കവർസ്റ്റോറി
കുറ്റവാളികളല്ല, ഞങ്ങൾ കലാകാരർ

കെ ഗിരീഷ്
Published on Sep 26, 2026, 01:16 PM | 17 min read
ഗുജറാത്തിലെ പ്രശസ്‌ത നാടകക്കാരനും ചലച്ചിത്ര സംവിധായകനും മനുഷ്യാവകാശ പ്രവർത്തകനുമാണ് ദക്ഷിൺ ബജ്‌രംഗേ ഛാര. ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ഡി-നോട്ടിഫൈഡ് ഗോത്രവിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന അദ്ദേഹം തന്റെ ഗോത്രമായ ‘ഛാര' സ്വന്തം പേരിനൊപ്പം ചേർത്താണ് അറിയപ്പെടുന്നത്. അഹമ്മദാബാദിലെ ‘ഛാര നഗർ' എന്ന ചേരിപ്രദേശത്ത് പൊലീസിന്റെ അതിക്രമങ്ങൾക്കും സാമൂഹിക വിവേചനങ്ങൾക്കുമെതിരെ പ്രതികരിക്കാൻ 1998-‐ൽ അദ്ദേഹം ‘ബുധൻ’ തിയറ്റർ സ്ഥാപിച്ചു. നിരവധി നാടകങ്ങൾ എഴുതുകയും ആയിരത്തിലധികം തെരുവ് നാടക വേദികൾക്ക് നേതൃത്വം നൽകുകയും ചെയ്‌തു. വിവിധ സാമൂഹിക-, രാഷ്‌ട്രീയ വിഷയങ്ങളെ ആസ്‌പദമാക്കി ഫിക്ഷൻ, ഡോക്യുമെന്ററി വിഭാഗങ്ങളിലായി 130-‐ലധികം ചിത്രങ്ങൾ അദ്ദേഹം നിർമിക്കുകയോ സംവിധാനം ചെയ്യുകയോ ചെയ്‌തു.
സമീർ: തീവ്രവാദ വിരുദ്ധ രാഷ്‌ട്രീയത്തിന്റെ മറവിൽ നിരപരാധികൾ വേട്ടയാടപ്പെടുന്നതിനെക്കുറിച്ച് അദ്ദേഹം സംവിധാനം ചെയ്‌ത പ്രശസ്‌തമായ ബോളിവുഡ് ചിത്രം. ദി ലാസ്റ്റ് മാൻ: ഇന്ത്യയിലെ തോട്ടിപ്പണിക്കാരുടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടിയ ഡോക്യുമെന്ററി. ബർത്ത് 1871, ഫ്ലൈറ്റ് ഫോർ സർവൈവൽ എന്നിവ ചില പ്രധാന ചിത്രങ്ങൾ. ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ലീഡ്സിൽ നിന്ന് തിയറ്റർ ആൻഡ് ഗ്ലോബൽ ഡെവലപ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടി. ഫോർഡ് ഫൗണ്ടേഷൻ ഇന്റർനാഷണൽ ഫെല്ലോഷിപ്പ് ലഭിച്ചു. ബ്രിട്ടീഷ് അക്കാദമി, ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ് റിസർച്ച് കൗൺസിൽ തുടങ്ങിയ അന്താരാഷ്‌ട്ര ഏജൻസികളുമായി സഹകരിച്ച് ഇന്ത്യയിലെ വിവിധ നാടോടി ഗോത്രങ്ങളിലെ യുവാക്കൾക്ക് നാടകത്തിലും സിനിമയിലും പരിശീലനം നൽകുന്ന പ്രൊജക്ടുകളുടെ ഡയറക്ടർ.
ദക്ഷിൺ ബജ്‌രംഗേ ഛാര ഫോട്ടോ: എം എ ശിവപ്രസാദ്
കെ ഗിരീഷ്: ഛാര ഗോത്രത്തിലെ യുവാക്കളെ വേട്ടയാടുന്ന "ജന്മനായുള്ള കളങ്കത്തെ’ (Stigma of birth) കുറിച്ച് നിങ്ങൾ പലപ്പോഴും സംസാരിക്കാറുണ്ട്. ബ്രിട്ടീഷ് കാലത്തെ "ക്രിമിനൽ ഗോത്രം’ എന്ന ലേബലിൽനിന്ന് "ഡിനോട്ടിഫൈഡ് ഗോത്രം’ (വിജ്ഞാപനം പിൻവലിക്കപ്പെട്ടവർ) എന്നതിലേക്കുള്ള മാറ്റം, ആധുനിക ഇന്ത്യയിൽ ഛാര സമുദായത്തിന്റെ യഥാർഥ ജീവിതത്തിൽ എന്ത് മാറ്റമാണ് ഉണ്ടാക്കിയത്? അല്ലെങ്കിൽ എവിടെയാണ് പരാജയപ്പെട്ടത്?
ദക്ഷിൺ ബജ്‌രംഗേ ഛാര: കുറ്റം ചെയ്‌തോ ഇല്ലയോ എന്ന് നോക്കാതെ, ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചു എന്ന കാരണത്താൽ ഒരു ജനതയെ മുഴുവൻ "ജന്മനാ കുറ്റവാളികൾ’ അഥവാ ക്രിമിനൽ ഗോത്രം എന്ന് മുദ്രകുത്തുക. "ക്രിമിനൽ ട്രൈബ് സെറ്റിൽമെന്റുകൾ’എന്ന് വിളിക്കപ്പെടുന്ന കമ്പിവേലി കെട്ടിയ തുറന്ന ജയിലുകളിൽ തലമുറകളോളം അവർ തടവിലാക്കപ്പെടുക. സങ്കൽപ്പിക്കാനാവുന്നുണ്ടോ പരിഷ്‌കൃതമെന്ന് കരുതുന്ന, പറയപ്പെടുന്ന ഒരു സമൂഹത്തിന്? എന്നാൽ ഇതാണ് ഛാര ഗോത്രത്തിന്റെ പൂർവചരിത്രം. ഇത് ബ്രിട്ടീഷുകാർ ചെയ്‌തതാണെങ്കിലും പിന്നീട് സ്വാതന്ത്ര്യത്തിനു ശേഷവും ഇൗ കളങ്കത്തിൽനിന്ന് ഛാരകൾക്ക് മോചനമുണ്ടായില്ല. ഇന്നും ഇൗ പൂർവചരിത്രം അവരെ വേട്ടയാടുന്നു.
സ്ഥിരതാമസം ശീലമായ സമൂഹത്തിൽ നിന്നാണ് ബ്രിട്ടീഷുകാർ വന്നത്. കൃത്യമായ ജീവിതരീതികളോടെ ഒരിടത്ത് സ്വസ്ഥമായി ജീവിക്കുന്നതാണ് അവരുടെ നാഗരിക രീതി. ഒരിടത്തും സ്ഥിരമായി തങ്ങാത്ത നാടോടികളെ അവർ എപ്പോഴും സംശയത്തോടെയാണ് കണ്ടിരുന്നത്. ഇംഗ്ലണ്ടിൽ പത്തൊൻപതാം നൂറ്റാണ്ടിൽതന്നെ നാടോടികളെ ക്രിമിനലുകളായി കണക്കാക്കിയിരുന്നു. കൊളോണിയൽ ഇന്ത്യയിൽ, 1857-‐ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് ശേഷം ഈ മുൻവിധി വല്ലാതെ വർധിച്ചു. ആധുനിക വാർത്താവിനിമയ സൗകര്യങ്ങളില്ലാതിരുന്ന അക്കാലത്ത് വിപ്ലവകാരികൾക്ക് ആയുധങ്ങൾ എത്തിക്കാനും രഹസ്യങ്ങൾ കൈമാറാനും സഹായിച്ചത് നാടോടി ഗോത്രങ്ങളായിരുന്നു. ഇത് അവരെ വെള്ളക്കാരന്റെ രാഷ്‌ട്രീയ ശത്രുക്കളാക്കി. എല്ലായിടത്തുനിന്നും നികുതി പിരിക്കാൻ ആഗ്രഹിച്ച ബ്രിട്ടീഷുകാർക്ക്, കാടുകളിലും മലകളിലും നിരന്തരം സഞ്ചരിക്കുന്ന നാടോടികളെ നികുതിവലയിൽ കൊണ്ടുവരാനും കഴിഞ്ഞില്ല. അതേസമയം റെയിൽവേ, റോഡ്, ഡാം തുടങ്ങിയ വലിയ നിർമാണ പ്രവർത്തനങ്ങൾക്ക് കുറഞ്ഞ ചെലവിൽ തൊഴിലാളികളായി അവരെ ആവശ്യവുമായിരുന്നു.
1871-‐ലെ ക്രിമിനൽ ട്രൈബ്സ് ആക്ട് (സിടിഎ) പ്രകാരം 200-‐ലധികം സമുദായങ്ങളെ ബ്രിട്ടീഷുകാർ "ക്രിമിനൽ ഗോത്രങ്ങൾ’ എന്ന് പ്രഖ്യാപിച്ചു. 1947 ആഗസ്‌ത് 15-ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെങ്കിലും ഈ കറുത്ത നിയമം ഉടനടി റദ്ദാക്കിയില്ല. പിന്നീട് വന്ന അനന്തശയനം അയ്യങ്കാർ കമ്മിറ്റിയാണ് ഈ നിയമം ഇന്ത്യൻ ഭരണഘടനയ്‌ക്ക് നാണക്കേടാണെന്ന് കണ്ടെത്തിയത്. അങ്ങനെ 1952-‐ൽ നിയമം പിൻവലിച്ചു. അവരെ "ഡിനോട്ടിഫൈഡ് ട്രൈബ്സ് (ഡിഎൻടി)’ എന്ന് പുനർനാമകരണം ചെയ്‌തു. പക്ഷേ പേരുമാറ്റംകൊണ്ട് മാത്രം കളങ്കം മാഞ്ഞില്ല. ഡിഎൻടി എന്ന വാക്ക് തന്നെ പഴയ കുറ്റവാളി മുദ്രയെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭരണഘടനാ നിർമാണ സമയത്ത് ഈ സമുദായങ്ങൾ സെറ്റിൽമെന്റുകൾക്കുള്ളിൽ തടവിലായിരുന്നതുകൊണ്ട് ഭരണഘടനാ സഭയിൽ അവർക്ക് പ്രതിനിധികൾ ഉണ്ടായില്ല. അതുകൊണ്ട് തന്നെ ഒരു പ്രത്യേക വിഭാഗമായി ഭരണഘടനയിൽ ഇന്നും അംഗീകരിക്കപ്പെട്ടിട്ടില്ല.
