കവർസ്റ്റോറി
പ്രചോദനത്തിന്റെ ലീലജനാല

പ്രിയ എ എസ്
Published on Sep 26, 2026, 12:42 PM | 12 min read
ലീലാവതി ടീച്ചറിന്റെ തൃക്കാക്കരവീടിന്റെ പേര് ‘ഉജ്വല്‍' എന്നാണ്. പക്ഷേ എനിക്കത് ഒരിക്കലും നാവിന്റെ തുമ്പത്ത് വരില്ല. പഴയ മട്ടിലെ ഗ്രില്ലുകളുള്ള, ഒറ്റ ഇളംനിറത്തില്‍ നിസ്സംഗമായി നില്‍ക്കുന്ന ആ വീടിന്റെ പേര് എന്നെ സംബന്ധിച്ചിടത്തോളം, ‘വർണരാജി ' എന്നാണ്. എഴുത്തിന്റെയും മനുഷ്യത്വത്തിന്റെയും വർണരാജികളെക്കുറിച്ചുള്ള എന്റെ സങ്കൽപ്പത്തെയും ധാരണയെയും ദര്‍ശനത്തെയും ഇത്രമേല്‍ മാറ്റിമറിച്ച മറ്റൊരു വീടില്ല, മറ്റൊരു ആളില്ല.
ജീവിതത്തില്‍ ചില വന്‍നഷ്ടങ്ങള്‍, ആഴപ്പതനങ്ങള്‍ ഒക്കെ സംഭവിക്കുമ്പോള്‍ നാശാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് തപ്പിത്തിരഞ്ഞ് ഒരു നിറനിമിഷമോ ഒരു നന്മത്തുണ്ടോ കഷ്ടപ്പെട്ട് കണ്ടെടുത്ത് സർവതിനെയും അതിജീവിക്കുന്ന പതിവുണ്ടെനിക്ക്. എംജി സർവകലാശാലയില്‍നിന്ന് 13 വര്‍ഷത്തെ സർവീസിനെ കുടഞ്ഞുകളഞ്ഞ് മ്യൂച്വല്‍ ട്രാൻസ്‌ഫര്‍ വഴി കൊച്ചി സർവകലാശാലയില്‍ ജൂനിയര്‍മോസ്‌റ്റായി വന്നുചേര്‍ന്ന് പദവികളും ശമ്പളവും സ്‌നേഹാതിരേകവും ഒക്കെ കളഞ്ഞുകുളിച്ചതെന്തിനായിരുന്നുവെന്ന് ചിന്തിച്ചിരിക്കുമ്പോള്‍, അലക്ഷ്യമായി നെറ്റിമേല്‍ തൊട്ട ഒരു ലീലാതിലകത്തിന്റെ അപൂർണാകൃതിയിലെ കുങ്കുമത്തരികള്‍ മനസ്സിലേക്ക് ഊര്‍ന്നുവീഴും. ഈ ലീലാതിലകത്തിന്റെ സ്‌നേഹവർണത്തരികള്‍ നിറച്ചുവച്ച ഒരു കുഞ്ഞു ചിമിഴ് എനിക്കുനേരെ നീട്ടാനായി കാലം കൊത്തിപ്പണിത ഒരു ഒത്താശയായി അന്നേരം, എന്റെ എല്ലാ നഷ്ടങ്ങളെയും ഞാന്‍ വിവര്‍ത്തനം ചെയ്യും. എന്റെ അമ്മ പറയുന്നത് അന്നേരം ഓർമയില്‍ നിറഞ്ഞു പരക്കും, -‘പ്രിയാ, നീ മാസത്തിലൊരിക്കലെങ്കിലും ഇവിടുത്തെ വാമനമൂര്‍ത്തിയെ കാണാന്‍ പോകണമെന്ന് ഞാന്‍ പറയില്ല, പക്ഷേ നീ മാസത്തിലൊരിക്കലെങ്കിലും ചെന്ന് ലീലാവതി ടീച്ചറെ കാണണം...' അമ്മ പറഞ്ഞപടി അനുസരിക്കല്‍ വല്ലപ്പോഴുമൊക്കെയേ നിർവഹിക്കാനായുള്ളൂ എങ്കിലും ദിവസവുമുള്ള സർവകലാശാലാപ്പോക്കിനിടെ വണ്ടി ഒന്നു മെല്ലെയാക്കി ആ വീട്ടിലേക്കൊന്ന് പാളിനോക്കി അതിനുള്ളിലെ ഗുരുസാഗരത്തെ മനസാ തൊട്ടുതൊഴുത് വന്ദിക്കല്‍ പതിവായുണ്ടായിരുന്നു.
പ്രൊഫ. എം ലീലാവതി
ഫോട്ടോ: വി കെ അഭിജിത്ത്
2007‐ല്‍ കൊച്ചി സർവകലാശാലക്കാരിയായി തൃക്കാക്കരയിലെ മാവേലി നഗറില്‍ ഒരു വാടകവീട്ടില്‍ താമസമായ കാലത്തൊരു ദിവസം, വൈകുന്നേരനടത്തത്തില്‍ നിന്നുള്ള മടങ്ങിവരവിനിടെ എന്റെ അച്ഛന്‍ എന്ന പഴയ ഹൈസ്‌ക്കൂള്‍ മലയാളം മാഷ് അത്യാവേശപൂർവം പറയുന്നു, -‘നമ്മുടെ തൊട്ടപ്പുറത്താണ് ലീലാവതി ടീച്ചറുടെ വീട്, ഒരു ദിവസം പോയി കാണണം കേട്ടോ.' മനസ്സ് ശരിയല്ലായ്കയാല്‍ ഞാനത് നീട്ടി വയ്‌ക്കുകയും അച്ഛനത് നിരന്തരം ഓർമപ്പെടുത്തുകയും ചെയ്യല്‍ പതിവായി. ഒന്നരവയസ്സുകാരനായ മകൻ കുഞ്ഞുണ്ണിയുടെ കൈയും പിടിച്ചുള്ള, ഓഫീസില്‍നിന്നു വന്നുകയറിയ ഉടനെയുള്ള പതിവലഞ്ഞുതിരിയലിന്റെ ദിശ ലീലാവതി ടീച്ചറിന്റെ വീട്ടിലേക്ക് എന്നോ ഒരു ദിവസം ഞാന്‍ തിരിച്ചുവിട്ടു.
മുകളിലെ എഴുത്തുമുറിയിലായിരുന്നു ടീച്ചര്‍. കോളിങ്‌ബെല്‍ കേട്ടതും മുറിയുടെ പുറത്തേക്കിറങ്ങി ‘ആരാ?' എന്ന് അതിഗൗരവത്തില്‍ ചോദിച്ച് ടീച്ചര്‍ സ്റ്റെപ്പുകളിറങ്ങാനും ഞങ്ങളമ്മയും മകനും മറുപടി പറയാതെ സ്‌റ്റെപ്പുകള്‍ കയറാനും തുടങ്ങി. ഇതിനിടെ പല തവണ ‘ആരാ, എന്താ?' എന്ന് എഴുത്തോ വായനയോ മുറിഞ്ഞതിലെ ഇഷ്ടക്കേടോടെയാവാം, തീരെ മയമില്ലാതെ ടീച്ചര്‍ ചോദിച്ചുവെങ്കിലും ടീച്ചറെ പരിചയപ്പെടുത്താന്‍ തക്ക മേൽവിലാസം പരതി വാഗ്ക്ഷാമം അനുഭവപ്പെട്ട ഞാന്‍ മൗനം തുടര്‍ന്നു. സ്‌റ്റെപ്പിറങ്ങലും സ്‌റ്റെപ്പുകേറലും കൂട്ടിമുട്ടുന്നതിനു തൊട്ടുമുമ്പ് ടീച്ചര്‍, ‘പ്രിയയോ?' എന്നു ചോദിച്ച് വിടര്‍ന്ന ചിരിയായി. ആ പരുക്കന്‍മട്ടു കണ്ട് ഒട്ടൊന്നു പരുങ്ങി നില്‍പ്പായിരുന്ന കുഞ്ഞുണ്ണി അന്ന് ഹൃദയത്തിലേക്കെടുത്തുവച്ച ലീലാവതിയമ്മൂമ്മയെ, പിന്നെ ഇന്നോളവും അവിടെ നിന്നിറക്കിയിട്ടില്ല. അക്കാലത്ത് ടീച്ചറിന് ഒരു എണ്‍പത്തിരണ്ട് വയസ്സുണ്ടായിരുന്നിരിക്കണം.
