പരസ്യങ്ങളിൽ എഐ ചിത്രങ്ങൾ പ്രചരിക്കുന്നു: ആരാധകരോട് സഹായം അഭ്യർഥിച്ച് ശ്രേയ ഘോഷാൽ

മുംബൈ : സമൂഹമാധ്യമമായ എക്സിൽ എഐ വഴി നിർമിച്ച തന്റെ പരസ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായി ഗായിക ശ്രേയ ഘോഷാൽ. എഐ വഴി തന്റെ ചിത്രങ്ങൾ നിർമിച്ചാണ് പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഇവയെല്ലാം റിപ്പോർട്ട് ചെയ്യണമെന്ന് ഗായിക ആരാധകരോട് അഭ്യർഥിച്ചു. എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ശ്രേയ ഘോഷാൽ വ്യാജ പരസ്യങ്ങളെപ്പറ്റി ആരാധകർക്ക് മുന്നിൽ പരാതിയുമായി എത്തിയത്.
ഫെബ്രുവരിയിൽ ശ്രേയയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇത് തിരികെ ലഭിച്ചതായും ശ്രേയ വ്യക്തമാക്കി. വളരെ വികലമായ തലക്കെട്ടോടെയും എ ഐ വഴി നിർമിച്ച ചിത്രങ്ങളോടെയുമുള്ള എന്നെപ്പറ്റിയുള്ള ധാരാളം ലേഖനങ്ങൾ പ്രചരിക്കുന്നുണ്ട്. ഇവയിൽ പലതും വ്യാജമായ പല ലിങ്കുകളിലേക്കുമാണ് തുറക്കുന്നത്. ഇത്തരം പരസ്യങ്ങൾ റിപ്പോർട്ട് ചെയ്യുക. എക്സ് ടീമും ഈ പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നു- ശ്രേയ വീഡിയോയിൽ പറഞ്ഞു.
പല തവണ ഇത്തരം പരസ്യങ്ങൾ ബ്ലോക്ക് ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടു. ഇത്തരം പരസ്യങ്ങൾ വരുന്നത് തടയാൻ എക്സ് മുൻകൈയെടുക്കണം. ഞാൻ മാത്രമല്ല, നിരവധി പേർ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ശ്രേയ പറഞ്ഞു.
0 comments