അഭിനേതാക്കൾക്ക് നിർദേശങ്ങൾ നൽകുന്ന ദക്ഷിൺ ബജ്‌രംഗേ ഛാര
യഥാർഥത്തിൽ ഛാരകളുൾപ്പെടെയുള്ള ഒരുപാട് ഗോത്രങ്ങളുടെ ജീവിതം ഇന്നും പഴയതുപോലെ തന്നെയാണ്. നിയമവിരുദ്ധമായ അറസ്‌റ്റുകൾ, ലോക്കപ്പ് മർദനങ്ങൾ, കസ്റ്റഡി മരണങ്ങൾ, നിരന്തരമായ ചോദ്യം ചെയ്യലുകൾ, ആൾക്കൂട്ട ആക്രമണങ്ങൾ എന്നിവ ഇത്തരം ഗോത്രസമുദായങ്ങൾ ഇന്നും നേരിടുന്നു. എവിടെയെങ്കിലും ഒരു മോഷണം നടന്നാൽ പൊലീസ് ആദ്യം പിടിക്കുന്നത് ഞങ്ങളെയാണ്. ഡോ. ശിവ വിശ്വനാഥൻ പറഞ്ഞതുപോലെ, ‘ഈ സമുദായങ്ങൾ ഇന്നും എന്നും സംശയിക്കപ്പെടുന്നവർ’ ആണ്. ചുരുക്കത്തിൽ, ഡിഎൻടി സമുദായങ്ങളുടെ ജീവിതത്തിനുമേൽ പൊലീസിന്റെ നിരീക്ഷണവും സാമൂഹികമായ മാറ്റിനിർത്തലും അവസാനിച്ചിട്ടില്ല.
2018 ജൂലൈയിൽ ഛാരകൾക്ക് നേരെ നടന്ന ക്രൂരമായ പൊലീസ് ആക്രമണം, "ജന്മനാ കുറ്റവാളികൾ’ എന്ന പഴയ കൊളോണിയൽ കണ്ണിലൂടെയാണ് ഭരണകൂടം ഇന്നും ഞങ്ങളെ കാണുന്നത് എന്നതിന്റെ തെളിവാണ്. ചുരുക്കത്തിൽ, ഞങ്ങളെ സമൂഹത്തിലേക്ക് ചേർക്കുന്നതിനേക്കാൾ കൂടുതൽ നിയന്ത്രിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പഴയ കൊളോണിയൽ മനോഭാവം ഇന്നും നയരൂപീകരണത്തിലും ഭരണത്തിലും നിയമപാലനത്തിലും തുടരുന്നു. ഇത് ഡിഎൻടി സമുദായങ്ങളെ സാമൂഹികമായും രാഷ്‌ട്രീയമായും സാമ്പത്തികമായും പിന്നിലാക്കുന്നു.
ജൂലൈ 26-ന് രാത്രിയിൽ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഒരു സബ് ഇൻസ്‌പെക്ടർക്ക് നേരെ ആക്രമണം ഉണ്ടായതായി പറയപ്പെടുന്നു. ഇതിന് പ്രതികാരമെന്നോണം ഏകദേശം 500-‐ലധികം പൊലീസുകാർ രാത്രി പന്ത്രണ്ടോടെ ഛാരാ നഗറിലേക്ക് ഇരച്ചുകയറി. വീടുകൾ തകർത്ത് സ്‌ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ക്രൂരമായി മർദിച്ചു. 29-‐ഓളം പേരെ അന്ന് അറസ്‌റ്റ് ചെയ്‌തു. ഇതിൽ അഭിഭാഷകർ, സാമൂഹികപ്രവർത്തകർ, കലാകാരന്മാർ എന്നിവരും ഉൾപ്പെട്ടിരുന്നു. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെയും മർദിച്ചു. ഒരാൾ ചെയ്‌ത തെറ്റിന് ഒരു കോളനിയെ മുഴുവൻ ശിക്ഷിച്ചു എന്നതാണ്. ഒരു ക്രിമിനൽ കുറ്റത്തിന് ഒരു ജനവിഭാഗത്തെ മുഴുവൻ ലക്ഷ്യംവയ്‌ക്കുന്നത് പഴയ കൊളോണിയൽ കാലത്തെ "ജന്മനാ കുറ്റവാളികൾ’ എന്ന മനോഭാവത്തിന്റെ തെളിവാണ്. വിദ്യാസമ്പന്നരും മാന്യമായി ജീവിക്കുന്നവരുമായ ഛാരകളെപ്പോലും പൊലീസ് വെറുതെ വിട്ടില്ല. സമുദായത്തിൽ പെട്ടവരാണ് എന്നതുകൊണ്ട് മാത്രം അവർ അക്രമത്തിന് ഇരയായി. ഈ സംഭവത്തിന് ശേഷം ഛാരാ നഗറിലെ യുവാക്കൾ സോഷ്യൽ മീഡിയയിലൂടെയും തെരുവുനാടകങ്ങളിലൂടെയും വലിയ രീതിയിൽ പ്രതിഷേധിച്ചു. ഇത് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.
? ഗണേഷ് ദേവിയെപ്പോലുള്ള സാംസ്‌കാരിക പ്രവർത്തകർ സന്ദർശിക്കുന്നതുവരെ പല ഛാരകളും സ്വന്തം ചരിത്രത്തെക്കുറിച്ച് അജ്ഞരായിരുന്നു എന്ന് നിങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. "കുറ്റവാളികൾ’ എന്ന അടിച്ചേൽപ്പിക്കപ്പെട്ട മുദ്ര മായ്‌ക്കാനും, "ജന്മനാ കലാകാരന്മാർ’ എന്ന സ്വത്വം വീണ്ടെടുക്കാനും നിങ്ങൾ എങ്ങനെയാണ് നാടകത്തെ ഉപയോഗിക്കുന്നത്.
= ഡോ. ഗണേഷ് ദേവി, മഹാശ്വേതാ ദേവി, ലക്ഷ്മൺ ഗെയ്ക് വാദ് എന്നിവർ ഛാരാ നഗർ സന്ദർശിക്കുന്നതിന് മുമ്പ്, മഹാറാണാ പ്രതാപിന്റെ പടയാളികളുടെ പിൻഗാമികളാണെന്നും രാജസ്ഥാനാണ് ജന്മദേശമെന്നുമാണ് ഭൂരിഭാഗം ഛാരകളും വിശ്വസിച്ചിരുന്നത്. തലമുറകളായി കൈമാറിവന്ന ഒരു വിശ്വാസമായിരുന്നു ഇത്. എന്നാൽ ചരിത്രരേഖകൾ മറ്റൊരു സത്യമാണ് വെളിപ്പെടുത്തിയത്. തെരുവ് പ്രകടനങ്ങളിലൂടെ നൃത്തം, കായികാഭ്യാസങ്ങൾ, ജഗ്ലിങ് മാജിക്, സംഗീതം, കഥ പറയൽ എന്നിവയിലൂടെ ഉപജീവനം നടത്തിയിരുന്ന നാടോടി സമൂഹങ്ങളായിരുന്നു ഛാരകൾ. ഡോ. ദേവിയുടെ പ്രവർത്തനങ്ങളിലൂടെയാണ് ഛാരകളുടെ യഥാർഥ ഭൂതകാലത്തെക്കുറിച്ചുള്ള ചരിത്രരേഖകളും തെളിവുകളും ഞങ്ങൾ കാണുന്നത്. ആ പ്രക്രിയയിൽ മറ്റൊരു കാര്യംകൂടി തിരിച്ചറിഞ്ഞു; ഇന്ത്യൻ ഭരണഘടന രൂപീകരിക്കുന്ന സമയത്ത് ഡിനോട്ടിഫൈഡ് നാടോടി ഗോത്രങ്ങളിൽനിന്ന് പ്രതിനിധികൾ ആരുംതന്നെ ഉണ്ടായിരുന്നില്ല. ഈ അഭാവമാണ് ഇന്നും നേരിടുന്ന നിയമപരവും സാമൂഹികവുമായ അവഗണനയുടെ പ്രധാന കാരണം. "ജന്മനാ കുറ്റവാളികൾ’ എന്ന അടിച്ചേൽപ്പിക്കപ്പെട്ട സ്വത്വത്തിൽനിന്ന് മോചിതരാകാനും സാംസ്‌കാരിക സത്വം വീണ്ടെടുക്കാനുമുള്ള പ്രധാന ആയുധമായി ഞങ്ങൾ നാടകത്തെ മാറ്റി. കാൽ നൂറ്റാണ്ടായി, ഞങ്ങളുടെ നാടകങ്ങളിലൂടെ ക്രിമിനൽവൽക്കരണത്തിന്റെ യഥാർഥ കാരണങ്ങൾ ഞങ്ങൾ തുറന്നുകാട്ടുന്നു. സാമൂഹികമായ മാറ്റിനിർത്തലുകളെ ചോദ്യം ചെയ്യാനും സർക്കാരിൽനിന്ന് അർഹമായ പുനരധിവാസ നയങ്ങൾ ആവശ്യപ്പെടാനും നാടകത്തെ ഉപയോഗിക്കുന്നു. കലയിലൂടെ ഞങ്ങൾ ലോകത്തോട് വിളിച്ചുപറയുന്നു: "ഞങ്ങൾ ജന്മനാ കുറ്റവാളികളല്ല, ജന്മനാ കലാകാരന്മാരാണ്.’
? "നാടോടി ജീവിതം (Nomadism) നമ്മുടെ നാഗരികതയുടെ ഭാഗമാണ്’എന്ന് നിങ്ങൾ പറഞ്ഞിട്ടുണ്ട്. അതിരുകൾക്കും സ്ഥിരമായ വിലാസങ്ങൾക്കും വലിയ പ്രാധാന്യമുള്ള ഇന്നത്തെ ലോകത്ത്, കൂടുതൽ പാർശ്വവൽക്കരിക്കപ്പെടാതെ എങ്ങനെയാണ് ഈ നാടോടി സ്വത്വം സംരക്ഷിക്കാൻ കഴിയുക.