‘നമ്മുടെ ലീലാവതിയമ്മൂമ്മയ്‌ക്ക് നൂറുവയസ്സായി മക്കളേ' എന്നു ഞാന്‍ കഴിഞ്ഞദിവസങ്ങളിലൊന്നില്‍ ഫോണില്‍ പറയുമ്പോള്‍, ഇരുപതുകാരന്‍ കുഞ്ഞുണ്ണി നിറനിറസ്‌നേഹത്തോടെ ‘പാവം' എന്നു പറയുന്നു. ആ പാവത്തിന്, ‘പാവം' എന്ന അർഥമല്ലെന്ന് എനിക്ക് നന്നായറിയാം. അവന്‍ പിന്നെ കൂട്ടിച്ചേര്‍ക്കുന്നു-, ‘ബേത്‌ലഹേം’ സിനിമയുടെ മേക്കിങ്ങിനെ കുറിച്ചുള്ള ഒരു വീഡിയോയില്‍ ബാക്ഗ്രൗണ്ടിലൊരിടത്ത് ലീലാവതിയമ്മൂമ്മയുടെ ഒരു ചിത്രം കണ്ടു. ഇവരെക്കാളൊക്കെ എത്ര വലിയ ആളാണ് ലീലാവതിയമ്മൂമ്മ എന്ന് ഇവരറിയുന്നുണ്ടാവുമോ എന്ന് ഞാനന്നേരം ഓര്‍ത്തു. ടീച്ചറിന്റെ ഒരു പുസ്‌തകത്തിന്റെ താളുകളിലൂടെയും കയറിയിറങ്ങാത്ത, എന്നാലോ ഒന്നര വയസ്സുമുതല്‍ ഇന്നോളം ആ വീടിന്റെ അകത്തളങ്ങളിലൂടെ സർവസ്വാതന്ത്ര്യത്തോടെയും കയറിയിറങ്ങി എന്താണ്, ആരാണ് ഒരു എഴുത്തുജീവി എന്ന് കണ്ടും കേട്ടും തൊട്ടും രുചിച്ചും അറിഞ്ഞ ഒരനുഭവത്തിന്റെ നേര്‍സാക്ഷ്യത്തില്‍നിന്ന് മുളച്ച് വളര്‍ന്ന് പടര്‍ന്നു പന്തലിച്ചതാണ് ആ ‘ലീലാവതീവലിപ്പം' എന്നോര്‍ത്ത് അതിരില്ലാത്ത ആനന്ദമായി ആ കുഞ്ഞുണ്ണിമുഹൂര്‍ത്തത്തില്‍ ഞാന്‍.
ആദ്യമായി ടീച്ചറെ കണ്ടതും മിണ്ടിയതും ഇപ്പോഴും ഓർമയുണ്ട്.ഏഷ്യാനെറ്റില്‍ സുരേഷ് പട്ടാലിയുടെ ‘വായനശാല'യ്‌ക്കായുള്ള പുസ്‌തകറിവ്യു. ടീച്ചറിന്റെ കൈയില്‍ ചന്ദ്രമതി ടീച്ചറിന്റെ ‘ആര്യാവര്‍ത്തനം', എന്റെ കൈയില്‍ മേതിലിന്റെ ‘ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം.' വളരെ തുടക്കക്കാരിയായിരുന്ന എന്നെപ്പോലുള്ള ഒരാളെ ടീച്ചര്‍ അറിയുമെന്നുപോലും വിചാരിക്കാനാവാതെ മാറി ഒതുങ്ങിനിന്ന എന്റടുത്തുവന്ന് ടീച്ചറന്നും സംസാരിച്ചത് സമഭാവനയോടെ. ‘ആര്യാവര്‍ത്തനത്തിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്, എന്റെ പേരക്കുട്ടിയുടെ പേര് ആര്യ എന്നാണ്' ‐ ടീച്ചര്‍ പറയുന്നത് കേട്ടുനില്‍ക്കുന്നേരം, ടീച്ചറിന്റെ ജീവിതത്തിലേക്കും വീട്ടിലേക്കുമുള്ള പടികള്‍ കയറിച്ചെല്ലും ഞാനും എനിക്കുണ്ടാകാന്‍ പോകുന്ന മകനും ഒരിയ്‌ക്കലെന്നാര് സങ്കൽപ്പിക്കാന്‍ അന്ന്?
കുഞ്ഞുണ്ണിയുമൊത്തു പിന്നീടുണ്ടായ ഓരോ സന്ദര്‍ശനവേളയിലും ‘ഇയാള്‍ക്കെന്താ തരിക?' എന്നു ചോദിച്ച് കായുപ്പേരി വറുത്തതും ഉണ്ണിയപ്പവും ഓറഞ്ചുമൊക്കെയായി ടീച്ചര്‍ കുഞ്ഞുണ്ണിയെ ചേര്‍ത്തുനിര്‍ത്തി. ഒരു മണിക്കൂര്‍നേരമൊക്കെ തുടര്‍ച്ചയായി ഡ്രൈകഫ് വന്ന് കുഴയുന്ന കുഞ്ഞുണ്ണിയെ ഓറഞ്ചും മുന്തിരിങ്ങയുമൊന്നും കാണിക്കരുതെന്നായിരുന്നു ഡോക്ടറുടെ നിർദേശം. ലീലാവതിയമ്മൂമ്മ ഫ്രിഡ്ജില്‍നിന്ന് നേരെ എടുത്തുനീട്ടുന്ന തണുത്ത ഓറഞ്ച് അവന് മധുരനിധി ആയിരുന്നു. ആ ഓറഞ്ചുകളായിരുന്നിരിക്കാം അവനും ലീലാവതിയമ്മൂമ്മയ്‌ക്കുമിടയിലെ ആദ്യത്തെ സ്‌നേഹ അല്ലികള്‍.
ലീലാവതിയമ്മൂമ്മയ്‌ക്ക് കിട്ടുന്ന ബൊക്കെകള്‍ അവകാശം പോലെ കൈപ്പറ്റി അതിലെ പൂക്കള്‍ പിച്ചിക്കീറി കൂമ്പാരംകൂട്ടിക്കളിയായി പിന്നെ ലീലാവതിയമ്മൂമ്മയിലേക്കുള്ള കുഞ്ഞുണ്ണിയുടെ വഴി.
ടീച്ചര്‍ ഏതു കുട്ടിയെ കുറിച്ചും ‘അയാള്‍, ഇയാള്‍' എന്നു പറഞ്ഞ് പരാമര്‍ശിക്കുന്നതേ ഞാന്‍ കേട്ടിട്ടുള്ളൂ. കുട്ടികള്‍ ബഹുമാനം അര്‍ഹിക്കുന്നു എന്നാണ് അന്നേരമെല്ലാം ഞാന്‍ പഠിച്ചത്. സക്കറിയയുടെ കഥകളിലല്ലാതെ ആരും കുട്ടികളെ അങ്ങനെ റെഫര്‍ ചെയ്യുന്നത് ഞാന്‍ അതുവരെ കേട്ടിരുന്നില്ല.
