കവർസ്റ്റോറി
ആംഫിബിയൻ ഭാവികളും സൗന്ദര്യശാസ്‌ത്രങ്ങളും

മുസ്‌തഫ ദേശമംഗലം
Published on Aug 01, 2026, 12:09 PM | 12 min read
ഫോർട്ട് കൊച്ചിയിൽ നടന്ന ആംഫിബിയൻ ഏസ്‌തെറ്റിക്‌സ് പ്രദർശനത്തിന്റെ അവസാനഘട്ടമായി, ‘സമാപന രേഖപ്പെടുത്തലുകളും പ്രതിഫലനങ്ങളും: ആംഫിബിയൻ ഭാവികളും സൗന്ദര്യശാസ്‌ത്രവും’ എന്ന വിഷയത്തിൽ ചർച്ച നടക്കുകയുണ്ടായി. പ്രദർശനത്തിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറും ചിത്രകാരനും ശിൽപ്പിയുമായ റിയാസ് കോമു, ക്യുറേറ്റോറിയൽ അഡ്വൈസറും ചലച്ചിത്ര നിരൂപകനും അധ്യാപകനുമായ സി എസ് വെങ്കിടേശ്വരൻ, ക്യുറേറ്റോറിയൽ അഡ്വൈസറും അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം എച്ച് ഇല്യാസ്, കവി അനിത തമ്പി, കവിയും ഗാനരചയിതാവുമായ അൻവർ അലി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. അതിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:
റിയാസ് കോമു: കലയ്‌ക്ക് സമൂഹത്തിന്റെ വികാരങ്ങളെയും ആശങ്കകളെയും സ്വപ്‌നങ്ങളെയും ഭാഷാന്തരം ചെയ്യാനുള്ള അതുല്യമായ കഴിവുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കേരളം പോലുള്ള ഒരു സമൂഹം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന വലിയ രാഷ്‌ട്രീയ-ഭൂപ്രദേശ പ്രതിസന്ധികളോടും മനുഷ്യാവസ്ഥകളോടും പ്രതികരിക്കാൻ ശേഷിയുള്ള ശക്തമായ സാംസ്‌കാരിക ബോധമുള്ള സമൂഹമാണ്. അപ്പോൾ, കൊച്ചി പോലൊരു ഇടത്തിൽനിന്ന് നമ്മൾ എങ്ങനെ സംസാരിക്കും? സ്വന്തം ഭാഷയും സങ്കേതങ്ങളും നഷ്ടപ്പെട്ടുപോയ മറ്റൊരാളിലേക്ക് നമ്മുടെ വികാരങ്ങളെ എങ്ങനെ വിവർത്തനം ചെയ്യും?
സി എസ് വെങ്കിടേശ്വരൻ: ആത്യന്തികമായി Amphibian Aesthetics എന്നത് ഇപ്പോഴും രൂപംകൊണ്ടിരിക്കുന്ന ഒരു ആശയമാണെന്ന് ഞാൻ പറയും. ആഴി ആർക്കൈവ്സിന്റെ മുൻ പ്രദർശനമായ ‘See a Boiling Vessel’ എന്ന പ്രോജക്റ്റിൽ നിന്നാണ് ഈ ആശയം വളർന്നുവന്നത്. ‘See a Boiling Vessel’ എന്ന പേരുതന്നെ കെ ആർ സുനിൽ ഒരുക്കിയ ‘മഞ്ചുക്കാർ’ എന്ന ഫോട്ടോഗ്രഫിക് പ്രദർശനത്തിൽനിന്നുള്ള ഒരു പ്രയോഗത്തിൽനിന്നാണ് ഉണ്ടായത്. മലബാർ തീരത്തുനിന്ന് ഗൾഫിലേക്കും ദൂരദേശങ്ങളിലേക്കും ആളുകളെ കൊണ്ടുപോയിരുന്ന കടൽയാത്രക്കാരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള പ്രദർശനമായിരുന്നു ‘മഞ്ചുക്കാർ.’
ആ ഷോയുടെ ഭാഗമായ ഒരാൾ കടലിലെ തന്റെ അനുഭവം വിവരിക്കുമ്പോൾ പറഞ്ഞിരുന്നു: “കടൽ തിളയ്‌ക്കുന്ന ചെമ്പുപോലെയാണ്” എന്ന്. ആ ഉപമയാണ് ഞങ്ങളെ ഏറെ സ്വാധീനിച്ചത്. അതിനെ ആസ്‌പദമാക്കി കേരളത്തിന്റെ സമുദ്രചരിത്രത്തെയും ലോകവുമായി കടൽമാർഗം കേരളത്തിനുണ്ടായിരുന്ന ദീർഘവും സങ്കീർണവും സമ്പന്നവുമായ ഇടപെടലുകളെയും ആസ്‌പദമാക്കി ‘See a Boiling Vessel’ എന്ന പ്രദർശനം രൂപപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി കേരളം പുലർത്തിയ ബന്ധങ്ങൾ‐ അതായത് ലയം, സംഗീതം, ആത്മീയത, വസ്‌ത്രസംസ്‌കാരം, കുടിയേറ്റം, ദേശാടനം ഇങ്ങനെ അനവധി കൈമാറ്റങ്ങളുടെ ചരിത്രമാണ് അതിലൂടെ പരിശോധിച്ചത്.
ആംഫിബിയൻ ഏസ്‌തെറ്റിക്‌സിനെക്കുറിച്ച് നടന്ന ചർച്ചയിൽ അൻവർ അലി, റിയാസ് കോമു, അനിത തമ്പി, പ്രൊഫ. എം എച്ച് ഇല്യാസ്, സി എസ് വെങ്കിടേശ്വരൻ
ഞങ്ങളുടെ ഗവേഷണ പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് കലയും അറിവും മനുഷ്യരേയുമെല്ലാം ഒരുമിച്ച് കൊണ്ടുവരിക എന്നതായിരുന്നു. അത് ഞങ്ങളുടെ ഒരു ദൗത്യമായി തന്നെ പറയാം: art + people + knowledge. അതിനാൽ തന്നെ ഞങ്ങളുടെ പല പ്രദർശനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്കാദമിക് ഗവേഷണങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്. കൊളോണിയൽ ചരിത്രം, സമുദ്രവ്യാപാരം, maritime imagination തുടങ്ങിയ മേഖലകളിലെ പഠനങ്ങൾ മുൻ പ്രദർശനത്തിന്റെ അടിസ്ഥാനമായിരുന്നു.
‘See a Boiling Vessel’ മുന്നോട്ടുവച്ച സമുദ്രപരമായ സങ്കൽപ്പങ്ങളിൽ നിന്ന്, ഈ പ്രാവശ്യം നമ്മൾ മറ്റൊരു ചിന്തയിലേക്കാണ് എത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകം അഭിമുഖീകരിക്കുന്ന ദുരന്തങ്ങളെ നോക്കുമ്പോൾ അമിതാവ് ഘോഷ് പറയുന്ന ‘Age of Derangement’ പോലെ നാം അതീവ അസ്ഥിരതയുടെ കാലത്താണ് ജീവിക്കുന്നത്. ഉക്രൈൻ യുദ്ധം, ഗാസയിലെ ആക്രമണം, കോവിഡ് മഹാമാരി, കാലാവസ്ഥാ വ്യതിയാനം, ഹിമാനികൾ ഉരുകുന്നത് ഇതെല്ലാം മനുഷ്യരാശി തന്നെ വംശനാശത്തിന്റെ വക്കിലെത്തുകയാണോ എന്ന ഒരു ഭീതിബോധം സൃഷ്ടിക്കുന്നു.