ദക്ഷിൺ ബജ്‌രംഗേ ഛാരയുടെ നാടക പരിശീലന ക്യാമ്പ്
= 2007-‐ൽ ഇന്ത്യയിലെ നാടോടി സമൂഹങ്ങളെക്കുറിച്ച് സംസാരിക്കാൻ ഐക്യരാഷ്‌ട്രസഭ എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പറഞ്ഞു: "നാടോടികളായ ഞങ്ങൾക്ക് വേണ്ടത് രാജ്യത്തെക്കുറിച്ചുള്ള മറ്റൊരു സങ്കൽപ്പമാണ്‐ അതിരുകളില്ലാത്ത ഒരു രാജ്യം. നാടോടി സമൂഹങ്ങൾ വിശ്വസിക്കുന്നത് ഞങ്ങൾ ഭൂമീദേവിയുടെ മക്കളാണെന്നാണ്; ഞങ്ങൾ ഭൂമിയുടേതാണ്, അല്ലാതെ വൃത്തം വരച്ചു തിരിച്ച അതിരുകളുടേതല്ല. മനുഷ്യരാശിയുടെ ഏറ്റവും പഴയ നാഗരികതയായ നാടോടി നാഗരികത നിലനിർത്താൻ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അത്യാവശ്യമാണ്. ദൗർഭാഗ്യവശാൽ, ഇന്ത്യയിൽ ഇപ്പോഴും ക്രമസമാധാനപാലന ഏജൻസികൾ നാടോടികളെ "സംശയിക്കപ്പെടുന്നവർ’ ആയാണ് കാണുന്നത്. കൊളോണിയൽ കാലത്തെ ആ മനോഭാവം ഇന്നും തുടരുന്നു. ലോകമെമ്പാടും കുടിയേറ്റ വിരുദ്ധ വികാരം പടരുമ്പോൾ, സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ ജനവിഭാഗങ്ങൾ കൂടുതൽ വേട്ടയാടപ്പെടുന്നു. നാടോടി സ്വത്വം സംരക്ഷിക്കുക എന്നതിനർഥം അവരെ ഒരിടത്ത് നിർബന്ധിച്ച് താമസിപ്പിക്കുക എന്നല്ല. സർക്കാർ അവരെ സ്ഥിരതാമസക്കാരാക്കാൻ ശ്രമിക്കുമ്പോഴും നാടോടി സമൂഹങ്ങൾ തങ്ങളുടെ പാട്ടുകൾ, നൃത്തങ്ങൾ, വായ്‌മൊഴിയായി കൈമാറിവന്ന ചരിത്രങ്ങൾ, തനതായ നീതിന്യായ വ്യവസ്ഥകൾ, ഭാഷകൾ, ആചാരങ്ങൾ എന്നിവ കാത്തുസൂക്ഷിക്കണം. നാടോടി ജീവിതത്തെ സംരക്ഷിക്കാൻ വേണ്ടത് പൗരത്വത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്‌ചപ്പാട് മാറ്റുകയാണ്‐ സഞ്ചാരത്തെ ഒരു ഭീഷണിയായി കാണാതെ, അതൊരു അന്തസ്സുള്ള ജീവിതരീതിയാണെന്ന് അംഗീകരിക്കുകയാണ് വേണ്ടത്.
?ഛാരാ നഗർ എന്ന ഭൂപ്രദേശം (ഛാരകളെ തളച്ചിട്ടിരുന്ന സെറ്റിൽമെന്റ്) നിങ്ങൾ പറയുന്ന കഥകളെ എങ്ങനെയാണ് സ്വാധീനിക്കുന്നത്. അതൊരു തീരാവേദനയുടെ ഇടമാണോ, അതോ സാംസ്‌കാരികമായ ഒരു പ്രതിരോധ കേന്ദ്രമായി മാറിയിട്ടുണ്ടോ.
= ഛാരാ നഗറിന് അടുത്തുള്ള പഴയ ‘ക്രിമിനൽ ട്രൈബ്സ് സെറ്റിൽമെന്റ്' അടുത്ത കാലത്തായി സാംസ്‌കാരികമായ ഒരു വലിയ പ്രതിരോധ കേന്ദ്രമായി മാറിയിട്ടുണ്ട്. കമ്പിവേലികളാൽ ചുറ്റപ്പെട്ട ആ സർക്കാർ ഭൂമി ഇപ്പോഴും ഞങ്ങളുടെ ഭൂതകാലത്തെ ഓർമിപ്പിക്കുന്നു. ഞങ്ങളുടെ പൂർവികരുടെ തടവുശിക്ഷ, അവർ അനുഭവിച്ച ക്രൂരമായ മർദനങ്ങൾ, ആ മുള്ളുവേലികൾക്ക് പിന്നിലിരുന്ന് അവർ പാടിയ പാട്ടുകൾ... സ്വതന്ത്രമായി അലഞ്ഞുനടക്കാൻ ആഗ്രഹിച്ച ഒരു സമൂഹത്തെ സംബന്ധിച്ച്, ആ സെറ്റിൽമെന്റിലെ വാസം പറക്കാൻ ജനിച്ച പക്ഷികളെ കൂട്ടിലടച്ചതിന് തുല്യമായിരുന്നു. ഇന്നത്തെ കാലത്ത് ഞങ്ങൾ വിവേചനങ്ങളോ ഭരണകൂട അതിക്രമങ്ങളോ നേരിടുമ്പോൾ, ഈ പഴയ സ്ഥലം അനീതികളുടെ ചരിത്രപരമായ വേരുകളെ കാണിച്ചുതരുന്നു. പണ്ടും ഇന്നും ഭരണകൂടവും സമൂഹവും ഞങ്ങളെ എങ്ങനെയാണ് നിയന്ത്രിക്കുന്നത് എന്ന് അത് വെളിപ്പെടുത്തുന്നു. ഈ അനുഭവങ്ങൾ ഞങ്ങളുടെ സർഗാത്മക പ്രവർത്തനങ്ങളെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഞങ്ങളുടെ കവിതകൾക്കും നാടകങ്ങൾക്കും സിനിമകൾക്കും കഥകൾക്കും ചരിത്രപരവും വൈകാരികവുമായ പശ്ചാത്തലം നൽകുന്നത് ഈ സെറ്റിൽമെന്റാണ്. അങ്ങനെ വേദനയുടെ ഒരിടത്തെ ഒരു സജീവമായ ചരിത്രരേഖയായും പ്രതിരോധത്തിന്റെ കേന്ദ്രമായും മാറ്റാൻ ഞങ്ങൾക്ക് കഴിഞ്ഞു.
ദക്ഷിൺ ബജ്‌രംഗേ ഛാര
? പൊലീസ് കസ്റ്റഡിയിൽ മരിച്ച ബുധൻ ശബറിന്റെ പേരാണല്ലോ നിങ്ങളുടെ നാടകസംഘത്തിന്. ഡിനോട്ടിഫൈഡ് ഗോത്രങ്ങൾ നേരിടുന്ന അനീതികൾക്കുള്ള ഒരു "നിയമപരമായ തെളിവ്’ എന്ന നിലയിലാണോ അതോ ഒരു "പൊതു വിചാരണ’ എന്ന നിലയിലാണോ നിങ്ങൾ നിങ്ങളുടെ നാടകങ്ങളെ കാണുന്നത്.
= ഞങ്ങളുടെ നാടകങ്ങളെ "നിയമപരമായ തെളിവ്’ എന്നോ "പൊതു വിചാരണ’ എന്നോ വിളിക്കുന്നതിനേക്കാൾ, ഡിനോട്ടിഫൈഡ് ഗോത്രങ്ങളുടെ യഥാർഥ ജീവിതത്തിന്റെ ഒരു പ്രതിഫലനമായി കാണാനാണ് എനിക്കിഷ്ടം. സർക്കാരിന്റെ വിവിധ ഏജൻസികളുമായും സമൂഹവുമായും ഈ ജനവിഭാഗങ്ങൾ ഓരോ ദിവസവും നടത്തുന്ന പോരാട്ടമാണത്. ഡോ. ഗണേഷ് ദേവി ഒരിക്കൽ പറഞ്ഞതുപോലെ, ‘ബുധൻ' എന്നത് പരമ്പരാഗതമായ അർഥത്തിലുള്ള ഒരു നാടകസംഘമല്ല; മറിച്ച് ഛാരകളുടെയും മറ്റ് ഡിഎൻടി വിഭാഗങ്ങളുടെയും സാമൂഹിക ജീവിതത്തിൽ വേരൂന്നിയ ഒരു പരീക്ഷണമാണ്. ബുധൻ ശബറിനുണ്ടായ ദുരനുഭവം ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഡിഎൻടി സമുദായങ്ങളെ സംബന്ധിച്ച് പൊലീസിന്റെ ചോദ്യം ചെയ്യലുകളും നിരീക്ഷണവും വിവേചനവും കസ്റ്റഡി മർദനവുമെല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഒരു സമുദായത്തിൽ ജനിക്കുക എന്നതിനർഥം, ജനിക്കുമ്പോൾ തന്നെ നിങ്ങൾ ഒരു കുറ്റവാളിയായി മുദ്രകുത്തപ്പെടുന്നു എന്നും അധികാരികളുടെ നിരന്തരമായ പീഡനത്തിന് ഇരയാകാൻ വിധിക്കപ്പെട്ടവരാണെന്നുമാണ്. ഈ സാഹചര്യത്തിൽ, ബുധൻ തിയറ്റർ വെറുമൊരു നാടകവേദിയല്ല. ഭരണകൂടവുമായുള്ള ഞങ്ങളുടെ ദൈനംദിന അനുഭവങ്ങളെ കാണിച്ചുതരുന്ന ഒരു കണ്ണാടിയാണത്. അധികാര വ്യവസ്ഥയുടെ അക്രമങ്ങളെ തുറന്നുകാട്ടുന്നതിനും അനീതികൾ സ്വാഭാവികമാണെന്ന പൊതുബോധത്തെ ചോദ്യം ചെയ്യുന്നതിനുമുള്ള ഒരു ജീവിക്കുന്ന സാക്ഷ്യമാണ് ഞങ്ങളുടെ ഓരോ പ്രകടനവും.
? ‘ബുധൻ തിയറ്റർ’ എന്ന പേരിന് കാരണമായ ബുധൻ ശബറിന്റെ കേസ് വിവരിക്കാമോ.