എം ലീലാവതിക്കൊപ്പം ലേഖിക ഫോട്ടോ: രേഖ ദാമോദർ
ഒരിക്കല്‍ മാവേലി നഗറിലെ റെസിഡൻസ് അസോസിയേഷന്റെ വാര്‍ഷികാഘോഷം. ചീഫ് ഗസ്‌റ്റ് ന്യായമായും അവിടുത്തെ അന്തേവാസിയായ ലീലാവതി ടീച്ചര്‍തന്നെ. ചേര്‍ത്തലക്കാരി മീന്‍കാരിയായി ഡയലോഗ് സഹിതം അരങ്ങില്‍ പ്രത്യക്ഷപ്പെട്ട കുഞ്ഞുണ്ണി അതിനകം എല്‍കെജിക്കാരനായിക്കഴിഞ്ഞിരുന്നു. സ്‌കൂളിലെ പതിവ്, സ്റ്റേജില്‍ കയറിയാല്‍ എന്തെങ്കിലും സമ്മാനം എന്നതായിരുന്നതിനാല്‍ ഒഴിഞ്ഞ കൈയുമായി ഇറങ്ങിപ്പോരേണ്ടി വന്ന കുഞ്ഞുണ്ണി എന്റെ ഒക്കത്തിരുന്ന് കരച്ചിലും പ്രതിഷേധവുമായി. അപ്പോഴുണ്ട് എതിരെ വരുന്നു പ്രോഗ്രാം കാണല്‍ മതിയാക്കി ടീച്ചര്‍. ‘ഇയാളായിരുന്നോ മീന്‍കാരി, എനിക്ക് കണ്ടപ്പോ സംശയം തോന്നി, എന്തിനാ കരയുന്നത്?’ എന്നു ടീച്ചര്‍ അന്വേഷിച്ചപ്പോള്‍ ചിരിയടക്കി ഞാന്‍ സമ്മാനം കിട്ടാക്കാര്യം പറഞ്ഞു. ‘അതിനെന്താ, ഇയാള് അമ്മൂമ്മേടെ വീട്ടില് വരൂ, അമ്മൂമ്മയ്‌ക്ക് കിട്ടിയ ഒരുപാട് സമ്മാനം അവിടുണ്ട്, ഏതാണെന്നു വച്ചാല്‍ വന്ന് എടുത്തോളൂ' എന്ന് ടീച്ചര്‍ പറയേണ്ട താമസം സമ്മാനമോഹി, കരച്ചില്‍ സ്വിച്ചിട്ടതുപോലെ നിര്‍ത്തി, ‘വാ പോകാം' എന്ന മട്ടിലായി. ‘പിന്നെ പോകാം' എന്നു പറഞ്ഞു പിന്തിരിപ്പിച്ചു അന്നേരം എങ്കിലും ആ റോഡിലേക്കിറങ്ങുന്ന നേരമൊക്കെയും ‘ലീലാവതിയമ്മൂമ്മയുടെ വീട്ടില്‍ പോയി സമ്മാനം വാങ്ങണ്ടേ നമക്ക്?'എന്നു കുഞ്ഞുണ്ണി എനിക്ക് സ്വൈരം തരാതായി. അങ്ങനൊരുദിവസം ഗതികെട്ട് ഞാനവനെയും കൂട്ടി ടീച്ചറിന്റെ അടുത്തേക്ക് കയറിച്ചെന്നു. അവനെ കണ്ടതും ടീച്ചര്‍, ‘എന്താ സമ്മാനം വേണമെന്നു പറഞ്ഞിട്ട് ഇയാളെ ഇങ്ങോട്ട് കാണാതിരുന്നത് ഇത്രയും ദിവസം?' എന്ന ചോദ്യച്ചിരിയോടെ അവനെ കൂട്ടിക്കൊണ്ടുപോയി ആ സമ്മാനനിരയ്‌ക്കു മുന്നില്‍ നിര്‍ത്തി. അവനേതില്‍ കൈവച്ചാലും അതെടുത്തു കൊടുക്കും ടീച്ചര്‍ എന്നു നല്ല ഉറപ്പുള്ളതുകൊണ്ട് ‘ഇവന്‍ വല്ല കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിലുമാവുമോ കൈ വയ്‌ക്കുക ദൈവമേ' എന്നെന്റെ നെഞ്ചിടിപ്പു കൂടി. കുഞ്ഞിക്കൈയില്‍ കൊള്ളുന്ന ഒരു ചെറിയ മെമെന്റോ എടുത്ത് അവന്‍ തിരിഞ്ഞതും ടീച്ചര്‍ ‘മറ്റേക്കൈയില്‍ കൂടി ഒരെണ്ണമെടുത്തോ' എന്നായി. ആ രണ്ടുസമ്മാനങ്ങളും ഞങ്ങളിപ്പോഴും വീട്ടില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്, നിധിപോലെ.
ടീച്ചറിന് വയലാര്‍ അവാര്‍ഡ് കിട്ടിയത് 2007‐ലാണ്, അതായത് ഞങ്ങളുടെയാ തൃക്കാക്കരജീവിതത്തിന്റെ തുടക്കത്തില്‍. ടീച്ചറിന്റെ എഴുത്തെല്ലാം കൈകൊണ്ട് നോട്ടുബുക്കുകളിലാണെന്നറിയാവുന്നതുകൊണ്ട്, പേനകളും നോട്ടുബുക്കുകളുമായി ഞാനും മകനും ചെന്ന് ആ സന്തോഷത്തില്‍ പങ്കാളികളായതിന്റെ തൊട്ടടുത്തെങ്ങോ ആണ് എനിക്ക് ഭീമാ ബാലസാഹിത്യ അവാര്‍ഡ് കിട്ടുന്നത്. എനിക്കും കുഞ്ഞുണ്ണിക്കും സമ്മാനങ്ങളുമായി വീട്ടിലേക്ക് കയറിവന്ന ടീച്ചര്‍ എനിക്ക് കാണിച്ചുതന്നത് എഴുത്തില്‍ വലിയവര്‍- ചെറിയവര്‍ എന്നൊന്നില്ല എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു. സാഹിത്യജീവികള്‍ എന്നാല്‍ അക്ഷരങ്ങള്‍കൊണ്ട് കൂട്ടിക്കെട്ടിയവര്‍ എന്ന ഒരർഥമേയുള്ളൂ, അവിടെ ഉണ്ടാവേണ്ടത് പരസ്‌പരബഹുമാനമാണ് എന്ന ആ അറിവ് ഒരിക്കലും മാഞ്ഞുപോകാതെ ഞാന്‍ അന്നുമുതലിന്നോളം സൂക്ഷിക്കുന്നുണ്ട്. അന്നു ടീച്ചര്‍, കുഞ്ഞുണ്ണിക്കു കൊടുത്ത ‘എട്ടുനാള്‍ കുട്ടികള്‍ക്കൊപ്പം' എന്ന സ്വന്തം ബാലസാഹിത്യകൃതി അക്ഷരമേ വായിക്കാറായിട്ടില്ലാത്ത എന്റെ മകന്‍, ‘നമ്മള്‍ കാറോടിച്ചുപോകുമ്പോള്‍ ഇതിനകത്ത് ലീലാവതിയമ്മൂമ്മയുടെ പുസ്‌തകം വേണ്ടേ, അല്ലാതെങ്ങനാ?' എന്ന ലോജിക്കുമായി ഓടിപ്പോയെടുത്തുകൊണ്ടുവന്ന് കാറിന്റെ അവിഭാജ്യഘടകമാക്കിയത് ഏറെ ചിരിപ്പിച്ചുവെങ്കിലും ഒരു കുഞ്ഞിന് ഒരു സ്‌നേഹാത്മാവിനോട് തോന്നുന്ന നിരുപാധിക സ്‌നേഹമായി എനിക്കത് വായിച്ചെടുക്കാനാകുമായിരുന്നു.
എവിടെ ടീച്ചറിന്റെ ചിത്രം കണ്ടാലും ശബ്ദം കേട്ടാലും ‘ഇതാരാന്ന് നോക്കിയോ അമ്മ, ഇതാരാന്ന് കേട്ടോ അമ്മ?' എന്നോടി വരുന്ന പതിവിലേക്ക് ക്രമേണ നടന്നെത്തി കുഞ്ഞുണ്ണി. ‘ടീച്ചറിന്റെ നിരൂപണസംഭാവനകളെക്കുറിച്ചുള്ള ‘വാഗർഥ പ്രതിപത്തി' എന്ന പുസ്‌തകത്തിന്റെ പ്രകാശനത്തിന് പോയേ പറ്റൂ എന്ന് അഞ്ചാം ക്ലാസ് നേരത്ത് അവന്‍ നിര്‍ബന്ധം പിടിച്ചു. സ്‌പൈന്‍ ടിബിയില്‍നിന്നെണീറ്റു വന്നതേ ഉണ്ടായിരുന്നുള്ളൂ അക്കാലത്ത് ഞാന്‍, ഓഫീസില്‍ പോക്ക് തന്നെ കഷ്ടപ്പെട്ടൊപ്പിച്ചിരുന്ന എനിക്ക് വീണ്ടും കുറേസമയം ഇരിയ്‌ക്കല്‍ താങ്ങാവുന്നതിനപ്പുറമായിരുന്നു. എന്നിട്ടും കുഞ്ഞുണ്ണിയുടെ ഇഷ്ടത്തെപ്രതി ഞങ്ങളാ പ്രോഗ്രാമിനു പോയി. ആ ചടങ്ങ് സമ്മാനിച്ച മെമെന്റോയുമായി വന്നുനിന്ന്, ‘ഇതുവേണോ ഇയാള്‍ക്ക്?' എന്ന് ഒരു കുസൃതിച്ചിരിയോടെ ടീച്ചര്‍ ചോദിച്ചപ്പോള്‍, കുഞ്ഞുണ്ണി ‘അതന്നെനിക്ക് വിവരമില്ലാഞ്ഞിട്ടല്ലേ, ഇപ്പോ ഞാന്‍ സ്വയം സമ്മാനം സമ്പാദിക്കാറൊക്കെ ആയല്ലോ' എന്ന് രസികനായി.

