print edition നേടാനായി നൽകാം

വി എസ് ബിന്ദു
Published on Mar 05, 2026, 10:20 AM | 3 min read
ശക്തമായ നിയമസംവിധാനങ്ങളുണ്ടായിട്ടും സ്ത്രീകൾക്കുനേരെയുള്ള അതിക്രമത്തിനും അവകാശനിഷേധത്തിനും കുറവില്ല. ഈ വൈരുധ്യത്തെയാണ് പുതിയ ലോകം വിചാരണചെയ്യേണ്ടത്
വീണ്ടും വനിതാദിനമെത്തുകയാണ്. സ്‌ത്രീകളോട് കടുത്ത വിവേചനം നിലനിന്നിരുന്ന പഴയകാലം ആവർത്തിക്കാതിരിക്കാൻ നാം ആഗ്രഹിക്കുന്നു. സ്‌ത്രീ പുരുഷ സമത്വം ആഘോഷമാക്കുന്ന തലമുറകളെയാണ് നാം സ്വപ്നം കാണുന്നത്. തുല്യതയ്‌ക്കുള്ള പോരാട്ടങ്ങളിൽ ഉൗർജമാകാൻ ചരിത്രത്തിലേക്കും നമ്മുടെ ഭരണഘടനയിലേക്കും നാം പ്രത്യാശയോടെ നോക്കുന്നു. ഇൗ വനിതാദിനത്തിൽ നമുക്ക് തുല്യതയെക്കുറിച്ച് അൽപം ചിന്തിക്കാം
"ബ്രഡ് ആൻഡ് റോസസ്’
ബി സി മൂന്നാം നൂറ്റാണ്ടിൽ റോമൻസ്ത്രീകൾ നടത്തിയ പ്രക്ഷോഭം ചരിത്രത്തിലുണ്ട്. സ്ത്രീകൾ വിലകൂടിയ സാധനങ്ങളുപയോഗിക്കുന്നത് വിലക്കിയ നിയമത്തിനെതിരെയായിരുന്നു ആ സമരം. 1908- മാർച്ച് എട്ടിന് ന്യൂയോർക്ക് തെരുവീഥിയിലൂടെ ആയിരക്കണക്കിന് സ്ത്രീകൾ നടത്തിയ ഐതിഹാസിക സമരം തൊഴിലിനും കൂലിക്കും വിശ്രമത്തിനും ബാലവേല അവസാനിപ്പിക്കുന്നതിനും തൊഴിൽ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയായിരുന്നു.
"ബ്രഡ് ആൻഡ് റോസസ്’ എന്നതായിരുന്നു മുദ്രാവാക്യം. വിവിധരാജ്യങ്ങളിലെ സ്ത്രീകളുടെ തുടർപ്രക്ഷോഭങ്ങൾക്കും ആശയപരമായ കൂടിച്ചേരലിനുംശേഷം 1975 ലാണ് ഐക്യരാഷ്‌ട്രസംഘടന മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി അംഗീകരിക്കുന്നത്. എല്ലാവർഷവും വനിതാദിനത്തിനായി ഐക്യരാഷ്‌ട്രസംഘടന തീമുകളും മുദ്രാവാക്യങ്ങളും ആവിഷ്കരിക്കുന്നുണ്ട്. ഇത്തവണത്തെ മുദ്രാവാക്യം ‘Rights, Justice, Action; For All women and Girls’ ( അവകാശങ്ങൾ, നീതി, പ്രവർത്തനം; എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി ) എന്നാണ്. "Give to gain ’( നേടാനായി നൽകുക) എന്ന ലിംഗനീതിക്കായുള്ള ക്യാമ്പയിനും ഇതോടൊപ്പമുണ്ട്.
അവർ 15 പേർ
"നമ്മുടെ ജീവിതം നാംതന്നെ നിർമിക്കണം ’ എന്നു പറഞ്ഞ ഡോ.ബി ആർ അംബേദ്കർ ലിംഗതുല്യത പുലരുന്ന സമൂഹത്തെ സ്വപ്നം കണ്ടിരുന്നു. ഭരണഘടനാ അസംബ്ലിയിലെ മുഖ്യശബ്ദങ്ങളായി ഉയർന്ന 15 വനിതകളും സ്ത്രീഅവകാശങ്ങൾക്കായി പോരാടി. ഫെഡറലിസം, സംസ്ഥാന സംയോജനം എന്നിവയെക്കുറിച്ചുള്ള ചർച്ചനയിച്ചും തൊട്ടുകൂടായ്മയെ എതിർത്തും ഇന്ത്യയുടെ മൗലികാവകാശങ്ങൾ രൂപപ്പെടുത്തുന്നതിൽ അവർ സജീവപങ്കാളികളായി. അമ്മു സ്വാമിനാഥൻ, ആനി മസ്ക്രീൻ, ദാക്ഷായണി വേലായുധൻ എന്നീ പേരുകൾ മലയാളത്തിന്റേതായി അതിൽ എഴുതിച്ചേർത്തിട്ടിട്ടുണ്ട്.