ഇന്ന് സമയം, സ്ഥലം, ജീവിതസാഹചര്യങ്ങൾ എന്നിവ അനുഭവിക്കുന്ന നമ്മുടെ രീതി തന്നെ മാറിയിരിക്കുന്നു. അതിനാൽ ഭൂമിയും കടലും, കിഴക്കും പടിഞ്ഞാറും, പുരുഷനും സ്‌ത്രീയും, ഇടതും വലതും എന്നിങ്ങനെയുള്ള ദ്വന്ദ ചിന്തകൾ മാത്രം ഉപയോഗിച്ച് ലോകത്തെ മനസ്സിലാക്കാൻ ഇനി കഴിയില്ല. ജീവിതവും രാഷ്‌ട്രീയവും സാമ്പത്തികവും സാമൂഹികവുമായ യാഥാർഥ്യങ്ങൾ ഇന്ന് അത്യന്തം സങ്കീർണവും പരസ്‌പര ബന്ധിതവുമാണ്. അതുകൊണ്ട് തന്നെ ദ്വന്ദങ്ങളെ അതിജീവിച്ചൊരു ദൃഷ്ടികോണം അനിവാര്യമാണ്. അതാണ് Amphibian Aesthetics നിർദേശിക്കാൻ ശ്രമിച്ചത്.
ഹുസൈൻ, പൊന്നാനി. കെ ആർ സുനിൽ ഒരുക്കിയ ‘മഞ്ചുക്കാർ’ എന്ന ഫോട്ടോഗ്രഫിക് പ്രദർശനത്തിൽനിന്ന്
ഈ ആശയത്തെ രൂപപ്പെടുത്തുന്നതിൽ അമിതാവ് ഘോഷിന്റെ The Great Derangement: Climate Change and the Unthinkable, അന്ന ലോവൻഹോപ്ത് സിങ്ങിന്റെ രചനകൾ, ടിമോത്തി മോർട്ടൺ തുടങ്ങിയവരുടെ ചിന്തകളൊക്കെ നമ്മെ ഏറെ സ്വാധീനിച്ചു. പ്രത്യേകിച്ച് അന്ന ലോവൻഹോപ്ത് സിങ് മുന്നോട്ടുവയ്‌ക്കുന്ന ‘collaborative survival’ എന്ന ആശയം. അതായത്, നിലനിൽപ്പ് എന്നത് വിജയികളുടെ ചരിത്രമോ പരാജിതരുടെ ചരിത്രമോ മാത്രമല്ല. ജീവജാലങ്ങൾ നിലനിൽക്കുന്നത് പരസ്‌പര സഹകരണങ്ങളിലൂടെയും വിചിത്രവും സങ്കീർണവുമായ ബന്ധങ്ങളിലൂടെയുമാണ്. മനുഷ്യനും അമാനുഷികവുമായും, ജൈവവും അജൈവവുമായും നിലനിൽക്കുന്ന ബന്ധങ്ങളിലാണ് ജീവൻ തുടരുന്നത്. അവർ പറയുന്നത്, ചരിത്രവും തത്വചിന്തയും പലപ്പോഴും വിജയികളെയോ തോറ്റവരെയോ മാത്രം നോക്കുന്നു. എന്നാൽ യഥാർഥ നിലനിൽപ്പ് സംഭവിക്കുന്നത് ‘ഇടയിൽ’ ആണെന്ന്.
ഈ ‘in-betweenness’ എന്ന ആശയവും Amphibian Aesthetics അന്വേഷിക്കുന്ന പ്രധാന ചിന്തകളിലൊന്നാണ്. ആംഫിബിയൻ ഏസ്‌തെറ്റിക്‌സ് എന്ന പ്രദർശനത്തിലെ പല കൃതികളും അതിനോട് പ്രതികരിക്കുന്നു. ഉദാഹരണത്തിന്, സുസ്മിത മൊഹന്തിയുടെ നേതൃത്വത്തിലുള്ള caas collective ന്റെ City as a Spaceship എന്നത് ഭൂമിയുടെയും കടലിന്റെയും അതിർത്തികളെക്കുറിച്ചും, ഭൂമിയുടെയും ബഹിരാകാശത്തിന്റെയും ഇടയിലുള്ള ഇടങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ഒരു നഗരത്തെ ബഹിരാകാശനൗകയായി ചിന്തിക്കുമ്പോൾ, പുറത്തുനിന്ന് ഒന്നും കൊണ്ടുവരാനോ പുറത്തേക്ക് കളയാനോ കഴിയാത്ത ഒരു സാഹചര്യത്തിൽ ലഭ്യമായ വിഭവങ്ങളുമായി എങ്ങനെ ജീവിക്കും എന്ന ചോദ്യമാണ് അത് ഉയർത്തുന്നത്. ഇത്തരത്തിലുള്ള ചോദ്യങ്ങളോടാണ് ഈ പ്രദർശനത്തിലെ കലാകാരന്മാർ അവരുടെ കൃതികളിലൂടെ പ്രതികരിച്ചത്.
അനിത തമ്പി: ഈ കലാപ്രദർശനം ഉന്നയിച്ച ഒരു പ്രധാന ആശയമാണ് ‘സന്ദിഗ്ധാവസ്ഥ.’ നാം ജീവിക്കുന്ന ലോകത്തിന്റെ ഘടനയെയും സ്വഭാവത്തെയും മനസ്സിലാക്കാനും വിശദീകരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് അത് ഉന്നയിക്കപ്പെടുന്നത്. അവ്യക്തവും സങ്കീർണവും അനിശ്ചിതവും മാറിക്കൊണ്ടിരിക്കുന്നതുമായ ഒരു ലോകത്തിൽ ജീവിക്കുന്നതിന്റെ, അതിജീവിക്കുന്നതിന്റെ, ആവിഷ്‌കരിക്കുന്നതിന്റെ രീതികൾ എങ്ങനെയായിരിക്കും എന്ന ആലോചന. അത് പലതരത്തിൽ സ്വയം പൊരുത്തെപ്പെട്ടുകൊണ്ട്, ഒരേസമയം പലജീവിതങ്ങൾ ജീവിച്ചുകൊണ്ടേ സാധ്യമാവൂ. ആ പൊരുത്തപ്പെടലുകളിലെ സുഖങ്ങളും ആധികളും തൃപ്തികളും പ്രയാസങ്ങളും ആണ് നമ്മുടെ ജീവിതത്തെയും ആവിഷ്‌കാരങ്ങളെയും നിർണയിക്കുന്നത്.
City as a Spaceship ‐ ‘ആംഫിബിയൻ ഏസ്‌തെറ്റിക്‌സി’ലെ കാഴ്‌ചകൾ
അതാണ് ഈ പ്രദർശനത്തിൽ എന്നെ സ്‌പർശിച്ച, എന്റെ മനസ്സിനെ ഉണർത്തുന്ന ഒരു പ്രധാന കാര്യം. ഇത് മനുഷ്യരുടെ ലോകബന്ധം ‐ ചരാചരങ്ങളുമായുള്ള ഭൗതികവും ആത്മീയവുമായ ബന്ധം- എന്ന ആലോചനയിലേക്ക് നയിക്കുന്നു. ഒരു ജീവിതവ്യവസ്ഥയിൽ ഉൾപ്പെടുന്ന എല്ലാം തന്നെ, പുല്ലും പശുവും മനുഷ്യരും വനവും വെള്ളവും വായുവും തുടങ്ങി എല്ലാ ഘടകങ്ങളും, പരസ്‌പരാശ്രിതമായിരുന്നാൽ മാത്രമേ തുടർച്ച സാധ്യമാവൂ എന്ന, ഒറ്റയ്‌ക്കൊറ്റയ്‌ക്കല്ല ഒരു ഘടനയുടെ ഭാഗമായാണ് എല്ലാം സംഭവിക്കുന്നത് എന്ന അറിവിലേക്ക് അത് നമ്മെ എത്തിക്കുന്നു, നമ്മെ കൂടുതൽ വിനീതരും കൂടുതൽ ഉത്തരവാദിത്വമുള്ളവരും ആക്കുകയും ചെയ്യുന്നു.
