Deshabhimani

കവർസ്‌റ്റോറി

ഹോർഹെ റിവേറയും ആൻ കാഴ്സണും പിന്നെ ഞാനും

ആൻ കാഴ്സൺ
avatar
സജയ് കെ വി

Published on Oct 24, 2026, 12:10 PM | 7 min read


ഈ ശീർഷകത്തിലെ ആൻ കാഴ്സൺ ആരാണെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. ആരാണ് ഹോർഹെ റിവേറ? ഒരു പതിറ്റാണ്ടിനപ്പുറമാണ്. കട്ടപ്പന ഗവൺമെന്റ്‌ കോളേജിൽ ഒരു സെമിനാർ. അന്താരാഷ്‌ട്ര സെമിനാറായതുകൊണ്ട് ഒരു വിദേശിയുമുണ്ട് പ്രബന്ധാവതരണത്തിന്. ഒരു കൗതുകത്തിന്, മറ്റൊരു പ്രബന്ധാവതാരകനായ ഞാനും അയാളുടെ അവതരണം കേൾക്കാൻ മുൻനിരയിൽത്തന്നെ ചെന്നിരുന്നു. ആൻ കാഴ്സന്റെ കവിതയായിരുന്നു പ്രബന്ധവിഷയം (വിശദാംശങ്ങൾ ഓർമയില്ല). ദത്തശ്രദ്ധനായ ശ്രോതാവായിരുന്നു ഞാൻ. അത് ഹോർഹെയും ശ്രദ്ധിച്ചുകാണും. അവതരണത്തിനുശേഷം ഞങ്ങൾ പരിചയപ്പെട്ടു. പരിചയം സൗഹൃദമായി ആളിപ്പടർന്നു എന്നു വേണം പറയാൻ. ആൻ കാഴ്സന്റെ ‘ഓട്ടോബയോഗ്രഫി ഓഫ് റെഡ്'എന്ന കാവ്യനോവലിന്റെ ഒരു പ്രതി സ്വന്തം കയ്യൊപ്പു ചാർത്തിത്തന്നതിനു ശേഷമാണ് ഹോർഹെ മടങ്ങിയത്.

ആ സൗഹൃദം അവിടംകൊണ്ടും അവസാനിച്ചില്ല. ഏതാനും ചില മാസങ്ങൾക്കുശേഷം ഞാൻ ഹോർഹെയെ എന്റെ കലാലയത്തിലേക്ക്‌ ക്ഷണിച്ചു (കേരള കലാമണ്ഡലത്തിൽ ഗവേഷണവിദ്യാർഥിയായിരുന്നു അക്കാലം അയാൾ).വടകര റെയിൽവേ സ്റ്റേഷനിൽ ഞാൻ ഹോർഹെയെ സ്വീകരിക്കാൻ കാത്തുനിന്നു. ഹോർഹെയുടെ വരവ് അതിഗംഭീരമായിരുന്നു ! തനിക്കേരളീയമായ വേഷവിധാനം-; വെളുത്ത ജുബ്ബയും മുണ്ടും. ഹോർഹെ കോളേജിൽ വന്നു; വിദ്യാർഥികളുമായി സംവദിച്ചു. ശേഷം ഹോർഹെയുമായി ചെലവഴിച്ച കാവ്യലഹരി നുരഞ്ഞ മണിക്കൂറുകൾ. ലോർകയായിരുന്നു, ലോർകയുടെ കവിതയായിരുന്നു പ്രധാന സംസാരവിഷയം. അപ്പോഴാണ് ഞാനറിഞ്ഞത്, ഓറഞ്ചിന് ‘നാരങ്ങ' എന്നു തന്നെയാണ് പറയുക, സ്‌പാനിഷിലും എന്ന്! (ലോർകയുടെ കവിതയിലെ ഒരു കേന്ദ്രരൂപകം നാരങ്ങ എന്ന മധുരനാരങ്ങയാണല്ലോ).

