ad
Deshabhimani

WWW അറിവിലേക്ക് തുറന്ന മൂന്നക്ഷരം

WWW.jpg
വെബ് ഡെസ്ക്

Published on Jul 30, 2026, 09:07 AM | 3 min read

നിങ്ങളുടെ സ്മാർട്ട്‌ഫോണിലോ കംപ്യൂട്ടറിലോ ബ്രൗസർ തുറന്ന് എന്തെങ്കിലും തിരയുമ്പോൾ സ്ക്രീനിന്റെ മുകളിൽ www എന്ന് കാണാറില്ലേ? ഈ മൂന്ന് കുഞ്ഞക്ഷരങ്ങളാണ് ലോകത്തിന്റെ ഏത് കോണിലിരിക്കുന്ന അറിവുകളെയും നിങ്ങളുടെ വിരൽത്തുമ്പിലേക്ക് നിമിഷനേരംകൊണ്ട് എത്തിക്കുന്നത്. എന്നാൽ ഈ ‘ഡബ്ല്യുഡബ്ല്യുഡബ്ല്യു' എന്നത് വെറുമൊരു സാങ്കേതിക പദമല്ല; മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാങ്കേതിക വിപ്ലവങ്ങളിലൊന്നാണ്.


​ഇന്റർനെറ്റും വെബും


​പലപ്പോഴും കുട്ടികളും മുതിർന്നവരും തെറ്റിദ്ധരിക്കാറുണ്ട് . ഇന്റർനെറ്റും (Internet) വേൾഡ് വൈഡ് വെബും (World Wide Web) ഒന്നാണെന്നത്. എന്നാൽ ഇവ രണ്ടും വ്യത്യസ്തമാണ്.ഇത് മനസിലാക്കാൻ വളരെ ലളിതമായ ഒരു ഉദാഹരണം നോക്കാം. ​നമ്മുടെ വീടിന് മുന്നിലുള്ള റോഡുകളും ദേശീയപാതകളും മേൽപ്പാലങ്ങളും ചേർന്ന വലിയൊരു ഗതാഗതശൃംഖല സങ്കൽപ്പിക്കുക. ഇതാണ് ഇന്റർനെറ്റ്. അതായത് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കംപ്യൂട്ടറുകളെയും ഫോണുകളെയും സർവറുകളെയും കേബിളുകൾ, ഫൈബർ ഒപ്റ്റിക് ശൃംഖലകൾ, വയർലെസ് സംവിധാനങ്ങൾ, ഉപഗ്രഹങ്ങൾ എന്നിവയിലൂടെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന മഹത്തായ ശൃംഖല.


​ഇനി ആ റോഡിലൂടെ ഓടുന്ന ബസുകളും കാറുകളും ലോറികളും അവയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരും ചരക്കുകളും സങ്കൽപ്പിക്കൂ. അതാണ് വേൾഡ് വൈഡ് വെബ് (WWW). ഇന്റർനെറ്റ് എന്ന അടിസ്ഥാന ശൃംഖലയിലൂടെ സഞ്ചരിച്ച് നമ്മുടെ സ്ക്രീനുകളിലെത്തുന്ന വെബ് പേജുകളും ചിത്രങ്ങളും വീഡിയോകളും വാർത്തകളും പഠനസാമഗ്രികളും ഉൾപ്പെടുന്ന വിവരലോകമാണ് വെബ്. ​അതിനാൽ ഇന്റർനെറ്റ് ഒരു അടിസ്ഥാന സൗകര്യമാണെങ്കിൽ വെബ് അതിലൂടെ ലഭ്യമാകുന്ന ഒരു സേവനമാണ്.


​ജനീവയിൽ ജനിച്ച അത്ഭുതം


​1989-ൽ സ്വിറ്റ്സർലൻഡിലെ സേൺ (CERN) എന്ന പ്രശസ്ത അറ്റോമിക് ഗവേഷണ സ്ഥാപനത്തിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷ് കംപ്യൂട്ടർ ശാസ്ത്രജ്ഞനായ സർ ടിം ബർണേഴ്സ്-ലീ (Sir Tim Berners-Lee) യുടെ മനസിലാണ് ഈ വിപ്ലവകരമായ ആശയം ഉദിച്ചത്.

​ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് ശാസ്ത്രജ്ഞർ വിവിധ കംപ്യൂട്ടർ സംവിധാനങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഒരാളുടെ ഗവേഷണ വിവരങ്ങൾ മറ്റൊരാൾക്ക് ലഭ്യമാക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. ​ഇത് പരിഹരിക്കാൻ മൂന്ന് അടിസ്ഥാന സാങ്കേതികവിദ്യകൾ അദ്ദേഹം വികസിപ്പിച്ചു.