ഈ പ്രദർശനത്തിന്റെ ആശയവിശദീകരണത്തിൽ ഉപയോഗിക്കുന്ന താക്കോൽവാക്കുകൾ ഇവയാണ്: കല (Art), അറിവ് (Knowledge), ഇടം (Place), പ്രയോഗം (Practice), ജനം (People). ജനം എന്നത് നമ്മൾ പല സന്ദർഭങ്ങളിലും ആവർത്തിച്ച് ഉപയോഗിക്കുന്ന വാക്കാണ്. പക്ഷെ അങ്ങനെ പൊതുവായി ഉപയോഗിക്കാൻ കഴിയുന്നതാണോ ജനം എന്ന വാക്ക്?
ഒരേ കാലത്ത് പല കാലഘട്ടങ്ങളുടെ അറിവും സാമൂഹ്യ/ജീവിതാനുഭവവുമായി ജീവിക്കുന്ന പല ജനസമൂഹങ്ങളുണ്ട് നമ്മുടെ നാട്ടിൽ. അത് അവരുടെ ഭൂമിശാസ്‌ത്രപരമായ ജീവിതപരിസരം, ആധുനിക ആശയവിനിമയ സൗകര്യങ്ങളുടെ ലഭ്യത, ജാതി/മത/ലിംഗ വേർതിരിവുകൾ ഒക്കെയായി ബന്ധപ്പെട്ടതാണ്. ഉദാഹരണത്തിന്, നാം കടലിന്റെ അനുഭവത്തെക്കുറിച്ച് പറയുന്നു. പക്ഷെ കടലോര ജീവിതം, തുറകളിലെ സമുദായജീവിതം, ഈ 600 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന തുറകളിലെ മനുഷ്യർ, അവരുടെ ജീവിതം. അത് പൊതുജീവിതത്തിൽനിന്ന് എത്രയോ വ്യത്യസ്‌തമാണ്. മലകളിലെ ജീവിതം, ഉൾനാടുകളിലെ ജീവിതം, അവയെല്ലാം നാം മാനകീകരിച്ചു കാണുന്ന ഒറ്റജീവിതത്തിൽ നിന്ന് എത്രയെത്രയോ ഭിന്നമാണ്. നമ്മുടെ കലാചിന്തയിലെ ‘ജനം’ എന്നത് അൽപ്പംകൂടി വിശദീകരണം ആവശ്യപ്പെടുന്നുണ്ട് എന്ന് തോന്നുന്നു.
കാപ്പിരി ‐ മിഥുൻ മോഹന്റെ പെയ്‌ന്റിങ്
മറ്റൊരു നിരീക്ഷണം, നാം ഈ പ്രദർശനത്തിൽ ‘വിപണി’ എന്ന ശക്തിയെ എങ്ങനെ അഭിസംബോധന ചെയ്യുന്നു എന്നതാണ്. നമ്മൾ ചെയ്യുന്നതും ഇനി ചെയ്യാൻ പോകുന്നതുമായ എന്തിനെയും വിപണിയുമായിട്ട് ബന്ധപ്പെടുത്താതെയും അഭിമുഖീകരിക്കാതെയും രൂപപ്പെടുത്തുക വയ്യ. ജീവിതത്തിലും കലയിലും വിപണി എങ്ങനെ പ്രവർത്തിക്കുന്നു എന്നു മാത്രമല്ല, ഇതുപോലെയൊരു കലാപ്രദർശനം പ്രതിനിധാനം ചെയ്യുന്ന ആശയലോകം അതിനോട് എങ്ങനെ ബന്ധപ്പെടുന്നു, എങ്ങനെ ബന്ധപ്പെടാനോ വിടുതൽ നേടാനോ ശ്രമിക്കുന്നു എന്നതും പ്രധാനമാണ്. പല മാനങ്ങളുള്ള വിഷയമാണെങ്കിലും നമ്മുടെ പ്രദർശനത്തിന്റെ പശ്ചാത്തലത്തിൽ ഈ ഷോയുടെ ക്യൂറേറ്റർമാർ ഇക്കാര്യത്തെപ്പറ്റി കൂടുതൽ സംസാരിച്ചാൽ കൊള്ളാം.
ഡോ. സി എസ് വെങ്കിടേശ്വരൻ: ആരാണ് ‘ജനം' എന്ന ചോദ്യവും സങ്കൽപ്പവും ധാരാളം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു വിഷയമാണ്. അലൻ ബദ്യുവിന്റെ ‘വാട്ട് ഈസ് എ പീപ്പിൾ' എന്ന പുസ്‌തകം ഈ വിഷയത്തെ സമകാലിക സന്ദർഭത്തിൽ അഭിസംബോധന ചെയ്യുന്നുണ്ട്. ഇന്നത്തെ സോഷ്യൽ മീഡിയ ലോകത്ത്, അല്ലെങ്കിൽ ഡിജിറ്റലി മീഡിയേറ്റഡ് ആയിട്ടുള്ള ലോകത്ത്, ‘ജനം' ആരാണ്? ബദ്യു പറയുന്നത് കഴിഞ്ഞ ദശകങ്ങളിൽ ലോകത്തുണ്ടായിട്ടുള്ള പലതരം ജനകീയമുന്നേറ്റങ്ങൾ, മുല്ലപ്പൂ വിപ്ലവം ആവാം; സിയാറ്റിലിലോ താഹിർ സ്‌ക്വയറിലോ നടന്നതാവാം. ഈ ജനകീയമുന്നേറ്റങ്ങളെല്ലാം തന്നെ അതുവരെ നമ്മൾ കണ്ടിട്ടുള്ള പലതരം പ്രക്ഷോഭങ്ങളിൽനിന്നും വ്യത്യസ്‌തമാണ്. ഇവിടെ പാർടിയില്ല, മുദ്രാവാക്യമില്ല, പതാകകളില്ല, ഓഫീസില്ല, ഒന്നുമില്ല. മനുഷ്യർ ഒന്നിച്ചൊരിടത്തുവന്ന് - തെരുവുകളിൽ, നഗരചത്വരങ്ങളിൽ കൂട്ടംചേർന്നു പ്രതിഷേധിക്കുന്നു. ഇത്തരം കൂട്ടം കൂടലുകളിൽ സാമൂഹ്യമാധ്യമങ്ങൾക്ക് നിർണായകമായ പങ്കുണ്ട്. അത് പലപ്പോഴും ഒരു swarm effect ആണ്: പെട്ടെന്ന് ഒരു സാമൂഹ്യപ്രശ്നത്തിന്റെ പേരിൽ മനുഷ്യർ ഒത്തുകൂടി പ്രതിഷേധിക്കുന്നു. അത് വ്യവസ്ഥാപരമായ ചില മാറ്റങ്ങൾക്ക് കാരണവുമാകുന്നു. അത്തരത്തിലുള്ള ഒരു ആൾക്കൂട്ടത്തെ, പ്രസ്ഥാനത്തെ ജനം എന്നു വിളിക്കാമോ എന്നാണ് ചോദ്യം. ബദ്യുവിന്റെ അഭിപ്രായത്തിൽ ആ മുന്നേറ്റത്തിന്റെ സന്ദർഭത്തിലാണ് ‘ജനം' എന്ന പ്രതിഭാസം സംഭവിക്കുന്നത്; ആൾക്കൂട്ടം ജനതയായി സ്വയം മാറുകയും തിരിച്ചറിയുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ ജനം എന്നത് ചില രാഷ്‌ട്രീയസന്ദർഭങ്ങളിലെ ‘ആയിത്തീരലുകൾ' ആണ്. ജനം എന്ന സങ്കൽപ്പത്തിന്റെ പൊളിറ്റിക്കൽ ചാർജ് (charge) എന്ന് പറയുന്നത്, അത് ഇത്തരം സന്ദർഭങ്ങളിൽ ഉരുവം കൊള്ളുന്നതാണ് എന്നതാണ്. പല കൊളോണിയൽ വിരുദ്ധ പ്രസ്ഥാനങ്ങളിലും- വിമോചന സന്ദർഭങ്ങളിൽ ഈ രീതിയിൽ ‘ജനം' എന്ന ആശയം/ആദർശം യഥാർഥമാകുന്നത്, ഉരുവം കൊള്ളുന്നത് കാണാം. ഒരു പക്ഷെ സ്വാതന്ത്ര്യം ലഭിക്കുകയും ഭരണകൂടങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോൾ ഭരണകൂടം ജനത്തിന്റെ പ്രതിനിധാനം ഏറ്റെടുക്കുന്നു, ‘ജന'ത്തിന് നിർവാഹകത്വവും കർതൃത്വവും നഷ്ടപ്പെടുന്നു. ഭരണകൂടത്തിലേക്ക് അത് ആദേശം ചെയ്യപ്പെടുന്നു. സ്റ്റേറ്റ് (ഭരണകൂടങ്ങൾ) ജനങ്ങളുടെ പ്രതിനിധികളാകുന്നതോടു കൂടി ‘പീപ്പിൾ' മരിച്ചുപോകുന്നു എന്ന് അദ്ദേഹം പറയുന്നു. ദെയർ ഈസ് നോ ലോങ്ങർ പീപ്പിൾ. പീപ്പിൾ ആർ ആൾവേയ്സ് ഇൻ ദി മേക്കിങ് എന്നുള്ള രീതിയിലാണ് ജനം എന്ന സങ്കൽപ്പത്തെ അദ്ദേഹം സമീപിക്കുന്നത്.