പിന്നീട്, ഹോർഹെ എപ്പൊഴാണ് മെക്‌സിക്കോയിലേക്ക്‌ മടങ്ങിയതെന്നറിയില്ല. ആ ഫോൺ നമ്പറും നഷ്ടമായി. ഒരു മെക്‌സിക്കൻ ജൂതനായിരുന്നു അയാൾ. കഴുത്തിൽ ജൂതമുദ്രയായ ഷഡ്കോണാകൃതിയിലുള്ള നക്ഷത്രം കോർത്ത മാല ധരിച്ചിരുന്നു. ആൺ- പെൺ വ്യത്യാസത്തെ അപ്രസക്തമാക്കുന്ന സൗഹൃദം വശമായിരുന്നു ഹോർഹെയ്‌ക്ക്‌. അങ്ങനെ ഞാനും എന്റെ കൂട്ടുകാരിയും ആ മെക്‌സിക്കൻ അപാരതയുടെ സൗഹൃദത്തിൽ തുല്യ പങ്കാളികളായി മാറി. അയാൾ ഒരു വിവാഹമോചിതനായിരുന്നു അക്കാലം എന്നും ഓർമിക്കുന്നു.

ആൻ കാഴ്സൺആൻ കാഴ്സൺ

ഇപ്പോൾ നദിയുടെ ‐ - റിവേറ എന്നാൽ നദി- ‐ പേരുകാരനായ ആ ചങ്ങാതി എവിടെയാണെന്നറിയില്ല. ഞങ്ങളെ ബന്ധിക്കുന്ന ആ നക്ഷത്രം, ആൻ കാഴ്സൺ എന്ന കവി, നൊബേൽ ജേതാവായി മാറിയിരിക്കുന്നു, ഇക്കൊല്ലത്തെ. ആ വാർത്തയോടൊപ്പം ഞാൻ ഹോർഹെ കയ്യൊപ്പു ചാർത്തിത്തന്ന ‘ഓട്ടോബയോഗ്രഫി ഓഫ് റെഡ്' വീണ്ടും വായിക്കന്നു. ഒരു ജ്വാലാമുഖിയുടെ, അഗ്നിപർവതത്തിന്റെ, കവർച്ചിത്രമുള്ള ആ പുസ്‌തകത്തിനായി, എന്റെ സ്വകാര്യപുസ്‌തകശേഖരത്തിൽ, വീണ്ടും പരതുന്നു. ഹോർഹെയുടെ, മഞ്ഞുകാലത്തെ ഇളവെയിൽ പോലെ, പുഞ്ചിരിക്കുന്ന മുഖം മനസ്സിൽ തെളിയുന്നു.

ആൻ കാഴ്സണും ഹോർഹെ റിവേറയ്‌ക്കും എനിക്കും തമ്മിലെന്ത്? അത് എമിലി ഡിക്കിൻസണാകുന്നു; മൂവർക്കും പ്രിയങ്കരിയായ ആ അമേരിക്കൻ കവയിത്രി.

‘ചുവപ്പിന്റെ ആത്മകഥ' യുടെ തുടക്കത്തിലും ആൻ കാഴ്സൺ തന്റെ പ്രിയകവിയെ ഉദ്ധരിക്കുന്നുണ്ട്-.

The reticent volcano keeps

His never slumbering plan-

Confided are his projects pink

To no precarious man.

If nature will not tell the tale

Jehovah told to her

Can human nature not survive

Without a listener?

Admonished by her buckled lips

Let every babbler be

The only secret people keep

Is Immortality...

