Deshabhimani

കവർസ്റ്റോറി

മണ്ണിലെ 
ഗന്ധർവ ഗാനങ്ങൾ

പടം

വർഷങ്ങൾക്കു മുന്പ്‌ കലൂരിലെ ആസാദ്‌ റോഡിലെ ആ വീട്ടിലേക്ക്‌ ആദ്യമായി റേഡിയോ എത്തുന്നു. വീട്ടിലെ കുട്ടികൾക്ക്‌ അന്ന്‌ ഉത്സവമായിരുന്നു. ആ രാത്രി റേഡിയോയിൽ അവിടത്തെ ഒരു കുട്ടിയുടെ കാതിലേക്ക്‌ ഒരു പാട്ട്‌ ഒഴുകിയെത്തി. ‘‘എഴുതിയതാരാണ്‌ സുജാത നിന്റെ കരിമിഴിക്കോണിലെ കവിത’’ എഴുതിയതാരാണെന്ന്‌ അറിയില്ലായിരുന്നെങ്കിലും ആ പാട്ട്‌ അവന്റെ കുഞ്ഞു ഹൃദയത്തിൽ പതിഞ്ഞു. കാലങ്ങൾക്കുശേഷം പാട്ടെഴുത്തിന്റെ ലോകത്ത്‌ അവന്റെ പേരും കൊത്തിവച്ചു. റേഡിയോയിൽ ആളുകൾ നിരന്തരം ആ പേര്‌ കേട്ടു. ‘ഗാനരചന ഷിബു ചക്രവർത്തി.’ അന്ന്‌ ‘എഴുതിയതരാണ്‌ സുജാത’ എന്ന ഗാനം പാടിയ യേശുദാസിന്‌ ആ കുട്ടി വലുതായപ്പോൾ പാട്ടിന്‌ വരികൾ പറഞ്ഞുകൊടുത്തതും കാലത്തിന്റെ മറ്റൊരു ഇന്ദ്രജാലം. പരസ്യത്തിന്‌ വരികൾ എഴുതിയും ലേ ഒ‍ൗട്ട്‌ ആർട്ടിസ്‌റ്റായുമാണ്‌ ഷിബു തന്റെ കലാജീവിതം തുടങ്ങിയത്‌. ഇടവേളകളിൽ നാടൻപാട്ടുകളും ഓണപ്പാട്ടുകളുമെല്ലാമെഴുതി. എഴുതിയതിലൊന്നും കവിതയില്ലെന്നുള്ള തിരിച്ചറിവും പൊതുവെയുള്ള അന്തർമുഖത്വവും മറ്റൊരു പേരിൽ ഒളിഞ്ഞിരിക്കാൻ ഷിബുവിനെ പ്രേരിപ്പിച്ചു. അങ്ങനെ വായിച്ച പുസ്‌തകത്തിൽനിന്നും ടാഗോറിന്റെ ഒരു കഥാപാത്രത്തിന്റെ പേര്‌ തന്റെ പേരിനോട്‌ ചേർത്തുവച്ച്‌ ഷിബു ചക്രവർത്തിയെന്നാക്കി. ‘ഹോം കമിങ്’ എന്ന ചെറുകഥയിലെ കഥാപാത്രമാണ് പാറ്റിക് ചക്രവര്‍ത്തി. ആ കഥാപാത്രത്തോടുള്ള ഇഷ്ടംകൊണ്ടാണ് ചക്രവര്‍ത്തി എന്ന് പേരിനൊപ്പം ചേര്‍ത്തത്. അതുകൊണ്ട്‌ തന്നെ അന്നെഴുതിയ പാട്ടുകളൊന്നും എഴുതിയത്‌ ഷിബുവാണെന്ന്‌ സുഹൃത്തുക്കൾ പോലും തിരിച്ചറിഞ്ഞില്ല. ജോഷി സംവിധാനം ചെയ്‌ത ‘നിറക്കൂട്ട്‌’ എന്ന സിനിമയിൽ അണിയറയിൽ പ്രവർത്തിച്ച്‌ സിനിമയിലേക്കുള്ള ആദ്യ ചുവടുവച്ചു. പിന്നീട്‌ ആശിച്ച സിനിമാ ലോകം തുറന്ന്‌ കിട്ടുന്നത്‌ ‘ഉപഹാരം’ എന്ന ചിത്രത്തിലൂടെയാണ്‌. ഇതിൽ പാട്ടെഴുതാനുള്ള നിയോഗം ഷിബു ചക്രവർത്തിക്കായിരുന്നു. സാജൻ സംവിധാനം ചെയ്‌ത്‌ മമ്മൂട്ടി അഭിനയിച്ച ഇ‍ൗ സിനിമ തിയറ്ററിൽ പരാജയപ്പെട്ടു. ഷിബു ചക്രവർത്തിയെന്ന പാട്ടെഴുത്തുകാരനെയും ആരും ഓർത്തില്ല. ജോഷി സംവിധാനം ചെയ്‌ത ‘ശ്യാമ ’എന്ന സിനിമ പുറത്തിറങ്ങിയപ്പോൾ അതിലെ ‘ചെന്പരത്തി പൂവേ ചൊല്ലൂ...’, ‘പൂങ്കാറ്റേ പോയി ചൊല്ലാമോ...’ എന്നീ ഗാനങ്ങൾ ഹിറ്റായതോടെ ഷിബു ചക്രവർത്തിയെന്ന പേരും ശ്രദ്ധിക്കപ്പെട്ടു. അതുവരെ ഒരു പേരിന്റെ മറവിൽ ഒളിച്ചിരുന്ന ഷിബുവിനെ ആളുകൾ തിരിച്ചറിയാൻ തുടങ്ങി. 1980 മുതൽ ഒന്നര പതിറ്റാണ്ടോളം വെള്ളിത്തിരയിൽ മറ്റു പ്രതിഭകൾക്കൊപ്പം ഗാനരചന ഷിബു ചക്രവർത്തിയെന്ന പേരും തെളിഞ്ഞു. സംഗീത സംവിധായകരും സിനിമാ സംവിധായകരും ആ പേനയിൽ നിന്നുള്ള വരികളിൽ വിശ്വാസമർപ്പിച്ചു. എം കെ അർജുനൻ, ഇളയരാജ, രവീന്ദ്രൻ, രഘുകുമാർ, ശ്യാം, ജോൺസൺ, ഒ‍ൗസേപ്പച്ചൻ, എസ്‌ പി വെങ്കിടേഷ്‌, കണ്ണൂർ രാജൻ തുടങ്ങിയ സംഗീത സംവിധായകരുടെ പ്രിയങ്കരനായ എഴുത്തുകാരനായി ഷിബു മാറി. യേശുദാസും എം ജി ശ്രീകുമാറും ചിത്രയും ഉണ്ണിമോനോനും മാർക്കോസുമെല്ലാം ആ വരികൾക്ക്‌ ശബ്ദം നൽകിയപ്പോൾ മിക്ക ഗാനങ്ങളും കേരളം ഏറ്റുപാടി. വൈവിധ്യമായിരുന്നു ആ പാട്ടുകളുടെ മുഖമുദ്ര. ഇതിനിടയിൽ കഥ, തിരക്കഥ മേഖലകളിലും കൈവച്ചു. പലതും ഹിറ്റുകളായി. ‘ലോ ആൻഡ്‌ ഓർഡർ’, ‘ബെസ്‌റ്റി’ തുടങ്ങിയ സമീപകാല ചിത്രങ്ങളിൽ ഗാനരചന: ഷിബു ചക്രവർത്തിയെന്ന പേര്‌ വീണ്ടും തെളിഞ്ഞു. കലൂർ ജവഹർലാൽ സ്‌റ്റേഡിയത്തിന്‌ സമീപം എരൂർ വാസുദേവൻ റോഡിലെ വീട്ടിലിരുന്ന്‌ പാട്ടുകൾ പിറന്ന വഴികളെ കുറിച്ച്‌ ഷിബു ചക്രവർത്തി സംസാരിക്കുന്നു.

ഷിബു ചക്രവർത്തി    
ഫോട്ടോ: സുനോജ് നെെനാൻ മാത്യുഷിബു ചക്രവർത്തി 
ഫോട്ടോ: സുനോജ് നെെനാൻ മാത്യു

സുധീർ കുമാർ: അടുത്തിടെ ജന്തർ മന്തറിൽ നടന്ന സമരത്തിൽ കൂടുതൽ ഉയർന്നുകേട്ടത്‌ മുദ്രാവാക്യങ്ങളേക്കാൾ പാട്ടുകളായിരുന്നു. പുതിയകാലത്ത്‌ പാട്ട്‌ എന്നത്‌ സമരായുധമോ പ്രതിരോധമോ ആയി മാറുന്നതായി തോന്നുന്നുണ്ടോ?


