നോവൽ
തെറം ‐27


പി വി ഷാജികുമാർ
Published on May 11, 2026, 11:21 AM | 6 min read
ദാവൂദ് ഇബ്രാഹിം
തളങ്കരയില്‍ തൊപ്പിയുണ്ടാക്കി അതും വിറ്റുനടന്ന് ജീവിച്ചിരുന്ന മനുഷ്യനായിരുന്നു അഹമ്മദിന്റെ ഉപ്പ സുലൈമാന്‍ ഹാജി. അക്കാലത്ത് ഉരുവില്‍ കടലും കടന്ന് പോകുന്നവര്‍ സുലൈമാന്‍ ഹാജിയുടെ തൊപ്പികളും കൂടെ കൊണ്ടുപോയി. പച്ചയിലും വെളുപ്പിലും സുലൈമാന്‍ ഹാജി തീര്‍ക്കുന്ന തൊപ്പികള്‍ക്ക് നാട്ടിലേക്കാള്‍ ആവശ്യക്കാരും ആരാധകരും അറേബ്യയിലായിരുന്നു. ഖുര്‍ആന്‍ വചനങ്ങള്‍ തുന്നിച്ചേര്‍ത്ത, തലയില്‍ വെച്ചാല്‍ തണുത്ത കാറ്റ് കയറി നില്‍ക്കുന്ന സുലൈമാന്റെ തൊപ്പിക്ക് സവിശേഷമായ പ്രാധാന്യം അവര്‍ കല്‍പ്പിച്ചുപോന്നു. മറ്റ് തൊപ്പികളെ പോലെയല്ല തളങ്കര തൊപ്പിയെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു.
സുലൈമാന്‍ ഹാജിയുടെ പാത പിന്തുടര്‍ന്ന തളങ്കരയില്‍ പലരും അതോടെ തൊപ്പിനിര്‍മാണത്തിലേക്കിറങ്ങി. സുലൈമാന്‍ ഹാജിയുടെ തൊപ്പികള്‍ക്കൊപ്പം അവരുടെ തൊപ്പികളും കടല്‍ കടന്നുപോയി. തൊപ്പിയുടെ പേരില്‍ അങ്ങനെ തളങ്കര പുറംലോകത്ത് അറിയപ്പെടാന്‍ തുടങ്ങി.
തളങ്കരത്തൊപ്പി തലയിലിട്ടാന്‍ വേറൊരു എടുപ്പാ...
അറബികള്‍ മാത്രമല്ല, തൊപ്പി തലയിലിട്ട ആളുകള്‍ പ്രായവ്യത്യാസമില്ലാതെ പറയാന്‍ തുടങ്ങി.
ചിത്രീകരണം: കെ പി മുരളീധരൻ
ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും തളങ്കരത്തൊപ്പിക്ക് ആവശ്യക്കാര്‍ കൂടും. അതുകൊണ്ടുതന്നെ പെരുന്നാളാവുമ്പോള്‍ സുലൈമാന്‍ ഹാജിക്ക് പണി കൂടും. ഇരുന്നയിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതെ സുലൈമാന്‍ ഹാജിയുടെ നടുവും കഴുത്തും കടയും. കാലുകള്‍ തരിക്കും. മക്കള്‍ അയാളുടെ സഹായത്തിന് കൂടെ നില്‍ക്കും. ഏറ്റവും ഇളയവനായ അഹമ്മദ് മാത്രം തൊപ്പിയുണ്ടാക്കുന്നതില്‍ വലിയ താല്‍പ്പര്യം കാണിച്ചില്ല. സുലൈമാന്‍ ഹാജിക്ക് കൂടുതല്‍ വാത്സല്യം അവനോടായിരുന്നു. സഹോദരങ്ങള്‍ അവന്‍ പണിയെടുക്കാതെ ചുറ്റിത്തിരിയുന്നത് കണ്ട് പരിഭവം പറയുമെങ്കിലും കുറ്റം പറയാനോ ദേഷ്യപ്പെടാനോ സുലൈമാന്‍ ഹാജി നിന്നില്ല.
അവന്‍ അവന്റെ വഴി കണ്ടെത്തും...