ഞാനും കുഞ്ഞുണ്ണിയും ആ വീട്ടിലേക്ക് ചെല്ലുന്ന കാലത്ത് ആ വീട്ടില്‍ മൂന്നു സ്‌ത്രീകള്‍ മാത്രമാണുള്ളത്. ടീച്ചര്‍, ചേച്ചിയമ്മ, ചെറിയമ്മ. ചേച്ചിയമ്മ എന്നാല്‍ ടീച്ചറുടെ ജീവിതപങ്കാളിയായിരുന്ന ഡോ. സി പി മേനോന്റെ ചേച്ചി. അവര്‍ ഓർമയും ചലനവുമില്ലാതെ കിടപ്പാണ് ഒരു മുറിയില്‍. ചെറിയമ്മ എന്നാല്‍ ടീച്ചറിന്റെ അമ്മയുടെ അനിയത്തി. ചെറിയമ്മയും കുഞ്ഞുണ്ണിയും വല്യ ഇഷ്ടക്കാരായിരുന്നു. ചെറിയമ്മയുടെ മുറിയിലെ ജെംസ് മിഠായി ആയിരുന്നു അവര്‍ക്കിടയിലെ താരം.
ഒരിക്കല്‍ ഒരൊഴിവിന് നാട്ടില്‍ പോയി തിരികെ തൃക്കാക്കരയിലെത്തിയപ്പോളറിഞ്ഞത്, ടീച്ചറുടെ ചേച്ചിയമ്മ മരിച്ചു എന്നാണ്. രാത്രി വൈകിയായിരുന്നു ആ മരണം. കറന്റില്ല, ഫോണ്‍ പണിമുടക്ക്, മഴ, സഹായത്തിനു നില്‍ക്കുന്ന സ്‌ത്രീയുമില്ലായിരുന്നു വീട്ടില്‍. ചെറിയമ്മയോട് കാര്യം പറയാതെ വീട് പൂട്ടി, സഹായത്തിനായി വരാറുള്ള ആ സ്‌ത്രീയുടെ വീട്ടിലേക്ക് ഒറ്റയ്‌ക്ക് ഏതോ ഉൾവഴിയിലൂടെ ടോര്‍ച്ചുമായി നടന്നു ചെന്ന്, വേണ്ട ഇടങ്ങളിലേക്കെല്ലാം ആ മരണവിവരം വിളിച്ചുപറഞ്ഞ കാര്യം ടീച്ചര്‍ വിസ്‌തരിച്ച ആ നിമിഷം,ഞാനാ എണ്‍പതുകാരിയുടെ കൂസലില്ലായ്‌മയിലേക്ക് നോക്കി ഇരുന്നുപോയി... ‘മരിച്ചവരെ എന്തുപേടിക്കാന്‍?' എന്ന ടീച്ചറിന്റെ ചോദ്യം കാലങ്ങളേറെക്കഴിഞ്ഞിട്ടും ഉള്ളിലുണ്ട്. ‘തൊട്ടുമുമ്പിലെ വീട്ടിലെ സുരേഷിന്റെ വീട്ടില്‍ ചെന്ന് ഫോണ്‍ ചെയ്യാമായിരുന്നില്ലേ?' എന്ന ചോദ്യത്തെ, ‘എന്തിനാ അവരെയൊക്കെ ആ പാതിരായ്‌ക്ക് ശല്യപ്പെടുത്തുന്നത്?' എന്നു നിസ്സാരമായി നേരിട്ട ആ ആള്‍ തന്നെയാണ്, മഴവെള്ളം കയറി വീട് ആപത്തിലാകുമ്പോള്‍ തൊട്ടപ്പുറത്തു തന്നെയുള്ള മകന്‍ വിനയന്റെ വീട്ടിലേക്കു മാറിപ്പോകേണ്ടിവന്നാല്‍ത്തന്നെയും, ആ ദുരവസ്ഥ കഴിയുന്ന ഉടന്‍തന്നെ വീട് നേരെയാക്കി തിരികെ ആ ഒറ്റത്തത്തിലേക്ക് തിരിച്ചുവരാന്‍ തിടുക്കപ്പെടുന്നത് എന്നെനിക്കറിയാം. ‘പരാശ്രയം മാനികള്‍ക്കു മൃതിയേക്കാള്‍ ഭയങ്കരം' എന്നു തന്നെയാവും ടീച്ചറിന്റെ മതം. അന്വേഷിക്കാന്‍ തൊട്ടടുത്ത് മകന്‍ വിനയനുണ്ട് കുറച്ചുവര്‍ഷങ്ങളായി എന്ന സമാധാനത്തിനപ്പുറം വിനയന്റെ ലോകത്തിലേക്ക് ഒരു സ്ഥിരം ചേക്കേറല്‍ ടീച്ചര്‍ ചെയ്യാതിരിക്കുമ്പോള്‍, ‘കഴിയുന്നിടത്തോളം സ്വന്തം കാലില്‍ നില്‍ക്കല്‍' എന്ന ആ നിലപാട് മറ്റൊരു പാഠമാണ് എനിക്ക്.
ആ മാവേലി നഗര്‍കാലത്താണ് ഞാന്‍ ‘കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍' എന്ന അതിസാഹസവുമായി ഇരിപ്പു തുടങ്ങിയത്.അരുന്ധതിയുടെ ‘ഗോഡ് ഓഫ് സ്‌മോൾ തിങ്‌സി'നെ കുറിച്ച് ആദ്യമായി മലയാളത്തില്‍ നിരൂപണം എഴുതിയത് ടീച്ചറാണെന്ന അറിവും ആ കുഞ്ഞുപുസ്തകവും, ടീച്ചറുമായുള്ള ഏതോ വര്‍ത്തമാനത്തിനിടയ്‌ക്ക് എനിക്ക് കിട്ടുകയും കമ്പോടുകമ്പ് ‘ഗോഡ്' വായിച്ച ഒരാളെന്ന നിലയ്‌ക്ക് സംശയഘട്ടങ്ങളില്‍ ഞാനാ വീട്ടിലേക്ക് റോഡ് ക്രോസ് ചെയ്‌ത് നേരം നോക്കാതെ ഓടിച്ചെല്ലുകയും ചെയ്‌ത കാലം കൂടിയായിരുന്നു അത്. ഓഫീസും കലങ്ങിമറിഞ്ഞ സ്വജീവിതവും ഇത്തിരിപ്പോന്ന കുഞ്ഞും വിവര്‍ത്തനവുമായി അമ്പേ തലതിരിഞ്ഞുപോയ അക്കാലത്ത്, ഇടയ്‌ക്കൊരു മാറ്റമെന്ന നിലയ്‌ക്ക് സെക്കന്‍ഡ് ഷോയ്‌ക്ക് പോയിവരുന്ന ശീലമുണ്ടായിരുന്നു എനിക്ക്. രാത്രി പന്ത്രണ്ടുമണി നേരത്തൊക്കെയുള്ള ആ തിരിച്ചുവരവ് ടീച്ചറിന്റെ വീടിനടുത്തെത്തുമ്പോള്‍, മുകള്‍നിലയിലെ തുറന്നിട്ട ജനലിലൂടെ നിതാന്തജാഗ്രതയോടെയുള്ള ഏതോ എഴുത്തിന്റെ വെളിച്ചം പ്രസരിക്കുന്നുണ്ടാവും. അന്നേരം ആ ജനാലയ്‌ക്ക് ഒരു പേരു കിളിര്‍ക്കും എന്റെയുള്ളില്‍‐ -‘പ്രചോദനത്തിന്റെ ജനാല.’ ആ ജാലകച്ചതുരത്തിലൂടെ തൊട്ടുമുന്നിലെ പൈപ്പ്‌ലൈന്‍ റോഡില്‍ വന്നുവീഴുന്ന വെളിച്ചം കോരിക്കുടിച്ച് ഞാനെന്റെ ക്ഷീണിതാത്മാവിനെ ഊതിക്കത്തിക്കും. പ്രശ്‌നങ്ങള്‍, പ്രാരബ്ധങ്ങള്‍, കേൾവിക്കുറവ്, ഒറ്റപ്പെടല്‍, കൂട്ടില്ലായ്‌മ ഇതെല്ലാം കാറ്റില്‍പറത്തി എഴുത്ത്, വായന എന്നീ രണ്ടു കാര്യങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവയ്‌ക്കുമ്പോഴും കടമകളും കടപ്പാടുകളും നെഞ്ചേറ്റുന്ന ഒരാള്‍ എന്ന വലിയ പാഠം, ആ വഴിയിലൂടെ ചുറ്റിത്തിരിയുന്ന കാറ്റുമായി ചര്‍ച്ച ചെയ്‌ത് മനസ്സിലുറപ്പിച്ച് പോകവേ എത്ര ചെറുതാണ് എന്റെയൊക്കെ ജീവിതസമീപനങ്ങള്‍, എഴുത്തുസമീപനങ്ങള്‍ എന്ന് ഞാന്‍ എന്റെ നിസ്സാരത തിരിച്ചറിഞ്ഞുകൊണ്ടേയിരിക്കും.
