കഥ
വിറ

വത്സലൻ വാതുശ്ശേരി
Published on Oct 16, 2026, 01:04 PM | 7 min read
ജോലിയിൽനിന്ന് വിരമിക്കുന്നതിന്റെ തലേ ദിവസം. സായാഹ്നത്തിൽ പൊലീസ് സ്റ്റേഷനിൽനിന്ന് സബ് ഇൻസ്പെക്ടർ അശോകൻ വീട്ടിലേക്ക് മടങ്ങിയത് കോൺസ്റ്റബിൾ പ്രകാശനോടൊപ്പമാണ്. ഈ ദിവസം പ്രകാശൻ തന്നോടൊപ്പം ഉണ്ടാവണം എന്നത് അശോകന്റെ ആഗ്രഹവും നിർബന്ധവുമായിരുന്നു.
പിറ്റേന്ന് നടക്കാനിരിക്കുന്ന യാത്രയയപ്പ് യോഗത്തിന്റെ ചുമതല തനിക്കായതുകൊണ്ടാകാം ഇങ്ങനെയൊരു ആവശ്യം എന്നാണ് സ്വാഭാവികമായും പ്രകാശൻ മനസ്സിലാക്കിയത്. യാത്രയയപ്പുമായി ബന്ധപ്പെട്ട് അശോകൻ സാറിനും സ്വന്തമായ എന്തെങ്കിലും പദ്ധതി ഉണ്ടായിരിക്കുമെന്ന് ഊഹിക്കുകയും ചെയ്തു.
ക്വാർട്ടേഴ്സിനു മുന്നിൽ ഇറങ്ങി ജീപ്പ് മടങ്ങിപ്പോയിട്ടും മറുകര കാണാനാവാത്ത മരുഭൂമിയിലേക്കു നോക്കുന്നപോലെ അശോകൻ തെല്ലുനേരം അവിടെത്തന്നെ നിന്നു. വീട് വിജനവും നിശ്ശബ്ദവുമാണെന്ന് വാതിലിൽ തൂങ്ങുന്ന ഇരുമ്പ് ലോക്ക് അകലെനിന്നേ വിളിച്ചുപറഞ്ഞു. അശോകൻ സാർ കുറേക്കാലമായി ഒറ്റയ്ക്കാണല്ലോ ജീവിതം എന്ന് അപ്പോഴേ പ്രകാശന് ഓർമവന്നുള്ളൂ. തന്റെ കൂടെ ഒരാൾകൂടി ഉണ്ടെന്ന കാര്യം മറന്നുപോയതുപോലെ അശോകൻ വളരെ യാന്ത്രികമായി വീടിനുനേർക്ക് നടന്നു. നിരാശാഭരിതമായ ഒരു യാത്രയുടെ തുടക്കം എന്ന് അനുതപിച്ചുകൊണ്ട് പ്രകാശൻ പിന്നാലെ ചെന്നു.
ചിത്രീകരണം: നാസർ ബഷീർ
വാതിൽ തുറന്ന് അകത്തുകയറിയിട്ടും എന്തു ചെയ്യണമെന്ന് പിടിപാടില്ലാത്ത മട്ടിൽ ഒന്നു രണ്ടു നിമിഷം നിന്നതിനുശേഷം അശോകൻ അകത്തെ മുറിയിലേക്കു മറഞ്ഞു. സ്വീകരണമുറിയിൽ ഒരു ഏകാന്തദ്വീപിലെന്ന പോലെ പ്രകാശൻ ഇരിക്കുന്നതിനിടയിൽ അശോകൻ യൂണിഫോം മാറ്റി വെളുത്ത മുണ്ടും ഷർട്ടുമിട്ട് ഒരു നാടൻ മനുഷ്യന്റെ വേഷത്തിൽ തിരിച്ചുവന്നു. എന്നിട്ട് സന്ദർഭവുമായി ഒരു ബന്ധവുമില്ലെന്ന് തോന്നിപ്പിക്കുന്ന ഒരു ചോദ്യം എടുത്തിട്ടു.
‘‘പ്രകാശൻ കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത വായിച്ചിട്ടുണ്ടോ?’’
എവിടെനിന്നാണ് കുമാരനാശാനും സീതയും ഇറങ്ങിവരുന്നത് എന്ന അമ്പരപ്പോടെ പ്രകാശൻ അശോകനെ നോക്കി. സാഹിത്യം ചർച്ച ചെയ്യേണ്ട സന്ദർഭമല്ലല്ലോ എന്ന് വിചാരിക്കുകയും ചെയ്തു.
