ങോ മനസ്സിലുണ്ടായിരുന്ന ഹിന്ദി ഗാനങ്ങളുടെ ഈരടികള്‍ അവന്‍ മൂളി. അപ്പോഴൊക്കെ അവള്‍ അടുത്തിരിക്കുന്നതുപോലെ അവന് തോന്നി. അവളിലേക്കുള്ള യാത്രയാണ് തന്റെ ജീവിതത്തിന്റെ രണ്ടാംഭാഗമെന്ന് അവന്‍ സ്വയമുറപ്പിച്ചു.

രണ്ട് മണിയോടടുത്തപ്പോള്‍ നാലുപേര്‍ അവനെ തേടിവന്നു. അവന്റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാതെ അവര്‍ അവനെ മണലിലൂടെ വലിച്ചിഴച്ചു. എതിര്‍ക്കാന്‍ ശ്രമിച്ച ഒമറിനെ അവര്‍ ചവിട്ടിവീഴ്‌ത്തി. വയറിന് ഏറ്റ ചവിട്ടില്‍ അവന്‌ ശ്വാസം മുട്ടി. മണലില്‍ ചുരുണ്ടിരുന്ന് അവന്‍ ശ്വാസം ആയാസത്തോടെ വലിച്ചു. മുനീര്‍ സർവശക്തിയുമെടുത്ത് അവരില്‍ നിന്ന് കുതറാന്‍ ശ്രമിച്ചു. അതവരുടെ ബലം കൂട്ടി. ഒച്ചയുണ്ടാക്കിയപ്പോള്‍ അവരവന്റെ വായില്‍ തുണി തിരുകി.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

എന്താണ് സംഭവിക്കുന്നത്..!

ആരാണിവര്‍..!

എവിടേക്കാണ് ഇവര്‍ കൊണ്ടുപോവുന്നത്?

മുനീറിന് ഒന്നും മനസ്സിലായില്ല. വണ്ടിയിലേക്ക് അവര്‍ വലിച്ചിടുമ്പോള്‍ കമ്പിയില്‍ അവന്റെ തലയടിച്ചു.

അബോധത്തിലേക്ക് കണ്ണുകളടയവെ അവന്‍ കടലില്‍ സ്വപ്‌നത്തിലെ കപ്പല്‍ കണ്ടു.

അവനെപ്പോലെയുള്ള മനുഷ്യന്‍ കാറ്റൊച്ചയില്‍ അവനോട് മന്ത്രിച്ചു.

‘കടത്തില്‍നിന്ന് മാറിനില്‍ക്ക് മുനീറേ... അത് നിന്റെ നല്ലതിനല്ല...' .(തുടരും)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home