‘മനുഷ്യന്റെ ഒരേയൊരു രഹസ്യം അനശ്വരതയാണ്' എന്ന് എമിലി എഴുതുന്നു. അനശ്വരതയ്‌ക്കായുള്ള എഴുത്തുകളാണ് തന്റേതുമെന്ന് കരുതുന്നുണ്ടാവുമോ ആൻ കാഴ്സൺ? നൊബേൽലബ്ധിക്കു തൊട്ടുപിന്നാലെ അവർ പ്രതികരിച്ചതിങ്ങനെ-:

‘അവർക്ക്- ‐ സ്വീഡിഷ് അക്കാദമിക്ക്-‐ പതിവു ചോദ്യങ്ങളുണ്ടായിരുന്നു ചോദിക്കാൻ. എനിക്കാവട്ടെ ഉത്തരമൊട്ടില്ല താനും. ഗദ്യത്തേക്കാൾ, കവിതയ്‌ക്കാണിപ്പോൾ കൂടുതൽ ഉപയോഗിത. കാരണം അതിന് വേഗതയേറും. ആളുകളാവട്ടെ തിരക്കിലും. കവിതകൾ ഹ്രസ്വവും അതുകൊണ്ട് നല്ലതുമാണ്. ഹോമർ അങ്ങനെയല്ല. ഹോമറിന് ദൈർഘ്യമേറും.'

 ഹോർഹെ റിവേറ ഹോർഹെ റിവേറ

യവനഭാഷയുടെയും സംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റെയും ആരാധികയും പഠിതാവുമായ ഒരെഴുത്തുകാരിയിൽ നിന്ന് പ്രതീക്ഷിക്കാവുന്ന മറുപടി തന്നെ ഇത്. ക്ലാസിക്കുകളുടെ ശിക്ഷണം അവരെ വിവേകിയും വിനീതയുമാക്കിക്കാണും. ലോകമെങ്ങും അവരുടെ പേര്‌ മുഴങ്ങുമ്പോൾ ഐസ്‌ലാൻഡിലായിരുന്നു അവർ, കാറ്റു കേൾവിക്ക് (listening to the wind). നൊബേലിനു ശേഷം അഭൂതപൂർവമായി വർധിക്കാനിടയുള്ള പുസ്‌തകവിൽപ്പനയെപ്പറ്റി ചോദിച്ചപ്പോൾ അവരുടെ മറുപടിയിങ്ങനെ-:

‘എന്റെ പുസ്‌തക പുറംചട്ടയിൽ ഒരു സ്‌റ്റിക്കർ കൂടിയുണ്ടാവും. അതു നല്ലതാണ്.' ഒരുതരം നിരാനന്ദമുണ്ട് ഈ മറുപടിയിൽ. അതിനെയാണ് ക്ലാസിക്കൽ ശിക്ഷണത്തിൽ നിന്നുളവായ പരിപാകം എന്ന് ഇവിടെ വിശേഷിപ്പിച്ചത്. ഹോമറെന്ന കൊടുമുടി കയറിയ ഒരുവൾക്ക്, സാഹിത്യനൊബേൽ എന്ന കൊടുമുടി അത്ര വലുതായി തോന്നാനിടയില്ല. കാറ്റിനെ കേൾക്കുന്നത്, കാറ്റു പറയുന്ന കഥകൾ കേൾക്കുന്നതും, ഒരു തരം ആത്മീയവിദ്യാഭ്യാസമാണെങ്കിൽ അതിൽനിന്നുകൂടി കൈവന്നതാവണം ഈ പക്വത.

‘നോക്‌സ്‌' (Nox) എന്ന (റോമാക്കാരുടെ നിശാദേവതയാണ്, യാമിനിയാണ് നോക്‌സ്‌; ഒരു വിഷവാതകത്തിന്റെ പേരും) ആൻ കാഴ്സന്റെ കൃതി, വിചിത്രമെന്ന പോലെ അസാധാരണവുമാണ്. അതിനെ ഒരു ‘അക്കോർഡിയൻബുക്ക്' എന്നാണ് നിരൂപകർ വിളിക്കുന്നത്; അക്കോർഡിയൻ എന്ന വാദ്യോപകരണം പോലെ വിരിയുകയും ചുരുങ്ങുകയും ചെയ്‌തുകൊണ്ട് സംഗീതം പൊഴിക്കുന്നത്. വിലാപമാണ് അതിന്റെ ആധാരശ്രുതി. കാഴ്സന്റെ മരിച്ചു പോയ സഹോദരനെക്കുറിച്ചുള്ള ഓർമപ്പുസ്‌തകമാണത്. ചിത്രങ്ങളുടെയും കുറിപ്പുകളുടെയും നിഘണ്ട്വർഥങ്ങളുടെയും രസാവഹമായ കലർപ്പ്. പുസ്‌തകത്തിൽ കാറ്റുലസിന്റെ നൂറ്റിയൊന്നാമത്തെ ഗീതം പരിഭാഷപ്പെടുത്തി ചേർക്കുന്നുണ്ട് എഴുത്തുകാരി-:

Many the peoples

many the oceans I crossed.

I arrive at these

poor, brother, burials.

So I could give you

the last gift owed to death

and talk (why?) with ash.

Now that fortune

tore you from me,

you oh poor (wrongly)brother

(wrongly) taken from me.

now still anyway

this- what a distant

mood of parents

handed down as the sad

gift for burials-

accept! soaked

with tears of a brother

and into forever, brother,farewell and farewell...


വന്യമാംവിധം ഹൃദയസ്‌പർശി (brutally moving) എന്നു വിശേഷിപ്പിക്കപ്പെടുന്ന കവിതയാണിത്; 2000 വർഷങ്ങൾക്കു മുമ്പ്‌ ലാറ്റിനിൽ എഴുതപ്പെട്ടതെങ്കിലും കണ്ണീരിന്റെ ഉപ്പുപരലുകൾ നിറച്ചുവച്ച ഒരു സ്‌ഫടികഭാജനം പോലെ തിളങ്ങുന്നത്. പതിനാറു വർഷം മുമ്പ്‌, 2010‐ലായിരുന്നു ‘നിശീഥിനി' എന്നോ ‘യാമിനി' എന്നോ വിളിക്കാവുന്ന ഈ വിചിത്രപുസ്‌തകത്തിന്റെ ആദ്യപ്രകാശനം.

ഏതു മികച്ച പുസ്‌തകത്തിന്റെയും രൂപകം കൂടിയാണ് ഈ അക്കോർഡിയൻ ബുക്ക്; വായനയിൽ, വായനയാൽ വിടരുകയും ചുരുങ്ങുകയും പാടുകയും ചെയ്യുന്നത്. സചേതനമായ ഒരു ശ്വാസകോശമോ ഹൃദയമോ ശലഭമോ പോലെ.

ഭാഷാപഠനവും പ്രാചീന യവനകൃതികളുടെ പഠനവും പരിഭാഷയുമൊക്കെച്ചേരുന്ന ഭാഷാബദ്ധജീവിതമാണ് ആൻ കാഴ്സന്റേത്. ശബ്ദതാരാവലി പോലൊരു ജീവിതം എന്നും വേണമെങ്കിൽ പറയാം. ജെറിയോൺ (Geryon) എന്ന പുരാണകഥാപാത്രത്തിെന്റ പേരുകാരനായ ആൺകുട്ടിയുടെ ആത്മകഥനമെന്നോണം എഴുതപ്പെട്ടിരിക്കുന്ന കാവ്യനോവൽ (Verse novel) ആണ് ‘ചുവപ്പിന്റെ ആത്മകഥ.' ആ പുരാണകഥാപാത്രത്തെപ്പോലെ ഒരു ജോടി ചുവന്ന ചിറകുകളുമുണ്ട് അവന്. ജെറിയോൺ സ്‌കൂളിൽ പോയിത്തുടങ്ങുന്നു. (ആ ചിറകുകൾ, മുടിയെന്നോണം, കോതിയൊതുക്കിയ ശേഷമാണ് അമ്മ അവനെ പറഞ്ഞയയ്‌ക്കുന്നത്!). ജ്യേഷ്ഠസഹോദരനോടൊപ്പമായിരുന്നു ആ യാത്രകൾ. ‘ഓരോ'(each) എന്ന അധ്യായത്തിൽ ജെറിയോൺ ആ വാക്കിനെപ്പറ്റിയാണ് ചിന്തിക്കുന്നത്-.