‘എഴുത്തുകാര്‍ എന്നാല്‍ തങ്ങളുടെ കൈയിലെ ഏതോ കളിപ്പാട്ടജീവികളാണ് എന്ന പ്രസിദ്ധീകരണശാലക്കാരുടെ നാട്യത്തെ പൊളിച്ചെഴുതാനും ചോദ്യം ചെയ്യാനും സന്നദ്ധമായ നിലയില്‍ അഗ്നിപർവതംപോലെ പുകഞ്ഞിരുന്ന ഞാന്‍, ടീച്ചറെപ്പോലുള്ള ഒരു മഹാമേരുവിനോട് പോലും പ്രസിദ്ധീകരണശാലക്കാര്‍ കാണിക്കുന്ന അന്യായങ്ങളുടെ പട്ടിക കണ്ട് തരിച്ചിരുന്നുപോയതും അക്കാലത്താണ്. നന്നേ ചെറിയ ഒരു പ്രസിദ്ധീകരണസംരംഭത്തിനാണ് ടീച്ചര്‍ ‘ഗോഡി'നെക്കുറിച്ചുള്ള തന്റെ പുസ്‌തകം കൊടുത്തിരുന്നത്. വെളുത്തയെ കുറിച്ചുള്ള പുസ്‌തകം അങ്ങനൊരു കൂട്ടര്‍ക്ക് അവരുടെ ആദ്യപുസ്‌തകമായി കൊടുക്കുന്നതാവും ശരി എന്ന് ടീച്ചര്‍ തീരുമാനിച്ചതിനു പിന്നില്‍ ആ ചെറുസംരംഭക്കാരുടെ നിരന്തരമായ അഭ്യർഥന കൂടിയുണ്ടായിരുന്നു. പക്ഷേ അവരാരും അപ്പുസ്‌തകത്തിന്റെ ഒരു കോപ്പിപോലും ടീച്ചറിനെത്തിച്ചു കൊടുത്തില്ല.
ഫോട്ടോഗ്രാഫര്‍ കെ ആര്‍ വിനയനൊപ്പം ഫോട്ടോ: കൃഷ്‌ണപ്രസാദ്
പ്രധാന പുസ്തകവിതരണശാലകളിലൊന്നും എത്താതിരുന്ന ആ പുസ്‌തകത്തിന്റെ ഒരു കോപ്പി ഒരുപാടന്വേഷിച്ചും കൈയിലെ കാശുമുടക്കിയും കൈവശമാക്കിയതിനെ കുറിച്ച്, പ്രമുഖ പ്രസാധനശാലക്കാര്‍ ബ്ലാങ്ക് പേജുകളും ആവര്‍ത്തനപേജുകളുമൊക്കെയായി ‘വർണരാജി' അലങ്കോലമായി പ്രസിദ്ധീകരിച്ചതിനെ കുറിച്ച്, എണ്ണമില്ലാത്തത്ര നോട്ടുബുക്കുകളില്‍ തപസ്സെന്നപോലെ അഹോരാത്രം ഉരുകിയിരുന്ന് തയ്യാറാക്കിയ തർജമയുടെ പ്രൂഫ് നോക്കലില്‍ മഹാഅബദ്ധങ്ങള്‍ പെറ്റുപെരുകിയതിനെ കുറിച്ച് ടീച്ചര്‍ വിവരിക്കുന്നതു കേള്‍ക്കാനിടയായിട്ടുണ്ട്. ഒരു പ്രമുഖ പ്രസിദ്ധീകരണശാല എന്റെ ചെറുകഥാപുസ്തകത്തില്‍ മുഴുവന്‍ അക്ഷരത്തെറ്റ് വരുത്തിയതിനെത്തുടര്‍ന്ന് അതിന്റെ ഒറ്റക്കോപ്പിയും വില്‍പ്പനയ്‌ക്ക് വയ്‌ക്കേണ്ട എന്നു കര്‍ശന നിലപാടെടുത്ത എന്റെ വായ അതോടെ അടഞ്ഞുപോയി. ടീച്ചറിനോടിതാണെങ്കില്‍ എന്നോടൊക്കെ എന്തെല്ലാമാവാം എന്നു തിരിച്ചറിഞ്ഞ നിമിഷം കൂടിയായിരുന്നു അത്. ആ തർജമ, അത്ര തെറ്റുകളോടെയാണ് ഇറങ്ങുന്നതെങ്കില്‍ ‘ആത്മഹത്യയേ എനിക്കു വഴിയുള്ളൂ' എന്നു പറഞ്ഞനേരം ടീച്ചറിന്റെ മുഖത്തു തെളിഞ്ഞ പരിഭ്രമവും അങ്കലാപ്പും നിശ്ചയദാര്‍ഢ്യവും കണ്ട്, സത്യമായും ഞാന്‍ പകച്ചുപോയി. ജീവിതത്തിന്റെ പലമാതിരി കാറ്റിനെയും കോളിനെയും അതിജീവിച്ചുവന്ന, ഒരിക്കലും ഒന്നിലും പതറാത്ത ഒരു അക്ഷരജന്മം, ഇനി എന്തു വേണ്ടൂ എന്ന് നിസ്സഹായയായി ആകെ ഉലഞ്ഞുതറഞ്ഞുപോയ ആ നിമിഷത്തിന്റെ സാക്ഷിത്വം, ആ പുസ്‌തകം പിന്നെ ശരിരൂപത്തിലിറങ്ങി എങ്കിലും എനിക്ക് മറക്കാന്‍ വയ്യ. ‘മലയാളത്തിന്റെ എഴുത്തമ്മ' എന്ന പൊലിപ്പിക്കലിനിപ്പുറം മലയാളം, ഇങ്ങനെയൊക്കെ അനാദരവോടെ അവരെ കൈകാര്യം ചെയ്‌ത ഏടുകളുണ്ടെന്ന വാസ്‌തവം എനിക്ക് വലിയ ഒരടിയായിരുന്നു. മഹാരാജാസില്‍ നിന്നുള്ള എഴുത്താളരെയെല്ലാം പ്രായഭേദമെന്യേ ഒന്നിപ്പിച്ചുനിര്‍ത്തി ബിനാലെയോടനുബന്ധിച്ച് കോളേജില്‍ വച്ചു നടത്തപ്പെട്ട സമ്മേളനത്തില്‍, ഉച്ചയ്‌ക്ക് ഒരു മണി കഴിഞ്ഞിട്ടും പ്രസംഗത്തിനൂഴം കിട്ടാതെ ടീച്ചര്‍ ഇരിക്കേണ്ടിവന്നതു കണ്ടിട്ടുണ്ട്. ‘ചെറിയമ്മയ്‌ക്ക് ഊണുകൊടുക്കുന്ന നേരമായല്ലോ, വഴക്കാവില്ലേ ആള്‍?' എന്ന ഓർമയില്‍ ടീച്ചറിനുനേരെ തിരിഞ്ഞ എന്നോട്, ‘മഹാരാജാസല്ലായിരുന്നു എങ്കില്‍ ഞാന്‍ ഇറങ്ങിപ്പോയേനെ' എന്ന് ടീച്ചര്‍ പുകഞ്ഞതിനും സാക്ഷിയാണ്. എഴുത്തമ്മയോടാണെങ്കിലും വാക്കെല്ലാം കാറ്റില്‍ പറത്താനുള്ളതാണ് എന്ന പൊതുമനോഭാവത്തിന് മുന്നില്‍ ഞാനന്ന് നിസ്സഹായയായി.