അയാള്‍ മനസ്സില്‍ ആശ്വസം കണ്ടെത്തും.
അത് ശരിയായി.
തൊപ്പിയുണ്ടാക്കിയില്ലെങ്കിലും തൊപ്പിയും കൊണ്ട് പോകുന്ന ഉരുവില്‍ അവന്റെ കണ്ണെത്തി.
കടല് കടന്നുപോകാന്‍ വയസ്സെത്തും മുമ്പേ അവന്‍ ആഗ്രഹിച്ചു. അറ്റം കാണാത്ത കടല്‍ അവന് സ്വപ്‌നങ്ങള്‍ സമ്മാനിച്ചു. കടലും താണ്ടി തിരിച്ചെത്തുന്ന തളങ്കരക്കാരോട് പത്താം വയസ്സില്‍ തന്നെ അവന്‍ വിശേഷങ്ങള്‍ തിരക്കാന്‍ തുടങ്ങി. അങ്ങ് ദൂരെ ദൂരെ അറേബ്യയെന്നൊരു നാടുണ്ടെന്നും സ്വപ്‌നങ്ങള്‍ വിളയുന്ന നാടാണെന്നും അവന്‍ മനസ്സിലാക്കി. സ്വപ്‌നങ്ങളില്‍ ജീവിക്കുന്ന അവന്‍ ആ നാട് പിടിക്കാന്‍ സ്വാഭാവികമായും ആശിക്കുമല്ലോ.
അവനിഷ്ടമുള്ളത് അവന്‍ ചെയ്യട്ടെ... അള്ളാഹുവിന് നിരക്കാത്തത് അവന്‍ ചെയ്യാതിരിക്കട്ടെ...
കടല് കടക്കനാണ് അഹമ്മദിന്റെ മനസ്സുറപ്പെന്ന് മനസ്സിലായപ്പോള്‍ സുലൈമാന്‍ ഹാജി അതുമാത്രം ആഗ്രഹിച്ചു.
മാലിക് ദിനാര്‍ പള്ളിക്ക് അടുത്തായാണ് അഹമ്മദിന്റെ കൂര. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മാലിക് ഇബ്‌നു ദിനാറും ഇരുപത്തിരണ്ട് അനുയായികളും അറേബ്യയില്‍ നിന്ന് തളങ്കരയിലെത്തി പണി കഴിപ്പിച്ച പള്ളിയാണ് അതെന്ന് അവനറിയാം. പത്ത് വെണ്ണക്കല്ലുകളുമായി കപ്പലില്‍ വന്നിറങ്ങിയ മാലിക് ദിനാർ കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദിന് ശേഷം പണിത എട്ടാമത്തെ പള്ളി. മാലിക് ദിനാര്‍ പള്ളിയിലെ മഖ്ബറയില്‍ അവന്‍ പ്രാർഥിച്ചതൊന്ന് മാത്രം, അറേബ്യയിലെത്താന്‍. അവന്റെ വിളി ഒട്ടും വൈകാതെ പടച്ചോന്‍ കേട്ടു.
നേരിന്റെ വഴിയില്‍ അവന്‍ നടക്കണമെന്ന സുലൈമാന്റെ പ്രാർഥന സംഭവിച്ചില്ല.
നേരില്‍ നിന്ന് ആഗ്രഹിച്ച ജീവിതമുണ്ടാവില്ലെന്ന് അഹമ്മദിന് മനസ്സിലായത് അറേബ്യയിലെത്തിയപ്പോള്‍.