‘‘പാഠപുസ്തകത്തിൽ ഒരു ഭാഗം പണ്ട് വായിച്ചിട്ടുണ്ട്. എന്നാലും ഇപ്പോൾ അതൊന്നും ഓർമയില്ല. നമ്മുടെ ഡ്യൂട്ടിയുടെ സ്വഭാവംവച്ച് അതൊക്കെ ഓർത്തുവയ്ക്കേണ്ട കാര്യവുമില്ലല്ലോ.’’
‘‘പൊതുവേ ഞാനും ഓർക്കാറില്ല.’’ അശോകൻ പറഞ്ഞു.
‘‘പണ്ട്, ജോലിയൊക്കെ കിട്ടുന്നതിനു മുമ്പ് വായിച്ചിട്ടുള്ളതാണ്. എന്നിട്ടും ഇന്നു ഞാൻ ഓർത്തുപോയി. ആശ്രമജീവിതം അവസാനിക്കുന്നതിന്റെ തലേദിവസം സീത ആശ്രമത്തിലിരുന്ന് തന്റെ ജീവിതം മുഴുവൻ തിരിഞ്ഞുനോക്കി പരിശോധിച്ചു നോക്കുന്നതാണ് കവിതയുടെ വിഷയം. ഇന്നത്തെ എന്റെ അവസ്ഥയും ഏതാണ്ട് അതാണ്. നമുക്ക് ആശ്രമജീവിതമൊന്നും ഇല്ലല്ലോ. നമ്മൾ കവികളും അല്ല. എന്നാലും ആലോചിക്കാൻ ചില വിഷയങ്ങൾ ഉണ്ടുതാനും.’’
റിട്ടയർ ചെയ്യുന്ന മിക്ക ആളുകൾക്കും ഇങ്ങനെ ആലോചിക്കാനും ബേജാറാവാനും എന്തെങ്കിലുമൊക്കെ ഉണ്ടായിരിക്കുമല്ലോ എന്ന ഒരു സാമാന്യയുക്തിവച്ച് അശോകന്റെ വാക്കുകളെ പ്രകാശൻ വായിച്ചു.
“അപ്പോൾ ചിന്താവിഷ്ടനായ അശോകൻ എന്നു പറയാം അല്ലേ...”എന്ന് പ്രകാശൻ ഒരു തമാശ പറഞ്ഞുവെങ്കിലും ആ തമാശ ശ്രദ്ധിക്കാതെ വാതിൽപ്പാളികൾ തുറന്നു പിടിച്ചുകൊണ്ട് അശോകൻ പറഞ്ഞു.
‘‘നമുക്ക് പുറത്തിറങ്ങി കുറച്ചു നടക്കാൻ പ്രയാസമുണ്ടോ? ചായ വഴിയിൽനിന്ന് കുടിക്കാം.’’
ഒരാൾ യൂണിഫോമിലും മറ്റൊരാൾ വീട്ടുവേഷത്തിലും എന്ന പൊരുത്തക്കേട് സൂചിപ്പിച്ചുകൊണ്ട് പ്രകാശൻ പറഞ്ഞു.
‘‘സാറ് യൂണിഫോം അഴിച്ചു. എന്നാൽ ഞാനിപ്പോഴും യൂണിഫോമിലാണല്ലോ.’’
‘‘ഇരിക്കട്ടെ,’’ വാതിലടച്ച് മുറ്റത്തേക്ക് ഇറങ്ങുന്നതിനിടയിൽ അശോകൻ പറഞ്ഞു. ‘‘എനിക്ക് ഒരു പ്രൊട്ടക്ഷൻ ആവുമല്ലോ.’’
‘‘യൂണിഫോമിന്റെ കാര്യം ശരി. പക്ഷേ ഈ ലാത്തി എന്ത് ചെയ്യും?’’ അപ്പോഴും തന്റെ കൈവശമുണ്ടായിരുന്ന ലാത്തി പ്രകാശൻ ഉയർത്തിക്കാണിച്ചു.
‘‘അതും കയ്യിലിരിക്കട്ടെ. ദേഹത്ത് യൂണിഫോം ഉണ്ടെങ്കിൽ കൈയിൽ ലാത്തിയും ആവാം.’’
പിന്നെയും അൽപ്പനേരത്തേക്ക് മരുഭൂമിയിലൂടെ നടക്കുന്നതുപോലുള്ള നിശ്ശബ്ദത. പൊലീസ് ക്വാർട്ടേഴ്സിന്റെ പരിസരം പിന്നിട്ടതിനുശേഷം മാത്രമാണ് സബ് ഇൻസ്പെക്ടർ അശോകൻ പിന്നെ സംസാരിച്ചത്.
