നോവൽ
ശ്വാസപാത‐3

എൻ പ്രഭാകരൻ
Published on May 04, 2026, 11:03 AM | 11 min read
5
പരിചയപ്പെട്ട് ഒരാഴ്‌ചയാവും മുമ്പേ ജലജ അയാളുമായി വാട്സ്ആപ്പില്‍ ബന്ധപ്പെടാന്‍ തുടങ്ങിയിരുന്നു. ശ്വാസകോശ രോഗികള്‍ക്കു മാത്രം അനുഭവപ്പെടുന്നതും ആരോഗ്യവാന്മാരായ ആളുകള്‍ക്ക് ആലോചിക്കേണ്ടിവരികയേചെയ്യാത്തതുമായ ചെറിയ ചെറിയ അനുഭവങ്ങളുടെ പങ്കുവയ്‌പ്പാണ് അതിലൂടെ പ്രധാനമായും നടന്നത്. നിലത്തുവീണ ഒരു സാധനം കുനിഞ്ഞെടുക്കാന്‍ ശ്രമിച്ചാല്‍ ശ്വാസംമുട്ടി പിടഞ്ഞുപോകുന്ന അവസ്ഥ, കയ്യിലെയും കാലിലെയും നഖങ്ങള്‍ എത്ര വൃത്തിയായി മുറിച്ചാലും ഏതാനും ദിവസങ്ങള്‍ക്കകം വളര്‍ന്നും കീഴോട്ടുവളഞ്ഞും പോകുന്നത്, ഒന്നു ചെരിഞ്ഞുകിടക്കുക എന്ന നന്നേ ചെറിയ അധ്വാനംപോലും ശ്വാസത്തെ തകരാറിലാക്കുന്നത്, ഓരോരോ ചെറിയ ചെറിയ ഓര്‍മകളും വലിയ വലിയ വേദനയുണ്ടാക്കുന്നത്... എന്നിങ്ങനെയുള്ള കാര്യങ്ങള്‍ എല്ലാ വിശദാംശങ്ങളോടും കൂടി നിത്യവുമെന്നോണം കൈമാറി, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജലജ, തന്റെ അകാലത്തില്‍ മരിച്ചുപോയ സഹോദരിക്കു പകരക്കാരിയായിത്തീര്‍ന്നു അയാളുടെ ഉള്ളില്‍.
അറുമുഖം ലങ്സ് ട്രാൻസ്‌പ്ലാന്റേഷനുവേണ്ടി ഹോസ്‌പിറ്റലിലേക്ക് പോയ വിവരവും അവരില്‍നിന്നാണ് അയാള്‍ അറിഞ്ഞത്. മെസേജ് മാധ്യമമായുള്ള ആ സംഭാഷണം ഇങ്ങനെയായിരുന്നു:
“അറുമുഖേട്ടന്‍ ഹോസ്‌പിറ്റലിലേക്കു പോയ വിവരം സാററിഞ്ഞില്ലേ?”
“അയാളും കൂടെ സഹായിയായി ഉള്ള പയ്യനും കൂടി പോവുന്നതു കണ്ടിരുന്നു. ഒന്നും സംസാരിച്ചില്ല. ബുദ്ധിമുട്ട് കൂടിയിരിക്കും എന്നെനിക്കു മനസ്സിലായി.”
“അതുകൊണ്ടല്ല സാറേ. ഹോസ്‌പിറ്റലില്‍നിന്ന് അലർട്ട് വന്നു. അങ്ങനെ ട്രാൻസ്‌പ്ലാന്റേഷനു പോയതാണ്. ഇന്നലെ രാത്രി തന്നെ സര്‍ജറി നടന്നു. പ്രശ്നമൊന്നുമില്ല. അയാള്‍ രക്ഷപ്പെട്ടു.”
“ഭാഗ്യം. ഒത്ത ഒരു ലങ്സ് കിട്ടി. അത് മാറ്റിവച്ച് ബുദ്ധിമുട്ടൊന്നുമില്ലാതെ ഇരിക്കുന്നത് വലിയ ആശ്വാസം തന്നെ.”
“അതെ സാറേ, എന്റെ കാര്യം എപ്പോഴാണെന്നറിയില്ല.”
“വൈകാതെ കിട്ടുമായിരിക്കും. ഈ ഹോസ്‌പിറ്റലില്‍ ട്രാൻസ്‌പ്ലാന്റേഷന്‍ സ്ഥിരമായി നടക്കുന്നതല്ലേ...”
ചിത്രീകരണം: സുനിൽ അശോകപുരം
“അതെ, ഞാനും പ്രതീക്ഷയോടെ ഇരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും പണച്ചെലവുള്‍പ്പെടെ ഓരോരോ പ്രശ്നങ്ങളാണ്. സാറ് ട്രാൻസ്‌പ്ലാന്റേഷനുവേണ്ടി രജിസ്റ്റര്‍ ചെയ്യാതിരുന്നതെന്താ?”
“ഒന്നാമത് എനിക്ക് അത്രയും വലിയ തുക സമാഹരിക്കാനാവില്ല. പിന്നെ ഒട്ടും ആത്മവിശ്വാസവുമില്ല. ശ്വാസകോശം മാറ്റിവച്ചതിനു ശേഷവും ഞാന്‍ ജീവിച്ചിരിക്കും എന്ന് ഉറപ്പുവേണ്ടേ?”
“അതിനൊന്നും പ്രശ്നമുണ്ടാവില്ല സാറേ. പിന്നെ പണത്തിന്റെ കാര്യത്തില്‍ സാറിനൊക്കെ അത്ര വലിയ ബുദ്ധിമുട്ട് വരുമോ. ഒരുപാടുപേര്‍ സഹായിക്കാനുണ്ടാവില്ലേ?”
“ഞാന്‍ ആ വഴിക്കൊന്നും ആലോചിച്ചിട്ടേയില്ല. എന്തായാലും ട്രാൻസ്‌പ്ലാന്റേഷന്‍ വേണ്ട എന്ന് ഉറച്ചു തീരുമാനിച്ചു. റിഹാബിലിറ്റേഷന്‍ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാവുമെങ്കില്‍ ഉണ്ടാവട്ടെ.”
ആ സംസാരം പിന്നെ അധികം നീണ്ടുപോയില്ല.
രാത്രിയില്‍ ജലജയുടെ മെസേജ് പിന്നെയും വന്നു.
“സാറ് അറിഞ്ഞോ?”
“എന്താ?”
“അറുമുഖേട്ടന്‍ മരിച്ചുപോയി.”
“ങ്ഹേ...”
“വൈകുന്നേരം ഹാര്‍ട്ട് അറ്റാക്ക് വന്നു. ഡോക്ടര്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല.”
“അയ്യോ...’’
‘‘കേട്ടിട്ട് ഞാനും എന്തോ ആയിപ്പോയി.’’
“പാവം, നല്ല ധൈര്യത്തോടെ ഇരുന്ന മനുഷ്യനാണ്... എന്തു പറയാനാണ്.”
ജലജ മെസേജ് തുടരാനാവാതെ നിന്നപ്പോള്‍ ബാലാജിയുടെ വിളി വന്നു.
“സാറേ, അറുമുഖത്തിന്റെ കാര്യം അറിഞ്ഞോ?”
“ദാ, ഇപ്പോഴാണറിഞ്ഞത്. എന്തു പറയാനാണ്...”