അവന്റെ അറേബ്യന്‍ സ്വപ്‌നം സംഭവിച്ചത് പതിനേഴാം വയസ്സില്‍. വലിയ പെരുന്നാളിന് പതിനഞ്ച് ദിവസം മുമ്പ് ഉപ്പയും സഹോദരങ്ങളും ഉണ്ടാക്കിയ തളങ്കര തൊപ്പികളും കൊണ്ട് അവന്‍ ഉരുവില്‍ കയറി. കടലിന്റെ ചൊരുക്കില്‍ അറേബ്യയിലെത്തുന്നതുവരെ അവന്‍ നിര്‍ത്താതെ ഛര്‍ദിച്ചുകൊണ്ടിരുന്നു. മണ്ണില്‍ കാല് കുത്തുംമുമ്പേ കടലില്‍ മരണത്തിലേക്ക് കാല് കുത്തിയവരെ അറിഞ്ഞവരായിരുന്നു ഉരുവിലുള്ളവരും. അഹമ്മദെന്ന ചള്ളുചെക്കന്റെയും വിധി ഇതായിരിക്കുമെന്ന് സ്വഭാവികമായും അവര്‍ കരുതി. മരണപ്പെട്ടവരെ കടലില്‍ ഉപേക്ഷിച്ചതുപോലെ അഹമ്മദിനെയും കളയേണ്ടിവരുമെന്ന് അവര്‍ ഉറപ്പിച്ചു. ഓക്കാനിച്ച് എല്ലുകള്‍ മാത്രമുള്ള മെലിഞ്ഞൊരു കോലമായി പരിണമിക്കപ്പെട്ടെങ്കിലും പ്രാണന് അവനെ വിട്ടുപോവാന്‍ തോന്നിയില്ല.
കള്ളത്തരങ്ങള്‍ കുറേ കാട്ടിക്കൂട്ടാനുള്ളതാണ് അവന്റെ ജന്മം...
പ്രാണന് അറിയാമായിരുന്നു.
ചിത്രീകരണം: കെ പി മുരളീധരൻ
രണ്ടുപേര്‍ താങ്ങിപ്പിടിച്ചാണ് അവനെ അറേബ്യയുടെ കരയിലേക്കിട്ടത്.
‘നെനക്ക് തളങ്കരയ്‌ക്ക് തിരിച്ചെത്താന്‍ കഴിയുമോടാ...’
താങ്ങിയവര്‍ പരിഹാസത്തോടെ ചിരിച്ചു. ഉത്തരം പറയാന്‍ കഴിയാതെ അവന്‍ അപ്പോഴും ഛർദിച്ചു. ആരോ ഒരാള്‍ ചെറൂള്ളി കലക്കിയ ഉപ്പുവെള്ളം കൊടുത്തപ്പോള്‍ അവന്‍ ഉയിര്‍ത്തെഴുന്നേറ്റു. നാട്ടില്‍ വലിയ പെരുന്നാള്‍ ആഘോഷിക്കുന്ന ദിവസമാണ് അതെന്ന് അവന്‍ കണക്കുകൂട്ടിയെടുത്തു.
അത്രമേല്‍ ഹതാശമായ നാട്ടുകാര്‍ക്ക് ആശ നല്‍കുന്ന അറേബ്യയില്‍ നിന്ന് ഒന്നുമാവാതെ തിരിച്ചുപോവില്ലെന്ന് അവന്‍ ഉറപ്പിച്ചതും അന്നുതന്നെ.
കടല്‍ കടന്നെത്തിയ അവന്റെ കണ്ണ് മഞ്ഞളിച്ചത് അവിടുത്തെ സ്ഥലത്തിലോ കെട്ടിടങ്ങളിലോ ആളുകളിലോ പകിട്ടാര്‍ന്ന വസ്‌ത്രങ്ങളിലോ ഒന്നുമായിരുന്നില്ല, തനിത്തങ്കത്തിലായിരുന്നു.
അവന്റെ ഉമ്മ കഴുത്തിലെ ചരടില്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന പൊന്ന്.
കാസർകോട് നിന്ന് മൂന്ന് പേര്‍ സ്വർണക്കടത്തിന്റെ ലാന്‍ഡിങ് ഏജന്റുമായി വിളയാട്ടം നടത്തിയിരുന്ന കാലമായിരുന്നു. പാകിസ്ഥാന്‍ എന്ന പേരില്‍ കാസർകോട് നഗരത്തില്‍ ഹോട്ടല്‍ നടത്തിയിരുന്ന പാകിസ്ഥാന്‍ ഹബീബ്, അട്ടയെന്ന് വിളിക്കുന്ന ഇസ്മയില്‍, വലിയ ഉയരമുള്ള മുസ്തഫ കമാല്‍. അവരുടെ ഉപ്പമാരെല്ലാവരും കടല്‍ത്തൊഴിലാളികളായിരുന്നു. കടലില്‍ നിന്ന് അവര്‍ മത്സ്യങ്ങള്‍ കൊണ്ടുവന്നെങ്കില്‍ അവരിലൂടെ കടല്‍ത്തീരങ്ങള്‍ പഠിച്ച് മക്കള്‍ കടലിലൂടെ സ്വർണം കൊണ്ടുവന്നു.