‘‘ഞാൻ പ്രകാശനെ പൊലീസ് വേഷത്തിൽ ആദ്യം കാണുന്നത് പ്രകാശൻ ഇവിടേക്ക് ട്രാൻസ്ഫറുമായി എത്തിയപ്പോഴാണ്. അഞ്ചെട്ട് വർഷം ആയിട്ടുണ്ടാവും. അന്നേ ഞാൻ അത്ഭുതപ്പെട്ടുപോയി. എൽപി സ്കൂളിൽ മാഷാവേണ്ട ഒരാൾ വഴിതെറ്റി പൊലീസിൽ വന്നുപെട്ടത് പോലെയാണ് തോന്നിയത്. യൂണിഫോം ഇല്ലെങ്കിൽ പ്രകാശനെ കണ്ടാൽ ഒരു പൊലീസുകാരനാണെന്ന് ആരും പറയില്ല. ഇത്രയും സൗമ്യമായ, സദാ പുഞ്ചിരിക്കുന്ന ഒരു മുഖവും വച്ചുകൊണ്ട് എങ്ങനെയാണ് ഒരാൾ പൊലീസിന്റെ പണി ചെയ്യുക? ഈ കാലത്തിനിടയിൽ ഒരാളെപ്പോലും പ്രകാശൻ കൈകൊണ്ടോ ലാത്തികൊണ്ടോ അടിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്റെ നേർ വിപരീതമായിരുന്നു എന്നും പ്രകാശൻ. എന്നിട്ടും പത്തുപന്ത്രണ്ടു വർഷമായി ഈ ജോലിയിൽ പ്രകാശൻ പിടിച്ചുനിൽക്കുന്നു.’’
അശോകൻ സാറിന്റെ വാക്കുകൾ തന്റെ പൂർവകാല ജീവിതത്തിലേക്ക് ഒരു വഴി തുറന്നിട്ടതുകൊണ്ട് പൊടുന്നനെ പ്രകാശൻ നിശ്ശബ്ദനായി. അശോകൻ സാറിന്റെ ഈ ആശ്ചര്യത്തിന് പിന്നിൽ ചില സത്യങ്ങൾ ഉണ്ട്. ആഗ്രഹിച്ചുസ്വീകരിച്ച ജോലിയായിരുന്നില്ല പൊലീസ് സർവീസ്. സ്കൂളിൽ മാഷാവണമെന്ന മോഹംകൊണ്ടാണ് ബിഎഡ് പഠിച്ചത്. എന്നാൽ വളരെക്കാലം ശ്രമിച്ചിട്ടും ഒടുവിൽ കൈയിൽ വന്ന സർക്കാർ ജോലി ഇതാണ്. എങ്ങനെയും ഒരു ജോലിയിൽ കയറേണ്ടത് കുടുംബത്തിന്റെ നിലനിൽപ്പിനു തന്നെ ആവശ്യവുമായിരുന്നു.
ചിത്രീകരണം: നാസർ ബഷീർ
വർഷങ്ങളായി കട്ടിലിൽത്തന്നെ ജീവിതം തുടരുന്ന കിടപ്പുരോഗിയായിരുന്നു അച്ഛൻ. ഒരുകാലത്ത് യൂണിയൻ നേതാവൊക്കെ ആയിരുന്നു. എന്നാൽ കിടപ്പിലായതോടെ അന്നു കൂടെയുണ്ടായിരുന്നവരൊക്കെ അകന്നുപോയി. അതിജീവനത്തിനു വേണ്ടിയുള്ള പിന്നത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് പത്രത്തിൽ കണ്ട ജോലികൾക്കൊക്കെ അപേക്ഷ അയച്ചത്. എന്നാൽ പൊലീസിലാണ് ജോലി കിട്ടിയതെന്നറിഞ്ഞ് വളരെ നേരം നിശ്ശബ്ദത പാലിച്ചതിനുശേഷമാണ് അച്ഛൻ പറഞ്ഞത്.
‘‘ഇത് നിനക്ക് പറ്റിയ പണിയാണെന്ന് തോന്നുന്നില്ല. ഈ ജോലിയിൽ കയറിയാൽപ്പിന്നെ സൗമ്യമായ സ്വഭാവം കൊണ്ടൊന്നും ഒരു കാര്യവുമില്ല. പൂച്ചയ്ക്കും പുലിവേഷം കെട്ടേണ്ടിവരും. അതാണ് ഈ ജോലിയുടെ ഒരു സ്വഭാവം.’’