"We were playing in the clouds'‐ ആംഫിബിയൻ ഏസ്‌തെറ്റിക്‌സ് ഷോയിലെ സൈറ്റ് സ്‌പെസിഫിക് ഇൻസ്‌റ്റലേഷൻ
പക്ഷെ ഇന്നത്തെ ഡിജിറ്റൽ സാഹചര്യത്തിൽ, ജനം എന്നതിനെ മറ്റു പലരീതിയിൽ സങ്കൽപ്പിക്കാൻ കഴിയും; ഭരണകൂടത്തിന്റെയും മൂലധനത്തിന്റെയും ആധിപത്യങ്ങളെ മറികടക്കാൻ കഴിയുന്ന ജനം. ഇന്നത്തെ ഡിജിറ്റലും ആഗോളീയവും പരസ്‌പരബന്ധിതവുമായ ലോകത്ത് വ്യക്തികൾക്ക് പരസ്‌പരം അറിയാനും സർഗാത്മകപ്രവൃത്തികളിലേർപ്പെടാനും തൽസമയം ബന്ധപ്പെടാനും പങ്കിടാനും ഒക്കെ സാധിക്കും. ഭരണകൂടത്തിന്റെയും മൂലധനത്തിന്റെയും വലയങ്ങളെയും നിയന്ത്രണങ്ങളെയും മറികടന്നുള്ള ജനസംയുക്തങ്ങൾ ഇന്ന് സാധ്യമാണ്. ഇന്നത്തെ ലിബ്ജെൻ, ടൊറന്റുകൾ തുടങ്ങിയ സ്വതന്ത്രമായുള്ള വിജ്ഞാനവിനിമയ മുന്നേറ്റങ്ങൾ അത്തരം സമാന്തര ജനകീയതയുടെ ഉദാഹരണങ്ങളാണ്. പുതിയ രീതിയിൽ ആഗോളീയമായി കൈകോർക്കലുകളും സംവേദനങ്ങളും അവ സാധ്യമാക്കുന്നു. വിപണിയെയും ഭരണകൂടത്തെയും മറികടക്കാനുള്ള ഇടവഴികൾ അല്ലെങ്കിൽ മറുവഴികൾ ഉള്ള ഒരു സാഹചര്യമാണ് ഡിജിറ്റൽ. ഇത് ഒരു ഗാന്ധിയൻ സന്ദർഭം കൂടിയാണ് എന്നു ഞാൻ കരുതുന്നു.
മൈക്കലാഞ്ജലോ പിസ്റ്റലെറ്റോ പറയുന്നത് ഡിജിറ്റൽ എന്നത് ഒരു കണ്ണാടി പോലെയാണ് എന്നാണ്. പക്ഷെ അതിലേക്ക് നിങ്ങൾക്ക് പ്രവേശിക്കാനും ജീവിക്കാനും കഴിയും. ‘ഞാൻ മരിച്ചുപോയാലും ആ ലോകത്ത് ഞാൻ എന്റെ ജീവിതം തുടരും.’ ഡിജിറ്റൽ ലോകത്ത് എന്റെ ഓർമകൾ മാത്രമല്ല ഉള്ളത്, അവ മാത്രമല്ല അവിടെ പങ്കിടപ്പെടുന്നത്; മനുഷ്യരുടെയെല്ലാം ഓർമകളും അനുഭവങ്ങളും അവിടെ അവശേഷിക്കുന്നു, അത് എല്ലാവർക്കും പങ്കിടാനാകുന്നു. അതിന്റെ മറുവശം എന്നത് ഡിജിറ്റൽ എന്ന കാര്യം ലോകത്തുള്ള ഒട്ടേറെ ഊർജം തിന്നുതീർക്കുന്നു എന്നുള്ളതാണ്. എങ്കിലും പിസ്റ്റലെറ്റോ ആ ലോകത്തെ മനുഷ്യരുടെയെല്ലാം ഓർമകളും അനുഭവങ്ങളും ഇടകലരുന്ന വ്യക്തികളുടെ മരണത്തെ അതിവർത്തിക്കുന്ന ഒരു മണ്ഡലമായാണ് കാണുന്നത്.
സിനിമയെ ഒരു ഉദാഹരണമായെടുക്കുകയാണെങ്കിൽ ഇന്നത് ഒരർഥത്തിൽ ഒരു കൈവേലയായി (handicraft) മാറിയിരിക്കുന്നു. വളരെ സ്വകാര്യമായി വ്യക്തികൾക്ക് ചെയ്യാവുന്ന ഒന്ന്. വമ്പൻ സ്ഥാപനങ്ങളുടെയോ (സ്റ്റുഡിയോ, ലാബ്, സെറ്റുകൾ...) യന്ത്രസംവിധാനങ്ങളുടെയോ മൂലധനത്തിന്റെയോ പിൻബലമില്ലാതെ തന്നെ ഇന്ന് സിനിമ നിർമിക്കാനാകും. അവയൊന്നുമില്ലാതെ ഒരു പക്ഷെ ഒരു മൊബൈൽ ഫോൺ ഉപയോഗിച്ച് നിങ്ങൾക്ക് സിനിമ സൃഷ്ടിക്കാം. ഒരു തരം സ്വരാജ് അവിടെ സാധ്യമാകുന്നുണ്ട്. ഒരേസമയം വ്യക്തികൾക്ക് ഇത്തരം സ്വാതന്ത്ര്യം നൽകുകയും അതേസമയം ആഗോളീയമായി ബന്ധപ്പെടാനും ഒരുമിച്ച് പ്രവർത്തിക്കാനും എല്ലാം പങ്കിടാനുമുള്ള സാഹചര്യവുമുണ്ട് ഈ ‘ഡിജിറ്റൽ സ്വരാജി’ൽ. ഒരു പക്ഷെ ഇന്നത്തെ കല, കലാപ്രവർത്തനത്തിന്റെ ദൗത്യം എന്നത് ഈ രീതിയിലുള്ള സാധ്യതകളെ അന്വേഷിക്കുകയും വിപുലീകരിക്കുകയും ചെയ്യുകയാണ്.
