കവർസ്റ്റോറി
ഭാഷകൾക്കിടയിൽ ജീവിതം പടരുമ്പോൾ

രമാ മേനോൻ
Published on Oct 05, 2026, 04:38 PM | 7 min read
അച്ഛനും അമ്മയ്‌ക്കും പത്തുമക്കൾ. അതിൽ പത്താമത്തേതാണ് ഞാൻ. അതുകൊണ്ടുതന്നെ അമ്മയ്‌ക്ക് എന്റെ കാര്യം നോക്കാൻ കൂടുതൽ സമയം കിട്ടി. എനിക്കും അമ്മയോടൊത്ത് കഴിയാൻ കൂടുതൽ സമയം കിട്ടി. താഴെ വേറെ കുട്ടികളില്ലല്ലോ. അമ്മയാണെന്റെ സാഹിത്യാഭിരുചി വളർത്തിയെടുത്തത്.
വൈകുന്നേരം സ്‌കൂൾ വിട്ടുവന്നാൽ അമ്മ അരികിൽ പിടിച്ചിരുത്തും. മുടി ജടകളഞ്ഞ് വേർപെടുത്തി കുറച്ചുമാത്രം എണ്ണ പുരട്ടി ഭംഗിയിൽ മെടഞ്ഞിട്ടുതരും. അതിനുമുന്പായി പേൻവാരി ചീപ്പുകൊണ്ട് ചീകി പേനെടുക്കും. എല്ലാംകൂടി ഏറിവന്നാൽ പത്തുമിനിറ്റ്. എന്നെ ഞാനാക്കിയത് ആ മിനിറ്റുകളാണെന്ന് തിരിഞ്ഞുനോക്കുന്പോൾ തോന്നാറുണ്ട്.
രമാ മേനോൻ
ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ
അന്ന് സ്‌കൂളിൽ നടന്ന കാര്യങ്ങളെല്ലാം ഒരു കൊന്പുമുറം കൊണ്ടെന്നപോലെ അമ്മയുടെ മടിയിലേക്ക് ചൊരിയും. അമ്മ എല്ലാം വലിയ കൗതുകത്തോടെ കേട്ടിരിക്കും. ഗുണദോഷിക്കും, ശാസിക്കും, ശകാരിക്കും, അഭിനന്ദിക്കും. ഉപസംഹാരം എന്നും ഒന്നാണ്: ‘എന്റെ കുട്ടി അരുതാത്തതൊന്നും ചെയ്യരുത്.’ അത് ജീവിതത്തിന്റെ മൂലമന്ത്രമായി.
അതിനിടയിൽ അമ്മ മറ്റൊരു കാര്യംകൂടി ശ്രദ്ധിച്ചിരുന്നു. ഏതെങ്കിലും മാസികയോ ആഴ്‌ചപ്പതിപ്പോ എടുത്ത് കൈയിൽ തരും. അമ്മ മുടി കോതി ജട കളയുന്നനേരം ഞാൻ വെറുതെ ഇരുന്നുകൂട. ഉറക്കെ വായിക്കണം. വെറുതെ വായിച്ചാൽ പോരാ. അക്ഷരശുദ്ധിവേണം. അർഥം അറിഞ്ഞുവായിക്കണം. ഇടയ്‌ക്കിടയ്‌ക്ക് ചോദ്യങ്ങൾ. അറിയാത്തത് അമ്മ പറഞ്ഞുതരും. ‘അവനവൻ ആസ്വദിച്ചു വായിക്കണം. കേൾക്കുന്നവർക്കും അതിൽ രസം തോന്നണം’‐ പിൽക്കാലത്ത് ഒരു സ്‌കൂൾ അധ്യാപികയായി ജോലിയെടുക്കാൻ തുടങ്ങിയപ്പോൾ അമ്മയുടെ നിർദേശം കുറച്ചൊന്നുമല്ല എന്നെ സ്വാധീനിച്ചിട്ടുള്ളത്. വായന ഒരു രസം മാത്രമല്ല, നല്ലൊരു ബലവും കൂടിയായിരുന്നു. ആ ബലമാണ് എഴുത്തിന്റെ വഴിയിലേക്ക് തിരിയാൻ എനിക്ക് ധൈര്യം നൽകിയത്. ആദ്യകാലങ്ങളിൽ ഞാൻ ചെറുകഥകളാണ് എഴുതിയിരുന്നത്.
അമ്മയോട് ധാരാളം വർത്തമാനം പറഞ്ഞിരുന്ന കുട്ടിക്കാലം. പലതും പറഞ്ഞ് ഞാൻ കാടുകയറാറുണ്ട്. അപ്പോ അമ്മ ചോദിക്കും, ‘‘കുട്ടി പറയുന്നത് കഥയാണോ കാര്യമാണോ?’’ അങ്ങനെയാണ് ഞാൻ പഠിച്ചത്, കാര്യങ്ങളെ കഥയായി പറയാമെന്ന്. കഥകളിലും കാര്യമുണ്ടാകുമെന്ന്.