കൈവന്ന സർക്കാർ ജോലി കൈവിടാൻ വയ്യ എന്ന നിശ്ചയത്തോടെ അച്ഛനോട് പറഞ്ഞു.
‘‘കാലമൊക്കെ മാറിയില്ലേ അച്ഛാ. ഇപ്പോൾ ഉയർന്ന വിദ്യാഭ്യാസമൊക്കെ ഉള്ളവരാണ് പൊലീസിലും. പൊതുവേ മര്യാദക്കാരും.’’
ഒടുവിൽ ഒരു നിബന്ധന മാത്രം അച്ഛൻ ശക്തമായി മുന്നിൽ വച്ചു. ‘‘ഒരിക്കലും ലാത്തികൊണ്ട് ഒരാളെയും നീ അടിക്കരുത്. അങ്ങനെ അടിക്കാതെ വയ്യ എന്ന സ്ഥിതി എപ്പോഴെങ്കിലും വന്നാൽ അന്ന് ഈ ജോലി വിട്ടേക്കണം.’’
അങ്ങനെ ഒരു ഉറപ്പിലാണ് അന്ന് പൊലീസ് സർവീസിൽ കയറിയത്. അന്ന് അച്ഛന് കൊടുത്ത വാക്ക് ഒരിക്കലും തെറ്റിക്കേണ്ടി വന്നിട്ടില്ല. കലഹപ്രിയരായ പ്രതിഷേധക്കാരെപ്പോലും കൈകൊണ്ട് തള്ളിനീക്കുകയല്ലാതെ ഒരിക്കൽപോലും ലാത്തി ഉപയോഗിച്ചോ കൈ കൊണ്ടോ തല്ലിയിട്ടില്ല. ലാത്തിയുടെ മറ്റേയറ്റത്ത് എന്നും അച്ഛന്റെ ഒരു പിടിത്തമുണ്ടായിരുന്നു.
പ്രകാശന്റെ പ്രതികരണത്തിനു കാത്തുനിൽക്കാതെ അശോകൻ പറഞ്ഞു.
‘‘ഒരു പൊലീസുകാരൻ ഇത്രയും കാരുണ്യമുള്ളവനായിരിക്കരുത് പ്രകാശാ. അത് മറ്റു പൊലീസുകാർക്ക് വലിയ ഭാരമായിരിക്കും. ധാർമികന്മാരുടെ മുന്നിൽ ഇനിയും വറ്റിപ്പോയിട്ടില്ലാത്ത മനുഷ്യത്വവുമായി നിൽക്കേണ്ടി വരുന്നതാണ് അധാർമികരുടെ ഒരു ദുരന്തം.’’
കാരുണ്യമാണോ വാക്കുപാലിക്കാനുള്ള വ്യഗ്രതയാണോ തന്നെ നിയന്ത്രിക്കുന്നത് എന്ന് തനിക്കുതന്നെ വ്യക്തമല്ലാത്തതുകൊണ്ട് പ്രകാശൻ മറുപടിയില്ലാതെ നടക്കെ, പറഞ്ഞുവന്ന വിഷയത്തിൽനിന്ന് പെട്ടെന്ന് തെന്നിമാറി അശോകൻ പറഞ്ഞു.
‘‘എന്റെ വലതുകൈയ്ക്ക് എപ്പോഴും ഒരു വിറയലുണ്ട്. പ്രകാശൻ ശ്രദ്ധിച്ചിട്ടുണ്ടാവും.’’
അശോകൻ സാറിന്റെ വലതുകൈപ്പത്തിക്ക് സ്ഥിരമായി ഒരു ചെറിയ വിറയലുണ്ട്. സഹപ്രവർത്തകർക്കെല്ലാം അറിയാവുന്ന കാര്യമാണത്. ചായക്കപ്പ് കൈയിലെടുത്താൽ ചായ തുളുമ്പിപ്പോകും. ലാത്തി ഉറപ്പിച്ച് പിടിക്കാൻ സാധിക്കാത്തതുകൊണ്ട് അതിനായി ഇടതുകൈയാണ് ഉപയോഗിക്കാറ്.
‘‘അത് എത്രയോ കാലമായി ഉള്ളതാണല്ലോ സാറേ. സ്റ്റേഷനിൽ ആർക്കാണ് ഇക്കാര്യം അറിഞ്ഞുകൂടാത്തത്?’’
‘‘ഈ വിറ എന്തുകൊണ്ടാണെന്ന് അറിയാമോ?’’
“വെട്ടുവാതം എന്ന രോഗമാണെന്നാണ് ഞാൻ
കേട്ടിട്ടുള്ളത്. എന്റെ അകന്ന ഒരു ബന്ധുവിനും ഈ രോഗം ഉണ്ടായിരുന്നു.”