പ്രൊഫ. എം എച്ച് ഇല്യാസ്: ഈ ഷോ മുന്നോട്ടുവച്ച പ്രധാന ആശയങ്ങളിൽ ഒന്ന് ഒരു ബഹുജീവിഭാവന (multi-specious imagination)യാണ്. അത് സാമൂഹിക/പരിസ്ഥിതി വിഭജനങ്ങളെ മറികടക്കുന്ന ഒന്നാണ്. മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഒരേപോലെ ഇടമുള്ള ഒരു ഭാവനാലോകം. എന്നാൽ അത് പരിസ്ഥിതി-ജന്യമായ കാൽപ്പനികതയുടെ പരിമിതിയെയും മറികടക്കുന്നുണ്ട്.
കൂടുതൽ പരത്തിപ്പറഞ്ഞാൽ ഈ ബഹുജീവി ഭാവന മനുഷ്യന്റെ അസാധാരണത്വത്തെ (human exceptionalism) അപനിർമിക്കാൻ ഉതകുന്നതാണ്. ആഗോള താപനം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ പാരിസ്ഥിതിക പ്രതിസന്ധികളിൽ മനുഷ്യനും മനുഷ്യേതരവുമായ (മൃഗങ്ങൾ, പക്ഷികൾ, സസ്യങ്ങൾ, ആവാസവ്യവസ്ഥകൾ) ആശയലോകങ്ങളെ കലയിലൂടെ ബന്ധിപ്പിക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം. അത്തരം വിപുലമായൊരു ഉൾച്ചേർക്കലിന്റെ സാധ്യതകൾ കലയിലും അക്കാദമിക പഠനരംഗത്തും ഏറെ പ്രസക്തമാണ്. കേരളത്തിലും അതിന്റെ അനുരണനങ്ങൾ ഉണ്ട്. അടുത്തകാലത്ത് കേരളത്തെക്കുറിച്ച് വന്ന ഏറ്റവും ശ്രദ്ധേയമായ അക്കാദമിക പഠനങ്ങളിലൊന്ന് വയനാട്ടിലെ കൂണുകളും മനുഷ്യരും തമ്മിലുള്ള ബഹുവിധ ബന്ധങ്ങളെ കുറിച്ചുള്ള അബ്ദുൽ ബാസിത്തിന്റെ പഠനമാണ്.
ഈ ഷോയോടൊപ്പം ചർച്ച ചെയ്യപ്പെട്ട മറ്റൊരു പ്രധാന ആശയം ജലസാമൂഹികത (Hydrosociality) ആയിരുന്നു. കേരളത്തിന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിലെ കനാലുകളെയും അവ ചുറ്റിപ്പറ്റി രൂപംകൊണ്ട മനുഷ്യജീവിതത്തെയും ആസ്‌പദമാക്കിയ പി അജിത്‌കുമാറിന്റെ ‘ജലമുദ്ര’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനത്തിലൂടെയാണ് ഈ ആശയം പ്രധാനമായും പ്രതിനിധീകരിക്കപ്പെട്ടത്. ജൈവസാമൂഹികത (biosociality) ഭൗമസാമൂഹികത (geosociality) എന്നിവപോലെ ജലജന്യമായൊരു സാമൂഹിക ആലോചനയുടെ സാധ്യതകൾ വെളിപ്പെടുത്തുന്ന ഒരു ഡോക്യുമെന്ററി ചിത്രമാണ് ‘ജലമുദ്ര.’ കേരളത്തെ സംബന്ധിച്ചു വളരെ പ്രസക്തമായ ഒരാലോചനയാണത്. നരവംശശാസ്‌ത്രജ്ഞനായ ഫ്രാൻസ് ക്രൗസാണ് ജലസാമൂഹികത എന്ന ആശയം ആദ്യമായി മുന്നോട്ടുവയ്‌ക്കുന്നത്. എങ്ങനെ ജലത്തിന്റെ സാന്നിധ്യം അല്ലെങ്കിൽ അസാന്നിധ്യം ചരിത്രത്തെയും വർത്തമാനത്തെയും നിശ്ചയിക്കുന്നു എന്ന ചിന്തയാണ് ഈ ആശയത്തിന്റെ കാതൽ. ബന്ധുത്വം, സാഹോദര്യം, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവ പരുവപ്പെടുത്തുന്ന പരിചിതമായ ഒരു സാമൂഹികതയുടെ അതിരുകളെ ഉല്ലംഘിക്കുന്ന ജലാത്മകമായൊരു സാമൂഹികത. ഇത്തരം സാമൂഹികത, അല്ലെങ്കിൽ സാമൂഹികതയുടെ ജലാത്മകത (wateriness of the social) കേരളം പോലെ സമുദ്രത്താൽ അതിരിട്ട, പുഴകളാൽ ചുറ്റപ്പെട്ട ഒരു ഭൂപ്രദേശത്തെ സാമൂഹിക അന്വേഷണങ്ങളുടെ ഉള്ളടക്കത്തെ നിശ്ചയിക്കുന്നതിൽ എന്തുകൊണ്ടാണ് ഇടംപിടിക്കാതെ പോകുന്നതെന്നത് ഏറെ പ്രസക്തമായ ഒരു ചോദ്യമാണ്.
ജലസംബന്ധിയായ ഇത്തരം അന്വേഷണങ്ങൾ പോയകാലത്തെ കുറിച്ച് മനുഷ്യരെ ഓർമിപ്പിക്കുക മാത്രമല്ല അവരുടെ ജീവിതത്തിലുള്ള ജലത്തിന്റെ സമകാലിക ഇടപെടലുകളിലേക്കു വിരൽചൂണ്ടുക കൂടി ചെയ്യുന്നു. അതുകൊണ്ടുതന്നെ പ്രകൃതിദുരന്തങ്ങൾ, പൊടുന്നനെയുള്ള കാലാവസ്ഥാ വ്യതിയാനം, കൂട്ട പലായനങ്ങൾ എന്നിവ പതിവാകുന്ന ഈ കാലത്ത് എന്തൊക്കെയാണ് നാം ഭയപ്പെടുന്നത്, എന്താണ് നമ്മുടെ സമകാലിക ആകുലതകൾ, സ്വപ്‌നങ്ങൾ എന്നീ സംഗതികളെ ആഴത്തിൽ പരിശോധിക്കുന്നതിൽ ജലസാമൂഹികത പ്രധാന ഉപാധിയായി വർത്തിക്കേണ്ടതുണ്ട്.
ജലത്തെകുറിച്ചുള്ള നിലവിലുള്ള നമ്മുടെ കാഴ്‌ചപ്പാടുകളെ തന്നെ ആകെ മാറ്റിമറിക്കുന്നതാണ് ജലസാമൂഹികത എന്ന ആശയം. നമ്മുടെ കാഴ്‌ചപ്പാടുകൾ പലപ്പോഴും ഭൂമിയിലെ ജലത്തിന്റെ ലഭ്യത, വിതരണം, ചലനം, ഗുണനിലവാരം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്‌ത്രവുമായി (Hydrology) മാത്രം ബന്ധപ്പെട്ട് പരിമിതപ്പെടുന്നു. ഈ പഠനങ്ങൾ ഒരിക്കലും ജലത്തിന്റെ ഗുണം, ലഭ്യത അല്ലെങ്കിൽ ദൗർലഭ്യം, വിതരണം എന്നിവ സമൂഹത്തിൽ ഏതൊക്കെ തരത്തിലുള്ള അധികാര-സ്ഥാനശ്രേണികൾ (hierarchies) നിർമിക്കുന്നുണ്ടെന്നതിനെ കുറിച്ച് ശ്രദ്ധവയ്‌ക്കുന്നില്ല. ജലം ഉണ്ടാക്കുന്ന പലതരം ആത്മനിഷ്ഠതകളെ (subjectivities) കുറിച്ചാണ് ജലസാമൂഹികതയുടെ ഊന്നൽ.