ഷിബു ചക്രവർത്തി: പാട്ടുകൾ എന്നും ആ ധർമം നിർവഹിച്ചിട്ടുണ്ടെന്നാണ്‌ എന്റെ വിശ്വാസം. കെപിഎസി നാടകഗാനം മുതൽ വേടന്റെ പാട്ട്‌ വരെ നോക്കിക്കഴിഞ്ഞാൽ ഇത്‌ വ്യക്തമാണ്‌. ‘വിയർപ്പ്‌ തുന്നിയിട്ട കുപ്പായം’ എന്ന വിശേഷണം നമ്മൾ ഇതുവരെ കേട്ടതിൽനിന്നും എത്രയോ ഉന്നതമാണ്‌. വേടന്റെ പാട്ടിൽ എവിടെയൊക്കെയോ അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം നാം കേൾക്കും. പാട്ട്‌ എന്നത്‌ സിനിമാ പാട്ടുകളാണെന്ന അബദ്ധ ധാരണയും നമ്മൾ തിരുത്തണം. ജന്തർ മന്തറിൽ നടന്ന ജെൻസി സമരത്തിൽ നാടൻപാട്ടുകൾ മുതൽ പല ഫെയ്‌മസ്‌ ബാൻഡുകളുടെ പാട്ടുകൾ വരെ ഉയർന്നുകേട്ടു. വലിയ വിജയമായിരുന്നു ആ സമരം. ഒടുവിൽ വിദ്യാഭ്യാസമന്ത്രിക്ക്‌ രാജിവയ്‌ക്കേണ്ടി വന്നു. രാജ്യത്തെ നയിക്കാൻ പ്രാപ്‌തരാണ്‌ നമ്മുടെ നാടിന്റെ യുവത എന്ന്‌ തെളിയിക്കപ്പെട്ടു. ബാക്ക്‌ ഫയൽ ഇല്ല എന്നതാണ്‌ ഇവരുടെ പ്രധാന ഹൈലൈറ്റ്‌സ്‌. ജന്തർ മന്തർ എന്നത്‌ സാംസ്‌കാരിക – രാഷ്‌ട്രീയ മുന്നേറ്റത്തിന്റെ വലിയൊരു പ്രതീകമായി തന്നെ നാളെ അറിയപ്പെടും. ഇന്ത്യൻ യുവതയെ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന സമയമാണിത്‌. ജനാധിപത്യത്തിന്റെ സ‍ൗന്ദര്യത്തെ വീണ്ടെടുക്കാനുള്ള വലിയൊരു പ്രക്ഷോഭമാണ്‌ അവിടെ നടക്കുന്നത്‌. സിനിമാ മേഖല ഉൾപ്പെടെയുള്ള കലാകാരന്മാർ അതിൽ പങ്കാളിയാവുന്നു എന്നത്‌ ആശ്വാസകരമാണ്‌. പരന്പരാഗതമായ രാഷ്‌ട്രീയ പാർടികൾക്ക്‌ നടക്കാതെ പോയ കാര്യമാണ്‌ കുട്ടികൾ നേടിയെടുത്തത്‌. കാലത്തിനനുസരിച്ച്‌ മാറാൻ രാഷ്‌ട്രീയ പാർടികൾ തയ്യാറാവണമെന്ന വ്യക്തമായ സൂചനയാണ്‌ യുവത നൽകുന്നത്‌. അധികാരം മാത്രമാവരുത്‌ ലക്ഷ്യം. വ്യക്തികൾ അപചയപ്പെടുന്പോൾ സിസ്‌റ്റവും മലിനപ്പെടുന്നു. ഏകശിലാരൂപമാകാതെ മാറ്റങ്ങൾ വേണം. ബുദ്ധനെ പിടിച്ച്‌ ദൈവമാക്കിയവരാണ്‌ നമ്മൾ. നിത്യചൈതന്യയതി പറഞ്ഞ ഒരു കാര്യമുണ്ട്‌. ഒരു ദർശനം സ്ഥാപനവൽക്കരിക്കപ്പെടുന്പോൾ അതൊരു പ്രതിമ ആവശ്യപ്പെടും. ഇത്‌ ഇക്കാലത്ത്‌ വളരെ പ്രസക്തമാണ്‌. പാട്ട്‌ തുടങ്ങുന്നത്‌ മനുഷ്യന്റെ അധ്വാനവുമായി ബന്ധപ്പെട്ടാണ്‌. അധ്വാനത്തിന്റെ ലഘൂകരണത്തിനോ ഏകീകരണത്തിനോ മനസ്സിന്റെ ഭാരം ഇല്ലാതാക്കാനോ പാട്ടുകൾ വഹിക്കുന്ന ധർമം ചെറുതല്ല. ഒരു തടിപിടിക്കുന്പോൾ, പാടത്ത്‌ ഞാറു നടുന്പോൾ പാടുന്നവർക്ക്‌ അധികകൂലി ഉണ്ടായിരുന്നുവെന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌. മലയാള സിനിമ ലോകസിനിമയോളം വളർന്നു. അതേസമയം പാട്ട്‌ സിനിമയിൽനിന്നും അകന്നു. എന്നാൽ പാട്ടുകൾക്ക്‌ ജീവിതത്തിലുള്ള അർഥം നഷ്ടപ്പെട്ടിട്ടില്ല. അതിന്‌ മനുഷ്യമനസ്സിനെ സ്വാധീനിക്കാനുള്ള മാസ്‌മരിക ശക്തിയുണ്ട്‌. നമ്മളിൽനിന്ന്‌ നമ്മുടെ മനസ്സ്‌ വിട്ടുപോകുന്പോൾ നമ്മൾ അസ്വസ്ഥരാവുകയോ വേദനിക്കുകയോ ചെയ്യുന്നു. പുറത്തേക്ക്‌ അലയുന്ന മനസ്സിനെ ഉള്ളിലേക്ക്‌ വലിച്ചുകൊണ്ട്‌ വരാൻ മെഡിറ്റേഷന്‌ കഴിയും. എന്നാൽ അത്‌ എത്രപേർക്ക്‌ സാധിക്കും. എന്നാൽ ഏത്‌ തിരക്കിലും അസ്വസ്ഥതയിലും ബാബുരാജിന്റെയോ തലത്ത്‌ മുഹമ്മദിന്റെയോ ഒരു പാട്ട്‌ കേൾക്കുന്പോൾ നമ്മൾ എല്ലാം മറക്കും. പാട്ട്‌ നിങ്ങളെ ഏത്‌ സാഹചര്യത്തിലും മെഡിറ്റേറ്റ്‌ ചെയ്യാൻ സഹായിക്കുന്നു. ‘രാജീവ നയനന്റെ പാട്ടുകൾ കേട്ട്‌ രാധേ ഉറക്കമായോ’ എന്ന പാട്ട്‌ കേട്ടാൽ നമ്മൾ താനേ മയങ്ങിപ്പോകും. എന്നാൽ ഇത്തരം പാട്ടുകൾക്ക്‌ ഇനി സിനിമയിലായിരിക്കില്ല സ്ഥാനം. അത്‌ ഇനി ന്യൂ മീഡിയയിൽ വിഹരിക്കും. ലോകത്തുനിന്ന്‌ സംഗീതം മാഞ്ഞുപോകില്ല. പാട്ടുണ്ടാക്കാനുള്ള ഫാക്ടറിയായി മാത്രമായി സിനിമ മാറരുത്‌. പുതിയ കാലത്ത്‌ സിനിമ റിയലിസ്‌റ്റിക്കായി. ഇവിടെ സംഗീതം എന്നത്‌ പശ്‌ചാത്തലത്തിൽ മാത്രമൊതുങ്ങും. ഒരു സീനിനെ അതിന്റെ ഉദാത്തമായ തലത്തിലേക്ക്‌ ഉയർത്താൻ ചില ശബ്ദങ്ങൾ മതിയാകും. അവിടെ കവിതയ്‌ക്കോ പാട്ടിനോ സ്ഥാനമില്ല. സിനിമയെ സംബന്ധിച്ചിടത്തോളം കവിതയെഴുതാനുള്ള പ്രതലമല്ല സിനിമ. ഒരുകാലത്ത്‌ ഗാനങ്ങൾ സിനിമയുടെ വിജയഫോർമുലയായിരുന്നു. എന്നാൽ ഇന്ന്‌ അങ്ങനെയല്ല. ജെൻസികളുടെ ചിന്തകളും സ്വപ്‌നങ്ങളും ഏകദേശം മൂന്ന്‌ പതിറ്റാണ്ട്‌ മുന്പേ നിങ്ങൾ ഒരു ഗാനത്തിൽ ആവിഷ്‌കരിച്ചിരുന്നു. ‘സൈന്യം’ എന്ന സിനിമയിൽ ‘ബാഗീ ജീൻസും ഷൂസുമണിഞ്ഞ്‌...’ എന്ന ഗാനം. തങ്ങളെ ചുറ്റിവരിയുന്ന കെട്ടുപാടുകളിൽ നിന്നും കുതറിമാറാനുള്ള യുവത്വത്തിന്റെ സ്വാതന്ത്ര്യവാഞ്ഛ ആ പാട്ടിൽ കാണാം. റോക്കിന്റെ പാറ്റേണിലാണ്‌ ആ പാട്ടിന്റെ രചനയും സംഗീതവും. 1994–ലാണ്‌ ‘സൈന്യം’ ഇറങ്ങിയത്‌. ആഗോളവൽക്കരണത്തിന്റെ കാലം കൂടിയായിരുന്നു അത്‌. കൃത്യമായൊരു പൊളിറ്റിക്കൽ സ്‌റ്റേറ്റ്‌മെന്റ്‌ ഉണ്ട്‌ എന്നതാണ്‌ ആ പാട്ടിന്റെ ഹൈലൈറ്റ്‌. ?

പ്രിയദർശൻ, മോഹൻലാൽ എന്നിവർക്കൊപ്പം ഷിബു ചക്രവർത്തിപ്രിയദർശൻ, മോഹൻലാൽ എന്നിവർക്കൊപ്പം ഷിബു ചക്രവർത്തി

? ഏത്‌ കലാകാരനെയും രൂപപ്പെടുത്തുന്നതിൽ ബാല്യകാലത്തിന്‌ നല്ല പങ്കുണ്ട്‌. ഷിബു ചക്രവർത്തിയുടെ ബാല്യകാലം എങ്ങനെയായിരുന്നു.