‘‘വൈദ്യന്മാർ അങ്ങനെയൊക്കെ പറയും. എന്നാൽ ഒരു മരുന്നുകൊണ്ടും ഇത് ചികിത്സിച്ച് മാറ്റാൻ കഴിയില്ല. ഞാൻ തന്നെ എന്തൊക്കെ നോക്കി. അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും. ഒരു ഗുണവും കിട്ടിയില്ല. ഇത് കൈയിന്റെ മാത്രം രോഗമല്ല. അതാണ് പ്രശ്നം.’’ ഇടറോഡുകളിലൂടെ പ്രധാനപാതവരെ ഒരുമണിക്കൂറോളം നടന്നിട്ടുണ്ടാവും. പിന്നെയും നടപ്പ്. നടന്നു നടന്നു കലക്ടറേറ്റിന് മുന്നിലാണ് എത്തിയത്. അപ്പോഴേക്കും പകൽ രാത്രിയിലേക്ക് മെല്ലെ നൂണ്ടുകയറാൻ തുടങ്ങിയിരുന്നു.
കലക്ടറേറ്റിന്റെ ചാരിക്കിടന്ന ഗേറ്റിനു സമീപം എന്തോ ആലോചിച്ച് അശോകൻ അൽപ്പനേരം നിന്നു. മരുഭൂമിയുടെ നിശ്ചലതയല്ല കാട്ടുപാതയുടെ ഇളക്കങ്ങളാണ് ഇപ്പോൾ ആ കണ്ണുകളിൽ പ്രതിബിംബിക്കുന്നത്.
ഗേറ്റിൽ പൊലീസിന്റെ സാന്നിധ്യം കണ്ട് ഒരു സെക്യൂരിറ്റിക്കാരൻ ഭവ്യതയോടെ പ്രകാശന്റെ സമീപത്തേക്ക് തിടുക്കത്തിൽ നടന്നുവന്നു.
‘‘എന്താ സാറേ, എന്തെങ്കിലും പ്രശ്നമുണ്ടോ?’’
താൻ ഇപ്പോഴും പൊലീസ് യൂണിഫോമിലാണ് എന്ന് ഓർമവന്ന്, ‘ഒന്നുമില്ല’ എന്ന് കണ്ണ് കാണിച്ച് പ്രകാശൻ തെല്ലു ഗൗരവം ഭാവിച്ചു നിന്നു.
ഔദ്യോഗിക ആവശ്യങ്ങൾക്കായി പലപ്പോഴും കലക്ടറേറ്റിൽ വരാറുള്ള പൊലീസ് ഉദ്യോഗസ്ഥനായിരുന്നിട്ടും അശോകനെ ആ വേഷത്തിൽ സെക്യൂരിറ്റിക്കാരൻ തിരിച്ചറിഞ്ഞില്ല. ഇത്രേയുള്ളൂ നമ്മുടെയൊക്കെ പദവികൾ എന്ന് സൂചിപ്പിക്കുന്ന പോലെ അശോകൻ അപ്പോൾ പ്രകാശനെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു.
സെക്യൂരിറ്റിക്കാരൻ മടങ്ങിയപ്പോൾ അശോകൻ പകുതി ആത്മഗതം പോലെ പറഞ്ഞു.
‘‘ഇവിടന്നു തുടങ്ങിയതാണ് ആ വിറയൽ. പത്തിരുപത് വർഷമായി.’’
അശോകൻ സാറിന്റെ ഈ കാലഗണനയിൽ എവിടെയോ ഒരു പിഴവുണ്ടെന്ന് അപ്പോൾത്തന്നെ പ്രകാശനു തോന്നി. കാരണം, സ്ഥലംമാറ്റം ലഭിച്ച് താൻ അഞ്ചെട്ട് വർഷം മുമ്പ് ഈ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്ന കാലത്ത് അശോകൻ സാറിന്റെ കൈയ്ക്ക് ഈ വിറയൽ ഉണ്ടായിരുന്നില്ല. അന്ന് എഎസ്ഐ ആയിരുന്നു. അതിനുശേഷമാണ് മെല്ലെ മെല്ലെ ആ കൈയിൽ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷമാവുന്നത്. എന്നുവച്ചാൽ എട്ടുവർഷത്തിലധികം ആയിട്ടില്ല അശോകൻ സാർ ഈ രോഗത്തിന് വിധേയപ്പെട്ടിട്ട്.
ഗേറ്റിൽനിന്ന് പിന്തിരിഞ്ഞ് നിരാശ നിറഞ്ഞ ശബ്ദത്തിൽ അശോകൻ പറഞ്ഞു.