ദാവൂദ് ഇബ്രാഹിമിന്റെ കാര്യക്കാരായിരുന്നു അവര്‍. ദാവൂദിന് വേണ്ടി അവര്‍ സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവന്നു. മഹാരാഷ്‌ട്രയിലെയും കേരളത്തിലെയും കടല്‍ത്തീരങ്ങളില്‍ അവര്‍ തോണികളില്‍ സ്വർണമിറക്കി. നിരത്തുവഴി അത് ബോംബെയിലെത്തിച്ചു. അതില്‍ വലിയ ലാഭം അവര്‍ക്കുമുണ്ടായി. കാസർകോട്ടെ വലിയ കള്ളക്കടത്തുകാരായും വലിയ പണക്കാരായും അവര്‍ താമസമേതുമില്ലാതെ മാറിക്കഴിഞ്ഞിരുന്നു.
ഈ കഥയൊക്കെ അഹമ്മദിന് അറിയാമായിരുന്നു. ചങ്കൂറ്റമുള്ളവരുടെ പണിയാകുന്നു കടത്ത്. ധൈര്യം കെട്ടാല്‍ കടത്തുകാരന്‍ അസ്‌തമിക്കും.
അതും അഹമ്മദിന് അറിയാമായിരുന്നു. അഹമ്മദിന്റെ സഹോദരന്മാര്‍ക്കൊന്നും ഇല്ലാത്ത സാധനമായിരുന്നു ചങ്കൂറ്റം.
അഹമ്മദിന് ഉള്ളതും.
കാസർകോട്ടെ പേരെടുത്ത കള്ളക്കടത്തുകാരനാവാന്‍ അവന്‍ ആഗ്രഹിച്ചതും ചങ്കൂറ്റത്തിന്റെ പുറത്തുതന്നെ.
പാകിസ്ഥാനും ഇസ്മായിലും മുസ്‌തഫയും പരസ്‌പരം സഹായിച്ചിരുന്ന മനുഷ്യരായിരുന്നു. സിസിലിയന്‍ മാഫിയപോലെ അവര്‍ കാസർകോട്ട് നിറഞ്ഞുനിന്നു. എന്നാല്‍ രക്തച്ചൊരിച്ചിലിന്റെ വഴിയിലേക്ക് അവര്‍ ഇറങ്ങിയില്ല. അങ്ങനെ ആവാതിരിക്കാന്‍ അവര്‍ പ്രത്യേകം കരുതല്‍ കാണിച്ചു. കസ്റ്റംസിനോ പൊലീസിനോ അവര്‍ ആരെയും ഒറ്റുകൊടുത്തില്ല. അവര്‍ സ്വർണം കടത്തിയും സ്വർണം കൊടുത്തും പണമുണ്ടാക്കി, സ്ഥലം വാങ്ങി, കെട്ടിടങ്ങള്‍ വാങ്ങി. കാസർകോട്ടെ കിരീടം വെക്കാത്ത രാജാക്കന്മാരായി.
അവരില്‍ ആരോടെങ്കിലും ചങ്ങാത്തത്തിലാവുകയും അങ്ങനെ സ്വർണക്കടത്തിന്റെ വഴിയിലേക്ക് ഇറങ്ങാനുമാണ് അഹമ്മദ് ആദ്യം വിചാരിച്ചത്.
അതുകൊണ്ട് ആഗ്രഹം നടക്കില്ലെന്ന് അവന്റെ മനസ്സ് പറഞ്ഞു.
എന്നാല്‍ അതിലേക്ക് അവന്‍ വൈകാതെയെത്തി.