സമത്വം പഠിക്കാം
2026-ൽ എത്തിനിൽക്കുമ്പോൾ ലിംഗനീതി കാഴ്‌ചപ്പാടിലും പ്രവർത്തനങ്ങളിലും നാം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. കുട്ടികളിൽ നിന്ന് ആരംഭിച്ച് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നടത്തിയ തുല്യതാ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ പാഠപുസ്തകങ്ങൾ തയ്യാറാക്കിയത്. പാഠപുസ്തകത്തിലെ ചിത്രങ്ങൾ ‘കേരളാ റിയൽ സ്റ്റോറി’യായി ലോകമെമ്പാടും ചർച്ച ചെയ്‌തു. കാണാപ്പണികളിൽ തളയ്ക്കപ്പെട്ട "അമ്മ’ മാരെ ക്ലാസ് മുറികൾ "സമത്വം’ എന്ന ഭരണഘടനാപദവി ഉറപ്പാക്കി ആദരിച്ചു. വീട്ടുജോലികൾ ആകർഷകമായി പങ്കിട്ടെടുക്കുന്നതായി മൂന്നാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിലെ കുടുംബ ചിത്രം പോലെ എല്ലാ ക്ലാസുകളിലും ഭാഷ, വേഷം , കളികൾ ,കല , ആരോഗ്യ ചിന്തനം , തൊഴിൽ വിഭജനം എന്നിവയിലെല്ലാം ലിംഗതുല്യത ഇണക്കിച്ചേർത്തു.
പാഠപുസ്‌തകങ്ങളിലെ തുല്യതയെന്ന ആശയത്തിന്റെ പ്രാതിനിധ്യവും പ്രാധാന്യവും നാം തിരിച്ചറിയണം. കാലക്രമേണ മാറിവരുന്ന ലിംഗസ്വത്വങ്ങളെ അഭിസംബോധനചെയ്യുന്ന ജൻഡർ ഫ്ലൂയിഡിറ്റി (Gender Fluidity)എന്ന ആശയം അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഒരു പരിഷ്കൃത സമൂഹത്തിന് സുസ്ഥിരവികസന ലക്ഷ്യം നേടാൻ ലിംഗനീതി ഉറപ്പാക്കൽ അനിവാര്യമാണ്. 35നും 60നുമിടയിൽ പ്രായമുള്ള സ്‌ത്രീകൾക്കായി സ്‌ത്രീസുരക്ഷാപദ്ധതി പ്രഖ്യാപിച്ച സംസ്ഥാനമാണ് നമ്മുടെ കേരളമെന്നതിൽ നമുക്ക് അഭിമാനിക്കാം. സമ്പൂർണ തുല്യത കൈവരിക്കാൻ നിരന്തര പഠനങ്ങളും പ്രായോഗികപരിശ്രമങ്ങളും വേണം. ഓരോ വനിതാദിനവും മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിക്കാനുള്ള അടുത്ത ചുവടുവയ്പാണ്.
തുല്യതയുണ്ടോ?
തുല്യത എന്ന ആശയം നിങ്ങളുടെ ചുറ്റുപാടുകളിൽ കാണാൻ കഴിയുന്നുണ്ടോ? വീട്ടിൽ, സ്‌കൂളിൽ, രക്ഷിതാക്കളുടെ തൊഴിലിടങ്ങളിൽ, പൊതുയിടങ്ങളിൽ എല്ലാം സ്‌ത്രീക്കും പുരുഷനും അവസരസമത്വവും തുല്യതയും പാലിക്കപ്പെടുന്നുണ്ടോ ?ഉത്തരവാദിത്വങ്ങൾ-- ഏൽപിക്കുന്നതിലും നിറവേറ്റുന്നതിലും തുല്യതയുണ്ടോ? നിരീക്ഷിക്കൂ. നിങ്ങളിൽ തുല്യതയെക്കുറിച്ചുള്ള ബോധം വളരാൻ ഇൗ ചിന്ത സഹായകമാവും.
സ്‌ത്രീസൗഹൃദമോ?
നമ്മുടെ പൊതുയിടങ്ങൾ സ്ത്രീ സൗഹൃദമാണോ എന്നു ചോദിച്ചാൽ ഉത്തരം അപൂർണമാണ്. സ്ത്രീധന നിരോധന നിയമവും ഗാർഹികപീഡന നിരോധന നിയമവുമുണ്ടായിട്ടും സ്ത്രീധനക്കൊലകൾ നടക്കുന്നു. ഈ വൈരുധ്യത്തെയാണ് പുതിയ ലോകം വിചാരണ ചെയ്യേണ്ടത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ശരാശരി ഒരു മണിക്കൂറിൽ അതിക്രമങ്ങൾക്കെതിരെ 51 പരാതികളുണ്ടാകുന്നു. മുൻവർഷത്തേക്കാൾ നാലു ശതമാനം വർധനയാണുണ്ടായത്. നിർമിതബുദ്ധിക്കാലം മുന്നേറുമ്പോഴും സ്ത്രീകൾക്കെതിരെ സൈബർ കുറ്റകൃത്യങ്ങളും വർധിക്കുന്നു. കുട്ടികൾ മുടി വളർത്തിയാലും മുറിച്ചാലും ഭീഷണി മുഴക്കുന്നതിനും അധ്യാപിക ചുരിദാർ ഇട്ടുവന്നാൽ തടയുമെന്നു പറയുന്നതിനും ഇപ്പോഴും മടിയില്ല. തീണ്ടൽപ്പലകയും ഒച്ചാട്ടും സംബന്ധവും ശൈശവ വിവാഹവുമൊക്കെ നിയമംകൊണ്ടു നിരോധിച്ച നാട്ടിൽ, മാറുമറയ്ക്കൽ എന്ന ഐതിഹാസിക സമരം നടന്ന നാട്ടിൽ തുല്യതയ്ക്കായി പോരാടുന്നവരെ പരിഹസിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്.










0 comments