തുടര്‍ന്ന് ഒന്നും പറയാനാവാതെ അയാള്‍ നിന്നു. ഫോണിന്റെ അങ്ങേത്തലയ്‌ക്കലും നിശ്ശബ്ദത മാത്രം. അൽപ്പനേരത്തെ മൗനത്തിനുശേഷം അയാള്‍ തുടര്‍ന്നു: “നമ്മള് ദുഃഖിച്ചിട്ടൊന്നും കാര്യമില്ലല്ലോ. പിന്നെ മനുഷ്യരല്ലേ, പരിചയപ്പെട്ടുകഴിഞ്ഞ ഒരു മനുഷ്യന്‍, അതും തൊട്ടടുത്തു താമസിച്ച ഒരാള്‍ ഇനി ഈ ഭൂമിയിലില്ല എന്നറിയുമ്പോള്‍ എന്തൊക്കെ യുക്തിവിചാരം ചെയ്‌താലും വേദനയുണ്ടാവും. അതും ഇല്ലെങ്കില്‍പ്പിന്നെ...’’
“ശരിയാണ്.” ബാലാജിയുടെ ശബ്ദം വല്ലാതെ പതറിയിരുന്നു.
തല്‍ക്കാലത്തേക്കു സംസാരം തുടരാന്‍ ശ്രമിക്കേണ്ടതില്ല എന്ന് തോന്നിയതുകൊണ്ട് അയാള്‍ ആ വിളി കട്ട് ചെയ്‌തു. അന്നു രാത്രി ഏറെനേരം അയാള്‍ അറുമുഖത്തെപ്പറ്റിയാണ് ആലോചിച്ചത്.ഒന്നു പരിചയപ്പെട്ടതല്ലാതെ ആ മനുഷ്യനുമായി താന്‍ സൗഹൃദം സ്ഥാപിച്ചിട്ടില്ല. ആകെക്കൂടി രണ്ടു തവണയേ മുഖാമുഖം കണ്ടിട്ടുള്ളൂ. എന്നാലും ഇനി അയാളെ കാണുകയേ ഇല്ല, അയാൾ എന്നേക്കുമായി ഇല്ലാതായി എന്നാലോചിക്കുമ്പോള്‍ മനസ്സ് വിങ്ങുന്നുണ്ട്. ഭൂമിയില്‍ പത്തെഴുപതു വര്‍ഷത്തിലധികം ജീവിച്ച ഏതു മനുഷ്യനും, അയാള്‍ എത്ര സാധാരണക്കാരനായാലും, ചില ഔദ്യോഗിക രേഖകളില്ലാതെ മറ്റെങ്ങും അയാളുടെ പേര് രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും, അയാളുടെ ജീവിതവും വളരെ വലുത് തന്നെയാണ്. അതിന്റെ യഥാർഥമായ വലിപ്പത്തെപ്പറ്റി ഒരുപക്ഷേ അയാള്‍ മാത്രമേ അറിയുന്നുണ്ടാവൂ. എന്നാലും അത് അവാസ്‌തവമാവുകയില്ല. ഇങ്ങനെയൊക്കെ ആലോചിച്ചാലോചിച്ച് മണിക്കൂറുകള്‍ തന്നെ അയാള്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
പിറ്റേ ദിവസം ഉച്ചയോടടുത്തപ്പോള്‍ ബാലാജി വീണ്ടും അയാളെ വിളിച്ചു.
“ചെറിയ പരിചയം മാത്രമേ ഉള്ളൂ. അധികമൊന്നും സംസാരിച്ചിട്ടുമില്ല. എങ്കിലും അറുമുഖത്തിന്റെ മരണം വല്ലാത്ത ഒരു ഷോക്കായി ഇപ്പോഴും നില്‍ക്കുകയാണ്.”
ബാലാജി പറഞ്ഞു: ‘‘ഒരുപക്ഷേ, നാളെ എനിക്കും ഇങ്ങനെ തന്നെ സംഭവിക്കാമല്ലോ എന്നു വിചാരിച്ചിട്ടാവാം… പക്ഷേ, ഞാന്‍ അങ്ങനെ സ്വന്തം കാര്യം ആലോചിച്ചു വേവലാതിപ്പെടുന്ന കൂട്ടത്തിലല്ല. എന്നാലും അബോധമായി അതും പ്രവര്‍ത്തിക്കുമല്ലോ. യൗവനകാലത്തൊക്കെ ഞാനൊരു സ്വപ്‌നജീവിയും ചെറിയ പ്രശ്നങ്ങളില്‍പ്പോലും വല്ലാതെ വേവലാതിപ്പെടുന്നവനുമായിരുന്നു. ആ പ്രകൃതം പാടേ മാറി. സാധാരണഗതിയില്‍ ഒന്നും ഒരു പരിധിക്കപ്പുറം എന്നെ ബാധിക്കില്ല. പക്ഷേ...”ബാലാജിക്കു തന്റെ മനസ്സിലെ മൂടിക്കെട്ടലില്‍നിന്ന് എത്രയും വേഗം രക്ഷപ്പെടണമെന്നുള്ളതുപോലെ തോന്നി. അതിനുവേണ്ടിത്തന്നെ അയാള്‍ തുടര്‍ന്നു: ‘‘സാറ് പിന്നെ ഒരെഴുത്തുകാരനായതുകൊണ്ട് സ്വാഭാവികമായും ഓരോ അനുഭവത്തെയും അതിന്റെ പൂര്‍ണമായ വൈകാരികതയില്‍ത്തന്നെ ഉള്‍ക്കൊള്ളുന്ന ആളായിരിക്കുമല്ലോ. അറിയാന്‍ വേണ്ടി ചോദിക്കുകയാണ്. സാറിന് ഒരോര്‍മയെ മറ്റൊന്നിനോട്, പിന്നെ മറ്റൊന്നിനോട്... അങ്ങനെ ചേര്‍ത്തുകെട്ടി അനന്തമായി വലുതാക്കുന്ന ശീലമുണ്ടോ? എനിക്ക് മുമ്പുണ്ടായിരുന്ന ശീലമാണത്. അതുകൊണ്ടു ചോദിക്കുകയാണ്.”
ചിത്രീകരണം: സുനിൽ അശോകപുരം
“ഓ, എനിക്കാ ശീലം തീര്‍ച്ചയായും ഉണ്ട്. ഞാന്‍ അതുകൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്ന ആളുമാണ്. ശ്വാസകോശപ്രശ്നം രൂക്ഷമായതോടെ അതു വല്ലാതെ കൂടിയിട്ടുണ്ട്. ഒന്നിനോടൊന്ന് ചേര്‍ന്നു പെരുകിപ്പെരുകി വരുന്ന ഓര്‍മകളുടെ ഭാരംകൊണ്ട് ചിലപ്പോള്‍ കരഞ്ഞുപോവാറുണ്ട്. രണ്ടു തവണ ഞാൻ സൈക്യാട്രിസ്റ്റിന്റെ സഹായം തേടിയതാണ്. രണ്ടു പ്രാവശ്യവും പരാജയപ്പെട്ടു. അവര് തരുന്ന മരുന്നിന് കാര്യമായൊരു പ്രശ്നമുണ്ട്. അതുകഴിച്ചാല്‍ അടിച്ചുകിടത്തിയതുപോലെ കിടന്നുപോകും. ഭയങ്കര ക്ഷീണമായിരിക്കും.ചോദിച്ചാല്‍ അവര്‍ പറയും, ‘കുറച്ചു ദിവസം കൊണ്ട് ക്ഷീണമൊക്കെ മാറിക്കൊള്ളും’ന്ന്. പക്ഷേ, എനിക്കു രണ്ടു ദിവസത്തിനപ്പുറം താങ്ങാനാവില്ല. ആ, അതൊരുപക്ഷേ എന്റെ ക്ഷമകേടിന്റെ പ്രശ്നമായിരിക്കും. എന്തായാലും ഇനി ആ വഴിക്കില്ല എന്നു തീരുമാനിച്ചു.എല്ലാം സഹിക്കുക തന്നെ.”