കോവിഡ്കാലം മുമ്പുവരെ ഒന്നാം തീയതി ഗുരുവായൂരിലേക്ക് തീവണ്ടി കയറി ഒറ്റയ്‌ക്ക് പോയി തൊഴുതുവരുമായിരുന്നു ടീച്ചര്‍. ഒരിക്കല്‍ ഒരു ഹോട്ടല്‍മുറിയില്‍ എസി നിര്‍ത്താന്‍ പറ്റാതെ തണുത്തുവിറച്ച് എണീറ്റ് ഉറങ്ങാതിരുന്ന കാര്യം പറഞ്ഞപ്പോള്‍, ‘റിസപ്ഷനിലേക്ക് വിളിച്ചു പറയാമായിരുന്നില്ലേ?' എന്ന ചോദ്യത്തിന് ‘പാവങ്ങള്‍, അവരെ ഉറക്കത്തീന്ന് വിളിച്ച് ഉപദ്രവിക്കണ്ട എന്നു വിചാരിച്ചു' എന്നു മറുപടി തന്നു ടീച്ചര്‍. കാര്‍ അയക്കാമെന്നു പറഞ്ഞവരോടെല്ലാം, ‘വേണ്ട, തീവണ്ടി കയറി വരാം എന്നു പറഞ്ഞതെന്തിനാ ഈ വയസ്സാംകാലത്ത്?’ എന്നു ചോദിച്ചപ്പോള്‍, ‘അവരത്ര ആസ്‌തിയുള്ള സംഘടനക്കാരൊന്നുമല്ല' എന്ന് ന്യായം പറഞ്ഞു ടീച്ചര്‍. ഒന്നോ രണ്ടോ തവണ ബാങ്കില്‍ കൊണ്ടു ചെന്നിറക്കി കൂടെ ചെല്ലാന്‍ തുനിഞ്ഞ എന്നോട്, ‘പ്രിയ കാറിലിരുന്നോളൂ' എന്നു വിലക്കി എന്റെ ബുദ്ധിമുട്ടൊഴിവാക്കി തനിച്ചു പോകാന്‍ നോക്കിയതും ഓർമയുണ്ട്. ഒരിക്കല്‍ ‘പ്രിയ ഒന്ന് ഇവിടം വരെ വരൂ' എന്നു പറഞ്ഞതും ചെന്നപ്പോള്‍ ഒരു ഇരുപത്തയ്യായിരത്തിന്റെ ചെക്കെടുത്തു നീട്ടിയതും ‘ഇത് പ്രിയ മാധ്യമത്തിലെഴുതിയ ലേഖനത്തിലെ ഗീതാദേവിക്കു കൊടുക്കണം’ എന്നു പറഞ്ഞെന്നെ ഞെട്ടിച്ചതും ‘ടീച്ചര്‍ ഒരു കത്തെഴുതിത്തരൂ' എന്നു ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ‘എല്ലാം ഗുരുവായൂരപ്പന്‍ നോക്കിക്കോളും' എന്ന് രണ്ടുവരി എഴുതിത്തന്നതും ഒരുകാലത്തും മറക്കാനാവില്ല. എംജി സർവകലാശാലയില്‍ എന്റെ സഹപ്രവര്‍ത്തകയായിരുന്ന ഗീതാദേവിയെയും മകന്‍ സൂരജിനെ കുറിച്ചുമായിരുന്നു ആ ലേഖനം. ചെറുപ്രായത്തിലേ ക്യാന്‍സര്‍ തുടങ്ങി പല കടമ്പകളെയും ഒറ്റയ്‌ക്കതിജീവിച്ച ഗീത, ദ വീക്കിലും മറ്റും ജേർണലിസ്‌റ്റായിരുന്ന മകന്‍ സൂരജ് ഡി സിങ് ഒരു വാഹനാപകടത്തെത്തുടര്‍ന്ന് നീണ്ടകാല കോമയിലായ ഘട്ടത്തിനുമുന്നില്‍ പതറിപ്പിടയുന്നതിന്റെ നേര്‍ക്കാഴ്‌ചകളായിരുന്നു ആ ലേഖനത്തില്‍. ടീച്ചറിന്റെ പറമ്പില്‍ ഓണക്കാലത്ത് കുഞ്ഞുന്നാളില്‍ പൂ പറിക്കാന്‍ പോയി പാമ്പുകടിയേറ്റതിന്റെ ചികിത്സാച്ചെലവുവഹിക്കലും കഴിഞ്ഞ് ആ കരുതല്‍ ഇന്നോളം നിലനില്‍ക്കുന്നതിനെ കുറിച്ച് തൊട്ടയൽവക്കത്തെ രജനി അവളുടെ ജീവിതകഥ പറഞ്ഞതും നിര്‍ന്നിമേഷയായാണ് കേട്ടിരുന്നത്.
ലീലാവതി ടീച്ചറും ഭർത്താവ് പുരുഷോത്തമ മേനോനും
‘ഭാരതസ്‌ത്രീ' എന്ന കാമ്പും കനവും വിലയും ഏറെയുള്ള പുസ്‌തകം ടീച്ചര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഗുരുവായൂര്‍ ദേവസ്വം വഴിയാണ്. റോയല്‍റ്റി, പ്രശസ്‌തി ഇതിനെല്ലാം ടീച്ചര്‍ കൽപ്പിക്കുന്ന വിലയില്ലായ്‌മ അറിയണമെങ്കില്‍, അപ്പുസ്‌തകത്തിന്റെ കോപ്പി ഗുരുവായൂരുനിന്നല്ലാതെ മറ്റെവിടെയും നിന്നു കിട്ടില്ല എന്നുകൂടി അറിയണം. കുസാറ്റിലെ ഫിസിക്‌സ് വകുപ്പധ്യക്ഷനായിരുന്ന ജീവിതപങ്കാളി ഡോ. സി പി മേനോന്റെ സ്മരണാർഥം ടീച്ചര്‍ ഏര്‍പ്പെടുത്തിയ, വൈജ്ഞാനികസാഹിത്യത്തെ മുന്‍നിര്‍ത്തിയുള്ള അവാര്‍ഡിന്റെ ദിനമടുത്തു വരുമ്പോഴൊക്കെയും, സി രാധാകൃഷ്ണന്‍, എം വി ബെന്നി, ഡോ. രതീ മേനോന്‍ എന്നിങ്ങനെ അഭ്യുദയകാംക്ഷികള്‍ പലര്‍ പിന്നണിയില്‍ നിരയായുണ്ട് എങ്കില്‍ക്കൂടിയും ടീച്ചര്‍ ഒറ്റയ്‌ക്കിരുന്ന് ക്ഷണക്കത്തുകളില്‍ മേൽവിലാസം അക്ഷീണം എഴുതുന്നതു കണ്ടിട്ടുണ്ട്. അവാര്‍ഡ് ദാനത്തിന്റെ ദിവസം, ഒരു ബാഗും തോളിലിട്ട് ഇരിപ്പുറയ്‌ക്കാതെ അതിഥികളെ സ്വീകരിച്ചും ‘ചായ കിട്ടിയോ?' എന്ന് തിരക്കിയും സൈറ്റേഷനുകളിലെ ദീര്‍ഘമായ സ്വാചകങ്ങള്‍ സ്വയം വായിച്ചു ശബ്ദമടഞ്ഞും ടീച്ചര്‍ തന്റെ തൊണ്ണൂറുകളിലും കർമനിരതയാകുന്നത് അമ്പരന്ന് നോക്കിയിരുന്നുപോയിട്ടുണ്ട്. അന്നേ ദിവസത്തിലെ പ്രസംഗത്തില്‍ ടീച്ചര്‍ പറയും, ‘ഇത് ഒരു ശ്രാദ്ധമൂട്ടലാണ്, ഞാനിത് എന്റെ കൈയില്‍ നിന്നെടുത്ത് അവാര്‍ഡായി കൊടുക്കുന്നതല്ല, പലപല അവാര്‍ഡുകളായി നിങ്ങളെനിക്ക് തന്നതാണിതെല്ലാം. ഞാനതിലെ ഒരു ഭാഗം തിരിച്ചു കൊടുക്കുന്നുവെന്നേയുള്ളൂ.’ ‘പോരാപോരാ നാളില്‍ നാളില്‍’ എന്ന് മനുഷ്യരൊക്കെയും ആര്‍ത്തുവിളിക്കുന്ന ഈ കാലത്ത് ഇങ്ങനെ ഒരാത്മാവിന്റെ ഓരം ചേര്‍ന്നു നടക്കാനായതുകൊണ്ടുമാത്രം ഞാനും പുണ്യാത്മാവാകുമായിരിക്കും എന്നന്നേരം തോന്നാറുണ്ട്.
