കവർസ്റ്റോറി
അതിജീവനത്തിന്റെ വരകൾ

ഭാഗ്യനാഥ് സി
Published on Aug 01, 2026, 12:27 PM | 3 min read
‘അടുത്ത കാലത്തുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മരണത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനെന്നെ പ്രേരിപ്പിച്ചു. ഈ ചിന്തകൾ പതുക്കെ എന്റെ കലാസൃഷ്ടികളിലും പ്രതിഫലിക്കാൻ തുടങ്ങി. ഒപ്പംതന്നെ കലാപ്രവർത്തനം എനിക്ക് ക്ഷമയോടെയുള്ള സഹനത്തിന്റെ വഴിയായി. ലൈനുകളും ടെക്‌സ്‌റ്ററുകളും ഏകാഗ്രതയോടെ വരയ്‌ക്കുന്നതാണ് അസ്‌തിത്വപരമായ ഭയങ്ങളേയും ആശങ്കകളേയും അഭിമുഖീകരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമെന്ന് ഞാൻ കണ്ടെത്തി. ഇത് ഒരു പതിവ് പ്രവൃത്തി ചെയ്യുന്നു എന്നതിൽനിന്ന്, അതിന്റെ സത്തയുമായി ബന്ധമുണ്ടാക്കാൻ എന്നെ പ്രാപ്തനാക്കി.’
‐ സെബാസ്റ്റ്യൻ സി വർഗീസ്
"ചേക്കേറൽ'
ശാരീരികവും വൈകാരികവുമായ വേദന, വിവിധ കാലഘട്ടങ്ങളിൽ പല രീതിയിൽ കലയിൽ ആവർത്തിച്ചു വന്നിട്ടുള്ള ഒരു വിഷയമാണ്. മനുഷ്യന്റെ കഷ്ടപ്പാടുകൾ പ്രകടിപ്പിക്കുന്ന ഒരു മാധ്യമമായി കല വളരെക്കാലമായി നിലനിന്നിട്ടുണ്ട്. സൗന്ദര്യത്തിന്റെ ഒരു വിഷയമായി മാത്രമല്ല, കഷ്ടപ്പാട്, ആഘാതം, പ്രതിരോധശേഷി എന്നിവ പ്രകടിപ്പിക്കുന്നതിനുള്ള ശക്തമായ ഒരു മാധ്യമമായും കലാകാരന്മാർ മനുഷ്യശരീരത്തെ ഉപയോഗിച്ചിട്ടുണ്ട്. ഈ ആശയം പലപ്പോഴും കലാചികിത്സയുമായി ബന്ധപ്പെട്ട രീതികളിൽ പ്രതിഫലിക്കുന്നു. അത് ശാരീരിക കഷ്ടപ്പാടുകളുടെ യാഥാർഥ്യങ്ങൾ അംഗീകരിക്കാനും അവ സഹിക്കാനാവശ്യമായ ശക്തി തിരിച്ചറിയാനും കാഴ്‌ചക്കാരെ ക്ഷണിക്കുന്നു. വേദനയെ ദൃശ്യരൂപമാക്കി മാറ്റുന്നതിലൂടെ അവർ അദൃശ്യമായ അനുഭവങ്ങളെ മൂർത്തമാക്കുന്നു. രോഗാതുരമായ ഇത്തരം അവസ്ഥയെ മറികടക്കാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന വരകളാണ് സെബാസ്റ്റ്യൻ സി വർഗീസിന്റെ ചിത്രങ്ങൾ.
ഇവിടെ ആശുപത്രിക്കിടക്കയിൽ കിടക്കുന്ന ഒരു കലാകാരന്റെ ഉള്ളിൽ രൂപപ്പെട്ടുവരുന്ന അരൂപികൾക്ക് രൂപങ്ങൾ ഉണ്ടാവുകയും അവ കടലാസിലേക്കു കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു.
ഈ ചിത്രങ്ങളിൽ സ്വന്തം ശാരീരിക കഷ്ടപ്പാടുകൾ ശക്തമായ ഒരു ദൃശ്യഭാഷയായി മാറുന്നു. വേദന മറയ്‌ക്കുന്നതിനുപകരം അത് തുറന്നുകാട്ടി, വേദനയെ മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള ഒരു വ്യാഖ്യാനമാക്കി മാറ്റുന്നു. ഇവിടെ കലാവിഷ്‌കാരം ചികിത്സയ്‌ക്കുള്ള ഔഷധമായി മാറുന്നു.