ദിവസങ്ങളും ജീവിതവും മുന്നോട്ടുപോകാന്‍ അറേബ്യയിലെ ഒരു ഡാന്‍സ് ബാറില്‍ പണിയെടുക്കുകയായിരുന്നു അവന്‍. പല രാജ്യക്കാരായ സ്‌ത്രീകള്‍ നൃത്തമാടിയ ഡാന്‍സ് ബാറായിരുന്നു അത്. സമ്പന്നരായ ആണുങ്ങള്‍ മാത്രമായിരുന്നു അവിടേക്ക് വന്നിരുന്നത്. അവരിലും പ്രതാപികളുമായവരുമായി ഡാന്‍സ് ബാറിലെ സ്‌ത്രീകള്‍ കിടപ്പറ പങ്കിട്ടു.
അങ്ങനെയൊരു ശനിയാഴ്‌ച അവിടേക്ക് പുതിയൊരു അതിഥി കടന്നുവന്നു.
കട്ടിക്കണ്ണട വെച്ച കട്ടിക്കറുപ്പ് മീശയുള്ള വെളുത്ത് സുമുഖനായൊരു ചെറുപ്പക്കാരന്‍.
അയാള്‍ വന്നതും ആളുകള്‍ ഭയത്താലും ബഹുമാനത്താലും ഇരുന്നയിടത്ത് നിന്ന് എഴുന്നേറ്റു.
പാട്ട് അയാള്‍ക്ക് വേണ്ടി നിശ്ചലമായി. പാട്ടില്ലാതെ നര്‍ത്തകിമാരുടെ ആട്ടവും നിലച്ചു.
കഥയറിയാതെ ബിയറുമായി അന്തിച്ചുനിന്ന അഹമ്മദിനോട് സഹജീവനക്കാരന്‍ മന്ത്രിച്ചു.
ദാവൂദ് ഇബ്രാഹിം...!
അഹമ്മദിന് രോമാഞ്ചമുണ്ടായി.
ചിത്രീകരണം: കെ പി മുരളീധരൻ
വര്‍ഷങ്ങളായി അവന്‍ കേട്ടിരുന്ന പേരായിരുന്നു അത്. അവന്‍ അയാളെ തന്നെ നോക്കിനിന്നുപോയി. നിമിഷങ്ങള്‍ക്കുള്ളില്‍ പാട്ട് തുടരാന്‍ അയാള്‍ കൈ ആട്ടുകയും പാട്ട് വീണ്ടും തുടങ്ങുകയും നര്‍ത്തകികള്‍ ആട്ടമാടുകയുമുണ്ടായി. അയാള്‍ കൈകൊട്ടിക്കൊണ്ട് അടുത്തേക്ക് വിളിച്ചപ്പോള്‍ തന്റെ വിധി തീരുമാനിക്കപ്പെട്ടതായി അവന് മനസ്സിലായി. അവന്‍ ആദരവ് തെല്ലും കുറയാതെ അയാള്‍ക്കടുത്തേക്ക് നടന്നു. അവനെ നോക്കാതെ സുന്ദരികളായ നര്‍ത്തകികളില്‍ വലക്കണ്ണിട്ട് വില കൂടിയ രണ്ട് വോഡ്കയ്‌ക്കും അണ്ടിപ്പരിപ്പിനും അയാള്‍ ഓര്‍ഡര്‍ ചെയ്‌തു.
അന്ന് അയാളെ നോക്കിയത് അവനായിരുന്നു. അയാള്‍ ആഗ്രഹിക്കുന്ന നിമിഷത്തില്‍ അവന്‍ അടുത്തെത്തി. രാത്രിയില്‍ ഡാന്‍സ് ബാറിലെ മുറിയിലേക്ക് അയാള്‍ നര്‍ത്തകിയായ ബോസ്‌നിയക്കാരിയെ കൂട്ടിപ്പോയി. അവളെ അവന് പരിചയമുണ്ടായിരുന്നു. യുദ്ധത്തില്‍ കുടുംബത്തെയെല്ലാം നഷ്ടപ്പെട്ട് ജീവിക്കാന്‍ ഇടമില്ലാതെ അറേബ്യയിലേക്ക് നാടുവിട്ട പെണ്ണായിരുന്നു അവള്‍. ഏതോ ഒരു രാത്രിയില്‍ മദ്യപിച്ച് ഉന്മത്തയായി അവനോട് അവള്‍ കഥകളെല്ലാം പറഞ്ഞിരുന്നു. അന്ന് അവന്‍ ഗുലാം അലിയുടെ പാട്ട് പാടി അവളെ ഉറക്കിയിരുന്നു.