“മരുന്നുകളെ ആശ്രയിച്ചു മനോവിഷമങ്ങള്‍ മാറ്റണമെന്നു ഞാന്‍ പറയില്ല.”
ബാലാജി പറഞ്ഞു: “പകരം ഓര്‍മകളോടുള്ള നമ്മുടെ മനോഭാവത്തില്‍ മാറ്റം വരുത്തുകയാണ് വേണ്ടത്. ഓര്‍മയിലെത്തുന്ന ഒരു ഭൂതകാലസംഭവത്തില്‍ നമ്മളും ഉണ്ടാവുമല്ലോ. ആ നമ്മള്‍ നമ്മളല്ല, അതു പഴയ നമ്മളാണ്, ആ സംഭവം എന്നേക്കുമായി പോയ്‌ക്കഴിഞ്ഞു. ഇനി അതു നമ്മുടെ ജീവിതത്തെ അലട്ടേണ്ടതില്ല എന്ന് ഉറച്ചങ്ങു തീരുമാനിക്കുക. ജീവിക്കുന്ന ഓരോ നിമിഷത്തിലും പൂര്‍ണമായും മുഴുകി ജീവിക്കുക. ഓരോ നിമിഷത്തോടും പൂര്‍ണമായും സത്യസന്ധരാവുക. അതു സാധിച്ചാൽ നമ്മുടെ മനോവേദനകളില്‍ മുക്കാലും ഇല്ലാതാവും. ഞാനീ പറയുന്ന കാര്യം സാറിനും അറിയുന്നതായിരിക്കും. ബൗദ്ധദര്‍ശനം എന്താണെന്നു മനസ്സിലാക്കിയിട്ടുള്ളവര്‍ ഇതറിയാതിരിക്കില്ല.”
“അതെ, ഞാനും ഇതു മനസ്സിലാക്കിവച്ചിട്ടുണ്ട്. പക്ഷേ, ഒരറിവിന് നമ്മുടെ ഉള്ളില്‍ ആഴത്തില്‍ വേരോട്ടമുണ്ടാവുന്നതുവരെ പ്രതിസന്ധി ഘട്ടങ്ങളില്‍ അതിനെക്കൊണ്ടു വലിയ പ്രയോജനമൊന്നുമുണ്ടാവില്ല. അതിന് മാനസികമായ ആരോഗ്യമില്ലായ്‌മ എന്നു പറയാമെങ്കില്‍ ആ ആരോഗ്യമില്ലായ്‌മ വളരെ കൂടിയതോതില്‍ അനുഭവിക്കുന്നയാളാണ് ഞാന്‍.”
അയാള്‍ പറഞ്ഞതിനു മറുപടിയായി ബാലാജിയുടെ ഭാഗത്തുനിന്നുണ്ടായത് ഒരു ദീര്‍ഘനിശ്വാസം മാത്രമാണ്.
6
അപ്പാർട്ട്‌മെന്റിന്റെ ഉടമ സുബ്ബറെഡ്ഡി മാസത്തിന്റെ ആരംഭത്തില്‍ വാടക വാങ്ങാന്‍ മാത്രമേ വരൂ. എല്ലാ ദിവസവും രാവിലെ വന്ന് അപ്പാർട്ട്‌മെന്റുകള്‍ അടിച്ചുവാരി തുടച്ചു വൃത്തിയാക്കുന്നതും കറന്റ് പോയാല്‍ ഇൻവര്‍ട്ടര്‍ ഓണാക്കുന്നതും ഹോസ്‌പിറ്റലിലെത്താനുള്ള ആംബുലന്‍സ് എത്തിച്ചുകൊടുക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നത് നേപ്പാളിയായ ഗൗരവ് എന്ന കാവല്‍ക്കാരനാണ്. അപ്പാർട്ട്‌മെന്റിന്റെ ഗെയ്‌റ്റിനടുത്തുള്ള ചെറിയ ഔട്ട്‌ഹൗസിലാണ് അയാളും ഭാര്യയും പത്തുവയസ്സിനു കീഴെ മാത്രം പ്രായം തോന്നിക്കുന്ന രണ്ടു കുട്ടികളും താമസിക്കുന്നത്.
അമ്പതു പിന്നിട്ട സാമാന്യം തടിച്ച ശരീരമുള്ള ഗൗരവ് ആള് ഗൗരവക്കാരന്‍ തന്നെയാണ്. അത്യാവശ്യത്തിനു മാത്രമേ സംസാരിക്കൂ.എന്തു ചോദിച്ചാലും ഒന്നോ രണ്ടോ വാക്കില്‍ മറുപടി ഒതുക്കും. വല്ലപ്പോഴുമേ ഇങ്ങോട്ടെന്തെങ്കിലും ചോദിക്കുകയുള്ളൂ. ‘അറുമുഖത്തിന്റെ മരണവിവരം അറിഞ്ഞിരുന്നോ’ എന്ന് ഗൗരവ് ചോദിച്ചിരുന്നു.
‘അറിഞ്ഞിരുന്നു’ എന്നു മറുപടി പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു: “ഞാനതു പ്രതീക്ഷിച്ചിരുന്നതാണ്.”
‘എന്തുകൊണ്ട്’ എന്ന ചോദ്യത്തിന് ഒരു മൂളല്‍ മാത്രമായിരുന്നു മറുപടി.
ജലജയുടെ മെസേജ് അപ്പോഴേക്കും എത്തി.
‘‘ഇന്നലെ രാത്രി സാറിന് ഉറങ്ങാന്‍ പറ്റിയിരുന്നോ?’’
‘‘എന്തേ?’’
‘‘എനിക്ക് അറുമുഖേട്ടന്റെ കാര്യം ആലോചിച്ച് ഉറങ്ങാനേ സാധിച്ചില്ല.’’
‘‘അയാളുടെ മുഖവും അയാള്‍ സംസാരിച്ചിരുന്ന രീതിയുമൊക്കെ ഓര്‍മിച്ച് ഞാനും കുറേനേരം ഉറക്കം വരാതെ കിടന്നിരുന്നു.’’
‘‘എനിക്ക് ഇതേവരെ എന്റെ ട്രാൻസ്‌പ്ലാന്റേഷന്‍ സര്‍ജറിയെക്കുറിച്ചോര്‍ത്തു പേടിയൊന്നുമുണ്ടായിരുന്നില്ല. ഇന്നലെത്തൊട്ട് അതും ആയി.’’
‘‘ഓ, അതേപ്പറ്റി വേവലാതിപ്പെടുകയേ വേണ്ട. നിങ്ങള്‍ അറുമുഖത്തെ അപേക്ഷിച്ചു പത്തിരുപത്തഞ്ചു വയസ്സെങ്കിലും പ്രായക്കുറവുള്ള ആളല്ലേ. അപ്പോ, ശരീരത്തിന് സ്വാഭാവികമായും കൂടുതല്‍ കരുത്തുണ്ടാകേണ്ടതാണ്... മറ്റ് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലല്ലോ?’’