‘‘നാളെ മിക്കവാറും എന്റെ ഈ വലതുകൈയുടെ പ്രവർത്തനശേഷി തന്നെ നിലച്ചുപോകും എന്നാണ് എനിക്ക് തോന്നുന്നത്.’’
കഴിഞ്ഞ കുറേ വർഷങ്ങളിലെ ഗതിവച്ച് അളന്നാൽ അശോകൻ സാറിന്റെ ജീവിതത്തെ ഒരു ട്രാജഡി എന്ന് തന്നെ വിശേഷിപ്പിക്കാം. ഭാര്യ ഉപേക്ഷിച്ച് പോയി. ഒരു മകനുള്ളത് പഠനകാലത്തിനിടയിൽത്തന്നെ തികഞ്ഞ അരാജകജീവിതത്തിലേക്ക് കൈവിട്ടുപോയി. വലതുകൈയ്ക്ക് വിട്ടുമാറാത്ത വിറയൽ രോഗം ബാധിച്ചു.
ഇപ്പോൾ പൊലീസ് ക്വാർട്ടേഴ്സിൽ ഏകാകിയായി ജീവിക്കുന്നു. ഇത്രയും കാലം ജീവിതത്തിൽ പിടിച്ചുനിൽക്കാൻ ഈ ജോലിയുടെ സജീവതയുണ്ടായിരുന്നു. സർവീസിൽനിന്ന് പിരിഞ്ഞാൽ പിന്നെ എന്തു ചെയ്യും? ഈ വിചാരമായിരിക്കാം അശോകൻ സാറിനെ ഇപ്രകാരം വിഷാദാത്മകമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.
പ്രകാശൻ ഒരു സാന്ത്വനത്തിന്റെ ഈണത്തിൽ പറഞ്ഞു.
‘‘സർവീസിൽനിന്ന് പിരിഞ്ഞുപോകുന്നു എന്ന് കരുതി എന്തിനാണ് ഇങ്ങനെയൊക്കെ നിരാശപ്പെടുന്നത്. നമ്മളെല്ലാം എന്നെങ്കിലുമൊക്കെ പിരിഞ്ഞു പോകേണ്ടവരല്ലേ. റിട്ടയർമെന്റിനുശേഷം വീട്ടിൽത്തന്നെ ചടഞ്ഞുകൂടിയാലാണ് പ്രശ്നം. എന്തെങ്കിലുമൊക്കെ എൻഗേജ്മെന്റ് ഉണ്ടാവണം. അപ്പോൾ വലിയ മടുപ്പൊന്നും ഉണ്ടാവില്ല. സാറ് ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കരുത്. ഒറ്റദിവസംകൊണ്ട് കൈ പ്രവർത്തിക്കാതായിപ്പോകുമെന്ന് പറയുന്നത് ഒരു കടന്ന കൈയല്ലേ.’’
അതിനു മറുപടി പറയാതെ അശോകൻ നിശ്ശബ്ദനായി നിന്നു. തന്റെ കൈയുടെ രോഗാവസ്ഥയിൽ പെട്ടെന്ന് തെന്നിമാറി അയാൾ പറഞ്ഞു.
‘‘പ്രകാശാ, നാളെ നടക്കുന്ന യാത്രയയപ്പ് യോഗത്തിൽ ഞാൻ ഉണ്ടാവില്ല. നീ ക്ഷമിക്കണം... ’’
ഇതുവരെ പറഞ്ഞതിൽനിന്നും വ്യത്യസ്തമായി തികച്ചും ഷോക്ക് ഉണ്ടാക്കുന്ന ഒരു കാര്യമായിരുന്നു ആ തീരുമാനം. സർവീസിൽനിന്ന് വിരമിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും നൽകിപ്പോരുന്ന ഔപചാരികമായ ഒരു ചടങ്ങാണ് യാത്രയയപ്പ്. സ്റ്റേഷനിലെ പൊലീസുകാർ മാത്രമല്ല പൊലീസ് ക്ലബ്ബിലെ അംഗങ്ങളും മുൻ സഹപ്രവർത്തകരുമൊക്കെ അതിൽ പങ്കെടുക്കുന്നുണ്ട്. സമ്മാനിക്കാനുള്ള ഉപഹാരം വാങ്ങിവച്ചിരിക്കയാണ്. ഭക്ഷണവും ഏർപ്പാടാക്കിക്കഴിഞ്ഞു. എന്നിരിക്കെ ഇനി യാത്രയയപ്പ് യോഗം വേണ്ടെന്നുവയ്ക്കാൻ സാധിക്കുകയില്ല.
