ഇന്ത്യൻ ആർമിയിൽ ഓഫീസർ

എഐ പ്രതീകാത്മകചിത്രം
10, +2 ടെക്നിക്കൽ എൻട്രി സ്കീം
പ്ലസ് ടു കഴിഞ്ഞവർക്ക് ഇന്ത്യൻ ആർമിയിൽ ഓഫീസർ റാങ്കിൽ കരിയർ ആരംഭിക്കാൻ അവസരം. 2027 ജനുവരിയിൽ ആരംഭിക്കുന്ന 10,+2 ടെക്നിക്കൽ എൻട്രി സ്കീം (TES-56) കോഴ്സിലേക്കാണ് ഇന്ത്യൻ ആർമി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സൈന്യത്തിൽ എൻജിനിയറിങ് ബിരുദത്തോടൊപ്പം സ്ഥിരംകമീഷൻ ഓഫീസറാകാൻ ഈ എൻട്രി വഴി സാധിക്കും. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (PCM) വിഷയങ്ങളിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഇതിന് പുറമെ JEE (Mains) 2026 പരീക്ഷ എഴുതിയിരിക്കണം. ജെഇഇ സ്കോർ അടിസ്ഥാനമാക്കിയായിരിക്കും ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നത്.
അപേക്ഷകരിൽനിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായി സർവീസസ് സെലക്ഷൻ ബോർഡ് (SSB) അഞ്ച് ദിവസത്തെ ഇന്റർവ്യൂ നടത്തും. തുടർന്ന് മെഡിക്കൽ പരിശോധനയുടെയും മെറിറ്റ് പട്ടികയുടെയും അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്. ഇതിനായി പ്രത്യേകം എഴുത്തുപരീക്ഷകൾ ഉണ്ടായിരിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഞ്ചു വർഷത്തെ പരിശീലനം നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലെഫ്റ്റനന്റ് റാങ്കിൽ സ്ഥിര നിയമനവും എൻജിനിയറിങ് ബിരുദവും ലഭിക്കും. www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് നൽകേണ്ടതില്ല. മെയ് 13 മുതൽ അപേക്ഷ സമർപ്പിച്ചു തുടങ്ങാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 12.
ഐടി വിഭാഗത്തിൽ ഷോർട്ട് സർവീസ് കമീഷൻ ഓഫീസർ
ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി) ശാഖയിൽ ഷോർട്ട് സർവീസ് കമീഷൻ (SSC) ഓഫീസറാകാൻ അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം. 2027 ജനുവരിയിൽ കണ്ണൂർ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിൽ ആരംഭിക്കുന്ന സ്പെഷ്യൽ നേവൽ ഓറിയന്റേഷൻ കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ആകെ 15 ഒഴിവാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സബ് ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം. പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസ്സിലോ ഇംഗ്ലീഷിന് കുറഞ്ഞത് 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. കൂടാതെ കംപ്യൂട്ടർ സയൻസ്, ഐടി തുടങ്ങിയ അനുബന്ധ വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്/എംടെക്/എംഎസ്‌സി അല്ലെങ്കിൽ എംസിഎ (ബിസിഎ/ ബിഎസ്‌സി കംപ്യൂട്ടർ സയൻസിനൊപ്പം) ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും. അപേക്ഷകർ 2002 ജനുവരി 1-നും 2007 ജൂലൈ 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. ബിരുദ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യും. ഇവർക്കായി സർവീസസ് സെലക്ഷൻ ബോർഡ് (SSB) നടത്തുന്ന ഇന്റർവ്യൂവിന്റെയും മെഡിക്കൽ പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും അന്തിമ നിയമനം. ഇതിനായി പ്രത്യേക രേഖാമൂലമുള്ള പരീക്ഷകൾ ഉണ്ടായിരിക്കില്ല. ഇന്റർവ്യൂവിന് ആദ്യമായി ഹാജരാകുന്നവർക്ക് ട്രെയിൻ ചാർജ് (AC 3 Tier) തിരികെ ലഭിക്കുന്നതാണ്. www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 1.










0 comments