ഏറ്റവുമധികം കഥകളെഴുതിയത് ആ കാലത്ത് നല്ല പ്രചാരമുണ്ടായിരുന്ന ‘കുങ്കുമം’ വാരികയിലായിരുന്നു. എൻ വി കൃഷ്‌ണവാരിയർ സാറും സാനുമാഷുമൊക്കെയായിരുന്നു പത്രാധിപൻമാർ. രണ്ടുപേരും ഉദാരമായി പ്രോത്സാഹിപ്പിച്ചിരുന്നു. ‘കുങ്കുമം’ നടത്തിയ ആദ്യത്തെ ചെറുകഥാ മത്സരത്തിൽ ഒന്നാംസമ്മാനം ലഭിച്ചു. അതോടെ ഉറപ്പായി, ഇതാണെന്റെ വഴി. അങ്ങനെ ആ വഴി കുറെ സഞ്ചരിച്ചു. അപ്പോഴാണ് അപ്രതീക്ഷിതമായി പുതിയൊരു വഴി മുന്നിൽ തെളിഞ്ഞത്. ആരാണ് എന്നെ ആ വഴിയിലേക്ക് തിരിച്ചുവിട്ടത്? അറിയില്ല... ആ അദൃശ്യശക്തിക്ക് എന്റെ നമസ്‌കാരം. ‘‘കേശവൻ കൂടെയുണ്ടെങ്കിൽ ഒന്നുമേ മോശമല്ലെടോ.’’ അച്ഛൻ നന്പൂതിരി പറയാറുള്ളത് വെറുതെയല്ല.
1999 ഏപ്രിൽ–മെയ് മാസങ്ങളിൽ അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനോസ് എയേർസിൽ താമസിക്കുന്ന മകനോടൊപ്പം ചിലവഴിച്ച ദിവസങ്ങളാണ് ജീവിതത്തിലെ വഴിത്തിരിവായത്. മകനാണ് ‘ആൽക്കെമിസ്‌റ്റി’ന്റെ ഇംഗ്ലീഷ് പതിപ്പ് വായിക്കാൻ വാങ്ങിത്തന്നത്. ഒറ്റയിരിപ്പിൽ വായിച്ചുതീർത്തു എന്ന് പറഞ്ഞാൽ തെറ്റാവില്ല. അത്ര രസം തോന്നി. ആ പ്രമേയവും ആഖ്യാനരീതിയും ഒരുപോലെ പുതുമയുള്ളതായി തോന്നി. മകൻ നിർബന്ധിച്ചിട്ടാണ് ‘ആൽക്കെമിസ്‌റ്റ്’ പരിഭാഷപ്പെടുത്തിയത്. അതിനുള്ള പഠിപ്പും പരിചയവും ഉണ്ടായിട്ടല്ല. ആത്മവിശ്വാസവും ഇല്ലായിരുന്നു. ഒരു സാഹസമെന്ന് വിചാരിച്ചു ചെയ്‌ത് തുടങ്ങിയതാണ്. പിന്നെ ആ കഥയുടെ ഒഴുക്കിലേക്ക് ഞാൻ വീഴുകയായിരുന്നു. ഒട്ടും ബുദ്ധിമുട്ടില്ലാതെ വളരെ വേഗം ആ പണി പൂർത്തിയാക്കാൻ സാധിച്ചു. അതിൽ പൗലോ കൊയ്‌ലോ അവതരിപ്പിച്ചിട്ടുള്ള പല ആശയങ്ങളും നമുക്ക് പരിചയമുള്ള ഭാരതീയ തത്വചിന്തകൾക്ക് സമാനമാണല്ലോ എന്നത് വളരെയേറെ കൗതുകകരമായിരുന്നു.
ഡി സി രവിസാർ ‘ആൽക്കെമിസ്‌റ്റി’ന്റെ കൈയെഴുത്ത്‌പ്രതി വായിച്ച് ‘‘ഇത് ഞങ്ങൾ പ്രസിദ്ധപ്പെടുത്തുന്നുണ്ട്’’ എന്നറിയിച്ചത് ഒരു ഭാഗ്യമായിത്തന്നെ ഇപ്പോഴും കരുതുന്നു. അവർക്കും എനിക്കും അത് ഒരുപോലെ നേട്ടമായി. ഞാൻ പ്രതീക്ഷിക്കാത്ത ഒരു ജനപ്രീതി ആ പുസ്‌തകം കൈവരിച്ചു. പലതവണ ഡി സി അത് പ്രസിദ്ധീകരിക്കുകയും ചെയ്‌തു. കോളേജ് പാഠപുസ്‌തകങ്ങളുടെ ഇടയിലും അതൊരു സ്ഥാനം നേടി. അതോടൊപ്പം എനിക്കും കിട്ടി ഒരു സ്ഥാനം. ഞാനൊരു പരിഭാഷകയായി.