= ഇന്ത്യൻ മനുഷ്യാവകാശ ചരിത്രത്തിലെ തന്നെ ഏറ്റവും വേദന നിറഞ്ഞതും എന്നാൽ നിർണായകവുമായ ഒന്നാണത്. പശ്ചിമ ബംഗാളിലെ പുരുളിയ ജില്ലയിലെ ഖേരിയ ശബർ എന്ന സമുദായത്തിൽപ്പെട്ടയാളായിരുന്നു ബുധൻ ശബർ. ഈ സമുദായവും ബ്രിട്ടീഷുകാർ "ക്രിമിനൽ ഗോത്രമായി’ പ്രഖ്യാപിച്ചതിൽ ഒന്നായിരുന്നു. 1998 ഫെബ്രുവരി 10-‐ന് ഒരു കവർച്ചാക്കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരിൽ പൊലീസ് ബുധനെ അറസ്‌റ്റു ചെയ്‌തു. ക്രൂരമായ മർദനത്തിന് അദ്ദേഹം ഇരയായി ഏഴ് ദിവസത്തിന് ശേഷം, ഫെബ്രുവരി 17-‐ന് ലോക്കപ്പിനുള്ളിൽ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹം ആത്മഹത്യ ചെയ്‌തതാണ് എന്നായിരുന്നു പൊലീസ് വാദം. ബുധന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് മഹാശ്വേതാ ദേവി രംഗത്തെത്തി. സിബിഐ അന്വേഷണം നടക്കുകയും, ഇത് പൊലീസിന്റെ ഭാഗത്തുനിന്നുള്ള മർദനവും പീഡനവുമാണെന്ന് തെളിയുകയും ചെയ്‌തു. ലോക്കപ്പ് മർദനത്തെത്തുടർന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയ കോടതി, ബുധന്റെ ഭാര്യയ്‌ക്ക് നഷ്ടപരിഹാരം നൽകാനും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു. ഛാരാ നഗറിൽ നാടകസംഘം തുടങ്ങിയപ്പോൾ ഈ പോരാട്ടത്തെ ആദരിക്കാൻ തീരുമാനിച്ചു. ആദ്യനാടകത്തിന്റെ പേര് ‘ബുധൻ' എന്നായിരുന്നു. ബുധൻ ശബറിനെ പൊലീസ് വേട്ടയാടുന്നതും കൊല്ലുന്നതും വിവരിക്കുന്ന ഈ നാടകം ഇന്ത്യയിലുടനീളം അവതരിപ്പിക്കപ്പെടുകയും വലിയ ചർച്ചയാവുകയും ചെയ്‌തു.
? ‘സമീർ' എന്ന ചിത്രത്തിലൂടെ നിങ്ങൾ മുഖ്യധാരാ രാഷ്‌ട്രീയ ത്രില്ലറുകളുടെ ഭാഗമായല്ലോ. സിനിമയ്‌ക്ക് വേണ്ട ‘വാണിജ്യപരമായ വിജയവും' നാടകത്തിനുള്ള ‘വിട്ടുവീഴ്‌ചയില്ലാത്ത രാഷ്‌ട്രീയവും' തമ്മിൽ നിങ്ങൾ എങ്ങനെയാണ് ബാലൻസ് ചെയ്യുന്നത്.
= നാടകവും സിനിമയും രണ്ട് വ്യത്യസ്‌ത ആവിഷ്‌കാര രീതികളാണ്. നാടകം പ്രേക്ഷകരുമായി നേരിട്ടുള്ള, ശാരീരികമായ ഒരു സംവാദമാണ്. എന്നാൽ സിനിമ ഒരു മാസ് ഡിജിറ്റൽ മീഡിയമാണ്. സിനിമ നിർമിക്കുക എന്നത് വലിയ ചിലവുള്ള കാര്യമാണ്, കൂടാതെ സെൻസർഷിപ്പ് പോലുള്ള സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലുകൾ അവിടെയുണ്ട്. അതുകൊണ്ട് തന്നെ സിനിമയിൽ എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി മറ്റൊരു തലത്തിൽ എനിക്ക് പോരാടേണ്ടി വരുന്നു. നാടകത്തിന്റെ കാര്യത്തിൽ, ഞാൻ നാടകം കളിക്കാനോ സ്‌ക്രിപ്റ്റുകൾ എഴുതാനോ ആരുടെയും അനുവാദം ചോദിക്കാറില്ല. മൗലികാവകാശങ്ങൾ ഉപാധികളില്ലാത്തതായിരിക്കണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എനിക്ക് നാടകം എന്നത് ഒരു സാമൂഹിക- രാഷ്‌ട്രീയ പ്രതിബദ്ധതയാണ്, എന്നാൽ സിനിമ എന്റെ ഉപജീവനമാർഗമാണ്. ഇന്ത്യയിൽ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള കലാകാരന്മാർക്ക് രാഷ്‌ട്രീയ നാടകങ്ങൾ കൊണ്ട് മാത്രം സാമ്പത്തികമായി നിലനിൽക്കാൻ കഴിയില്ല. ‘സമീർ' എന്ന സിനിമയിലൂടെ ഒരു മുഖ്യധാരാ രാഷ്‌ട്രീയ ത്രില്ലർ ചെയ്യാൻ തീരുമാനിച്ചത് ബോധപൂർവമാണ്. കൂടുതൽ ആളുകളിലേക്ക് എത്താനും അതോടൊപ്പം തന്നെ അസ്വസ്ഥതയുണ്ടാക്കുന്ന ചില ചോദ്യങ്ങൾ ചോദിക്കാനും ഞാൻ ആഗ്രഹിച്ചു. ഉദാഹരണത്തിന്, "ഭീകരവാദം’ എന്ന പേരിൽ എങ്ങനെയാണ് ന്യൂനപക്ഷ സമുദായങ്ങൾ വേട്ടയാടപ്പെടുന്നത് എന്നത്. അടിച്ചമർത്തപ്പെട്ട സമുദായങ്ങൾ പരസ്‌പരം അവരുടെ പോരാട്ടങ്ങളെക്കുറിച്ച് സംസാരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള കലാകാരർ ഒന്നിക്കുമ്പോൾ, അവരുടെ ശബ്ദം ഇന്ത്യയുടെ രാഷ്‌ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രാപ്തമാകും.
? നിങ്ങളുടെ സമുദായത്തിലുള്ളവർ "ജന്മനാ അഭിനേതാക്കൾ’ ആണെന്ന് നിങ്ങൾ പറയാറുണ്ട്. ഈ ഒരു വിശേഷണം സിനിമാ വ്യവസായത്തിൽ അവർക്ക് ജോലി ലഭിക്കാൻ സഹായിക്കുന്നുണ്ടോ. അതോ ഗോത്രവർഗക്കാർ എപ്പോഴും തങ്ങളുടെ ജീവിതത്തിലെ സങ്കടങ്ങൾ മാത്രം അഭിനയിക്കേണ്ടിവരുന്ന ഒരു അവസ്ഥയിലേക്ക് (Pigeonholing) ഇത് അവരെ തള്ളിയിടുമോ.
= "ജന്മനാ അഭിനേതാക്കൾ’ എന്ന വാക്ക് ഉപയോഗിക്കുന്നത് അതൊരു ചരിത്രപരമായ സത്യമായതുകൊണ്ടാണ്, അല്ലാതെ വെറുതെ ഒരു ഭംഗിക്ക് പറയുന്നതല്ല. ഞങ്ങളുടെ പൂർവികർ അതിജീവിച്ചത് തന്നെ വളരെ ഉയർന്ന നിലവാരമുള്ള പ്രകടനങ്ങളിലൂടെയാണ്. ശ്രദ്ധ തിരിക്കുക, എപ്പോഴും ജാഗ്രത പാലിക്കുക തുടങ്ങിയ കാര്യങ്ങളിൽ അവർക്ക് വലിയ കൃത്യത ആവശ്യമായിരുന്നു. അവിടെ തെറ്റുകൾക്ക് സ്ഥാനമില്ലായിരുന്നു. ഒരർഥത്തിൽ, അതൊരു അദൃശ്യമായ നാടകവേദിയായിരുന്നു. അവിടെ അഭിനയം എന്നത് ഒരു കലാപരമായ തെരഞ്ഞെടുപ്പല്ല, മറിച്ച് ജീവൻ നിലനിർത്താനുള്ള ഏക മാർഗമായിരുന്നു. എങ്കിലും, ഇത്തരമൊരു വിശേഷണം നൽകുന്നതിൽ അപകടവുമുണ്ട്.
തെരുവ് നാടകത്തിലെ രംഗം
ബുധൻ തിയറ്ററിലെ നടന്മാർ ‘ഡൽഹി ക്രൈം 2' പോലുള്ള മുഖ്യധാരാ നിർമാണങ്ങളിൽ പ്രവർത്തിച്ചപ്പോൾ, അവരെ കൂടുതലും കാസ്‌റ്റ് ചെയ്‌തത് ഗോത്രക്കാരുടെ വേഷങ്ങളിലേക്കായിരുന്നു. അവരുടെ കഴിവിനോ പ്രൊഫഷണലിസത്തിനോ പ്രാധാന്യം നൽകുന്നതിന് പകരം, അവരുടെ സമുദായ ഐഡന്റിറ്റിയും സിമ്പതിയും നോക്കിയായിരുന്നു ഇത് എന്നാണ് തെളിയിക്കുന്നത്. ഈ കാഴ്‌ചപ്പാട് മാറ്റുക എന്നതാണ് ഞങ്ങളുടെ മുന്നിലുള്ള വെല്ലുവിളി. ഗോത്രവിഭാഗത്തിലെ കലാകാരർ വെറും വേദനയുടെ കഥകൾ പറയുന്നവരല്ല, മറിച്ച് ഏത് വേഷവും ചെയ്യാൻ കഴിവുള്ള പരിശീലനം സിദ്ധിച്ച അഭിനേതാക്കളാണെന്ന് അംഗീകരിക്കപ്പെടണം. ജാതീയത നിലനിൽക്കുന്ന ഒരു സാംസ്‌കാരിക മേഖലയെ ഇത് ബോധ്യപ്പെടുത്തുക എന്നത് വലിയ പോരാട്ടമാണ്.
"ഞങ്ങൾ ജനിക്കുന്നത് കുറ്റവാളികളായിട്ടല്ല, കലാകാരന്മാരായിട്ടാണ്’ എന്ന വാചകം ഞങ്ങളുടെ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവാണ്. ഈ വിടവ് നികത്തുന്നതിനായി ഞങ്ങൾ ‘നോമാഡ് സ്‌കൂൾ ഓഫ് ഫിലിം മേക്കിങ് ആൻഡ് പെർഫോമൻസ് സ്റ്റഡീസ്' (Nomad School of Filmmaking and Performance Studies) സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ളവർക്ക് പ്രൊഫഷണലായ സാങ്കേതിക-‐കലാപരമായ പരിശീലനം നൽകുകയാണ് ഇതിന്റെ ലക്ഷ്യം. അതുവഴി അവർക്ക് സ്വന്തം കഥകൾ ജനപ്രിയമായ രീതിയിൽ ലോകത്തോട് പറയാൻ സാധിക്കും.