വല്ലപ്പോഴും മാത്രമേ ‘ഞാന്‍, എന്റെ' എന്ന വൃത്തത്തിലേക്ക് ടീച്ചര്‍ കയറുന്നത് കണ്ടിട്ടുള്ളൂ. ഒരിക്കല്‍ കൊച്ചുമകനും കൊച്ചുമകളും തമ്മിലുള്ള ഒരു സംഭാഷണം, ‘ഡെത് ഈസ് എ ബാഡ് വേഡ്' എന്നു തുടങ്ങി ‘നോ, ഇറ്റീസ് എ സാഡ് വേഡ്' എന്നതില്‍ അവസാനിച്ചതിനെ കുറിച്ച് ഊറിച്ചിരിച്ച് പറഞ്ഞു. മഹാരാജാസിലെ ഒരു രാഷ്‌ട്രീയ അടിപിടിക്കാലത്ത് അതിരാവിലെ എണീറ്റ് ഗുപ്തനെന്ന കുട്ടിയുടെ അമ്മയെ കാണാനായി വണ്ടിയും വള്ളവും കേറി വൈക്കത്തുചെന്നതും അങ്ങനെ ആ സി കെ ഗുപ്തനെ അടിപിടി- അധ്യായത്തില്‍നിന്നു പുറത്തുകൊണ്ടുവന്നതും പറയുമ്പോഴുള്ള വാത്സല്യം കണ്ടിട്ടുണ്ട്. ആ ഗുപ്തന്‍ പിന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായി, 2006-‐2008 കാലത്ത്. ‘ടീച്ചറിന്റെ തൃക്കാക്കര അമ്പലത്തിനുവേണ്ടി ഞാനെന്താ ചെയ്‌തുതരേണ്ടത്?’ എന്നു ചോദിച്ച് ആ ശിഷ്യന്‍ നിന്നത് മഹാരാജാസ് അറിഞ്ഞിട്ടുണ്ടാവുമോ ആവോ?
ലീലാവതി
അമ്മയായിത്തന്നെ നിന്ന് വളര്‍ത്തിയ രണ്ടനിയന്മാര്‍ അടുപ്പിച്ചടുപ്പിച്ച് മരിച്ചുപോയപ്പോള്‍, ‘എന്തിനാ ഇത്ര ആയുസ്സെനിക്ക്?' എന്ന് അതിരില്ലാത്ത സങ്കടമായി ടീച്ചര്‍. കൊച്ചുമകള്‍ ആര്യയുടെ കല്യാണം നിശ്ചയിച്ച മാസത്തിനും കല്യാണം നടക്കുന്ന മാസത്തിനും ഇടയിലുള്ള ദൂരം മറികടന്ന് ‘അന്നുവരെ ജീവനോടെ ഉണ്ടാകുമോ ഞാന്‍?'എന്ന് കഴിഞ്ഞവര്‍ഷം ആശങ്കപ്പെട്ടതും കണ്ടിട്ടുണ്ട്. ചെറിയമ്മ, ചേച്ചിയമ്മ എന്നീ കടമകള്‍ തീര്‍ന്നപ്പോഴേക്കും തനിക്ക് ഏറെ വയസ്സായിപ്പോയതിനെ കുറിച്ച് ഇടയ്‌ക്കെപ്പോഴോ പറഞ്ഞു. മകന്‍ ജയന്റെ കൂടെ ചെന്ന് അമേരിക്കയില്‍ ഒരിക്കലൊന്ന് നില്‍ക്കണം, അവിടമൊക്കെ ഒന്ന് കാണണം എന്ന മോഹവും ഈ വയസ്സാങ്കാലവും തമ്മിലിനി ചേരില്ല എന്നൊരു ചെറുസങ്കടം അന്നേരം മുഖത്ത് മിന്നിമാഞ്ഞു. അടുത്തയിടെ ഡോക്ടര്‍ രതി മേനോന്‍ ഒരു കെട്ട് ഫോട്ടോസ്റ്റാറ്റ് ഏല്‍പ്പിക്കുന്നതു കണ്ട് കാര്യം തിരക്കിയപ്പോള്‍, ‘കൊച്ചുമകന്‍ വിഷ്‌ണു എഴുതിയ ഇംഗ്ലീഷ് നോവലാണ്, ഞാനത് വായിക്കണമെന്ന് അയാള്‍ക്ക് നിര്‍ബന്ധം' എന്നു ചിരിച്ചു. ഫ്‌ളോറിഡയില്‍ ഡാറ്റാ അനലിസ്റ്റായ കൊച്ചുമകന്‍ വിഷ്‌ണുവിന്റെ The Saga OF Kimo എന്ന ഇംഗ്ലീഷ് പുസ്‌തകത്തെക്കുറിച്ച് മലയാളം എഴുത്തുകാരി അമ്മൂമ്മ തൊണ്ണൂറ്റൊമ്പതാം വയസ്സില്‍ എഴുതിയ ‘യുദ്ധത്തിനു പകരം സ്‌പോര്‍ട്‌സിന്റെ സ്‌നേഹസന്ദേശം' എന്ന ലേഖനം പിന്നെ മാതൃഭൂമി വീക്കിലിയില്‍ വന്നു. ‘നോവല്‍ നമ്മുടെ നാട്ടുകാരും വായിക്കണം എന്നും ഞാനത് പരിചയപ്പെടുത്തിയാല്‍ നന്നായിരിക്കും എന്നുമൊരു മോഹം അയാള്‍ക്ക്' എന്നുതുടങ്ങി ‘ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ നോവലെഴുതിയ ആളാണ്' എന്ന ചിരിയോടെ ആ വീക്കിലി എടുത്തു കാണിച്ചുതന്നു. ഏതാണ്ട് ഇരുപതുവര്‍ഷം ആ വീടിന്റെ പരിസരങ്ങളില്‍ ജീവിച്ച ഒരാളോട് സ്വവിശേഷം നിറഞ്ഞ വര്‍ത്തമാനങ്ങള്‍ ഇത്രയൊക്കെയേ പറഞ്ഞിട്ടുള്ളൂ. അല്ലാത്തപ്പോഴൊക്കെ ‘ചായ എടുക്കട്ടെ, പ്രിയയുടെ ആരോഗ്യമെങ്ങനെ, അച്ഛന്റെ എഴുത്തു കിട്ടി, കുഞ്ഞുണ്ണി സിവില്‍ സർവീസെഴുതില്ലേ?' എന്നിങ്ങനെ അവനവനെ മൂലയിലേക്ക് ഒതുക്കിമാറ്റി നിര്‍ത്തി, ആത്മസുഖങ്ങളേ മറന്നേ കളഞ്ഞ് അപരസുഖത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ മാത്രം.
ഞാനെങ്ങനെ ടീച്ചറിന്റെ ഉള്ളം തൊടുന്നവളായി എന്ന് എനിക്കറിഞ്ഞുകൂടാ. അക്കാര്യമെങ്ങനെ പുറംലോകമറിഞ്ഞു എന്നും നിശ്ചയമില്ല. കെ ആര്‍ മീര, ടീച്ചറിനു സമ്മാനിക്കാനായി ‘ആരാച്ചാര്‍' എന്റെ കൈയില്‍ തന്നുവിടുന്നു. ടീച്ചറുമായുള്ള ഒരിന്റർവ്യൂവിന് സമ്മതം ചോദിച്ചുവാങ്ങാനായി അമൃത ചാനലില്‍ നിന്ന് നീലന്‍ വിളിക്കുന്നു.
‘ഞാന്‍ വന്നാല്‍, ലീലാവതിയുടെ വീട്ടിലേക്ക് എന്നെയൊന്ന് കൂട്ടിക്കൊണ്ടുപോകാമോ?' എന്നു തിരക്കുന്നു കെ വി രാമനാഥന്‍മാഷ്. ‘വന്നൊന്ന് കണ്ടോട്ടെ എന്നു ചോദിക്കാമോ?' എന്നു തിരക്കി പ്രശസ്‌ത ഫോട്ടോഗ്രാഫര്‍ കെ ആര്‍ വിനയന്‍ സന്ദേശമയയ്‌ക്കുന്നു. ‘മുകുന്ദേട്ടന് ടീച്ചറിനെ ഒന്നു വന്നു കാണണം, ടീച്ചറിനു സൗകര്യപ്പെടുമോ?' എന്നു ചോദിച്ച് പ്രൊഫസര്‍ ഷാജി ജോസഫ് വിളിക്കുമ്പോള്‍, ‘ഇപ്പോ മകന്‍ വിനയനുണ്ടല്ലോ തൊട്ടപ്പുറത്ത്, ആ നമ്പര്‍ തരട്ടെ?’ എന്നു ചോദിച്ചാലും ‘പ്രിയ തന്നെ ഒന്ന് വിനയനോട് ചോദിച്ച് പറയൂ’ എന്നാവുന്നു അപ്പുറത്ത് പ്രതികരണം.