ഈ ഷോയിൽ തുടർച്ചയായി പ്രതിപാദിക്കപ്പെട്ട മറ്റൊരാശയം ‘കടൽ ഒരു രീതി’ (ocean as method) എന്നതാണ്. ആഴി ആർക്കൈവ്‌സ് കഴിഞ്ഞ തവണ നടത്തിയ ‘Sea a boiling vessel’ എന്ന ഷോയിലാണ് പ്രമുഖ ചരിത്രകാരനായ ദിലീപ് മേനോൻ ഈ ചർച്ചയ്‌ക്ക് തുടക്കമിടുന്നത്. ഇത് മനുഷ്യചരിത്രത്തെ മനസ്സിലാക്കാനും അപഗ്രഥിക്കാനുമുള്ള മറ്റൊരു സമീപനം എന്ന തരത്തിലല്ല വ്യവഹരിക്കപ്പെടുന്നത്. മറിച്ച്, കടൽയാത്രകൾ, കച്ചവട-‐സാംസ്‌കാരിക ബന്ധങ്ങൾ തുടങ്ങിയവ സാധ്യമാക്കിയ മനുഷ്യരുടെ പൊതുഭൂതകാലം, ചലനാത്മകത, സാർവലൗകികത (cosmopolitanism), ബഹുസാംസ്‌കാരികത (multiculturalism) തുടങ്ങിയ സംഗതികളെ വിശദമായി മനസ്സിലാക്കാനുള്ള രീതിശാസ്‌ത്രപരമായ പുതിയ അന്വേഷണങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഈ രീതി ദേശ-രാഷ്‌ട്രങ്ങളുടെ അതിർവരമ്പുകളെ ഉല്ലംഘിച്ച് ഇന്ത്യൻ മഹാസമുദ്രത്തിന്റെ പലകരകളിലായി അധിവസിക്കുന്ന മനുഷ്യരുടെ ജീവിതം, സംസ്‌കാരം, കല, ഭാഷ, സാങ്കേതികവിദ്യകൾ, വസ്‌ത്രം, ഭക്ഷണം, യാത്ര എന്നിവയിലെ ദേശാന്തരമായ കലർപ്പുകളെ കുറിച്ചുള്ള പഠനം എന്ന രീതിയിലായാണ് പ്രചാരം നേടുന്നത്. കേരളം പോലുള്ളൊരു സ്ഥലത്ത് നമ്മുടെ ചരിത്രരചന പലപ്പോഴും ഭൂ-കേന്ദ്രീകൃതമായ ഒന്നായാണ് തുടർന്നുപോരുന്നത്.
പുതിയ പഠനങ്ങൾ സമുദ്ര കേന്ദ്രീകൃതമാകുമ്പോൾ അത്തരം രചനകൾക്കുപയോഗിക്കുന്ന സ്രോതസ്സുകളും മാറുന്നു. ഹീബ്രു, അറബിക്, സിറിയക്, പോർച്ചുഗീസ്, ഡച്ച് തുടങ്ങിയ ഭാഷകളിലെ അതിവിപുലമായ ശേഖരങ്ങൾ ഇന്ന് പുതിയ സ്‌കോളേഴ്സിന് മുന്നിൽ തുറക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിന്റെ സമ്പൂർണ ചരിത്രം രചിച്ചിട്ടുള്ള പല ചരിത്രകാരന്മാർക്കും കച്ചവട-, സാംസ്‌കാരിക, മത, ആശയ കൊടുക്കൽ വാങ്ങലുകളുടെ മുഖ്യമാധ്യമങ്ങളായി വർത്തിച്ച ഈ ഭാഷകൾ അറിയില്ലായിരുന്നുവെന്നത് ഇന്നൊരു പരിമിതിയായി ബോധ്യപ്പെടുന്നുണ്ട്. നേരത്തെ അവലംബിച്ചിരുന്ന കൊട്ടാര-കൊളോണിയൽ ചരിത്ര സ്രോതസ്സുകളിൽനിന്നുള്ള മാറ്റം രചനാരീതികളിലും പ്രകടമാണ്. മനുഷ്യരുടെ, സാധനങ്ങളുടെ, ആശയങ്ങളുടെ യാത്രകൾക്കും അവ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഓരോ പ്രദേശങ്ങളിലും ഉണ്ടാക്കിയ മാറ്റങ്ങൾക്കുമാണ് ഇന്ന് ഊന്നൽ. കച്ചവട-‐മത- ആശയ പ്രചാരണവുമായി ബന്ധപ്പെട്ട സഞ്ചാരങ്ങളും, അവ ഈ തീരങ്ങളിലെ ഓരോ ജനവിഭാഗങ്ങളിലും ഉണ്ടാക്കിയെടുത്ത ആഗോളതയുമാണ് ഇത്തരം പഠനരീതികളിലെ സവിശേഷ പ്രമേയങ്ങൾ.
ഈ ഷോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വൈറ്റ് ബാലൻസ് ഒരുക്കിയ We were playing in the clouds എന്ന സൈറ്റ് സ്‌പെസിഫിക് ഇൻസ്റ്റലേഷൻ ഒരുകൂട്ടം ഖബറുകളാണ്. ഈ ഖബറുകൾ പറയുന്നത് പലതരം അനുഭവ സാക്ഷ്യങ്ങളാണ്. ഈ ഖബറുകൾ ദിനേനയെന്നോണം റീപ്രൊഡ്യൂസ് ചെയ്യപ്പെടുന്നുണ്ട്; പലസ്‌തീനിൽ, ഇറാനിൽ അങ്ങനെ മറ്റുപലയിടത്തും. ഖബറുകളിലെ താൽക്കാലിക ജീവിതം ഇഹലോകത്തിനും പരലോകത്തിനും ഇടയിലുള്ള ഉഭയ ജീവിതമാണ്. ബർസഖ് എന്നാണതിന് പറയുന്നത്. മരണസമയംമുതൽ ദുനിയാവിന്റേയും ആഖിറത്തിന്റേയും ഇടയിലുള്ള അവസ്ഥയ്‌ക്കാണ് ബർസഖ് എന്നു സാങ്കേതികമായി പറയപ്പെടുന്നത്. അതൊരു ഇൻ ബിറ്റ്‌വീൻ സ്‌പേസ് (In-between space) ആണ്. അതായത് മരിച്ചു കഴിഞ്ഞാൽ അന്ത്യനാളിൽ നീതി കിട്ടുന്നത് വരെയും ഈ ജീവിതം ഇങ്ങനെ തുടരും. ഭൂമിയിലേക്ക് മടക്കമില്ല. മഹ്ശറയിൽ നീതി കിട്ടും/നീതി സ്ഥാപിക്കപ്പെടും എന്ന കാത്തിരിപ്പിൽ ഒരുപാടുപേർ ഖബറുകളിൽ കഴിയുകയാണ്. വൈറ്റ് ബാലൻസ് ഈ കാത്തിരിപ്പ് ഭംഗിയായി കമ്യൂണിക്കേറ്റ് ചെയുന്ന തരത്തിൽ കൺസെപ്ച്വലൈസ് ചെയ്‌തിട്ടുണ്ട്.