‘‘ഇല്ല.’’
‘‘എന്നാല്‍ പേടിക്കുകയേ വേണ്ട. നിങ്ങള്‍ പുതിയൊരു ശ്വാസകോശവുമായി ഇനിയും കുറേക്കാലം ജീവിക്കും.’’
‘‘അങ്ങനെത്തന്നെ ആവട്ടേ സാറേ. എനിക്ക് എന്റെ മോനോടൊപ്പം ഇനിയും കുറേക്കാലം ജീവിക്കണമെന്നുണ്ട്.’’
‘‘അതിനു ബുദ്ധിമുട്ടുവരില്ല.’’
ചിത്രീകരണം: സുനിൽ അശോകപുരം
‘‘നാളെ മോന്‍ ഇവിടെ അടുത്തുള്ള ഒരമ്പലത്തില്‍ പ്രാർഥിക്കാൻ പോവുന്നുണ്ട്. സാറിനുവേണ്ടിയും പ്രാർഥിക്കണമെന്ന് അവനോടു ഞാന്‍ പറയുന്നുണ്ട്.’’
‘‘ഓ, സന്തോഷം, വളരെ സന്തോഷം.’’
അങ്ങനെ പ്രതികരിച്ചതിനു ശേഷം അയാള്‍ ആലോചിച്ചു. പത്തിരുപത്തഞ്ചു വര്‍ഷം മുമ്പായിരുന്നെങ്കില്‍ അമ്പലം, പ്രാർഥന എന്നൊക്കെ കേട്ടാല്‍ താന്‍ പരിഹസിച്ചുവിടുമായിരുന്നു. അക്കാലത്ത് താന്‍ നിരീശ്വരവാദിയും കടുത്ത യുക്തിവാദിയുമായിരുന്നു. ഇപ്പോള്‍ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നതിനെ താന്‍ അനുകൂലിക്കുന്നില്ല. അത് തന്റെ വിഷയമേ അല്ല എന്ന നിലപാടില്‍ താന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ദൈവം ഏതു രൂപത്തിലായാലും, ഉണ്ടെങ്കില്‍ ആ ശക്തി മനുഷ്യരുടെയും ഇതരജീവജാലങ്ങളുടെയും കാര്യത്തില്‍ ഇടപെടുന്നതായി താന്‍ കരുതുന്നില്ല. ഓരോ മനുഷ്യജീവിതവും അതാതിന്റെ വഴിയില്‍ മുന്നോട്ടുപോവുന്നു. സാമ്പത്തികവും സാംസ്‌കാരികവുമായ സാഹചര്യങ്ങള്‍, ജനിതകഘടകങ്ങള്‍, അനേകം യാദൃച്ഛികതകള്‍ ഇവയൊക്കെ ജീവിതത്തെ നിയന്ത്രിക്കുന്നു. ദൈവത്തിന്റെ ഇടപെടല്‍ ഇവിടെയെങ്ങും ഇല്ല.
‘മനുഷ്യന്‍ സ്വതന്ത്രനാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു’ എന്ന അസ്‌തിത്വവാദത്തിന്റെ പ്രമാണവാക്യങ്ങളിലൊന്ന് ഒരുകാലത്ത് തനിക്കു പ്രിയപ്പെട്ടതായിരുന്നു. മനുഷ്യന് സ്വന്തം തീര്‍പ്പുകളുടെ കാര്യത്തില്‍ അങ്ങനെയൊരു സ്വാതന്ത്ര്യമില്ലെന്ന് ഇന്നു തനിക്കറിയാം. മനുഷ്യന്റെ ഓരോ തീര്‍പ്പിനെയും അനേകം ഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. സ്വതന്ത്രമായ ഒരു തീര്‍പ്പ് ആരും കൈക്കൊള്ളുന്നില്ല. ആര്‍ക്കും അതു സാധ്യമല്ല. ജീവിതത്തിലെ നിര്‍ണായക ഘടകങ്ങളിലൊന്നായി തനിക്ക് ആവര്‍ത്തിച്ചു തോന്നിയിട്ടുള്ളത് യാദൃച്ഛികതയാണ്. പല കാര്യങ്ങള്‍ക്കുമുള്ള അനിശ്ചിതത്വവും തന്നെ അലോസരപ്പെടുത്താറുണ്ട്. അവിചാരതമായി സംഭവിക്കുന്ന പലതും വളരെ സ്വാഭാവികമായി സംഭവിച്ചതാണ് എന്ന് പിന്നീട് തോന്നാറുമുണ്ട്.
അറുമുഖത്തിന്റെ മുറിയില്‍ അയാള്‍ക്കു പകരമായി മാനന്തവാടിക്കാരനായ ശ്രീധരന്‍ എന്ന പരമപരവശനായ ഒരു വൃദ്ധന്‍ വന്നുചേര്‍ന്നിരിക്കുന്നുവെന്ന വിവരം താന്‍ നിർവികാരമായാണ് ഉള്‍ക്കൊണ്ടത്. ശ്രീധരന്റെ മൂന്നു മക്കളും വിദേശത്താണ്. അവര്‍ക്കാര്‍ക്കും തല്‍ക്കാലം അയാളോടൊപ്പം വന്നുനില്‍ക്കാന്‍ സൗകര്യമില്ല. അതുകൊണ്ട് അയാളുടെ അയല്‍ക്കാരന്റെ മകനായ സുരേഷ് എന്ന ചെറുപ്പക്കാരനാണ് സഹായിയായി വന്നിരിക്കുന്നത്.
സദാസമയവും ബൈപാപ്പിലാണ് ശ്രീധരന്‍. വീല്‍ചെയറിലല്ലാതെ ഒരടിപോലും നീങ്ങാനാവില്ല. ശരീരം മെലിഞ്ഞുണങ്ങിയും മുതുക് വളഞ്ഞിട്ടുമാണ്. അയാള്‍ക്ക് ലങ്സ് ട്രാൻസ്‌പ്ലാന്റേഷനെ അതിജീവിക്കാനാവുമെന്ന് കാഴ്‌ചയിൽ തോന്നിയില്ല. തെര്‍മല്‍ അബ്‌ലേഷന്‍ തെറാപ്പിയോ മറ്റോ ഉദ്ദേശിച്ചാണോ അയാള്‍ വന്നതെന്നറിയില്ല. അതായാലും ആ ശരീരം അതെങ്ങനെ താങ്ങുമെന്നറിയില്ല. അതേപ്പറ്റിയൊന്നും അധികം ആലോചിക്കേണ്ട എന്നു തീരുമാനിച്ച് ശാന്തമായിരിക്കാനുള്ള വഴികളിലേക്ക് അയാളുടെ മനസ്സ് നീങ്ങുകയായിരുന്നു. അപ്പോഴാണ് ജലജയുടെ മെസേജ് വന്നത്.
‘‘അറുമുഖേട്ടനു പകരം ആ ഫ്ലാറ്റില്‍ വന്ന പുതിയ ആളെ കണ്ടില്ലേ?’’
‘‘കണ്ടു.’’
‘‘പാവം അല്ലേ...’’
‘‘അതെ, വല്ലാതെ കഷ്ടപ്പെടുന്ന അവസ്ഥയിലാണയാള്‍.’’
