പഠനവും ജോലിയും വിദേശത്ത്; വെല്ലുവിളികൾ കടുക്കുന്നു, ലക്ഷ്യങ്ങൾ മാറിമറിയുന്നു

ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പഠന തൊഴൽ ആവശ്യങ്ങൾക്കായി പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കടുത്ത നിയമങ്ങളും തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിലെ വെല്ലുവിളികളും വര്‍ധിച്ചു. പ്രതികൂല നിയമങ്ങൾ ഓരോ ഘട്ടങ്ങളിലും അപ്രതീക്ഷിത തരിച്ചടികളാവുന്നു. ഇതോടെ വിദേശത്തേക്കുള്ള ഒഴുക്കിന് പകരം തിരിച്ചു വരവിന്റെ കാലമായതായും ചര്‍ച്ചകൾ ഉയരുന്നു. പലരും അതിസമ്പന്ന രാജ്യങ്ങളെ ഒഴിവാക്കി ഇടത്തരം രാജ്യങ്ങളിലേക്ക് ലക്ഷ്യം മാറ്റുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തിൽ 31 ശതമാനം കുറവാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ബ്യൂറോ ഓഫ് ഇമിഗ്രേഷനും പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നത്. ഏകദേശം 2.75 ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ കുറവാണ് 2023 നെ അപേക്ഷിച്ച് 2025 ൽ ഉണ്ടായത്. ഇന്ത്യയിൽ നിന്നുള്ള പഠന വിസകളിൽ മാത്രം 26 ശതമാനം കുറവും റിപ്പോര്‍ട് ചെയ്യപ്പെട്ടു.
പഠനത്തിന് ശേഷം അതാത് രാജ്യങ്ങളിൽ തന്നെ ജോലി ലഭിക്കാനും കുടുംബ സമേതം ജീവിക്കാനും അവസരങ്ങൾ കുറയുകയാണ്. എച്ച് വൺ ബി പോലുള്ള തൊഴിൽ വിസകൾ അനുവദിക്കുന്നതിലും പുതുക്കുന്നതിലും ഏര്‍പ്പെടുത്തിയ കടുത്ത നിബന്ധനകളും നിയമങ്ങളും തിരിച്ചടിയാവുന്നു. അമേരിക്ക് ഇതിനുള്ള ഫീസ് 80 ലക്ഷം രൂപ മുതലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം ഏറ്റവും വലിയ വെല്ലുവിളിയായി ഇന്ത്യൻ രൂപയുടെ മൂല്യ ശോഷണവും തിരിച്ചടിയാവുന്നു.
എന്തുവിലകൊടുത്തും വിദേശ പഠനം
എന്തുവിലകൊടുത്തും വിദേശ പഠനം എന്ന വെല്ലുവിളി ഏറ്റെടുക്കുന്ന കാലം മാറുകയാണ്. വില കൊടുത്താലും നിലനിൽക്കാൻ കഴിയുമോ എന്ന അനിശ്ചിതത്വം വളരുന്നു. യുഎസ് കാനഡ ബ്രിട്ടൺ എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളിൽ നിന്നും മാറേണ്ട സാഹചര്യമാണ്. യൂറോപ്യൻ യൂണിയനുകളിലെ കുറഞ്ഞ ട്യൂഷൻ ഫീസുള്ള ജര്‍മനി, ഫ്രാൻസ്, അയര്‍ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ലക്ഷ്യം പുനര്‍നിശ്ചയിച്ചവരും ഉണ്ട്. പഴയ യുഎസ് എസ് ആറിന്റെ ഭാഗമായിരുന്ന രാജ്യങ്ങളും ചൈനയും തെരഞ്ഞെടുക്കുന്ന പ്രൊഷണൽ ബിരുദ ലക്ഷ്യങ്ങളുള്ളവരും വര്‍ധിക്കയാണ്. വിശേഷിച്ചും മെഡിക്കൽ ബിസിനസ് മേഖലകൾ ലക്ഷ്യമാക്കുന്നവരാണ് ഇങ്ങനെ മാറുന്നത്.
ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ് നിബന്ധന പ്രകാരമുള്ള വിസ അനുമതികൾ നിര്‍ത്തലാക്കാൻ അമേരിക്കൻ ഡെപാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) നീക്കം നടത്തിയിരുന്നു. സെപ്തംബറിൽ ഇത് നിലവിൽ വരേണ്ടതായിരുന്നു എങ്കിലും കോടതി വിധി പുറത്തു വരാത്ത ഇടവേളയുടെ ആശ്വാസത്തിൽ മാത്രം തങ്ങി നിൽക്കുകയാണ്. എഫ് വൺ വിസ എന്ന പ്രതീക്ഷയാണ് ഇത് തകര്‍ത്തത്.
അമേരിക്കയിൽ മാത്രം മൂന്ന് ലക്ഷം പേര്‍
അംഗീകൃത താമസ കാലാവധി നാലുവര്‍ഷത്തേക്ക് പരിമിതപ്പെടുത്താനാണ് യു എസ് ഡെപാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി നീക്കം നടത്തിയിരുന്നത്. അക്കാദമിക് പ്രോഗ്രാം പൂര്‍ത്തിയാക്കുന്നത് വരെ എഫ് വൺ വിസയിൽ തുടരാനുള്ള അവസരം നൽകിയുരുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് ഇതുവഴി. കൂടാതെ പഠനത്തിന് ശേഷം ഏതെങ്കിലും തൊഴിൽ വിസ നേടുന്നതിനോ തിരിച്ചു വരവിനോ നൽകിയിരുന്ന ഇടവേള 60 ദിവസത്തിൽ നിന്നും 30 ദിവസമാക്കി കുറയ്ക്കാനും വ്യവസ്ഥ വെച്ചു.