ഗസലുകള്‍ തന്റേതായ രീതിയിലും താളത്തിലും പാടാന്‍ അവന് കഴിവുണ്ടായിരുന്നു. അവന്റെ പാട്ടുകള്‍ക്ക് ഡാന്‍സ് ബാറില്‍ ആരാധകരുമുണ്ടായിരുന്നു. അതില്‍ ഒരുവളായിരുന്നു ബോസ്‌നിയക്കാരി. ഏകാന്തതയും വിഷാദവും ദുസ്സഹമാവുന്ന നേരങ്ങളിലെല്ലാം അവള്‍ അവനെ അടുത്തേക്ക് വിളിക്കുകയും പാട്ട് പാടിക്കുകയും പാടിക്കൊണ്ടുതന്നെ വേഴ്‌ചയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു. പാട്ട് പോലെ തന്നെ അവന് സ്‌ത്രീകളെയും ഇഷ്ടമായിരുന്നു. തരം കിട്ടുമ്പോഴെല്ലാം അവനതില്‍ ജയവും കണ്ടെത്തിയിരുന്നു.
അവന്‍ പ്രാപിച്ചതില്‍ ഏറ്റവും രസകരമായ അനുഭവം തന്നത് അവളായിരുന്നു. അതുകൊണ്ടുതന്നെ ദാവൂദ് ഇബ്രാഹിം ഈ രാത്രിയില്‍ സ്വർഗത്തിലെത്തുമല്ലോ എന്നോര്‍ത്ത് അവന് ചെറുതല്ലാത്ത അസൂയയും തോന്നിയിരുന്നു. എന്നാല്‍ തന്റെ ജീവിതത്തിന്റെ പുതുവഴി തെളിയാന്‍ പോകുകയാണെന്ന തോന്നലില്‍ അവന്‍ അസൂയയെ ഉള്ളിലൊതുക്കി.
പുലരുവോളം ഇരുവരെയും നോക്കിയത് അവന്‍ തന്നെ. മദ്യവും ഭക്ഷണവും വെള്ളവുമായി ഇടയ്‌ക്കിടെ അവന്‍ അവരുടെ മുറിയിലേക്ക് പോയി. ബോസ്‌നിയക്കാരി അവനെ ദാവൂദ് ഇബ്രാഹിമിന് പരിചയപ്പെടുത്തിക്കൊടുക്കുകയുമുണ്ടായി.
സാധനങ്ങള്‍ കൊടുത്ത് അവന്‍ വാതിലിന് പുറത്ത് ഒച്ചയടക്കിപ്പിടിച്ച് നിന്നു. മുറിയില്‍ നിന്നുയരുന്ന ശീല്‍ക്കാരങ്ങളില്‍ നിന്ന് ദാവൂദ് ഇബ്രാഹിം അവളെയാണ് സ്വർഗം കാണിക്കുന്നതെന്ന് അവന് മനസ്സിലായി. നാല് മണിക്കൂറിനുള്ളില്‍ അവര്‍ പലതവണ ചേര്‍ത്തുപിടിക്കുകയും ആസക്തിയുടെ പടം പൊഴിക്കുകയുമുണ്ടായി. ദാവൂദ് ഇബ്രാഹിം അരക്കെട്ടിന്റെ അധോലോകത്തിലും രാജാവ് തന്നെയെന്ന് ചെറുചിരിയോടെ ഉള്ളില്‍ പറഞ്ഞ നിമിഷം ബോസ്‌നിയക്കാരി അവനെ വെള്ളത്തിനായി വിളിച്ചു.