‘‘സാറിന് ഇന്നെങ്ങനെയുണ്ട്?’’
‘‘ഉച്ചവരെ കുഴപ്പമുണ്ടാവില്ല. ഉച്ച കഴിഞ്ഞ് ഒരു തണുത്ത കാറ്റ് വീശിത്തുടങ്ങുമല്ലോ. അതുമുതല്‍ വലിയ പ്രയാസം തന്നെയാണ്.’’
‘‘എന്റെ കാര്യവും അങ്ങനെ തന്നെയാണ്. തണുപ്പു വന്നാല്‍ ശ്വാസത്തിനു ബാലന്‍സു കിട്ടാന്‍ ബുദ്ധിമുട്ടുതന്നെ. ഇന്നലെ രാത്രി ഞാന്‍ വല്ലാതെ വിഷമിച്ചുപോയി.’’
‘‘എന്റെ അവസ്ഥയും അതുതന്നെയായിരുന്നു.’’
‘‘സാറിന് ഭക്ഷണം കഴിക്കുമ്പോള്‍ ശ്വാസത്തിനു ബുദ്ധിമുട്ട് വരാറുണ്ടോ?’’
‘‘ഉണ്ട്.’’
‘‘ആ സമയത്ത് ഓക്‌സിജന്‍ കുറച്ചു കൂട്ടിവച്ചാല്‍ മതി എന്നാണ് എന്നോട് ട്രെയിനര്‍ പറഞ്ഞത്.’’
‘‘നോക്കണം. ചെറിയ ഒരനക്കം കൊണ്ടു തന്നെ ചിലപ്പോള്‍ കിതച്ചുപോകും. ഭക്ഷണം കഴിക്കുന്നതും വായ കഴുകുന്നതുമെല്ലാം വലിയ അധ്വാനമായാണ് അനുഭവപ്പെടുക.’’
‘‘അതെ.’’
ജലജയുടെ മെസേജ് കുറച്ചങ്ങനെ നീണ്ടുപോയി. അതുകഴിഞ്ഞ് അൽപ്പനേരം വെറുതെ കിടന്നു. അലോസരപ്പെടുത്തുന്ന ആലോചനകളുടെ വരവു തുടങ്ങിയപ്പോള്‍ ഭാഗ്യത്തിനു ബാലാജിയുടെ ഫോണ്‍ വന്നു. ഓരോന്നോരോന്നു പറഞ്ഞുപറഞ്ഞു വന്നപ്പോള്‍ ബാലാജി പറഞ്ഞു:
“പ്രാഥമിക കൃത്യങ്ങള്‍പോലും പരസഹായമില്ലാതെ ചെയ്യാനാവുന്നില്ലെന്നതിലാണ് എനിക്ക് ഏറ്റവുമധികം വിഷമം. എന്റെ ഭാര്യയ്‌ക്ക് സ്ഥിരമായ നടുവേദനയും മറ്റു പല പ്രശ്നങ്ങളുമുണ്ട്. അവളെക്കൊണ്ട് എന്റെ മലവും മൂത്രവും എടുപ്പിക്കുമ്പോള്‍ ഓരോ തവണയും ഞാനനുഭവിക്കുന്ന മനഃപ്രയാസം പറഞ്ഞറിയിക്കാനാവില്ല.”
“എന്റെ കാര്യവും അങ്ങനെ തന്നെ. എന്റെ ഭാര്യയ്‌ക്ക് എന്നെക്കാള്‍ മൂന്ന് വയസ്സിന്റെ വ്യത്യാസമേയുള്ളൂ. അവള്‍ക്കുമുണ്ട് പ്രായത്തിന്റേതായ ഒരുപാട് പ്രശ്നങ്ങള്‍. അതിനിടയില്‍ നിത്യവും എനിക്കുവേണ്ടി അനുഭവിക്കുന്ന കഷ്ടപ്പാടോര്‍ത്താല്‍ എത്രയും പെട്ടെന്ന് ഈ ജീവിതം അവസാനിച്ചു കിട്ടിയെങ്കില്‍ എന്നാലോചിച്ചുപോകും. എന്തു ചെയ്യാനാണ്? ഒരു കാര്യം തീര്‍ച്ചയാണ്, അവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഇത്രയും ക്ഷമയോടെ കാര്യങ്ങള്‍ ചെയ്യാനാവില്ല. കിടപ്പുരോഗിയുടെ കാര്യത്തിലുള്ള ഏറ്റവും വലിയ പ്രശ്നം ഇതാണ്. അയാളെപ്പോലെത്തന്നെ, ചിലപ്പോള്‍ അയാളെക്കാള്‍ കൂടുതൽ സ്വന്തക്കാര്‍ കഷ്ടപ്പെടേണ്ടിവരും.”

“ഒന്നിനെപ്പറ്റിയും അധികം ആലോചിക്കാതിരിക്കുന്നതാണ് നല്ലത്. എന്തായാലും ഈ രോഗം വന്നുപെട്ടു. ഇനി ഏതെങ്കിലും തരത്തില്‍ അതിനൊരു ശമനമുണ്ടാകുന്നതുവരെ എല്ലാം സഹിക്കുക തന്നെ.”
“അതെ, മറ്റെന്താണ് പറയുക.ഞാനേതായാലും ഈ റിഹാബിലിറ്റേഷന്‍ പരിശീലനവുംകൊണ്ട് അധികനാള്‍ ഇവിടെ നില്‍ക്കില്ല.രണ്ടു മാസത്തോളമായി ഇതു ചെയ്‌തിട്ടും പറയത്തക്ക ഗുണമൊന്നും കാണുന്നില്ല.”
“അപ്പോ, പെട്ടെന്നു പോകാന്‍ തന്നെ തീരുമാനിച്ചോ?”
“അതെ, പോകാന്‍ തന്നെ തീരുമാനിച്ചു. ഞാന്‍ പ്രതീക്ഷിച്ച സര്‍ജറി ഏതായാലും നടക്കില്ല. ലങ്സ് ട്രാൻസ്‌പ്ലാന്റേഷന്‍ ഞാനേതായാലും ഉദ്ദേശിക്കുന്നുമില്ല. പിന്നെ ഞാന്‍ നാട്ടില്‍ വച്ചേ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളില്‍ മാറ്റം വരുത്താനോ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനോ ഇവിടത്തെ ഡോക്ടര്‍മാര്‍ തയ്യാറല്ല. ഒരു ഡോക്ടര്‍ പുതിയൊരു ഇന്‍ഹേലര്‍ എഴുതിത്തന്നിരുന്നു. എനിക്കത് ഗുണം ചെയ്‌തില്ല. സംഗതി കൂടുതല്‍ മോശമാവുകയാണെന്നു നാലു ദിവസംകൊണ്ടുതന്നെ തോന്നി. അതോടെ ഞാനതു നിര്‍ത്തി. ഇനി പരീക്ഷണങ്ങള്‍ക്കൊന്നും ഇല്ല. രണ്ടാഴ്‌ച കഴിഞ്ഞാല്‍ മൂത്ത മകന്‍ വരും. അപ്പോഴേക്കും ഗള്‍ഫില്‍ ജോലിചെയ്യുന്ന അവന്റെ അനിയനും എത്തും. പിന്നെ നേരെ നാട്ടിലേക്ക്. ട്രെയിന്‍ ആംബുലന്‍സ് ബുക്ക് ചെയ്‌തുകഴിഞ്ഞു.”