? വെറുമൊരു "ബോധവൽക്കരണം’ എന്നതിനപ്പുറം, ദാരിദ്ര്യം കാരണം പണ്ട് ഛാര യുവാക്കൾ ചെയ്യേണ്ടിവന്നിരുന്ന ചെറിയ കുറ്റകൃത്യങ്ങളിൽനിന്ന് അവരെ മോചിപ്പിക്കാൻ ബുധൻ തിയറ്റർ പ്രായോഗികമായി എങ്ങനെയാണ് സഹായിച്ചിട്ടുള്ളത്.
= വെറുമൊരു ബോധവൽക്കരണം എന്നതിലുപരി, ദാരിദ്ര്യം മൂലമുള്ള കുറ്റകൃത്യങ്ങളിൽ നിന്ന് മാറി ചിന്തിക്കാൻ ഛാര യുവാക്കൾക്ക് ബുധൻ തിയറ്റർ ഒരു വഴിത്തിരിവായിട്ടുണ്ട്. വ്യാജമദ്യ നിർമാണവും മോഷണവുംകൊണ്ട് മാത്രം ജീവിച്ചിരുന്ന കുടുംബങ്ങളിൽ നിന്നാണ് പല യുവാക്കളും നാടകത്തിലേക്ക് വന്നത്. നാടകം അവർക്ക് സ്വന്തം ചരിത്രം മനസ്സിലാക്കിക്കൊടുക്കുകയും, കുറ്റവാളികൾ എന്ന മുദ്രയെ തള്ളിക്കളഞ്ഞ് അന്തസ്സുള്ള ജീവിതം സ്വപ്‌നം കാണാൻ അവരെ പ്രാപ്തരാക്കുകയും ചെയ്‌തു. കഴിഞ്ഞ 25 വർഷത്തിനിടയിൽ ബുധൻ തിയറ്ററിലൂടെ പലരും വലിയ തൊഴിൽ മാറ്റങ്ങൾ നടത്തിയിട്ടുണ്ട്.
നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽനിന്ന് ബിരുദം നേടിയവർ, ബോളിവുഡ് നടനായി മാറിയ ഒരാൾ, നിരവധി ഹിന്ദി സിനിമകളിൽ അഭിനയിച്ചവർ, പത്രപ്രവർത്തകർ, ഗുജറാത്തി സിനിമയിലെ ഏറ്റവും തിരക്കുള്ള നടി, ഫിലിം മേക്കർമാർ, കണ്ടന്റ് റൈറ്റർമാർ, പ്രമുഖ ടിവി ചാനലുകളിലെ അവതാരകർ അങ്ങനെ നിരവധിപേർ. എങ്കിലും ചില യാഥാർഥ്യങ്ങൾ പറയാതിരിക്കാൻ കഴിയില്ല. നാടകം എന്നത് ഇന്നും എല്ലാവർക്കും ഒരു സ്ഥിരവരുമാന മാർഗമല്ല. പലരും ഇന്നും കൊടിയ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. എട്ട് വയസ്സുമുതൽ ഞങ്ങളോടൊപ്പമുണ്ടായിരുന്ന അങ്കുർ ഗരാംഗെയെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. നാടകത്തിന് അദ്ദേഹത്തിന് ആവശ്യമായ സാമ്പത്തിക സുരക്ഷിതത്വം നൽകാൻ കഴിഞ്ഞില്ല. ദാരിദ്ര്യവും മദ്യപാനവും ഒടുവിൽ അദ്ദേഹത്തിന്റെ ജീവനെടുത്തു. അതുകൊണ്ട് തന്നെ ബുധൻ തിയറ്ററിന്റെ സ്വാധീനം അതിന്റെ നേട്ടങ്ങളോടും പരിമിതികളോടുംകൂടി വേണം മനസ്സിലാക്കാൻ. ഇത് യുവാക്കൾക്ക് വലിയ പ്രചോദനവും പുതിയൊരു ഭാവിയും നൽകിയിട്ടുണ്ട്. എങ്കിലും കൃത്യമായ സർക്കാർ പിന്തുണയും സാമ്പത്തിക സുരക്ഷയും ഇല്ലാതെ ഇത്തരം നാടകസംഘങ്ങൾക്ക് മാത്രം എല്ലാ യുവാക്കളെയും രക്ഷിക്കാൻ കഴിയില്ല.
ബുധൻ തിയറ്ററിലൂടെ വളർന്നുവരികയും പിന്നീട് കലാരംഗത്തും മാധ്യമരംഗത്തും സ്വന്തമായ ഇടം കണ്ടെത്തുകയും ചെയ്‌ത പ്രമുഖരുണ്ട്. ബുധൻ തിയറ്ററിൽനിന്ന് നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ എത്തിയ പ്രതിഭ അലോക് ഗരാംഗെ പ്രശസ്‌ത ബോളിവുഡ് നടനാണ്. ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തു. ദൗർഭാഗ്യവശാൽ നമ്മെ വിട്ടുപിരിഞ്ഞെങ്കിലും, ബുധൻ തിയറ്ററിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ച കലാകാരൻ അങ്കുർ ഗരാംഗെ, ഇന്ന് ഗുജറാത്തി സിനിമാ മേഖലയിലെ തിരക്കുള്ള നായികനടി ദീക്ഷ മോഹൻ, നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുകയും പിന്നീട് ‘ഡൽഹി ക്രൈം സീസൺ 2' ഉൾപ്പെടെ പ്രശസ്‌തമായ വെബ് സീരീസുകളിലും സിനിമകളിലും വേഷമിടുകയും ചെയ്‌ത വിവേക് ഛാര, ബുധൻ തിയറ്ററിലെ മുൻനിര നടനും സംവിധായകനും ഗിരിഷ് കർണാടിന്റെയും മറ്റും നാടകങ്ങളിൽ മുദ്ര പതിപ്പിച്ച ആതിഷ് ഇന്ദരേകർ തുടങ്ങി ഒരു പിടിയാളുകളുണ്ട്. കൂടാതെ, സമുദായത്തിൽ നിന്നുള്ള യുവാക്കൾ അഹമ്മദാബാദ് മിറർ, സീ ന്യൂസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ അവതാരകരായും റിപ്പോർട്ടർമാരായും ജോലി ചെയ്യുന്നു.
? അന്തസ്സ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണല്ലോ ബുധൻ തിയറ്റർ തുടങ്ങിയത്. ഗുജറാത്തിലെ ഇന്നത്തെ സങ്കീർണമായ രാഷ്‌ട്രീയ സാഹചര്യത്തിൽ, സെൻസർഷിപ്പിനെ മറികടക്കാനും ജനങ്ങളിലേക്ക് എത്താനും നിങ്ങൾ എങ്ങനെയാണ് തെരുവുനാടകങ്ങളെ ഉപയോഗിക്കുന്നത്. രാഷ്‌ട്രീയ അധികാരികളെ നേരിട്ട് ചൊടിപ്പിക്കാതെ ചോദ്യങ്ങൾ ചോദിക്കാൻ നിങ്ങളുടെ പൂർവികരിൽ നിന്ന് ലഭിച്ച ‘ഇൻവിസിബിൾ തിയറ്റർ' (അദൃശ്യമായ നാടകവേദി) തന്ത്രങ്ങൾ ഇന്നും ഫലപ്രദമാണോ.
= ബുധൻ തിയറ്റർ ഇതുവരെ ഇന്ത്യയിലുടനീളം ആയിരത്തിലധികം വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകൾ, കോളേജുകൾ, ഗോത്രവർഗ മേളകൾ, മരച്ചുവടുകൾ തുടങ്ങി പലയിടങ്ങളിലും ഞങ്ങൾ പരിപാടികൾ നടത്തി. മിക്കപ്പോഴും ഞാൻ നാടകം അവതരിപ്പിക്കാൻ മുൻകൂർ അനുവാദം ചോദിക്കാറില്ല. കാരണം, വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്ന ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഭരണകൂടം എന്റെ നാടകങ്ങൾക്ക് അനുമതി നൽകില്ലെന്ന് എനിക്കറിയാം.
2003-‐ൽ ഇത്തരമൊരു നിലപാട് കാരണം ഞാൻ അറസ്റ്റ് ചെയ്യപ്പെടുകയും 16 ദിവസം ജയിലിൽ കിടക്കേണ്ടിവരികയും ചെയ്‌തു. വർഷങ്ങളോളം തയ്യാറെടുത്തിരുന്ന യുപിഎസ്‌സി പരീക്ഷ എനിക്ക് ഇതിനാൽ നഷ്ടമായി. 1876-‐ലെ നിയമം റദ്ദാക്കിയെങ്കിലും ഗുജറാത്ത് പൊലീസ് ആക്ട് പ്രകാരം ഇന്നും എവിടെ നാടകം കളിക്കാനും പൊലീസിന്റെ അനുവാദം വേണം. ഇത് മറികടക്കാൻ ചിലപ്പോൾ ഞങ്ങൾ നാടകങ്ങൾ റെക്കോഡ് ചെയ്‌ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാറുണ്ട്. ഇത് സർക്കാരിന്റെ ഇടപെടലില്ലാതെ ജനങ്ങളിലേക്കെത്താൻ സഹായിക്കുന്നു. ഞങ്ങളുടെ പൂർവികർ ഉപയോഗിച്ചിരുന്ന ‘ഇൻവിസിബിൾ തിയറ്റർ' (അദൃശ്യനാടകവേദി) തന്ത്രങ്ങളാണ് ഇന്നും ഞങ്ങളുടെ ഏറ്റവും വലിയ ആയുധം. നാടകമാണെന്ന് തിരിച്ചറിയാത്ത രീതിയിൽ പൊതുസ്ഥലങ്ങളിൽ വച്ച് യാദൃച്ഛികമായി നടത്തുന്ന ഇത്തരം പ്രകടനങ്ങളിലൂടെ അധികാരികളെ ചോദ്യം ചെയ്യാനും ജനങ്ങളെ ചിന്തിപ്പിക്കാനും ഞങ്ങൾക്ക് സാധിക്കുന്നു. പൊലീസിന്റെ നേരിട്ടുള്ള നടപടികൾ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. പ്രകടനങ്ങൾക്കുള്ള വേദികൾ കുറഞ്ഞുവരികയും നിരീക്ഷണം ശക്തമാവുകയും ചെയ്യുന്ന ഈ കാലത്ത്, ഈ തന്ത്രങ്ങൾ ഞങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗവും രാഷ്‌ട്രീയമായ നിലനിൽപ്പുമാണ്.
