ad
Deshabhimani

print edition പ്ലസ് വൺ ഏകജാലകം: അപേക്ഷ നൽകുമ്പോൾ

Student Studying Laptop

Representative Image | AI

വെബ് ഡെസ്ക്

Published on May 27, 2026, 12:00 AM | 2 min read

പ്ലസ് വൺ ക്ലാസിലേക്ക് ഏകജാലക സംവിധാനം വഴി അപേക്ഷിക്കേണ്ട സമയമാണിത്‌. അപേക്ഷ നൽകുന്നത്‌ ഏറെ ശ്രദ്ധയോടെയാകണം. എസ്‌എസ്‌എൽസി, സിബിഎസ്‌സി. ഐസിഎസ്‌സി, ടിഎച്ച്എസ്‌എൽസി എന്നീ സ്ട്രീമുകളിൽ റെഗുലർ പഠന സമ്പ്രദായത്തിലൂടെ പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. മറ്റ് സംസ്ഥാനങ്ങളിൽനിന്നും മറ്റ് രാജ്യങ്ങളിൽനിന്നും റെഗുലർ പഠന സമ്പ്രദായത്തിലൂടെ പത്താംതരം പാസായവർക്കും അപേക്ഷിക്കാം. മറ്റ്‌ ബോർഡുകളുടെ പരീക്ഷ പാസായവർ അപേക്ഷയുടെകൂടെ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.


​ശ്രദ്ധയോടെ


അപേക്ഷ പൂർണമായും ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. https://hscap.kerala.gov.inഎന്ന ലിങ്കിലൂടെ ക്യാൻഡിഡേറ്റ് ലോഗിൻ ഉണ്ടാക്കണം. തിരുത്തലുകൾ, കൂട്ടിച്ചേർക്കലുകൾ തുടങ്ങി അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാംചെയ്യേണ്ടത് ക്യാൻഡിഡേറ്റ് ലോഗിൻ വഴിയാണ്. ലോഗിൻ തയ്യാറാക്കുമ്പോൾ വിവരങ്ങൾ ശ്രദ്ധയോടെ നൽകണം. അപേക്ഷ ‘Others’ വിഭാഗത്തിൽ സമര്‍പ്പിക്കുന്നവര്‍ മാർക്ക് ലിസ്റ്റ്, തുല്യതാ സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയും ഭിന്നശേഷി വിഭാഗക്കാർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാവൂ. ജില്ലാ അതിർത്തിയിൽ വരുന്ന വിദ്യാർഥികൾക്ക് മറ്റ്‌ ജില്ലകളിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കാം. പക്ഷെ പ്രവേശനം ഏതെങ്കിലും ഒരു ജില്ലയിൽ മാത്രമേ ലഭിക്കുകയുള്ളു. എയ്ഡഡ് സ്കൂളുകളിലെ മാനേജ്‌മെന്റ്‌, കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിന് പ്രത്യേകം അപേക്ഷ നൽകണം. ജാതി തെളിയിക്കുന്നതിന് എസ്‌എസ്‌എൽസി സർട്ടിഫിക്കറ്റിലെ ജാതി സംബന്ധിച്ച വിവരങ്ങൾ മതിയാകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾ (EWS ) വില്ലേജ് ഓഫീസിൽനിന്നും ലഭിക്കുന്ന ഇൻകം ആൻഡ് അസറ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ ഏകജാലക സംവിധാനം വഴി പ്രത്യേകം അപേക്ഷ നൽകണം. എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും വിദ്യാർഥികളെ സഹായിക്കാൻ ഹെൽപ്‌ ഡെസ്കുകളുണ്ട്‌.


സ്കൂൾ കോഡും കോമ്പിനേഷൻ കോഡും


ഒരു സ്കൂൾ കോഡും കോമ്പിനേഷൻ കോഡും ചേർന്നതാണ് ഒരു ഓപ്ഷൻ. വിദ്യാർഥികൾ ചേരാൻ ആഗ്രഹിക്കുന്ന സ്കൂളുകളുടെയും കോമ്പിനേഷനുകളുടെയും ഓപ്ഷനുകൾ ഉൾപ്പെടുന്ന ഒരു ലിസ്റ്റ് മുൻഗണനാക്രമത്തിൽ തയ്യാറാക്കിവേണം അപേക്ഷ നൽകാൻ. അപേക്ഷയിൽ നൽകുന്ന ഫോൺ നമ്പർ നിലവിൽ പ്രവർത്തനസജ്ജമായതും വിദ്യാർഥിയുടെയോ രക്ഷിതാവിന്റെയോ ആയിരിക്കണം. ഓപ്ഷനുകളിൽ ട്രയൽ അലോട്ട്‌മെന്റ്‌ സമയത്ത് മാറ്റങ്ങൾ വരുത്താം.


അലോട്ട്മെന്റും പ്രവേശനവും


​ഈ വർഷം മൂന്ന് മുഖ്യഅലോട്ട്‌മെന്റുകളും തുടർന്ന് സപ്ലിമെന്ററി അലോട്ട്‌മെന്റുകളും ഉണ്ടാകും. ആദ്യ രണ്ട് അലോട്ട്‌മെന്റുകളിലും കുട്ടിക്ക് താൽക്കാലിക പ്രവേശനം നേടാം. മൂന്നാമത്തെ അലോട്ട്‌മെന്റിൽ നിർബന്ധമായും സ്ഥിരപ്രവേശനം നേടണം. താൽക്കാലിക പ്രവേശന സമയത്ത് എല്ലാ രേഖകളുടെയും ഒറിജിനൽ ഹാജരാക്കണം. എന്നാൽ ഫീസ് അടയ്‌ക്കേണ്ടതില്ല. സ്ഥിരപ്രവേശന സമയത്ത് ഒറിജിനൽ രേഖകൾ ഹാജരാക്കുകയും ഫീസ് അടയ്‌ക്കുകയും ചെയ്യണം. ബോണസ് പോയിന്റ് അവകാശപ്പെടുന്ന എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനൽ ഹാജരാക്കണം. സ്പോർട്സ് ക്വോട്ടയ്‌ക്ക്‌ പ്രത്യേകം അപേക്ഷ നൽകണം. ഓരോ അലോട്ട്‌മെന്റിനുശേഷവും പ്രവേശനം നേടിയ വിദ്യാർഥികളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. .


45 കോമ്പിനേഷനുകൾ


​ആകെ 45 കോമ്പിനേഷനുകളാണ് ഹയര്‍ സെക്കൻഡറിയിലുള്ളത്. സയന്‍സ് – 9, ഹ്യുമാനിറ്റീസ് – 32, കൊമേഴ്സ്‌ - 4. കോഴ്സ് കോഡുകളുംകോമ്പിനേഷനുകളും വെബ്‌സൈറ്റിലുണ്ട്‌.

മുഖ്യഅലോട്ട്മെന്റിന്‌ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി: ജൂണ്‍ 3. ട്രയല്‍ അലോട്ട്മെന്റ്‌: ജൂണ്‍ 8. ആദ്യ അലോട്ട്മെന്റ്‌: ജൂണ്‍ 15. മുഖ്യഅലോട്ട്മെന്റ്‌ അവസാനിക്കുന്ന തീയതി: ജൂലൈ 1. ക്ലാസുകള്‍ തുടങ്ങുന്നത്: ജൂലൈ 2. സപ്ലിമെന്ററി അലോട്ട്മെന്റ്‌ ജൂലൈ 13 മുതല്‍ അഗസ്ത് 3 വരെ. വിവരങ്ങൾക്ക്‌: https://hscap.kerala.gov.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home