‘ആൽക്കെമിസ്‌റ്റ്’ പരിഭാഷപ്പെടുത്തിയതിനുശേഷം ഞാൻ ചെറുകഥകളെഴുതിയിട്ടില്ല എന്നു പറയാം. ഒന്നിനു പിറകെ ഒന്നായി പുസ്‌തകങ്ങൾ വന്നുകൊണ്ടേയിരുന്നു. ഇപ്പോഴുമുണ്ട് എന്റെ മേശപ്പുറത്ത് തർജമയ്‌ക്കായി മൂന്ന് പുസ്‌തകങ്ങൾ. ആരാണ് നിശ്‌ചയിച്ചത്, രമ ഇനി കഥ എഴുതേണ്ട, പുസ്‌തകങ്ങൾ വിവർത്തനം ചെയ്‌താൽ മതി എന്ന്. തീർച്ചയായും അതെന്റെ തീരുമാനമായിരുന്നില്ല. അങ്ങനെ യാദൃച്ഛികമായി സംഭവിച്ചതാണ്. യാദൃച്ഛികം എന്നൊന്ന് ജീവിതത്തിലില്ല എന്ന് അറിവുള്ളവർ പറയുന്നു. എല്ലാം മുന്പേ നിശ്‌ചയിക്കപ്പെട്ടിട്ടുള്ളതാണ്. ‘മക്‌ത്തൂബ്’ എന്ന അറബിവാക്ക് ‘ആൽക്കെമിസ്‌റ്റി’ൽ പല തവണ കടന്നുവരുന്നുണ്ട്. മുൻനിശ്‌ചയം, തലേലെഴുത്ത് എന്നൊക്കെ നമ്മൾ സാധാരണ പറയാറുണ്ടല്ലോ, അതുതന്നെ.
ചിത്രീകരണം: വിനോദ്
ഓർക്കുന്പോൾ രസം തോന്നുന്നു. ഞാൻ ആദ്യമായി വായിച്ച പുസ്‌തകം ഒരു തർജമയാണ്. രണ്ടാംക്ലാസിലെ വേനലവധിക്കാലത്താണ് അച്ഛൻ അത് കൈയിൽ തന്നത്. സി രാജഗോപാലാചാരി രചിച്ച ‘മഹാഭാരതസംഗ്രഹം.’ മലയാളത്തിൽ ‘വ്യാസന്റെ വിരുന്ന്’ എന്നായിരുന്നു പേര്. രണ്ട് ഭാഗങ്ങൾ. എത്ര ആർത്തിയോടെയാണ് അത് വായിച്ചത്. ഏതാണ്ടൊക്കെ പരിചയമുള്ള കഥയും കഥാപാത്രങ്ങളും. അതുകൊണ്ടുതന്നെ വായന എളുപ്പമായിരുന്നു. അത്രമേൽ രസകരവും. അതുകഴിഞ്ഞപ്പോൾ അച്ഛൻ ‘ടാഗോർ കഥകൾ’ അലമാരയിൽനിന്നും എടുത്തുതന്നു. ടാഗോറിന്റെ കഥകൾ അച്ഛൻ തന്നെ ഇംഗ്ലീഷിൽനിന്നും പരിഭാഷപ്പെടുത്തിയത്. അങ്ങനെ എന്റെ വായനയുടെ തുടക്കം പരിഭാഷകളിൽനിന്നായി. തുടക്കം നന്നായാൽ ഒടുക്കവും നന്നാവും എന്ന് പറയുന്നത് വെറുതെയല്ല, എന്റെ അനുഭവത്തിലെങ്കിലും.
ഞങ്ങളുടെ കുട്ടിക്കാലത്ത് സ്വതന്ത്രമായൊരു ബാലസാഹിത്യശാഖ സാരമായി പുഷ്‌ടിപ്പെട്ടിരുന്നില്ല. ഞങ്ങൾക്കേറ്റവും പ്രിയം ബാലപ്രസിദ്ധീകരണങ്ങളോടും അന്പിളിമാമനോടുമായിരുന്നു. ചന്ദമാമ എന്ന കുട്ടികൾക്കുള്ള മാസികയുടെ ഭാഷാന്തരമായിരുന്നു അത്. അമേരിക്കയിൽനിന്നും റഷ്യയിൽനിന്നും യൂറോപ്പിൽനിന്നും ഇംഗ്ലണ്ടിൽനിന്നുമുള്ള ബാലകഥകൾ വായിച്ചിട്ടാണ് ഞങ്ങളുടെ ഭാഷയും ഭാവനയും സന്പന്നമായത്. മറ്റൊരു ഭാഷ, നാട്, സംസ്‌കാരം തുടങ്ങിയ അപരിചിതത്വമൊന്നും അന്ന് തോന്നിയിരുന്നില്ല. ആ കഥകളുടെ മാസ്‌മരികതയാണോ ഭാഷയുടെ ലാളിത്യമാണോ ഞങ്ങളുടെ ഹൃദയം കവർന്നത്! അതൊക്കെ ആരാണ് മലയാളത്തിലേക്ക് ഇത്ര സരളമായി തർജമ ചെയ്‌തിരുന്നത്? അറിഞ്ഞുകൂട. ആരായാലും അവർക്ക് ഹൃദയപൂർവും നന്ദി പറയുന്നു.