‘The word ‘each' blew

towards him

and came apart on the wind.

Geryon had always

had this trouble:

a word like ‘each',

when he stared at it,

would disassemble

itself into seperate

lettersand go.

A space for its meaning

remained there but blank.

The letters themselves

could be found hung on

branches or

furniture in the area.

What does ‘each' mean?

Geryon had asked his mother.

She never lied to him.

Once she said the meaning

it would stay.

She answered,

‘Each means like

you and your brother

each have your own room.'

He clothed himself

in this strong word ‘each.'

He spelled it at school on the blackboard (perfectly)

with a piece of red silk chalk.

He thought softly

of other words he could

keep with him like

‘beach' and ‘screach.'

ഈ പദവിചാരം, കവിയായ ആൻ കാഴ്സന്റേതു കൂടിയാണ്. വാക്കുകളുടെ സ്‌പർശിനികൾ കൊണ്ടു മാത്രം ലോകത്തെ തൊട്ടറിയാനാവുന്ന ഒരുവളുടെ.

ജെറിയോൺ വളരുന്നു, വളർന്ന് ഹെറാക്ൾസ് (Herakles) എന്ന, തന്നേക്കാൾ രണ്ടു വയസ്സിന് മൂപ്പുള്ള, പതിനാറുകാരനിൽ അനുരക്തനാകുന്നു. പിന്നീട് അവർ തമ്മിൽ പിരിയുകയും അൻകാഷ് (Ancash) എന്ന മറ്റൊരു യുവാവിൽ അയാൾ ആകൃഷ്ടനാവുകയും അവർ വീണ്ടും കണ്ടുമുട്ടുകയും മൂവരുമൊരുമിച്ച് യാത്ര ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട് ഈ കാവ്യാഖ്യായികയിൽ.

രണ്ട്, മേത്തരം മനഞ്ഞിലുകളെപ്പോലെ, ജലസംഭരണിയുടെ ആഴത്തിൽ വച്ച് അവർ കണ്ടുമുട്ടുകയും രണ്ട്, ചെരിഞ്ഞ അക്ഷരങ്ങളെപ്പോലെ, പരസ്‌പരം തിരിച്ചറിയുകയും ചെയ്‌തു എന്നാണ് കാഴ്സൺ ഈ കണ്ടുമുട്ടലിനെ വിവരിക്കുന്നത്, ഏഴാമധ്യായത്തിൽ. അനുഭവവിനിമയത്തിന്റെ/ വിവർത്തനത്തിന്റെ അപരിചിതമായ ബിംബഭാഷയിലുള്ള എഴുത്താണിത്. ‘ഇറ്റാലിക്‌സ്‌' എന്ന ചെരിഞ്ഞ അക്ഷരങ്ങളാലുള്ള എഴുത്തും ‘ഈൽ' എന്ന ജലസർപ്പവും അങ്ങനെ, വിമതലൈംഗികതയുടെ വിചിത്രാകൃതികളായി രൂപകപ്പെടുന്നു.

 ഹോർഹെ റിവേറ ലേഖകന്‌ സമ്മാനിച്ച ആൻ കാഴ്സന്റെ പുസ്‌തകംഹോർഹെ റിവേറ ലേഖകന്‌ സമ്മാനിച്ച ആൻ കാഴ്സന്റെ പുസ്‌തകം

‘രതിസമസ്യ' (Sex Question) എന്നു പേരിട്ട പത്താമധ്യായത്തിൽ ലൈംഗികതയെക്കുറിച്ച്‌ സംഭാഷണത്തിലേർപ്പെടുന്ന ജെറിയോണിനെയും ഹെറാക്ൾസിനെയുമാണ് നമ്മൾ കാണുന്നത്. രാത്രിയുടെ തണുത്ത ഗന്ധം ജനാലയിലൂടെ അരിച്ചെത്തുന്നുണ്ടായിരുന്നു. കറുത്തവാവിനു ശേഷമുള്ള ചന്ദ്രക്കല, ചക്രവാള ചെരുവിൽ ഒരു വെളുത്ത വാരിയെല്ലുപോലെ പാറിക്കിടന്നിരുന്നു.