“ഓ, സാറ് പോയാപ്പിന്നെ എനിക്കിവിടെ മനസ്സിനിണങ്ങുന്ന വര്‍ത്തമാനം പറയാന്‍ ആരുമില്ലല്ലോ...”
“നാട്ടിലെത്തിയാലും ഞാന്‍ വിളിക്കും, എനിക്കും നിങ്ങളുമായി സംസാരിക്കുന്നതു വലിയ ആശ്വാസം തന്നെയാണ്.”
പരസ്‌പരം എല്ലാം മനസ്സിലാക്കിയതുപോലുള്ള ഒരു മൂളലില്‍ ഇരുവരും നിര്‍ത്തി.
7
അയാള്‍ മൂന്നുദിവസം കഴിഞ്ഞു നാട്ടിലേക്കു പുറപ്പെടുകയാണെന്നു കേട്ടപ്പോള്‍ അര്‍ജുന്‍ ശരിക്കും ഞെട്ടിപ്പോയി.
“എന്തിനാ സാര്‍ ഇപ്പൊഴേ പോകുന്നത്. മൂന്നു മാസമാണ് ഞങ്ങളുടെ കണക്ക്. റിഹാബിലിറ്റേഷന്‍ പരിശീലനംകൊണ്ട് മെച്ചം കിട്ടണമെങ്കില്‍ അത്രയും സമയം വേണം.”
“ഞാന്‍ വന്നിട്ടു മൂന്നുമാസത്തോളമാവാന്‍ പോവുകയാണ്. ഇത്രയും കടന്നുപോയത് ഞാനും ഓര്‍ത്തിരുന്നില്ല. ദിവസവും ഒരേതരം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോവുന്നതുകൊണ്ട് ഒരു ദിവസവും അടുത്തതും തമ്മില്‍ വ്യത്യാസമേയില്ലല്ലോ. കടുത്ത ക്ഷീണം തോന്നിയ ചില ദിവസങ്ങളില്‍ ഇന്നു വരേണ്ടെന്നു നിങ്ങളോട് ഞാന്‍ വിളിച്ചുപറഞ്ഞു. മറ്റു പല ദിവസങ്ങളിലും ഹോസ്‌പിറ്റലിലെ ജോലിഭാരവും വ്യക്തിപരമായ മറ്റാവശ്യങ്ങളുംകൊണ്ട് നിങ്ങൾക്ക് വരാനും പറ്റിയില്ല. അങ്ങനെയെല്ലാംകൊണ്ട് ആകെ അമ്പത്തഞ്ചു ദിവസമേ നമുക്കു ചെയ്യാന്‍ പറ്റിയുള്ളൂ. അതു സാരമില്ല. വീട്ടിലെത്തിയാൽ അര്‍ജുന്‍ പഠിപ്പിച്ചുതന്ന കാര്യങ്ങള്‍ ഞാന്‍ സ്വയം ചെയ്‌തുനോക്കും. എന്തായാലും ഇനി നാട്ടിലേക്കു പോയേ പറ്റൂ.”
“അങ്ങനെയെങ്കില്‍ ഞാന്‍ എന്തു പറയാനാണ്. നാട്ടിലെത്തിയാല്‍ സാറിന് മനസ്സിനു കുറച്ചുകൂടി ഈസിനസ് കിട്ടുമായിരിക്കും. അതു നല്ലതുതന്നെ. പക്ഷേ, സാറ് എക്‌സര്‍സൈസസ് മുടക്കരുത്. ശരീരം അനക്കാതെ കിടന്നുകഴിഞ്ഞാല്‍ അങ്ങനെ തന്നെ കിടന്നുപോകും. സാറിന് ലങ് റിസർവ് വളരെ കുറവാണല്ലോ. അതുകൊണ്ട് റിഹാബിലിറ്റേഷന്‍ എക്‌സര്‍സൈസസ് മസ്റ്റ് ആണ്.”
“എനിക്കതറിയാം. ഞാന്‍ അതു തുടരുകതന്നെ ചെയ്യും.”
അന്നു ചെറിയ ചില എക്‌സർസൈസുകള്‍ മാത്രം ചെയ്യിച്ച് പോകാന്‍ നേരത്ത് അര്‍ജുന്‍ പറഞ്ഞു:
“സാറ് നാട്ടിലെത്തിയാലും എന്തു സംശയമുണ്ടെങ്കിലും എന്നെ വിളിക്കണം. ഒരാവശ്യവുമില്ലെങ്കിലും വിളിക്കണം. ഇത്രയും ദിവസം വൈകുന്നേരം സാറിനെ വന്നു കാണുന്നതുതന്നെ എനിക്കു വലിയ സന്തോഷമായിരുന്നു.”
“ഓ, തീര്‍ച്ചയായും. ഞാന്‍ വിളിക്കും.”
“പിന്നെ, സാര്‍ ആറുമാസം കഴിഞ്ഞാല്‍ എന്റെ കല്യാണം നടക്കും. സെക്കന്ദരബാദില്‍ത്തന്നെ ഒരാളെ ഞാന്‍ കണ്ടുവച്ചിട്ടുണ്ട്. വേറൊരു ഹോസ്‌പിറ്റലില്‍ എന്റെ ഇതേ ജോലി ചെയ്യുന്നയാളാണ്. പേര് നീഹാരിക. തീയതിയും സ്ഥലവുമൊക്കെ ഞാന്‍ അറിയിക്കും. സാറിനു വരാൻ കഴിയില്ലെന്നറിയാം. എന്നാലും സാറിന്റെ അനുഗ്രഹമെനിക്കു വേണം.”
“ഉറപ്പായും. ഇപ്പോഴേ ഞാന്‍ അര്‍ജുനെ അനുഗ്രഹിക്കുന്നു. നിങ്ങള്‍ക്കു സന്തോഷകരമായ ഒരു നല്ല ദാമ്പത്യജീവിതം ഉണ്ടാവട്ടെ.”
‘വീട്ടിലേക്കു പോവുകയാണ്. ഇനി മൂന്നു ദിവസം കൂടിയേ ഇവിടെ ഉണ്ടാവൂ’ എന്ന് ജലജയോടും ബാലാജിയോടും പറഞ്ഞപ്പോള്‍ അവര്‍ക്കും ആ തീരുമാനത്തെ അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാനായില്ല.
“സാറ് പോയാല്‍ വല്ലാത്ത ഒരു ശൂന്യത തോന്നുമല്ലോ.” ജലജ പറഞ്ഞു:
“പോവേണ്ടെന്നു സാറിനോട് എങ്ങനെ പറയാനാണ്. ട്രാൻസ്‌പ്ലാന്റേഷന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ പെട്ടെന്നു നാട്ടിലേക്കു പോവുന്നതുതന്നെയാണ് നല്ലത്. റിഹാബിലിറ്റേഷന്‍ പരിശീലനം കൊണ്ടു വലിയ ഗുണമുണ്ടാവുമെന്ന തോന്നല്‍ എനിക്കും ഇല്ല.”

“എനിക്കതു ശരിക്കും ബോധ്യപ്പെട്ടു. കുറച്ചൊന്നു മെച്ചപ്പെട്ടു വരുന്നുണ്ടെന്ന തോന്നല്‍ ഇടക്കെനിക്കുണ്ടായിരുന്നു. എന്തുകൊണ്ടാണെന്നറിയില്ല, ഞാന്‍ പിന്നെയും പിറകോട്ടു തന്നെ പോയി.”