രമാ മേനോന്റെ മകനും കുടുംബത്തിനുമൊപ്പം പൗലോ കൊയ്‌ലോ
കുറച്ചുകൂടി മുതിർന്നപ്പോൾ ഇന്ത്യയിലെത്തന്നെ മറ്റ് ഭാഷകളിലെ കൃതികൾ വായിക്കാൻ അവസരം കിട്ടി. പുസ്‌തകങ്ങളായും വാരികകളിൽ വരുന്ന തുടർക്കഥകളായും അവ കൈയിലെത്തി. എത്ര ആകാംക്ഷയോടെയാണ് ആ കഥകൾക്കായി കാത്തിരിക്കാറ്. വായനയിലൂടെ തുറന്നു കിട്ടിയത് വലിയൊരു ലോകമായിരുന്നു. പുറമെക്കാണുന്ന അല്ലറചില്ലറ വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യർ എവിടെയായാലും ഒരുപോലെയാണ്. അവരുടെ ആകാംക്ഷകൾക്കും ആഗ്രഹങ്ങൾക്കും വേദനകൾക്കും വ്യാകുലതകൾക്കും അതത് സാഹചര്യങ്ങളുടെ പ്രകൃതത്തിനനുസരിച്ച് ഭിന്നതകളുണ്ടാകാം. എന്നാലും കണ്ണീരിന്റെ ഉപ്പിനും ചോരയുടെ ചോപ്പിനും വ്യത്യാസമില്ല.
സ്വന്തമായുള്ള കഥയെഴുത്ത് നിന്നുപോയതിൽ സങ്കടമില്ലാതെയില്ല. എന്നാൽ സന്തോഷവും നേട്ടങ്ങളും നൽകി പരിഭാഷയുടെ കൈ ഇപ്പോഴും എന്നെ മുറുകെ പിടിച്ചിട്ടുണ്ടല്ലോ എന്നോർക്കുന്പോൾ ഹൃദയം നിറയെ അഭിമാനവും കൃതജ്ഞതയും തോന്നുന്നുണ്ട് എന്നതാണ് സത്യം. കഥയെഴുത്തിലൂടെ തീർച്ചയായും രമ ഒരു സാഹിത്യ അക്കാദമി അവാർഡിന് അർഹമാകുമായിരുന്നില്ല. ‘പർവതങ്ങളും മാറ്റൊലി കൊള്ളുന്നു’ എന്ന ഖലീദ് ഹൊസൈനിയുടെ പുസ്‌തകത്തിന് ആ വർഷത്തെ ഏറ്റവും നല്ല വിവർത്തന കൃതിക്കുള്ള പുരസ്‌കാരം ലഭിച്ചത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു.
വാസ്‌തവം പറഞ്ഞാൽ ഇംഗ്ലീഷ് പുസ്‌തകങ്ങളുടെ മലയാളം പരിഭാഷകൾ ഞാൻ വായിക്കാറില്ല. പ്രതീക്ഷിക്കുന്ന വായനാസുഖം കിട്ടാറില്ല എന്നതുതന്നെയാണ് കാരണം. എന്നിട്ടും ഞാനെങ്ങനെ ഒരു പരിഭാഷകയായി എന്നതാണ് എന്റെ ഏറ്റവും വലിയ അത്ഭുതം.
പലപല ലോകഭാഷകളിൽനിന്നുള്ള കൃതികൾ ഇംഗ്ലീഷിലേക്കും തർജമ ചെയ്യപ്പെടുന്നു. എന്റെത് രണ്ടാമൂഴമാണ്. ഇംഗ്ലീഷിൽ നിന്നാണല്ലോ ഞാൻ മൊഴിമാറ്റുന്നത്. ഇംഗ്ലീഷ് പരിഭാഷ നന്നായിട്ടില്ലെന്ന് പലപ്പോഴും തോന്നാറുണ്ട്. ഇതുതന്നെയാണോ മൂലകൃതിയിൽ ഗ്രന്ഥകാരൻ ഉദ്ദേശിച്ചിട്ടുണ്ടാവുക എന്ന സംശയവും തോന്നാറുണ്ട്. വായന സുഗമവും സുഗ്രഹവുമായിരിക്കണം. ആശയങ്ങൾ സ്‌പഷ്ടമായിരിക്കണം. ചിലപ്പോൾ അർഥം വ്യക്തമാക്കാൻവേണ്ടി ചില വാക്കുകളോ വാചകങ്ങളോ കൂട്ടിച്ചേർക്കേണ്ടതായി വരാറുണ്ട്. നമ്മുടെ ഭാഷയ്‌ക്കും സാഹചര്യങ്ങൾക്കും സംസ്‌കാരത്തിനും ഇണങ്ങുന്നവിധം ചില പദപ്രയോഗങ്ങളും ഇടയ്‌ക്ക് വേണ്ടിവരാറുണ്ട്. അതൊന്നും ഒരു തെറ്റായി തോന്നാറില്ല. രസമായി വായിക്കാൻ സാധിക്കണം. വായിച്ചത് മനസ്സിൽ പതിയണം. അത്രയേ ഉദ്ദേശിക്കാറുള്ളൂ.