= കലൂരിൽ ആസാദ് റോഡിൽ വലിയൊരു പറമ്പിന്റെ നടുക്കായിരുന്നു ഞങ്ങളുടെ തറവാട്. അവിടെയാണ്‌ ഞാൻ ജനിച്ചത്. നിറയെ ആളുകളുള്ള ആ വീട്ടിൽ എനിക്കൊരിക്കലും ഏകാന്തത അനുഭവപ്പെട്ടിരുന്നില്ല. വീട്ടിലാദ്യം അച്ഛൻ റേഡിയോ കൊണ്ടുവന്നത്‌ ഇപ്പോഴും ഓർമയുണ്ട്‌. കേട്ടറിഞ്ഞ ആ സാധനം കൺമുന്നിൽ കണ്ടപ്പോൾ ഞങ്ങൾ കുട്ടികൾക്കന്ന്‌ ഉത്സവം പോലെയായിരുന്നു. ഞങ്ങൾ കിടക്കുന്ന നടുക്കത്തെ മുറിയിൽ ഞങ്ങൾക്കൊന്നും കൈയ്യെത്താത്ത ഉയരത്തിൽ ഒരു സ്റ്റാൻഡ്‌ സ്ഥാപിച്ച്‌ അതിലായിരുന്നു റേഡിയോ സ്ഥാപിച്ചിരുന്നത്‌. വാൽവ്‌ റേഡിയോ ആയിരുന്നു അത്‌. അതിലെ പച്ചവെളിച്ചം ആട്ടം നിർത്തി നിശ്ചലമായാൽ മാത്രമാണ്‌ പാട്ട്‌ കേൾക്കുക. അങ്ങനെ ഞാനാദ്യം കേട്ട പാട്ടാണ്‌ ‘എഴുതിയതാരാണ്‌ സുജാത...’ ആ പാട്ട്‌ മനസ്സിലങ്ങ്‌ പതിഞ്ഞു. അതെഴുതിയത്‌ യുസഫലി കേച്ചേരിയാണെന്നും സംഗീതം ബാബുരാജാണെന്നും പാടിയത്‌ യേശുദാസ്‌ ആണെന്നും പിന്നീടാണറിഞ്ഞത്‌. ഇന്നും എന്റെ പ്രിയപ്പെട്ട പാട്ടാണത്‌. മറ്റൊരു പ്രിയപ്പെട്ട പാട്ട്‌ "യവനസുന്ദരി സ്വീകരിക്കുകീ പവിഴമല്ലികപ്പൂവുകൾ’ ആയിരുന്നു. അർഥമൊന്നുമറിഞ്ഞിട്ടല്ലെങ്കിലും അവയെല്ലാം എന്നെ വല്ലാതെ ആനന്ദിപ്പിച്ചിരുന്നു. ആ വീട് മുഴുവൻ പാട്ടായിരുന്നു. അച്ഛനും വലിയച്ഛനും ഇളയച്ഛന്മാരുമെല്ലാം നാടകത്തിന്റെയും പാട്ടിന്റെയുമൊക്കെ ഭ്രാന്തുള്ളവരായിരുന്നു. വൈകിട്ട് ഓഫീസ് വിട്ട് വരുന്ന അച്ഛന് രാത്രി കുളി കഴിഞ്ഞാൽ വീട്ടുമുറ്റത്തൊരു നടത്തമുണ്ട്‌... അനിയത്തിയെ അച്ഛൻ എടുത്തിട്ടുണ്ടാകും, ഒരു കൈയ്യിൽ തൂങ്ങി ഞാനും നടക്കും. നടക്കുമ്പോൾ അച്ഛൻ പഴയ നാടകഗാനങ്ങൾ മൂളിക്കൊണ്ടിരിക്കും. ‘കായലിനക്കരെ പോകാൻ എനിക്കൊരു കളിവള്ളമുണ്ടായിരുന്നു’, ‘ചക്കരപ്പന്തലിൽ തേൻമഴ പൊഴിയും...’ ഇതൊക്കെയായിരുന്നു അച്ഛന്റെ പ്രിയപ്പെട്ട പാട്ടുകൾ. പാട്ടില്ലാത്ത അച്ഛനുണ്ടായിരുന്നില്ല. ആ പാട്ടായിരിക്കും ഇന്നും എന്നിലൂടെ ഒഴുകുന്നത്‌. കലൂർ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ന്യൂമോണിയ പിടിപെട്ട്‌ കിടപ്പിലായപ്പോൾ പാട്ടിലേക്കും സംഗീതത്തിലേക്കുമെല്ലാം അടുപ്പിക്കാൻ ഈ കാലം എന്നെ സഹായിച്ചു. എല്ലാവരും പോയ്‌ക്കഴിഞ്ഞാൽ എന്റെ ഏക ആശ്വാസം റേഡിയോയാണ്. ലളിതസംഗീതപാഠമായിരുന്നു പനിക്കിടക്കയിലെ ആശ്വാസവും സാന്ത്വനവും. കലൂരിൽനിന്നും പാലാരിവട്ടത്തേക്ക്‌ മാറിയപ്പോൾ എഴുത്തുകാരനും പത്രപ്രവർത്തകനുമായ വലിയച്ഛൻ എരൂർ വാസുദേവ്‌ ആയിരുന്നു എന്റെ ഹീറോ. ഒരു മുറി മുഴുവൻ പുസ്‌തകങ്ങളായിരുന്നു. വലിയച്ഛനെ എല്ലാവർക്കും വലിയ ബഹുമാനമായിരുന്നു. അന്നെനിക്ക് എട്ടുവയസ്സാണ്, മൂന്നാം ക്ലാസിൽ പഠിക്കുന്നു. ജീവിതത്തിൽ ആരെങ്കിലുമാകണമെങ്കിൽ അത് വലിയച്ഛനെപ്പോലെയാകണമെന്ന് അന്ന് ഞാൻ നിശ്ചയിച്ചു. അച്ഛനെല്ലാം ഇംഗ്ലീഷിലാണ് ഒപ്പിടുക. വലിയച്ഛൻ എരൂർ വാസുദേവ് എന്ന് മലയാളത്തിലാണ് ഒപ്പിട്ടിരുന്നത്. ചുമരലമാരയിൽ സൂക്ഷിച്ചുവച്ച പുസ്‌തകങ്ങളുടെ പുറംചട്ട മറിച്ചാൽ ആദ്യപേജിൽതന്നെ കാണുക വലിയച്ഛന്റെ മലയാളത്തിലുള്ള ഒപ്പാണ്. അവിടെ പുസ്‌തകങ്ങളുടെ വലിയൊരു ലോകം എനിക്കുമുന്നിൽ തുറക്കപ്പെട്ടു. പുസ്‌തകങ്ങളോടുള്ള എന്റെ താൽപ്പര്യം വലിയച്ഛൻ തിരിച്ചറിഞ്ഞിരുന്നു. മൂന്നാം ക്ലാസിലോ മറ്റോ പഠിക്കുന്ന സമയത്ത് ഞാൻ കാക്കയെപ്പറ്റി ഒരു കവിതയെഴുതി. ‘‘കാക്കച്ചി കാക്കച്ചി കാവതിക്കാക്കച്ചി ആറ്റിൽ കുളിക്കാൻ പോയി...'' ഇങ്ങനെ എന്തൊക്കെയോ ആയിരുന്നു വരികൾ. ഞാനത് വലിയച്ഛനെ കാണിച്ചു. വലിയച്ഛൻ സ്വർണനിറമുള്ളൊരു പേന അതിന് സമ്മാനമായി തന്നു. എനിക്ക് കിട്ടിയ ആദ്യത്തെ സമ്മാനം.


? പുറത്തിറങ്ങാതെ പോയ ‘അന്ന’യെന്ന സിനിമയും അതിലെ പാട്ടും വീണ്ടും ചർച്ചയായിരിക്കുകയാണ്‌. ‘അന്ന’യ്‌ക്ക്‌ വേണ്ടി എഴുതിയ പാട്ട്‌ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്‌’ എന്ന സിനിമയിലുടെ ഹിറ്റായി മാറിയപ്പോൾ എന്ത്‌ തോന്നി.

= അന്ന്‌ മുടങ്ങിപ്പോയ ‘അന്ന’ എന്ന സിനിമ യാഥാർഥ്യമാക്കാൻ പോവുന്നു എന്ന വാർത്തയാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ കേട്ടുതുടങ്ങിയത്‌. ഒരു നിർമാതാവ്‌ ഇത്‌ സിനിമയാക്കാനുള്ള താൽപ്പര്യം അറിയിച്ചതായി വാർത്ത കണ്ടു. അന്ന്‌ സിനിമയ്‌ക്ക്‌ തിരക്കഥ രചിച്ച എൻ മോഹനന്റെ മകൾ സരിത മോഹനനും ഇതിനോട്‌ അനുകൂലമായാണ്‌ പ്രതികരിച്ചത്‌. സത്യത്തിൽ ഇ‍ൗ പാട്ടിന്റെ രണ്ടാമത്തെ ഹിറ്റാണ്‌ ഇതെന്ന്‌ പറയാം. മൂന്ന് പതിറ്റാണ്ട്‌ മുന്പാണ്‌ ‘യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ’ എന്ന പാട്ടെഴുതിയത്‌. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും കാസറ്റിലൂടെ അന്നേ ഇ‍ൗ പാട്ട്‌ ജനപ്രിയമായിരുന്നു. ഒ‍ൗസേപ്പച്ചന്റെ കംപോസിങ്ങിലെ മാന്ത്രികതയും യേശുദാസിന്റെ ഗന്ധർവസ്വരവും അന്നേതന്നെ ആ പാട്ടിനെ ഹിറ്റാക്കിയിരുന്നു. എന്നാൽ ‘അന്ന’ സിനിമയുടെ പ്രൊജക്ട്‌ മുടങ്ങിയതോടെ ആ പാട്ടും ശ്രുതിതാഴ്‌ത്തി മറവിയിലേക്ക്‌ മാഞ്ഞു. ജോഷിയായിരുന്നു സംവിധായകൻ. എൻ മോഹനൻ ആയിരുന്ന തിരക്കഥാകൃത്ത്‌. മൂന്നാർ പശ്‌ചാത്തലമായി സിനിമ ചെയ്യുന്നതിനായി ജോഷി ആ സ്ഥലമൊക്കെ സന്ദർശിച്ച്‌ ലൊക്കേഷൻ കണ്ടെത്തിയിരുന്നു. അരവിന്ദ്‌ സ്വാമിയും ശ്രീദേവിയുമായിരുന്നു മെയിൻ റോളിൽ. എന്നാൽ ഇരുവരുടെയും ഡേറ്റ്‌ പ്രശ്‌നമായതോടെ പ്രൊജക്ട്‌ മുടങ്ങി. പിന്നെ ജോഷിയും ടീമും ‘സൈന്യം’ എന്ന സിനിമയുമായി മുന്നോട്ട്‌ പോയതോടെ ‘അന്ന’ എന്നെന്നേക്കുമായി മുടങ്ങി. ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലൂടെ ആ പാട്ട്‌ പുനർജനിച്ചപ്പോൾ വളരെ സന്തോഷം തോന്നി. വർഷങ്ങൾക്കു മുന്പ്‌ കാണാതായ മകനോ മകളോ തിരിച്ചുവന്ന പോലെയുള്ള അനുഭൂതിയായിരുന്നു.