“അതങ്ങനെ തന്നെയാണ് സാര്‍. നമ്മുടെ ശ്വാസകോശത്തിന്റെ അവസ്ഥ മാറ്റിയെടുക്കാന്‍ ഒരു ട്രെയിനര്‍ക്കും കഴിയില്ലല്ലോ.”
“അതെ, അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.”
“ഇത്രയും ദിവസം സാറിവിടെ ഉണ്ടെന്നുള്ളതു വലിയൊരാശ്വാസമായിരുന്നു എനിക്ക്. അവിചാരിതമായാണല്ലോ സാറ് ഇത്രയും അടുത്തുള്ള താമസക്കാരനായത്. ഇനിയിപ്പോ...”
“പഴയതുപലെ ഇനിയും മെസേജുകള്‍ വഴി കമ്യൂണിക്കേറ്റു ചെയ്യാമല്ലോ. നാട്ടിലെത്തിയാലും ഞാന്‍ മറുപടിയയക്കും.”
“അയക്കണേ സാറേ. സാറിന്റെ കഥകളെയും നോവലുകളെയും പറ്റിത്തന്നെ എനിക്കൊരുപാടു പറയാനുണ്ട്.”
“അത് ഇനിയും ആകാമല്ലോ.”
ബാലാജി പറഞ്ഞു: “സാറ് പോകേണ്ടെന്നു ഞാനെങ്ങനെ പറയാനാണ്. നാട്ടില്‍പ്പോയാലും സാറ് ഇവിടെനിന്നു പഠിച്ച എക്‌സര്‍സൈസൊക്കെ സ്വന്തമായി ചെയ്‌തുനോക്കുമല്ലോ. ശരീരം അനങ്ങാതിരുന്നാല്‍ അത് ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കുമെന്നതു തീര്‍ച്ചയാണ്. അനുഭവത്തിലൂടെ സാറും അത് മനസ്സിലാക്കിയിട്ടുണ്ടാകുമല്ലോ.”
“അതെ, ദിവസവും ഒരു മണിക്കൂറെങ്കിലും നമുക്കു പറ്റാവുന്ന എക്‌സര്‍സൈസസ് ചെയ്യുന്നതു തന്നെയാണ് നല്ലത്.”
“സാറിവിടന്നു പോവുന്നതോടെ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ എനിക്ക് ആളില്ലാതാവും. പോട്ടെ, ഏതാനും ദിവസങ്ങള്‍കൊണ്ട് ആ പ്രയാസത്തില്‍ നിന്നു ഞാന്‍ പുറത്തുകടക്കുമായിരിക്കും.” ഒന്നു നിര്‍ത്തി ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം ബാലാജി തുടര്‍ന്നു: “തീര്‍ത്തും യാദൃച്ഛികമായാണ് നമ്മള്‍ കണ്ടുമുട്ടിയത്. പ്രധാനപ്പെട്ട ഒരു താൽപ്പര്യത്തിലെങ്കിലും സമാനതയുള്ളതുകൊണ്ട് നമ്മള്‍ തമ്മില്‍ പെട്ടെന്ന് അടുക്കുകയും ചെയ്‌തു.കണ്ടുമുട്ടലുകളും വേര്‍പിരിയലുകളും ജീവിതത്തില്‍ സാധാരണമാണല്ലോ. കുട്ടിക്കാലത്ത് നമ്മുടെ അടുത്ത സുഹൃത്തുക്കളായിരുന്ന പലരെയും പിന്നെ നമ്മള്‍ കണ്ടിട്ടേയില്ലല്ലോ. അവര്‍ അവരുടെ വഴിക്കുപോയി. നമ്മള് നമ്മുടെ വഴിക്കും.”
“അതെ. അതൊക്കെ അത്ര തന്നെയേ ഉള്ളൂ. പലതും മറക്കാനോ മനസ്സിന്റെ ഇരുണ്ട മൂലയിലേക്കു തള്ളാനോ കഴിയുന്നതുകൊണ്ടാണല്ലോ നമുക്കു മുന്നോട്ടുപോവാനാവുന്നത്.”
“ലോകജീവിതത്തിന് ഒരു സത്രത്തിലെ താല്‍ക്കാലിക താമസമെന്ന രൂപകം തെലുങ്കിലെ വാഗ്ഗേയകാരന്മാര്‍ പലരും ഉപയോഗിച്ചിട്ടുള്ളതാണ്. മലയാള കവിതയ്‌ക്കും ഈ രൂപകം പരിചിതമാണല്ലോ.”
“അതെ, പരിചിതമാണ്.”
“ഞാനൊരു ഭക്തനോ ഈ ലോകത്തിലെ ജീവിതത്തിനപ്പുറം ഒരു പരലോകജീവിതമുണ്ടെന്ന് വിശ്വസിക്കുന്നവനോ അല്ല. എങ്കിലും സത്രം എന്ന രൂപകം എനിക്ക് ഇഷ്ടം തോന്നിയ ഒന്നാണ്. നമ്മുടെ അനുഭവങ്ങളില്‍ പലതിനും താല്‍ക്കാലിക സ്വഭാവമാണല്ലോ ഉള്ളത്.”
“അതെ, പക്ഷേ, ചിലതിന്റെ ഓര്‍മകള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. അവ തന്നെയാണല്ലോ ഓരോ ജനതയുടെയും സംസ്‌കാരത്തിന്റെ കാതലായ ഭാഗം.”
“അതും ശരിതന്നെയാണ്.”
ആ സംഭാഷണം വഴിമാറി പിന്നെയും കുറച്ചധികം മുന്നോട്ടുപോയി.
അടുത്ത ദിവസം അയാളുടെ മൂത്തമകനും ഭാര്യയും എത്തി. പോകുന്നതിനു മുമ്പ് ഒരു ഡോക്ടറെ കൂടി കാണുന്നതാണ് നല്ലത് എന്ന് മകന്‍ പറഞ്ഞു. അതിനുവേണ്ടി അവന്‍ അടുത്തു തന്നെയുള്ള വലിയ ഒരു ഹോസ്‌പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ, വളരെ എക്‌സപീരിയന്‍സ്ഡ് ആയ, ഒരു ലേഡി ഡോക്ടറെ ബുക്ക് ചെയ്‌തു വച്ചിരുന്നു.
നേരിട്ടു വീല്‍ചെയറും ഓക്‌സിജന്‍ സിലിണ്ടറും കയറ്റിവയ്‌ക്കാവുന്ന ഒരു വാഹനത്തിലായിരുന്നു ഹോസ്‌പിറ്റലിലേക്കുള്ള യാത്ര. അവിടെയെത്തി ഇറങ്ങുമ്പോഴേക്കും കഠിനമായ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. ഹോസ്‌പിറ്റലിന്റെ വീല്‍ചെയറും ഓക്‌സിജന്‍ സിലിണ്ടറും പെട്ടെന്നു തന്നെ വരുത്തിച്ചു. പോർട്ടബിള്‍ ബൈപാപ്പ് കൂടി കരുതിയിരുന്നതുകൊണ്ട് അത്രയുംവരെ വലിയ ബുദ്ധിമുട്ടുണ്ടായില്ല. വീല്‍ചെയറിലേക്കു മാറി ഇരുന്നിട്ടും അൽപ്പനേരത്തേക്കു കൂടി ബൈപാപ്പ് വച്ചു. പിന്നെയായിരുന്നു ഡോക്ടറുടെ അടുത്തേക്കുള്ള യാത്ര.