I guess I am someone

who will never be satisfied, said Herakles.

Geryon felt all nerves

in him move to the surface

of his body.

‘What do you mean' satisfied?

‘Just- satisfied.’

l don't know.

‘From far down the freeway came a sound of fishhooks scraping the bottom

of the world.'

തുടർന്ന് ഇങ്ങനെയും-:

‘Why is it a question?

He understood that people need acts of attention

from one another,

does it really matter

which acts?

He was fourteen.

Sex is a way of getting to know someone.

Herakles had said.

He was sixteen.'

ഈ സംഭാഷണത്തിനൊടുവിൽ രാത്രിയുടെ ഇരുട്ടിനു പിന്നിലേയ്‌ക്കവർ കൂപ്പുകുത്തുമ്പോൾ നമ്മൾ വായിക്കുന്നതിങ്ങനെ-:

‘Not touching

but joined in astonishment as two cuts lie parallel

in the same flesh.'

‘ഒരേ വിസ്മയത്താൽ പരസ്‌പരം സംയോജിതരായിരുന്നു അവർ, ഒരേ മാംസത്തിലെ, സമാന്തരമായ രണ്ട് മുറിപ്പാടുകൾ പോലെ' എന്ന കൽപ്പനയിലെ മൗലികഭാവനയുടെ പ്രകാശമേറ്റ് നാം വീണ്ടും കണ്ണഞ്ചി നിൽക്കുന്നു.

ഇരുപത്തിരണ്ട് വയസ്സുള്ളപ്പോൾ, തത്വചിന്തയെക്കുറിച്ചുള്ള ഒരു ചർച്ചാസമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി ബ്യൂണസ് അയേഴ്സിലെത്തിയ ജെറിയോൺ, ഹെറാക്ൾസിനെയും അയാളുടെ പുതിയ ചങ്ങാതി, അൻകാഷിനെയും കണ്ടുമുട്ടുന്നു. അൻകാഷ്, എമിലി ഡിക്കിൻസണെക്കുറിച്ചു നിർമിക്കുന്ന ഡോക്യുമെന്ററിക്കു വേണ്ടി അഗ്നിപർവതത്തിന്റെ ശബ്ദങ്ങൾ രേഖപ്പെടുത്താൻ വന്നതായിരുന്നു അവർ. മൂവരും ഒരുമിച്ച് പെറുവിലേക്ക്‌ യാത്ര ചെയ്യുന്നു. അൻകാഷിന്റെ വസതിയിൽ, അയാളുടെ അമ്മയോടൊപ്പം, അന്തിയുറങ്ങിയ അവർ അവരുടെ ജന്മനാടായ ഹുവാറസി (Huaraz)ലേക്ക്‌ പോവുകയും അവിടെവച്ച് വീണ്ടും ജെറിയോണും ഹെറാക്ൾസും തമ്മിൽ രതിയിലേർപ്പെടുകയും ചെയ്യുന്നു. നിരാശാജനകമായിരുന്നു ആ അനുഭവം ജെറിയോണ്; തന്റെ കൗമാരത്തിലെ ഹെറാക്ൾസേ അല്ല അയാൾ; അയാൾ ഏറെ മാറിപ്പോയിരിക്കുന്നു. അൻകാസിന്റെ നിർദേശപ്രകാരം ജെറിയോൺ, അയാൾക്ക് ചിറകുകളുണ്ട് എന്നതിനാൽ, അവിടത്തെ അഗ്നിപർവതത്തോളം പറന്നുചെന്ന് അതിന്റെ ശബ്ദം പിടിച്ചെടുക്കുന്നു. ഈ കാവ്യനോവൽ അവസാനിക്കുമ്പോൾ ആ മൂവർസംഘം, ഷുകു (Jucu) എന്ന പെറൂവിയൻ പട്ടണത്തിലെ തെരുവിലൂടെ നടക്കുന്നതാണ് നമ്മൾ കാണുന്നത്-.