ഔസേപ്പച്ചനോടൊപ്പംഔസേപ്പച്ചനോടൊപ്പം

? നിങ്ങളുടെ കാലത്തെ പാട്ടെഴുത്തിന്റെയും സംഗീത നിർവഹണത്തിന്റെയുമെല്ലാം കാലമല്ലിത്‌. സാങ്കേതികത കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നുണ്ട്‌. നിർമിത ബുദ്ധിയുടെ കാലത്ത്‌ എഴുത്തുകാരന്റെയും എഴുത്തിന്റെയുമെല്ലാം ഭാവിയെന്ത്‌ എന്ന ചർച്ച അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ട്‌. എഐ കാലഘട്ടത്തിൽ പാട്ടെഴുത്തിന്റെ പ്രസക്തിയെന്താണ്‌.

= എഐ എന്ന സാങ്കേതികത നമ്മുടെ മുന്പിൽ രാക്ഷസരൂപത്തിൽ നിൽക്കുകയാണ്‌. അതുണ്ടാക്കുന്ന ഇംപാക്ട്‌ എന്താണെന്നത്‌ കാലം തെളിയിക്കട്ടെ. എന്നാൽ എനിക്ക്‌ പറയാനുള്ളത്‌ മറ്റൊന്നാണ്‌. പുതിയ ഏത്‌ ടെക്‌നോളജി വരുന്പോഴും നമ്മൾക്ക്‌ അതിനോടുള്ള മനോഭാവം സംശയാസ്‌പദമായിരുന്നുവെന്ന്‌ നിസ്സംശയം കണ്ടെത്താൻ കഴിയും. മൊബൈൽ ഫോൺ വന്നപ്പോൾ ഇത്‌ തന്നെയായിരുന്നു അവസ്ഥ. മൊബൈൽ ഫേ-ാൺ ടവർ വന്നാലുള്ള റേഡിയേഷനും അതിനെതിരെയുള്ള സമരങ്ങളും നമ്മൾ കണ്ടതാണ്‌. മൊബൈൽ പോക്കറ്റിലിട്ടാലുള്ള ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും വ്യാപക ചർച്ച നടന്നു. ഇന്ന്‌ ഒരു നിമിഷം മൊബൈൽ ഫോൺ കൈയ്യിലില്ലെങ്കിൽ ഒരാൾ അനുഭവിക്കുന്ന ടെൻഷൻ എത്രമാത്രമാണ്‌! ഇതുപോലെ തന്നെയായിരുന്നു കംപ്യൂട്ടർ വ്യാപകമായപ്പോഴും കണ്ടത്‌. ഏത്‌ ടെക്‌നോളജിയെയും ആദ്യം പേടിയോടെയും സംശയത്തോടെയും കാണുകയെന്നതാണ്‌ നമ്മുടെ ശീലം. ഇത്‌ തന്നെയാണ്‌ എഐയുടെ കാര്യത്തിലും സംഭവിക്കുന്നത്‌. നമ്മുടെ ക്രിയേറ്റിവിറ്റിക്ക്‌ നല്ലൊരു ടൂളായി എഐയെ ഉപയോഗിക്കുക എന്നതാണ്‌ കാര്യം. ഒരു ക്രിയേറ്റീവ്‌ പേഴ്‌സൺ ചെയ്യുന്നത്‌ നിലനിൽക്കുന്ന എല്ലാ ഡാറ്റകളെയും നിഷേധിച്ച്‌ പുതിയതൊന്ന്‌ സൃഷ്‌ടിക്കുകയാണ്‌. നിലനിൽക്കുന്ന കുറേ വിഗ്രഹങ്ങൾ തച്ചുടയ്‌ക്കുന്പോഴാണ്‌ നല്ലൊരു കഥയോ സംഗീതമോ സിനിമയോ ഉണ്ടാകുന്നത്‌. പക്ഷേ എഐയിൽ സംഭവിക്കുന്നത്‌ അതിലേക്ക്‌ ഫീഡ്‌ ചെയ്യപ്പെടുന്ന ഡാറ്റകളിൽ നിന്നും ഒരു നിഗമനത്തിലെത്തുകയെന്നത്‌ മാത്രമാണ്‌.


? ഒഎൻവിയും പൂവച്ചൽ ഖാദറും ബിച്ചു തിരുമലയുമെല്ലാം നിറഞ്ഞുനിൽക്കുന്ന കാലത്തായിരുന്നു ഷിബു ഗാനരചനയിലേക്ക് കടന്നുവരുന്നത്. പിന്നീടങ്ങോട്ട്‌ കുറേക്കാലം പാട്ടിന്റെ ചക്രവർത്തിപട്ടം നിങ്ങളുടെ ശിരസ്സിലായിരുന്നു. മറുവശത്ത്‌ കൈതപ്രവും ഗിരീഷ്‌ പുത്തഞ്ചേരിയും മലയാള സിനിമാഗാനത്തെ വേറൊരു അനുഭൂതി തലത്തിലേക്കുയർത്തുന്നുണ്ടായിരുന്നു. അപ്പോഴും ഒരുവശത്ത്‌ ഷിബു ചക്രവർത്തിയെന്ന പേര്‌ മായാതെ നിൽക്കുന്നുണ്ടായിരുന്നു. പാട്ടിൽ ഇടവേളകളുണ്ടായിരുന്നില്ലേ.

= രഞ്ജിത്ത്‌ സംവിധാനം ചെയ്‌ത്‌ അടുത്തിടെയിറങ്ങിയ ‘ലോ ആൻഡ്‌ ഓർഡർ’ സിനിമയിൽ ഞാനാണ്‌ ഗാനങ്ങളെഴുതിയത്‌. ഒരു പയ്യന്റെ കൊലപാതകവും അവന്റെ സംസ്‌കാരവും പയ്യന്റെ കൂട്ടുകാരായ നാല്‌ പേർ പ്രതികാരത്തിനിറങ്ങുന്നതുമാണ്‌ പാട്ടിന്‌ സന്ദർഭമായി രഞ്ജിത്ത്‌ പറഞ്ഞത്‌. അവന്റെ കുടുംബത്തിനുണ്ടായ തീരാവേദന, ആത്മമിത്രം നഷ്ടമായ കൂട്ടുകാർക്കുണ്ടായ വേദന... ഇങ്ങനെ ഒരുപാട്‌ തലങ്ങളിലൂടെ കടന്നുപോകുന്ന സന്ദർഭമാണത്‌. ഇത്‌ ഏറ്റവും മനോഹരമായി അവതരിപ്പിക്കുക എന്നതായിരുന്നു എനിക്കുള്ള വെല്ലുവിളി. ഇതിൽ പൂർവമാതൃകകൾ കുറവാണ്‌. കുറേ അശരീരി പാട്ടുകൾ ഉണ്ടെന്നല്ലാതെ. ഇവിടെ ഞാൻ ചിന്തിച്ചത്‌ ഇതെങ്ങനെ ഏറ്റവും ഉയരത്തിൽ പ്രതിഷ്‌ഠിക്കാം എന്നതാണ്‌. കുറേ ആലോചിച്ചപ്പോൾ എന്നിലേക്ക്‌ എം എൻ വിജയൻ മാഷുടെ ഒരു സംഭാഷണ ശകലം കടന്നുവന്നു. ക്ലാസിൽ ചോദ്യം ചോദിച്ച കുട്ടിയെ പുറത്താക്കിയാലും ആ ചോദ്യം അവിടെത്തന്നെ അവശേഷിക്കും എന്നത്‌. ഇ‍ൗ ചിന്തയിൽ നിന്നാണ്‌ ഞാൻ ആ പാട്ട്‌ എഴുതുന്നത്‌. ‘‘കായാകും മുന്പ്‌ കൊഴിഞ്ഞ പൂ മണ്ണിനോട്‌ പറഞ്ഞു ഇനി ഞാനില്ല. ഇനി ഞാനില്ല നിന്റെ സ്വപ്‌നത്തിന്റെ നേരാവാൻ ഇനി ഞാനില്ല ഞാനില്ല. നിന്റെ വേരിന്‌ നീരാവാൻ കയ്‌ക്കുന്നൊരു മധുരം ഞാൻ, തീപ്പെട്ടൊരു ശലഭം ഞാൻ നീ തന്നെ ഏൽക്കുക തായെ ഞാനെന്നൊരു ബാഷ്‌പകണത്തെ’’ ആ പാട്ടിന്റെ തുടക്കം ഇതായിരുന്നു. അടുത്തിടെയറിങ്ങിയ ‘ബെസ്‌റ്റി’ എന്ന ചിത്രത്തിലും ഞാനും ഒ‍ൗസേപ്പച്ചനും വർഷങ്ങൾക്ക്‌ ശേഷം ഒന്നിച്ചിട്ടുണ്ട്‌. അതുപോലെ ടി പത്മനാഭനെ കുറിച്ച്‌ സുസ്‌മേഷ്‌ ചന്ത്രോത്ത്‌ സംവിധാനം ചെയ്‌ത ‘നളിനകാന്തി’ എന്ന ഡോക്യുമെന്ററിയിലും എന്റെ പാട്ടുണ്ട്‌. ഇടക്കാലത്ത്‌ ബ്രേക്ക്‌ വന്നപ്പോൾ ഞാൻ മറ്റൊരു ഫീൽഡിലേക്കിറങ്ങുകയായിരുന്നു. ഞാൻ എന്നെത്തന്നെ സ്വയം നവീകരിക്കുന്നുണ്ടായിരുന്നു. പാട്ടെഴുത്തുകൊണ്ട്‌ മാത്രം ജീവിക്കാൻ കഴിയില്ലെന്ന്‌ മനസ്സിലായി. 2000–ത്തിൽ കൈരളി ചാനൽ തുടങ്ങിയപ്പോൾ ഞാനതിൽ ചേർന്നു. പിന്നീട്‌ അമൃത ചാനലിലേക്ക്‌ മാറി.