ദക്ഷിൺ ബജ്‌രംഗേ ഛാര ഫോട്ടോ: എം എ ശിവപ്രസാദ്
? ‘ഡ്രമാറ്റിക് പെർഫോമൻസ് ആക്ട്' പോലുള്ള കൊളോണിയൽ കാലത്തെ നിയമങ്ങൾക്കെതിരെ നിങ്ങൾ പോരാടിയിട്ടുണ്ട്. പൊലീസിന്റെ പരിശോധന കൂടാതെ ഗോത്രവർഗക്കാർക്ക് നാടകങ്ങൾ അവതരിപ്പിക്കാൻ ആധുനിക ഇന്ത്യയിലെ ഭരണകൂടങ്ങൾ പോലും ഇന്നും മടിക്കുന്നത് എന്തുകൊണ്ടാണ്.
= ഗോത്രവർഗക്കാരുടെ പ്രകടനങ്ങൾക്കുമേലുള്ള പൊലീസ് നിരീക്ഷണം സ്വതന്ത്രമായ ചിന്തകളോടും വിയോജിപ്പുകളോടും ആധുനിക ഭരണകൂടത്തിനുള്ള കടുത്ത അസ്വസ്ഥതയെയാണ് കാണിക്കുന്നത്. ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യത്തിൽ, വിയോജിപ്പുകളെ പലപ്പോഴും "ദേശവിരുദ്ധം’ എന്ന് മുദ്രകുത്തുകയും പ്രതിഷേധങ്ങളെ ഒരു ജനാധിപത്യ അവകാശമായി കാണുന്നതിന് പകരം ക്രമസമാധാന പ്രശ്നമായി പരിഗണിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച്, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ തങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോൾ അത് വലിയ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, നാടകം എന്നത് ഇന്നും ആർക്കും പൂർണമായി വിലയ്‌ക്കെടുക്കാനോ മലിനമാക്കാനോ കഴിയാത്ത ചുരുക്കം ചില ഇടങ്ങളിൽ ഒന്നാണ്. അത് നേരിട്ട് ജനങ്ങളുമായി സംവദിക്കുകയും അവരെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇതുതന്നെയാണ് അധികാരികൾ ഇതിനെ അപകടകാരിയായി കാണാൻ കാരണവും. ചിന്ത തന്നെ ഒരു രാഷ്‌ട്രീയ പ്രവർത്തനമാണ്: ആളുകൾ വിമർശനാത്മകമായി ചിന്തിച്ചു തുടങ്ങുമ്പോൾ നിലവിലുള്ള രാഷ്‌ട്രീയ നയങ്ങൾ ചോദ്യം ചെയ്യപ്പെടും. ഇത് അധികാരത്തെ അസ്വസ്ഥമാക്കുന്നു. 1876-‐ലെ ബ്രിട്ടീഷ് നിയമത്തിന്റെ (ഡ്രമാറ്റിക് പെർഫോമൻസസ് ആക്ട്) അതേ യുക്തി തന്നെയാണ് ഇന്നും ‘ഗുജറാത്ത് പൊലീസ് ആക്ട്' പോലുള്ള നിയമങ്ങളിലൂടെ തുടരുന്നത്. മിക്ക സംസ്ഥാനങ്ങളിലും പഴയ നിയമം റദ്ദാക്കിയെങ്കിലും നാടകം കളിക്കാൻ പൊലീസിന്റെ മുൻകൂർ അനുമതി വേണമെന്ന നിബന്ധനകളിലൂടെ അതിന്റെ സ്വാധീനം ഇന്നും നിലനിൽക്കുന്നു. നാടകത്തിലെ ഉള്ളടക്കം നിയന്ത്രിക്കാൻ ഭരണകൂടത്തിന് കിട്ടുന്ന എളുപ്പവഴിയാണിത്. ഇതിലെ വൈരുധ്യം വളരെ വ്യക്തമാണ്. ഗോത്രവർഗക്കാർ സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ വെറും നാടോടിനൃത്തങ്ങൾ അവതരിപ്പിക്കുമ്പോൾ അതിനെ "സാംസ്‌കാരിക വൈവിധ്യം’ എന്ന് വിളിച്ച് ഭരണകൂടം ആഘോഷിക്കും. എന്നാൽ ഇതേ ആളുകൾ തന്നെ നാടകത്തിലൂടെ മണ്ണിൽ നിന്നുള്ള കുടിയൊഴിപ്പിക്കലിനെക്കുറിച്ചോ, വനാവകാശത്തെക്കുറിച്ചോ, പൊലീസ് അതിക്രമത്തെക്കുറിച്ചോ സംസാരിച്ചാൽ അപ്പോൾ അത് സെൻസർ ചെയ്യപ്പെടും. കാരണം, ആ ചിന്തകൾക്ക് നിലവിലെ രാഷ്‌ട്രീയ അധികാരത്തെ തടസ്സപ്പെടുത്താനും മാറ്റങ്ങൾ കൊണ്ടുവരാനുമുള്ള കരുത്തുണ്ട്. ചുരുക്കത്തിൽ, ജനങ്ങളെ ചിന്തിപ്പിക്കുന്ന കലാരൂപങ്ങളെ ഭരണകൂടം ഭയപ്പെടുന്നു. കാരണം, ചിന്തയ്‌ക്ക് നിലവിലുള്ള രാഷ്‌ട്രീയ അധികാരത്തെ തകിടംമറിക്കാനും മാറ്റിമറിക്കാനുമുള്ള കരുത്തുണ്ട്.
? നിങ്ങൾ ഐക്യരാഷ്‌ട്രസഭയിൽ ഡിനോട്ടിഫൈഡ് ഗോത്രങ്ങളെ പ്രതിനിധീകരിക്കുകയും യുകെയിൽ പഠിക്കുകയും ചെയ്‌തിട്ടുണ്ടല്ലോ. ഇന്ത്യൻ ഡിനോട്ടിഫൈഡ് ഗോത്രങ്ങളുടെ പോരാട്ടങ്ങളെ ആഗോളതലത്തിലുള്ള തദ്ദേശീയ പ്രസ്ഥാനങ്ങളുമായോ (Indigenous movements) പാശ്ചാത്യ രാജ്യങ്ങളിലെ "ദരിദ്ര നാടകവേദി’ പാരമ്പര്യങ്ങളുമായോ നിങ്ങൾ എങ്ങനെയാണ് ബന്ധിപ്പിക്കുന്നത്.
----= യുകെയിലെ ലീഡ്‌സ് സർവകലാശാലയിൽ ഗ്ലോബൽ ഡെവലപ്‌മെന്റ് സ്റ്റഡീസ് പഠിക്കുന്ന കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ തദ്ദേശീയ പ്രസ്ഥാനങ്ങളെ നിരീക്ഷിക്കാൻ എനിക്ക് അവസരം ലഭിച്ചു. കാനഡയിലെ ‘ഫസ്റ്റ് നേഷൻസ്' വിഭാഗത്തിന്റെ ഭൂമിക്കായുള്ള പോരാട്ടം, ന്യൂസിലൻഡിലെ ‘മാവോറി' ജനതയുടെ ഭാഷാ സംരക്ഷണ പ്രവർത്തനങ്ങൾ, നോർവേയിലെ‘സാമി' വംശജരുടെ ആക്ടിവിസം, യൂറോപ്പിലെ ‘റോമ' പ്രസ്ഥാനത്തിന്റെ പൗരത്വത്തിനായുള്ള പോരാട്ടം എന്നിവയെല്ലാം ഇതിൽപ്പെടും. ഇന്ത്യൻ ഡിനോട്ടിഫൈഡ് ഗോത്രങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കും‐ സാംസ്‌കാരിക അതിജീവനം, ഭരണഘടനാപരമായ സംരക്ഷണം, ഭൂമിക്കായുള്ള അവകാശം‐ ഇവയുമായി വലിയ സാമ്യമുണ്ട്. എങ്കിലും, ആഗോള പ്രസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ഡിഎൻടി പ്രസ്ഥാനം ഇന്നും അതിന്റെ പ്രാഥമിക ഘട്ടത്തിലാണ്. വലിയ രാഷ്‌ട്രീയ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയുന്ന സ്വതന്ത്രമായ നേതൃത്വം നമുക്ക് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. പലപ്പോഴും ഡിഎൻടി പ്രശ്നങ്ങൾ എൻജിഒകളുടെ വെറുമൊരു "ക്ഷേമ പ്രവർത്തനമായി’ ഒതുങ്ങിപ്പോകുന്നു. ഫണ്ടിങ് ഘടനകളും സർക്കാരിന്റെ കർശനമായ നിരീക്ഷണവും ഒരു ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാൽ രാഷ്‌ട്രീയമായ ഇടപെടലുകളിൽ നിന്ന് ഡിഎൻടി പ്രവർത്തകർ പലപ്പോഴും പിന്തിരിപ്പിക്കപ്പെടുന്നു. ഇത് സമുദായത്തിനുള്ളിൽ നിന്ന് ശക്തമായ നേതൃത്വം വളർന്നുവരുന്നത് തടയുന്നു. വെറും ക്ഷേമ പ്രവർത്തനങ്ങൾക്കപ്പുറം അവകാശങ്ങൾക്കും ഭരണഘടനാപരമായ പങ്കാളിത്തത്തിനും വേണ്ടിയുള്ള ഒരു രാഷ്‌ട്രീയ മുന്നേറ്റമാണ് ഇപ്പോൾ ആവശ്യം. ജെർസി ഗ്രോട്ടോവ്‌സ്‌കിയുടെ "പാവപ്പെട്ടവരുടെ നാടകവേദി’ എന്ന സങ്കൽപ്പം ബുധൻ തിയറ്ററിന്റെ പ്രവർത്തനങ്ങളുമായി ആഴത്തിൽ ചേർന്നുനിൽക്കുന്നതാണ്. നാടകം ഭൗതികമായ വിഭവങ്ങളിൽ ദരിദ്രമായിരിക്കാം (മിനിമം വേഷാലങ്കാരങ്ങൾ, ലളിതമായ സെറ്റുകൾ), പക്ഷേ അത് മനുഷ്യസാന്നിധ്യംകൊണ്ടും അച്ചടക്കംകൊണ്ടും തീവ്രതകൊണ്ടും സമ്പന്നമായിരിക്കണം എന്നദ്ദേഹം വാദിച്ചു. നാടകത്തെ അതിജീവനത്തിനായുള്ള ഒരു മാർഗമായും ഒരു അനുഷ്ഠാനമായും ജീവിക്കുന്ന സാക്ഷ്യമായുമാണ് ബുധൻ തിയറ്റർ കാണുന്നത്. യുകെയിലെ ചെറിയ ഭൂഗർഭ നാടകവേദികളിലും സമാനമായ ഊർജം ഞാൻ അനുഭവിച്ചു. വലിയ ഹാളുകളെ അപേക്ഷിച്ച് ഇത്തരം ചെറിയ ഇടങ്ങളിൽ പ്രകടനങ്ങൾ കൂടുതൽ ശക്തവും ഹൃദയസ്‌പർശിയുമായിരുന്നു. ആഗോള തദ്ദേശീയ നാടക പ്രസ്ഥാനങ്ങളും "ദരിദ്ര നാടകവേദിയും’ ഒരു കാര്യം പങ്കുവയ്‌ക്കുന്നുണ്ടെന്ന് ഈ അനുഭവങ്ങൾ എന്നെ ബോധ്യപ്പെടുത്തി: അത് സ്വന്തം ശരീരവും ഓർമയും സാന്നിധ്യവും ഉപയോഗിച്ച് വിവേചനങ്ങളെ ചെറുക്കുകയും അന്തസ്സ് വീണ്ടെടുക്കുകയും ചെയ്യുക എന്ന പോരാട്ടമാണ്.