പൗലോ കൊയ്‌ലോ ഒപ്പിട്ട് ലേഖികയ്‌ക്ക്
സമ്മാനിച്ച ‘ദി ഡെവിൽ ആൻഡ് മിസ്സ് പ്രിം’ നോവൽ
പരിഭാഷപ്പെടുത്തിയ പുസ്‌തകങ്ങളുടെ എണ്ണം നോക്കുന്പോൾ തൊണ്ണൂറോളമായിട്ടുണ്ട്. ഭാരിച്ച ഒരു പണിയായല്ല ഞാനത് കാണുന്നത്. രസമുള്ള ഒരു നേരന്പോക്ക്. പ്രയോജനകരമായി സമയം ചിലവഴിക്കുന്നു. കൂട്ടത്തിൽ കുറച്ച് പണവും പ്രശസ്‌തിയും. എന്താ ചില്ലറക്കാര്യമാണോ? മഹാ മനസ്സുകളുടെ ചിന്താധാരകളിലൂടെ ഏന്റെ മനസ്സാകുന്ന തോണി തുഴയാൻ, അവരുടെ ആശയങ്ങളെ സ്വയം കൈയിലെടുത്ത് താലോലിക്കാൻ, അവരുടെ വാക്കുകൾക്ക് മലയാളത്തിന്റെ നിറവും ഭംഗിയും നൽകാൻ... അതിനു കിട്ടുന്ന അവസരമോരോന്നും എനിക്ക് വിലപ്പെട്ടതാണ്.
തുടക്കത്തിൽ, എനിക്കിഷ്‌ടപ്പെട്ട കൃതികൾ മൊഴിമാറ്റം ചെയ്‌ത് പ്രസാധകരെ ഏൽപ്പിക്കുകയായിരുന്നു ചെയ്‌തിരുന്നത്. എന്തൊരു വിവരമില്ലായ്‌മ എന്ന് ഇന്നാലോചിക്കുന്പോൾ തോന്നാറുണ്ട്. അന്ന് ആ പുസ്‌തകങ്ങളൊന്നും ആരും ‘വേണ്ട’ എന്ന് പറഞ്ഞില്ല എന്നതൊരു ഭാഗ്യമായി. പൗലോ കൊയ്‌ലോയുടെ മൂന്ന് പുസ്‌തകങ്ങൾ അങ്ങനെ പരിഭാഷയ്‌ക്കുശേഷം ഡിസിയിൽ ഏൽപ്പിച്ചതാണ്. മകനും ഭാര്യയും ലണ്ടനിൽവച്ച് പൗലോ കൊയ്‌ലോയെ നേരിട്ട് കണ്ടു. മലയാളത്തിലെ ‘ആൽക്കെമിസ്‌റ്റ്’ സമ്മാനമായി കൊടുത്തു. തന്റെ രണ്ട് പുസ്‌തകങ്ങൾ ‘രമയ്‌ക്ക് സ്‌നേഹാശംസകളോടെ’ എന്ന് കൈയൊപ്പിട്ട് അദ്ദേഹം അവർക്ക് സമ്മാനിച്ചു. അതാണ് ‘ഫിഫ്‌ത് മൗണ്ടനും’ ‘ദി ഡെവിൽ ആൻഡ് മിസ്സ് പ്രി ’മും. രണ്ടും വളരെ നല്ല കഥകൾ. ഡിസി സന്തോഷത്തോടെ ഏറ്റെടുത്ത് പ്രസിദ്ധീകരിച്ചു. ആദ്യത്തേത് ബൈബിളിലെ ഒരു കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതാണ്. രണ്ടാമത്തേത് ഒട്ടൊരു വിചിത്രമായ, എന്നാൽ ഒട്ടും അസ്വാഭാവികതയില്ലാത്ത അവതരണം. മനുഷ്യരെല്ലാവരും സ്വാർഥലാഭത്തിനുവേണ്ടി കുറ്റം ചെയ്യാൻ തയ്യാറാണ്. ശിക്ഷയെക്കുറിച്ചുള്ള ഭയം കൊണ്ടാണ് പലരും കുറ്റം ചെയ്യാതിരിക്കുന്നത് എന്ന് അതിൽ അദ്ദേഹം സമർഥിക്കുന്നു. എന്തുകൊണ്ടോ ആ രണ്ട് പുസ്‌തകങ്ങളും ജനപ്രിയ ലിസ്‌റ്റിൽ ഇടം നേടിയില്ല.