? മ്യൂസിക്‌ ഡയറക്ടർ നൽകുന്ന ട്യൂൺ, സംവിധായകൻ പറയുന്ന സന്ദർഭം ഇതിനിടയിലൂടെയാണ്‌ ഒരു ഗാനരചയിതാവിന്റെ വെല്ലുവിളി നിറഞ്ഞ അക്ഷരസഞ്ചാരം. ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു സന്ദർഭം ഓർമയുണ്ടോ.

= ഒരിക്കൽ ശോഭന പരമേശ്വരനൊത്ത്‌ നടക്കുന്പോൾ പാട്ടിന്റെ സന്ദർഭത്തെപ്പറ്റി ഞങ്ങൾ പലതും സംസാരിച്ചു. ഞാനൊരു പാട്ടിനുള്ള സന്ദർഭം പറയട്ടെയെന്നും വരികൾ പറയാമോ എന്നും പരമേശ്വരൻ നായർ എന്നോട്‌ ചോദിച്ചു. ഞാൻ തലയാട്ടി. ‘പെണ്ണ്‌ കാണാനായി ചെക്കനും ബന്ധുക്കളും പെണ്ണിന്റെ വീട്ടിലേക്ക്‌ വരുന്നു. പെണ്ണ്‌ ഇവർക്ക്‌ മുന്നിൽ പാടണം.’ അതാണ്‌ അന്നത്തെ കീഴ്‌വഴക്കം. ഇതാണ്‌ സന്ദർഭം. ഒരു വരിയും കണ്ടെത്താനാവാതെ ഞാൻ പ്രതിസന്ധിയിലായപ്പോൾ അദ്ദേഹം പറഞ്ഞു. പി ഭാസ്‌കരൻ മാഷ്‌ ഇതിന്‌ നല്ല വരികളെഴുതിയിട്ടുണ്ട്‌; ‘അവിടുന്നെൻ ഗാനം കേൾക്കാൻ കൊതിയോർത്തിട്ടരികിലിരുന്നു സ്വരരാഗ സുന്ദരിമാർക്കോ അരികിൽ വരാൻ എന്തൊരു നാണം...’ ഇതിൽ കവിതയുണ്ട്‌, ജീവിത സന്ദർഭമുണ്ട്‌, ലാളിത്യമുണ്ട്‌, എല്ലാമുണ്ട്‌; പരമേശ്വരൻ നായർ പറഞ്ഞു. ഒരാൾ നമ്മുടെ കൈയ്യിൽ കുറച്ച്‌ മാംസം തന്നിട്ട്‌ അത്‌ പാചകം ചെയ്യാൻ പറയുന്നു. നമുക്കത്‌ കറി വയ്‌ക്കാം, ഫ്രൈ ചെയ്യാം. കുറുമയാക്കാം. ഇങ്ങനെ ഏത്‌ രീതിയിൽ വേണമെങ്കിലും ചെയ്യാം. എന്നാൽ ചൈനീസിൽ വേറെയൊരു മാതൃകയുണ്ടെന്നും അല്ലെങ്കിൽ മെക്‌സിക്കോയിൽ മറ്റൊരു തരം പ്രിപ്പറേഷൻ രീതിയുണ്ടെന്നും തിരിച്ചറിഞ്ഞ്‌ അതുവരെ രുചിക്കാത്ത മറ്റൊരു ഡിഷ്‌ ഉണ്ടാക്കുന്പോൾ അതിന്‌ രുചി കൂടും. പാട്ടിലും ഇത്‌ തന്നെയാണ്‌ സംഭവിക്കുന്നത്‌. ഏറ്റവും നല്ലത്‌ നൽകുക എന്നത്‌ തന്നെയാണ്‌ പ്രധാനം. ‘വെള്ളിത്തിര’ എന്ന സിനിമയ്‌ക്ക്‌ ഞാനൊരു പാട്ടെഴുതിയിട്ടുണ്ട്‌. ‘പച്ചമാങ്ങാ... പച്ചമാങ്ങാ എന്റെയീ സ്‌റ്റൈലല്ലേ... സ്‌റ്റൈലിനൊത്ത ഫിഗറല്ലേ’ എന്നൊക്കെ അതിലുണ്ട്‌. അത്‌ ആ കഥാപാത്രം ആവശ്യപ്പെടുന്ന പാട്ടാണ്‌. അവിടെ കവിതയ്‌ക്ക്‌ പ്രാധാന്യമില്ല. എന്നെ സംബന്ധിച്ചിടത്തോളം വളരെ കുഴപ്പംപിടിച്ച ട്യൂണായിരുന്നു അത്‌. എന്നാലും ‘പച്ചമാങ്ങാ’ ഹിറ്റായി. ട്യൂണിനനുസരിച്ചാണ്‌ അന്നത്തെ കാലത്ത്‌ പാട്ടെഴുത്ത്‌. ട്യൂണിട്ട്‌ സംഗീത സംവിധായകൻ പോയിട്ടുണ്ടാകും. അടുത്ത ദിവസം റെക്കോഡിങ്‌ ആയിരിക്കും. ഒട്ടും സമയം കിട്ടില്ല. ചെറിയ ഇടവേളകളിലാണ്‌ അത്രയും ഗാനങ്ങൾ എഴുതേണ്ടിവരിക. പക്ഷേ ഇന്ന്‌ നമുക്ക്‌ ആലോചിക്കാൻ സമയം കിട്ടുന്നുണ്ട്‌. ട്യൂൺ കേൾക്കുന്പോൾ ആ സമയത്ത്‌ നമ്മിലുണ്ടാകുന്ന അനുഭൂതിയാണ്‌ ഗാനങ്ങളായി പുറത്ത്‌ വരുന്നത്‌. ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം’ എന്ന ഗാനം അതിന്റെ ഒരു താളം എന്നിലുണ്ടാക്കിയ സ്‌പാർക്കിൽനിന്നും പിറന്നതാണ്‌. ഒരു ട്രെയിൻ സോങ് എന്നത്‌ മലയാള സിനിമയിൽ അന്ന്‌ ആദ്യത്തെ സംഭവമായിരുന്നു. ഒ‍ൗസേപ്പച്ചന്റെ ട്യൂൺ വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഇ‍ൗ താളത്തിന്‌ വരികളെഴുതാൻ തനിക്ക്‌ വട്ടാണോ എന്ന്‌ ഒഎൻവി ചോദിച്ചത്‌ ഇപ്പോഴും എന്റെ ഓർമയിലുണ്ട്‌. എന്നാൽ ആ വെല്ലുവിളി ഞാനങ്ങ്‌ ഏറ്റെടുക്കുകയായിരുന്നു. അസാധ്യമായതിനെ സാധ്യമാക്കുന്പോഴാണ്‌ നമ്മളിൽ ഒരു സൃഷ്ടി നടത്തിയതിന്റെ അനുഭൂതിയുളവാകുക. സ്‌റ്റുഡിയോയുടെ വരാന്തയിലിരുന്ന്‌ റെക്കോഡിങ്ങിന്റെ തൊട്ടു മുന്പ്‌ എഴുതിയ എത്രയോ ഗാനങ്ങളുണ്ട്‌. ‘പൂവിനെ കണ്ടു ഞാൻ ചോദിച്ചു പൂവേ പൂങ്കവിൾ കുങ്കുമം ആര്‌ തന്നു...’ എന്ന ഗാനം ഇങ്ങനെയെഴുതിയതാണ്‌ ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന സിനിമയിൽ കഥാസന്ദർഭം പെട്ടെന്ന്‌ മാറ്റിയപ്പോൾ പ്രിയദർശൻ പാട്ട്‌ മാറ്റാൻ പറഞ്ഞു. എനിക്കത്‌ അപ്പോൾ ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. ‘ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു’ എന്ന പാട്ടിന്റെ ചരണത്തിൽ ‘കർക്കിടരാവിന്റെ കൽപ്പടവിൽ വന്ന്‌ കാലം കടലാസ്‌ തോണികളിച്ചൂ...’ എന്നായിരുന്നു ഞാനെഴുതിയത്‌. കഥാസന്ദർഭം മാറിയപ്പോൾ ആ വരി പറ്റില്ലെന്നായി. ഇതോടെ അണിയറപ്രവർത്തകരുമായി പിണങ്ങി മറീനാ ബീച്ചിൽ പോയിരുന്നിട്ടാണ്‌ ‘നിന്നെയണിയിക്കാൻ താമരനൂലിനാൽ...’ എന്ന്‌ വരി മാറ്റിയെഴുതുന്നത്‌. അനിയത്തിയെ പ്രണയിനിയാക്കി മാറ്റേണ്ടി വന്നു. എന്നാൽ നേരത്തെ ഞാനെഴുതിയ വരികളുള്ള പാട്ട്‌ കാസറ്റിൽ നിലനിർത്തുമെന്ന്‌ പ്രിയൻ ഉറപ്പ്‌ നൽകി. എന്നെ ഞാനാക്കിയ ‘ചെന്പരത്തി പൂവേ ചൊല്ല്‌...’ എന്ന ഗാനം മദ്രാസിലേക്കുള്ള യാത്രയിൽ ട്രെയിനിലിരുന്നാണ്‌ എഴുതിയത്‌.