വെള്ളവുമായി ചെല്ലുമ്പോള്‍ അവന്‍ ഇടയ്‌ക്കിടെ പാടാറുള്ള ഗുലാം അലിയുടെ ‘ചുപ്‌കേ ചുപ്‌കേ രാത് ദിന്‍’ വരി തെറ്റിച്ച് പാടുകയായിരുന്നു അവള്‍. ഒട്ടും താളബോധമില്ലാതെ അവള്‍ പാടുന്നത് കേട്ട് സിഗരറ്റും വലിച്ച് ചിരിയോടെ ഇരിക്കുകയായിരുന്നു ദാവൂദ് ഇബ്രാഹിം. വെള്ളം വെച്ച് പുറത്തുപോകാന്‍ തുടങ്ങിയ അവനോട് ചുപ്‌കേ ചുപ്‌കേ പാടാന്‍ ബോസ്‌നിയക്കാരി പറഞ്ഞു.
‘‘സോറി മാഡം...’’
അതും പറഞ്ഞ് അവന്‍ വേസ്റ്റ് പാത്രങ്ങള്‍ അട്ടിക്ക് വെച്ചു.
അവള്‍ അപേക്ഷിച്ചു.
അവള്‍ നിര്‍ബന്ധിച്ചു.
ദാവൂദ് ഇബ്രാഹിം പറയാതെ ഒരു വരി പോലും മൂളില്ലെന്ന് മനസ്സ് കൊണ്ട് ഉറപ്പിച്ചതിനാല്‍ വേസ്റ്റ് പാത്രങ്ങളുമായി അവന്‍ പുറത്തേക്ക് നടന്നതാണ്.
‘‘പാടെടോ...’’
ഉര്‍ദുവില്‍ ഗൂഢതയാര്‍ന്ന ഒച്ച അഹമ്മദിനെ തിരിച്ചുവിളിച്ചു.
ചിത്രീകരണം: കെ പി മുരളീധരൻ
നിലത്ത് ചമ്രം പടിഞ്ഞിരുന്ന് തൊണ്ടയൊന്ന് ശരിയാക്കി കണ്ണുകളടച്ച് അവന്‍ ചുപ്‌കേ ചുപ്‌കേ രാത് ദിന്‍ പാടാന്‍ തുടങ്ങി. ഇതുവരെ പാടിയതില്‍ ഏറ്റവും മികവാര്‍ന്ന സ്വരത്തില്‍ അവന്‍ വരികള്‍ ചൊല്ലി. പാടിക്കൊണ്ടിരിക്കവെ തളങ്കര തൊപ്പിയും മാലിക് ദിനാറും ഉരുവും അറ്റം കാണാത്ത കടലും മരണമെത്തുന്നോളമിട്ട ഛർദിയും കാസർകോട്ടെ കിരീടം വെക്കാത്ത രാജാക്കന്മാരും അവന്റെ മനസ്സില്‍ തെളിഞ്ഞുവന്നു.
എനിക്ക് ജയിക്കണം...
പാടവെ അവന്റെ മനസ്സ് മന്ത്രിച്ചു.
പാടിത്തീര്‍ന്നതും ബോസ്‌നിയക്കാരി അവനെ എഴുന്നേല്‍പ്പിച്ച് കെട്ടിപ്പിടിച്ച് നെറ്റിയില്‍ ഉമ്മ വെച്ചു. ദാവൂദ് ഇബ്രാഹിം കസേരയില്‍ നിന്ന് എഴുന്നേറ്റ് അവനടുത്തേക്ക് വന്നു. അവന്റെ കൈപിടിച്ച് കുലുക്കി അയാള്‍ പറഞ്ഞു.
‘‘സബാഷ്...!’’
ആ നേരത്ത് അവന് മനസ്സിലായി, വിധി എഴുതപ്പെട്ടിരിക്കുന്നു.
അഹമ്മദിന്റെ കഥ അബ്ബാസില്‍ നിന്ന് കണ്ണെടുക്കാതെ മുനീര്‍ കേട്ടു.
അപ്പോള്‍ അഹമ്മദിന് വേണ്ടിയാണ് സ്വർണം കടത്തേണ്ടത്.
‘‘അഹമ്മദിന്റെ വിധി തീരുമാനിക്കപ്പെട്ടതുപോലെ നമ്മള്‍ടെയും വിധി തീരുമാനിക്കപ്പെടുകയാണെടാ മുനീറേ...’’
അബ്ബാസ് ആവേശത്തോടെ കഥയ്‌ക്ക് വിരാമമിട്ടു.