“അയ്യോ സാറേ, നമ്മൾ എല്ലാം ഏർപ്പാടാക്കിക്കഴിഞ്ഞു. ഇങ്ങനെയൊരു കാര്യം മുമ്പേ പറഞ്ഞിരുന്നില്ലല്ലോ.’’
‘‘പങ്കെടുക്കണമെന്ന് തന്നെയായിരുന്നു എന്റെ ആഗ്രഹം. ഞാനത് മുമ്പേ സമ്മതിച്ചതുമാണല്ലോ. പക്ഷേ ഓരോ ദിവസം കഴിയുന്തോറും എന്റെ മനസ്സ് മറ്റൊരു വഴിയേ പോകുന്നു. ഇപ്പോൾ എന്റെ മനസ്സ് ഉറപ്പിച്ചുതന്നെ പറയുകയാണ്, വേണ്ട വേണ്ട എന്ന്. ഞാൻ പങ്കെടുക്കുന്നില്ല എന്നതുകൊണ്ട് നിങ്ങൾ പരിപാടി ഒഴിവാക്കണമെന്നില്ല. അതു നടക്കട്ടെ.’’
‘‘സാറിനല്ലേ യാത്രയയപ്പ്... സാറില്ലാതെ പിന്നെന്ത് യോഗം. ആനയില്ലാതെ ആനയോട്ടം നടത്താൻ പറ്റുമോ?’’
‘‘ഞാൻ ആലോചിച്ചു തീരുമാനിച്ചതാണ്.’’ അശോകൻ പറഞ്ഞു.
‘‘നാളെ അവിടെ എന്താണ് നടക്കുകയെന്ന് പ്രകാശന് അറിയാം. എനിയ്ക്കും അറിയാം. എന്നെപ്പറ്റി പറയാൻ പോകുന്ന വാക്കുകൾ. നീതിയുടെ കാവൽക്കാരൻ എന്നൊക്കെയുള്ള വാഴ്ത്തുകൾ. ഹിറ്റ്ലർ പോലും ഗാന്ധിജിയെപ്പോലെ സാത്വികനായി സ്തുതിക്കപ്പെടുന്ന സന്ദർഭമാണ് റിട്ടയർമെന്റ്. അങ്ങനെയൊന്നുമല്ല ഞാൻ എന്ന് എനിക്കറിയാം. അതൊക്കെ കേട്ടിരിക്കാനുള്ള അവസ്ഥ ഇപ്പോൾ എനിക്കില്ല. ഈ യാത്രയയപ്പ് യോഗത്തിൽ പങ്കെടുക്കാൻ എന്റെ നിസ്സാരത എന്നെ അനുവദിക്കുന്നില്ല പ്രകാശാ...’’
എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ഒരു പരിപാടി മാറ്റിവയ്ക്കുന്നതിലുള്ള ബേജാറ് അനുഭവിക്കുമ്പോഴും പ്രകാശന് ആ വാക്കുകളിലെ സത്യസന്ധതയോട് ആദരവ് തോന്നി. മിക്കവരും പറയാൻ ആഗ്രഹിക്കാത്ത, എന്നാൽ സർവർക്കും ബോധ്യമുള്ള കയ്പ്പാർന്ന ചില സത്യങ്ങളാണ് അശോകൻ സാർ പറയുന്നത്. യാത്രയയപ്പ് യോഗത്തിൽ പങ്കെടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട്.
അശോകൻ സാറിന്റെ നിശ്ചയത്തിനു മുന്നിൽ കൃത്യമായ മറുപടിയില്ലാതെ പ്രകാശൻ നിന്നു.
പ്രകാശനിൽനിന്ന് എന്തെങ്കിലും മറുപടിയോ സമ്മർദമോ പ്രതീക്ഷിക്കുന്നില്ല എന്ന മട്ടിൽ അശോകൻ കലക്ടറേറ്റിന്റെ ഗേറ്റിൽനിന്ന് എവിടേക്കെന്നില്ലാതെ മെല്ലെ നടക്കാൻ തുടങ്ങി.
‘‘പ്രകാശാ, ശരിക്കും എന്റെ കൈകൾക്ക് വിറ ബാധിച്ചത് നീ വിചാരിക്കുംപോലെ എട്ടുകൊല്ലം മുമ്പല്ല. ഇരുപതു കൊല്ലം മുമ്പാണ്. എട്ടുകൊല്ലം മുമ്പ് പുറത്തുകാണാൻ തുടങ്ങിയെന്നേയുള്ളൂ.’’