‘വെൺമേഘ ഹംസങ്ങൾ’ സിനിമയുടെ സെറ്റിൽ ഷിബു ചക്രവർത്തി ‘വെൺമേഘ ഹംസങ്ങൾ’ സിനിമയുടെ സെറ്റിൽ ഷിബു ചക്രവർത്തി

? താങ്കളുടെ പാട്ടുകളിൽ ഗൃഹാതുരതയും പ്രണയവും പല്ലവിയും അനുപല്ലവിയും പോലെ ഇഴചേർന്നു നിൽക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്‌. വരികളിലെ നടവഴിയിടകളും പൂത്ത പാടവും ചക്കരമാവും മാന്പഴവുമെല്ലാം മലയാളികളുടെ ചുണ്ടിൽ ഇന്നുമുണ്ട്‌.

= ആദ്യമേ പറയട്ടെ, ഒരു ഗ്രാമാന്തരീക്ഷത്തിലല്ല ഞാൻ ജനിച്ചതും വളർന്നതും. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം നൊസ്‌റ്റാൾജിയ എന്നത്‌ ഒരു മെറ്റീരിയലാണ്‌. ഇന്നത്‌ കൊടുത്താൽ മലയാളിയുടെ ഉള്ളിലെ ഗൃഹാതുരത ഉണരുമെന്നെനിക്കറിയാം. അതിനാൽ ഞാൻ അത്തരം ബിംബങ്ങൾ പാട്ടിൽ കൊണ്ടുവരാൻ ശ്രമിക്കും. മുറ്റത്തെ ചക്കരമാവ്‌ എന്നത്‌ ഒരു കാലത്ത്‌ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ‘‘രാവ്‌ വെളുക്കുവാൻ ചോരുന്ന കൂരയിൽ കൂനിയിരുന്നു ബാല്യം’’ എന്ന്‌ ഞാനെഴുതിയപ്പോൾ ആ വരി വായിച്ച്‌ ഒഎൻവി എന്നെ വിളിച്ചിരുന്നു. മോനെ നിനക്കിങ്ങനെയൊരു ദുരിതകാലമുണ്ടെന്നറിയില്ലായിരുന്നു, അനുഭവിക്കാതെ എഴുതാനാവില്ലല്ലോ എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക്‌ ചിരിയാണ്‌ വന്നത്‌. സാറേ ഞാനൊരിക്കലും ഒരു കൂരയിലും കഴിഞ്ഞിട്ടില്ല. എന്റെ ബാല്യത്തിൽ കലൂരിലെ വീട്ടിൽ ചോരുന്ന ഒരു സ്ഥലംപോലും ഉണ്ടായിരുന്നില്ലെന്ന്‌ കവിയോട്‌ പറഞ്ഞ്‌ മനസ്സിലാക്കാൻ വല്ലാതെ പാടുപെട്ടു. എനിക്ക്‌ ഭക്തിയില്ല. ഞാൻ അന്പലത്തിലും പോകാറില്ല. എന്നാലും എനിക്ക്‌ ‘എന്തേ നീ കണ്ണാ... എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല...’ എന്ന പാട്ട്‌ എഴുതാൻ കഴിയും. ആ പാട്ട്‌ എത്ര പേരാണ്‌ ഇന്നും ഭക്തിയോടെ തൊഴുകൈയ്യോടെ കേൾക്കുന്നത്‌. ‘ആയിരം കണ്ണുകൾ’ എന്ന സിനിമയിൽ ‘അത്യുന്നതങ്ങളിൽ ആകാശവീഥിയിൽ’ എന്ന പാട്ട്‌ ഇപ്പോൾ ഇ‍ൗസ്‌റ്ററിൽ പള്ളിപ്പാട്ടായി പാടുന്നുണ്ട്. എന്നാൽ അത് ഞാനാണ് എഴുതിയതെന്ന് പലർക്കും അറിയില്ല. ഇന്നും ഏറ്റവും മികച്ച ഗൃഹാതുരഗാനമായി കണക്കാക്കുന്ന ‘മഴപെയ്‌ത്‌ മാനം തെളിഞ്ഞ നേരം’ എന്ന ഗാനം സംഘർഷഭരിതമായ ഒരു സിറ്റ്വേഷനിലാണ്‌ പിറന്നത്‌. ‘കണിക്കൊന്നകൾ പൂക്കുന്പോൾ’ എന്ന പാട്ടിന്റെ റെക്കോഡിങ്‌ കഴിഞ്ഞ്‌ മദ്രാസിൽനിന്നും തിരുവനന്തപുരത്തേക്ക്‌ അത്യാവശ്യമായി പോകാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. അപ്പോഴാണ്‌ എസ്‌ എൻ സ്വാമി, ഒരു സിറ്റ്വേഷൻ കൂടിയുണ്ട്‌ ഒരു പാട്ട്‌ കൂടി വേണമെന്ന് പറയുന്നത്‌. മമ്മൂട്ടിയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട്‌ കുറച്ച്‌ സെന്റിമെന്റൽ ഗാനം വേണമെന്നായിരുന്നു പറഞ്ഞത്‌. ഞാൻ പറ്റില്ലെന്ന്‌ തീർത്തു പറഞ്ഞു. ടിക്കറ്റ്‌ ക്യാൻസൽ ചെയ്യാനായിരുന്നു സ്വാമി പറഞ്ഞത്‌. ജോലിയുടെ പ്രശ്‌നമാണെന്നും പോയേ പറ്റൂവെന്നും റെയിൽവെ ടിക്കറ്റ്‌ ക്യാൻസൽ ചെയ്‌താൽ ഫ്‌ളൈറ്റ്‌ ടിക്കറ്റ്‌ വേണ്ടിവരുമെന്നും ഞാനും പറഞ്ഞു. ഇ‍ൗ തർക്കം മുറുകിയിരിക്കുന്ന സമയത്താണ്‌ ആ സീനിലേക്ക്‌ രവീന്ദ്രൻ മാഷ്‌ കടന്നുവരുന്നത്‌. കാര്യം തിരക്കിയപ്പോൾ ഞാൻ പ്രശ്‌നം അവതരിപ്പിച്ചു. ഒരു പാട്ടിന്റെ കാര്യമല്ലേ, അത്‌ നല്ല കാര്യമല്ലേ എന്നായിരുന്നു മാഷിന്റെ പ്രതികരണം. എന്നെ അനുനയിപ്പിക്കുകയായിരുന്നു മാഷ്‌ ചെയ്‌തത്‌. നീ എന്തെങ്കിലും എഴുതിയിട്ട്‌ പോ. ഞാൻ ട്യൂൺ ഇട്ടോളാം എന്ന്‌ മാഷ്‌ പറഞ്ഞു. അന്നൊക്കെ ആദ്യം ട്യൂണിട്ട്‌ അതിനനുസരിച്ച്‌ വരികളെഴുതുന്ന കാലമായിരുന്നു. എന്റെ തിരക്ക്‌ പരിഗണിച്ചായിരുന്നു മാഷ്‌ അങ്ങനെ പറഞ്ഞത്‌. ഉ‍ൗണ്‌ കഴിച്ചിരുന്ന മേശയിൽ ഒരു പാട്ടെഴുതി വച്ച്‌ ഞാൻ തിരുവനന്തപുരത്തേക്ക്‌ വണ്ടികയറി. രണ്ട്‌ ദിവസം കഴിഞ്ഞപ്പോൾ രവീന്ദ്രൻ മാഷ്‌ ലാൻഡ്‌ ഫോണിൽ എന്നെ വിളിച്ചു. ‘എടാ നിന്റെ വരികൾ ദാസേട്ടന്‌ നല്ല ഇഷ്ടായി’ എന്നും പറഞ്ഞ്‌ രവീന്ദ്രൻ മാഷ്‌ ട്യൂണിട്ട ആ പാട്ട്‌ എന്നെ ഫോണിൽ കേൾപ്പിച്ചുതന്നു. പിന്നീട്‌ ഞാനും ദാസേട്ടനും ഫുജൈറ എന്ന സ്ഥലത്ത്‌ അവാർഡ്‌ ഫങ്ഷനിൽ പങ്കെടുത്തപ്പോൾ ദാസേട്ടൻ ഇ‍ൗ പാട്ട്‌ പാടി.


? പി ഭാസ്‌കരൻ എന്നൊരു പാട്ടെഴുത്തുകാരനില്ലായിരുന്നെങ്കിൽ ഞാനില്ലാ എന്നും എല്ലാ പാട്ടുകളും മരിച്ചാൽ ഏറ്റവും ഒടുവിലേ ഭാസ്‌കരൻ മാസ്‌റ്ററുടെ പാട്ടുകൾ മരിക്കൂവെന്നും മുന്പ്‌ നിങ്ങൾ പറഞ്ഞിരുന്നു. വയലാറിനേക്കാൾ ഭാസ്‌കരൻ മാഷിനെ നെഞ്ചിലേറ്റാൻ എന്താവും കാരണം.