അമേരിക്കയിൽ മാത്രം മൂന്ന് ലക്ഷം വിദ്യാര്‍ഥികളെ ഇത് ബാധിക്കും. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് മേഖലകളിൽ ബിരുദ ബിരുധാനന്തര കോഴ്സുകൾ ചെയ്യുന്നവരാണ് ഇവരിൽ കൂടുതലും. യു എസ് സ്റ്റേറ്റ് ഡിപാര്‍ട്മന്റ് കണക്കുകൾ പ്രകാരം മൂന്ന് ലക്ഷം പേരിൽ 2024 ൽ 90,129 പേര്‍ക്ക് മാത്രമാണ് എഫ് വിസ ലഭിച്ചത്.
അമേരിക്കയിൽ മാത്രമല്ല ഈ പ്രതിസന്ധി ഇന്ത്യൻ വിദ്യാര്‍ഥികൾ ഏറ്റവും കൂടുതൽ പഠിച്ചിരുന്ന “ബിഗ് ഫോർ” രാജ്യങ്ങളായ അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കുടിയേറ്റ നിയമങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായി. വലിയ ഫീസ് വര്‍ധനവും വന്നതോടെ ചെലവഴിക്കുന്ന തുക പോലും തിരിച്ചു കിട്ടുമോ എന്ന ആശങ്കയും പലരെയും വിഴുങ്ങി.
പഠനം നിര്‍ത്തുകയല്ല
കൂടുൽ സൂക്ഷമതയുള്ളവരാകുന്നു
കടുത്ത പ്രതികൂല സാഹചര്യത്തിലും വെല്ലുവിളികൾ നിറഞ്ഞ ആഗോള പരിതസ്ഥിതിയിലും വിദ്യാര്‍ഥികൾ പിന്തിരിയുക അല്ല ചെയ്യുന്നത്. മറിച്ച് ചെലവ്, തൊഴിൽ, വിസാ സാധ്യത, കരിയർ വളർച്ച, നിക്ഷേപത്തിന്റെ തിരിച്ചുവരവ് എന്നിവ കൂടി പരിഗണിച്ച് കൂടുതൽ സൂക്ഷമതയുള്ളവരായി മാറുകയാണ്.
നേരത്തെ എച്ച് വൺ ബി വിസയുടെ മുകളിലാണ് അമേരിക്ക കൂറ്റൻ ഫീസ് കൊണ്ടു വന്നത്. ഇത് തൊഴിൽ നേടിയവര്‍ക്ക് തുടരുന്നത് വെല്ലുവിളി ഉയര്‍ത്തി. കുടുംബങ്ങൾ തിരികെ വരേണ്ടി വരും എന്ന സാഹചര്യം സൃഷ്ടിച്ചു. ഇപ്പോഴത്തെ നീക്കം വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചാണ്. പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് അനുവദിച്ചിരുന്നതാണ് 'ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ്' (ഒപിടി) സംവിധാനം. ഇതുവഴി ഒരു വര്‍ഷം ജോലി ചെയ്ത് തുടരാം. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാതമാറ്റിക്സ് വിഷയങ്ങൾ പൂര്‍ത്തിയാക്കിവര്‍ക്ക് മൂന്ന് വര്‍ഷം വരെ നീട്ടി ലഭിക്കയും ചെയ്യുമായിരുന്നു. ഇതിനാണ് 95 ലക്ഷം രൂപ വരുന്ന ഫീസ് ചുമത്താൻ തീരുമാനിച്ചത്. ഇത്തരം വെല്ലുവിളികൾ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും കൂടുതലായി മറുവഴികൾ തേടുന്നത്.
നിസ്സംഗം സര്‍ക്കാര്‍
വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ വിദ്യാര്‍ഥികൾ ഇത്തരം കടുത്ത സാഹചര്യങ്ങൾ നേരിടുമ്പോൾ സര്‍ക്കാര്‍ സഹായങ്ങളോ പിന്തുണയോ ലഭിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. വ്യാപാര ചര്‍ച്ചകളും ആയുധ ചര്‍ച്ചകളും എല്ലാമായി നയതന്ത്ര നീക്കങ്ങൾ സജീവമായി തുടരുമ്പോഴും ഇവയിൽ ഒന്നിലും വിദ്യാര്‍ഥി പ്രശ്നങ്ങൾ പരിഗണിക്കാറില്ല. ഇതും പഠിതാക്കളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നു.
രാജ്യത്ത് ഉന്നത അവസരങ്ങൾ കറുയുന്നതും വലിയ മത്സര സാഹചര്യം നിലനിൽക്കുന്നതുമാണ് അവരെ പുറം രാജ്യങ്ങളിലേക്ക് പോകാൻ നിര്‍ബന്ധിതരാക്കുന്നത്. എന്നാൽ അവിടെ വെല്ലുവിളി നേരിടുമ്പോൾ ഒരു പ്രസ്താവനയിലൂടെ എങ്കിലും പിന്തുണ കിട്ടിയിരുന്നെങ്കിൽ എന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന അനുഭവങ്ങൾ വിദ്യാര്‍ഥികൾ പങ്കുവെക്കുന്നു.










0 comments