ഖലീദ് ഹൊസൈനിയുടെ നോവലുകളും സ്വയം ഇഷ്ടപ്പെട്ട് ചെയ്‌തതാണ്. മനസ്സിനെ കുത്തിനോവിക്കുന്ന കഥകൾ. ആ കഥാഭൂമികയിലൂടെ സഞ്ചരിക്കവേ മനസ്സ് പിന്നെയും പിന്നെയും പറഞ്ഞ് ആശ്വസിച്ചു. ‘ഞാൻ ജീവിക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലാണല്ലോ! ഒപ്പം ആ യാഥാർഥ്യത്തെ കുറിച്ച് നമ്മൾ ബോധവാൻമാരല്ലല്ലോ എന്ന ഖേദവും ഒരു മുള്ളായി ഉള്ളിൽ തറച്ചുനിന്നു.
ചില പുസ്‌തകങ്ങൾ പരിഭാഷപ്പെടുത്തുന്പോൾ തോന്നും എന്തുകൊണ്ട് ഞാനിതെഴുതിയില്ല. എന്തുകൊണ്ട് ഇതെന്റെ മനസ്സിൽ വിടർന്നില്ല. അങ്ങനെയൊരു പുസ്‌തകമാണ് മാതൃഭൂമിക്കുവേണ്ടി പരിഭാഷപ്പെടുത്തിയ ഹെർമൻ ഹെസ്സെയുടെ ‘സിദ്ധാർത്ഥ.’ അദ്ദേഹത്തിന്റെ ആശയങ്ങളോട് അത്രയേറെ ഇഴുകിച്ചേരാൻ സാധിച്ചതുകൊണ്ടാകാം അങ്ങനെ തോന്നിയത്. എന്തായാലും ആ നിമിഷം തന്നെ പിറകിൽ അരമണികളുടെ കിലുക്കവും ഒരു പരിഹാസച്ചിരിയും കേട്ടു. ‘കുണ്ടിലിരിക്കും തവളക്കുഞ്ഞിന് കുന്നിനുമീതെ പറക്കാൻ മോഹം.’ തിരിഞ്ഞുനോക്കിയപ്പോൾ കിരീടം ചൂടിയ ഒരാൾ താളത്തിൽ ചോടുവച്ച് നടന്നുപോകുന്നു.
തൃശൂർ ഗ്രീൻ ബുക്‌സിനുവേണ്ടി മൊഴിമാറ്റിയ രണ്ടു പുസ്‌തകങ്ങൾ. ‘ക്ലാവുപിടിച്ചകാലം’, ‘യുദ്ധഭൂമിയിലെ സ്‌ത്രീപോരാളികൾ.’ സ്വെറ്റ്‌ലാന അലക്‌സിവിവു എന്ന നൊബേൽ സമ്മാനാർഹയായ പത്രപ്രവർത്തകയാണ് രണ്ടും രചിച്ചിരിക്കുന്നത്. നാനൂറിലധികം പേജുകൾ, സങ്കൽപ്പിക്കാനാവാത്ത യഥാർഥ ജീവിതമാണ് രണ്ടിലും. അതേപടി വരച്ചുവച്ചിരിക്കുന്നത്. ആ പരിഭാഷ തീവ്രമായ ഒരനുഭവമായിരുന്നു. ഭാഷയ്‌ക്കും ബുദ്ധിക്കും ഒരുപോലെ വെല്ലുവിളിയായി. റഷ്യൻ‐ഇംഗ്ലീഷ്‐മലയാളം... അതിൽ പറഞ്ഞിട്ടുള്ളത് കഥയല്ല, ജീവിതമാണ്. അത് വേണ്ടവിധത്തിൽ എഴുതി ഫലിപ്പിക്കുക എളുപ്പമായിരുന്നില്ല.
കറന്റ് ബുക്‌സ് തൃശൂർ പ്രസിദ്ധീകരിച്ച ‘മാവോയുടെ അവസാനത്തെ നർത്തകൻ’ ‐ഒരു വിമാനയാത്രയ്‌ക്കിടയിൽ വായിക്കാനായി മകൻ വാങ്ങിത്തന്ന പുസ്‌തകം. ലീചുൻഷിൻ ആണ് ഗ്രഥകർത്താവ്. വായിച്ചപ്പോൾ ഇഷ്‌ടമായി. വിവർത്തനം ചെയ്‌തു. അത് കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചു. ചൈനയിലെ ‘മാവോ കാലഘട്ടത്തെ’ അതിൽ വിശദമായി വർണിക്കുന്നുണ്ട്. കറന്റ് ബുക്‌സ് ആവശ്യപ്പെട്ട് മലയാളത്തിലാക്കിയ പുസ്‌തകമാണ് കാർലോസ് റൂയീസ് സാഫോണിന്റെ ‘കാറ്റിന്റെ നിഴൽ’ –shadow of the wind. സ്‌പാനിഷ് ആഭ്യന്തരയുദ്ധത്തിനുശേഷമുള്ള ബാർബിലോണ. അഞ്ഞൂറിലധികം പേജുണ്ട്. ഓരോ പേജും ഉദ്വേഗഭരിതം.