അൻവർ അലി: ബൗദ്ധികസംവാദങ്ങളെക്കാൾ ദീർഘദർശനം സർഗാത്മകാവിഷ്‌കാരങ്ങൾക്കുണ്ട് എന്നതാണ് എന്റെ അനുഭവം. ഉദാഹരണത്തിന്, 1990‐കളിൽ കേരളത്തിലെ സാഹിത്യ സംവാദങ്ങളിൽ പരികൽപ്പനകൾക്കായി ഉപയോഗിച്ചിരുന്ന ഭാഷ തന്നെ വളരെ വ്യത്യസ്‌തമായിരുന്നു. ‘പെണ്ണെഴുത്ത്’ എന്ന വാക്കുപോലും അന്ന് പ്രചാരത്തിലുണ്ടായിരുന്നില്ല; ‘ദളിത്' എന്ന പദത്തിന് പകരം ‘ഹരിജൻ' എന്നായിരുന്നു ഉപയോഗം. കാലം മാറിയപ്പോൾ ഭാഷയും മാറി. എന്നാൽ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ആ കാലത്ത് എഴുതാനിടയായ ചില കവിതകൾ, നമ്മൾ ആംഫിബിയൻ എന്നു വിളിക്കുന്ന ഇപ്പോഴത്തെ നമ്മുടെ ചിന്തകളോട്, കാഴ്‌ചകളോട് എന്തുമാത്രം അടുപ്പമുള്ളതായിരിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
‘അനാദിശിൽപ്പങ്ങൾ' എന്നൊരു കവിത. അത് 1997ൽ എഴുതിയതാണ്. വ്യക്തിപരമായി ചില സങ്കടങ്ങളുടെ ആഴം അനുഭവിച്ചതിന്റെയും തുടർച്ചയാണ് ആ കവിത. പക്ഷേ, അന്ന് ഞാൻ ഒട്ടും ഉദ്ദേശിക്കാത്ത അർഥങ്ങൾ അതിൽനിന്ന് ഇപ്പോൾ തുറന്നുവരുന്നു. ഒരു പക്ഷിയുടെയും ഒരു പുഴയുടെയും ലളിതമായ ഇമേജുകളിൽനിന്ന് പുതിയ അർഥങ്ങൾ പറന്നുയരുന്നതു പോലെ:
"ആദ്യത്തെ പൊന്മ / ആദ്യത്തെ പുഴയിലെ /ആദ്യത്തെ നനവിനോട് ചോദിച്ചു: / "ജലമേ, നീ അവിടെ എന്തെടുക്കുകയാണ്?’ / നനവു പറഞ്ഞു: / "ഞാൻ പുഴയുടെ നീളമളക്കുകയാണ്’ / പൊന്മ കാറ്റിനു ചിന്തേരിട്ടു പറന്നുപോയി.
പുഴയുടെ അളവ്, വെള്ളത്തിനും കരയ്‌ക്കും ആകാശത്തിനുമിടയിൽ ചിന്തേര് കൊണ്ട് വരയിടുന്ന പൊന്മ ഒക്കെ ഓർമവന്നു, ആംഫിബിയൻ ഏസ്‌തെറ്റിക്‌സിലെ ‘City as a Spaceship’ എന്ന വർക്ക് കണ്ടപ്പോൾ. പോസ്റ്ററുകൾ, ഫീൽഡ് നോട്ടുകൾ, ചാനൽ വീഡിയോ എന്നിവയടങ്ങിയ ആ പ്രദർശനം, പതിവു രീതിവച്ച് ഒരു വലിയ ദൃശ്യവിസ്മയമൊന്നുമല്ല എന്നു പറയാം. പക്ഷേ, എനിക്കത് ദൃശ്യചിന്തകളായി ഉള്ളിൽ തറച്ചു. ‘City as a Spaceship' എന്നത് ഒരു ആശയം മാത്രമായും സങ്കൽപ്പിക്കാം. പക്ഷേ ഇവിടെ ഒരു ആശയലോകവും സ്ഥലജലങ്ങളുടെ അനേകം ദൃശ്യസ്മരണകളും ചേർന്ന ഒരു അനുഭവം ഉണ്ട്. അക്ഷരാർഥത്തിൽ തന്നെ സായുധ അന്തർവാഹിനികളുടെ ജലശ്മശാനമെന്നു വിളിക്കാവുന്ന ഒരു തടാകത്തിലേക്ക് (രണ്ടാം ലോകമഹായുദ്ധകാലത്ത് അന്തർവാഹിനികളുടെ ഡംപ്‌യാർഡ് ആയിരുന്ന സ്‌കോട്ട് ലാന്റിലെ ലോച് ലോങ് എന്ന ജലാശയം) തുടർച്ചയായി ഊളിയിടുകയും അതിനോടും അതിന്റെ ജൈവവും മനുഷ്യനിർമിതവുമായ ചരിത്രത്തോടും നിരന്തരം വിനിമയത്തിലേർപ്പെടുകയും ചെയ്‌ത കാസ് (CAAS) കളക്ടിവ് എന്ന നാൽവർസംഘത്തിന്റെ പ്രതികരണങ്ങളാണവ. വെള്ളം, കര, ആകാശം എന്ന വേർതിരിക്കാറുള്ള ഏത് സ്ഥലത്തും നാം കണ്ടിട്ടുള്ളതായിരിക്കാം, അതിലെ സൂക്ഷ്‌മമോ സ്ഥൂലമോ ആയ ഇമേജുകൾ. പക്ഷേ ഓരോന്നും നമ്മെ ആദ്യമായി ചിന്തിപ്പിക്കുന്നതുപോലെ തോന്നും. നമ്മൾ അറിയുന്ന കാര്യങ്ങൾ തന്നെ. വളരെ ലളിതവും. പക്ഷേ അതിനെ കുറിച്ച് നാം ചിന്തിച്ചിട്ടില്ലല്ലോ എന്നു തോന്നും. ഉദാഹരണത്തിന്, വെള്ളത്തിനും കരയ്‌ക്കും ഇടയിൽ ഒരു രേഖയുണ്ട്. ചിലർ അതിനെ ‘വാട്ടർലൈൻ' എന്ന് വിളിക്കും, ചിലർ ‘വാട്ടർമാർക്ക്' എന്നും. പക്ഷേ യഥാർഥത്തിൽ അത് എന്താണ്? കല്ലിനും വെള്ളത്തിനുമിടയിലെ ഒരു നീണ്ട ചുംബനമാണെന്ന് CAAS. തടാകത്തിലെ ഒരു കല്ലിൽ വെള്ളം എഴുതിമായിച്ചുകൊണ്ടിരിക്കുന്ന കേവലമൊരു നീർവരയുടെ ചിത്രത്തിനു താഴെ അവർ എഴുതുന്നു: The line at the water edge / Long kiss between the rock and the water. ഇത് വളരെ ലളിതമായ ഒരു കാവ്യാത്മക വ്യാഖ്യാനം മാത്രമെന്ന് ചിലർക്ക് തോന്നാം. എന്നാൽ അതിന്റെ ഉള്ളിൽ ആഴത്തിൽ ഒരു സത്യം ഉണ്ട്. ആ രേഖ ഒരിക്കലും സ്ഥിരമല്ല. അത് സമയംകൊണ്ട് ജീവിക്കുന്നു, മാറുന്നു, നീങ്ങുന്നു, മായുന്നു, വീണ്ടും വരുന്നു. അതുകൊണ്ടാണ് അത് ‘ചുംബനം’ ആകുന്നത്. ഒരു നിമിഷം നീളുന്ന, പക്ഷേ ഒരിക്കലും ഒരേപോലെ നിലനിൽക്കാത്ത ഒരു സ്‌പർശം. കല്ലും വെള്ളവും തമ്മിലുള്ള ബന്ധം, ദ്രവവും ഖരവും വായുവും തമ്മിലുള്ള ബന്ധം... അങ്ങനെയാണ്. സ്ഥിരമായ അതിർത്തിയല്ല, മാറിക്കൊണ്ടിരിക്കുന്ന സ്‌നേഹസ്‌പർശം മാത്രം.