സെബാസ്റ്റ്യൻ തന്റെ ചിത്രങ്ങളിൽ ശരീരത്തെ പരിക്ക്, പ്രതിരോധശേഷി, സ്വത്വം എന്നിവയാൽ അടയാളപ്പെടുത്തിയ ഒരു അജ്ഞാത സ്ഥലമായി അവതരിപ്പിക്കുന്നു. വ്യക്തിപരമായ ആഘാതം രേഖപ്പെടുത്തുകയും പുനർവ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരു സ്ഥലമാക്കി സ്വന്തം ശരീരത്തെ മാറ്റുന്നു. അതിനായി അദ്ദേഹം പല നിറങ്ങളിലുള്ള മഷികൾ നിറച്ച പേനകളുപയോഗിച്ച് ധാരാളം നേർത്തതും തടിച്ചതുമായ വരകളാൽ പല അടരുകളാക്കി ഓരോ ചിത്രവും പൂർത്തിയാക്കുന്നു. ഇതിൽ ഒളിഞ്ഞും തെളിഞ്ഞും മാഞ്ഞുപോകുന്ന രീതിയിലും പ്രത്യക്ഷപ്പെടുന്ന രേഖകൾ ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കുന്നു.
"എണ്ണത്താഴ്‌വാരം'
പല ചിത്രങ്ങളിലും കാണുന്ന അജ്ഞാതമായ ഭൂപ്രകൃതിയിലെ മേഘങ്ങൾ പോലുള്ള രൂപങ്ങൾ (ചിത്രം- 1 cloud burst) മനുഷ്യശരീരത്തിനകത്തുള്ള ഏതൊക്കെയോ അവയവങ്ങളെ ഓർമിപ്പിക്കും. ഒരു ലോകത്തുനിന്നും മറ്റൊരു ലോകത്തേക്ക് പുതിയ കാലാവസ്ഥ തേടി, പുതിയ ദേശം തേടി പറന്നകലുന്ന ദേശാടനപ്പക്ഷികളെ പല ചിത്രങ്ങളിലും നമുക്ക് കാണാം (ചിത്രം2 Passing 1,).
പല രചനകളിലും ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന, വെള്ളത്തിൽനിന്നും ചിറകടിച്ച് ആകാശത്തിലേക്ക് ഉയർന്നുപൊങ്ങാൻ ശ്രമിക്കുന്ന പക്ഷികൾ പുരാതന ഈജിപ്‌ഷ്യൻ, ഗ്രീക്ക് മിത്തോളജികളിൽ കാണുന്ന പുനർജന്മത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായ സ്വന്തം ചാരത്തിൽനിന്നും ഉയിർത്തെഴുന്നേറ്റ ഫീനിക്‌സ് പക്ഷിയെ ഓർമിപ്പിക്കുന്നു (ചിത്രം 3, oil mountain).
അത്തരം ചിത്രങ്ങളിലൂടെ വേദന ഒഴിവാക്കപ്പെടുന്നില്ല, മറിച്ച് നേരിട്ട് അതിലേർപ്പെടുന്നു. അതിനെ താൻ പങ്കിട്ട അനുഭവമാക്കി ഒറ്റപ്പെടലിന്റെ വികാരങ്ങൾ മറികടക്കാൻ ശ്രമിക്കുന്നു. വേദന ഒറ്റയ്‌ക്ക് വഹിക്കപ്പെടുന്നില്ലെന്ന് നമ്മെ ഓർമിപ്പിക്കുകയും ചെയ്യുന്നു. ഈ അർഥത്തിൽ കല ഒരു വ്യക്തിഗത പ്രതിവിധി മാത്രമല്ല, കലാകാരനും പ്രേക്ഷകനും ഇടയിലുള്ള കൂട്ടായ ഒന്നായി മാറുന്നു.
"ക്യൂബ്‐പൂജ'
കല അതിനൊപ്പം ജീവിക്കാനുള്ള ഒരു മാർഗം വാഗ്ദാനം ചെയ്യുന്നു. അതിനെ പുനർനിർമിക്കുക, മനസ്സിലാക്കുക, ചില സന്ദർഭങ്ങളിൽ അതിനെ മറികടക്കുക. ഇവിടെ കലാകാരന്റെ യാത്ര ആഴത്തിലുള്ള കലാപരമായ പര്യവേഷണമായി വികസിക്കുന്നു. രോഗാവസ്ഥയിൽ അനുഭവപ്പെടുന്ന, മാറിക്കൊണ്ടിരിക്കുന്ന മാനസികവും വൈകാരികവുമായ അവസ്ഥകളാൽ ഓരോ കൃതിയും രൂപപ്പെടുന്നു.
കഷ്ടപ്പാടും അതിജീവനവും തമ്മിലുള്ള ദുർബലമായ സന്തുലിതാവസ്ഥയെ ഇത് പകർത്തുന്നു. കാഴ്‌ചക്കാർക്ക് ചിത്രങ്ങൾ മാത്രമല്ല, അനുഭവങ്ങളും നൽകുന്നു. ഭയം, വേദന എന്നിവയിലൂടെ സഞ്ചരിക്കുന്ന മനസ്സിലേക്കുള്ള ജാലകങ്ങൾ.