ഡോക്ടര്‍ അയാളുടെ എല്ലാ ചികിത്സാരേഖകളും വേണ്ടത്ര സമയമെടുത്തു പരിശോധിച്ചു.അയാളില്‍നിന്നുതന്നെ രോഗവിവരങ്ങളെല്ലാം കൃത്യമായി ചോദിച്ചറിഞ്ഞു. പ്രിസ്‌ക്രിപ്ഷന്‍ എഴുതുന്നതിനുമുമ്പ് അവര്‍ക്കു സംശയമുള്ള ചില കാര്യങ്ങള്‍ മറ്റൊരു ഡോക്ടറോട് വിളിച്ചു ചോദിക്കുകയും ചെയ്‌തു. പിന്നെ അവര്‍ പറഞ്ഞു: “കേരളത്തിലെ നിങ്ങളുടെ ഡോക്ടര്‍ എഴുതിയ മരുന്നുകളെല്ലാം ശരിയാണ്. അതുതന്നെ തുടര്‍ന്നും കഴിച്ചോളൂ. തല്‍ക്കാലത്തെ റിലീഫിനു ഞാന്‍ പത്തു ദിവസത്തേക്കു മാത്രം മരുന്നെഴുതുന്നുണ്ട്. അത് അതിന്റെ കൂടെ കഴിച്ചോളൂ. നിങ്ങളുടെ ലങ്സിന്റെ പ്രശ്നത്തിന് പൂര്‍ണ പരിഹാരമുണ്ടാവണമെങ്കില്‍ ട്രാൻസ്‌പ്ലാന്റേഷന്‍ തന്നെ വേണ്ടിവരും. പക്ഷേ, അതു ചെയ്യണമെന്ന് നിങ്ങളോട് ഞാന്‍ പറയുന്നില്ല. എയർവെ സ്‌കാഫോള്‍ഡ്സ് ഉപയോഗിച്ചുള്ള ഒരു ചികിത്സാരീതി ചില വിദേശരാജ്യങ്ങളില്‍ വന്നുകഴിഞ്ഞിട്ടുണ്ട്. നിങ്ങള്‍ അതു ചെയ്യാന്‍ പറ്റിയ ഒരു രോഗിയാണ്. പക്ഷേ, നമ്മുടെ രാജ്യത്ത് അത് വന്നിട്ടില്ല. വൈകാതെ ഇവിടെയും എത്തുമെന്നു പ്രതീക്ഷിക്കാം. ഫോണ്‍ നമ്പര്‍ തന്നേക്കൂ. പുതിയ എന്തെങ്കിലും വിവരം കിട്ടിയാല്‍ ഉടനെ നിങ്ങളെ അറിയിക്കാം.’’
നമ്പര്‍ കൈമാറി, ഡോക്ടര്‍ക്കു നന്ദി പറഞ്ഞ്, അവര്‍ പുറത്തിറങ്ങി. അപ്പോള്‍ അയാള്‍ ആലോചിച്ചത്, ഒരു രോഗിക്കുവേണ്ടി ഒന്നൊന്നര മണിക്കൂറോളം ചെലവഴിക്കാന്‍ കാണിച്ച ആ സൗമനസ്യത്തെയും തീര്‍ത്തും അപരിചിതനായ ഒരാളോടു കാണിച്ച കാരുണ്യത്തെയും കുറിച്ചാണ്.
അവര്‍ തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും ഇളയമകനും ഭാര്യയും എത്തിക്കഴിഞ്ഞിരുന്നു. പിന്നെ എല്ലാവരും സാധനങ്ങള്‍ പായ്‌ക്ക് ചെയ്യുന്ന തിരക്കിലായി.
ഒരു ദിവസംകൂടി കഴിഞ്ഞായിരുന്നു യാത്ര. രാവിലെ ആറുമണിക്കു കാച്ചിഗുഡയില്‍നിന്നു പുറപ്പെടുന്ന ട്രെയിനില്‍ പരിഭ്രമമില്ലാതെ കയറിപ്പറ്റാന്‍ നാലരക്കെങ്കിലും പുറപ്പെട്ടേ മതിയാവൂ. ട്രെയിന്‍ ആംബുലന്‍സ് ടീമിനോട് അതെല്ലാം പറഞ്ഞു ശട്ടം കെട്ടിയിരുന്നു.
അശാന്തമായ ഉറക്കത്തിനു ശേഷം രാവിലെ മൂന്നരയോടെ അയാള്‍ എഴുന്നേറ്റു. പല്ലുതേപ്പ്, വയറ്റില്‍നിന്നു പോക്ക്, ഡയപ്പര്‍ മാറ്റല്‍, ഷര്‍ട്ട് മാറ്റി സ്വെറ്ററും ബര്‍മുഡയും ധരിക്കല്‍ എല്ലാം അരമണിക്കൂറിനുള്ളില്‍ സാധിച്ചു. പിന്നെ ഒരു പതിനഞ്ചു മിനുട്ടുകൊണ്ട് ഭാര്യയും മറ്റുള്ളവരും റെഡിയായി.
അയാളെ റെയിൽവേ സ്റ്റേഷനിലെത്തിക്കാനുള്ള ആംബുലന്‍സും മറ്റുള്ളവര്‍ക്ക് കയറാനും ലഗേജ് കൊണ്ടുപോവാനുമായി രണ്ടു വലിയ കാറുകളും ട്രെയിൻ ആംബുലന്‍സ് ടീമിലെ ഡോക്ടറും നേഴ്സുമെല്ലാം കൃത്യസമയത്തു തന്നെ എത്തി. അവര്‍ അയാളെ വീല്‍ചെയറിലിരുത്തി ചെയര്‍ പൊക്കി ലിഫ്റ്റില്‍ കയറ്റി ഇരുത്തി. ഡോക്ടറും മെയില്‍ നേഴ്സും ലിഫ്റ്റില്‍ കയറാൻ താമസമുണ്ടായില്ല. ഭാര്യയും മക്കളും അവരുടെ ഭാര്യമാരും ലഗേജുമായി അടുത്ത തവണ ലിഫ്റ്റില്‍ത്തന്നെ താഴെ എത്തിക്കൊള്ളും.
അതിരാവിലെയായിട്ടും ജലജയും ബാലാജിയും ഒന്നോ രണ്ടോ തവണ നിഴല്‍ പോലെ മാത്രം കണ്ടിട്ടുള്ള ജലജയുടെ മകനും ബാലാജിയുടെ ഭാര്യയും ഇടനാഴിയില്‍ വന്നു നില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ അവരുടയെല്ലാം നേര്‍ക്കു കൈവീശി യാത്ര ചോദിച്ചു. ലിഫ്റ്റ് പെട്ടെന്നു താഴേക്കു കുതിച്ചുതുടങ്ങിയതില്‍ അയാള്‍ ആശ്വാസംകൊണ്ടു. അല്ലായിരുന്നെങ്കില്‍ തന്നെ നോക്കിനില്‍ക്കുന്നവര്‍ കാണെത്തന്നെ അയാള്‍ കരഞ്ഞുപോകുമായിരുന്നു . (അവസാനിച്ചു)










0 comments