നടക്കുന്നതിനിടയിൽ അശോകൻ പറഞ്ഞുകൊണ്ടിരുന്നു.
‘‘ഇരുപതു വർഷം മുമ്പ് ഈ കലക്ടറേറ്റിന് മുന്നിൽ ആളുകളെ അകത്തേക്ക് കയറ്റിവിടാതെ ഏതോ യൂണിയന്റെ ഒരു പിക്കറ്റിങ് നടക്കുകയായിരുന്നു. അത് പിരിച്ചുവിടാൻ വേണ്ടി ലാത്തിച്ചാർജ് വേണ്ടിവന്നു. ഞാൻ ഒരാളുടെ നടുംപുറം നോക്കി സർവശക്തിയുമെടുത്ത് ഒരു അടി അടിച്ചതാണ്. പക്ഷേ ലക്ഷ്യം തെറ്റി അയാളുടെ തലയ്ക്ക് പിന്നിലാണ് അടി കൊണ്ടത്. മർമത്ത് അടികൊണ്ട് അയാൾ ബോധംകെട്ടു വീണുപോയി. ഞങ്ങൾ തന്നെ അയാളെ ആശുപത്രിയിലൊക്കെ കൊണ്ടുപോയതാണ്. പക്ഷേ, അതിനുശേഷം അയാൾ എഴുന്നേറ്റു നടന്നിട്ടില്ല പ്രകാശാ. അതേ കിടപ്പ് മരണംവരെ എത്രയോ വർഷം തുടർന്നു...’’
സമയം ഏഴു മണി ആവുന്നേ ഉണ്ടായിരുന്നുള്ളൂ.
എങ്കിലും റോഡ് ഏറെക്കുറെ വിജനമാണ്. വാഹനങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും കാൽനടക്കാർ ഏറെയില്ല.
ചിത്രീകരണം: നാസർ ബഷീർ
അശോകൻ സാർ പറഞ്ഞുകൊണ്ടിരുന്ന അനുഭവവിവരണം എങ്ങോട്ടാണ് പോകുന്നതെന്ന് ഉത്കണ്ഠപ്പെട്ടുകൊണ്ടും നാളത്തെ റിട്ടയർമെന്റ്, കൈകളുടെ വിറ ഇവയെല്ലാം തമ്മിലുള്ള ബന്ധം ചേർത്തെടുക്കാൻ വിഷമിച്ചുകൊണ്ടും പ്രകാശൻ നിന്നു.
തിരിഞ്ഞുനിന്ന് പ്രകാശനു നേർക്ക് മുഖമുയർത്തി അശോകൻ പറഞ്ഞു.
‘‘നീയിപ്പോൾ കാര്യങ്ങൾ ഊഹിച്ചിരിക്കും. പ്രകാശാ, നീ ഇപ്പോഴും യൂണിഫോമിലാണ്. നിന്റെ കൈയിൽ ഇപ്പോഴും ലാത്തിയുണ്ട്. ഇന്നുവരെ അതുവച്ച് ആരെയും അടിച്ചിട്ടില്ല എന്നാണല്ലോ നിന്റെ നിഷ്ഠ. എന്നാൽ ആ നിഷ്ഠ ഒരു തവണത്തേക്ക് മാറ്റിവച്ച് നീ എന്റെ ഈ വലതു കൈപ്പത്തിയിൽ ആ ലാത്തികൊണ്ട് ഒരു അടി അടിക്കാമോ? ഒരു മർമചികിത്സ പോലെ. ഈ വിറ മാറാൻ മറ്റൊരു ചികിത്സയും ഞാൻ കാണുന്നില്ല.’’
സ്ക്രിപ്റ്റിൽ ഇല്ലാത്ത ഒരു സംഭാഷണം നേരിടേണ്ടിവന്ന നടനെപ്പോലെ ആ ആവശ്യം കേട്ട് പ്രകാശൻ പരിഭ്രമിച്ചു നിൽക്കെ സബ് ഇൻസ്പെക്ടർ അശോകൻ തന്റെ വലതുകൈപ്പത്തി ഉയർത്തി പ്രകാശനു നേർക്ക് നീട്ടി. ആ കൈപ്പത്തി അപ്പോൾ കൊടുങ്കാറ്റിലുലയുന്ന ഇല പോലെ അസാധാരണമാംവിധം വിറച്ചുകൊണ്ടിരുന്നു. കൈയിലിരിക്കുന്ന ലാത്തിയിൽ അപ്പോൾ പ്രകാശൻ അച്ഛന്റെ ബലം അനുഭവിച്ചു .









0 comments