ഏതെല്ലാമോ നഷ്ടങ്ങള്‍ക്കു പകരമായി കാലം തരുന്ന കൈനീട്ടമായി, ഞാനീ സ്‌നേഹവതിയുടെ ആത്മാവില്‍ എനിക്കായുള്ള ഇത്തിരിയിടത്തെ കാണുന്നു.
കഴിഞ്ഞ വര്‍ഷം ഒരു രാവിലെ ‘ഇനി പ്രിയക്കെന്താ വേണ്ടത്?' എന്ന് ഒരാശ്ചര്യചിഹ്നത്തോടെയെന്നപോലെ ചോദിച്ച് ഡോ. രതി മേനോന്‍ എന്നെ വിളിക്കുകയും ‘എന്താ രതിച്ചേച്ചീ?' എന്ന് ഞാനമ്പരക്കുകയും ‘മലയാളം വാരിക വന്നില്ലേ, എടുത്തുനോക്ക്' എന്ന പറച്ചില്‍ കേട്ട് നോക്കുമ്പോള്‍, ‘തന്മയം' എന്ന എന്റെ പുസ്‌തകത്തെക്കുറിച്ചുള്ള ലീലാവതി ടീച്ചറിന്റെ ‘പ്രിയ എസ്സേ' എന്ന നീണ്ടലേഖനം കണ്ട് ഒരിരിപ്പിരുന്നുപോവുകയും ചെയ്‌തു. അന്നേരം ഞാനൊന്നാലോചിച്ചുനോക്കി ടീച്ചര്‍ സത്യത്തില്‍ ‘അമ്മേങ്കുഞ്ഞുണ്ണീം' എന്ന ഞങ്ങളുടെ സഖ്യത്തെയാണോ, അതോ എന്റെ എഴുത്തിനെയാണോ, അതോ ഇതു രണ്ടിനെയുമാണോ ഉള്ളിലേക്കെടുത്തുവച്ചിരിക്കുന്നത്?
ലീലാവതി ടീച്ചറും ഭർത്താവ് പുരുഷോത്തമ മേനോനും
അമ്മയും അച്ഛനും തമ്മിലുള്ള പിണക്കത്തിനിടയിലൂടെ വളര്‍ന്ന ലീലാവതി, അമ്പലത്തില്‍ പോക്ക് എന്ന മറ സൃഷ്ടിച്ച് അച്ഛനെ കാണാന്‍ പോകുന്നതും ‘നിന്റെ അമ്പലത്തില്‍പോക്കൊക്കെ എന്തിനാണെന്ന് എനിക്കറിയാം' എന്ന് അതിസൂക്ഷ്മദൃക്കായ അമ്മ പ്രസ്‌താവനയിറക്കുന്നതുമായ ഏട് ഒരു ചെറുചിരിയോടെ ‘ധ്വനിപ്രയാണ'ത്തിനും എത്രയോ മുമ്പ് എന്നോട് ടീച്ചര്‍ വിസ്‌തരിച്ചിരിക്കുന്നു. ഒരിക്കല്‍ കെ വി രാമനാഥന്‍ മാഷോട് സംസാരിക്കുന്നതിനിടെ, ‘ഞാനും രാമനാഥനുമൊക്കെ' എന്ന് അരക്ഷിതബാല്യത്തിന്റെ നുകത്തിലേക്ക് അവര്‍ രണ്ടാളെയും ടീച്ചര്‍ കൂട്ടിക്കെട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതേ നുകത്തിലാണ് കുഞ്ഞുണ്ണിയും എന്ന തോന്നലാവുമോ ടീച്ചറിന് അവനെയും എന്നെയും ചേര്‍ത്തുപിടിക്കാന്‍ കാരണമായത്?
ഞാന്‍ എരമല്ലൂരിലേക്കും കുഞ്ഞുണ്ണി മുംബൈയിലേക്കുമായി തൃക്കാക്കരയില്‍നിന്ന് പിരിയാന്‍കാലം, യാത്രപറയാന്‍ ചെന്നിരുന്നു ഞങ്ങള്‍ രണ്ടാളും. ‘ഈ അമ്മൂമ്മ ജീവിച്ചിരിക്കുന്നിടത്തോളം, ഒഴിവിനുവരുമ്പോള്‍ വല്ലപ്പോഴുമെങ്കിലും വന്നു കാണണം' എന്നവന്റെ കൈയില്‍ കൈ ചേര്‍ത്തു ടീച്ചര്‍. ടീച്ചറിന്റെയും കുഞ്ഞുണ്ണിയുടേയും ജനനത്തീയതികള്‍ ഏതാണ്ടടുത്തടുത്താണ് എന്ന സംസാരം വന്നുപോയപ്പോള്‍, അടുത്തുകിടന്ന ഒരു കല്യാണക്കുറിയെടുത്ത് വടിവൊത്ത ഇംഗ്ലീഷില്‍ ഒരു മുന്‍കൂര്‍ ബര്‍ത് ഡെ വിഷ് എഴുതി നീട്ടി ടീച്ചര്‍. വീടുമാറ്റം എന്ന കുഴമറിച്ചിലിനിടയിലും ഞാനതെടുത്തു സൂക്ഷിച്ചുവച്ച് കൂടെ കൊണ്ടുപോന്നു. കുഞ്ഞുണ്ണിയുടെ മുറിയില്‍ ഷെല്‍ഫ് തുറന്നാല്‍ ആദ്യം കാണുന്നവിധം ഞാനത് ഭദ്രമായി വച്ചിട്ടുണ്ട്. അതിലേക്കു നോക്കുമ്പോഴൊക്കെ, ലീലാവതി എന്ന മലയാളം ടീച്ചറിന്റെ ഒഴുക്കുള്ള ഇംഗ്ലീഷിന്റെ സ്‌റ്റൈലിഷ് പ്രൊനൗണ്‍സിയേഷന്‍ കേള്‍ക്കുന്നതായി എനിക്കു തോന്നും. ഫിസിക്‌സും ഇംഗ്ലീഷും സ്‌പോര്‍ട്‌സും ഒരേപോലെ വഴങ്ങുന്ന മലയാളം അധ്യാപിക വേറാരുണ്ടാവും എന്ന് അന്നേരം ഉള്ളിലാകെ കൗതുകം പരക്കും.
ബഷീര്‍ ‘ന്റുപ്പുപ്പായ്‌ക്കൊരാനേണ്ടാര്‍ന്നു'വില്‍ ഒരു അധ്യായത്തിനു കൊടുത്ത പേര് ‘ഞാന്‍ ഞാന്‍ എന്നഹങ്കരിച്ച രാജാക്കന്മാരെല്ലാം എവിടെ?' എന്നാണ്. ഇക്കാലത്ത് ഏതാണ്ടെല്ലാവര്‍ക്കും തന്നെ ആ ചോദ്യം ബാധകമാണ് എന്നാണ് എന്റെ വിചാരം. അത് ബാധകമാകാത്തത് എന്റെ ഈ ലീലാവതി ടീച്ചര്‍ക്കുമാത്രമായിരിക്കും എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.
ടീച്ചറിന്റെ ക്ലാസിലിരുന്നിട്ടില്ല എങ്കിലെന്ത്? എനിക്കെത്രയെത്ര ജീവിതപാഠങ്ങളാണ് ടീച്ചര്‍ സ്വയം ഉദാഹരണമായി പകര്‍ന്നു തന്നിരിക്കുന്നത്? ‘ഉദാഹരണം ലീലാവതി' എന്ന തലക്കെട്ടിനു താഴെ നിന്ന് ചിരിക്കുന്നതിനിടെ ഞാനോര്‍ക്കും, ടീച്ചറില്ലാതാകും ഒരു ദിവസം. എരമല്ലൂരിലെ ഞങ്ങളുടെ പഴയ വീടിന്റെ ഛായയുള്ള ആ വീടുമില്ലാതാകുമായിരിക്കും ഒരു ദിവസം. എന്നാലും ആ വഴിയേ പോകുമ്പോള്‍, ഞാന്‍ മുഖമുയര്‍ത്തിനോക്കും, എന്റെയാ പ്രചോദനത്തിന്റെ ‘ലീല-ജനാല'യിലേക്ക്. അതെപ്പോഴും എനിക്കായും കുഞ്ഞുണ്ണിക്കായും അവിടെത്തന്നെയുണ്ടാവും, ഞങ്ങള്‍ക്ക് വെളിച്ചവും സ്ഥൈര്യവും പകര്‍ന്നുകൊണ്ട് .









0 comments