= സത്യമാണ്‌. പി ഭാസ്‌കരൻ എന്നൊരു പാട്ടെഴുത്തുകാരനില്ലായിരുന്നെങ്കിൽ സിനിമയിൽ ഞാനൊന്നുമാകില്ലായിരുന്നു. അദ്ദേഹത്തിന്റെ പാട്ട്‌ കേൾക്കുന്പോൾ അതുപോലെ എഴുതണമെന്നൊക്കെ ആഗ്രഹിച്ചിരുന്നു. ഒരു പക്ഷേ വയലാറിനേക്കാളും കൂടുതൽ കേട്ടത്‌ ഭാസ്‌കരൻ മാഷിനെയാണ്‌. ‘നായർസാബ്' എന്ന സിനിമയുടെ സെൻസർഷിപ്പുമായി ബന്ധപ്പെട്ട്‌ കലാഭവനിൽ എത്തിയപ്പോഴാണ്‌ ആദ്യമായി അദ്ദേഹത്തെ കാണുന്നത്‌. അദ്ദേഹം അന്ന്‌ സെൻസർബോർഡ് അംഗമായിരുന്നു. ‘മാഷേ, ചെമ്പരത്തി പൂവേ ചൊല്ലൂ’ എന്ന പാട്ടെഴുതിയ ആളാണെന്ന്‌ സ്വയം പരിചയപ്പെടുത്തി. ‘ഞാൻ ശ്രദ്ധിച്ചിരുന്നു ആ എഴുത്ത്' എന്നായിരുന്നു സ്‌നേഹത്തോടെയുള്ള മറുപടി. എനിക്കത്‌ ധാരാളമായിരുന്നു. വയലാറും ഭാസ്‌കരൻ മാഷും തമ്മിൽ ഒരു താരതമ്യപ്പെടുത്തൽ അസാധ്യമാണ്‌. ഒരാൾ സംസ്‌കൃതത്തിന്റെ കടലിൽ മുങ്ങി മുത്തും പവിഴവും കൊണ്ടുവന്നപ്പോൾ മറ്റേയാൾ കനകനിലാവത്ത് കൈകൊട്ടിക്കളിക്കുന്ന മലയാളനാടിനെ നമുക്ക് കാണിച്ചുതന്നു. നാടൻ പദ സമ്പത്തായിരുന്നു ഭാസ്‌കരൻ മാഷിന്റെ കെെമുതൽ. നാളീകേരത്തിന്റെ നാട്ടിൽ നാഴിയിടങ്ങഴി മണ്ണും നാരായണക്കിളിക്കൂട്‌ പോലുള്ള വീടുമൊക്കെയായി കഴിയുന്ന സാധാരണക്കാരന്റെ തോന്നലുകളും ഭാഷയുമാണ്‌ ഭാസ്‌കരൻ മാഷ്‌ പാട്ടിലൂടെ നമുക്ക്‌ തന്നത്‌.

സംവിധായകൻ ഭരതനോടൊപ്പം ഷിബു ചക്രവർത്തിസംവിധായകൻ ഭരതനോടൊപ്പം ഷിബു ചക്രവർത്തി

? കലൂർ ഗവ. സ്‌കൂളിൽ പഠിക്കുന്പോൾ കൂട്ടുകാരനൊന്നിച്ച്‌ മരം കേറിയപ്പോൾ താഴെ വീണ്‌ കാലു മുറിഞ്ഞൊരു സംഭവമുണ്ടായിരുന്നു. രക്ഷപ്പെടാനായി സഹപാഠിയായ ഷംസു തള്ളിയിട്ടതാണെന്ന്‌ കള്ളം പറഞ്ഞു. അവന്‌ ടീച്ചറിൽനിന്നും പൊതിരെ തല്ലുകിട്ടുന്നു. ഇ‍ൗ കാര്യം പിന്നീട്‌ വലിയൊരു നോവായി മാറി. പിന്നീടൊരിക്കലും ഷംസുവിനെ നിങ്ങൾക്ക്‌ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നെങ്കിലുമൊരിക്കൽ അവനെ കാണുകയാണെങ്കിൽ എന്തായിരിക്കും അവനോട്‌ ചെയ്യാനുള്ള പ്രായാശ്ചിത്തം.

= ഏത്‌ ആൾക്കൂട്ടത്തിലും ഞാൻ തിരയുന്നൊരു മുഖമാണ്‌ ഷംസുവിന്റേത്‌. പക്ഷേ ഇക്കാലത്തിനുള്ളിൽ ഒരിക്കലും അവനെ കണ്ടെത്താനായില്ല. അന്ന്‌ അവനോട് ചെയ്‌തത്‌ അൽപ്പം ക്രൂരമായിപ്പോയെന്ന്‌ പിന്നീട്‌ തോന്നി. അടികിട്ടി വാവിട്ട്‌ കരയുന്ന മുഖം മാത്രമേ ഇന്നും മനസ്സിലുള്ളൂ. ആ മുഖം മാറണമെങ്കിൽ അവനെ കാണുക മാത്രമേ നിവൃത്തിയുള്ളൂ. അമ്മ കലൂർ ഗവ. ഹൈസ്‌കൂളിലെ അധ്യാപികയായിരുന്നു. ടീച്ചർമാരുടെ മക്കളോട്‌ മറ്റു കുട്ടികൾക്ക്‌ അസൂയയും ദേഷ്യവുമൊക്കെയായിരിക്കും. വാസ്‌തവത്തിൽ ഈ കുട്ടികളുടെ കാര്യം വളരെ കഷ്ടമാണ്. മറ്റു കുട്ടികൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമൊന്നും ഇവർക്കില്ല. കലൂർ സ്‌കൂളിലെ എന്റെ സുഹൃത്തുമായിരുന്നു ഷംസു. സ്‌കൂളിന്റെ പിന്നിൽ ഉപേക്ഷിക്കപ്പെട്ടതുപോലുള്ള ഒരു വീടും പറമ്പുമുണ്ടായിരുന്നു. ഒരു ഡ്രിൽ പിരീഡിൽ ഞാനും ഷംസുവും കൂടി കാപ്പി മരങ്ങളുള്ള ആ പറമ്പിൽ പോയി. ഒരു മരത്തിൽ ഷംസു പിടിച്ചു കയറി, അവന്റെ സഹായത്തോടെ ഒരുവിധം ഞാനും പിടിച്ചുകയറിയെങ്കിലും കൈവിട്ട് വീഴുകയും ഒരു കാപ്പിമരത്തിന്റെ ചില്ല തട്ടി എന്റെ തുടഭാഗം നന്നായി കീറുകയും ചെയ്‌തു. ആകെ ചോരമയം. എന്നെ എല്ലാവരും ചേർന്ന് ടീച്ചേഴ്‌സ്‌ റൂമിൽ കൊണ്ടുവന്നു. അമ്മയുടെ കൈയ്യിൽനിന്നും അടി കിട്ടുമെന്നുറപ്പായതിനാൽ രക്ഷപ്പെടാനായി ഷംസു തള്ളിയിട്ടതാണെന്ന് ഞാൻ കള്ളം പറഞ്ഞു. അത് കേട്ടപാടെ ഷംസുവിനെ ക്ലാസ് ടീച്ചറായിരുന്ന മേരി ടീച്ചർ നല്ലതുപോലെ അടിച്ചു. അവൻ കരഞ്ഞപ്പോൾ ഞാനും ഉറക്കെ കരയാൻ തുടങ്ങി. ഞങ്ങൾ കരഞ്ഞുകൊണ്ട്‌ തന്നെ വെളിയിലേക്ക്‌ വന്നു. നുണ പറഞ്ഞ് ഷംസുവിന് അടി വാങ്ങിക്കൊടുത്തല്ലോ എന്നതായിരുന്നു എന്റെ സങ്കടം. അപ്പോഴാണ്‌ ഷംസുവിലെ മനുഷ്യസ്‌നേഹത്തിന്റെ മറ്റൊരു മുഖം ഞാൻ കണ്ടത്‌. എന്റെ കരച്ചിൽ മാറ്റാനായി ഷംസു അവന്റെ നിക്കർ താഴ്‌ത്തിക്കാണിച്ച്‌ എന്നെ ചിരിപ്പിച്ചു. ഓരോ തവണ അങ്ങനെ ചെയ്‌ത്‌ അവൻ എന്റെ കരച്ചിൽ മാറ്റി. ഷംസുവിനെ പിന്നീട് ഒരുപാട് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കലൂർ സ്‌കൂൾകാലം ഓർക്കുമ്പോൾ ഷംസുവിനെയാണ് ഓർമവരുന്നത്.


? കുട്ടിക്കാലത്ത്‌ റേഡിയോയിൽ ശബ്ദമായി കേട്ട ഗാനഗന്ധർവൻ യേശുദാസിനെ ആദ്യമായി കണ്ട നിമിഷം എങ്ങനെയായിരുന്നു.