ആ ചിത്രവും കുറിപ്പും വ്യക്തിപരമായ രണ്ട് ഓർമകൾ കൊണ്ടുവന്നു. ഒന്ന് യൗവനകാലത്ത് തിരുവനന്തപുരത്തെ ഒരു കടൽക്കരയിൽ അർധരാത്രി ചന്ദ്രാസ്‌തമയം കണ്ടത്. ഒരു മുഴുവൻ ചന്ദ്രൻ കടലിൽ താഴാറായി. പക്ഷേ ഞങ്ങൾ നോക്കിനിൽക്കെ, കടലിൽ മുങ്ങിത്തുടങ്ങുന്നതിനു തൊട്ടുമുമ്പ് ചക്രവാളക്കോണിൽ ആ മുഴുത്ത ചന്ദ്രബിംബം അലിഞ്ഞലിഞ്ഞെന്നപോലെ ഇല്ലാതായി. അതൊരു അത്ഭുതക്കാഴ്‌ചയായിരുന്നു. അതുപോലൊന്ന് അതിനുമുമ്പോ പിന്നീടോ കണ്ടിട്ടില്ല. കടലിൽ മുങ്ങിച്ചാവും മുമ്പ് ചന്ദ്രൻ ചക്രവാളത്തിൽ വിലയിക്കും എന്ന് അന്ന് ശരിക്കും ബോധ്യപ്പെട്ടു. കടലിന്റെയും ആകാശത്തിന്റെയും അതിർവരമ്പിലെ വര അസ്ഥിരമാണെന്ന അറിവുകൂടിയായിരുന്നു അത്.
ആർട്ടിസ്‌റ്റ് ടി രതീഷ് ആംഫിബിയൻ ഷോയിൽ
2018-ലെ പ്രളയകാലത്തെ ഒരു വരയും ഓർമവന്നു. തൂണുയരത്തിലുള്ള എന്റെ വീട് വെള്ളത്തിൽ മുങ്ങിയില്ലെങ്കിലും, മുറ്റം മുഴുവൻ വെള്ളം നിറഞ്ഞിരുന്നു. പ്രളയജലം മുറ്റത്തെ കിണർ കവിയുന്നതിന്റെ വക്കിൽ എത്തിയിരുന്നു. പിന്നെ പതിയെ താഴ്‌ന്നു തുടങ്ങി. വെള്ളം, അതെത്തിയ ഉയരം, കിണറ്റുമതിലിൽ സ്വയം രേഖപ്പെടുത്തിയിരുന്നു. ജലവിതാനത്തിന്റെ ആ അസ്ഥിരമായ വരയ്‌ക്കു മീതേ ഞാൻ പെയിന്റുകൊണ്ട് ഒരു ‘സ്ഥിര' വരകൂടി വരച്ചുവച്ചു. മനുഷ്യർ ചരിത്രം രേഖപ്പെടുത്തി വയ്‌ക്കണം എന്നാണല്ലോ. 18ലെ വെള്ളപ്പൊക്കത്തിൽ ഇവിടെ വെള്ളം കയറിയോ എന്ന് ചോദിക്കുന്നവർക്ക് ഇന്നും ഞാൻ ആ വര ‘അഭിമാന'പൂർവം കാണിച്ചുകൊടുക്കും: “ഇതാണ് പ്രളയത്തിന്റെ അടയാളം.” പക്ഷേ നമ്മൾ വരയ്‌ക്കുന്ന എല്ലാ രേഖകളും താൽക്കാലികമാണെന്നാണ് പ്രളയം നമ്മെ പഠിപ്പിച്ചത്. സ്ഥിരത എന്നത് ഒരു വിശ്വാസം മാത്രമാണ്.
വിശാലമായൊരു കോൾപ്പാടത്തിന്റെ കരയിലാണ് ഞാൻ താമസിക്കുന്നത്. കാലാകാലങ്ങളായി അവിടെ പാർക്കുന്ന കർഷകരുണ്ട്. അവർക്ക് ഈ തിണയുടെ അസ്ഥിരതകളുടെ താളം അറിയാം. വെള്ളം എവിടെ എത്തും, എങ്ങനെ മാറും, എങ്ങനെ മടങ്ങും? അവർക്ക് അത് അറിയാം. പക്ഷേ ഉപഭോക്താക്കൾ മാത്രമായ എന്നെപ്പോലുള്ളവരോ? നമ്മൾ രേഖകൾ വരയ്‌ക്കുന്നു, അതിരുകൾ നിശ്ചയിക്കുന്നു, സ്ഥിരതയെ വിശ്വസിക്കുന്നു. പ്രളയജലം, ആ വിശ്വാസത്തെ ചോദ്യം ചെയ്യുന്നു
കണ്ടൽക്കാടുകൾ രണ്ടു ജൈവ വ്യവസ്ഥകൾക്കിടയിലെ വരയാണ്. അവ ഉപ്പുവെള്ളത്തിനും ശുദ്ധജലത്തിനുമിടയിലെ അതിർത്തി മാത്രമല്ല, ജീവന്റെ ഒരു ഇടനാഴിയുമാണ്. അവിടെ പുതിയ ജീവൻ രൂപപ്പെടുന്നു, വ്യത്യസ്‌തങ്ങളായ നിരവധി സൂക്ഷ്മ ജീവിലോകങ്ങൾ തമ്മിൽ കലരുന്നു. അതുകൊണ്ടാണ് ആംഫിബിയൻ എന്ന പദത്തിന് ‘ഉഭയജീവി'ക്കു പകരം ‘ബഹുജീവി’ എന്ന പരികൽപ്പന കൂടുതൽ യോജിക്കുന്നത്. ഒരേ സമയം പല ലോകങ്ങളിലും ജീവിക്കുന്ന ഒരു നില.
ആംഫിബിയൻ ഏസ്‌തെറ്റിക്‌സിലെ എല്ലാ അവിഷ്‌കാരങ്ങളും, അവസാനം, ഒരേയൊരു ചോദ്യത്തിലേക്കാണ് എന്നെ കൊണ്ടുപോയത്: നമ്മൾ വരയ്‌ക്കുന്ന രേഖകൾ ശരിക്കും ഉണ്ടോ? അല്ലെങ്കിൽ അവ കാസിന്റെ ഫീൽഡ് നോട്ട് ബുക്കിലെ നീർവര പോലെ / സമയം വരയ്‌ക്കുന്ന താൽക്കാലിക സ്‌പർശങ്ങളോ?
റിയാസ് കോമു: കല പല രീതിയിലും ഒരു കരകൗശലപ്രവർത്തനമായി മാറുകയാണ്; സിനിമ പോലും അങ്ങനെ തന്നെ. ആ ആശയത്തിലേക്കുള്ള പുതിയ സാധ്യതകളിലേക്ക് നമ്മുടെ സംഭാഷണം നീണ്ടത് വളരെ കൗതുകകരമായിരുന്നു.
കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി അന്താരാഷ്‌ട്ര നിലവാരമുള്ള പ്രധാന ആർട്ട് പ്രോജക്ടുകൾക്ക് ആതിഥേയത്വം വഹിച്ചുകൊണ്ട് ഇന്ത്യൻ കലയുടെ ഗതിയെ തന്നെ മാറ്റിമറിച്ച നഗരമാണ് കൊച്ചി. ആ പരിവർത്തനാത്മക സന്ദേശം മുന്നോട്ടുകൊണ്ടുപോകാൻ നമുക്ക് തുടർന്നും സാധിക്കുമെന്ന് ഈ അവസരത്തിലും ഞാൻ പ്രതീക്ഷിക്കുന്നു. സന്ദർശിക്കാനും സംവദിക്കാനും ചർച്ചകൾ നടത്താനും എത്തുന്ന ഒരു സാംസ്‌കാരിക ഇടമായിത്തന്നെ ഇത് നിലനിർത്തുന്നതിൽ എല്ലാവരോടും വളരെയധികം നന്ദി .










0 comments