ഇവിടെ വ്യക്തിപരമായ പോരാട്ടം കലയായി മാറുന്നു. ജീവിതത്തിലെ ഏറ്റവും വെല്ലുവിളിനിറഞ്ഞ നിമിഷങ്ങളിൽപോലും അത് സംഭവിക്കുമെന്ന് തെളിയിക്കുന്ന സ്രഷ്ടാക്കളുടെ ഒരു പരമ്പരയിൽ കലാകാരൻ ചേരുന്നു.
രോഗനിർണയം നടത്തിയ അദ്ദേഹം, തന്റെ ink ഡ്രോയിങ്ങുകളിലൂടെ തന്റെ അവസ്ഥയെക്കുറിച്ചുള്ള അനിശ്ചിതത്വവും ഭയവും മറികടക്കാനുള്ള ഒരു മാർഗം കണ്ടെത്തുന്നു.
"ഇതരത്വം'
രോഗാവസ്ഥയുടെ ദിവസങ്ങളിൽ അദ്ദേഹം ദിവസവും അനുഭവിച്ച പിരിമുറുക്കത്തെ പ്രതിധ്വനിപ്പിക്കുന്നു. ഓരോ ചിത്രവും രോഗത്തിന്റെ ശാരീരികവും വൈകാരികവുമായ ആഘാതത്തിന്റെ പ്രതിഫലനം മാത്രമല്ല, പ്രതിരോധശേഷിയുടെ പ്രഖ്യാപനവുമാണ്. കല സൃഷ്ടിക്കുന്നത് അദ്ദേഹത്തിന് "നിയന്ത്രിതമല്ലാത്തതായി തോന്നുന്നതിനെ നിയന്ത്രിക്കാൻ’ അനുവദിക്കുന്നു.
വേറൊരു ചിത്രത്തിൽ, കഷ്ടപ്പാടും ദുഃഖവും അനുഭവിച്ചുകൊണ്ട് ശരശയ്യയിൽ കിടക്കുന്ന ഭീഷ്‌മരെ ഓർമിപ്പിക്കുന്ന, ഒരു മനുഷ്യൻ അജ്ഞാത ലോകത്തിലുള്ള മറ്റൊരു മനുഷ്യനുമായി സംഭാഷണത്തിൽ ഏർപ്പെടുന്നത് കാണാം (ചിത്രം4 Areca Nut Dream).
വർഷപാതം'
ചിത്രം 5‐ൽ (Worshiper) നിന്നും പുകയുന്ന കുന്തിരിക്കത്തിന്റെ മണം നമുക്ക് അനുഭവിക്കാം. ഈ ചിത്രത്തിൽ പഴയ ആചാരപ്രകാരം ആത്മാവിന് ശാന്തി ലഭിക്കാൻ വേണ്ടി കുന്തിരിക്കം പുകച്ചുകൊണ്ട് നടന്നകലുന്ന മനുഷ്യരൂപങ്ങളെ കാണാം. ഇവിടെ കലാസൃഷ്ടി ജീവിതരേഖയായി മാറുന്നു. വേദനയെ വരകളായി വിവർത്തനം ചെയ്യുന്നു. ഇവ അതിജീവനത്തിന്റെ സങ്കീർണമായ, രോഗാവസ്ഥയുടെ ദൃശ്യഡയറി കുറിപ്പുകളായി മാറുന്നു. കലാപ്രവർത്തനം ഒരു അഭയസ്ഥാനമായി വർത്തിക്കുന്നു. പല രചനകളിലും പ്രത്യാശയുടെ മിന്നൽപ്പിണറുകൾ ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്.
വേദന, രോഗശാന്തി, മനുഷ്യനകത്ത് നിലനിൽക്കുന്ന ശക്തി എന്നിവയെക്കുറിച്ചുള്ള, അടുപ്പമുള്ള ഒരു സംഭാഷണത്തിലേക്ക് ഈ രചനകൾ കാഴ്‌ചക്കാരെ ക്ഷണിക്കുന്നു.
രോഗാവസ്ഥയിൽ പോലും കലയ്‌ക്ക് പ്രതിരോധത്തിന്റെയും രോഗശാന്തിയുടെയും സ്വയം നിർവചനത്തിന്റെയും ഒരു രൂപമായി മാറാൻ കഴിയുമെന്ന് സെബാസ്റ്റ്യന്റെ ഏറ്റവും പുതിയ രചനകൾ നമ്മെ ഓർമിപ്പിക്കുന്നു .










0 comments