ദക്ഷിൺ ബജ്‌രംഗേ ഛാര ഫോട്ടോ: എം എ ശിവപ്രസാദ്
? ഗുജറാത്തിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ, ഡിനോട്ടിഫൈഡ് ഗോത്രങ്ങളോടുള്ള സർക്കാരിന്റെ സമീപനത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ. അവരെ സമൂഹത്തിലേക്ക് ചേർക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയോ, അതോ പഴയ കൊളോണിയൽ കാലത്തെ പൊലീസ് നോട്ടം തന്നെയാണോ ഇന്നും തുടരുന്നത്.
= ഗുജറാത്ത് സർക്കാരിന്റെ സമീപനത്തിൽ ആത്മാർഥമായ യാതൊരു മാറ്റവും എനിക്ക് കാണാൻ കഴിയുന്നില്ല. ഡിഎൻടി സമുദായങ്ങളുടെ പുരോഗതിക്കായി ഗൗരവകരമായ നയങ്ങൾ രൂപീകരിക്കാൻ സർക്കാരിന് താൽപ്പര്യമില്ല. ഇതിലെ ഏറ്റവും വലിയ പ്രശ്നം, ഭരണഘടനയിൽ പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ വിഭാഗങ്ങൾക്കുള്ളതുപോലെ ഒരു പ്രത്യേക അംഗീകാരം ഡിനോട്ടിഫൈഡ് ഗോത്രങ്ങൾക്കില്ല എന്നതാണ്. പകരം, ഞങ്ങളെ ഒബിസി എന്ന വലിയ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാഷ്‌ട്രീയമായും സാമൂഹികമായും മുന്നിട്ടുനിൽക്കുന്ന മറ്റ് ഒബിസി വിഭാഗങ്ങളോട് മത്സരിക്കാൻ ഞങ്ങൾക്ക് കഴിയില്ല. ഫലത്തിൽ, ഒബിസി പട്ടികയുടെ ഏറ്റവും താഴെയായി ഞങ്ങൾ ഇന്നും അവഗണിക്കപ്പെടുന്നു. ഭരണഘടനാപരമായ കടമ എന്നതിലുപരി വെറും "അനുകമ്പ’ എന്ന നിലയിലാണ് സർക്കാർ ഞങ്ങളെ കാണുന്നത്. നാടോടി- ഡിനോട്ടിഫൈഡ് ഗോത്രങ്ങൾക്കായി ഒരു ബോർഡ് സംസ്ഥാനത്തുണ്ടെങ്കിലും അതിന്റെ പ്രവർത്തനം അത്ര മികച്ചതല്ല. 1.2 കോടിയിലധികം വരുന്ന ജനസംഖ്യയ്‌ക്ക് വേണ്ടി വെറും 18 കോടി രൂപയാണ് നീക്കിവയ്‌ക്കുന്നത്. ഇതിൽ നല്ലൊരു പങ്കും ഭരണപരമായ ചിലവുകൾക്കാണ് പോകുന്നത്. ഇത് തന്നെ സർക്കാരിന്റെ താൽപ്പര്യമില്ലായ്‌മയ്‌ക്ക് തെളിവാണ്. സാധാരണക്കാരുടെ ജീവിതത്തിലേക്ക് നോക്കിയാൽ, ഇന്നും ഇൗ വിഭാഗത്തിലെ കുട്ടികൾക്ക് ജാതി സർട്ടിഫിക്കറ്റും നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റും ലഭിക്കാൻ വലിയ പ്രയാസമാണ്. സമുദായത്തിൽ പഠിപ്പുള്ളവർ ഉണ്ടായിട്ടും ബോർഡിന്റെ തലപ്പത്ത് ഇരിക്കുന്നത് സമുദായത്തിന് പുറത്തുള്ള ഉയർന്ന ജാതിക്കാരാണ്. ഞങ്ങളുടെ ഇടയിൽനിന്ന് സ്വതന്ത്രമായ ഒരു നേതൃത്വം വളർന്നുവരുന്നത് സർക്കാർ ആഗ്രഹിക്കുന്നില്ല. പകരം സർക്കാരിന്റെ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കുന്ന മേൽജാതി നേതൃത്വത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലൂടെ ഞങ്ങളുമായി ഇടപഴകാനാണ് ഭരണകൂടം താൽപ്പര്യപ്പെടുന്നത്. ഡിഎൻടി വിദ്യാർഥികൾക്കായി പ്രത്യേക സംവരണമില്ല. ഒബിസി എന്ന നിലയിൽ ലഭിക്കുന്ന സ്‌കോളർഷിപ്പുകൾ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ലഭിക്കുന്നതുമായി താരതമ്യം ചെയ്‌താൽ തുച്ഛമാണ്.
? നവരാത്രി ആഘോഷങ്ങളിലൂടെയും കച്ചവട വിജയങ്ങളിലൂടെയുമാണല്ലോ ഗുജറാത്തിന്റെ സാംസ്‌കാരിക വ്യക്തിത്വം ലോകമെമ്പാടും അറിയപ്പെടുന്നത്. എന്നാൽ ഡിനോട്ടിഫൈഡ് വിഭാഗങ്ങൾക്ക് അവരുടേതായ സമ്പന്നമായ വായ്‌മൊഴി പാരമ്പര്യവും കലകളുമുണ്ട്. ‘മുഖ്യധാരാ ഗുജറാത്തി സംസ്‌കാരത്തിൽ' ഛാരകളുടെ ചരിത്രത്തിന് സ്ഥാനമുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ. അതോ നിങ്ങളുടെ പ്രവർത്തനങ്ങൾ ഗുജറാത്തിന്റെ ഈ പൊതുവായ പ്രതിച്ഛായയെ ചോദ്യം ചെയ്യുന്ന ഒരു ‘ബദൽ സംസ്‌കാരം' ആണോ.
= മുഖ്യധാരാ ഗുജറാത്തി സംസ്‌കാരത്തിനുള്ളിൽ സ്വന്തം ഇടം കണ്ടെത്താൻ ഡിനോട്ടിഫൈഡ് സമുദായങ്ങൾ ഇന്നും കഷ്ടപ്പെടുകയാണ്. ഭരണകൂടവും നിയമപാലകരും ഇന്നും ഞങ്ങളെ ‘പുറത്തുള്ളവർ' ആയാണ് കാണുന്നത്. ഞങ്ങളുടെ താമസരേഖകൾ ചോദ്യം ചെയ്യപ്പെടുന്നു, ഞങ്ങളുടെ പേരുകൾ പൊലീസിന്റെ ഹിസ്‌റ്ററി ഷീറ്റുകളിൽ ഇടംപിടിക്കുന്നു. പൊതുസ്ഥലത്ത് ഞങ്ങളുടെ ഭാഷ സംസാരിക്കുന്നതുപോലും സംശയത്തിനും തടഞ്ഞുവയ്‌ക്കലിനും കാരണമാകുന്നു; കാരണം ഞങ്ങളുടെ ഭാഷ അവർക്ക് "കള്ളന്മാരുടെ ഭാഷ’യാണ്. ഗുജറാത്തിലെ നാടകവേദിയോ മുഖ്യധാരാ മാധ്യമങ്ങളോ ഡിനോട്ടിഫൈഡ് സമുദായങ്ങളുടെ ശബ്ദത്തിന് അർഹമായ പ്രാധാന്യം നൽകാറില്ല. ഗുജറാത്തി സിനിമാ മേഖലയിലെ ചിലർക്ക് ഞങ്ങളുടെ കഥകളിൽ താൽപ്പര്യമുണ്ടെങ്കിലും, അവർ ആ കഥകളെ കാണുന്നത് അവരുടെ കാഴ്‌ചപ്പാടിലൂടെയാണ്. ഞങ്ങളുടെ സമുദായത്തിന്റെ യഥാർഥ അനുഭവങ്ങളെ അവർ അവഗണിക്കുന്നു. അതുകൊണ്ട് തന്നെ, ഞങ്ങളുടെ പ്രവർത്തനങ്ങൾ ഒരു ‘ബദൽ സംസ്‌കാരം' ആണ്. ഗുജറാത്തിനെക്കുറിച്ചുള്ള ഒരേതരം (Homogenized) പ്രതിച്ഛായയെ അത് ചോദ്യം ചെയ്യുന്നു. ഛാരകളുടെ ചരിത്രപരവും സാംസ്‌കാരികവും കലാപരവുമായ വ്യക്തിത്വം ഞങ്ങളുടെ സ്വന്തം വാക്കുകളിൽ ഉറപ്പിച്ചു പറയാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
? ഡിനോട്ടിഫൈഡ് സമുദായങ്ങളെ പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ വിഭാഗങ്ങളിൽ ഉൾപ്പെടുത്തുന്നതിന് പകരം ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയത് ഭരണകൂടം കാണിക്കുന്ന ഒരു ‘ക്രിമിനൽ കുറ്റം' ആണെന്ന് നിങ്ങൾ പറയാറുണ്ട്. രാഷ്‌ട്രീയമായി നോക്കിയാൽ, ഈ തെറ്റായ വർഗീകരണം ഗുജറാത്തിൽ ഒരു രാഷ്‌ട്രീയ ശക്തിയാകാനുള്ള നിങ്ങളുടെ സമുദായത്തിന്റെ കഴിവിനെ എങ്ങനെ ബാധിക്കുന്നു. ഡിഎൻടി വിഭാഗങ്ങൾക്ക് മാത്രമായി ഒരു പ്രത്യേക ഭരണഘടനാ പദവി നൽകുന്നതിനെ അധികാരികൾ ഇത്രയധികം എതിർക്കുന്നത് എന്തുകൊണ്ടാണ്.
