Deshabhimani

ഗതാഗതക്കുരുക്കും മർദനവും വാർത്തയാക്കുന്നത് മനോഭാവത്തിന്റെ പ്രശ്നം; ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടി

 pk kunhalikutty
വെബ് ഡെസ്ക്

Published on Nov 09, 2026, 01:05 PM | 1 min read

കൊച്ചി: യൂത്ത് ലീഗ് ജാഥയെ തുടർന്ന് കൊച്ചിയിലുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്കിനെയും വഴിയാത്രക്കാർക്ക് ഉൾപ്പെടെ മർദനമേറ്റെന്ന പരാതികളെയും നിസ്സാരവൽക്കരിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഇത്തരം പരിപാടികളിലുണ്ടാകുന്ന പ്രശ്നങ്ങൾ വാർത്തയാക്കുന്നത് നിങ്ങളുടെ മനോഭാവത്തിന്റെ പ്രശ്നമാണെന്നാണ് മാധ്യമങ്ങളോടായി കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ജാഥയുടെ നല്ലവശങ്ങള്‍ കാണാതെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ മാത്രം വാർത്തയാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.


ജാഥ നടത്തിയതൊരു ലക്ഷ്യത്തിനുവേണ്ടിയാണ്. ആ ലക്ഷ്യത്തെക്കുറിച്ചുകൂടി വാർത്ത നൽകണം. അല്ലാതെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായെന്ന കാര്യം മാത്രമല്ല വാർത്തയാക്കേണ്ടത്. ഇത്തരം പരിപാടികൾ നടക്കുമ്പോൾ അതിനെ എങ്ങനെ കാണുന്നു എന്നത് ആളുകളുടെ മനോഭാവത്തിന്റെ പ്രശ്നമാണ്. സമാനമായ ആവശ്യങ്ങൾക്കായി നടക്കുന്ന മറ്റു ജാഥകളുമായി താരതമ്യം ചെയ്താൽ ഏറ്റവും കുറവ് ബുദ്ധിമുട്ടുണ്ടാക്കിയ ജാഥയാണ് യൂത്ത് ലീഗിന്റേതെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു.


ജാഥയ്ക്കിടെ വഴിയാത്രക്കാർക്ക് ഉൾപ്പെടെ ലീഗ് പ്രവർത്തകരിൽനിന്ന് മർദനമേറ്റെന്ന പരാതിയെക്കുറിച്ച് ചോദിച്ചപ്പോഴും കുഞ്ഞാലിക്കുട്ടി വ്യക്തമായ മറുപടി നൽകിയില്ല. അതും മനോഭാവത്തിന്റെ പ്രശ്നമാണെന്നായിരുന്നു പ്രതികരണം. സംഭവത്തെക്കുറിച്ച് കൂടുതൽ പറയാനില്ലെന്ന് പറഞ്ഞ് അദ്ദേഹം ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു.


ഗതാഗതക്കുരുക്കുണ്ടാക്കിയ സംഭവത്തിൽ യൂത്ത് ലീഗ് നേതാക്കളായ മുനവ്വറലി ശിഹാബ് തങ്ങൾ, പി കെ ഫിറോസ് എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ കേസെടുത്തതിൽ മാധ്യമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ലെന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത്. ജാഥ സംഘടിപ്പിച്ചതിന്റെ ലക്ഷ്യത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, യൂത്ത് ലീഗ് ജാഥയുമായി ബന്ധപ്പെട്ട വിവാദത്തിൽ സംഘാടകരെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഗതാഗതക്കുരുക്കുണ്ടായത് സംഘാടകരുടെ വീഴ്ചയല്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഗതാഗതം തടസ്സപ്പെടുത്തുന്ന പരിപാടികൾക്കെതിരെ കേസെടുക്കാൻ ഹൈക്കോടതിയുടെ നിർദേശങ്ങളുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതുകൊണ്ട് ജാഥയുടെ നടത്തിപ്പിൽ വീഴ്ചയുണ്ടായെന്ന് പറയാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home