​HTML (HyperText Markup Language) – വെബ് പേജുകൾ നിർമിക്കുന്ന ഭാഷ. ​URL (Uniform Resource Locator) – ഓരോ വെബ് പേജിന്റെയും ഡിജിറ്റൽ വിലാസം. ​HTTP (HyperText Transfer Protocol) – വെബ് പേജുകൾ ഒരു കംപ്യൂട്ടറിൽനിന്ന് മറ്റൊന്നിലേക്ക് കൈമാറാൻ സഹായിക്കുന്ന ആശയവിനിമയ സംവിധാനം. വേൾഡ് വൈഡ് വെബിന് ടിം ബർണേഴ്സ്-ലീ പേറ്റന്റ് എടുത്തില്ല. ലോകത്തിലെ എല്ലാവർക്കും തുല്യമായി ഉപയോഗിക്കാനാകുന്ന ഒരു തുറന്ന അറിവിന്റെ വേദിയായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ​1991 ആഗസ്‌ത്‌ ആറിന്‌ വേൾഡ് വൈഡ് വെബ് പൊതുജനങ്ങൾക്ക് ലഭ്യമായി. തുടർന്ന് 1993 ഏപ്രിൽ 30-ന് സേൺ ഈ സാങ്കേതികവിദ്യ റോയൽറ്റിയില്ലാതെ എല്ലാവർക്കും സൗജന്യമായി ഉപയോഗിക്കാമെന്ന് പ്രഖ്യാപിച്ചു. ആ ചരിത്രപരമായ തീരുമാനമാണ് വെബിനെ ലോകമെമ്പാടും അതിവേഗം വളരാൻ സഹായിച്ചത്.


എഐ യുഗത്തിലെ വെബ്‌


​ഇന്ന് നിർമിതബുദ്ധിയുടെ (Artificial Intelligence) യുഗത്തിൽ വെബ്‌ വീണ്ടും വലിയ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്. മുമ്പ് ആവശ്യമായ വിവരങ്ങൾ കണ്ടെത്താൻ ഓരോ വെബ്‌സൈറ്റുകളിലും കയറി തിരയേണ്ടിവന്നിരുന്നു. എന്നാൽ ഇന്ന് എഐ അസിസ്റ്റന്റുകൾ നമ്മുടെ ചോദ്യത്തിന്റെ അർഥം മനസിലാക്കി വിവിധ ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ സംഗ്രഹിച്ച് ആവശ്യമായ വിശദീകരണങ്ങളും പരിഹാരങ്ങളും നൽകാൻ കഴിവുള്ളവയാണ്. ​അതേസമയം, എഐ നൽകുന്ന എല്ലാ വിവരങ്ങളും എപ്പോഴും കൃത്യമായിരിക്കണമെന്നില്ല. അതിനാൽ വിശ്വസനീയമായ ഉറവിടങ്ങളിൽനിന്ന് വിവരങ്ങൾ പരിശോധിക്കുകയും വിമർശനാത്മകമായി ചിന്തിക്കുകയും ചെയ്യുന്ന ശീലവും ഓരോ വിദ്യാർഥിയും വളർത്തേണ്ടതുണ്ട്. ​വെബിലൂടെ ശാസ്ത്രവും ഗണിതവും പ്രോഗ്രാമിങ്ങും ആനിമേഷനും ബഹിരാകാശ സാങ്കേതികവിദ്യയും പഠിച്ച് ലോകത്തിന് ഉപകാരപ്പെടുന്ന പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ ഈ വേൾഡ് വൈഡ് വെബ് ദിനം പ്രചോദനമാകട്ടെ.


ഹൈപ്പർലിങ്ക് എന്ന മന്ത്രവടി


​വെബിന്റെ ഏറ്റവും വലിയ കരുത്ത് എന്താണെന്നറിയാമോ? ഹൈപ്പർലിങ്കുകൾ (Hyperlinks) ആണ്. ഒരു വെബ് പേജ് വായിക്കുമ്പോൾ നീല നിറത്തിൽ കാണുന്ന ഒരു വാചകത്തിലോ ചിത്രത്തിലോ ക്ലിക്ക് ചെയ്താൽ അത് മറ്റൊരു പേജിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ഒരു പുസ്തകം വായിക്കുമ്പോൾ അതിൽ പരാമർശിച്ചിരിക്കുന്ന മറ്റൊരു പുസ്തകം കണ്ടെത്താൻ ലൈബ്രറിയിൽ തിരയേണ്ടി വരും. എന്നാൽ വെബിൽ ഒറ്റ ക്ലിക്കിൽ തന്നെ ആ വിവരത്തിലേക്ക് എത്താം. ​ഹൈപ്പർലിങ്ക് എന്ന ആശയം മുമ്പേ ഉണ്ടായിരുന്നെങ്കിലും, അതിനെ ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രായോഗികമായി ഉപയോഗിക്കാവുന്ന രീതിയിൽ വേൾഡ് വൈഡ് വെബിലൂടെ അവതരിപ്പിച്ചതാണ് ടിം ബർണേഴ്സ്-ലീയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്. ഈ ആശയമാണ് ലോകത്തെ കോടിക്കണക്കിന് വെബ് പേജുകളെ ഒരൊറ്റ അറിവിന്റെ ശൃംഖലയായി മാറ്റിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home