They are following

the palisade.

Pass down and

Ally then turn a corner

and there it is.

Volcano in a wall.

‘Do you see that,' says Ancash.

‘Beautiful',

Herakles breathes out.

He is looking at the men.

‘I mean the fire's, says Ancash.

Herakles grins in the dark.

Ancash watches the flames.

We are amazing beings,

Geryon is thinking.

We are Neighbors of fire.

And now time is running

towards them

where they stand side by side

with arms touching,

immortality on their faces,

night at their back...

ഈ ഉദ്ധരണിയുടെ അവസാനഭാഗം മാത്രം ഇവിടെ ഭാഷാന്തരപ്പെടുത്തി നൽകാം, അത്രമാത്രം ചേതോഹരമാണത് എന്നതിനാൽ-.

‘നമ്മൾ അസാമാന്യജീവികളാണ്

‐ ജെറിയോൺ ചിന്തിച്ചു.

അഗ്നിയുടെ അയൽക്കാർ.

തോളോട് തോളുരുമ്മി,

കൈ കോർത്തുകൊണ്ട്

അവർ നിന്നിടത്തേക്ക്‌

സമയം പാഞ്ഞെത്തുന്നുണ്ടായിരുന്നു,

അവരുടെ മുഖങ്ങളിൽ

അനശ്വരതയായിരുന്നു,

പിന്നിൽ രാത്രിയും.'

‘ഹാരാ തമീകിയുമായി മുഖാമുഖം' എന്ന, ആൻ കാഴ്സന്റെ കവിതകൂടി ഇവിടെ എടുത്തെഴുതാം-:

ഞാൻ: മരണം.

ഹാ.ത.: മരണം എന്നെ വളർത്തി.

ഞാൻ: പ്രണയം.

ഹാ. ത.: പ്രണയം എന്നെ സഹനം ശീലിപ്പിച്ചു.

ഞാൻ: ഉന്മാദം.

ഹാ. ത.: ഉന്മാദം എന്നെ കഷ്ടതയിലാഴ്‌ത്തി.

ഞാൻ: അഭിനിവേശം.

ഹാ. ത.: അഭിനിവേശം എന്നെ സംഭ്രമിപ്പിച്ചു.

ഞാൻ: സന്തുലനം.

ഹാ. ത.: സന്തുലനമാണെന്റെ ദേവത.

ഞാൻ: സ്വപ്‌നങ്ങൾ.

ഹാ. ത.: സ്വപ്‌നങ്ങളാണെന്റെ സർവസ്വം.

ഞാൻ: ദൈവങ്ങൾ.

ഹാ. ത.: ദൈവങ്ങൾ കാരണം

ഞാൻ നിശ്ശബ്ദത പാലിക്കുന്നു.

ഞാൻ: ഉദ്യോഗസ്ഥദുഷ്‌പ്രഭുക്കൾ.

ഹാ. ത.: അവരെന്നെ വിഷാദിപ്പിക്കുന്നു.

ഞാൻ: കണ്ണീർ.

ഹാ. ത.: അവരാണെന്റെ സഹോദരിമാർ.

ഞാൻ: ചിരി.

ഹാ. ത.: നന്നായൊന്നു ചിരിക്കാനായെങ്കിൽ.

ഞാൻ: യുദ്ധം.

ഹാ. ത.: ഹാ, യുദ്ധമേ.

ഞാൻ: മനുഷ്യരാശി.

ഹാ. ത.: മനുഷ്യൻ

എന്ന പളുങ്ക്.

ഞാൻ: വീട്ടിലേക്കുള്ള കുറുക്കുവഴിയേ പോകാത്തതെന്ത്.

ഹാ. ത.: വീട്ടിലേക്ക്‌ കുറുക്കുവഴികളില്ലാത്തതുകൊണ്ട് .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home