ഇതിനിടയിൽ ധാരാളം അധ്യാത്മികകൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാൻ കഴിഞ്ഞു. സ്വാമി രാമ, സ്വാമി ചിന്മയാനന്ദ, സ്വാമി ദയാനന്ദ, ജഗ്ഗി വാസുദേവ് ‐ഉഷ ഫൗണ്ടേഷൻ ‐ സ്വാമി തേജോ മയാനന്ദ, സംപൂജ്യ ദലൈ ലാമ..... ആജന്മ സുകൃതത്തിനും നന്ദിപറയേണ്ടത് പരിഭാഷയോടല്ല?
ചെറുകഥകളെഴുതിക്കൊണ്ടിരുന്ന കാലത്ത് പ്രശസ്‌ത പണ്ഡിതൻ പ്രൊഫസർ എം കൃഷ്‌ണൻനായർ ആളും തരവും നോക്കാതെ എല്ലാ എഴുത്തുകാരെയും നിശിതമായി വിമർശിച്ചിരുന്നു. എന്തോ, എന്റെ ചെറുകഥകളുടെ മേൽ ഒരിക്കലും കത്തിക്കുത്ത് നടത്തിയിരുന്നില്ല. നല്ലതാണെന്ന് പറയാറുമില്ല. എന്നാൽ ഒരിക്കൽ മാത്രം അർഥശങ്കയ്‌ക്കിടവരാത്തവിധത്തിൽ അദ്ദേഹം എഴുതി: ‘‘രമാമേനോന്റെ കഥകൾ കലർപ്പില്ലാത്തതാണ്, ശുദ്ധമാണ്. പക്ഷേ അവർക്ക് കഥ എഴുതാൻ അറിയില്ല.’’
സ്വാഭാവികമായും എനിക്ക് വലിയ സങ്കടമായി. കുറച്ചുകാലം കഴിഞ്ഞപ്പോൾ അത് പതിവുപോലെ മറക്കുകയും ചെയ്‌തു. നാൽപ്പതുവർഷത്തിനുശേഷം ഞാൻ വീണ്ടും ആ സംഭവം ഓർത്തു...
മാതൃഭൂമിയിൽ നിന്നും വിളിച്ചുപറഞ്ഞു. ‘‘പ്രൊഫസർ കൃഷ്‌ണൻനായരുടെ ജന്മശതാബ്ദിയാണ്. അദ്ദേഹത്തിനിഷ്ടപ്പെട്ട പത്തുകഥകൾ തെരഞ്ഞുടുത്തു വച്ചിട്ടുണ്ട്. അത് അധികം താമസിക്കാതെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിത്തരണം.’’
എന്റെ ആദ്യത്തെ പ്രതികരണം ‘ഒരു മധുര പ്രതികാരം’ എന്നായിരുന്നു. കൃഷ്‌ണൻ നായർ സാറിന് മൗനമായി ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഞാൻ ചിന്തിച്ചു. ‘കഥ എഴുതാനറിയാത്ത ഞാൻ തന്നെ വേണോ ആ കഥകൾ പരിഭാഷപ്പെടുത്താൻ? മാതൃഭൂമിക്ക് ഇൗ ഭൂമിമലയാളത്തിൽ വേറെ ആരെയും കിട്ടിയില്ലേ?’ അങ്ങനെയും ഒരു തമാശ.
ഒരു ഭാഷയുടെ ചിറകും വിടർത്തി ഞാൻ എവിടെയെല്ലാം ചെന്നത്തി. എന്തെല്ലാം അനുഭവങ്ങളിൽക്കൂടി കടന്നുപോയി. ഒന്നും മറ്റാരുടേതായൊ ആയി തോന്നിയില്ല. എഴുതിക്കൊണ്ടിരിക്കേ എല്ലാം സ്വാനുഭവങ്ങൾ തന്നെയായിരുന്നു. ഭാഷയ്‌ക്കും ദേശത്തിനും ആചാരത്തിനും സംസ്‌കാരത്തിനുമപ്പുറം മനുഷ്യനൊന്നാണെന്ന പാഠം. എത്ര തവണ ഉള്ളുകൊണ്ട് ഉരുവിട്ടു. വിസയും പാസ്‌പോർട്ടും കൈയിൽ കാൽ കാശും ആവശ്യമില്ലാത്ത ദീർഘയാത്രകൾ. ഓരോരോ രാജ്യത്തുചെന്ന് തന്പടിക്കുന്നു. അവിടെയുള്ളവരുടെ കൂടെ ചിരിച്ചും ചിന്തിച്ചും കരഞ്ഞും കലഹിച്ചും ആഘോഷിച്ചും ആഹ്ലാദിച്ചും കുറെ ദിവസങ്ങൾ. വായനക്കാർക്കിഷ്ടമാണങ്കിൽ ‘സങ്കൽപ്പവായുവിമാനത്തിലേറിയാലും’ എന്ന വള്ളത്തോൾ കവിതയിലെ വരി ഇടയ്‌ക്കിടയ്‌ക്കോർമ വരാറുണ്ട്. സങ്കൽപ്പത്തിന്റെ വായുവിമാനത്തിലേറി യാത്രചെയ്യാൻ കഴിയുക‐ അതും ഒരു സുഖമല്ലേ?