‘‘അപ്പോള്‍ എന്താ തീരുമാനം...’’
അബ്ബാസ് ഉത്തരത്തിന് കാത്തു.
മുനീര്‍ ഒന്നും മിണ്ടിയില്ല. അവന്‍ പാക്കനാരെ ഓര്‍ക്കുകയായിരുന്നു.
പാക്കനാര്‍ എന്നത്തെയും പോലെ അന്നും കാട്ടിലെത്തി ഈറ്റ വെട്ടിത്തുടങ്ങവെ അതില്‍ നിന്ന് സ്വർണനാണയങ്ങള്‍ മഴ പോലെ വീഴാന്‍ തുടങ്ങി.
‘‘ആളെക്കൊല്ലി... ആളെക്കൊല്ലി...’’
ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് അയാള്‍ കാട്ടില്‍നിന്ന് നാട്ടിലേക്കോടി. വഴിയില്‍ ഉണ്ടായിരുന്നവര്‍ പാക്കനാരുടെ പറച്ചില്‍ കേട്ട് കാട്ടില്‍നിന്ന് ഏതോ കാട്ടുമൃഗം ഇറങ്ങിയെന്ന് വിചാരിച്ചു. രണ്ടുപേര്‍ ആയുധങ്ങളുമായി കാട്ടിലേക്ക് നടന്നു. പാക്കനാര്‍ പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ സ്വർണക്കൂമ്പാരം കണ്ടു. അത് അവരെടുത്ത് ഒരു ഭാണ്ഡത്തിലാക്കി.
ചിത്രീകരണം: കെ പി മുരളീധരൻ
മറ്റവനെ ഒഴിവാക്കി എങ്ങനെ മുഴുവനും സ്വന്തമാക്കാം.
ഇരുവരും ചിന്തിച്ചു.
‘‘വിശക്കുന്നു...’’
ഒന്നാമന്‍ പറഞ്ഞു. രണ്ടാമന്‍ നാട്ടില്‍നിന്ന് ആഹാരവുമായി തിരിച്ചുവന്നു. ഒന്നാമന്‍ മറഞ്ഞുനിന്ന് രണ്ടാമനെ കോടാലി കൊണ്ട് കൊലപ്പെടുത്തി.
രണ്ടാമന്‍ മരിച്ചുവെന്ന് ഉറപ്പിച്ച് സ്വർണഭാണ്ഡവും മടിയില്‍ വെച്ച് ഒന്നാമന്‍ രണ്ടാമന്‍ കൊണ്ടുവന്ന ആഹാരം കഴിച്ചു. അത് കഴിച്ചയുടനെ ഒന്നാമന്‍ മരണത്തിലേക്ക് മലര്‍ന്നുവീണു.
രണ്ടാമന്‍ ആഹാരത്തില്‍ വിഷം കലര്‍ത്തിയിരുന്നു...!
പാക്കനാര്‍ പറഞ്ഞത് മുനീര്‍ സ്വയം പറഞ്ഞു.
‘ആളെക്കൊല്ലി... ആളെക്കൊല്ലി..!’
അബ്ബാസ് അവന്റെ ചുമലില്‍ തൊട്ടു.
‘‘എന്താടാ ചിന്തിക്കുന്നത്...’’
അവന്‍ അബ്ബാസിനെ നോക്കി ഒന്നുമില്ലെന്ന് തലയാട്ടി.
‘‘ഉറപ്പിക്കട്ടെ...’’
മുനീര്‍ മിണ്ടിയില്ല. അബ്ബാസ് അവന് നേര്‍ക്ക് കൈനീട്ടി.
‘‘പറ...’’
ഉത്തരം പറയാതെ മുനീര്‍ അബ്ബാസിന് കൈ കൊടുത്തു. ആ നേരത്ത് അഹമ്മദ് ദുബായിലെ ഒരു ഡാന്‍സ് ബാറിലെ മുറിയിലിരുന്ന് ഇറ്റലിക്കാരിയായ ഒരു പതിനേഴുകാരിയിൽനിന്ന് സ്‌നേഹം പകുത്തെടുക്കുകയായിരുന്നു . (തുടരും)










0 comments