= ഒരു സാമൂഹിക വിഭാഗവും തങ്ങൾക്ക് കിട്ടുന്ന ആനുകൂല്യങ്ങളുടെ "കേക്കി’ൽനിന്ന് ഒരു പങ്ക് മറ്റൊരാൾക്ക് നൽകാൻ ആഗ്രഹിക്കില്ല. ഭരണഘടന രൂപീകരിക്കുന്ന സമയത്ത് കൃത്യമായ വിഹിതം ചോദിച്ചുവാങ്ങാൻ വിഭാഗങ്ങൾക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം. ഇന്ത്യയിലുടനീളമുള്ള ഡിഎൻടി വിഭാഗങ്ങളെ ബാധിക്കുന്ന സങ്കീർണമായ പ്രശ്നമാണിത്. ചരിത്രപരമായി നോക്കിയാൽ, 1928-‐ൽ സൈമൺ കമീഷന് നൽകിയ മെമ്മോറാണ്ടത്തിൽ ഡോ. ബി ആർ അംബേദ്കർ ഇത്തരം വിഭാഗങ്ങളെ ‘അടിച്ചമർത്തപ്പെട്ട വർഗങ്ങളിൽ' ഉൾപ്പെടുത്തിയിരുന്നു. പിൽക്കാലത്ത് ഇക്കാര്യത്തിൽ ചില മാറ്റങ്ങൾ വന്നു. 1928-‐ൽ ഡൽഹിയിലെ സാൻസി ബസ്‌തി സന്ദർശിച്ച ഗാന്ധിജി, ‘ക്രിമിനൽ ട്രൈബ്സ് ആക്ടി'നെ വിമർശിച്ചിരുന്നു. ജയിലുകളിലെ ജാതിവിവേചനത്തെക്കുറിച്ച് ഈയിടെ വന്ന സുപ്രീം കോടതി വിധികൾ ശ്രദ്ധേയമാണ്. ‘ക്രിമിനൽ ഗോത്രങ്ങളെ' കോടതി പട്ടികജാതിക്കാരായി (SC) തിരിച്ചറിയുകയും അവർ നേരിടുന്ന സാമൂഹിക കളങ്കത്തെക്കുറിച്ച് പരാമർശിക്കുകയും ചെയ്‌തിട്ടുണ്ട്. പട്ടികജാതി പദവിക്കായി ശബ്ദമുയർത്താൻ ഇത് ഞങ്ങൾക്ക് ഒരു നിയമപരമായ അടിത്തറ നൽകുന്നു. ഈ പദവി ലഭിക്കുന്നത് ഞങ്ങളുടെ രാഷ്‌ട്രീയ ശബ്ദത്തെ ശക്തിപ്പെടുത്തുകയും അംബേദ്കറും ഗാന്ധിജിയും വിഭാവനം ചെയ്‌ത സാമൂഹിക നീതി പൂർത്തിയാക്കാൻ സഹായിക്കുകയും ചെയ്യും. ചില ഡിഎൻടി നേതാക്കൾ പട്ടികവർഗ പദവിക്കായും വാദിക്കുന്നുണ്ട്. കാരണം, പല സമുദായങ്ങളും ഇന്നും ഗോത്ര ആചാരങ്ങൾ പിന്തുടരുന്നവരും ഗോത്രഭാഷ സംസാരിക്കുന്നവരുമാണ്. പ്രധാന കാര്യം, വലിയ രാഷ്‌ട്രീയ ശക്തിയുള്ള ഗ്രൂപ്പുകൾ അടങ്ങിയ ഒബിസി വിഭാഗത്തിനുള്ളിൽ ഞങ്ങൾ ഇനിയും ഒതുങ്ങിക്കൂടാൻ പാടില്ല എന്നതാണ്. 2000-‐ൽ പ്രതിരോധ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസിനെ ഞാൻ കണ്ട കാര്യം ഓർക്കുന്നു. ജനാധിപത്യത്തെക്കുറിച്ച് അദ്ദേഹം എനിക്കൊരു പാഠം നൽകി: "അവകാശങ്ങൾ നേടിയെടുക്കുന്നത് എണ്ണത്തിലൂടെയാണ്.’ ഇന്ത്യയിലെ ആറ് കോടി വരുന്ന ഡിഎൻടി വിഭാഗത്തിൽനിന്ന് ചെറിയ പ്രതിഷേധങ്ങൾ ഉണ്ടായാൽ അത് ആരും ശ്രദ്ധിക്കില്ല. ലക്ഷക്കണക്കിന് ആളുകൾ തെരുവിൽ ഇറങ്ങുമ്പോൾ മാത്രമേ ഭരണകൂടം നടപടിയെടുക്കൂ. ഭരണഘടനാപരമായ അംഗീകാരം നേടാൻ വലിയ തോതിലുള്ള രാഷ്‌ട്രീയ മുന്നേറ്റം അനിവാര്യമാണെന്ന് ഇത് ഓർമിപ്പിക്കുന്നു. അതുവരെ ബുധൻ തിയറ്റർ ഈ അവഗണനയെ ചോദ്യം ചെയ്‌തുകൊണ്ടേയിരിക്കും. ഓരോ നാടകത്തിലൂടെയും ഞങ്ങൾ ചോദിക്കും: "ഞങ്ങൾ ഈ നാട്ടിലെ രണ്ടാംതരം പൗരന്മാരാണോ?’
? 2002-‐ലെ ഗുജറാത്ത് കലാപം ഛാര സമുദായത്തിന്റെ രാഷ്‌ട്രീയ ബോധ്യങ്ങളിൽ വലിയൊരു മാറ്റമുണ്ടാക്കിയതായി താങ്കൾ ‘ആക്ടിങ് ലൈക് എ തീഫ്' എന്ന കൃതിയിലും വിവിധ അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അതൊന്ന് വിശദമാക്കാമോ.
2002-‐ലെ ഗുജറാത്ത് കലാപത്തിൽ, അഹമ്മദാബാദിലെ നരോദ പാട്യ, നരോദ ഗാം എന്നീ പ്രദേശങ്ങളിൽ നടന്ന അക്രമങ്ങളിൽ ഛാര സമുദായത്തിലെ ചില യുവാക്കൾ പങ്കെടുത്തിരുന്നു. സംഘ് പരിവാർ നേതൃത്വത്തിൽ സമുദായത്തിലെ യുവാക്കളെ "ഹിന്ദു സംരക്ഷകർ’എന്ന നിലയിൽ പ്രലോഭിപ്പിക്കുകയും അക്രമങ്ങളിലേക്ക് നയിക്കുകയും ചെയ്‌തു. എന്നാൽ കലാപത്തിന് ശേഷം കേസുകൾ വന്നപ്പോൾ നേതാക്കൾ സുരക്ഷിതരാവുകയും ദരിദ്രരായ ഛാര യുവാക്കൾ ജയിലിലാവുകയും ചെയ്‌തു. തങ്ങളെ വെറും "അക്രമികൾ’ എന്ന നിലയിൽ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്.
ഈ തിരിച്ചറിവ് ബുധൻ തിയറ്ററിനെ രാഷ്‌ട്രീയമായി കൂടുതൽ ജാഗ്രതയുള്ളവരാക്കി. കലാപത്തിന് ശേഷമുള്ള നാടകങ്ങൾ വർഗീയ രാഷ്‌ട്രീയത്തിന് പിന്നാലെ പോകരുതെന്ന് മുന്നറിയിപ്പാണ് നൽകിയത്. തീവ്ര ഹിന്ദുത്വത്തിന് പകരം, ഭരണഘടനയും മനുഷ്യാവകാശങ്ങളും ഉയർത്തിപ്പിടിക്കുന്ന ഒരു മതേതര നിലപാടാണ് സമുദായത്തിലെ ബുദ്ധിജീവികൾ സ്വീകരിച്ചത്. എല്ലാ ഹിന്ദുക്കൾക്കും തുല്യ പരിഗണന ലഭിക്കുമെന്നതാണ് ആർഎസ്‌എസ് വാഗ്‌ദാനം. എന്നാൽ ഛാര സമുദായം നേരിട്ട അനുഭവങ്ങൾ മറിച്ചായിരുന്നു. അവരുടെ വനവാസി, കല്യാൺ, ആശ്രമം പോലുള്ള സംഘടനകൾ ഗോത്രവർഗങ്ങളെ ഹിന്ദു മതത്തിലേക്ക് പൂർണമായും ലയിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഛാരകൾ തങ്ങളുടെ പ്രത്യേകമായ നാടോടി സംസ്‌കാരം ഉയർത്തിപ്പിടിക്കുന്നു. തങ്ങളുടെ ഭാഷയും (ഭാന്തു), തനതായ ആചാരങ്ങളും മണ്ണുമായുള്ള ബന്ധവും സംരക്ഷിക്കാനാണ് അവർ മുൻഗണന നൽകുന്നത്. ഗുജറാത്തിലെ ആർഎസ്‌എസ് രാഷ്‌ട്രീയത്തെ ഛാര സമുദായം നേരിടുന്നത് തങ്ങളുടെ യഥാർഥ ചരിത്രം വീണ്ടെടുത്തുകൊണ്ടും, രാഷ്‌ട്രീയ പ്രലോഭനങ്ങളിൽ വീഴാതെ ഭരണഘടനാപരമായ അവകാശങ്ങൾക്കായി കലയിലൂടെ പോരാടിയുമാണ്.
അവസാനിക്കാത്ത പോരാട്ടമാണിത്. ഞങ്ങളുടേതു മാത്രമല്ല, ഇന്ത്യയെന്പാടും ഇത്തരം ഗോത്രമനുഷ്യർ നേരിടുന്ന ദുരിതജീവിതമാണ് ഞങ്ങൾക്ക് പറയാനുള്ളത്. കൂടുതൽ കൂടുതൽ സവർണവൽക്കരിക്കപ്പെടുന്ന രാജ്യത്ത് ഗോത്രജീവിതം കൂടുതൽ ദുഷ്‌കരമാവുകയാണ്. അതുകൊണ്ടുതന്നെ പോരാട്ടങ്ങൾ തുടരുകയും ചെയ്യും .








0 comments