നേേരത്തെ പറഞ്ഞല്ലോ‐ ഗൗരവമേറിയ ഒരു പ്രവൃത്തിയായി ഞാൻ പരിഭാഷയെ കണ്ടിട്ടില്ല. അമ്മ വച്ചുണ്ടാക്കുന്നത് ഭംഗിയായി വിരുന്നുകാർക്ക് വിളന്പി ക്കൊടുക്കുക. അത് വൃത്തിയിലും വെടിപ്പിലുമാവണം. രുചിയറിഞ്ഞ് രസിച്ചു കഴിക്കാൻ അവർക്കാകണം. അതാണെന്റെ ഉത്തരവാദിത്വം. അതിൽ ഞാൻ നിഷ്‌കർഷ പാലിക്കാറുണ്ട്.
പുസ്‌തകം കിട്ടിയാൽ ആദ്യം വായിച്ചുനോക്കി ഇഷ്ടപ്പെട്ടത് തർജമ ചെയ്യുകയായിരുന്ന തുടക്കത്തിലെ പതിവ്. ഇപ്പോൾ അതില്ല. പ്രസാധകർ അയക്കുന്ന പുസ്‌തകങ്ങൾ. ഒന്നാമത്തെ പേജ് എടുക്കുന്നു. ഒന്നാമത്തെ വരിയിൽ വിരൽ വയ്‌ക്കുന്നു. ഓരോ വരിയായി മൊഴിമാറ്റുന്നു.
വാക്കുകളേക്കാൾ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്നു. അവ വളച്ചുകെട്ടില്ലാതെ വായനക്കാരന്റെ മനസ്സിലേക്കെത്തിക്കാൻ ശ്രമിക്കുന്നു. സാധാരണ മട്ടിൽ കടലാസിൽ പേനകൊണ്ട് എഴുതുന്നു. ആധുനിക വിദ്യകളൊന്നും വശമാക്കാൻ ശ്രമിച്ചിട്ടില്ല. ഇതുമതി എന്നൊരു തോന്നൽ പിന്നോക്കം വലിക്കുന്നു. പ്രായം കണക്കുപറയാൻ തുടങ്ങിയിരിക്കുന്നു. പഴയതുപോലെ ഒറ്റ ഇരുപ്പിലിരുന്നെഴുതാൻ കണ്ണും നടുവും സമ്മതിക്കുന്നില്ല. എന്നാലും പ്രിയപ്പെട്ട കൂട്ടുകാരിയെ കൈവിടാനും തോന്നുന്നില്ല. മൊബൈലിൽ വിരലമർത്തിയാൽ ഏതു ചോദ്യത്തിനും ഉത്തരം തരുന്ന ചില ചങ്ങാതിമാരുണ്ടല്ലോ... അവരിൽ ഒന്നുരണ്ടുപേരെ ഞാനും പാട്ടിലാക്കി വച്ചിട്ടുണ്ട്. ഏതു ഭാഷയായാലും രാജ്യമായാലും സംസ്‌കാരമായാലും സംശയം ചോദിച്ചാൽ ഉത്തരം റെഡി. അത് വലിയൊരു സഹായം തന്നെയാണ്. എന്ത്, ഏത് എന്നറിയാതെ ചുറ്റിത്തിരിയേണ്ടിവരില്ല.
ഇടയ്‌ക്കു ചിലർ പറയാറുണ്ട്, ‘‘ആ പുസ്‌തകം ഞാൻ ഇംഗ്ലീഷിൽ വായിച്ചിരുന്നു. പക്ഷേ നിങ്ങളുടെ പരിഭാഷ വായിച്ചപ്പോഴാണ് ശരിക്കും ആസ്വദിച്ചത്.’’ അതു കേൾക്കുന്പോഴത്തെ ഒരു സന്തോഷം എത്രയാണെന്നോ? എന്റെ പ്രയത്നം വെറുതെയായില്ലല്ലോ എന്ന ചാരിതാർഥ്യം! .









0 comments