= ആ നിമിഷം ജീവിതത്തിൽനിന്ന്‌ ഒരിക്കലും മായില്ല. അതുവരെയും ശാരീരമായി കേട്ട ആ ഗന്ധർവരൂപം ശരീരമായി കൺമുന്നിൽ വന്നു നിന്നപ്പോൾ കുറേ നേരത്തേക്ക്‌ പരിസരബോധം നഷ്ടപ്പെട്ടിരുന്നു. വെള്ളയും വെള്ളയും ധരിച്ച രൂപം എനിക്ക്‌ മുന്നിൽ എന്റെ വരികൾക്കായി നിൽക്കുകയാണ്‌. ജോഷി സംവിധാനം നിർവഹിച്ച ‘സായംസന്ധ്യ’ എന്ന സിനിമയാണ്‌ ആ കൂടിക്കാഴ്‌ചയ്‌ക്ക്‌ നിമിത്തമായത്‌. ശ്യാം ആയിരുന്നു സംഗീതം. ട്യൂൺ നേരത്തെ തന്നിരുന്നു. ഒരു റൂമിലിരുന്നു ഞാൻ വരികൾ എഴുതാനായി ട്യൂൺ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ്‌ തൂവെള്ള വസ്‌ത്രമണിഞ്ഞ്‌ ഒരു രൂപം വാതിൽ തുറന്ന്‌ വരുന്നത്‌. ഒരു മാത്ര കണ്ടപ്പോൾ ഞാൻ എന്റെ അഞ്ചാം വയസ്സിലേക്കും ‘എഴുതിയതാരാണ്‌ സുജാത...’ എന്ന പാട്ടിലേക്കും പോയി. കൂടെ സുന്ദർരാജും ഉണ്ട്‌. റൂമിലെത്തിയ യേശുദാസ്‌ പെട്ടി തുറന്ന്‌ തന്റെ റൈറ്റിങ്‌ പാഡെടുത്തു. വരികൾ പറയൂ എന്ന്‌ പറഞ്ഞു. പക്ഷേ സത്യത്തിൽ ഞാനൊരു വരിപോലും എഴുതിയിരുന്നില്ല. യേശുദാസിനെ കണ്ട ഞാൻ തൊണ്ട വരണ്ടു നിൽക്കുകയാണ്‌. വരികൾ കിട്ടാതെ ഞാനുഴറുന്നത്‌ കണ്ട്‌ യേശുദാസിന്‌ തന്റെ അവസ്ഥ മനസ്സിലായെന്ന്‌ തോന്നുന്നു. അദ്ദേഹം വീണ്ടും പെട്ടി തുറന്ന്‌ ആരോറൂട്ടിന്റെ രണ്ട്‌ ബിസ്‌ക്കറ്റും ഫ്ലാസ്‌ക്കിൽ നിന്നും അദ്ദേഹം കുടിക്കുന്ന ചുക്കുവെള്ളവും എനിക്ക്‌ നേരെ നീട്ടി. ഞാനത്‌ ഒട്ടും മടികാണിക്കാതെ വാങ്ങിക്കഴിച്ചു. നോർമലായപ്പോൾ ഞാൻ വരികൾ പറഞ്ഞുകൊടുത്തു. ദാസേട്ടൻ അത്‌ എഴുതിയെടുത്തു. അങ്ങനെയാണ്‌ ‘‘പൂന്തെന്നലേ നീ പറന്നു പറന്നു പറന്നു വാ...’’ എന്ന ഗാനം യേശുദാസിന്‌ വേണ്ടി പിറന്നത്‌.

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിനൊപ്പം കമ്പോസിങ് വേളയിൽസംഗീത സംവിധായകൻ എസ് പി വെങ്കിടേഷിനൊപ്പം കമ്പോസിങ് വേളയിൽ

? അന്നത്തെ നിങ്ങളുടെ കൊച്ചിയല്ല പുതിയ കൊച്ചി. നഗരവൽക്കരണം ദ്രുതഗതിയിൽ നടക്കുകയാണ്. അന്നത്തെ കൊച്ചിയും അക്കാലത്തെ നിങ്ങൾക്കുണ്ടായ സ‍ൗഹൃദങ്ങളും ഷിബു ചക്രവർത്തിയെന്ന എഴുത്തുകാരനെ സൃഷ്ടിക്കാൻ വലിയ പങ്ക്‌ വഹിച്ചിട്ടില്ലേ.

= കലൂർ ആസാദ്‌ റോഡിലെ വീട്ടിലിരുന്നു ഞാൻ കണ്ട കൊച്ചിയല്ല ഇന്നത്തേത്‌. എവിടെയും നാഗരികതയുടെ വളർച്ച കാണാം. ഇതിൽ പരിഭവിച്ചിട്ട്‌ കാര്യമില്ല. മഹാരാജാസിൽ പഠിക്കുന്പോൾ ഞാനും എന്നിലെ യുവത്വവും നടന്നുപോയ ചെറിയ വഴികൾ ഇപ്പോഴില്ല. എംജി റോഡും റോഡരികിലെ കാസറ്റുകടകളും ചായക്കടകളും അതിന്റെ പൂർവരൂപത്തിൽനിന്നും പരിഷ്‌കൃത രൂപത്തിലേക്ക്‌ മാറിക്കഴിഞ്ഞു. ഒരു കാലത്ത്‌ കോടന്പാക്കത്തിന്റെ ഗ്ലാമറായിരുന്ന സിനിമാലോകം ഇന്ന്‌ കൊച്ചിയിലേക്ക്‌ ചേക്കേറി. പണ്ട്‌ ഷേണായീസിൽനിന്ന്‌ സിനിമയും കഴിഞ്ഞ്‌ ഞാനും ഡെന്നീസ്‌ ജോസഫും ഗായത്രി അശോകനും റോഡിലൂടെ നടന്നാണ്‌ വീട്ടിലേക്ക്‌ പോവുക. ആ നടത്തത്തിനിടയിൽ സിനിമയുമായി ബന്ധപ്പെട്ടാണ്‌ ചർച്ചകൾ മുഴുവൻ. പിന്നീട്‌ ജോഷി, കലൂർ ഡെന്നീസ്‌, ഉസ്‌മാൻ (രഞ്ജിനി കാസറ്റ്‌) കോട്ടയം ജോയ്‌ എന്നിങ്ങനെയുള്ള വലിയൊരു സ‍ൗഹൃദനിരതന്നെയുണ്ടായിരുന്നു. ഉ‍ൗണിലും ഉറക്കത്തിലും ഓരോ ശ്വാസത്തിലും സിനിമ മാത്രം ചർച്ചയായിരുന്ന കാലം. അതൊക്കെ എന്നെ മാറ്റുന്നതിൽ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌.


? പാട്ടുകൾക്ക്‌ പുറമെ കഥയിലും തിരക്കഥയിലുമെല്ലാം ഷിബു തന്റെ കൈയ്യൊപ്പ്‌ പതിപ്പിച്ചിട്ടുണ്ട്‌. ശ്രീകുമാരൻ തന്പിയെ പോലുള്ള അപൂർവം ചിലർ മാത്രമാണ്‌ മുന്പ്‌ ഇ‍ൗ പാതയിലുള്ളത്‌.

= അക്കാലത്തെ ചില ഹിറ്റ്‌ സിനിമകളുടെ തിരക്കഥ എന്റേതായിരുന്നു എന്നത്‌ സന്തോഷം നൽകുന്ന കാര്യമാണ്‌. മമ്മൂട്ടി വളരെ രസകരമായി അന്ന്‌ ഹാസ്യം ചെയ്‌തത്‌ ഞാൻ തിരക്കഥയെഴുതിയ ‘മനു അങ്കിളി’ലാണ്‌. ‘നായർസാബ്‌’, ‘സൈന്യം’, ‘സാമ്രാജ്യം’ തുടങ്ങിയ സിനിമകൾ മമ്മൂട്ടിക്ക്‌ മികച്ച വിജയങ്ങൾ സമ്മാനിച്ചിട്ടുണ്ട്‌. ‘സാമ്രാജ്യം’ തെലുങ്കിലും മമ്മൂട്ടിയെ ഹീറോയാക്കിയതും ചരിത്രം. ‘നായർസാബ്‌’ സിനിമ കഴിഞ്ഞപ്പോൾ മദ്രാസിൽ എത്തി ഒരു ഹോട്ടലിൽ വിശ്രമിക്കുന്പോഴാണ്‌ കഥപറയാൻ വന്നതാണെന്നറിയിച്ച്‌ രണ്ട്‌ ചെറുപ്പക്കാർ വന്നത്‌. അച്ഛൻ ഡിഐജിയും മകൻ കള്ളക്കടത്തുകാരനും– ഇതായിരുന്നു അവർ പറഞ്ഞ ത്രഡ്‌. ഇത്‌ കേട്ടപ്പോൾ അടുത്ത ഒരു ഇടിപ്പടം എടുക്കാൻ താൽപ്പര്യമില്ലെന്ന്‌ അറിയിച്ചു. ഞാൻ ഉറങ്ങാൻ പോയി. കുറച്ച്‌ കഴിഞ്ഞപ്പോൾ മമ്മൂട്ടി വിളിച്ചു. രണ്ട്‌ കുട്ടികളെ അങ്ങോട്ടയച്ചിട്ട്‌ നീ അവരെ വിട്ടുകളഞ്ഞോ എന്ന്‌ ചോദിച്ചു. ത്രഡ്‌ കേട്ടപ്പോൾ അത്ര ഇഷ്‌ടം തോന്നിയില്ല എന്ന്‌ ഞാൻ പറഞ്ഞു. നിനക്കത്‌ ഇഷ്ടംപോലെ മാറ്റിയെഴുതാമെന്ന്‌ മമ്മൂട്ടി പറഞ്ഞു. ആ സംസാരം കുറച്ച്‌ നീണ്ടു. മമ്മൂട്ടി ഫോൺ വച്ചപ്പോൾ അവർ വീണ്ടും വന്നു. ത്രഡ്‌ കേട്ടപ്പോൾ കുന്തിയെയും കർണനെയും കണ്ടു. അങ്ങനെ മഹാഭാരതകഥ ഇതിൽ അപ്ലൈ ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ എഴുതിയതാണ്‌ ‘സാമ്രാജ്യം.’ സ്‌ക്രിപ്‌റ്റ്‌ എഴുതി സംവിധായകൻ ജോമോന്‌ വായിക്കാൻ കൊടുത്തു. 15,000 രൂപയാണ്‌ അന്ന്‌ തിരക്കഥയ്‌ക്ക്‌ ലഭിച്ചിരുന്നത്‌. പക്ഷേ ഞാൻ 50,000 രൂപ ആവശ്യപ്പെട്ടു. അവർ സമ്മതിച്ചു. ഡയറക്ടർ ജോമോൻ പറഞ്ഞ തിരുത്തുൾപ്പെടെ രണ്ട്‌ തിരക്കഥയും അവർക്ക്‌ നൽകി. കഥ അവരുടെ പേരിലും തിരക്കഥ എന്റെ പേരിലും വന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home